ഇത് ഗ്രോവാസുവിന് താങ്ങാനാവാത്ത പീഡയല്ല, പക്ഷെ തലകുനിയുന്നത് ഒരു നാടിന്റെതാണ്

ജനാധിപത്യപരമായി ഭരണഘടനയും നിയമ വ്യവസ്ഥയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടതിന്റെ പേരിലാണ് കേരളം മുഴുവൻ വാസുവേട്ടൻ എന്ന് ആദരപൂർവ്വം വിളിക്കുന്ന 93 വയസ്സായ വന്ദ്യ വയോധികനായ എ. വാസുവിനെ ഇപ്പോൾ ജയിലിലടച്ചിരിക്കുന്നത്. ജീവിത കാലം മുഴുവൻ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി മാത്രം ഉപയോഗിച്ച വാസുവേട്ടന് ഇത് താങ്ങാനാകാത്തൊരു പീഢയൊന്നുമാകാനിടയില്ല. എന്നാൽ അപമാന ഭാരവും കൃതഘ്നതയും കൊണ്ട് തല കുനിയുന്നത് ഒരു നാട്ടിനാണ്

ഇന്ത്യ എഴുതപ്പെട്ട ഒരു ഭരണഘടനയുള്ള ജനാധിപത്യ രാഷ്ട്രമാണ്. ഇന്ത്യ ഭരിച്ചവർ പലപ്പോഴും ഭരണഘടനാ വിധേയമായിട്ടല്ല പ്രവർത്തിച്ചത്. എന്നാൽ ഇന്ന് ഇന്ത്യൻ ഭരണഘടനയെ തന്നെ ഒരു ഭാരമായി കാണുകയും, ഇടക്കെങ്കിലും അത് പരസ്യമായി വെളിപ്പെടുത്തുകയും പരോക്ഷമായി നിരന്തരം അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനില്പിനുള്ള ഏറ്റവും വലിയ ആശ്രയങ്ങളിലൊന്നാണ് ഭരണഘടന. അങ്ങനെയൊന്നുളളതു കൊണ്ടാണിന്ന് ഇന്ത്യ ഒരു പ്രഖ്യാപിത മതരാഷ്ട്രമായി മാറാത്തത്. അതിനെതിരെ പ്രചരണം നടത്തുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവരെ ഒറ്റയടിക്ക് പീഡന ക്യാമ്പുകളിലടക്കുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യാനാകാത്തതും എത്ര തന്നെ ദുർബ്ബലമായാണെങ്കിലും ഭരണഘടനയുടെ സാന്നിദ്ധ്യം കൊണ്ടാണ്. എത്ര തന്നെ ഭൂരിപക്ഷത്തിൽ ജയിച്ചാലും മുഴുവൻ വോട്ടുകളും നേടിയാലും തന്നെ ഭരണഘടനക്ക് മുകളിലല്ല പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അടക്കം ഒരു ഭരണാധികാരിയും എന്നാണത് പറയുന്നത്.

ഏത് കൊടും കുറ്റവാളിയെയും ഭരണഘടന അനുശാസിക്കുന്ന നിയമ നടപടികൾക്ക് വിധേയമായി വിചാരണ ചെയ്യാതെ വെടിവെച്ചു കൊല്ലാനോ ശിക്ഷിക്കാനോ ഒന്നും ആർക്കും അധികാരമില്ല. അങ്ങനെ ചെയ്താൽ ഒരു ഭേദവുമില്ലാത്ത ക്രിമിനൽ കുറ്റം തന്നെയാണതും. കുറ്റവാളികളായ ജനമർദ്ദകർക്കു മേൽ നീതി നടപ്പാക്കുന്നവർ എന്നാണ് മാവോയിസ്റ്റുകളടക്കം സ്വയം കരുതുന്നതും. തിരിച്ച് മാവോവാദികൾക്കും ഇതേ ഭരണഘടനാ പരിരക്ഷ നല്കണമെന്നാണ് നിയമ വാഴ്ച പറയുന്നത്. കരുളായിൽ കൊല്ലപ്പെട്ട കുപ്പുദേവരാജനും അജിതയും പോലീസിനോടേറ്റു മുട്ടാൻ പോയിട്ട് പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാൻ പോലുമാകാത്ത നിലയിലായിരുന്നുവെന്നാണ് തുടർന്നുളള എല്ലാ അന്വേഷണങ്ങളും വ്യക്തമാക്കിയത്. ഭരണകക്ഷികളിൽ പെട്ടവർ തന്നെ ഈ വ്യാജ ഏറ്റുമുട്ടൽ കഥകളെ തള്ളിക്കളഞ്ഞിട്ടുമുണ്ട്.

ഗ്രോ വാസു

കേരളത്തിലെയെങ്കിലും മാവോയിസം പരിഹാസ്യമാണ്. തോക്കൊരു ഫാഷനായി കൊണ്ടു നടക്കുന്നു എന്ന തൊഴിച്ചാൽ ഒരു കാട്ടു കോഴിയെ വെടിവെച്ച കേസുപോലും അവർക്കെതിരെ ഉണ്ടെന്നു തോന്നുന്നില്ല. നീണ്ട വർഷങ്ങൾ കൊണ്ടാണ് അവരെത്ര പാവങ്ങളാണെന്ന് സ്വയം സ്ഥാപിച്ചെടുത്തതും. ഇങ്ങനെയുള്ള എട്ടു പാവങ്ങളെയാണ് ബിജെപി സ്പോൺസർ ചെയ്യുന്ന ഒരു ഭരണഘടനാ വിരുദ്ധ മാഫിയ സർക്കാരെന്ന് സ്വയം ആരെയോ ബോദ്ധ്യപ്പെടുത്താനെന്ന വിധം വെടിവെച്ചു കൊന്നത്.

ഇതിനെതിരെ തീർത്തും ജനാധിപത്യപരമായി ഭരണഘടനയും നിയമ വ്യവസ്ഥയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടതിന്റെ പേരിലാണ് കേരളം മുഴുവൻ വാസുവേട്ടൻ എന്ന് ആദരപൂർവ്വം വിളിക്കുന്ന 93 വയസ്സായ വന്ദ്യ വയോധികനായ എ. വാസുവിനെ ഇപ്പോൾ ജയിലിലടച്ചിരിക്കുന്നത്. ജീവിത കാലം മുഴുവൻ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി മാത്രം ഉപയോഗിച്ച വാസുവേട്ടന് ഇത് താങ്ങാനാകാത്തൊരു പീഢയൊന്നുമാകാനിടയില്ല. എന്നാൽ അപമാന ഭാരവും കൃതഘ്നതയും കൊണ്ട് തല കുനിയുന്നത് ഒരു നാട്ടിനാണ്.

നാവടക്കിൻ പണിയെടുക്കിൻ എന്നു കേട്ടയുടനെ അണികളെ മുട്ടിലിഴയാൻ പഠിപ്പിച്ചവർക്കും അവരുടെ പിണിയാളുകൾക്കും എങ്ങനെയാണ് എ വാസുവിനെ മനസ്സിലാവുക


സോമശേഖരൻ

മാർക്​സിസ്​റ്റ്​ സൈദ്ധാന്തികനും എഴുത്തുകാരനും. എഴുപതുകളുടെ ഒടുവിൽ സി.പി.ഐ.എം. എൽ സംസ്ഥാന സെക്രട്ടറി. അടിയന്തരാവസ്ഥക്കാലത്ത് നടന്ന കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ ഒന്നാം പ്രതി. പൊലീസുകാർ കൊന്ന പി.രാജനോടൊപ്പം കക്കയം ക്യാമ്പിലും മാലൂർ കുന്നിലും കൊടിയ പീഡനം ഏറ്റുവാങ്ങി. എഴുത്തച്​ഛൻ പഠനം, സ്​റ്റാലിനും സ്​റ്റാലിനിസവും, മാർക്​സിലേക്കുള്ള വഴി എന്നിവ പ്രധാന പുസ്​തകങ്ങൾ

Comments