‘ഇവിടെ എങ്ങനെ താമസിക്കും സാറെ?’
ഇടതുസർക്കാർ കാണുന്നുണ്ടോ, ഭൂതിവഴിയിലെ ആദിവാസികളെ?

അട്ടപ്പാടി അഗളി പഞ്ചായത്തിലെ ഭൂതിവഴി ഊര് നിവാസികൾ കഴിഞ്ഞ എട്ട് വർഷമായി നിയമപോരാട്ടത്തിലാണ്. ഭവനനിർമാണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പിനാണ് ഇരുള വിഭാഗത്തിൽപ്പെട്ട ഈ ആദിവാസി മനുഷ്യർ ഇരയായത്. ലൈഫ് മിഷൻ പദ്ധതിയിലൂടെ ഇവർക്ക് ലഭിച്ച ഭൂമി അന്നത്തെ വാർഡ് മെമ്പറായിരുന്ന ജാക്കിറിന്റെ നേതൃത്വത്തിൽ ഇവരിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു. ഇന്നും മഴയത്ത് ചോർന്നൊലിക്കുന്ന വീടിന് എന്തെങ്കിലും പരിഹാരമുണ്ടാകണമെന്ന ആവശ്യവുമായി ആദിവാസി സ്ത്രീകൾ കോടതി കയറിയിറങ്ങുകയാണ്.

വഞ്ചിക്കപ്പെട്ട ആദിവാസി കുടുംബങ്ങളുടെ മുന്നിലുണ്ടായിരുന്ന അവസാനത്തെ പ്രതീക്ഷയായിരുന്നു പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി. പരാതി നൽകിയതിനെത്തുടർന്ന് അഗളി പോലീസ് അബ്ദുൽ ഗഫൂറിനെ ഒന്നാം പ്രതിയും ബഷീറിനെ രണ്ടാം പ്രതിയും വാർഡ് മെമ്പർ ജാക്കിറിനെ മൂന്നാം പ്രതിയും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറായിരുന്ന എം നിസാറുദ്ദീനെ നാലാം പ്രതിയുമാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എന്നാൽ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തട്ടിപ്പുസംഘം കേസിനെ അട്ടിമറിച്ചു. എന്നാൽ, വിട്ടുകൊടുക്കാൻ തയാറാകാതെ പറ്റിക്കപ്പെട്ട ഏഴുകുടുംബങ്ങൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

കേസിന്റെ വിചാരണ നടപടി നീട്ടികൊണ്ടുപോകാൻ നീക്കമുണ്ടായതോടെ തട്ടിപ്പിനിരയായ കലാമണിയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മൂന്ന് മാസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ഇതിനിടെ പി.എം ബഷീർ ഹൈക്കോടതിയെ സമീപിച്ച് വിചാരണക്ക് സ്റ്റേ നേടി. സ്റ്റേ നീക്കാൻ ഇതുവരെയും ഹൈക്കോടതിയെ സമീപിക്കാതെ ബഷീർ അടക്കമുള്ള പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇടത് സർക്കാർ സ്വീകരിക്കുന്നത്. സ്റ്റേ നീക്കി വിചാരണ ആരംഭിക്കാൻ കലാമണി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. മുഖ്യപ്രതികളിലൊരാൾ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി കൺവീനറായി പ്രവർത്തിച്ചു എന്നത് ഇവിടുത്തെ ഇടത് സർക്കാർ ആദിവാസി മനുഷ്യരെയും അവരുടെ പ്രശ്‌നങ്ങളെയും എങ്ങനെയാണ് സമീപിക്കുന്നു എന്നതിന്റെ തെളിവാണ്.

Comments