മെരുക്ക​മുള്ള വിദ്യാർഥി, അടക്കമുള്ള കാമ്പസ്​; വിദ്യാഭ്യാസം എന്ന മനുഷ്യാവകാശപ്രശ്​നം

കടുത്ത മാനസിക സമര്‍ദ്ദങ്ങളിലൂടെയും വിഷാദരോഗത്തിനുപോലുമിടയാക്കുന്ന അടിച്ചമർത്തലുകളിലൂടെയുമാണ്​ ഇന്ന് ഓരോ വിദ്യാര്‍ഥിയും കടന്നുപോകുന്നത്. അതായത്​, ഇന്ന്​ ഔപചാരിക വിദ്യാഭ്യാസം എന്നത്​ കടുത്ത മനുഷ്യാവകാശലംഘനങ്ങളുടെ കൂടി സംവിധാനമായി പരിണമിക്കുകയാണ്​. കേരളവും അതിൽനിന്ന്​ ഭിന്നമല്ല.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം സ്റ്റേറ്റിന്റെ പരിമാധികാരത്തിലേക്ക് കീഴ്‌പ്പെടുത്താനുള്ള ശ്രമം നടക്കുന്ന കാലമാണിത്​. സി.യു.ഇ.ടിയിലേക്കുള്ള മാറ്റങ്ങളും അനുബന്ധ ‘കോച്ചിങ്ങ് ഫാക്ടറി’കളില്‍ നിന്ന് പടച്ചുവിടുന്നവർ ‘അച്ചടക്ക’ത്തോടെയിരുന്ന്​ പഠിക്കുന്ന ക്യാമ്പസുമെല്ലാം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജനാധിപത്യ സംവാദങ്ങളെ വെട്ടിച്ചുരുക്കുകയാണ്. പുതിയ വിദ്യാഭ്യാസനയം പോലും ‘അക്കാദമിക്ക് ഔട്ട്കം’ എന്ന ഒറ്റമൂലി കൊണ്ടാണ്​ വിദ്യാര്‍ഥികളെ ചികിത്സിക്കുന്നത്​. ആര്‍ജ്ജവമുള്ള വിദ്യാര്‍ഥി പ്രതികരണങ്ങളുടെയും പ്രതിഷേധങ്ങളുടെയും അന്തരീക്ഷം, അതുകൊണ്ടുതന്നെ ഇന്നത്തെ കാമ്പസുകളിലില്ല. കരിയറിസം അടിസ്​ഥാനമാക്കിയ ഒരുതരം മധ്യവർഗവൽക്കരണം അഴിഞ്ഞാടുന്ന കോളേജുകള്‍ സ്വീകാര്യത നേടുകയാണ്.
നാഷനൽ ക്രൈം ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ആത്മഹത്യാനിരക്കില്‍ 4.5 ശതമാനം വര്‍ധനവുണ്ടായതായി കണ്ടെത്തി. കടുത്ത മാനസിക സമര്‍ദ്ദങ്ങളിലൂടെയും വിഷാദത്തിലൂടെയുമാണ് ഇന്ന് ഓരോ വിദ്യാര്‍ഥിയും കടന്നുപോകുന്നത്. അതായത്​, ഇന്ന്​ ഔപചാരിക വിദ്യാഭ്യാസം എന്നത്​ കടുത്ത മനുഷ്യാവകാശലംഘനങ്ങളുടെ കൂടി സംവിധാനമായി പരിണമിക്കുകയാണ്​.

കേരളവും ഈ അവസ്ഥയില്‍നിന്ന് ഭിന്നമല്ലെന്നാണ് കോട്ടയം അമല്‍ജ്യോതി കോളേജിലെ ശ്രദ്ധ സതീഷിന്റെ ആത്മഹത്യ വ്യക്തമാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നടത്തിയ തുറന്നുപറച്ചിലുകള്‍, അക്കാദമിക്‌സിന്റെ പേരില്‍ കോളേജ് അധികൃതര്‍ നടത്തുന്ന മനുഷത്വരഹിതമായ പീഡനമുറകള്‍ വ്യക്തമാക്കുന്നതായിരുന്നു. അച്ചടക്കത്തിന്റെ പേരില്‍ വിദ്യാര്‍ഥി അവകാശങ്ങളെ മുഴുവന്‍ റദ്ദു ചെയ്​ത്​ പട്ടാളച്ചിട്ടയില്‍ 'അച്ചടക്കമുള്ള വിദ്യാര്‍ഥി' സമൂഹത്തെ മെരുക്കിയെടുക്കാന്‍ ശ്രമിക്കുന്ന അദ്ധ്യാപകരും കോളേജ് അധികൃതരും ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഈ തുറന്നുപറച്ചിലുകളും പ്രതിഷേധങ്ങളുമെല്ലാം നിക്ഷിപ്ത താല്‍പ്പര്യങ്ങളാല്‍ പെട്ടെന്ന്​ ചര്‍ച്ചകളില്‍ നിന്ന് തമസ്‌കരിക്കപ്പെട്ടു. കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങളിലടക്കം എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥി പരിഹാരസെല്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് വാക്കുകള്‍ക്കപ്പുറം പ്രായോഗിക തലത്തില്‍ എത്രത്തോളം നടപ്പിലാക്കാന്‍ കഴിയുമെന്നത് പ്രശ്‌നമായി നിലനില്‍ക്കുകയാണ്. നമ്മുടെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിദ്യാര്‍ഥി സൗഹൃദമാണോ എന്നു തന്നെയാണ് ഇനിയും അന്വേഷിക്കേണ്ടത്.

അടിച്ചേല്‍പ്പിക്കപ്പെടുന്ന അനുസരണം

കേരളത്തിലെ സ്വാശ്രയ- സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെല്ലാം പലതരത്തിലുള്ള ചൂഷണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജാതി, വര്‍ഗ, ലിംഗ വിവേചനങ്ങള്‍ അധ്യാപകരില്‍ നിന്നും കോളേജ് അധികൃതരില്‍ നിന്നും ഇവര്‍ക്ക് നിരന്തരം നേരിടേണ്ടിവരുന്നുണ്ട്. ക്രിയാത്മകവും സര്‍ഗാത്മകവുമായി വിനിയോഗിക്കപ്പെടേണ്ട യൗവനകാലങ്ങളില്‍ പോലും അവര്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ബുദ്ധിയിലും കഴിവുകളിലും വ്യത്യസ്തരായ വിദ്യാര്‍ഥികളെ ഒരേ അച്ചിലേക്ക് വാര്‍ത്തെടുക്കാന്‍ കോളേജുകള്‍ നടത്തുന്ന ശ്രമങ്ങളെല്ലാം വിചിത്രമാണ്.

കോട്ടയം ജില്ലയിലെ ടോംസ് കോളേജില്‍ നിന്ന് പഠനം പാതിവഴിയിലുപേക്ഷിച്ച്, കടുത്ത മാനസികസംഘര്‍ഷങ്ങളില്‍ നിന്ന് ജീവിതം തിരിച്ചുപിടിച്ച അനന്തുരാജിന് അത്തരത്തിലൊരു കഥയാണ് പങ്കുവെക്കാനുള്ളത്. 2014- ല്‍ ടോംസ് കോളേജിലെ ആദ്യബാച്ചിലാണ് അനന്തുരാജ് പഠിക്കാനെത്തിയത്. കോളേജുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുപോകാതിരിക്കാന്‍ അഡ്മിഷനെടുത്ത വിദ്യാര്‍ഥികളെല്ലാം ഹോസ്റ്റലേഴ്‌സ് ആകണമെന്ന നിര്‍ബന്ധബുദ്ധി മാനേജ്‌മെന്റിനുണ്ടായിരുന്നു. കോളേജിലോ, ഹോസ്റ്റലുകളിലോ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. രാവിലെ അഞ്ചരക്ക് വിദ്യാര്‍ഥികള്‍ എഴുന്നേല്‍ക്കണം. രാവിലെ എട്ടുമണിക്കും വൈകീട്ട് 6.30 മുതല്‍ രാത്രി 12.30 വരെയും കോളേജിലെ ക്ലാസ്സിന് പുറമെ ഹോസ്റ്റലില്‍ നിര്‍ബന്ധിത പഠനമുണ്ടാകും. മിക്ക ദിവസങ്ങളിലും ചെയര്‍മാന്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളില്‍ സന്ദര്‍ശനം നടത്തും. എല്ലാ ബുധനാഴ്ചയും 'വിത്ത് ഔര്‍ ഡയറക്ടര്‍' എന്ന പേരില്‍ ചെയര്‍മാന്‍ നടത്തുന്ന ​പ്രോഗ്രാം അനുസരണശീലവും അച്ചടക്കവുമില്ലാത്ത വിദ്യാര്‍ഥികളെ അവഹേളിക്കാനുള്ളതായിരുന്നു. ചെയര്‍മാന് ഇഷ്ടമില്ലാത്തവരെ, എതിരഭിപ്രായമുള്ളവരെ സ്റ്റേജില്‍ കയറ്റി എല്ലാവരുടെയും മുന്‍പില്‍ ഷെയിം ചെയ്യുന്ന ഈ പരിപാടി ഒരുതരം ഹരാസ്സ്മെൻറ്​ സെഷന്‍ കൂടിയായിരുന്നു. കോളേജിനുള്ളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സംസാരിക്കാന്‍ പാടില്ലെന്ന അലിഖിത നിയമമുണ്ടായിരുന്നതായും അനന്തുരാജ് ട്രൂകോപി തിങ്കിനോട് പറഞ്ഞു.

''ഇന്റര്‍വെല്‍ സമയങ്ങളില്‍ ആണ്‍കുട്ടികളെയെല്ലാം വെയ്റ്റിംഗ് റൂം എന്നൊരു റൂമില്‍ കൊണ്ടുപോയി ഇരുത്തി പഠിക്കാന്‍ പറയും. പോകുമ്പോള്‍ സീറ്റില്‍ നിന്ന് സകല സാമഗ്രികളും എടുത്തുവേണം പോകാന്‍. ഒരു പേനയെങ്കിലും അവശേഷിച്ചാല്‍ അത് തുറന്നുനോക്കി പ്രേമലേഖനം ഇല്ല എന്നുറപ്പുവരുത്താന്‍ പ്രത്യേകം സ്റ്റാഫുകളെയും നിയോഗിച്ചിരുന്നു. ടോയ്ലറ്റില്‍ പോകാന്‍ നേരം പെണ്‍കുട്ടികള്‍ പരിസരത്തുണ്ടെങ്കില്‍ പ്രാഥമിക കാര്യങ്ങള്‍ നടത്താന്‍ പോലും അനുവാദമില്ലായിരുന്നു. ഭക്ഷണവും ഇങ്ങനെ സെപ്പറേറ്റ് റൂമുകളിലായിരുന്നു. സൗഹൃദങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ ഹോസ്റ്റലുകളില്‍ നിരന്തര റൂം ഷിഫ്റ്റിംഗ് മുതല്‍ പരസ്പരം സുഹൃത്തുക്കള്‍ ആകാതിരിക്കുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ വരെ കോളേജ് അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു. അതോടൊപ്പം, ദിവസേന രണ്ട് പെണ്‍കുട്ടികള്‍ ചെയര്‍മാന്റെ കാബിനില്‍ റിസപ്ഷനിസ്റ്റുകള്‍ ആയി പോവണം. അടിമകളെപ്പോലെ അയാളുടെ വായില്‍ വരുന്നത് മുഴുവന്‍ കേട്ടു ചിരിച്ചുകൊണ്ട് നില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു. വലിയ തരത്തിലൂള്ള മാനസിക പീഡനങ്ങളാണ് ടോസ് കോളേജിലെ ഓരോ വിദ്യാര്‍ഥികളും അനുഭവിച്ചിരുന്നത്. ''

അനന്തുരാജ്
അനന്തുരാജ്

എഞ്ചിനീയറിംഗ് കോളേജിന്റേതായ പഠന- ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യങ്ങള്‍ ഈ കോളേജിലുണ്ടായിരുന്നില്ല. പല അധ്യാപകര്‍ക്കും വേണ്ട വിദ്യാഭ്യാസ യോഗ്യത പോലും ഉണ്ടായിരുന്നില്ലെന്നാണ് അനന്തുരാജ് പറയുന്നത്. കോളേജിന്റെ ഈ ഏകാധിപത്യ പ്രവണകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ ചെയര്‍മാനില്‍നിന്ന് അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങള്‍ കാരണം കോളേജിലെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ അനന്തുരാജ് തീരുമാനിക്കുകയായിരുന്നു

മായ്ച്ചുകളയാനാകാത്ത
ജാതിക്കറകള്‍

വിദ്യാഭ്യാസപരമായി എത്ര ഉന്നതിയിലെത്തിയാലും കേരളത്തിലെ പല മനുഷ്യര്‍ക്കുള്ളിലും ഉറച്ചുകിടക്കുന്ന ജാതിബോധങ്ങള്‍ ഒരു വിദ്യാര്‍ഥിനിയുടെ മാനസികാവസ്ഥ തകര്‍ക്കുന്നതിനെക്കുറിച്ചാണ് ഹരിപ്രിയ എം.പിക്ക് പറയാനുള്ളത്. എന്‍ജിനിയറിങ്ങ് സ്വപ്‌നവുമായി ഗവണ്‍മെന്റ് കോളേജില്‍ തന്നെ അഡ്മിഷനെടുത്ത ഒരു വിദ്യാര്‍ത്ഥിനിയെ ക്ലാസ്​മുറികളില്‍ നിന്ന് പുറത്താക്കി, സൈക്യാട്രി റൂമിലേക്ക് തള്ളിയിടാന്‍ ഉയര്‍ന്ന ജാതിബോധം പേറുന്ന ഒരു അദ്ധ്യാപിക നടത്തിയ ചെയ്തികളെക്കുറിച്ചാണ് ഹരിപ്രിയക്ക് പങ്കുവെക്കുന്നത്. അദ്ധ്യാപികയില്‍ നിന്ന് ജാതിയുടെ പേരില്‍ നിരന്തരം അവഹേളനം ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കോളേജില്‍ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ പോലും ഹരിപ്രിയയെ ഇവര്‍ അനുവദിച്ചിരുന്നില്ല. ഏതു സമയവും പരിസഹിച്ചും കുത്തുവാക്കു പറഞ്ഞും തളര്‍ത്താന്‍ മാത്രമായിരുന്നു അദ്ധ്യാപിക ശ്രമിച്ചിരുന്നെന്നാണ് ഹരിപ്രിയ ട്രൂകോപി തിങ്കിനോട് പറഞ്ഞത്.

''ടെസ്റ്റ് എഴുതുന്നതുപോലെ അഭിനയിച്ചാല്‍ ജോലി കിട്ടുന്നവള്‍','തരം താഴ്ന്ന ജാതി' എന്നിവയൊക്കെയായിരുന്നു എനിക്കുള്ള വിശേഷണങ്ങള്‍. അവരുമായുള്ള ബന്ധം ഒന്നൂട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തില്‍ സൗഹൃദസംഭാഷണത്തിന് ചെന്ന എന്നെ പലതവണ സ്റ്റാഫ് റൂമില്‍നിന്ന് ആട്ടിയിറക്കിയിട്ടുണ്ട്. എപ്പോഴോ ഇതിനെതിരെ പോരാടാന്‍ മനസ്സില്‍തോന്നിയശേഷം മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, പട്ടികജാതി- പട്ടികവര്‍ഗ വകുപ്പുമന്ത്രി എന്നിവര്‍ക്കെല്ലാം ഞാന്‍ പരാതി നല്‍കി. പക്ഷെ, പ്രയോജനമൊന്നുമുണ്ടായില്ല. '

ഹരിപ്രിയ
ഹരിപ്രിയ

അധ്യാപക- വിദ്യാര്‍ഥി ബന്ധം നല്ല രീതിയില്‍ മുന്നോട്ടുപോകുകയും വിദ്യാര്‍ഥികളോട് മാന്യമായി ഇടപെടുകയും ചെയ്യുന്നില്ലെങ്കില്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുപാട് മാനസികരോഗികളെ സൃഷ്ടിക്കുമെന്നും ഹോസ്റ്റല്‍ മുറികളില്‍ ആത്മഹത്യകള്‍ തുടര്‍ക്കഥകളായി മാറുമെന്നുമാണ് ഹരിപ്രിയ പറയുന്നത്.

അധികാരം
അടിച്ചേല്‍പ്പിക്കുന്നവര്‍

ഒന്നരവര്‍ഷം കോളേജ് മാഗസിന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടിനടന്നിട്ടും അതിനു വിലവെക്കാതെ സര്‍ഗസൃഷ്ടിയെ അധികാര സ്വാധീനങ്ങളുപയോഗിച്ച് കോളേജ് മാനേജ്‌മെന്റ് തട്ടിയെടുത്തതിനെക്കുറിച്ചാണ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ അര്‍ജുന്‍ ജെ. എലിന് പറയാനുള്ളത്. കോളേജിലെ ഫിലിം മാഗസിന്റെ എഡിറ്ററായിരുന്നു അര്‍ജുന്‍. വിദ്യാര്‍ഥി കാലഘട്ടത്തിലെ ഒന്നരവര്‍ഷകാലം മാഗസിന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടി നടന്നിട്ടും മാഗസിന്‍ പ്രസിദ്ധികരണത്തിന് സ്വന്തം കെയ്യില്‍ നിന്നും പണം ചിലവഴിച്ചിട്ടും അതൊന്നും പരിഗണിക്കാതെ മാഗസിന്റെ പരമാധികാരം കൈക്കലാക്കാനാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. ഒരു കോപ്പി പോലും അര്‍ജുന് നല്‍കാതെ അച്ചടിച്ച മാഗസിനെല്ലാം മാനേജ്‌മെന്റിന് ഇഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കി. ഒരു വിദ്യാര്‍ഥിയുടെ സ്വപ്‌നത്തെയും പ്രയത്‌നത്തെയും സംഘടിത ശ്രമങ്ങളിലൂടെ കോളേജ് അധികൃതര്‍ തകര്‍ക്കുകയായിരുന്നു.

'' എന്റെ ആശയം, എന്റെ അധ്വാനം, പണം, പ്രതീക്ഷ എല്ലാം ആ മാഗസിന് പുറത്താണ്. ഇതില്‍ നിന്ന് ഒരു മേല്‍വിലാസം അല്ലെങ്കില്‍ ജനശ്രദ്ധയൊക്കെ നേടിയെടുക്കാനാണ് ജീവിതത്തിലെ ഒന്നര വര്‍ഷം മറ്റെല്ലാം മാറ്റിവെച്ച് ഈ പ്രസിദ്ധീകരണത്തിന്റെ വിജയത്തിനായി ജീവിച്ചത്. ആ പുസ്തകമാണ് അവര്‍ ഒരിക്കലും വായിക്കാനിടയില്ലാത്ത അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എറിഞ്ഞു കൊടുത്തത്. 60,000 രൂപയായിരുന്നു 1000 കോപ്പി മാഗസിന്‍ പ്രിന്റ് ചെയ്യാന്‍ വന്ന ചെലവ്. മാഗസിനില്‍ അധ്യാപകര്‍ക്ക് ചെലവായ പണം പരസ്യത്തില്‍നിന്ന് അവര്‍ തിരികെ പിടിച്ചു. എന്നാല്‍ ഞാന്‍ പ്രിന്റിംഗിന് മാത്രം ചെലവാക്കിയ 12,000 രൂപയുടെ പാതി പണത്തിന്റെ കോപ്പികള്‍ പോലും എനിക്ക് ലഭിച്ചില്ല ''

അര്‍ജുന്‍ ജെ.എല്‍.
അര്‍ജുന്‍ ജെ.എല്‍.

ഈ സംഭവത്തിനുശേഷം കടുത്ത വിഷാദ അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോയതെന്നും പ്രിന്‍സിപ്പിളും മീഡിയ കണ്‍വീനറുമാണ് തന്നെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നും അര്‍ജുന്‍ കെ.എല്‍. ട്രൂകോപി തിങ്കിനോട് പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്കാദമിക്‌സിന്റെ പേരില്‍ പരമാധികാരികളായി വാഴുന്ന കോളേജ് അധികൃതര്‍ എപ്രകാരമാണ് വിദ്യാര്‍ഥികളെ കീഴപ്പെടുത്തി കൊണ്ട് തളര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. വിദ്യാര്‍ഥികളുടെ മാനസികാവസ്ഥ പരിഗണിക്കാനോ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി കൂടെ നില്‍ക്കാനോ ഇവര്‍ക്കൊന്നും സാധിക്കുന്നില്ല. കേവലം തങ്ങള്‍ക്ക് കീഴിലുള്ള വിഭാഗങ്ങളായി മാത്രമേ അവര്‍ വിദ്യാര്‍ഥികളെ കണക്കാക്കുന്നുള്ളൂ. അമല്‍ജ്യോതി സംഭവത്തോടൊപ്പം ഉയര്‍ന്നുവന്ന തുറന്നുപറച്ചിലുകളൊന്നും കെട്ടുകഥകളോ, ഒറ്റപ്പെട്ട സംഭവങ്ങളോ അല്ലെന്നുതന്നെയാണ് ഈ അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുന്നത്. ഇതേ പോലെ അധികൃതരുടെ വിവേചനങ്ങളില്‍ കോളേജ് കാലം നഷ്ടപ്പെട്ട അനേകായിരം വിദ്യാര്‍ഥികള്‍ നമ്മുക്കിടയിലുണ്ട്. അതില്‍ തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിച്ച മുന്ന് പേര്‍ മാത്രമാണിവര്‍. ഇനിയും തുറന്നുപറയാത്ത എത്രയോ കഥകളുണ്ട്.

ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ നടക്കുന്ന ഇത്തരം മനുഷ്യാവകാശപ്രശ്​നങ്ങൾ​, വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട്​ സമീപകാലത്തുണ്ടായ അടിസ്​ഥാന മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇന്ന് സര്‍ക്കാര്‍ കോളേജുകളെക്കാള്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലാഭകരമായ കച്ചവടമാണെന്ന തിരിച്ചറിവാണ് വ്യവസായികളെയടക്കം സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പ്രേരിപ്പിക്കുന്നത്​.

സ്വാശ്രയ കോളേജുകളുടെ കടന്നുവരവ്

തൊണ്ണൂറുകള്‍ക്കുശേഷമാണ് കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സ്വാശ്രയ സ്ഥാപനങ്ങള്‍കടന്നുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നത്. കരിയറിസം ലക്ഷ്യമാക്കി നിരവധി പുതിയ സെല്‍ഫ് ഫിനാന്‍സിങ്ങ് കോഴ്‌സുകൾ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ പിന്തുടര്‍ച്ചയായി കേരളത്തിലെത്തി. വിദ്യാഭ്യാസത്തെ കച്ചവടവത്ക്കരിക്കുന്ന സാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നും മറ്റും വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്ക് പരിഹാരം കാണാന്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി 50: 50 ഫോര്‍മുല കൊണ്ടുവന്നിരുന്നു. സ്വാശ്രയ സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ കോളേജിലെ ഫീസ് നിരക്കില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും മെറിറ്റടിസ്ഥാനത്തില്‍ സംവരണങ്ങള്‍ പൂര്‍ത്തിയാക്കി പ്രവേശനം നല്‍കുക, ബാക്കി 50 ശതമാനം സീറ്റില്‍ മാനേജ്മെന്റിനു ഇഷ്ടമുള്ള രീതിയില്‍ പ്രവേശനം നടത്താം എന്നതായിരുന്നു മാനേജ്മെന്റുമായി ഉണ്ടാക്കിയ അലിഖിത ധാരണ. എന്നാല്‍ പിന്നീട് ഈ നിയമമെല്ലാം ലംഘിക്കപ്പെടുകയാണുണ്ടായത്.

ഇന്ന് സര്‍ക്കാര്‍ കോളേജുകളെക്കാള്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം ലാഭകരമായ കച്ചവടമാണെന്ന തിരിച്ചറിവാണ് വ്യവസായികളടക്കം സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കാരണമാകുന്നത്. കച്ചവടവത്ക്കരണം മുതൽ കാമ്പസുകളുടെ അരാഷ്​രടീയവൽക്കരണം വരെയുള്ള പ്രതികൂലമായ പല മാറ്റങ്ങളും സ്വാശ്രയ സ്ഥാപനങ്ങളിലൂടെ കടന്നുവന്നിട്ടുണ്ട്.

രാഷ്ട്രീയ ചര്‍ച്ചകളുടെയും പുതുചിന്തകളുടെയുടെയും കേന്ദ്രമായിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം അരാഷ്ട്രീയവത്ക്കരിക്കാന്‍ സ്വാശ്രയ സ്ഥാപനങ്ങളുടെ കടന്നുവരവ് കാരണമായിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ചിന്തകളെ അക്കാദമിക്‌സിന്റെ മതിലുകളില്‍ ഒതുക്കിനിര്‍ത്തുകയും അവരില്‍ അടിസ്ഥാനപരമായി ഉണ്ടാകേണ്ട സൂക്ഷ്മ​ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ റദ്ദാക്കാനും കാരണമായിട്ടുണ്ട്. അനന്തര ഫലമായി ക്യാമ്പസുകളിലെ സംവാദാത്മക ഇടങ്ങള്‍ ഇല്ലാതായി. സ്വാശ്രയ സ്ഥാപനങ്ങള്‍ പിന്തുടരുന്ന സെമസ്റ്റര്‍, ഇന്റേണല്‍ മാര്‍ക്ക് തുടങ്ങിയ മുല്യനിര്‍ണ്ണയങ്ങളിലൂടെ വിദ്യാഭ്യാസത്തില്‍ അദ്ധ്യാപകര്‍ക്കും കോളേജ് അധികൃതര്‍ക്കും മേല്‍ക്കൈ വര്‍ധിക്കുകയും അവരുടെ കീഴില്‍ ഓഛാനിച്ചു നില്‍ക്കേണ്ട വര്‍ഗമായി വിദ്യാര്‍ഥികളെ മാറ്റിയെടുക്കുകയും ചെയ്തു. കേരളത്തി​ലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇനിയും പുറത്തുവരാത്ത മനുഷ്യാവകാശലംഘനങ്ങൾ ഇ​ന്റേണല്‍ മാര്‍ക്കുകളുടെയും അസ്സസ്​മെൻറുകളുടെയും മറവിലുള്ളതാണ്​.

‘‘സ്വാശ്രയ കോളേജുകള്‍ മത- ജാതി വിഭാഗങ്ങളുടെ ആധിപത്യത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ക്യാമ്പസുകളില്‍ സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങള്‍ക്ക് പകരം മതപരമായ ആവിഷ്‌കാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചുതുടങ്ങി.’’

കേരളത്തിലെ മിക്ക സ്വാശ്രയ കേളേജുകളും വിവിധ മത-ജാതി- വിഭാഗങ്ങളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ക്യാമ്പസുകളിലെ മതനിരേപേക്ഷ അന്തരീക്ഷം ഇല്ലാതാക്കുകയും വിദ്യാര്‍ഥികളില്‍ മത-ജാതി വേരോട്ടമുണ്ടാക്കാൻ കാരണമായിട്ടുമുണ്ടെന്നാണ് എസ്.സി.ഇ.ആര്‍.ടി മുന്‍ റിസര്‍ച്ച് ഓഫീസറും വിദ്യാഭ്യാസ ചിന്തകനുമായ കെ.വി മനോജ് പറയുന്നത്: ''സ്വാശ്രയ കോളേജുകള്‍ മത- ജാതി വിഭാഗങ്ങളുടെ ആധിപത്യത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ക്യാമ്പസുകളില്‍ സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങള്‍ക്ക് പകരം മതപരമായ ആവിഷ്‌കാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചുതുടങ്ങി. വിദ്യാഭ്യാസെമന്നത് സോ കോള്‍ഡ് അക്കാദമിക്ക് അച്ചീവ്‌മെന്‍സിന്റെ കേന്ദ്രങ്ങളായി ഇന്ന് മാറുന്നുണ്ട്. ഇവിടെ സാമൂഹിക-സാംസ്‌കാരിക - രാഷ്ട്രീയ സംവാദങ്ങളൊന്നും ഉണ്ടാവുന്നില്ല. കേവലമൊരു സര്‍വൈവല്‍ ഓറ് ഫിറ്റ്‌നെസ് എന്ന തലത്തിലേക്ക് വിദ്യാഭ്യാസ കാലഘട്ടത്തെ മാറ്റുന്നുണ്ട്. പണമുള്ള ആളുകള്‍ക്ക് അത് നല്‍കി പര്‍ച്ചേഴ്‌സ് ചെയ്യാനുള്ള മേഖലയായും വിദ്യാഭ്യാസം മാറിയിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്ന പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളിലെ ജനാധിപത്യവേദികള്‍ പോലും ചുരുങ്ങി പോവുകയാണ്. പല സ്ഥാപനങ്ങളിലും പി.ടി.എ യോ സ്റ്റുഡന്‍സ് സ്‌പ്പോര്‍ട്ടിങ്ങ് സിസ്റ്റമോ ഇല്ല. ഇതിനെല്ലാം പകരം ഇടിമുറികളാണ് നിര്‍മ്മിക്കപ്പെടുന്നത്. തങ്ങള്‍ അനുഭവിക്കുന്നത് വിദ്യാര്‍ഥി വിരുദ്ധ നടപടികളാണെന്ന തിരിച്ചറിയാന്‍ പോലും ഇന്നത്തെ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുന്നില്ലെന്നും കെ.വി. മനോജ് പറയുന്നു.

കെ.വി. മനോജ്
കെ.വി. മനോജ്

രക്ഷിതാക്കള്‍ക്ക് വേണ്ടാത്ത വിദ്യാര്‍ഥികള്‍

എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുപ്രണോയ്‌യുടെ ദുരൂഹമരണത്തെ തുടര്‍ന്നും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി വിരുദ്ധ നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. 2017 ജനുവരി ആറിന് തൃശ്ശൂരിലെ പാമ്പാടി നെഹ്‌റു കോളേജിലെ ശുചിമുറിയിലാണ് ജിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിലെ ശുചിമുറിയുടെ കൊളുത്തില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയിലാണ് കൂട്ടുകാര്‍ ജിഷ്ണുവിനെ കണ്ടത്. കോളേജ് പരീക്ഷയില്‍ കോപ്പിയടിച്ചത് അദ്ധ്യാപകര്‍ കണ്ടുപിടിച്ചതിന്റെ മനോവിഷമത്തിലാണ് ജിഷ്ണു ആത്മഹത്യചെയ്തതാണെന്ന് കോളേജ് അധികൃതര്‍നല്‍കിയ വിശദീകരണം. എന്നാല്‍, ആത്മഹത്യയില്‍ ദുരഹതകള്‍ അഴിക്കാനുള്ള ശ്രമത്തിനിടെ കോളേജിലെ ഞെട്ടിപ്പിക്കുന്ന പല വസ്തുതകള്‍ കൂടിയാണ് പുറത്തുവന്നത്. വിദ്യാര്‍ഥികളെ അച്ചടക്കം പഠിപ്പിക്കാന്‍ കോളേജില്‍ ഇടിമുറി തന്നെയുണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിരുന്നു. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തില്‍ ഇടിമുറിയില്‍ നിന്ന് രക്തപ്പാടുകള്‍ കണ്ടെത്തിയിരുന്നു. ജിഷ്ണുവിന്റേത് ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും ഫലപ്രദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അമ്മ മഹിജ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ നിരാഹാരസമരം നടത്തിയിരുന്നു. കൂടാതെ സ്വാശയ കോളജ് മാനേജ്‌മെന്റുകള്‍ക്കെതിരെ സംസ്ഥാനത്ത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. പക്ഷേ ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെ പറ്റി അന്വേഷണങ്ങളേറെ നടന്നെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. അമല്‍ ജ്യോതിയിലെ സംഭവവികാസങ്ങള്‍ പോലെ തന്നെ ആ വാര്‍ത്തകളും പീന്നിട് മുഖ്യധാരയില്‍ നിന്ന് മായ്ച്ചുകളയപ്പെടുകയായിരുന്നു.

ജിഷ്ണുപ്രണോയ്‌
ജിഷ്ണുപ്രണോയ്‌

കോളേജുകളിലെ വിദ്യാര്‍ഥി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെയുള്ള രക്ഷിതാക്കളുടെ പ്രതികരണങ്ങള്‍ വളരെ കുറവാണെന്ന വസ്തുതയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നെഹ്‌റു കോളേജിലെ ഇടിമുറികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ജിഷ്ണുവിന്റെ അമ്മക്കൊപ്പം നില്‍ക്കാന്‍ ഭൂരിപക്ഷം രക്ഷിതാക്കളും തയ്യാറായില്ല. അമല്‍ജ്യോതി കോളേജിലും ഇത് തന്നെയാണ് ആവര്‍ത്തിച്ചത്. കോളേജുകള്‍ പിന്തുടരുന്ന വിദ്യാര്‍ഥി വിരുദ്ധ പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാതെ നിശ്ശബദ്ം പിന്തുണക്കുകയാണ് ഈ രക്ഷിതാക്കള്‍ ചെയ്യുന്നത്. തങ്ങളുടെ മക്കള്‍ അടിസ്ഥാന അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട്, കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനു സമാനമായി ജീവിക്കുകയാണെന്ന് അറിഞ്ഞിട്ടും അതിനെതിരെ ശബ്ദമുയര്‍ത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നില്ല.

കരിയറിസത്തിന്റെയും അക്കാദമിക്ക് നേട്ടങ്ങളുടെയും ഗിമ്മിക്കില്‍ അടിമപ്പെട്ട രക്ഷിതാക്കള്‍ക്ക് കുട്ടികളെ മനസ്സിലാക്കാന്‍ കഴിയണമെന്നില്ല. സ്വാശ്രയ കോളേജുകള്‍ നടത്തുന്ന വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ ഓരോ സമയങ്ങളിലും വിദ്യാര്‍ഥികളെ കുരുതികൊടുക്കേണ്ട സ്ഥിതിയാണുള്ളത്.

കോളേജ് അധികൃതര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് മക്കളുടെ കരിയറിനെ ബാധിക്കുമെന്ന ഭയമായിരിക്കാം ഇതിനെയല്ലാം പിന്തുണക്കാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കുന്നത്. പക്ഷേ അവരുടെ നിശ്ശബ്ദതകളിലൂടെ വളര്‍ന്നുവരുന്ന അധികൃതരുടെ പരമാധികാരത്തിന്റെ വിഷലിപ്തങ്ങള്‍ അവര്‍ തിരിച്ചറിയുന്നില്ല. അതുപോലെ കരിയറിസത്തിന്റെയും അക്കാദമിക്ക് നേട്ടങ്ങളുടെയും ഗിമ്മിക്കില്‍ അടിമപ്പെട്ട ഈ രക്ഷിതാക്കള്‍ക്ക് കുട്ടികളെയും മനസ്സിലാക്കാന്‍ കഴിയണമെന്നില്ല. സ്വാശ്രയ കോളേജുകള്‍ നടത്തുന്ന വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ ഓരോ സമയങ്ങളിലും വിദ്യാര്‍ഥികളെ കുരുതികൊടുക്കേണ്ട സ്ഥിതിയാണുള്ളത്.

രാഷ്ട്രീയ പാര്‍ട്ടികളികള്‍ക്ക്
ഇടമില്ലാത്ത ക്യാമ്പസുകള്‍

തങ്ങളുടെ പരമാധികാരം ചോദ്യംചെയ്യപ്പെടാതിരിക്കാൻ വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകള്‍ക്ക്​ വിലക്ക് കല്‍പ്പിക്കാനാണ് സ്വാശ്രയ കോളേജുകളെല്ലാം ആദ്യം ശ്രമിക്കുന്നത്. അക്കാദിമക്‌സിലേക്ക് മാത്രമായി വിദ്യാര്‍ഥികളെ യാന്ത്രികവത്കരിക്കുന്നതും ക്യാമ്പസുകളിലെ പൊളിറ്റിക്കല്‍ സ്‌പേസുകള്‍ കുറക്കുന്നതും യുവതലമുറയെ പ്രതികൂലമായാണ് ബാധിക്കുന്നത്. നമ്മള്‍ ജീവിക്കുന്ന സമൂഹത്തെ മനസ്സിലാക്കാനുള്ള വിദ്യാര്‍ഥികളുടെ വിവേചനബുദ്ധിയെ പോലും ഇത്തരം സ്ഥാപനങ്ങള്‍ നിയന്ത്രിക്കുകയാണ്. പറയുന്ന കാര്യങ്ങളൈല്ലാം എതിര്‍ക്കാതെ അനുസരിക്കാന്‍ മാത്രം ശീലിക്കപ്പെടുന്ന ഒരു വിദ്യാര്‍ഥി സമൂഹത്തെയാണ് ഇത്തരം സ്ഥാപനങ്ങള്‍ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്.

പാമ്പാടി നെഹ്‌റു കോളേജ്
പാമ്പാടി നെഹ്‌റു കോളേജ്

നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധ്യപ്പെടാനും അതിനെതിരെ പ്രതികരിക്കാനുമുള്ള ആര്‍ജ്ജവം രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പങ്കെടുക്കുന്നതിലൂടെയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതെന്നാണ് എസ്.എഫ്.ഐ നേതാവായ അനുശ്രീ പറയുന്നത്: '' വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി, സാമൂഹിക പൗരരായി വളര്‍ന്നുവരുന്ന സമയത്ത് ചുറ്റുപാടുകളെക്കുറിച്ച് ബോധ്യമുണ്ടാക്കാനും അഭിപ്രായങ്ങളുണ്ടാക്കാനും കഴിയുന്നുണ്ട്. ഉന്നത വിദ്യാഭ്യാസനയത്തില്‍ ആസൂത്രിതമായ മാറ്റങ്ങളുണ്ടായി കൊണ്ടിരിക്കുമ്പോള്‍ വിവേചനബുദ്ധിയോടെ വര്‍ഗീയതയെ തിരിച്ചറിയാനും മതനിരപേക്ഷമായി പ്രവര്‍ത്തിക്കാനുമുള്ള കഴിവ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നുണ്ട്. ക്യാമ്പസുകളില്‍ വിദ്യാര്‍ഥി സംവാദങ്ങളുണ്ടാകേണ്ടതുണ്ട്. ഇതില്‍ രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്. എന്‍.സി. ആര്‍.ടി പുസ്തകങ്ങളിലടക്കം വ്യാജ ചരിത്ര നിര്‍മ്മിതി നടക്കുന്ന കാലമാണിത്. പാഠഭാഗങ്ങളില്‍ വരുന്ന മാറ്റങ്ങളെയും പുതിയ വിദ്യാഭ്യാസ നയത്തിലൂടെ വരുന്ന പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ആശങ്കകളും വിദ്യാര്‍ഥികള്‍ പങ്കുവെക്കാറുണ്ട്. വിദ്യാഭ്യാസ മേഖലയുമായുള്ള ക്രമീകരണങ്ങള്‍ക്ക് അകത്തും വിദ്യാര്‍ഥികളുടെ അഭിപ്രായം ഉറപ്പുവരുത്താന്‍ കഴിയേണ്ടതുണ്ട്' - കാമ്പസുകളില്‍ രാഷ്ട്രീയം പറയേണ്ടത് അത്യാവശ്യമാണെന്നും അനുശ്രീ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു

എന്നാല്‍ പല സ്വാശ്രയ കോളേജും രാഷ്ട്രീയസംഘടനകളെ വിലക്കുന്നതോടൊപ്പം തന്നെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകള്‍ നടത്താനും ശ്രമിക്കുന്നില്ല. തങ്ങളെ ആരു നയിക്കണമെന്ന തീരുമാനിക്കുള്ള അവകാശം ആത്യന്തികമായി വിദ്യാര്‍ഥികള്‍ക്ക് തന്നെയാണ്​. എന്നാല്‍ മാനേജ്‌മെന്റുകള്‍ നിക്ഷിപ്ത താല്‍പ്പര്യമനുസരിച്ച് വിദ്യാര്‍ഥി നേതാക്കളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ബോധ്യപ്പെടുത്തുന്ന അവകാശ പത്രികകള്‍ ക്യാമ്പസുകളില്‍ സമര്‍പ്പിക്കപ്പെടാറുണ്ടെങ്കിലും അത് എത്രത്തോളം ഫലവത്തായി നടപ്പിലാകുന്നുണ്ടെന്നത് സംശയകരമാണ്.

അനുശ്രീ
അനുശ്രീ

അവഗണിക്കപ്പെടുന്നു, വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കൃത്യമായി ആശയവിനിമയങ്ങള്‍ നടത്തി, പരിഹരിച്ചുകൊണ്ടു മുന്നോട്ടുപോകാനുള്ള ശ്രമങ്ങള്‍ അധികാരികള്‍ നടത്തിയാല്‍ തന്നെ വലിയ മാറ്റങ്ങളുണ്ടാകും. പക്ഷേ അത്തരം ആശയ വിനിമയങ്ങള്‍ നടക്കുന്നില്ല. വിദ്യാര്‍ഥികള്‍ നേരിടുന്ന മാനസിക പ്രയാസങ്ങളെക്കുറിച്ച് അദ്ധ്യാപകരും കോളേജ് അധികൃതരും ബോധവാന്മാരാകേണ്ടത് പ്രധാനമാണ്. മനുഷ്യന്റെ ചിന്താരീതികളെ സ്വാധീനിക്കുന്ന ഫോര്‍ ബ്രെയിന്‍ വികസിച്ചുവരുന്ന കാലത്തിലാണ് വിദ്യാര്‍ഥികള്‍ ഡിഗ്രി ചെയ്യുന്നത്. നമുക്കുമുന്നില്‍ വരുന്ന മാറ്റങ്ങളെയും വെല്ലുവിളികളെയും ഏതുതരത്തില്‍ നേരിടണമെന്ന ചോദ്യത്തെ അവര്‍ നിരന്തരം നേരിടേണ്ടി വരുന്നുണ്ട്. സ്‌ക്കൂള്‍ കാലഘട്ടത്തില്‍ നിന്ന് വൃത്യസ്തമായ ഒരു കാലഘട്ടമാണിത്. നിരന്തരം ആവര്‍ത്തിച്ചുവരുന്ന അസൈമെൻറ്​, സെമിനാര്‍, മിഡ് സെമസ്റ്റര്‍ ടെസ്റ്റ് തുടങ്ങിയ ആവര്‍ത്തിച്ചുവരുന്ന പതിനെട്ടോളം ഇന്റേണല്‍ അസെസ്‌മെന്റിലൂടെയാണ് ഇവര്‍ കടന്നുപോകുന്നത്. മാറുന്ന പരീക്ഷാ സമ്പ്രദായങ്ങളും ഇവരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരം സംഘര്‍ഷങ്ങള്‍ക്കൊപ്പമാണ് ജാതി -മത- ലിംഗ- പരമായ വിവേചനങ്ങളും കോളേജുകളില്‍ നിന്ന് ഇവര്‍ നേരിടേണ്ടി വരുന്നത്. ഈ പ്രതിസന്ധകളെയെല്ലാം തരണം ചെയ്യാന്‍ വിദ്യാര്‍ഥികളെ തയ്യാറെടുപ്പ് നടത്തേണ്ടത് പ്രധാനമാണ്.

‘‘ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിരവധി ആത്മഹത്യകള്‍ നടക്കുന്നുണ്ട്. വികാസപരമായി അവര്‍ക്കുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞ് അവരുമായി ഇടപഴകാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ വിദ്യാര്‍ഥികളെ ആത്മഹത്യകളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയും.’’

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനോ, ക്ലാസ്സിലെ അവഹേളനങ്ങള്‍ കൊണ്ടോ മാത്രമല്ല വിദ്യാര്‍ഥികള്‍ആത്മഹത്യ ചെയ്യുന്നത്. പലതരം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം പുതിയ പ്രശ്‌നങ്ങള്‍ കൂടി തരണം ചെയ്യാന്‍ കഴിയാതെയാണ് പലരും ആത്മഹത്യയിലേക്ക് എത്തുന്നത്. വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയെ അവരുടെ വികാസപരമായ വളര്‍ച്ചയെയും ഓരോ കാര്യങ്ങളെയും ഇവര്‍ സമീപിക്കുന്ന രീതിയും അനുസരിച്ച് തന്നെ മനസ്സിലാക്കണം. കൗണ്‍സിലിങ്ങ് ആര്‍ക്കും ചെയ്യാന്‍ കഴിയുമെന്നതും മറ്റൊരു തെറ്റിദ്ധാരണയാണ്. ഒരാളെ എങ്ങനെ കേള്‍ക്കണമെന്നും ഇടപെടണമെന്നും അറിയണമെങ്കില്‍ ശാസ്ത്രീയ പരീശിലനം ആവശ്യമാണ്. കോളേജുകളിൽ പരിശീലനവും യോഗ്യതയും നേടിയ മനഃശാസ്ത്രജ്ഞരെ നിയമിക്കേണ്ടത് പ്രധാനമാണെന്നാണ് കേരള സര്‍വകലാശാലയിലെ സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റ്റിസി മറിയം തോമസ് പറയുന്നത്: '' സര്‍ക്കാര്‍- സ്വകാര്യ കോളേജുകളിൽ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. രണ്ട് സ്ഥാപനങ്ങളിലും വിദ്യാര്‍ഥികളുടെ വികാസപരമായ പരിണാമ സ്റ്റേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇവരിലുണ്ടാകുന്ന സ്വാധീനവും അറിഞ്ഞിട്ടുണ്ട്. നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ വിദ്യാര്‍ഥികളെ മുന്നേ തന്നെ തയ്യാറാക്കുക എന്നത് പ്രധാന കാര്യമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിരവധി ആത്മഹത്യകള്‍ നടക്കുന്നുണ്ട്. വികാസപരമായി അവര്‍ക്കുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞ് അവരുമായി ഇടപഴകാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ വിദ്യാര്‍ഥികളെ ആത്മഹത്യകളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയും. മാനസികാരോഗ്യ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മെന്ററിങ്ങ് നല്‍കേണ്ടത് അത്യാവശ്യമാണ്. ഇതിന് അദ്ധ്യാപകര്‍ക്കും സ്റ്റുഡന്‍സ് യൂണിയനുമെല്ലാം മെന്ററിങ്ങ് പരിശീലനം നല്‍കി വിദ്യാര്‍ഥികള്‍ക്ക് പിന്തുണ സംവിധാനം ഉറപ്പുവരുത്തേണ്ടതുണ്ട്. മെന്ററിങ്ങെന്നാല്‍ കൗണ്‍സിലിങ്ങല്ല. വിദ്യാര്‍ഥികള്‍ക്ക് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നുപറയാനുള്ള കമ്പാനിയനെ ഉണ്ടാകുക എന്നതാണ് മെന്ററിങ്ങിലൂടെ ഉദ്ദേശിക്കുന്നത്. സിസ്റ്റമാറ്റിക്കായി തന്നെ മെന്ററിങ്ങ് നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കുട്ടികള്‍ക്ക് മെഡിക്കല്‍ സഹായം ആവശ്യമുണ്ടെന്ന് തോന്നിയാല്‍ അത് തിരിച്ചറിയാനും ലഭ്യമാക്കാനും മെന്റര്‍മാര്‍ ശ്രമിക്കേണ്ടതുണ്ട്. വിദേശ യൂണിവേഴ്‌സിറ്റികളിൽ ഇത്തരം കാര്യങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ട്.'

ഡോ. റ്റിസി മറിയം തോമസ്
ഡോ. റ്റിസി മറിയം തോമസ്

സ്വാശ്രയ സ്ഥാപനങ്ങൾ വലിയ ഫീസ്​ ഈടാക്കി, വിദ്യാര്‍ഥികളുടെ സർവ അധികാരവും തീറെഴുതി വാങ്ങിക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കോളേജിന്റെ വിദ്യാര്‍ഥിവിരുദ്ധ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയുമെങ്കില്‍ തുടര്‍പഠനം നടത്തിയാല്‍ മതിയെന്ന ധാര്‍ഷ്ട്യം കോളേജ് അധികൃതര്‍ പിന്തുടരുന്നുണ്ട്. വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞുള്ള വിദ്യാഭ്യാസ സിസ്റ്റം നമ്മുക്കില്ലെന്നത് പോരായ്മയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് തന്നെ മാനസികാരോഗ്യത്തെ സംബന്ധിച്ച വിഷയങ്ങള്‍ പറഞ്ഞുതുടങ്ങേണ്ടതുണ്ട്. മാനസികാരോഗ്യം പ്രധാനമാണെന്ന് വിദ്യാര്‍ഥികളും അദ്ധ്യാപകരും അധികൃതരും മനസ്സിലാക്കേണ്ടതുണ്ട്. ഇതിനായി ചില നിര്‍ദ്ദേശങ്ങളും റ്റിസി മറിയം മുന്നോട്ടുവെക്കുന്നുണ്ട്

  • കരിക്കുലത്തില്‍ മാറ്റങ്ങളുണ്ടാകേണ്ടതുണ്ട്. വിദ്യാര്‍ഥികളില്‍ മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കുന്ന പെഡഗോജിക്കല്‍ രീതികളില്‍ മാറ്റം കൊണ്ടുവരാവുന്നതാണ്.

  • വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയം വര്‍ധിപ്പിക്കാന്‍ സ്റ്റുഡന്‍ മെന്ററിങ്ങ്, പിയര്‍ മെന്ററിങ്ങ് പോലുള്ള കാര്യങ്ങളില്‍ അദ്ധ്യാപകര്‍ക്കും സ്റ്റുഡന്‍സ് യൂണിയനും മാനേജ്‌മെന്റിനും പരിശീലനം നല്‍കാം

  • ഏതു സബജക്ടിന്റെയും സിലബസിൽ വിദ്യാര്‍ഥികള്‍ക്ക് സ്വയം അവബോധം നല്‍കുന്ന വ്യക്തിത്വ വികസനവും ഉള്‍പ്പെടുത്തേണ്ടതുണ്ട്.

  • വിദ്യാര്‍ഥികളുടെ അക്കാദമിക്ക് കാര്യങ്ങള്‍ പരിശോധിക്കുന്ന സമയത്ത്, അവര്‍ക്ക് പ്രത്യേകം പിന്തുണ സബ്​ജക്​റ്റുകൾക്ക്​ അസെസ്‌മെൻറ്​ നല്‍കാവുന്നതാണ്.

  • വിദ്യാര്‍ഥി പ്രവേശനത്തേടൊപ്പം മാനസികാരോഗ്യത്തെ സംബന്ധിച്ച പിന്തുണാ സംവിധാനങ്ങളെക്കുറിച്ച് ഇന്റഗ്രേഷന്‍ പോഗ്രാമുകള്‍ സംഘടിപ്പിക്കാം. സൈക്കോളജി ഡിപ്പാര്‍ട്ടമെന്റിനെ ഇതിന്​ ഉപയോഗിക്കാം.

  • വിദ്യാർഥികളെ കൂടി പരിഗണിക്കുന്ന രീതിയില്‍ ബോധനരീതിയില്‍ സ്ട്രക്ചറലായ മാറ്റം ആവശ്യമാണ്. അദ്ധ്യാപനത്തിലും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.

  • കോളേജ് അധികൃതരും അദ്ധ്യാപകരും വിദ്യാര്‍ഥികളോട് കാണിക്കുന്ന പെരുമാറ്റ സംസ്‌കാരങ്ങള്‍ പരിശോധനാ വിധേയമാക്കണം. ഒരു സിലബസ് എങ്ങനെയാണ് വിദ്യാര്‍ഥികളില്‍ പ്രയോഗിക്കപ്പടുന്നതെന്ന് വിലയിരുത്തപ്പെടണം.

  • വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. അദ്ധ്യാപകരും അനദ്ധ്യാപകരും അധികൃതര്‍ക്കുമെല്ലാം ഈ വിഷയത്തില്‍ പ്രത്യേക പരിശീലനം നല്‍കണം.

വലിയ ജോലിയും ശമ്പളവും കിട്ടുക എന്നതിനപ്പുറം, ഒരാളുടെ വൈകാരിക- മാനസികആരോഗ്യത്തെ ബാധിക്കാതെ ആത്മത്തെ മനസ്സിലാക്കി ആസ്വദിച്ചാണ് വിദ്യാഭ്യാസ കാലയളവ് കടന്നുപോകേണ്ടത്. വിദ്യാഭ്യാസ കാലയളവില്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെയും സ്ട്രസ്സുകളെയും എങ്ങനെയാണ് നേരിടുകയെന്ന് മനസ്സിലാക്കി സമാധാനമായി പൂര്‍ത്തികരിക്കാന്‍ കഴിയുമ്പോഴാണ് വിദ്യാഭ്യാസം ശരിയായ അര്‍ത്ഥത്തില്‍ നടക്കുന്നത്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ മനസ്സിലാക്കാന്‍ സ്​ഥാപനങ്ങള്‍ മുൻകൈയ്യെടുക്കുന്നില്ല. അവർ ഇപ്പോഴും കോളേജുകളിലെ സീലീങ്ങ് ഫാനുകള്‍ അഴിച്ചെടുത്ത് ആത്മഹത്യകള്‍ക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്.

പല സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലും പി.എച്ച്.ഡി വിഷയങ്ങളുടെ ഗൈഡ് ലൈനുകളില്‍ രാജ്യവിരുദ്ധത പോലുള്ള വിഷയങ്ങളുണ്ടാകരുതെന്ന തരത്തിലുള്ള നോണ്‍ അക്കാദമിക്കലായ ഇടപെടലുകളാണ് ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്നത്​

സെൻസറിങിന്​ വിധേയമാക്കപ്പെടുന്ന അധ്യാപകർ

രാജ്യത്തെ പ്രധാന സര്‍വകലാശാലകളെല്ലാം സ്റ്റേറ്റിന്റെ പരാമാധികാരത്തിലേക്ക്​ ചുരുങ്ങി, കീഴ്‌പ്പെട്ടു കഴിഞ്ഞു. ഇത്തരം സര്‍വകലാശാലകളെല്ലാം നിയന്ത്രിക്കുന്നത് ഭരണകൂടത്തിന്റെ കൈയ്യാളുകളാണ്. പല സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലും പി.എച്ച്.ഡി വിഷയങ്ങളുടെ ഗൈഡ് ലൈനുകളില്‍ രാജ്യവിരുദ്ധത പോലുള്ള വിഷയങ്ങളുണ്ടാകരുതെന്ന തരത്തിലുള്ള നോണ്‍ അക്കാദമിക്കലായ ഇടപെടലുകളാണ് ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്നതെന്നാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ അദ്ധ്യാപകനായ എസ്. മുഹമ്മദ് ഇര്‍ഷാദ് പറയുന്നത്: “ക്ലാസ്​ റൂമില്‍ പോലും ഒരു അദ്ധ്യാപകനെന്ന നിലയില്‍ നമ്മുടെ സ്വാതന്ത്രത്തെക്കുറിച്ച്​ സംശയങ്ങളുണ്ടാകാറുണ്ട്. പൊതുവായ അഭിപ്രായം വിദ്യാര്‍ഥികളോട് പറയുന്നതില്‍ പോലും സെന്‍സറിങ്ങ് ചെയ്യേണ്ടിവരുന്നുണ്ട്. ഇത്തരമൊരു സെന്‍ട്രലൈസേഷന്റെയും ഭയത്തിന്റെയും കീഴിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അംബേദ്ക്കര്‍ സ്റ്റുഡൻറ്​സ്​ അസോസിയേഷന്‍ പോലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി പിന്തുണയില്ലാതെ വരുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്ക് ക്യാമ്പസുകളിലെ യൂണിയനുകളില്‍ മേല്‍ക്കൈ കിട്ടുന്നത് പ്രതീക്ഷാവാഹമാണ്. അംബേദ്ക്കര്‍ അസോസിയേഷന്‍, ബിര്‍സാ മുണ്ടെ അസോസിയേഷന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും രാഷ്ട്രീയ കൂട്ടായ്മകളുണ്ടാകുന്നുണ്ട്. ഇവരാണ് ക്യാമ്പസുകളില്‍ രാഷ്ട്രീയ ക്യാമ്പയിനുകള്‍ കൊണ്ടുവന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യപ്പെടുന്നത്. വ്യവസ്ഥിതിയോടും അക്കാദമിക്‌സിനോടും ഒരുപോലെ സമരം ചെയ്താണ് അവര്‍ വിദ്യാഭ്യാസം നടത്തുന്നത്.’’

എസ്. മുഹമ്മദ്  ഇര്‍ഷാദ്
എസ്. മുഹമ്മദ് ഇര്‍ഷാദ്

കേരളത്തിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും പഠന- ബോധനരീതികളില്‍ വലിയ വ്യത്യാസങ്ങളുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ അനുപാതം കുറയുന്നതും അതേസമയം മലയാളി വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പഠിക്കാനായി പോകുന്നതും സംബന്ധിച്ച ചര്‍ച്ചകളും ഉയരുന്നുണ്ട്. ഇതേതുടര്‍ന്ന് കേരളത്തിലെ പഠനരീതികളെക്കുറിച്ച് വിവിധ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയിലുള്ള വ്യത്യാസങ്ങളാണ് വിദ്യാര്‍ഥി പലായനത്തിന് കാരണമായി പറയുന്നത്. സ്വാശ്രയ കോളേജുകളില്‍ തുടര്‍ന്നുവരുന്ന ഈ വിദ്യാര്‍ഥി പീഡനങ്ങളും ഒരു തരത്തില്‍ ഇത്തരത്തിലുള്ള വിദ്യാര്‍ഥി പലായനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അടുത്ത തലമുറയുടെ രൂപീകരണത്തിന്റെ ചാലക ശക്തികളായ പ്രവർത്തിക്കേണ്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഇത്തരത്തില്‍ സ്റ്റേറ്റിന്റെയും സ്വകാര്യ വ്യക്തികളുടെയും മര്‍ദ്ദനോപാധികളായി ചുരുങ്ങി പോകുന്നത് വിഷമകരമാണ്. വിദ്യാര്‍ഥി സൗഹൃദമാകുന്ന നിലയിലേക്ക് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റേണ്ടതുണ്ട്. വിദ്യാർഥികളുടെ മാനസികാവസ്ഥകള്‍ കൂടി പരിഗണിച്ചുകൊണ്ട് ബോധനരീതികളിലും വിദ്യാഭ്യാസ രീതികളിലും സ്ട്രക്ചറലായ മാറ്റങ്ങളുണ്ടാകേണ്ടതുണ്ട്. അതുപോലെ വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പ്രതികരണങ്ങള്‍ ഉയര്‍ന്നുവരേണ്ടത് അത്യാവശ്യമാണ്. അത് പരിഗണിക്കുന്ന ഒരു സംവിധാനം കൂടി വിദ്യാഭ്യാസ മേഖലയ്​ക്ക്​ അനിവാര്യമാണ്​.

Comments