എൻഡോസൾഫാൻ: നിയമം കൊണ്ടൊരു പോരാട്ടം, വിജയം

കാസർകൊട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി 2010ൽ ദേശീയ മനുഷ്യാവകാശ കമീഷനും 2017 ലും 19 ലുമായി സുപ്രീംകോടതിയും സുപ്രധാന വിധികളിലൂടെ ലിസ്റ്റു ചെയ്യപ്പെട്ട മുഴുവൻ ദുരിതബാധിതർക്കും കാറ്റഗറി തിരിക്കാതെ 5 ലക്ഷം രൂപ വീതം നൽകാനാവശ്യപ്പെട്ടെങ്കിലും ആ വിധികൾ നടപ്പായില്ല. ഏറ്റവുമൊടുവിൽ ദുരിതബാധിതരുടെ സമരന്യായങ്ങളെയും ഭരണകൂടങ്ങളുടെ ഇരട്ടത്താപ്പുകളെയും പരമോന്നത നീതിപീഠത്തിനുമുന്നിൽ തുറന്നവതരിപ്പിച്ച് മുഴുവൻ ദുരിതബാധിതർക്കും ഉടൻ നഷ്ടപരിഹാരമെന്ന ചരിത്രവിധി നേടിയെടുത്തിരിക്കുകയാണ് കോൺഫഡറേഷൻ ഓഫ് എൻഡോസൾഫാൻ റൈറ്റ്‌സ് വിക്ടിം കളക്ടീവ് എന്ന കൂട്ടായ്മ. 5 ലക്ഷം രൂപയുടെ നഷ്ടപരിഹാര വിതരണത്തിന്​ രണ്ടാം ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്തത്​ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനു പിന്നാലെയാണ് നഷ്ടപരിഹാരത്തുക കെെമാറിത്തുടങ്ങിയത്. വിഷപ്രയോഗത്തിന്റെ പേരിൽ തീരാദുരിതത്തിലായ ഒരു ജനതയുടെ അതിജീവനത്തെക്കുറിച്ച്​ ഒരു അന്വേഷണം.

രു രാസ കീടനാശിനിയുടെ നാമം എന്നതിനപ്പുറം എൻഡോസൾഫാൻ എന്ന വാക്ക് മലയാളികൾക്ക് പരിചിതമാകുന്നത് കേരളത്തിന്റെ വടക്കേയറ്റത്തെ ഏതാനും ഗ്രാമങ്ങളിലെ മനുഷ്യരുടെ ജീവിതത്തിൽ സംഭവിച്ച ഭീകരമായ ഒരു ദുരന്തവുമായി ബന്ധപ്പെട്ടാണ്.

സാമൂഹികമായി അങ്ങേയറ്റം പിന്നാക്കം നിൽക്കുന്ന ഗ്രാമീണ ജനതയെ അവരുടെ ജീവിതത്തിൽ പെയ്തിറങ്ങിയ വിഷമഴയുടെ ദുരിതത്തിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളാരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും രാഷ്ട്രീയ കേരളം അവരെ കണക്കിലെടുത്തതേ ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാറിന്റെ ഭാഗമായ പ്ലാന്റേഷൻ കോർപറേഷൻ കശുമാവ് തോട്ടങ്ങളിൽ നടത്തിയ അമിത കീടനാശിനി പ്രയോഗത്തിന്റെ ഫലമായാണ് ദുരന്തം സംഭവിച്ചതെങ്കിലും അതിജീവനത്തിന് എൻഡോസൾഫാൻ ദുരിതബാധിതർ നടത്തിയ സമരങ്ങളെയോ അവർ മുന്നോട്ടുവെച്ച ആവശ്യങ്ങളെയോ കേരളത്തിൽ ഒരു സർക്കാറും പരിഗണിച്ചിരുന്നില്ല.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ലഭിക്കേണ്ട മെച്ചപ്പെട്ട ചികിത്സ, നഷ്ടപരിഹാരം, ദുരിതാശ്വാസം, പുനരധിവാസം, കടാശ്വാസം, ഭൗതിക സാഹചര്യങ്ങളുടെ ലഭ്യത തുടങ്ങിയവയ്ക്കായി ധാരളം പ്രത്യക്ഷ സമരങ്ങൾ നടന്നിട്ടുണ്ട്. കോടതിയിൽ നടന്ന നിയമപോരാട്ടങ്ങൾ വേറെയും. എൻഡോസൾഫാൻ കീടനാശിനി പ്രയോഗം നിർത്തലാക്കുന്നതിന് നടന്ന നിയമ പോരാട്ടങ്ങൾ മുതൽ ദുരിതാശ്വാസത്തിന് നടത്തിയ ഇടപെടലുകളടക്കം കോടതി വ്യവഹാരങ്ങളുടെ ഒരു നീണ്ട ചരിത്രം കൂടി എൻഡോസൾഫാൻ സമരത്തിന്റെ ഭാഗമാണ്. ആഗോള മനഃസാക്ഷിയെ പോലും വേദനിപ്പിച്ച എൻഡോസൾഫാൻ ദുരിതബാധിതർ, അവർക്ക് ലഭിക്കേണ്ട ഏറ്റവും ന്യായമായ നഷ്ടപരിഹാരത്തിനായി ഇക്കാലവും സമരത്തിലാണ് എന്നത് ഏറെ ലജ്ജാകരമായ ഒന്നായിരുന്നു.

ഏറ്റവുമൊടുവിൽ ദുരിതബാധിതരുടെ സമരന്യായങ്ങളെയും ഭരണകൂടങ്ങളുടെ ഇരട്ടത്താപ്പുകളെയും പരമോന്നത നീതിപീഠത്തിനുമുന്നിൽ തുറന്നവതരിപ്പിച്ച് മുഴുവൻ ദുരിതബാധിതർക്കും ഉടൻ നഷ്ടപരിഹാരമെന്ന ചരിത്രവിധി നേടിയെടുത്തിരിക്കുകയാണ് കോൺഫഡറേഷൻ ഓഫ് എൻഡോസൾഫാൻ റൈറ്റ്‌സ് വിക്ടിം കളക്ടീവ് എന്ന കൂട്ടായ്മ. സുപ്രീംകോടതി വിധിയെത്തുടർന്ന് ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകുന്നതിന് 200 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കുകയും ചെയ്തു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കാസർകൊട്ടെ ദുരിതബാധിത ഗ്രാമങ്ങളിലെ കുടുംബങ്ങളുടെ അക്കൗണ്ടുകളിൽ അവർക്കർഹതപ്പെട്ട നഷ്ടപരിഹാരത്തുക വന്നുതുടങ്ങി.

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള 5 ലക്ഷം രൂപയുടെ നഷ്ടപരിഹാര വിതരണത്തിന്​ രണ്ടാം ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്തത്​ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനു പിന്നാലെയാണ് നഷ്ടപരിഹാരത്തുക കെെമാറിത്തുടങ്ങിയത്.

കാസർകൊട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി 2010ൽ ദേശീയ മനുഷ്യാവകാശ കമീഷനും 2017 ലും 19 ലുമായി സുപ്രീംകോടതിയും തങ്ങളുടെ സുപ്രധാന വിധികളിലൂടെ ലിസ്റ്റു ചെയ്യപ്പെട്ട മുഴുവൻ ദുരിതബാധിതർക്കും കാറ്റഗറി തിരിക്കാതെ 5 ലക്ഷം രൂപ വീതം നൽകാനാവശ്യപ്പെട്ടെങ്കിലും ആ വിധികൾ നടപ്പായില്ല. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായിട്ടും വിധി സർക്കാർ നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് എൻഡോസൾഫാൻ ദുരിത ബാധിതർക്കു വേണ്ടി പ്രവർത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മയായ സെർവ് കലക്ടീവ് കോടതിയലക്ഷ്യ കേസുമായി 2020ൽ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂലവിധി സമ്പാദിക്കുകയും ചെയ്തത്.

ദുരിതബാധിതരുടെ വിഷയത്തിൽ അഞ്ച് വർഷമായി കേരള സർക്കാർ ഫലത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും അതിൽ വരുത്തിയ കാലതാമസം ഞെട്ടിക്കുന്നതാണ് എന്നതിന് പുറമെ, ഈ നിഷ്‌ക്രിയത്വം കോടതി ഉത്തരവുകളുടെ ലംഘനവുമാണെന്നും കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഒപ്പം 2017 ജനുവരി 10 ലെ ഈ കോടതിയുടെ തന്നെ ഉത്തരവിൽ, എൻഡോസൾഫാന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് ഉണ്ടാകുന്ന ആജീവനാന്ത ആരോഗ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് മെഡിക്കൽ സൗകര്യങ്ങളോ ചികിത്സയോ നൽകുന്നതിനുള്ള സാധ്യത പരിഗണിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കുന്നുണ്ട്.

2020 ജനുവരി നാലിന്​ എൻഡോസൾഫാൻ കീടനാശിനിയുടെ വ്യാപകമായ ഉപയോഗത്തിനെതിരെ ആദ്യമായി കോടതിയെ സമീപിച്ച ലീലാകുമാരിയമ്മയുടെ വീട്ടിൽ വച്ച് അവരുടെ അധ്യക്ഷതയിലാണ് സെർവ് കളക്ടീവ്സിന്റെ ആദ്യ യോഗം നടന്നതും സുപ്രധാനമായ സുപ്രിം കോടതിയുടെ വിധിയിലേക്ക് നയിച്ച നിയമപോരാട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്തത്. ദുരിതബാധിതരുടെ പട്ടികയിലുള്ള ബൈജു, അശോക് കുമാർ, മധുസൂദനൻ, സജി, ശാന്ത, രവീന്ദ്രൻ, തോമസ്, ശാന്ത കൃഷ്ണൻ, എന്നിവരുടെ പേരിലാണ് കോടതിയിൽ ഹർജി ഫയൽ ചെയ്തത്. 2019 ലെ വിധി വന്നിട്ടും സർക്കാർ അത് നടപ്പിലാക്കാൻ തയാറാവാത്ത സാഹചര്യത്തിലാണ് അക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തി സർവ് കളക്ടീവ് എന്ന കൂട്ടായ്മയ്ക്ക് രൂപം കൊടുത്തതെന്നും വിവരങ്ങൾ ശേഖരിച്ച് നിയമപരമായി വിഷയത്തെ കെെകാര്യം ചെയ്തതെന്നും സെർവ് കൂട്ടായ്മ സെക്രട്ടറി കെ.കെ. അശോകൻ തിങ്കിനോട് പറഞ്ഞു.

കെ.കെ.അശോകൻ

മൂന്നു മാസത്തിനുള്ളിൽ അഞ്ച് ലക്ഷം രൂപവീതം ദുരിതബാധിതർക്ക്​ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2017 ജനുവരി പത്തിനാണ് സുപ്രീം കോടതി ഉത്തരവിട്ടിത്. എന്നാൽ നഷ്ടപരിഹാര വിതരണം നടക്കുന്നില്ലെന്ന് ആരോപിച്ച് ദുരിതബാധിതർ 2019-ൽ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽചെയ്തിരുന്നു. തുടർന്ന് രണ്ട് മാസത്തിനുള്ളിൽ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2019 ജൂലൈയിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതിവിധി നടപ്പിലായില്ല. അതാണ് സർവ് കളക്ടീവ്സിന്റെ നേതൃത്വത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്ന തലത്തിലേക്കെത്തിയത്.

ആശ്വാസധനമെന്ന ഭരണഘടനാ അവകാശം

1992ൽ റിയോ ഭൗമ ഉച്ചകോടിയിൽ ഇന്ത്യ ഒപ്പുവെച്ച ഉടമ്പടിയനുസരിച്ചാണ് ഇന്ന് ഇന്ത്യയിൽ എൻഡോസൾഫാൻ ആഘാതപ്രശ്‌നത്തിൽ ദുരിതബാധിതർക്ക്​ ആശ്വാസധനം നൽകാനുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും സുപ്രീംകോടതിയുടെയും വിധികളുണ്ടായത്. 1996ൽ ഇന്ത്യൻ പാർലമെന്റിൽ റിയോഭൗമ ഉച്ചകോടി ഉടമ്പടി പാർലമെൻറ്​ അംഗങ്ങൾ പാസാക്കുന്നുണ്ട്. എൻഡോസൾഫാൻ പ്രശ്‌നത്തിൽ ഈ അന്താരാഷ്ട്രനിയമമാണ് ബാധകമാവുന്നത്. Polluter Paysഎന്ന നിലവിലുള്ള EIAആനുകൂല്യമാണ് കാസർകോട്ടെ ദുരിതബാധിതർക്ക്​ലഭിക്കേണ്ടത്. സുപ്രീംകോടതി ഇപ്പോൾ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനം അതാണ്.

എൻഡോസൾഫാൻ പീഡിതരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അന്വേഷണം നടത്തിയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്ര - സംസ്ഥാന സർക്കാറിന് മുമ്പിൽ പല നിർദേശങ്ങളും സമർപ്പിച്ചിരുന്നു. മരിച്ചവരുടെയും ഗുരുതരരോഗം ബാധിച്ച് കിടപ്പിലായവരുടെയും ബന്ധുക്കൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന നിർദേശമായിരുന്നു അതിൽ ഒന്നാമത്തേത്. എന്നാൽ 2010 ഡിസംബറിൽ സർക്കാറിന് സമർപ്പിച്ച നിർദേശങ്ങൾ നടപ്പിലാക്കാൻ കേരള സർക്കാറിന് വേണ്ടി വന്നത് 12 വർഷം. സുപ്രീംകോടതിയുടെ 2022 ലെ വിധി വന്നില്ലായിരുന്നെങ്കിൽ പ്ലാച്ചിമട പോലെ, ഭരണഘടനാ അവകാശങ്ങളുടെ മറ്റൊരു ലംഘനമായി അത് നീണ്ടുപോകുമായിരുന്നു.

സുപ്രീംകോടതി പ്രോട്ടോകോൾ അനുസരിച്ച് ലിസ്റ്റു ചെയ്യപ്പെട്ട രോഗികളിൽ 5 ലക്ഷം നഷ്ടപരിഹാരം ( ഇടക്കാല ആശ്വാസധനം) ലഭിക്കാത്ത എട്ടു രോഗികളാണ് തങ്ങളുടെ അവകാശം ലഭിച്ചിട്ടില്ലെന്ന വിവരം സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയത്. എൻഡോസൾഫാൻ പ്രതിരോധ സമര വിഷയത്തിൽ സഹജീവികൾക്ക് ഏറ്റവും നിയമപരവും, ആരോഗ്യശാസ്ത്രപരവും ഭരണഘടനാപരവുമായ അവകാശ വിധി ക്രമമാണ് സുപ്രീംകോടതി വിധിയനുസരിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് കെ.കെ. അശോകൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

എം.എ.റഹ്മാൻ

താൽക്കാലിക ഒത്തുതീർപ്പുസമരങ്ങളായിരുന്നില്ല, ഭരണഘടനാപരമായ അവകാശങ്ങൾ നിയമപരമായി നേടിയെടുക്കുക എന്നതായിരുന്നു ‘സർവി’ന്റെ ലക്ഷ്യമെന്നും അതുകൊണ്ടുതന്നെ സുപ്രീംകോടതി വിധി എൻഡോസൾഫാൻ പ്രതിരോധ സമരചരിത്രത്തിലെ സുപ്രധാനവിധിയാണെന്നും ചരിത്രവിജയമാണെന്നും അശോകൻ പറഞ്ഞു.

സുപ്രിംകോടതി പുറപ്പെടുവിപ്പിച്ച ഈ വിധിയിലൂടെ എൻഡോസൾഫാൻ ഇരകളുടെ നീണ്ടകാലം നടപ്പിലാവാതെ പോയ ഭരണഘടനാപരമായ അവകാശം ഇപ്പോൾ നിറവേറുകയാണെന്ന് എം.എ റഹ്‌മാൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

ദുരിതാശ്വാസ വിതരണം

എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ജില്ലയിലെ 6727 പേരാണുള്ളത്. 3714 പേർക്കാണ് ഇനി തുക കൊടുക്കാനുള്ളത്. അതിൽ 1568 പേർക്ക് രണ്ട് ലക്ഷം വീതമാണ് (നേരത്തെ മൂന്ന് ലക്ഷം കിട്ടിയവർ) കൊടുക്കേണ്ടത്. 734 പേർ മരിച്ചവരുമാണ്.

ധനസഹായം ലഭ്യമാകുന്നതിനുള്ള ഓൺലൈൻ അപേക്ഷ സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. അപേക്ഷകർക്ക് relief.kerala.gov.in എന്ന പോർട്ടലിൽ എൻഡോസൾഫാൻ ധനസഹായം എന്ന ഓപ്ഷൻ ഉപയോഗിച്ച് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ/ വില്ലേജ് ഓഫീസുകൾ വഴി നേരിട്ട് അപേക്ഷ നൽകാമെന്നാണ് ജില്ലാകളക്ടർ അറിയിച്ചത്. ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയുടെ ഒ പി നമ്പർ ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നീ രേഖകൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. കോവിഡ് രോഗികൾ മരണപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി രൂപപ്പെടുത്തിയ പോർട്ടൽ ഭേദഗതി വരുത്തിയാണ് ദുരിതബാധിതരുടെ പണം വിതരണം ചെയ്യുന്നത്.

കുറെ കാലമായി ഭരണകൂടം തടഞ്ഞുവെച്ച ഒരു അവകാശമാണ് ഇപ്പോൾ നേടിയെടുത്തതെന്നും സ്വാഭാവികമായും കിട്ടേണ്ടിയിരുന്ന അവകാശത്തിന് വേണ്ടി നിയമപോരാട്ടം നടത്തേണ്ടി വരുന്നതിൽ ദുഃഖമുണ്ടെന്നും സുപ്രീം കോടതി പ്രോട്ടോകോൾ അനുസരിച്ച് ലിസ്റ്റു ചെയ്യപ്പെട്ട രോഗികളിൽ 5 ലക്ഷം നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന വിവരം സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയ എട്ടുപേരിൽ ഒരാളായ രവീന്ദ്രൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

എന്തുകൊണ്ട് പാലിയേറ്റീവ് കെയർ വേണം

ബളാംന്തോട് ചാമുണ്ഡിക്കുന്നിൽ എൻഡോസൾഫാൻ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമാണ് (30-05-2022). ഭരണകൂടവും പൊതുസമൂഹവും ദുരിതബാധിതരോട് കാണിച്ചുകൊണ്ടിരിക്കുന്ന കുറ്റകരമായ അവഗണനയുടെ, അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചാമുണ്ഡിക്കുന്നിൽ കേരളം കണ്ടത്. 28 കാരിയായ മകൾ രേഷ്മയെ കൊന്ന് സ്‌കൂളിലെ പാചക തൊഴിലാളിയായ അമ്മ വീട്ടിനു പിറകുവശത്ത് തൂങ്ങിമരിക്കുകയായിരുന്നു. ദേശീയ മനുഷ്യാവകാശ കമീഷനും സുപ്രീംകോടതിയും നിർദേശിച്ച എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സാന്ത്വന പരിചരണ കേന്ദ്രം ജില്ലയിൽ കൊണ്ട് വരണമെന്ന കാലങ്ങളായുള്ള ആവശ്യം അംഗീകരിച്ച് കിട്ടാൻ ഇനിയും എത്രപേർ മക്കളെ കൊന്ന് ആത്മഹത്യ ചെയ്യേണ്ടിവരുമെന്നാണ് ദുരിതബാധിതർ ചോദിക്കുന്നത്.

ആ സംഭവത്തെ കുറിച്ച് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡൻറ്​ മുനീസ അമ്പലത്തറ തിങ്കിനോട് പറഞ്ഞത്​: ""അമ്മയ്ക്ക് ജോലിക്ക് പോവാനുള്ള ബുദ്ധിമുട്ടുകൊണ്ട് സ്‌നേഹഭവൻ എന്നൊരു സ്ഥാപനത്തിൽ കുട്ടിയെ ഏൽപ്പിച്ചിരുന്നു. കോവിഡ് കാലമായപ്പോൾ കുട്ടിയെ തിരിച്ചു കൊണ്ടുവന്നു. എന്നാൽ കോവിഡ് മാറിയതോടെ കുട്ടി തിരിച്ചുപോകാൻ വിസമ്മതിച്ചു. കുട്ടിക്ക് അമ്മയുടെ സാന്നിധ്യം വേണമെന്നുണ്ടായിരുന്നു. എന്നാൽ കുട്ടിയെ തനിച്ചാക്കി ജോലിക്ക് പോകാൻ അമ്മക്കാവുമായിരുന്നില്ല. ജോലിക്ക് പോകാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനും പറ്റില്ല.’’

‘‘വീണ്ടും സ്‌കൂൾ തുറക്കാൻ പോകുന്ന ഘട്ടത്തിൽ കുട്ടിയെ ഏൽപ്പിക്കാൻ ഒരിടമില്ലാത്തതുകൊണ്ട്​ കുട്ടിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുന്ന അവസ്ഥയിൽ എത്തുകയായിരുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇത് മൂന്നാമത്തെ ആത്മഹത്യയാണ്. ആദ്യ സംഭവത്തിൽ, മകനെ സ്വകാര്യ ആശുപത്രിയിൽ കെട്ടിത്തൂക്കി അമ്മയും അച്ഛനും ആത്മഹത്യ ചെയ്തു. പിന്നീട് രമണി എന്ന, അമ്മ മാനസിക വെല്ലുവിളി നേരിടുന്ന മകളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ ചെയ്തു. അമ്മ ആശുപത്രിയിൽ ആയപ്പോൾ മകളെ നോക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ മനംനൊന്തായിരുന്നു അമ്മയുടെ നടപടി. മൂന്നാമത്തെ സംഭവമാണ് ചാമുണ്ഡിക്കുന്നിൽ നടന്നത്. ഇത്തരം കുട്ടികളുടെ മാനസിക സംഘർഷങ്ങൾ അയവുവരുത്താൻ നിലവിലൊരു സംവിധാനം ഇവിടെ ഇല്ല എന്നതുതന്നെയാണ് ആവർത്തിക്കുന്ന ആത്മഹത്യകൾ പറയുന്നത്. കോടതി വിധിയെ തുടർന്ന് സർക്കാർ അഞ്ച് ലക്ഷം രൂപ വിതരണം ചെയ്യാൻ തുടങ്ങിയതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഇനി എൻഡോസൾഫാൻ ഇരകളെ സംബന്ധിച്ച് അവരുടെ ബന്ധുക്കളെ സംബന്ധച്ചു ഏറ്റവും അടിയന്തിരമായി വേണ്ടത് എല്ലാ സൗകര്യവുമുള്ള പാലിയേറ്റിവ് കെയറാണ്’’- മുനീസ പറഞ്ഞു.

മുനീസ അമ്പലത്തറ

രോഗീപരിചരണം ബന്ധുക്കളുടെയും കുടുംബത്തിന്റെയും മാത്രമല്ല, സമൂഹത്തിന്റെ കൂടി ബാധ്യതയാണ് എന്നതും ചികിത്സക്ക് പരിമിതിയുണ്ട്, എന്നാൽ സാന്ത്വനപരിചരണത്തിന് പരിമിതികളില്ല എന്നതും പാലിയേറ്റീവിന്റെ വിഖ്യാത മുദ്രാവാക്യങ്ങളാണ്. രോഗശമനത്തിന് മറ്റുവഴികളില്ല എന്നറിയുന്ന ഘട്ടത്തിൽ നൽകേണ്ട ചികിത്സ എന്ന നിലയ്ക്കാണ് തുടക്കത്തിൽ പാലിയേറ്റീവ് കെയറിനെ കണ്ടിരുന്നത്. എന്നാൽ പാലിയേറ്റീവ് കെയർ എന്നത് ഒരു ഇവോൾവിങ് കോൺസെപ്റ്റാണ് എന്നാണ് സംസ്ഥാനത്ത് പാലിയേറ്റീവ് കെയർ മേഖലയുടെ തുടക്കം മുതൽ നേതൃപരമായി ഇടപെടുന്ന തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇ. ദിവാകരൻ പറയുന്നത്. ""ഒരാളെ പാലിയേറ്റീവ് കെയറിന് അർഹരാക്കുന്നത് രോഗസ്ഥിതിയോ കാലപരിധിയോ ഒന്നുമല്ല. അയാൾ രോഗം മൂലം യാതന അനുഭവിക്കുന്നുണ്ടോ? യാതന അനുഭവിക്കുന്ന ഏതൊരു രോഗിക്കും ശാരീരികവും സാമ്പത്തികവും ആത്മീയവും സാമൂഹികവുമൊക്കെയായ, സമസ്ത മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള ഒരു ചികിത്സ ആവശ്യമാണ്. ഏത് രോഗാവസ്ഥയുടെയും ഏത് ഘട്ടത്തിലും പാലിയേറ്റീവ് കെയർ എന്ന ഘടകം അനിവാര്യമാണ്.''

കാസർഗോഡ് ജില്ലയിൽ നിന്ന് ഇന്നും പ്രധാന ചികിത്സയ്ക്ക് മംഗലാപുരവും കണ്ണൂരും കോഴിക്കോടും തന്നെയാണ് ആശ്രയിക്കുന്നത്. കോവിഡ് കാലത്ത് അതിർത്തികൾ വ്യാപകമായി അടച്ചിട്ടപ്പോൾ 20 ഓളം പേർ ചികിത്സകിട്ടാതെ മരിച്ചു. ആ സമയത്ത് എൻഡോസൾഫാൻ ദുരിതബാധിതരുടെ അവസ്ഥ എന്താണെന്ന് അറിയാനുള്ള ഒരു ശ്രമവും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു.

നിഷ്‌കളങ്കരായ ഗ്രാമീണരോഗികളും രോഗികളോടൊപ്പം കഴിയുന്നവരും കടുത്ത മാനസിക വെല്ലുവിളി നേരിട്ടാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. സന്തോഷമെന്നത് ഇവിടെ കിട്ടാക്കനിയാണ്. സന്തോഷം ഉത്പാദിപ്പിക്കാനുള്ള ജീവരസതന്ത്രത്തെയാണ് സാന്ത്വന ചികിത്സാകേന്ദ്രം അവർക്ക് നൽകേണ്ടത്. സുപ്രീംകോടതി നിർദ്ദേശിച്ച ആ സാന്ത്വന ചികിത്സാകേന്ദ്രം വരാത്തിടത്തോളം കാലം രോഗമില്ലെന്ന് കരുതുന്നവരും അദൃശ്യരോഗങ്ങളുമായി മല്ലടിക്കുന്നവരും ഇവിടെതന്നെ ഒടുങ്ങും. ശാശ്വതമായ രോഗനിവാരണം സാധ്യമല്ലെന്നറിയുമ്പോഴാണ് ആരോഗ്യശാസ്ത്രം അവർക്ക് സാന്ത്വന ചികിത്സ നിർദ്ദേശിക്കുന്നത്. അതാണ് സുപ്രീംകോടതി വിധിച്ച പാലിയേറ്റീവ് ആശുപത്രി. കഴിഞ്ഞ ദിവസം കൂടി ഒരമ്മ മകളെ കൊന്ന് ആത്മഹത്യ ചെയ്ത സാഹചര്യത്തിലെങ്കിലും പാലിയേറ്റീവ് കെയർ ആശുപത്രിയുടെ കാര്യത്തെ കേരളം ഗൗരവമായെടുക്കണം- എഴുത്തുകാരനും സർവ് കൂട്ടായ്മ മെമ്പറുമായ എം.എ.റഹ്‌മാൻ പറഞ്ഞു.

കേവലം ഔപചാരിക പ്രതികരണങ്ങളിലൂടെ നിറവേറ്റാൻ കഴിയുന്ന ഒന്നല്ല ഈ മനുഷ്യരോടുള്ള ബാധ്യത എന്ന് സാമൂഹ്യ പ്രവർത്തകൻ കെ.രാമചന്ദ്രൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. ""തികച്ചും ഔദ്യോഗികമായ നിസ്സംഗതയും തണുപ്പൻ സമീപനവും ഈ ഹതഭാഗ്യരായ മനുഷ്യരെ എത്ര കഠിനമായാണ് ബാധിക്കുന്നത് എന്ന് അവിടെ പോയിട്ടുള്ളവർക്കെല്ലാമറിയാം. അത് മനുഷ്യന്റെ അടിസ്ഥാനപരമായുള്ള സദാചാരബോധവും മൂല്യബോധവുമായി ബന്ധപ്പെട്ട സഹാനുഭൂതി കലർന്ന ഒരു സമീപനം ആവശ്യപ്പെടുന്ന ഒരു പ്രശ്‌നമാണ്. ദുരിത ബാധിതരോടുള്ള ഭരണകൂടത്തിന്റെ സമീപനത്തെ കോടതി നിശിതമായി വിമർശിക്കുകയുമുണ്ടായി. അടുത്തഘട്ടമെന്ന നിലയിൽ ഇവരുടെ ചികിത്സയ്ക്ക് കാസർകോട് തന്നെ സൗകര്യമുണ്ടാക്കുന്ന വിധത്തിൽ മികച്ച ഒരു മികച്ച ആശുപത്രി ഉണ്ടാക്കുന്നതിനും നടപടികൾ എടുക്കേണ്ടതാണ്. അത് ഉണ്ടാക്കാതിരിക്കുന്നതിന് ന്യായീകരണമൊന്നുമില്ല. കാരണം അത്തരമൊരു സ്ഥാപനം ഏറ്റവും അർഹിക്കുന്ന ഒരു ജനത കാസർകോട് ഉള്ളവരാണ്.''

ചികിത്സ സർക്കാർ ഉത്തരവാദിത്തം

പാലിയേറ്റീവ് ആശുപത്രി സ്ഥാപിക്കാനും ദുരിതബാധിതർക്ക് 5 ലക്ഷം രൂപനൽകാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ദേശീയ മനുഷ്യാവകാശക്കമീഷന്റെ ശുപാർശകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 2017 ൽ കാസർകോട്ട് എൻവിസാജ് നാലു ദിവസത്തെ ഒപ്പുശേഖരണ പരിപാടി നടത്തിയിരുന്നു. ചലച്ചിത്രസംവിധായകൻ പ്രകാശ്ബാരെ, നടൻ അലൻസിയർ, ആനിരാജ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയത് എഴുത്തുകാരനായ എൻ.എസ്.മാധവൻ ആയിരുന്നു. ‘ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ ഇനി നാം എന്തു ചെയ്യണം' എന്ന വിഷയത്തിലെ എൻ.എസ്. മാധവൻ നടത്തിയ പ്രസംഗം എൻഡോസൾഫാൻ വിഷയത്തിലെ മനുഷ്യാവകാശ പ്രശ്നത്തെ വ്യക്തമായി അഡ്രസ് ചെയ്യുന്നതായിരുന്നു.

എൻ.എസ്. മാധവന്റെപ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ: ഇന്ത്യൻ ഭരണഘടന നമുക്കു നൽകുന്ന ഏറ്റവും വലിയ അവകാശങ്ങളിൽ ഒന്ന് ജീവിക്കാനുള്ള അവകാശമാണ്. ഭരണഘടനയുടെ 21-ാം വകുപ്പനുസരിച്ച് ഓരോ ഇന്ത്യക്കാരനും ജീവിക്കാൻ അധികാരമുണ്ട്. ആ അധികാരം നിയമപരമായ കാരണങ്ങൾകൊണ്ട് മാത്രമേ തിരിച്ചെടുക്കാവൂ എന്നാണ് നിബന്ധന. നിയമപരമായ കാരണം എന്നു പറഞ്ഞാൽ ഒരാളെ ജീവിക്കാൻ അനുവദിക്കാതിരിക്കാൻ തക്ക മതിയായ സാഹചര്യമുണ്ടാകണം. ഉദാഹരണത്തിന്, ഏതെങ്കിലും കൊലക്കുറ്റത്തിന്റെ ഫലമായി അയാളെ തൂക്കിക്കൊല്ലുവാൻ, അല്ലെങ്കിൽ ജീവന്റെ മറ്റു തരത്തിലുള്ള ഹാനി, ഗർഭഃച്ഛിത്രം, ദയാവധം ഇതെല്ലാം നടപ്പിലാക്കണമെങ്കിൽ അതിന് നിയമങ്ങളും കൃത്യമായ നിയമവ്യവസ്ഥകളും പാലിക്കണമെന്നുണ്ട്. ഈ അടിസ്ഥാനതത്വത്തിന്റെ വെളിച്ചത്തിലാണ് നമ്മുടെ ഇന്ത്യൻ സമൂഹം ഇന്നുവരെ ജീവിച്ചു പോന്നിട്ടുള്ളത്.

എൻ.എസ്. മാധവൻ / ചിത്രം: എ.ജെ. ജോജി

മാനവരാശിയുടെ ചരിത്രമെടുത്തുനോക്കുകയാണെങ്കിൽ ജീവിക്കാനുള്ള അവകാശം ഒരു സമൂഹം സ്വയം നൽകുന്നത് 1444-ലാണ്. Puljica എന്നു പേരുള്ള ഒരു രാജ്യത്തായിരുന്നു ആദ്യം അതുണ്ടായത്. ഇപ്പോൾ ആ രാജ്യം മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. എങ്കിലും ആ രാജ്യം നിങ്ങൾക്കിന്ന് സുപരിചിതമാണ്. ഈ വർഷം ലോകക്കപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തിയ ക്രൊയേഷ്യ. ഏതാണ്ട് 600 വർഷങ്ങൾക്കുമുമ്പ് ക്രൊയേഷ്യക്കാർ സ്വയം നൽകിയതാണ് ജീവിക്കാനുള്ള അവകാശം. ഇതിനുശേഷം 1776-ൽ അമേരിക്കൻ ഐക്യനാടുകൾ നിലവിൽ വന്നപ്പോൾ അന്തസോടെ, അഭിമാനത്തോടെ, തുല്യതയോടെ, സമത്വത്തോടെ, ജീവിക്കാനുള്ള അവകാശം അവരും സ്വയം നൽകി. ഇത് മാനവരാശിക്ക് മുഴുവൻ അത്യാവശ്യമാണ് എന്ന തോന്നൽ 1948-ൽ പുറത്തിറങ്ങിയ സർവ ദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലൂടെ (Universal Declaration of Human Rights) നിലവിൽവന്നു. അതിൽ ഇന്ത്യയും ഒപ്പു വെച്ചിട്ടുണ്ട്. അതിന്റെ 25-ാം ആർട്ടിക്കിൾ പ്രകാരം എല്ലാവർക്കും അവരുടെ നല്ല ജീവിതനിലവാരം പുലർത്തുവാനും ആരോഗ്യത്തിനും സൗഖ്യാവസ്ഥയ്ക്കും അനുസരിച്ചുള്ള ആവാസവും ചികിത്സാസൗകര്യവും വേണ്ടതാണ്. ഇത് ഇന്ത്യ ഒപ്പു വെച്ചിട്ടുള്ള സർവ ദേശീയ മനുഷ്യാവകാശ വിളംബരം ഉറപ്പു നൽകുന്ന കാര്യമാണ്.

ഭരണഘടനയിൽ ആരോഗ്യത്തിനുള്ള അവകാശം കൊണ്ടുവരുന്നു. കൺസ്യൂമർ എജുക്കേഷൻ ആൻറ്​ ഹെൽത്ത് റിസർച്ച് സെന്റർ എന്ന സ്ഥാപനമാണ് അതിനുള്ള സാഹചര്യം ഒരുക്കുന്നത്. അവർ എൻഡോസൾഫാൻ കേസുകളിലും ഇടപെട്ടവരാണ്. 1995-ലാണ് അവർ ഇന്ത്യയിലെ ആസ്ബറ്റോസ് ഇന്റസ്ട്രിയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ പ്രശ്‌നങ്ങളുമായി സുപ്രീംകോടതിയുടെ മുമ്പിലെത്തുന്നത്. ആസ്ബറ്റോസ് എന്നു പറഞ്ഞാൽ വളരെ ചെറിയ നാരുകൾ ഉപോൽപ്പന്നമായി ഉണ്ടാക്കുന്ന ഒരു വസ്തുവാണ്. പണിയെടുക്കുന്ന തൊഴിലാളികളുടെ ശ്വാസകോശത്തിൽ നാരുകൾ പോയി അവർ കാലാന്തരത്തിൽ ടി.ബി പോലുള്ള മാരകരോഗങ്ങളുടെ അടിമകളാകുന്നു. ഇതിനെതിരായിട്ടാണ് കൺസ്യൂമർ എജുക്കേഷൻ ആൻറ്​ ഹെൽത്ത് റിസർച്ച് സെന്റർ സുപ്രീംകോടതിയിൽ പോയത്. തൊഴിലാളികൾക്ക് വേണ്ടിയുള്ള അടിയന്തിര ആരോഗ്യ പരിരക്ഷ നൽകേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ് എന്നാണ് അന്ന് സുപ്രീം കോടതി അസന്നിഗ്ദമായിട്ട് വ്യക്തമാക്കിയത്.

അതുമാത്രമല്ല, അതിനും ഒരു പടികൂടി മുന്നോട്ടുകടന്ന് മനുഷ്യർക്ക് ആരോഗ്യകരമായി ജീവിക്കാനുള്ള സ്ഥിതിവിശേഷം ഒരുക്കേണ്ട ബാധ്യതയും ഭരണകൂടത്തിൽ നിക്ഷിപ്തമാണ് എന്ന് കൂടി സുപ്രീംകോടതി പറഞ്ഞു വെക്കുകയുണ്ടായി. അവിടെയാണ് എൻഡോസൾഫാൻ പ്രശ്‌നം ശരിക്ക് തെളിഞ്ഞുവരുന്നത്. ഇന്ത്യാ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ഈ വിധിക്കുശേഷം ആരോഗ്യം ഓരോ ഇന്ത്യക്കാരുടെയും മൗലികാവകാശമായി തീർന്നു. അങ്ങനെ ലോകരാഷ്ട്രങ്ങൾക്കൊപ്പം ഇന്ത്യയിലും ഭരണഘടനാപരമായി പൊതുജനാരോഗ്യം ഓരോ വ്യക്തിയുടെയും, ഓരോ പൗരന്റെയും അവകാശമായി തീർന്നിരിക്കുകയാണ്. ഭരണഘടനയുടെ 21-ാം വകുപ്പ് അനുസരിച്ച് നമുക്ക് ആരോഗ്യ സംരക്ഷണ അവകാശവും ജീവിക്കാനുള്ള അവകാശമുണ്ട്. ഇതിനൊപ്പം തന്നെ 39 C വകുപ്പനുസരിച്ച് എല്ലാ മനുഷ്യർക്കും ആരോഗ്യകരമായി ജോലി ചെയ്യാൻ അവസരം ഉണ്ടാവണം എന്നു പറയുന്നുണ്ട്. അവർ ഗതികെട്ട് ജോലി ചെയ്യാൻ പാടില്ല എന്നും ആ വകുപ്പ് നിഷ്‌കർഷിക്കുന്നു. 43-ാം വകുപ്പു പ്രകാരം പോഷകാഹാരവും പൊതുജനാരോഗ്യവും ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും വ്യക്തമാക്കുന്നുണ്ട്.

ഇങ്ങനെ ഒരുകൂട്ടം നിയമങ്ങളുടെ പരിരക്ഷ പൗരർക്ക്​ ഉറപ്പുവരുത്തുന്ന പരിണാമത്തിന്റെ അറ്റത്താണ് നമ്മൾ നിൽക്കുന്നത്. ഇതൊക്കെ ഇവിടെ പലപ്പോഴായി നടപ്പാക്കപ്പെട്ട തീരുമാനങ്ങളാണ്. 1995-ൽ പാർലമെൻറ്​ പാസാക്കിയ നാഷണൽ എൻവൈറോൺമെൻറ്​ ട്രൈബൂണൽ ആക്ട് പ്രകാരം ഇവിടെ ഒരു ട്രൈബൂണലിനെ നിയമിക്കണമെന്നാവശ്യപ്പെട്ടു. അതിന് മനുഷ്യാവകാശ കമ്മീഷന്റെ അനുമതിയുമുണ്ട്. ഇതിന്റെ പിന്നാലെയാണ് 1998-ൽ ബ്രസീലിലെ റിയോ ഡി ജെനീറോയിൽ ഭൗമ ഉച്ചകോടി അരങ്ങേറുന്നത്. റിയോ സമ്മിറ്റിൽ ഇന്ത്യ പങ്കെടുക്കുകയും തീരുമാനങ്ങളിൽ ഒപ്പു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഉച്ചകോടിയിൽ കൈകൊണ്ട തീരുമാനങ്ങളിലെ 15-ാമത് പ്രിൻസിപ്പിൾ, വളരെ പ്രധാനപ്പെട്ടതാണ്. ഒരു രോഗത്തിന്റെ കാരണം എന്താണെന്ന് അന്വേഷിച്ചുപോകേണ്ടതില്ല, പക്ഷെ, പൊതുജനങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും കാര്യം അതിലുണ്ടെങ്കിൽ അതിനെ നിർമാർജനം ചെയ്യുവാൻ തീർച്ചയായും മുന്നോട്ടു വരണമെന്ന നിഷ്‌കർഷ അതിലുണ്ട്.

നമ്മൾ ആവശ്യപ്പെടുന്നത് ഈ രോഗികളുടെ പരിചരണത്തിന് സ്ഥായീരൂപത്തിലുള്ള ഒരു വ്യവസ്ഥ വേണമെന്നുള്ളതാണ്. അതിനുവേണ്ടിയുള്ള മാർഗങ്ങളായി നാഷണൽ എൻവൈറോൺമെൻറ്​ ട്രൈബൂണൽ ആക്ട് അനുസരിച്ചുള്ള ഒരു ട്രൈബൂണൽ സ്ഥാപിക്കുക, അവർക്ക് പാലിയേറ്റീവ് പരിരക്ഷ ഉറപ്പാക്കുന്ന തരത്തിൽ ഒരു ആശുപത്രി ആരംഭിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഉറപ്പാക്കേണ്ടത്. ഈ ഒരു പടിയും കൂടി കടന്നാൽ മാത്രമെ ഇത്രയും നാൾ നീണ്ടു നിന്ന, ലോകശ്രദ്ധ ആകർഷിച്ച ഈ സമരത്തിന്, സ്ഥായിയായ ഒരു പരിണാമം, പരിസമാപ്തി ഉണ്ടാവുകയുള്ളൂ.
പ്രസംഗത്തിൻറെ പൂർണ രൂപം വായിക്കാം

മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ

ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മീഷൻ 2010 ഡിസംബറിൽ ദുരിതബാധിതർ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ പരിശോധിച്ച് മുന്നോട്ടുവെച്ച ശുപാർശകൾ എൻഡോസൾഫാൻ പ്രതിരോധ സമരങ്ങളുടെ നാഴികക്കല്ലായിരുന്നു. വിഷയത്തെ വലിയൊരു മനുഷ്യാവകാശ പ്രശ്നമായി ഉയർത്തിക്കാട്ടുന്നതിന് സഹായകരമായ കണ്ടെത്തലുകളായിരുന്നു അവ.

2010 ഒക്ടോബറിൽ സ്റ്റോക്ക് ഹോം കൺവൻഷനിൽ എൻഡോസൾഫാനെ ‘അനക്‌സ് എ. കെമിക്കലി’ൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തു. ഇന്ത്യയോട് ശുപാർശയ്ക്ക് അനുകൂലമായി വോട്ടുചെയ്യാൻ കമീഷൻ ആവശ്യപ്പെട്ടു. എന്നാൽ സ്റ്റോക്ക് ഹോം കൺവൻഷനിലെ വിദഗ്ധരുടെ ശുപാർശയ്ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നായിരുന്നു ഇന്ത്യയുടെ യോഗത്തിൽ കമ്മീഷനെ അറിയിച്ചത്. ഇതിന് പിന്നിലെ ലോജിക്ക് മലസിലാവുന്നില്ലെന്നായിരുന്നു മനുഷ്യാവകാശ കമ്മീഷൻറെ നിലപാട്.

മനുഷ്യാവകാശ കമീഷൻ കേന്ദ്രസർക്കാറിന് മുന്നിൽ വെച്ച ശുപാർശ

ഏപ്രിൽ 2011ന് സ്റ്റോക്ക് ഹോം കൺവൻഷനിൽ അന്താരാഷ്ട്ര അഭിപ്രായത്തോട് യോജിക്കുകയും എന്‌ഡോസൾഫാനെ അനക്‌സ് എ കെമിക്കലിൽ ലിസ്റ്റ് ചെയ്യുന്നതിനെ അംഗീകരിക്കുകയും ചെയ്യുക.

ദുരിതാശ്വാസത്തിനും ദീർഘകാല പുനരധിവാസത്തിനുമായി കേരള സർക്കാർ നടത്തുന്ന (എൻഡോസൾഫാൻ ദുരിതബാധിതരുള്ള മറ്റു സംസ്ഥാനങ്ങളും) ശ്രമങ്ങൾക്ക് സഹായം നൽകുക.

കയ്യൂർ ചീമേനി, അജാനൂർ, പുല്ലൂർ, പെരിയ, കല്ലാർ, പാണത്തടി, മുളിയാർ, കാറടുക്ക, കുംബഡാജെ, ബദിയടക്ക, ബെള്ളൂർ, എൻമകജെ എന്നിങ്ങനെ പതിനൊന്ന് വില്ലേജുകളിലായി ചെറിയൊരു പ്രദേശത്ത് ആറായിരത്തോളം ഇരകളുണ്ട്. ഇവർക്കായി കാസർകോട് ജില്ലയിൽ കേന്ദ്രസഹായത്തോടെ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ സെന്റർ അല്ലെങ്കിൽ ആശുപത്രി സ്ഥാപിക്കണം. ശാരീരിക വൈകല്യമുളള്ളവർക്കും മാനസിക പ്രശ്‌നങ്ങളുള്ള ഇരകൾക്കും മതിയായ ആംബലുൻസ് സേവനം പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവ ലഭ്യമാക്കണം. മേൽപ്രറഞ്ഞ പാലിയേറ്റീവ് കെയർ സെന്റർ അല്ലെങ്കിൽ ആശുപത്രി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ എല്ലാ സഹായവും നൽകണം.

കേരള സർക്കാറിനുള്ള ശുപാർശ:

എൻഡോസൾഫാനിരയായി മരിച്ചവർക്കും പൂർണമായി കിടപ്പിലായവർക്കും, പരസഹായമില്ലാതെ ചലിക്കാനാവാത്തവർക്കും, മാനനസിക വൈകല്യങ്ങൾ അനുഭവിക്കുന്നവർക്കും സംസ്ഥാനം അഞ്ച് ലക്ഷം രൂപ ന്ടപരിഹാരം നൽകണം. മറ്റ് വൈകല്യങ്ങളുള്ളവർക്ക് മൂന്ന് ലക്ഷവും നൽകണം. ദുരിതബാധിതരെ വർഗീകരിക്കാൻ ശാരീരിക വവൈകല്യങ്ങൾ എത്രത്തോളമുണ്ടെന്ന് പരിശോധിക്കാൻ ഡോക്ടർമാരുടെ പാനൽ നിയോഗിക്കണം. സംസ്ഥാന സർക്കാറിന് മതിയായ സാമ്പത്തിക സഹായം കേന്ദ്രം നൽകും.

മനഷ്യാവകാശ കമ്മീഷന്റെ നിർദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ലക്ഷം രൂപം സുപ്രിം കോടതിവിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ കൊടുത്തുതുടങ്ങി. എന്നാൽ മറ്റ് നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെട്ടില്ല. അതിൽ ഏറ്റവും പ്രധാന്യമുള്ള സെൻട്രലൈസ്ഡ് പാലിയേറ്റീവ് കേന്ദ്രത്തിന്റെ ആലോചനകൾ പോലും ഗൗരവമായി നടന്നില്ല.

ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം കൂടി ഉൾപ്പെടുത്തി രോഗികളെ പരിചരിക്കാനുള്ള വിപുല സംവിധാനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സർവ് കൂട്ടായ്മ തിങ്കിനോട് പറഞ്ഞു.
""ഓരോ സമരത്തിനും വ്യത്യസ്ത രീതിയുണ്ട്, മിച്ചഭൂമി സമരം നടത്തുന്നത് പോലെ രോഗികളുടെ സമരം നടത്താനാവില്ല. തീർത്തും അവശരും മൃതപ്രായക്കാരുമായ രോഗികളെ മുൻനിർത്തിയുള്ള സമരപരിപാടികളാണ് എൻഡോസൾഫാൻ പ്രതിരോധ സമരമെന്ന രീതിയിൽ ഇവിടെ നടന്നത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് അവകാശം ലഭ്യമാക്കുക, അതിന് അവരെ ബുദ്ധിമുട്ടിക്കാതെ പ്രായോഗികമാർഗം സ്വീകരിച്ച് നീതി ലഭ്യമാക്കുക എന്നതായിരുന്നു സർവ് കളക്ടീവിന്റെ ശ്രമം. അതാണ് നിയമപരമായ ഇടപെടലിലൂടെ ഇപ്പോൾ സാധ്യമാക്കിയത്. അതിന്റെ തുടർച്ച എന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായി ഒരു സെൻട്രലൈസ്ഡ് പാലിയേറ്റിവ് ഹോസ്പിറ്റലും അവിടെ അവർക്ക് ആവശ്യമുള്ള മരുന്ന് ലഭ്യമാകുന്നൊരു സംവിധാനമെന്ന ആവശ്യത്തിന് കൂട്ടായ്മ കോടതിയെ സമീപിക്കുന്നുണ്ട്.'' കൂട്ടായ്​മ അറിയിച്ചു.

സുപ്രിം കോടതി വിധിയുടെ പൂർണ്ണ രൂപം

1. 2022 മെയ് 9-ന് ചീഫ് സെക്രട്ടറി കേരള സർക്കാരിന് ഒരു കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിച്ചു. 2017 ജനുവരി 10ലെ ഈ കോടതിയുടെ വിധിക്ക് അനുസൃതമായി എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട് 2022 മാർച്ച് 16ന് ചീഫ് സെക്രട്ടറി യോഗം വിളിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഹെൽത്ത് ആൻഡ് റവന്യൂ ഡിപ്പാർട്ട്‌മെന്റുകൾ നഷ്ടപരിഹാരം നൽകേണ്ട 3704 ഇരകളുടെ വീടുകൾ സന്ദർശിക്കാൻ ഉദ്യോഗസ്ഥരുടെ ഒരു ടീം രൂപീകരിച്ചിട്ടുണ്ട്. ഈ ഇരകളിൽ 102 പേർ കിടപ്പിലായവരും 326 പേർ മാനസിക വെല്ലുവിളി നേരിടുന്നവരും 201 പേർ ശാരീരിക വൈകല്യമുള്ളവരും 119 പേർ കാൻസർ ബാധിതരും ശേഷിക്കുന്ന 2966 പേർ മറ്റു വിഭാഗങ്ങളിൽ പെടുന്നവരുമാണ്. അഞ്ച് വർഷമായി കേരള സർക്കാർ ഫലത്തിൽ ഒന്നും ചെയ്തിട്ടില്ല. ഉണ്ടായ കാലതാമസം ഞെട്ടിക്കുന്നതാണ് എന്നതിന് പുറമെ, ഈ നിഷ്‌ക്രിയത്വം കോടതി ഉത്തരവുകളുടെ ലംഘനവുമാണ്.

2. ഇപ്പോൾ 2022 ജനുവരി 15-ന് എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ 200 കോടി അധിക തുക വിതരണം ചെയ്യുന്നതിന് GO(Rt) No 1877/2022/Fin നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ഇതുവരെ അഞ്ച് ലക്ഷം രൂപ മാത്രമാണ് വിതരണം ചെയ്തത്. അത് കോടതി നടപടികളിലേക്ക് നീങ്ങിയ ഹർജിക്കാരായ എട്ട് പേർക്കാണ് ലഭിച്ചത്. ഈ കോടതിയെ സമീപിക്കാൻ കഴിവുള്ളവർക്ക് മാത്രം നഷ്ടപരിഹാരം നൽകുന്ന സംസ്ഥാന സർക്കാറിന്റെ യുക്തിയോ മൂലകാരണമോ മനസ്സിലാക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല.

ഈ കോടതിയുടെ വിധി വന്ന് അഞ്ച് വർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത നിരവധി ഇരകൾ ഉണ്ട്. ഇരകളിൽ ഭൂരിഭാഗവും, കോടതിയുടെ മുമ്പാകെയുള്ള ഡാറ്റയിൽ സൂചിപ്പിക്കുന്നപോലെ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. അടിയന്തരമായി നഷ്ടപരിഹാരം നൽകേണ്ട ദയനീയാവസ്ഥയിലാണ് ഇരകളിൽ പലരും ഇപ്പോഴുള്ളത്.

കൂടാതെ, 2017 ജനുവരി 10 ലെ ഈ കോടതിയുടെ തന്നെ ഉത്തരവിൽ, എൻഡോസൾഫാന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് ഉണ്ടാകുന്ന ആജീവനാന്ത ആരോഗ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് മെഡിക്കൽ സൗകര്യങ്ങളോ ചികിത്സയോ നൽകുന്നതിനുള്ള സാധ്യത പരിഗണിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും വലിയൊരു വിഭാഗം ആളുകൾ ഇരകളിൽ ഉൾപ്പെടുന്നതിനാൽ. ഈ ഇരകൾക്ക് വൈദ്യചികിത്സയ്ക്കും പുനഃരധിവാസത്തിനുമായി എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് സംസ്ഥാന സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണ് ആരോഗ്യത്തിനുള്ള അവകാശം. ആരോഗ്യമില്ലാതെ, ജീവിതത്തിന് വലിയ അർത്ഥമില്ല. ഞങ്ങൾ നിയമത്തിന്റെ നിർബന്ധിത വിഭാഗത്തെ ആശ്രയിക്കുന്നത് ന്യായീകരിക്കപ്പെടുന്നതായിരിക്കും. എന്നിരുന്നാലും, ദുരിതമനുഭവിക്കുന്ന ഇരകൾക്ക് ആശ്വാസവും പുനരധിവാസവും നൽകുക എന്നതിലാണ് ഞങ്ങളുടെ അടിയന്തിര ശ്രദ്ധ. അതിനനുസരിച്ച് ഇനിപ്പറയുന്ന നിർദ്ദേശങ്ങൾ ഞങ്ങൾ പുറപ്പെടുവിക്കുന്നു:

i. വൈകിയാണെങ്കിലും നഷ്ടപരിഹാരം നൽകിയതിന് പുറമെ ഈ നടപടികളിലേക്ക് നീങ്ങിയ എട്ട് ഹരജിക്കാർക്ക്, 50,000 രൂപ വീതം കണക്കാക്കിയ ചെലവ് ഈ ഓർഡറിട്ട തീയതി മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ നൽകണം;

ii. (എ) എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നതിനും ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ഏറ്റെടുക്കുക, (ബി) ഇരകൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് ഉറപ്പാക്കുക; കൂടാതെ (സി) ഈ കോടതിയുടെ മുൻ നിർദ്ദേശങ്ങൾ അനുസരിച്ച് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക തുടങ്ങിയവ, 2017 ജനുവരി 10 ലെ ഈ കോടതിയുടെ വിധി ഏറ്റെടുത്തുകൊണ്ട് ശുഷ്‌കാന്തിയോടെ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി പ്രതിമാസ മീറ്റിംഗുകൾ നടത്തണം.

iii. ഈ ഉത്തരവിന്റെ തീയതിക്കും അടുത്ത ലിസ്റ്റിംഗ് തീയതിക്കും ഇടയിൽ ഉണ്ടായ പുരോഗതി സൂചിപ്പിച്ചുകൊണ്ട് ഈ കോടതി മുമ്പാകെ ഉത്തരവ് പാലിക്കുന്നതിന്റെ സത്യവാങ്മൂലം സമർപ്പിക്കണം.

2022 ജൂലൈ 18-ന് അലക്ഷ്യ ഹർജി ലിസ്റ്റ് ചെയ്യണം.

Comments