പോളിയോ രോഗം ബാധിച്ച് ശരീരത്തിന്റെ ഭൂരിഭാഗവും തളർന്ന, വീൽചെയറിൽ മാത്രം സഞ്ചരിക്കുന്ന ഒരു അധ്യാപകൻ. ദൽഹി സർവകലാശാലക്ക് കീഴിലുള്ള രാംലാൽ ആനന്ദ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുമ്പോഴും രാജ്യത്തെ ഏറ്റവും സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി നിരന്തരം ശബ്ദിച്ച മനുഷ്യാവകാശ പ്രവർത്തകൻ. അങ്ങനെയൊരാൾക്ക് ഈ രാജ്യം നൽകിയ 'ബഹുമതി', പൂനെയിലെ അതീവ സുരക്ഷാ ജയിലിൽ വായുസഞ്ചാരം പോലുമില്ലാത്ത, കോഴിമുട്ടയുടെ ആകൃതിയിലുള്ള അണ്ഡാസെല്ലിൽ ആജീവനാന്ത തടവുശിക്ഷയാണ്.
ഒരു മനുഷ്യജീവന് ഏറ്റുവാങ്ങാൻ സാധിക്കുന്ന എല്ലാതരം പീഡനങ്ങളുടെയും പാരമ്യത ഇതിനകം അനുഭവിച്ച, നിലവിൽ ചലനശേഷി പോലുമില്ലാത്ത, 52 വയസ്സ് പിന്നിട്ട പ്രൊഫസർ ജി.എൻ. സായിബാബ എന്ന മനുഷ്യസ്‌നേഹിയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി എന്ന വാർത്തയിൽ സന്തോഷിക്കാനുണ്ടായിരുന്ന ഏക കാര്യം അദ്ദേഹം തടവറയിൽ നിന്ന് ജീവനോടെ പുറത്തുവരാൻ പോകുന്നു എന്നത് മാത്രായിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതിയുടെ വിധിക്ക് 24 മണിക്കൂർ പോലും ആയുസ്സുണ്ടായില്ല. മണിക്കൂറുകൾക്കുള്ളിൽ തന്നെ സുപ്രീംകോടതി ആ വിധി സ്‌റ്റേ ചെയ്തു.
എട്ട് വർഷത്തെ അണ്ഡാസെൽ തടവ് സമ്മാനിച്ച ഗുരുതരമായ രോഗാവസ്ഥകളെ തുടർന്ന് ശരീരത്തിന്റെ 90 ശതമാനവും തളർന്ന ആ മനുഷ്യന്റെ ഇനിയും തളരാത്ത മസ്തിഷ്‌കം തടവറയ്ക്ക് പുറത്ത് കഴിയുന്നത് അപകടമാണെന്നാണ് ഈ രാജ്യത്തെ പരമോന്നത കോടതി പറയുന്നത്. മാലേഗാവ് അടക്കമുള്ള ബോംബ് സ്‌ഫോടനങ്ങളിലും നിരവധി കൂട്ടക്കുരുതികളിലും പ്രതികളായിരുന്നവർ പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ട് രാജ്യത്തെ പാർലമെന്റിലടക്കം ജനപ്രതിനിധികളായെത്തിയത് നാം കണ്ടതാണ്. നിരവധി, ആൾക്കൂട്ടകൊലപാതകങ്ങളിലെ പ്രതികൾ മാസങ്ങൾക്കുള്ളിൽ തന്നെ പുറത്തുവരുന്നതും അവരെ മാലയിട്ട് സ്വീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നാം കാണുന്നുണ്ട്. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ അവരുടെ പ്രായവും നല്ലനടപ്പും പരിഗണിച്ച് കോടതി വെറുതെ വിട്ട കാഴ്ചക്ക് നാം സാക്ഷികളായത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. അതേ രാജ്യത്താണ് മാവോയിസ്റ്റുകളെ സഹായിച്ചു എന്ന കുറ്റമാരോപിച്ച് രാജ്യം അറിയുന്ന ഒരു സർവകലാശാലാ അധ്യാപകനെ മരണം വരെ തടവിലിടുന്നത്.
മാവോവാദികളുമായി ബന്ധം പുലർത്തിയെന്ന പേരിൽ രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസിൽ 2014 ലാണ് ജി.എൻ. സായിബാബയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സായിബാബ അടക്കം ആറ് പേരെ ഈ കേസിൽ 2017 ൽ ഗഡ്ചിറോളിയിലെ പ്രത്യേക കോടതി ശിക്ഷിക്കുകയും ചെയ്തു.
കേസിലെ സാക്ഷികളിൽ 23 പേരിൽ ഒരാളൊഴികെ എല്ലാവരും പൊലീസ് സാക്ഷികളായിരുന്നു എന്നതും സായിബാബയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 'ഇലക്‌ട്രോണിക് തെളിവുകൾ' പിടിച്ചെടുക്കുന്ന വേളയിൽ, സാക്ഷി നിന്ന രണ്ടുപേരിൽ ഒരാൾ, അക്ഷരാഭ്യാസമില്ലാത്ത ആളും രണ്ടാമത്തെയാൾ സ്ഥലം പൊലീസ് സ്റ്റേഷനിലെ സ്ഥിരം മഹസർ സാക്ഷിയായിരുന്നു എന്നതുമൊക്കെ കേസിലെ ഭരണകൂട ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ പ്രശ്‌നവത്കരിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. രാജ്യവിരുദ്ധ പ്രവർത്തനമെന്ന പേരിൽ സായിബാബയെയും മറ്റു മനുഷ്യാവകാശ പ്രവർത്തകരെയും തടവിലിടാൻ കോടതിക്ക് അതൊന്നും തടസ്സമായില്ല.
തടവറയിൽ നിന്ന് സായിബാബ എഴുതിയ കത്തുകളുടെയും കവിതകളുടെയും മറ്റ് എഴുത്തുകളുടെയുമെല്ലാം സമാഹാരം 'Why Do You Fear My Way So Much'? എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. അഞ്ചാം വയസിൽ പോളിയോ ബാധിച്ച് അരയ്ക്കു താഴോട്ട് തളർന്നു പോയ, വീൽ ചെയറിൽ മാത്രം ജീവിച്ച, എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പോരാടി ഇന്ത്യയിലെ ഉന്നത സർവകലാശാലകളിലൊന്നിൽ അധ്യാപകനായി മാറിയ ജി.എൻ. സായിബാബ തന്റെ 50ാമത്തെ വയസ്സിൽ തടവറയിലിരുന്ന്, എന്റെ മാർഗത്തെ നിങ്ങൾ എന്തിന് ഇത്രമാത്രം ഭയപ്പെടുന്നു എന്ന് ചോദിക്കുമ്പോൾ ആ ചോദ്യത്തിന് മറുപടി പറയാനുള്ള ത്രാണി ഇന്ത്യൻ ഭരണകൂടത്തിനുണ്ടാവില്ല.
അറസ്റ്റ് ചെയ്യ്‌പെട്ടപ്പോൾ അംഗപരിമിതനായ അദ്ദേഹത്തെ, ഒരു മണൽ ചാക്ക് എടുത്തെറിയുന്നതുപോലെ പൊലീസുകാർ, വീൽ ചെയറിൽ നിന്നും എടുത്ത് അവരുടെ വലിയ വണ്ടിയിലേക്ക് വലിച്ചെറിഞ്ഞുവെന്നും, എഴുപത്തിരണ്ടു മണിക്കൂറിലേറെ മൂത്രമൊഴിക്കാൻ പോലും അനുവദിച്ചില്ലെന്നും രക്ത സമ്മർദ്ദത്തിനുള്ള അത്യാവശ്യ മരുന്ന് വരെ നിഷേധിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്. അണ്ഡാസെല്ലിലെ തറയിൽ ഒരു കമ്പിളിപ്പുതപ്പ്‌പോലും കിട്ടാതെ തണുത്ത് വിറച്ചുകൊണ്ട് അടുത്ത ശൈത്യകാലത്തെക്കുറിച്ചോർത്തെന്റെ ഉള്ള് പിടയുകയാണ്, ഈ വരുന്ന ഡിസംബറിനെ ഞാൻ അതിജീവിക്കുമോയെന്നറിയില്ല എന്ന സായിബാബയുടെ വരികൾ കണ്ണുനിറഞ്ഞുകൊണ്ടല്ലാതെ നമുക്ക് വായിച്ചുതീർക്കാനാവില്ല. ജയിലിൽ താൻ കഴിയുന്ന സെല്ലിലെ ടോയ്‌ലറ്റിൽ പോലും സി.സി.ടി.വി ക്യാമറയാണെന്നതും സായിബാബ അടയാളപ്പെടുത്തുന്നു. അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നൽകണമെന്ന യു.എൻ. മനുഷ്യാവകാശ ഹൈകമ്മീഷണർ നിയോഗിച്ച വിദഗ്ദ സംഘത്തിന്റെ നിർദേശം പോലും പാലിക്കാൻ ഇന്ത്യൻ ഭരണകൂടം ഇനിയും തയ്യാറായിട്ടില്ല.
സായിബാബക്കൊപ്പം കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പാണ്ഡു നരോദെ ഏതാനും ആഴ്ചകൾക്ക്മുമ്പാണ് ജയിലിൽ വെച്ച് രോഗം ബാധിച്ച് മരിച്ചത്. നീതിയിലേക്കുള്ള എല്ലാ വഴികളുമടച്ച് സായിബാബ എന്ന മനുഷ്യസ്‌നേഹിയെ മരണത്തിലേക്ക് തള്ളിവിടാതിരിക്കട്ടെ ഈ രാജ്യത്തെ ഭരണകൂടം.