സർക്കാർ ഖജനാവ് വൃദ്ധർക്കും കൂടി അവകാശപ്പെട്ടതാണ്

വൃദ്ധരുടെ സുരക്ഷ സർക്കാരിന്റെ കടമയാകണം. അവരുടെ നല്ല കാലങ്ങളിൽ അവർ നൽകിയ നികുതി അവരുടെ തന്നെ വാർധക്യകാലം സുരക്ഷിതമാക്കാൻ സർക്കാർ കരുതൽ കാണിക്കണം. തൊഴിലില്ലാതിരുന്നവർക്കും മക്കളില്ലാത്തവർക്കും വാർദ്ധക്യകാലം ആത്മാഭിമാനത്തോടെ ജീവിക്കാനാകണം.

മുകളിലേക്കെറിഞ്ഞതെന്തോ തിരിച്ചുവരാതിരുന്നതുപോലെ അമ്പരന്ന നോട്ടവുമായി തെരുവിൽ അലയുന്നത് നമ്മളിൽ ആരുടെ രക്ഷിതാവാണ്? പാഴായിപ്പോയ സ്വന്തം ബുദ്ധിയെയാണോ ഇവർ പഴിക്കുന്നത്? കുടുംബം നോക്കുമ്പോൾ സ്വന്തം കാര്യം നോക്കാൻ മറന്നുപോയത് തന്റെ പിഴ എന്നാകുമോ അവർ വിലപിക്കുന്നത്? നമ്മൾ നിസ്വാർത്ഥരും ത്യാഗമയികളും ആയിക്കൂടാ എന്നൊരു പാഠം ഈ നിലവിളിയിൽ കേൾക്കുന്നുണ്ടോ?

പത്തു രൂപയുടെ നോട്ട് ആടിന് വച്ച് നീട്ടിയിട്ട് പാത്തുമ്മയുടെ ആടിലെ എഴുത്തുകാരൻ പറയുന്നു, 'അതും തിന്നട്ടെ. പ്രസവിച്ചിട്ട് ഒന്ന് രണ്ടു ദിവസമായി' എന്ന്... അത്രയും കാരുണ്യം അമ്മമാരോടും അച്ഛന്മാരോടും എല്ലാ വൃദ്ധരോടും ഉണ്ടായാൽ മതി. മക്കൾക്കില്ലെങ്കിൽ തന്നെയും ഭരണകൂടങ്ങൾക്ക് അതുണ്ടാകണം. ഒരിക്കൽ നമ്മുടെ വീടും നാടും ഉലയാതെ കാത്തുനിർത്തിയത് അവരുടെ ബുദ്ധിയും സാമ്പത്തികബോധവുമായിരുന്നു. അവർ ആരുടെ മുന്നിലും കൈ നീട്ടാൻ ഇടവരരുത്.

Photo: Shafeeq Thamarassery

ഈ ദിവസം വൃദ്ധരെ അവരുടെ അവകാശങ്ങളെ കുറിച്ച് ഓർമ്മിപ്പിക്കാനുള്ളതാണ്. സമൂഹത്തിനെ അതിന്റെ കടമകളെ കുറിച്ചും. സ്‌നേഹം വാതിലിലൂടെ പുറത്തേക്കിറങ്ങുമ്പോൾ നിയമം അകത്തേക്കു കയറുക തന്നെ വേണം. അപ്പോൾ, വൃദ്ധസദനങ്ങളെ സംബന്ധിച്ചു നിലനിൽക്കുന്ന നമ്മുടെ ബോധങ്ങളിൽ മാറ്റം വരണം. അവയ്ക്ക് ഒരു പൊതു സ്വീകാര്യതയും മാന്യതയും ഉണ്ടാകണം. അടിസ്ഥാന സൗകര്യങ്ങളല്ല, ആധുനിക സൗകര്യങ്ങൾ തന്നെയുള്ള വൃദ്ധസദനങ്ങൾ സർക്കാർ മുൻകയ്യെടുത്ത് നിർമ്മിക്കണം. വിദേശത്തുള്ളതോ ഉദ്യോഗത്തിനു പോകേണ്ടതോ ആയ മക്കളുടെ രക്ഷിതാക്കൾ നാട്ടിലുണ്ടെങ്കിൽ വൃദ്ധജനങ്ങൾ നാട്ടിൽ സുരക്ഷിതരായിരിക്കണം. അത് സർക്കാരിന്റെ ഉത്തരവാദിത്തമാകണം. വൃദ്ധരുടെ സുരക്ഷ സർക്കാരിന്റെ കടമയാകണം. അവരുടെ നല്ല കാലങ്ങളിൽ അവർ നൽകിയ നികുതി അവരുടെ തന്നെ വാർധക്യകാലം സുരക്ഷിതമാക്കാൻ സർക്കാർ കരുതൽ കാണിക്കണം. തൊഴിലില്ലാതിരുന്നവർക്കും മക്കളില്ലാത്തവർക്കും വാർദ്ധക്യകാലം ആത്മാഭിമാനത്തോടെ ജീവിക്കാനാകണം.

അതോടൊപ്പം കൂടെയുള്ള മക്കൾ വൃദ്ധജനങ്ങളെ മനുഷ്യത്വത്തോടെ സംരക്ഷിക്കുന്നില്ലെങ്കിൽ സ്വീകരിക്കാവുന്ന നിയമ നടപടികളെ കുറിച്ച് രക്ഷിതാക്കൾക്കും, വൃദ്ധജനങ്ങളെ സംരക്ഷിക്കാതിരുന്നാലുള്ള ഭവിഷ്യത്തുകളെ കുറിച്ച് മക്കൾക്കും ബോധ്യമുണ്ടായിരിക്കണം.
അമ്മയുടെ വിധവാപെൻഷൻ പോലും തങ്ങളുടെ അവകാശമാണെന്ന് മറ്റു വരുമാനമുണ്ടെങ്കിലും ചില മക്കൾ കരുതുന്നു. എന്നാൽ, അതു മക്കൾക്കുള്ളതല്ലെന്നും തങ്ങളുടെ ജീവിതം ഭദ്രമാക്കാനാണെന്നുമുള്ള ബോധ്യം ഒരിക്കൽ അവരുടെ രക്ഷിതാക്കളായിരുന്നവർക്ക് ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഇല്ലെങ്കിൽ ആ തുക വൃദ്ധരുടെ ആവശ്യങ്ങൾക്ക് ലഭിക്കുന്നുവെന്ന് സർക്കാരും നിയമ വ്യവസ്ഥയും ഉറപ്പു വരുത്തണം. സർക്കാരിന്റെ ഖജനാവ് വൃദ്ധർക്കും കൂടി അവകാശപ്പെട്ടതാണ്.

Photo: Shafeeq Thamarassery

ഇനി വേറെ ചില വൃദ്ധരെ നോക്കൂ... ലെബനണിലെ ദേവദാരുവിനെ പോലെയാണവർ. ആയിരം വർഷം കഴിഞ്ഞാലും വാടാതെ നിൽക്കുന്നു. പ്രായമേറുന്തോറും അവരുടെ അഴകും തെളിച്ചവും വർദ്ധിക്കുന്നു. അവരോട് സംസാരിച്ചിരിക്കുന്നത് എത്ര രസകരമാണ്. നമ്മൾ സഞ്ചരിക്കേണ്ട പാതയിലൂടെ കുറേ ദൂരം സഞ്ചരിച്ചുകഴിഞ്ഞവർ. തങ്ങൾ സഞ്ചരിച്ച വഴികൾ എളുപ്പമാണോ പരുപരുത്തതാണോ എന്നൊക്കെ അവരിൽനിന്നു കേൾക്കണം. തന്നെയുമല്ല തങ്ങളെക്കാൾ പ്രായം കുറഞ്ഞവരോട് സംസാരിക്കുമ്പോൾ അവർ ഒറ്റപ്പെടലിന്റെ വേദനകൾ മറന്ന് ജീവിതഭംഗികൾ ആസ്വദിക്കുന്ന പുണ്യക്കാഴ്ച കൂടി കാണാം. വൃദ്ധരോട് കഥകൾ പറഞ്ഞിരിക്കുന്നത് പോലെ ജീവിതത്തിൽ രസകരമായി മറ്റൊന്നുമില്ല

ലോകാരംഭം മുതൽ അവസാനം വരെ താനിവിടെയുണ്ട് എന്ന മട്ടിൽ സംസാരിക്കുന്ന ഒരമ്മൂമ്മയെ എനിക്കറിയാം. ''നിന്റെ കാലശേഷം എന്നെ ആര് നോക്കും'' എന്ന് അവർ മകളോട് ചോദിക്കുമായിരുന്നു. താൻ ഒരു ചിരഞ്ജീവിയാണെന്ന മട്ടിൽ. കഥ കേൾക്കാൻ ചെന്നിരുന്നാൽ പിന്നെ അവർക്ക് ഇരുപതിന്റെ പ്രസരിപ്പ്. തന്റെ ആയ കാലത്ത് ഭർത്താവ് പറമ്പിൽ ഒരെലിയെ കുഴിച്ചിടണമെങ്കിൽ പോലും അമ്മൂമ്മയുടെ അനുവാദം വാങ്ങുമായിരുന്നത്രേ. ''സന്ധ്യക്ക് കുളി കഴിഞ്ഞു ഞാൻ ഉമ്മറത്തിരിക്കുമ്പോൾ നിങ്ങടെ മുത്തച്ഛൻ ആരും കാണാതെ എന്റെ മുടിക്കെട്ടിൽ ഒരു തട്ട് തരും. മുടിയഴിഞ്ഞു നിലം മുട്ടും. ഞാൻ മുടി കെട്ടിവെക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല''. നാണത്തിനിത്രയ്ക്കു അഴകോ? ലജ്ജിക്കുന്ന അമ്മൂമ്മമാർ രസമുള്ള കാഴ്ചയാണ്. കുളത്തിൽ ഞാൻ കുളിക്കാനിറങ്ങിക്കിടക്കുമ്പോൾ എന്റെ മുലകൾ പന്തുകൾ പോലെ വെള്ളത്തിനു മുകളിൽ ഉയർന്നു നിൽക്കുമായിരുന്നു എന്നും കൂട്ടുകാരികൾ അതിൽതട്ടിക്കളിക്കുമായിരുന്നു എന്നും അമ്മുമ്മ പറഞ്ഞു ചിരിക്കും. 'പന്തണിമുലയാൾ പന്തുവലം കൈ കൊണ്ടടിച്ചും താതൈതെയ്' എന്ന് കൈ കൊട്ടിപ്പാടും. പ്രസരിപ്പിന്റെയും നിത്യ യൗവനത്തിന്റെയും ഒരു ജലധാര അവരിൽ പുല്ലു മൂടി കിടപ്പുണ്ട്. അതിനു ശരീരവുമായല്ല മനസ്സിന്റെ സർഗാത്മകതയുമായാണ് ബന്ധമുള്ളത്. ആ ഉറവയെ ഒന്ന് തൊട്ടുണർത്തുകയേ വേണ്ടൂ. ഏതു ദുരിതകാലത്തും അവരിൽ നിന്ന് പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. വൃദ്ധരെ വൃദ്ധരാക്കുന്നത് ലോകത്തിന്റെ നിർദ്ദയത്വമാണ്. സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്നിടത്തോളം കാലം ആരും വൃദ്ധരല്ല.

''കുഞ്ഞിക്കാവ് എന്നും വരണം നമുക്ക് വല്ലതുമൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാം'' എൺപതാം വയസ്സിൽ തന്റെ പഴയ ആരാധനാപാത്രമായ കുഞ്ഞിക്കാവമ്മയുമായി സൊറ പറഞ്ഞിരിക്കുമ്പോൾ കുഞ്ചുമ്മാവന് എന്തൊരു ചെറുപ്പം പണ്ട് അമ്പലമുറ്റത്ത് തീവെട്ടിയുടെ വെളിച്ചത്തിൽ താൻ കണ്ടു മോഹിച്ച ആ വൈരമൂക്കുത്തിത്തിളക്കം വയസ്സുകാലത്ത് തന്റെ കയ്യെത്തുന്ന അകലത്തിൽ. കുഞ്ഞിക്കാവ് ഇടയ്ക്കിടെ ഇലയടയും ഉണ്ണിയപ്പവും കൊണ്ടുവന്നു. ഒടുവിൽ പിറന്നാൾ ദിവസം മക്കളും കൊച്ചുമക്കളും കാണാതെ വൃദ്ധൻ തന്റെ കയ്യിൽ കിടന്ന മോതിരം ഊരിക്കൊടുത്തില്ലേ കുഞ്ഞിക്കാവിന്? കാരൂരിന്റെ മോതിരം എന്ന കഥയിലെവിടെയാണ് വാർധക്യം?

Photo: Shafeeq Thamarassery

മുടിയെല്ലാം കൊഴിഞ്ഞോ? പല്ലുകൾ ഇളകിയോ? 'നൂറാമത്തെ വയസ്സിൽ ഞാനൊരു വിസ്മയമായിരിക്കും' എന്ന് സ്വപ്നം കാണാനുള്ള ഊർജ്ജമുണ്ടെങ്കിൽ ഒരു മണിക്കൂർ മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിൽ പോലും പരമാനന്ദം. പ്രായത്തെ ക്രിയാത്മകമായി നേരിടാം. പക്ഷേ സമൂഹത്തെ ഭയപ്പെടരുതെന്നു മാത്രം. സമൂഹത്തിന് കരുണയും സഹജീവി സ്‌നേഹവും ഉള്ളിലുണ്ടാകണം. ഭരണകൂടങ്ങൾ വൃദ്ധർക്കു വേണ്ടി അവർ ഒരിക്കൽ നിക്ഷേപിച്ച സാംസ്‌കാരിക സാമൂഹിക സമ്പാദ്യങ്ങൾ സുരക്ഷിതമായി അവരെ തിരിച്ചേൽപ്പിക്കണം.

62 വയസുള്ളപ്പോഴാണ് എഴുത്തുകാരനായ ഗെയ്‌ഥേ 26 വയസുള്ള ബെറ്റീനയുമായി പിരിയാനാകാത്ത വിധം അടുക്കുന്നത്. ബെറ്റീനയുടെ കൊഞ്ചലുകൾക്കും അവൾ പറയുന്ന കഥകൾ കേൾക്കാനും ഗെയ്‌ഥേ ഇരുന്നുകൊടുത്തു. അവളുടെ സർഗ്ഗാത്മകസാന്നിധ്യം അദ്ദേഹത്തെ ആനന്ദിപ്പിച്ചു. ജീവിതാസക്തനാക്കി. അദ്ദേഹം തന്റെ പ്രായം മറന്നു. അമ്പതു വയസ്സിൽ അദ്ദേഹത്തിന് വല്ലാത്ത തടിയും ഇരട്ടത്താടിയുമൊക്കെ ഉണ്ടായിരുന്നു, അന്നയാളെ ഇതത്ര ബാധിച്ചിരുന്നില്ല. പക്ഷെ മരിച്ചാൽ താൻ അനശ്വരതയിലേക്ക് കുടവയറോടെ പ്രവേശിക്കുന്നതോർത്തപ്പോൾ. അയാൾ തടി കുറയ്ക്കാൻ തീരുമാനിച്ചു. പഴയതുപോലെ ആയില്ലെങ്കിലും ആ സുന്ദരരൂപത്തെ ഓർമ്മിപ്പിക്കാനെങ്കിലും സാധിച്ചു.

യൗവനം ഒരു മാനസികാവസ്ഥ കൂടിയാണ്. വാർധക്യവും.


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments