വിപിൻ വിജയൻ മാത്രമല്ല,
ജാതിവെറിക്കിരയായ വിദ്യാർത്ഥികൾ
ഇനിയുമുണ്ട്

‘‘ഓപ്പൺ ഡിഫൻസ് കഴിഞ്ഞ് ഡോക്ടറേറ്റ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണെന്ന് പറഞ്ഞ് തന്റെ Ph.D യ്ക്കുള്ള ശുപാർശയിൽ ഒപ്പിടണമെന്ന് അപേക്ഷിക്കാൻ പോയ കേരള സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി വിപിൻ വിജയന് നേരിടേണ്ടിവന്നത് ആധുനിക കേരളം തല കുനിക്കേണ്ട രീതിയിലുള്ള ജാതി അധിക്ഷേപമാണ്. എന്നിട്ടും ഇത് ഗൗരവകരമായ വിഷയമായി കേരളം ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണ്?’’- കേരള സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥി അജിന്ത് അജയ് എഴുതുന്നു.

കേരള സർവകലാശാല സംസ്‌കൃതവിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥിയായ വിപിൻ വിജയന് Ph.D തടഞ്ഞുവെയ്ക്കപ്പെടുകയും ജാതീയ പരാമർശം നടത്തി എന്ന് ആരോപിക്കപ്പെട്ട ഡോ. സി.എൻ. വിജയകുമാരി ഡീൻ ആയി തുടരുകയും ചെയുന്ന സ്ഥിതിവിശേഷമാണ് കേരള സർവ്വകലാശാലയിൽ ഇപ്പോഴുള്ളത്.

ഒന്നോ രണ്ടോ ദിവസത്തെ മാധ്യമചർച്ചക്കപ്പുറം വിപിൻ വിജയൻ എന്ന ഗവേഷകവിദ്യാർത്ഥിയുടെ Ph.D അന്യായമായി തടഞ്ഞുവെച്ചത് എന്തുകൊണ്ടാണ് എന്നത് വലിയ വിഷയമായി ഉയർന്നുവരാത്തത് എന്തുകൊണ്ടാണ് എന്നും രാഷ്ട്രീയവ്യത്യാസമില്ലാതെ കേരളം ഇതിനെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ‘സർവ്വകലാശാലയെ രക്ഷിക്കണേ’ എന്ന് എപ്പോഴും അലറുന്ന സേവ് യൂണിവേഴ്സിറ്റി ഫോറവും പ്രതിപക്ഷ സംഘടനകളും ഗുരുതരമായ ഈ പ്രശ്നം കണ്ട മട്ടേയില്ല. ‘എനിക്ക് ഇപ്പോൾ രോഹിത് വെമുല എന്ന എന്റെ കൂടപ്പിറപ്പിന്റെ നിലവിളി കേൾക്കാം’ എന്ന വിപിൻ വിജയന്റെ ഫേസ്ബുക്കിൽ കുറിപ്പ്, ആ വിദ്യാർത്ഥി നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന, പത്താം ക്ലാസിനപ്പും വിദ്യാഭ്യാസമില്ലാത്ത, കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനായ ഒരു ദലിത്‌ വിദ്യാർത്ഥിക്ക് ബി.എ, എം.എ, ബി.എഡ്, എം.എഡ്,. എം.ഫിൽ തുടങ്ങിയ ഉന്നത ബിരുദങ്ങൾ കഴിഞ്ഞ് പിഎച്ച്.ഡി പൂർത്തീകരിക്കുമ്പോൾ അദ്ദേഹം എന്തൊക്കെ വെല്ലുവിളികൾ നേരിട്ടിട്ടുണ്ടാവുമെന്ന് ചിന്തിക്കണം. വിജയകുമാരിയിൽ നിന്നും, വിജയകുമാരിയെപ്പോലെയുള്ള മറ്റുള്ളവരിൽ നിന്നും എത്രയെത്ര അവഹേളനങ്ങളും ആക്ഷേപങ്ങളും സഹിച്ചിട്ടുണ്ടാവും? എത്രവട്ടം വ്യവസ്ഥയോട് പോരടിച്ചിട്ടുണ്ടാവും? പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട പല സാഹചര്യങ്ങളും നിശ്ചയമായും ഉണ്ടായിട്ടുണ്ടാവില്ലേ?

കുടുംബവും വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ടുപോകാൻ കൂലിപ്പണിയും കണക്കെഴുത്തും അദ്ധ്യാപനവും തുടങ്ങി അധ്വാനത്തിന്റെ ഒരുപാട് കഥകൾ വിപിൻ വിജയന് പറയാനുണ്ടാവുമല്ലോ.ഈ കനൽവഴികളൊക്കെ താണ്ടിവന്ന ഒരു വിദ്യാർത്ഥിയെയാണ് കേരള സർവ്വകലാശാല ഓറിയന്റൽ ഫാക്കൽറ്റി ഡീനും സംസ്‌കൃതവിഭാഗം മേധാവിയുമായ ഡോ. സി. എൻ വിജയകുമാരി തന്റെ വികലമായ സവർണജാതിചിന്തയുടെയും അതിന് വളം നൽകുന്ന സംഘപരിവാർ രാഷ്ട്രീയത്തിൻ്റെയും പിൻബലത്തിൽ ആക്രമിക്കുകയും ഒപ്പിടാതെ Ph.D തടഞ്ഞുവെയ്ക്കുകയും ചെയ്യുന്നത്.

‘എനിക്ക് ഇപ്പോൾ രോഹിത് വെമുല എന്ന എന്റെ കൂടപ്പിറപ്പിന്റെ നിലവിളി കേൾക്കാം’ എന്ന വിപിൻ വിജയന്റെ ഫേസ്ബുക്കിൽ കുറിപ്പ്, ആ വിദ്യാർത്ഥി നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്.
‘എനിക്ക് ഇപ്പോൾ രോഹിത് വെമുല എന്ന എന്റെ കൂടപ്പിറപ്പിന്റെ നിലവിളി കേൾക്കാം’ എന്ന വിപിൻ വിജയന്റെ ഫേസ്ബുക്കിൽ കുറിപ്പ്, ആ വിദ്യാർത്ഥി നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്.

പ്രവർത്തകനായിരുന്നെങ്കിലും എസ്.എഫ്.ഐ നേതാവോ ഗവേഷക യൂണിയൻ ഭാരവാഹിയോ ഇന്നുവരെ ആകാത്ത വിപിൻ വിജയനെ, ‘സംസ്കൃതമറിയാത്ത എസ്.എഫ്.ഐ നേതാവിന്, ഗവേഷക യൂണിയൻ മുൻ ജനറൽ സെക്രട്ടറിക്ക് യോഗ്യതയില്ലാതെ Ph.D നൽകുന്നു’ എന്നു പറഞ്ഞ് വൈസ് ചാൻസിലർക്ക് പരാതി നൽകുകയും അത് മാധ്യമങ്ങൾക്ക് വാർത്തയാക്കി കൊടുക്കുകയും ചെയ്ത ആളാണ് സി.എൻ.വിജയകുമാരി. കേട്ടപാതി കേൾക്കാത്ത പാതി ഇടതുപക്ഷത്തെ ആക്രമിക്കാൻ തക്കം കിട്ടിയ മാധ്യമങ്ങൾ ഇതൊരു സുവർണാവസരമാക്കി. രണ്ടു ദിവസം വാർത്തയാക്കിയപ്പോൾ വിപിന്റെ മാനസികാവസ്ഥ അവർക്കൊരു ചിന്താവിഷയം പോലുമായിരുന്നില്ല. ഇവിടെ വിപിൻ വിജയന് Ph.D യ്ക്ക് യോഗ്യതയില്ല എന്ന് ആരോപണം ഉന്നയിക്കുന്ന അതേ വിജയകുമാരിയുടെ മാർഗ്ഗനിർദ്ദേശത്തിലാണ് വിപിൻ വിജയൻ എം.ഫിൽ പൂർത്തീകരിച്ചത്. എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ അവർ വിപിനെ സംസ്‌കൃതമറിയാത്തവനായി ചിത്രീകരിച്ചു.

എം.ഫിൽ കാലം മുതലേ വിപിനെ വിജയകുമാരി നിരന്തരം ആക്ഷേപിക്കാറുണ്ട്. പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ P.hD അഡ്മിഷന് അപേക്ഷിച്ച് ഇന്റർവ്യൂവിൽ എത്തിയപ്പോൾ ആ ഡോക്ടറൽ കമ്മിറ്റിയിലുള്ള മുഴുവൻ അധ്യാപകരും വിപിന്റെ പ്രകടനത്തിൽ സംതൃപ്തരായപ്പോൾ വിജയകുമാരി അന്നുതന്നെ വിപിന് അഡ്മിഷൻ നൽകരുതെന്ന് പറഞ്ഞ് പരാതികൊടുത്ത് ഒരു വർഷത്തോളം വിപിൻ്റെ അഡ്മിഷൻ വൈകിപ്പിച്ചു. പിന്നീട് അന്നത്തെ സിൻഡിക്കേറ്റ്, വൈസ് ചാൻസലർ പ്രൊഫ.മഹാദേവൻപിള്ള ഉൾപ്പടെയുള്ളവരുടെ ശക്തമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് വിപിന് അഡ്മിഷൻ ലഭിച്ചത്. അന്നേ വിജയകുമാരി വിപിന് Ph.D നൽകരുതെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് വേണം ഇതിൽനിന്നും മനസ്സിലാക്കേണ്ടത്. ഓപ്പൺ ഡിഫൻസ് കഴിഞ്ഞ് ഡോക്ടറേറ്റ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണെന്ന് പറഞ്ഞ് തന്റെ Ph.D യ്ക്കുള്ള ശുപാർശയിൽ ഒപ്പിടണമെന്ന് അപേക്ഷിക്കാൻ പോയ വിപിന് നേരിടേണ്ടിവന്നത് ആധുനിക കേരളം തല കുനിക്കേണ്ട രീതിയിലുള്ള ജാതി അധിക്ഷേപമാണ്: ‘‘നിന്നെപ്പോലുള്ള പുലയരും സംവരണം വാങ്ങി വന്നവരുമാണ് സംസ്‌കൃതത്തെ മലിനപ്പെടുത്തുന്നത്. ഈ മുറി വെള്ളം തളിച്ച് ശുദ്ധീകരിക്കണം" എന്നൊക്കെയുള്ള ജാതിവെറി പുലമ്പിയത് മറ്റുള്ള അദ്ധ്യാപകർ നോക്കിനിൽക്കുമ്പോഴാണ്.

ആദ്യമായല്ല വിജയകുമാരിക്കെതിരെ ഇത്തരം പരാതികളുയരുന്നത്.
ഇതിനുമുന്നേ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ കുട്ടികളോട് വർഗീയ പരാമർശങ്ങൾ നടത്തിയതായി പരാതികളുണ്ട്. വിജയകുമാരിക്ക് കീഴിൽ ഗവേഷണം നടത്തിയ ഒരു ദലിത്‌ പെൺകുട്ടിക്ക് ഇവരുടെ അധിക്ഷേപങ്ങൾ സഹിക്കവയ്യാതെ സർവ്വകലാശാലക്ക് പരാതി നൽകി മറ്റൊരു മാർഗ്ഗനിർദേശിയെ സംഘടിപ്പിച്ച് മാറിപ്പോകേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. അവരുടെ ഫെലോഷിപ്പിൽ ഒപ്പിട്ട് നൽകാൻ പോലും ഇവർ തയ്യാറായിട്ടില്ല. നിലവിൽ സംസ്കൃത വിഭാഗത്തിൽ പഠിക്കുന്ന ഗവേഷകരുടെ മുറി തട്ടിയെടുത്ത് സ്വന്തം മുറിയാക്കിമാറ്റി ഗവേഷകരെ പെരുവഴിലേക്ക് തള്ളിവിട്ട ആളാണ് വിജയകുമാരി. അത് ചോദ്യം ചെയ്ത വിദ്യാർത്ഥികളോട്, താൻ പി.എസ്.സി അഭിമുഖങ്ങളിൽ വിദഗ്ദ്ധയായി പോകുന്ന ആളാണെന്നും തന്നെ ചോദ്യം ചെയ്താൽ നിങ്ങൾക്ക് പി.എസ്.സി ക്ക് മാർക്ക് കുറക്കുമെന്നും പറഞ്ഞ് അവർ ഭീഷണിപ്പെടുത്തി. ഈ വിഷയത്തിൽ പരാതി കൊടുത്തിട്ടും വൈസ് ചാൻസലർ ഒരു നടപടിയും എടുത്തിട്ടില്ല.

ഡീൻ ആയ വിജയകുമാരിയുടെ സൗകര്യം നോക്കി 2025 നവംബർ 12ന് സംഘടിപ്പിച്ച മലയാളവിഭാഗത്തിലെ ഗവേഷകയുടെ പ്രീ സബ്‌മിഷൻ സെമിനാറിൽ മനഃപ്പൂർവം പങ്കെടുക്കാതെ തടസ്സപ്പെടുത്തി. പിന്നീട് ആ പ്രീ സബ്മിഷൻ അവരുടെതന്നെ നിർദേശപ്രകാരം സമയം പുനഃക്രമീകരിച്ച് വീണ്ടും നടത്താനിരുന്നപ്പോൾ അവിടെയും വിജയകുമാരി പങ്കെടുക്കാതെ വിട്ടുനിന്നു. ഇന്ന് ആ പെൺകുട്ടിയുടെയും Ph.D പ്രവർത്തനം തടസപ്പെട്ടിരിക്കുന്നു. ഇത് സംബന്ധിച്ച് മലയാളവകുപ്പ് മേധാവി രജിസ്ട്രാർക്ക് കത്ത് നൽകിയിട്ടുണ്ട്. വിജയകുമാരി തന്റെ പദവി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതുകൊണ്ടുമാത്രം പുറത്തുവരാത്ത എത്രയോ പരാതികൾ ഇനിയുമുണ്ട്. മെറിറ്റിനെയും അക്കാദമിക്സിനെയുംപ്പറ്റി വാചാലയാകുന്ന വിജയകുമാരി വിപിന്റെ ഓപ്പൺ ഡിഫൻസിൽ പ്രവർത്തിച്ചത് മുഴുവൻ ചട്ടവിരുദ്ധമായാണ്.

ഡീൻ എന്ന് പറയുന്നത് നിരീക്ഷക (Observer) മാത്രമാണെന്നും ഓപ്പൺ ഡിഫൻസ് നിയന്ത്രിക്കേണ്ടത് ബോർഡ്‌ ഓഫ് എക്സാമിനേഴ്സിന്റെ ചെയർപേഴ്സൺ, അതായത് എക്സ്റ്റേർണൽ എക്‌സാമിനർ ആണെന്നുമാണ് സർവ്വകലാശാലാ ചട്ടം. ‘എക്സ്ടേണൽ എക്‌സാമിനർക്കും മറ്റ് അദ്ധ്യാപകർക്കും ഓപ്പൺ ഡിഫൻസിൽ ഉണ്ടായ പൂർണ തൃപ്തിയുടെ അടിസ്ഥാനത്തിൽ താൻ ഇത് Ph.D ഡിഗ്രിക്കായി ശുപാർശ ചെയ്യുന്നു’ എന്ന് ചെയർപേഴ്സൺ പ്രഖ്യാപിച്ചതിനുശേഷം വിജയകുമാരി ആ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ നമ്മളെല്ലാം മാധ്യമങ്ങളിലൂടെ കണ്ടതാണ്. ഈ എക്സ്ടേണൽ എക്‌സാമിനർ വൈസ് ചാൻസലർ തന്നെ തീരുമാനിച്ച അലഹബാദ് സർവ്വകലാശാല പ്രയാഗ് രാജിലെ പ്രൊഫസ്സറാണ്. ഓപ്പൺ ഡിഫൻസിന് മുന്നേ അദ്ധ്യാപകർക്ക് സംശയം ഉന്നയിക്കാനും നിർദ്ദേശങ്ങൾ നൽകാനും വേണ്ടി നടത്തുന്ന പ്രീ സബ്‌മിഷൻ സെമിനാറിൽ വിജയകുമാരി പങ്കെടുത്തിട്ടും ഒരക്ഷരം മിണ്ടാതെ ഇരുന്നതും ഓപ്പൺ ഡിഫൻസിൽ തന്റെ കുറച്ചു ശിങ്കിടികളെ കൂട്ടി വന്ന് ശത്രുവിനെ ആക്രമിക്കുന്ന പോലെ ഒരു നിലവാരവുമില്ലാതെ സംഘടിതമായി ആക്രമിച്ചതും വിപിനെ തകർക്കാനുള്ള ഗൂഢ ഉദ്ദേശ്യം വച്ചുകൊണ്ട് മാത്രമാണെന്ന് ഉറപ്പിക്കാം. ഈ ശുഷ്‌കാന്തി തന്റെ വകുപ്പിന്റെ പ്രവർത്തനത്തിൽ കാണിച്ചിരുന്നുവെങ്കിൽ ഒരാളെങ്കിലും ഈ വർഷത്തെ സംസ്‌കൃതം ബിരുദാനന്തര ബിരുദം കോഴ്സിൽ എൻട്രൻസ് പരീക്ഷ എഴുതി അഡ്മിഷൻ നേടുമായിരുന്നു.

സംസ്‌കൃത വിഭാഗം മേധാവി വിജയകുമാരിയുടെ ഇത്തരം നടപടികൾ പരസ്യമായതുകൊണ്ടാണ് ഈ വർഷത്തെ അഡ്മിഷനിൽ സംസ്‌കൃത വിഭാഗത്തിൽ മാത്രമാണ് സർവ്വകലാശാലയിൽ ഒരാൾ പോലും എൻട്രൻസ് പരീക്ഷ എഴുതി വിജയിച്ച് വന്ന് അഡ്മിഷൻ എടുക്കാതിരുന്നത്. കോഴ്സിൽ ആളില്ലാത്ത സാഹചര്യം ഒഴിവാക്കാൻ വിജയകുമാരി തനിക്കിഷ്ടമുള്ള തന്റെ സമപ്രായക്കാരായ സുഹൃത്തുക്കളായ പലരെയും പരീക്ഷ എഴുതാതെ സ്പോട്ട് അഡ്മിഷൻ എന്ന പേരിൽ തിരുകിക്കയറ്റിയതായും പരാതിയുണ്ട്.

“നിന്നെപ്പോലുള്ള പുലയരും സംവരണം വാങ്ങി വന്നവരുമാണ് സംസ്‌കൃതത്തെ മലിനപ്പെടുത്തുന്നത്.ഈ മുറി വെള്ളം തളിച്ച് ശുദ്ധീകരിക്കണം" എന്നൊക്കെയുള്ള ജാതിവെറി പുലമ്പിയത് മറ്റുള്ള അദ്ധ്യാപകർ നോക്കിനിൽക്കുമ്പോഴാണ്. ഇത് ആദ്യമായല്ല വിജയകുമാരി ഇത്തരം കൃത്യങ്ങളിലേർപ്പെടുന്നത്.
“നിന്നെപ്പോലുള്ള പുലയരും സംവരണം വാങ്ങി വന്നവരുമാണ് സംസ്‌കൃതത്തെ മലിനപ്പെടുത്തുന്നത്.ഈ മുറി വെള്ളം തളിച്ച് ശുദ്ധീകരിക്കണം" എന്നൊക്കെയുള്ള ജാതിവെറി പുലമ്പിയത് മറ്റുള്ള അദ്ധ്യാപകർ നോക്കിനിൽക്കുമ്പോഴാണ്. ഇത് ആദ്യമായല്ല വിജയകുമാരി ഇത്തരം കൃത്യങ്ങളിലേർപ്പെടുന്നത്.

എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ചാണ് ചാൻസലറായ ഗവർണർ വിജയകുമാരിയെ ഡീൻ ആക്കിയത്. ഇതുപോലെ ഗവർണർ തിരുകിക്കയറ്റിയ സിൻഡിക്കേറ്റ് അംഗമാണ്, വിജയകുമാരിയുടെ വീട്ടിൽ ചോറു വിളമ്പുന്നത് ദലിതാണെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ സർവ്വകലാശാലാ പടിക്കൽനിന്ന് പുലമ്പിയത്. ഒട്ടും അധികാരമില്ലാത്ത ഡീൻ പദവി ഉപയോഗിച്ചുകൊണ്ടാണ് ഇവർ ഒരു ഗവേഷകന്റെ ജീവിതം വഴിമുട്ടിച്ചതെന്ന് ഓർക്കണം.നമ്മുടെ സവ്വകലാശാലകളെ സംഘപരിവാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

കേരള സർവ്വകലാശാലയിൽ മാത്രം ഇന്ന് ഒരുപാട് വിദ്യാർത്ഥികൾ ഒട്ടനവധി പ്രശനങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. പ്രധാനപ്പെട്ട ഔദ്യോഗിക യോഗങ്ങൾ കൃത്യമായി ചേരാൻ വൈസ് ചാൻസലർ തയ്യാറാവാത്തതുകൊണ്ട് പല തീരുമാനങ്ങളും കൈക്കൊള്ളാൻ കഴിയുന്നില്ല. പല ഫയലുകളിലും ഒപ്പുവെക്കുന്നില്ല, അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നില്ല, വിദ്യാർത്ഥിയൂണിയനുകൾക്ക് ഫണ്ട്‌ അനുവദിക്കുന്നില്ല തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത പ്രശ്നങ്ങളാണ് ഉള്ളത്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ തകർത്ത് കാവിവത്കരിക്കാനുള്ള ഈ നീചനീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ട്. സംഘപരിവാറിന് ഇടം കൊടുത്താൽ മനുസ്മൃതിയുടെയും ചാതുർവർണ്യത്തിന്റെയും ആശയശ്രേണിയിലൂടെ അവർ സർവ്വകലാശാലകളെ ഭരിക്കും. അവിടെ ദലിതർക്കും പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും സ്ഥാനമുണ്ടാവില്ല. ശാസ്ത്രയുക്തിക്ക് വിലയുണ്ടാവില്ല. അത് ഉച്ചനീചത്വത്തിന്റെ പ്രാകൃതകാലത്തേക്ക് ഈ നാടിനെ നയിക്കും. അതുകൊണ്ട് സർവ്വകലാശാലകൾ പൊതു സ്വത്താണെന്ന് മനസ്സിലാക്കി വിഷലിപ്തമായ സംഘപരിവാറിനെ പുറത്താക്കാനും സാമൂഹ്യനീതിയിൽ ഊന്നിയ ജനാധിപത്യപരമായ വിദ്യാഭ്യാസരംഗം കെട്ടിപ്പടുക്കാനും മുന്നിട്ടിറങ്ങേണ്ടതുണ്ട്.


Summary: Controversy at Kerala University as Dalit scholar Vipin Vijayan’s PhD is allegedly withheld by Dean C.N. Vijayakumari. Ajinth Ajay Writes


അജിന്ത് അജയ്

കേരള സർവ്വകലാശാലയിലെ സോഷ്യോളജി വിഭാഗത്തിൽ ഗവേഷകൻ.

Comments