ഗ്രോ വാസുവിന്റെ 'ജയില്‍ചാട്ട’വും
സാമ്പ്രദായിക സമരരൂപങ്ങളും

‘ഗ്രോ വാസു 14 ദിവസത്തെ 'ജയില്‍ചാട്ട’ത്തിനുശേഷം ഇന്ന് പുറത്തിറങ്ങും. വാസുവേട്ടന്‍ ജയിലിന് പുറത്തേക്കല്ല; അകത്തേക്കാണ് ചാടിയതെന്ന് നമുക്കറിയാം. രാഷ്ട്രീയ വിയോജിപ്പുകളുള്ളവരെ, പ്രതിഷേധിക്കുന്നവരെ, ജയിലിലടച്ച് മെരുക്കിയെടുക്കാമെന്ന ഭരണകൂട ധാര്‍ഷ്ട്യത്തിന് നേരെയാണ് 'ജയില്‍ചാട്ട’ത്തിന്റെ പുതിയൊരു സമരമുഖം വാസുവേട്ടന്‍ കാഴ്ചവെച്ചത്.’- കെ. സഹദേവൻ എഴുതുന്നു.

ഗ്രോ വാസു 14 ദിവസത്തെ 'ജയില്‍ചാട്ട’ത്തിനുശേഷം ഇന്ന് പുറത്തിറങ്ങും. വാസുവേട്ടന്‍ ജയിലിന് പുറത്തേക്കല്ല; അകത്തേക്കാണ് ചാടിയതെന്ന് നമുക്കറിയാം. രാഷ്ട്രീയ വിയോജിപ്പുകളുള്ളവരെ, പ്രതിഷേധിക്കുന്നവരെ, ജയിലിലടച്ച് മെരുക്കിയെടുക്കാമെന്ന ഭരണകൂട ധാര്‍ഷ്ട്യത്തിന് നേരെയാണ് 'ജയില്‍ചാട്ട’ത്തിന്റെ പുതിയൊരു സമരമുഖം വാസുവേട്ടന്‍ കാഴ്ചവെച്ചത്.

‘ചെയ്യാത്ത കുറ്റത്തിന് പിഴയൊടുക്കാനോ, ജാമ്യം തേടാനോ തയ്യാറല്ല’ എന്നു പ്രഖ്യാപിച്ചാണ്​ വാസുവേട്ടന്‍ ജയിലിലേക്ക് കയറിച്ചെന്നത്. നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് എ വാസു എന്ന കേരളത്തിലെ ഏറ്റവും പ്രായം ചെന്ന രാഷ്ട്രീയ പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്യാന്‍ കോടതി തീരുമാനിച്ചത്. ജാമ്യത്തില്‍ വിടാമെന്ന കോടതിയുടെ സൗജന്യത്തെ തിരസ്‌കരിച്ച്​, ചെയ്യാത്ത തെറ്റിന് നിരുപാധിക വിട്ടയക്കലിനല്ലാതെ മറ്റൊന്നിനും വഴങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു 95- കാരനായ വാസുവേട്ടന്‍.

എ. വാസുവിനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെയും രാഷ്ട്രീയ കേരളത്തിന് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകള്‍ പുലര്‍ത്തിപ്പോരുമ്പോഴുമ്പോഴും ഗ്രോ വാസുവെന്ന രാഷ്ട്രീയക്കാരന്റെ സമര സന്നദ്ധതയെയും രാഷ്ട്രീയബോധ്യത്തെയും ആത്മാര്‍ത്ഥതയെയും വിലമതിക്കാതിരിക്കാന്‍ ഒരാള്‍ക്കും സാധ്യവുമല്ല.

വാസുവേട്ടന്‍ ജാമ്യം സ്വയം നിഷേധിച്ച് ജയിലിലേക്ക് പോകുമ്പോഴും, ജയിലില്‍ നിന്നിറങ്ങുമ്പോഴും കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുമുന്നില്‍ വലിയൊരു ചോദ്യം ഇട്ടെറിഞ്ഞ് തരുന്നുണ്ട്. നാം ശീലിച്ച് വശമാക്കിക്കഴിഞ്ഞ സമര- പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സാമ്പ്രദായിക വഴികളിലേക്കാണ് വാസുവേട്ടന്റെ 'ബുദ്ധിശൂന്യമായ', 'സാഹസികത നിറഞ്ഞ', 'അനുസരണയില്ലാത്ത' തീരുമാനം മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ടു കടന്നുവരുന്നത്.

എല്ലാവരും അസ്വസ്ഥരാണ്.
നോക്കൂ; 95-കാരനെ ജയിലിലയക്കുന്നതിന്റെ 'പാപഭാരം' ഏറ്റെടുക്കാന്‍ കഴിയാത്ത ന്യായാധിപന്‍ വാസുവേട്ടനെ സ്നേഹപൂര്‍വ്വം ഉപദേശിക്കുന്നു. പോലീസുകാര്‍ ബഹുമാനപൂര്‍വ്വം അദ്ദേഹത്തോട് ജാമ്യാപേക്ഷയില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുന്നു. സുഹൃത്തുക്കളായ ആക്ടിവിസ്റ്റുകള്‍ അദ്ദേഹത്തിനുണ്ടാകാന്‍ പോകുന്ന ശാരീരിക ക്ലേശങ്ങളില്‍ ആകുലത പൂണ്ട് പിഴയൊടുക്കാനോ, ജാമ്യം സ്വീകരിക്കാനോ നിര്‍ദ്ദേശിക്കുന്നു. ഭരണകൂട ഔദാര്യത്തില്‍, സാഹിത്യ- സാംസ്‌കാരിക സ്ഥലികളില്‍ വിരാജിക്കുന്നവര്‍, ചുണ്ടുകോട്ടുന്നു. ‘അങ്ങോര്‍ക്ക് വട്ടാണ്​’ എന്നടടക്കം പറയുന്നു.
''ഒരു നിയമ സംവിധാനത്തിന് ഇതല്ലാതെ മറ്റെന്ത് ചെയ്യാന്‍ കഴിയും എന്ന്'' സ്വയം പരിഹാസ്യരാകാതിരിക്കാന്‍ ന്യായം പറയുന്നു.

വാസുവേട്ടന്‍, സ്വതസിദ്ധമായ നിര്‍മ്മലമായ പുഞ്ചിരിയോടെ, ആ ഉപദേശങ്ങളെയും സ്നേഹപൂര്‍വ്വമായ നിര്‍ബന്ധങ്ങളെയും തട്ടിക്കളയുന്നു. ‘ചെയ്യാത്ത കുറ്റത്തിന് പിഴയൊടുക്കാനോ, ജാമ്യം തേടാനോ തയ്യാറല്ല’ എന്നു പ്രഖ്യാപിക്കുന്നു.
'ഇനി എന്ത്?' എന്ന് എല്ലാവരും ആശങ്കപ്പെടുന്നു

രാഷ്ട്രീയപ്രവര്‍ത്തനം നിശ്ചിതവഴികളിലൂടെ, എല്ലാവര്‍ക്കും തങ്ങളുടെ റോളിനെസംബന്ധിച്ച വ്യക്തമായ ബോധ്യങ്ങളോടെ, കൊണ്ടാടപ്പെടേണ്ടതാണെന്ന സാമ്പ്രദായിക ബോധ്യങ്ങളുടെ നെറും തലയ്ക്കാണ് വാസുവേട്ടന്‍ കുടംകൊണ്ടടിച്ചത്. ധര്‍ണ, സെക്രട്ടറിയേറ്റ് വളയല്‍, വഴി തടയല്‍, പ്രതിഷേധമാര്‍ച്ച്, ജയില്‍വാസം, കേസുകള്‍, കാല്‍നടയാത്രകള്‍ തുടങ്ങി വിവിധങ്ങളായ സമരരീതികള്‍ കേരളത്തിന് പുത്തരിയല്ല. സമരനേതൃത്വങ്ങള്‍, സമരപ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍, മാധ്യമഫോട്ടോഗ്രാഫര്‍മാര്‍, പോലീസ്, പൊതുജനങ്ങള്‍, കോടതി, ജയില്‍ അധികാരികള്‍, ഭരണകൂടം തുടങ്ങി എല്ലാവര്‍ക്കും തങ്ങളുടെ റോള്‍ എന്താണെന്ന് കൃത്യമായും വ്യക്തമായും അറിയാവുന്ന, സുനിശ്ചിത വഴികളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന സമരപ്രവര്‍ത്തനങ്ങളെ, അഹിംസാത്മകവും ജനാധിപത്യപരവും, ആത്മസഹനത്തിന്റെയും വഴികളിലൂടെ 95കാരനായ ഒരാള്‍ ചോദ്യം ചെയ്തിരിക്കുന്നു എന്നതാണ് പുതിയ അസ്വസ്ഥതകളുടെ അടിസ്ഥാനം.

അതിദീര്‍ഘമായ ജീവിതത്തിന്റെ 40 നാളുകള്‍ ഭക്ഷണം ഉപേക്ഷിച്ച് സമരത്തിന് ഊര്‍ജ്ജം പകര്‍ന്ന പാരമ്പര്യമുള്ള വാസുവേട്ടന് ആത്മസഹനത്തിന്റെ പാത അത്ര പുതുതല്ലെന്ന് നമുക്കറിയാം. എങ്കിലും സാമ്പ്രദായിക ശീലങ്ങളില്‍ ഒട്ടിപ്പിടിച്ച് നടക്കുന്ന കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പുതിയൊരു വെല്ലുവിളി ഉയര്‍ത്തി വാസുവേട്ടന്‍ വിജിഗീഷുവായി നില്‍ക്കുന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന സകലരുടെയും തല താഴ്ന്നുനില്‍ക്കുന്നു.

വാസുവേട്ടനെ കുറിച്ച് ചിന്തിക്കുമ്പോള്‍, 'വഴിവിട്ട', മറ്റൊരു സമരരീതിയെക്കുറിച്ച് നോര്‍വീജിയന്‍ പീസ് ആക്ടിവിസ്റ്റും സുഹൃത്തുമായ യൊഹാന്‍സണ്‍ യോര്‍ഗന്‍ (Johanson Jorgen) പറഞ്ഞ ഒരു 'ജയില്‍ ചാട്ട'ത്തെക്കുറിച്ച് ഓര്‍മ്മവരികയാണ്. ഗള്‍ഫ് യുദ്ധത്തിനെതിരായി യൂറോപ്യന്‍ സമാധാന പ്രവര്‍ത്തകര്‍ നടത്തിയ ആ 'ജയില്‍ ചാട്ടം' ജയിലിന് പുറത്തേക്കായിരുന്നില്ല; മറിച്ച് ജയിലിനകത്തേക്കായിരുന്നു എന്നതാണ് സവിശേഷത. വാര്‍ റെസിസ്റ്റേര്‍സ് ഇന്റര്‍നാഷണലിന്റെ (War Resisters International-WRI) ചെയര്‍മാനും ഇന്ത്യയിലടക്കം വിവിധ സര്‍വ്വകലാശാലകളിലെ വിസിറ്റിംഗ് ഫാക്കല്‍റ്റിയുമായ യൊഹാന്‍സന്‍ യോര്‍ഗനും സഹപ്രവര്‍ത്തകരുമായിരുന്നു സാമ്പ്രദായിക സമരരീതികളെ തകര്‍ത്തുകൊണ്ട് ഇത്തരമൊരു സമരം സംഘടിപ്പിച്ചത്.

യൊഹാന്‍സണ്‍ യോര്‍ഗന്‍

രാഷ്ട്രീയ- സമാധാന പ്രവര്‍ത്തകരെ ജയിലില്‍ അടച്ച് ഭീഷണിപ്പെടുത്താമെന്നും മെരുക്കാമെന്നുമുള്ള ഭരണകൂടത്തിന്റെ ദീര്‍ഘകാല സങ്കല്പങ്ങള്‍ക്കെതിരെയുള്ള പ്രഹരമായിരുന്നു ആ തീരുമാനം. യുദ്ധപ്രവര്‍ത്തനങ്ങളില്‍ നിന്ന്​ യൂറോപ്യന്‍ ഭരണകൂടങ്ങള്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് നടത്തിയ ഈ ജയിലിനകത്തേക്കുള്ള ചാട്ടത്തെ ഔദ്യോഗിക ഭരണ സംവിധാനങ്ങളും മാധ്യമങ്ങളും വളരെ ആശങ്കയോടെ കണ്ടത്. ജയിലിനകത്തേക്കുള്ള ചാട്ടം തടയാന്‍ എല്ലാ ജയിലുകള്‍ക്കും സംരക്ഷണമൊരുക്കാന്‍ അധികാരികള്‍ക്ക് പെടാപ്പാട് പെടേണ്ടിവന്നു. അറസ്​റ്റു ചെയ്​ത്​ കോടതിയില്‍ കൊണ്ടുപോയ പ്രവര്‍ത്തകര്‍ക്ക് ജയില്‍ശിക്ഷ വിധിക്കുന്നതിലെ മൗഢ്യം കോടതിക്ക് സ്വയം അനുഭവിക്കേണ്ടിവന്നു. നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ Conscientious Objection പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജയിലിനെ സംബന്ധിച്ച സമൂഹത്തിന്റെ ഭീതി തകര്‍ക്കാന്‍ വാര്‍ റെസിസ്റ്റേര്‍സ് ഇന്റര്‍നാഷണലിനെപ്പോലുള്ള സംഘടനകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് യോര്‍ഗനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി.

വാസുവേട്ടന്‍ 'ജയില്‍ചാട്ടം' കഴിഞ്ഞ് ജനമധ്യത്തിലേക്കിറങ്ങിവരുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യം, ‘തെളിച്ച വഴികളിലൂടെ എത്രകാലം നാം നടക്കും?' എന്നതായിരിക്കും.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments