യു.എ.പി.എ പാർട്ടിയുടെ നയമല്ലയെന്ന് പിണറായി വിജയൻ പറഞ്ഞതായി, അലനേയും താഹയേയും അറസ്റ്റു ചെയ്തതിനുശേഷം താങ്കൾ തന്നെ പ്രതീക്ഷയോടെ പറഞ്ഞിരുന്നു. എന്നാൽ യു.എ.പി.എ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ഈ വൈരുദ്ധ്യത്തെ എങ്ങനെയാണ് കാണുന്നത്?
ഇന്ത്യൻ സാഹചര്യത്തിൽ ഭരണകൂടം നടപ്പിൽ വരുത്തുന്ന കരിനിയമങ്ങൾക്കെതിരായി ആശയതലത്തിൽ ഇടതുപക്ഷത്തിന് ജനകീയ നിലപാട് എടുക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ടാണ് മഹാരാഷ്ട്രയിലൊക്കെ ഞങ്ങൾ പതിനഞ്ച് ഇടതുപക്ഷ പാർട്ടികൾ ചേർന്ന് ബന്ദ് നടത്തിയാതെണെന്നൊക്കെ കാനം പറയുന്നത്. അതാണ് വേണ്ടതും.
പക്ഷെ ഇടതുപക്ഷം ഭരണത്തിൽ വരുമ്പോൾ മറ്റേതോ താൽപര്യം വരികയും ഇത് എതിർക്കപ്പെടേണ്ടതാണ്, ഭരണവും ഭരണകൂടവും വേറെ തന്നെയാണെന്നൊക്കെ പ്രത്യയശാസ്ത്രപരമായി പറയുന്ന നേതാക്കന്മാരുടെ ഇടയിലുള്ള വൈരുദ്ധ്യം നമുക്ക് മനസിലാവുകയും ചെയ്യുന്നു.
അപ്പോഴാണ് ഇ.എം.എസ് പറഞ്ഞ ഭരണത്തോടൊപ്പവും സമരവും എന്നുള്ള മുദ്രാവാക്യത്തിന് പ്രസക്തിയേറുന്നത്. പക്ഷേ ഇപ്പോൾ ഭരണക്കാർ ഇടതുപക്ഷമാകുമ്പോൾ സമരം ചെയ്യുന്നവർ തങ്ങൾക്കെതിരാണ് എന്ന രീതിയിൽ വ്യാഖ്യാനിച്ചു പോവുന്നു. ആ വ്യാഖ്യാനമാണ് തെറ്റ്. അതുകാരണം യുവജനസംഘടനകൾ മുഴുവൻ നിശബ്ദരാകുകയാണ് ചെയ്യുന്നത്.
ഇന്ത്യൻ സാഹചര്യത്തിൽ കൂടുതൽ ശക്തമായി, കൂടുതൽ നന്നായി ആശയ രൂപീകരണത്തിനുവേണ്ടി കരിനിയമങ്ങൾക്കെതിരായി നിലപാടെടുക്കുകയല്ലേ വേണ്ടത്. അത് ചെയ്യുന്നില്ല. പകരം ഞങ്ങളുടെ ഭരണമാണ്, ഇപ്പോൾ ഞങ്ങളുടെ അളിയന്മാരാണ് പൊലീസ് എന്ന രീതിയിലുള്ള തെറ്റായ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നിശബ്ദരാവുന്നതിനുമാണ് ഇടവരുന്നത്.
കേരളത്തിന് പുറത്തേക്ക് പോയിക്കഴിഞ്ഞാൽ, കേരളം സമരങ്ങളുടെ പൂക്കാലമുണ്ടായിരുന്ന ഇടമാണ്, അല്ലെങ്കിൽ പ്രതികരിക്കുന്നവരുടെ ഇടമാണ്, ഇവിടെ എല്ലാവരും മതേതരവാദികളാണ് എന്നൊക്കെ കുട്ടികൾ പറയുമ്പോൾ കേരളത്തിലെ ക്യാമ്പസുകൾ മുഴുവൻ വിപ്ലവകാരികളുടെ കയ്യിലാണ്. അവിടങ്ങളിൽ അലൻ താഹ വിഷയത്തിൽ ഒരു പോസ്റ്ററുപോലും ഒട്ടിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ്. അത് അശ്ലീലമാണ്.
ജനതാദളിന്റെ ഒരുവിഭാഗത്തിലെ യുവജനങ്ങൾ, ജയപ്രകാശ് നാരായണന്റെ സന്ദേശങ്ങളും ലോഹിയ പോലെയുള്ള ആൾക്കാരുടെ അടിയന്തരാവസ്ഥയ്ക്കെതിരായിള്ള സമരങ്ങളുടെയൊക്കെ ആവേശം ഉൾക്കൊണ്ട് പന്തീരാങ്കാവ് മുതൽ വിയ്യൂർ വരെ ഒരു വാഹനപ്രചരണ ജാഥ നടത്തി. അതിൽ വിളിച്ചപ്പോൾ ഞാൻ പോകുകയാണ് ചെയ്തത്. അതേപോലെ തന്നെ അടുത്തിടെ വിയ്യൂരിൽ മകനെ കാണാനായി പോയപ്പോൾ അതിന്റെ മുമ്പിൽ ഷെഡ് കെട്ടി അവിടെ അവർ നിരാഹാരമിരിക്കുന്നത് കണ്ടിരുന്നു. അതാണ് കേരളം. പ്രതികരിക്കുന്ന മനുഷ്യരുടെ അവസാനത്തെ പ്രതീക്ഷയാണ് സമരം എന്നു പറയുന്നത്. നിലവിൽ ഇടതുപക്ഷം 'പ്രതീക്ഷ' എന്ന വാക്കിന് അർത്ഥം കിട്ടാത്തവിധം ജീർണിച്ചിരിക്കുന്നു.
അലനും ത്വാഹയും അറസ്റ്റു ചെയ്യപ്പെട്ട ഉടൻ പാർട്ടിയുടെ ജില്ലാ നേതൃത്വം, സംസ്ഥാന നേതൃത്വം ഇപ്പോഴെടുത്ത നിലപാടിന് വിരുദ്ധമായ ഒരു നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. ഇതൊരുപക്ഷേ പൊലീസിന് വാശിയുണ്ടാക്കുകയോ ഒക്കെ ചെയ്തതിന്റെ ഫലമായിട്ടാണ് കേസ് ഇത്രയും സ്ട്രോങ്ങാക്കാനുള്ള തെളിവുകൾ ഉണ്ടാക്കപ്പെട്ടത് എന്നൊക്കെയുള്ള വ്യാഖ്യാനങ്ങളുണ്ട്. പാർട്ടിയുടെ ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇടയിൽ എന്തുകൊണ്ടായിരിക്കാം അങ്ങനെയൊരു കോൺഫ്ളിക്ട് വന്നത്? ഇപ്പോൾ സംസ്ഥാന നേതൃത്വത്തിന്റെ ലൈനിലേക്ക് തന്നെ ജില്ലാ നേതൃത്വം എത്തുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോടുള്ള പാർട്ടിയുടെ താഴെ തട്ട് മുതൽ മുകളിലെ തട്ടിൽവരെയുളള ആൾക്കാർക്ക് അറസ്റ്റു ചെയ്യുന്ന സമയത്തും ഈ വിഷയത്തിൽ യാതൊരു വിധ അഭിപ്രായ വ്യത്യാസവും ഇല്ല എന്നുള്ളതാണ്. തുടക്കത്തിൽ അവരെല്ലാവരും ഏകസ്വരത്തിലാണ് ഈ കുട്ടികളോടൊപ്പം നിന്നത്. താഹമുദ്രാവാക്യം വിളിച്ചതുമായൊക്കെ ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ഉയർന്നപ്പോൾ അതൊക്കെ പൊലീസുകാര് സൃഷ്ടിച്ചതാണ് എന്ന രീതിയിലുള്ള വ്യാഖ്യാനത്തോടുകൂടിത്തന്നെ കുട്ടികളോടൊപ്പം നിൽക്കുന്ന നിലപാടാണ് ഏരിയാ കമ്മിറ്റിയാണെങ്കിലും ജില്ലാ കമ്മിറ്റിയാണെങ്കിലുമൊക്കെ എടുത്തിട്ടുള്ളത്.
കുട്ടികൾ അറസ്റ്റിലായി മണിക്കൂറുകൾക്കകം അജിത പൊലീസ് സ്റ്റേഷനിൽ പോലും അന്വേഷിച്ച് യു.എ.പി.എയുടെ ഗൗരവമൊക്കെ വിളിച്ചു പറഞ്ഞിരുന്നു. അജിതയാണ് പറഞ്ഞത് നമുക്ക് മുഖ്യമന്ത്രിയെ കാണാം. അദ്ദേഹം ഇവിടെയുണ്ടെന്ന്. നവോത്ഥാന കമ്മിറ്റിയുമായൊക്കെ ബന്ധപ്പെട്ട് അടുത്ത് പ്രവർത്തിക്കുന്നതിനാൽ മുഖ്യമന്ത്രിയുമായും പി.എയുമായൊക്കെ അവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് അജിതയെ കൂട്ടി ഞങ്ങൾ അവിടെ പോകുന്നത്. ആ സമയം മുതൽ തന്നെ അതിന്റെ ഉള്ളിലുള്ള വൈരുദ്ധ്യം എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
എങ്ങനെ?
ഞങ്ങൾ ഒപ്പിട്ടുകൊടുക്കേണ്ട പേപ്പറിൽ ആറരയ്ക്കോ ആറേ മുക്കാലിനോ പിടിച്ചു എന്നാണ് പൊലീസുകാർ എഴുതിയിട്ടുള്ളതെന്നാണ് ഞങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞത്. പക്ഷേ മുഖ്യമന്ത്രി രണ്ടുപ്രാവശ്യം ഞങ്ങളോട് ഇങ്ങോട്ട് പറയുന്നത്, പത്തുമണിക്കല്ലേ പിടിച്ചത്, എന്നാണ്. അപ്പോൾ ഏതോ പൊലീസുകാരോ മറ്റോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. പൊലീസിനെക്കുറിച്ചൊക്കെയുള്ള അദ്ദേഹത്തിന്റെ ഇതുവരെയുള്ള രാഷ്ട്രീയ അനുഭവം മാറ്റിവെച്ചുകൊണ്ട് അദ്ദേഹം അതങ്ങനെ തന്നെ വിശ്വസിച്ചു എന്നുള്ളതാണ്.
ഒരമ്മ കരഞ്ഞുകൊണ്ട് പറയുകയാണ്, മകൻ സാധാരണ നിലയ്ക്ക് താമസിച്ച് വീട്ടിൽ വരാറില്ല, തൊട്ടടുത്തുള്ള ബ്രാഞ്ച് യോഗങ്ങളിൽ പങ്കെടുക്കുമ്പോഴേ പതിനൊന്ന് മണി വരെയൊക്കെ ആകാറുള്ളൂ. അല്ലാത്ത ദിവസം നേരത്തെ വന്ന് ഉറങ്ങിയിട്ട് രാവിലെ ഏഴു മണിക്ക് എണീറ്റ് പോവും. കഴിഞ്ഞ ഒരുമാസത്തോളമായി ഞാൻ തന്നെയാണ് അവനെ കെ.എസ്.ആർ.ടി.സിയിലോ അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലോ കൊണ്ടുവിടുന്നത്. അവന്റെ ദൈനംദിന ഇടപെടലിൽ യാതൊരു ദുരൂഹതയും ഞങ്ങൾ കണ്ടിട്ടില്ല. അങ്ങനത്തെ മകനാണ് പന്ത്രണ്ട് മണിയായിട്ടും വീട്ടിലെത്തിയില്ല സർ, രണ്ടു മണിയായിട്ടും വീട്ടിലെത്തിയില്ല സർ. ആക്സിഡന്റോ മറ്റോ പറ്റിയെന്നാണ് ഞങ്ങൾ കരുതിയതെന്ന്.
അതിനുമുമ്പ് അവർ ഞാൻ സാവിത്രി ടീച്ചറുടെ മകളാണെന്നൊക്കെ പറഞ്ഞുകൊണ്ട് പരിചയപ്പെടുത്തിയിരുന്നു. അതൊക്കെ അറിയാമെന്നുള്ള രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പക്ഷേ ഞങ്ങള് സമയം പറഞ്ഞപ്പോൾ, 'പത്ത് മണിക്ക് പിടിച്ചുവെന്നാണല്ലോ ഞാനറിഞ്ഞത്' എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ ആറുമണിക്കാണ് പിടിച്ചതെന്ന് ഞാനും കയറി പറഞ്ഞു. ആറുമണിക്ക് അങ്ങാടിയിൽ നിന്നും പിടിച്ചയാളെ അവിടെ കൊണ്ടുപോയി ചോദ്യം ചെയ്തത് ആറര, ആറേമുക്കാൽ എന്നാണ് എഴുതിയിട്ടുള്ളത്. പക്ഷേ രണ്ടുപ്രാവശ്യം അദ്ദേഹം ഞങ്ങളോട് പറഞ്ഞത് പത്തുമണിക്കാണെന്നാണ്. കൂട്ടത്തിൽ അന്വേഷിക്കാമെന്നും പറഞ്ഞു.
ഈ അന്വേഷിക്കാമെന്ന് പറഞ്ഞ്, അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ വിചാരിക്കുന്നതുപോലെയല്ല, കുട്ടികൾക്ക് ചില ബന്ധങ്ങൾ ഉണ്ട് എന്നോ കുട്ടികളെ സഹായിക്കാൻ പറ്റാത്ത സാഹചര്യമുണ്ട് എന്നോ ഇന്നുവരെ ഒരു ദൂതനേയും വിട്ട് മുഖ്യമന്ത്രി ഞങ്ങളോട് ഇങ്ങനെ പറഞ്ഞിട്ടില്ല എന്നുള്ളതാണ്. അവിടെയാണ് അലന്റെ അമ്മ പറഞ്ഞത്, ഇതൊരു ഇരട്ടത്താപ്പാണെന്ന്.
മുഖ്യമന്ത്രിയുടെ പക്കൽ നിന്നും ഞങ്ങൾ പുറത്തിറങ്ങി അരമണിക്കൂറിനുള്ളിലാണ് അവർ മാവോയിസ്റ്റുകൾ ആണ് എന്നു പറഞ്ഞുള്ള പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടുവരുന്നത്. അതും സംഭവിക്കാൻ പാടില്ലാത്തതാണ്. കാരണം സി.എം സ്വാഭാവികമായിട്ടും ഡി.ജി.പി ബെഹ്റയേയായിരിക്കും അന്വേഷിക്കാൻ ഏൽപ്പിച്ചിട്ടുണ്ടാവുക. ബെഹ്റ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥനോട് അന്വേഷിക്കാൻ പറയും. മുഖ്യമന്ത്രിയാണ് പത്രസമ്മേളനം നടത്തിയിട്ടോ മറ്റോ ലോകത്തിനോട് കാര്യം പറയേണ്ടത്. അല്ലെങ്കിൽ നമ്മളെ അറിയിക്കേണ്ടത്. ഇവിടെ അത് സംഭവിക്കാതെ ജില്ലാ പൊലീസ് മേധാവി പ്രഖ്യാപിക്കുകയാണ് അവർ മാവോയിസ്റ്റുകളാണെന്ന്. ഇതുകൊണ്ടാണ് മുഖ്യമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടു, അല്ലെങ്കിൽ നിസഹായനായ മുഖ്യമന്ത്രിയാണ് എന്ന് വ്യക്തിപരമായി ഞാൻ വിശ്വസിക്കുന്നത്.
പതിനാല് വയസുമുതൽ അലനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പൊലീസ് ഭാഷ്യം. അത്തരത്തിലുള്ള നിരീക്ഷണത്തിന്റേതായ സൂചനകൾ അറിയാൻ പറ്റിയിട്ടുണ്ടോ? എന്താണ് അങ്ങനെയൊരു ചർച്ച തന്നെ വരാൻ കാരണം?
എനിക്കു തോന്നുന്നത് അങ്ങനെയൊരു സാഹചര്യം ഉണ്ടാവാൻ കാരണം, പാറ ചന്ദ്രൻ എന്നുപറഞ്ഞിട്ട് ഒരു അധ്യാപകൻ ആഴ്ചവട്ടം സ്‌കൂളിൽ ഉണ്ടായിരുന്നു. അദ്ദേഹം ലെനിൻ രാജേന്ദ്രൻ മുതൽ കെ.ആർ മോഹനൻ വരെയുള്ള ആൾക്കാരെ ഒന്നാം ക്ലാസിലേയും രണ്ടാം ക്ലാസിലേയും കുട്ടികളോട് സംവദിക്കാൻ വേണ്ടി വിളിച്ചുകൊണ്ടുവന്നിട്ടുണ്ടായിരുന്നു. സിനിമകൾ കാണിച്ചുകൊടുക്കുമായിരുന്നു. എഴുതാനും വായിക്കാനും പഠിപ്പിച്ചുകൊടുക്കുമായിരുന്നു. അവിടെ പോസ്റ്റൽ സംവിധാനം (ക്ലാസിൽ നിന്നും ക്ലാസുകളിലേക്ക് കത്തയക്കാനുള്ള ഒരു സ്കൂൾ സംവിധാനം) ഉണ്ടായിരുന്നു. അത് ആദ്യമായിട്ട് കോഴിക്കോട് വരുന്നത് മോനൊക്കെ പഠിക്കുന്ന സമയത്താണ്. അവിടെ പി.ടി.എ പ്രസിഡന്റുമായിരുന്നു ഞാൻ.
അഞ്ചാം ക്ലാസ് മുതൽ അവന് സെൻട്രൽ ലൈബ്രറിയിൽ മെമ്പർഷിപ്പുണ്ട്. വായനയുടെ ഏരിയയിലേക്ക് ഒരാൾ കടന്നുവരുന്നു. അന്ന് മൊബൈൽ ഫോണില്ല. ആഴ്ചവട്ടം സ്‌കൂളിന്റെ അടുത്തുനിന്ന് ബസ് കയറിയാൽ സിറ്റി സ്റ്റാന്റിൽ ഇറങ്ങാമെന്നും അവിടെ നിന്നും നടന്നുപോയാൽ സെൻട്രൽ ലൈബ്രറിയിൽ എത്താമെന്നും ചിൽഡ്രൻ സെക്ഷനിൽ ഇരുന്നാൽ ഇത്രമണിയാകുമ്പോഴേക്കും ഞാൻ വരുമെന്നും അവനറിയാം. ഞമ്മൾ തമ്മിലുള്ള കരാർ അങ്ങനെയായിരുന്നു. ഇത്രമണിയാകുമ്പോഴേക്കും ഞാൻ വരും, അതുവരെ പുറത്തേക്ക് ഇറങ്ങേണ്ട എന്ന തരത്തിൽ. അതിനുശേഷം ടൗൺഹാളിലോ മറ്റോ എന്തെങ്കിലും പരിപാടിയുണ്ടെങ്കിൽ എന്റെ കൂടെ തന്നെ അവനുണ്ടാവും. അതൊരാളുടെ തുടക്കമാണ്.
ആ തുടക്കം ഒമ്പതാം ക്ലാസും പത്താം ക്ലാസുമെത്തുമ്പോഴേക്കും അവൻ എന്നെ ആശ്രയിക്കാതെ തന്നെ അവിടുത്തേക്കെത്തുന്ന തലത്തിൽ വളർന്നു. ആ വളർച്ച അയാളെ പുസ്തകം വായിക്കുന്നതിലേക്ക് മാത്രമല്ല, പുസ്തകം വിൽക്കുന്നതിലേക്കും എത്തിച്ചിരുന്നു. റാസ്ബറി അല്ലെങ്കിൽ മറ്റ് പുസ്തകശാലകളുടെയൊക്കെ പുസ്തകങ്ങൾ വാങ്ങിയി ടൗൺഹാളിന്റെ മുമ്പിലും മുതലക്കുളത്തുമൊക്കെ എന്തെങ്കിലും പരിപാടി നടക്കുമ്പോൾ അവിടെ കൊണ്ടുപോയി വിൽക്കുന്ന ഒരാളാക്കിമാറ്റി. അപ്പോൾ സ്വാഭാവികമായിട്ടും പൊലീസിങ്ങിന് വിധേയമായിട്ടുണ്ടാവും. അതാണ് ഇവര് നിരീക്ഷിച്ചുവെന്നു പറയുന്നത്.
ഈ സ്വതന്ത്രബോധം കൊണ്ടും പഠനം കൊണ്ടുമായിരിക്കാം സി.പി.ഐ.എമ്മുപോലും പതിനഞ്ചാമത്തെ വയസിൽ അവന് മെമ്പർഷിപ്പ് കൊടുത്തത്. അന്ന് ഞാൻ സി.പി.ഐ.എമ്മിലില്ല. പക്ഷേ ഞാനത് എതിർത്തിട്ടില്ല. ഒരാളുടെ വളർച്ചയെയോ, ശ്രദ്ധയെയോ താൽപര്യത്തെയോ തടയേണ്ട ഒരു കാര്യവുമില്ല.
ആ പ്രായത്തിൽ മെമ്പർഷിപ്പ് കിട്ടുമോ, എന്താണ് അതിന്റെ മാനദണ്ഡം?
ഭരണഘടനാ പരമായി പതിനെട്ടു വയസിലാണ് ഒരാൾക്ക് പാർട്ടി മെമ്പർഷിപ്പ് എടുക്കാനാവുക. വോട്ടവകാശത്തിന്റെ പ്രായമാണ് അതിന്റെ മാനദണ്ഡം.
താങ്കൾ 25 വർഷമായിട്ട് മെമ്പറായിട്ട് പിന്നീടൊരുഘട്ടത്തിൽ പാർട്ടി മെമ്പർഷിപ്പ് വേണ്ടായെന്നു വെച്ചയാളാണ്. അതെന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?
സ്വാഭാവികമായിട്ടും നമുക്ക് ഇടമില്ല എന്നു കണ്ടെത്തുന്നിടത്തുനിന്നും തിരിഞ്ഞുനടക്കാനും നമുക്ക് പറ്റേണ്ടതുണ്ട്. ഒരുപക്ഷെ എന്റെ കുടുംബത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്കാരനായിരിക്കാം ഞാൻ. മുസ്ലിം ലീഗിനും കോൺഗ്രസിനുമൊക്കെ മുൻതൂക്കമുള്ള മതബോധമൊക്കെ നിലനിൽക്കുന്ന ഒരു പ്രദേശത്തുനിന്നാണ് ഞാൻ കമ്മ്യൂണിസ്റ്റാകുന്നത്. കമ്മ്യൂണിസത്തിലുള്ള മനുഷ്യത്വവും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഏരിയ കണ്ടെത്തിയിട്ടാണ് അതിലേക്ക് വരുന്നത്. ഇതൊരു ഉപജീവനാർത്ഥം കാണുകയോ അല്ലെങ്കിൽ അളിയൻ കമ്മ്യൂണിസ്റ്റായതുകൊണ്ട് മൂപ്പര് കമ്മ്യൂണിസ്റ്റായി എന്നുപറയുന്നതുപോലെയോ അല്ല. അതുപോലെ തന്നെ നമുക്ക് തിരിച്ചുനടക്കാനും പറ്റും. നമുക്ക് പഠിക്കാനും അറിയാനും വേറെ ഏരിയകളുണ്ട്. തിരിച്ചു നടക്കുമ്പോഴും അലനെ ഞാൻ തടയേണ്ട ഒരാവശ്യം വരുന്നില്ല.
അലന്റെ അറസ്റ്റിനുശേഷം ഒരുഘട്ടത്തിൽ താങ്കൾ പറഞ്ഞിട്ടുണ്ട്, രാജന്റെ പേരും പറഞ്ഞ് ഇനി ഇടതുപക്ഷത്തിന് വോട്ടു പിടിക്കാൻ അവകാശമില്ല എന്ന്.
അന്ന് രാജൻ എവിടെയെന്ന് ക്യാമ്പസിലെ ഓരോ വിദ്യാർഥിയും ചോദിച്ചിരുന്നു. എല്ലാ വിദ്യാർഥികളും ചോദിക്കുന്ന സമയത്തും രാജൻ നക്സലേറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല. ഇവിടെ ഈ കുട്ടികളുടെ കാര്യത്തിൽ മാവോയിസ്റ്റാണെന്ന് പറഞ്ഞ് ആദ്യം തന്നെ അവരെ കോർണർ ചെയ്യാനാണ് ഇടതുപക്ഷം തന്നെ മുൻകൈയെടുക്കുന്നത്. അവരുടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് വോയിസ് തന്നെയില്ല. ഒരു പ്രസ്താവന നടത്താൻ പോലുമുള്ള വോയ്സില്ല. സ്വതന്ത്രരാണെന്ന് പറയുക, ധീരരാണെന്ന് പറയുക, ഒക്കെ പറയുമ്പോഴും....
താങ്കൾ സി.പി.ഐ.എം മെമ്പറായിരിക്കെ, പാർട്ടിയ്ക്കുള്ളിലെ ഈ പറയുന്ന ആശയപരമായ വൈരുദ്ധ്യം അനുഭവപ്പെട്ടിട്ടുണ്ടോ?
അത് എല്ലാകാലത്തും ഉണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വളരെയധികം സാധ്യതയുള്ള ഒരു പ്രദേശമാണ് എന്റേത് എന്നതുകൊണ്ടുതന്നെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള ഒരുമേഖലയാണ് ഞാൻ തെരഞ്ഞെടുത്തിരുന്നത്. രാമചന്ദ്രൻ മൊകേരി, ജോയ്, മാത്യു, മധുമാഷ് എന്നിവരെപ്പോലുള്ള ആളുകളുമായി ബന്ധപ്പെട്ട് നാടകത്തിൽ അഭിനയിക്കുകയും നാടകങ്ങള് കാണുകയും ഒക്കെ ചെയ്തിരുന്നു.
ഉമ്മയുടെ അടുത്തൊക്കെ മറ്റുള്ളവർ സംസാരിക്കുന്നതിൽ നിന്നും എന്നെ എങ്ങനെയാണ് ആളുകൾ കാണുന്നത് എന്നൊക്കെ ഞാൻ മനസിലാക്കിയിരുന്നു. എന്റെ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി എത്തുന്നില്ല എന്ന് തിരിച്ചറിഞ്ഞിരുന്നു. അതിന്റെ മൂർധന്യാവസ്ഥയിൽ ശക്തമായ ആന്തരിക വൈരുദ്ധ്യങ്ങളും ഉപജാപങ്ങളും ഗ്രൂപ്പിസവുമൊക്കെക്കൂടി ചേർന്ന ഒരു ഘട്ടം വന്നു. പാർട്ടിയിൽ തുടരുന്നത് സ്ഥാപമാനങ്ങൾക്കുവേണ്ടിയോ ഉപജീവനാർത്ഥമോ അല്ല. സ്വാഭാവികമായിട്ടും തിരിച്ചുനടക്കാൻ കഴിയും.
അങ്ങനെ തിരിച്ചുനടന്നപ്പോഴും കൂടെ ആരെയെങ്കിലും കൂട്ടാനോ മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോകാനോ എനിക്കു തോന്നിയിട്ടില്ല. തിരിച്ചറിവുള്ള ഒരാള് നമ്മുടെ അടുത്ത് വരുമ്പോൾ നമുക്ക് ആശയവിനിമയം നടത്താം. കേരളത്തിൽ യഥാർത്ഥത്തിൽ രാഷ്ട്രീയ സാക്ഷരത സംഭവിച്ചിട്ടില്ലെന്നാണ് ഞാൻ പറയുന്നത്. ഏതെങ്കിലും ഒരു പാർട്ടിയിൽ നിൽക്കുകയാണെങ്കിൽ മറ്റ് പാർട്ടിക്കാരുമായി മിണ്ടില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞാൽ അവനെ തെറിപറയുകയെന്നല്ലാതെ രാഷ്ട്രീയം പറഞ്ഞുകൊണ്ട് സംവദിക്കുന്ന സാഹചര്യമില്ല.
ഇത് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ അലൻ ബാലസംഘത്തിന്റെ പരിപാടിയിലേക്ക് പോകുമ്പോൾ ഞാൻ അവിടെ കൊണ്ടുവിടുമായിരുന്നു. എസ്.എഫ്.ഐയിൽ പോകുന്നതിലും എനിക്കു വിരോധമുണ്ടായില്ല.
പി. ജയരാജൻ മുസ്ലിം സാമുദായിക സംഘടനകളുമായുള്ള ബന്ധം അന്വേഷിക്കണം, അവരുടെ വലയിൽ കുടുംബം വീണുപോകുന്ന ഘട്ടമുണ്ടാവരുത് എന്നതുപോലുള്ള മുന്നറിയിപ്പ് നൽകുന്ന സാഹചര്യം ഉണ്ടായല്ലോ. പി. ജയരാജനെപ്പോലൊരാൾ അങ്ങനെ പറയാൻ കാരണം എന്തായിരിക്കാമെന്ന് തോന്നിയിട്ടുണ്ടോ?
നമ്മള് മനസിലാക്കിയ വലുപ്പത്തിന് അനുസരിച്ച് ഇവരാരും പ്രതികരിക്കുന്നില്ല എന്നുള്ളതാണ്. ഇവരുടെ രാഷ്ട്രീയ അനുഭവത്തിന് അനുസൃതമായ രീതിയിൽ ഇവർ ഉയരുന്നില്ല. കാരണം അലൻ പൊലീസ് കസ്റ്റഡിയിൽ ഉള്ളപ്പോൾ തന്നെ എൻ.ഐ.എക്കാർ ചോദ്യം ചെയ്തിട്ടുണ്ട്. ഞാൻ ഒരു പ്രാവശ്യം കാണാൻ പോയപ്പോൾ അലൻ എന്റടുത്ത് പറഞ്ഞത്, 'ഞാനേത് പള്ളിയിലാണ് പോകുന്നത്, നിങ്ങൾക്ക് ഐ.എസ്.ഐ.എസുമായി ബന്ധമുണ്ടോ അവന്റെ കയ്യിൽ ആയുധങ്ങൾ ഉണ്ടാക്കിയതിന്റെയോ ഉപയോഗിച്ചതിന്റെയോ വല്ല തഴമ്പുമുണ്ടോ' എന്നൊക്കെ അവര് ചോദിച്ചതായാണ്. 'എടാ സ്‌ക്രിപ്റ്റ് മാറിപ്പോയതാരിയിരിക്കും' അവർക്കെന്ന് ഞാൻ പറഞ്ഞു.
അതിന്റെ പിറ്റേന്നാണ് ഒരു നേതാവ് പറയുന്നത് മാവോയിസ്റ്റുകൾക്ക് മുസ്ലിം തീവ്രവാദികളുമായി ബന്ധമുണ്ടെന്ന്. വാസുവേട്ടനെയും എന്നെയും കൂടി കൂട്ടിയിട്ട് പറയുകയൊക്കെയാണ് ചെയ്തത്.
അതായത് ഇവരെ മാവോയിസ്റ്റാക്കാൻ ആർക്കോ നിർബന്ധമുള്ളതുപോലെ അതിന് തെളിവ് പൊലീസിനേക്കാൾ മുമ്പേ ഞങ്ങള് തരാമെന്നു പറയുന്നതുപോലെയാണ് തോന്നിയത്. എൻ.ഐ.എക്കാർ ചോദ്യം ചെയ്തതിന്റെ പിറ്റേന്നുതന്നെ ഈ അഭിപ്രായ പ്രകടനം വരുന്നത് വേറൊരു രീതിയിൽ അത്ഭുതപ്പെടുത്തുന്നുണ്ട്.
ഒറ്റുകാരെക്കുറിച്ചും ഒളിവിൽ താമസിച്ചവരെക്കുറിച്ചും വളരെയധികം രാഷ്ട്രീയ അനുഭവങ്ങളുണ്ട് ജയരാജനെപ്പോലുള്ളവർക്ക്. ഒരു കോൺഗ്രസിന്റെ നേതാവിനെ തന്നെ അവർ വിളിക്കുന്നത് അട്ടം പരതി എന്നാണ്. അട്ടംപരതി ഇന്നയാളുടെ മോനല്ലേയെന്നാണ് ചോദിക്കുന്നത്. സത്യസന്ധരായ, രാജ്യത്തിനുവേണ്ടി സമരം പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റുകാരെ ഒറ്റുകൊടുക്കാൻ വേണ്ടി അട്ടങ്ങൾ പരതിയ ആളുകൾ എന്ന രീതിയിലാണത്. ആ അനുഭവങ്ങളുളള ആൾക്കാരാണ് ഇവർ മാവോയിസ്റ്റാണെന്ന് പറയാൻ കട്ടിലിന് താഴെ പരതി പുസ്തകങ്ങൾ എടുക്കുന്നത് . ആ വൈരുദ്ധ്യം അവര് തിരിച്ചറയുന്നില്ല.
അതേപോലെ തന്നെയാണ് യു.എ.പി.എ കേസെടുക്കുന്നത്. എഎൻ.ഐ.എ കേസ് ഏറ്റെടുത്തത് ഞങ്ങൾ അറിഞ്ഞിട്ടില്ല, എൻ.ഐ.എ ഫെഡറൽ സംവിധാനത്തിന് എതിരാണ് എന്നൊക്കെ പറഞ്ഞ് വാതോരാതെ പ്രസംഗിക്കുന്ന യുവജന നേതാവ് തന്നെ ശീതീകരിച്ച ടി.വി ചാനലിന് അകത്ത് വന്നിരുന്നിട്ട് ഒരു ഉത്തരവാദിത്തവുമില്ലാതെ പറഞ്ഞത് അവർ മാവോയിസ്റ്റ് തന്നെയാണെന്നാണ്. അവരെ മാവോയിസ്റ്റാക്കേണ്ട ആവശ്യം ഇവർക്കെന്താണ്.
അവരെ എൻ.ഐ.എക്കാര് ഇതിനകം തന്നെ തലകീഴായി കെട്ടി ചോദ്യം ചെയ്യുകയാണോയെന്ന് പോലും അറിയാതെ ഒരു ഉത്തരവാദിത്തവുമില്ലാതെ യുവജനനേതാവ് പറയുമ്പോൾ എന്താണ് ഈ നേതാവിൽ നിന്നും എന്റെ പേരിൽ യു.എ.പി.എ ഉണ്ട് എന്ന് പറയുന്ന ജയരാജനിൽ നിന്നുമൊക്കെ സമൂഹത്തിന് ധാർമ്മികമായി പ്രതീക്ഷിക്കാനുള്ളത്.
ഒമ്പതാം തിയ്യതി ദേശാഭിമാനിയിൽ പി.കെ ശ്രീമതിയുടെ ലേഖനമുണ്ടായിരുന്നു, കാരായിമാരെ നാടുകടത്തിയത് സി.ബി.ഐയുടെ മനുഷ്യത്വ രഹിതമായ പ്രവൃത്തിയാണ്, മനുഷ്യാവകാശ പ്രവർത്തകർ ഉണരണം എന്നൊക്കെ പറഞ്ഞിട്ട്. അത് പാർട്ടിയുടെ മാത്രം പ്രശ്നമായി ചുരുങ്ങുന്നത് ഇത്തരം എല്ലാ കേസുകളിലും നിലപാട് ഇല്ലാതെ പോകുന്നത് കൊണ്ടാണ്. നിലപാട് ഉണ്ട് എന്നുള്ള ഒരു ഘട്ടത്തിൽ ജയരാജനെതിരായ യു.എ.പി.എയ്ക്കെതിരെ ബന്ദ് നടത്തിയില്ലേ. ആ ബന്ദിലൊക്കെ ഞങ്ങളും സഹകരിച്ചിരുന്നു. പക്ഷേ നിരപരാധികളായ, തെളിവുപോലുമില്ലാതെ ഈ കുട്ടികൾക്കുമേൽ യു.എ.പി.എ ചുമത്തുമ്പോൾ ഇവർ നിശബ്ദരായിരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.
വേറൊരു നേതാവ് വന്ന് പറഞ്ഞത് കേരളത്തിൽ ഭരണകൂടം വേറെ ഭരണം വേറെയെന്നൊക്കെയാണ്. അങ്ങനെയാണെങ്കിൽ യുവാക്കൾ മുഴുവൻ തെരുവിലിറങ്ങുകയാണ് വേണ്ടത്. അവിടെയാണ് ഇ.എം.എസിന്റെ ഭരണവും സമരവും എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്.
അലന്റെ കൂടെ പാർട്ടിയിൽ പ്രവർത്തിച്ച, ബ്രാഞ്ചിലൊക്കെ ഇരുന്നിട്ടുള്ള സഹപ്രവർത്തകരുടെ, പാർട്ടി അനുഭാവികളുടെ സുഹൃത്തുക്കളുടെയൊക്കെ പ്രതികരണം ഏത് രീതിയിലാണ്?
ഈ പാർട്ടി എന്നു പറയുന്നത് ജാതിപോലെയാണ്. പുറത്താക്കി കഴിഞ്ഞാൾ അയാളെ വെട്ടിക്കൊല്ലുന്നതിനു പോലും മടിയില്ല. അതിനേയും താഴേത്തട്ടിലുള്ളയാൾ ന്യായീകരിച്ചുകൊണ്ടിരിക്കും. പക്ഷേ അയാളുടെ മൗനം പോലും കാലത്തെ വളരെ പിന്നോട്ടേക്ക് കൊണ്ടുപോകുമെന്ന് അയാൾ തിരിച്ചറിയുന്നില്ല.
ആ തിരിച്ചറിവിന്റെ ഭാഗമായി ആളുകൾ ശബ്ദിക്കുമ്പോൾ മാത്രമേ നമുക്ക് ജനാധിപത്യ കാലഘട്ടത്തിൽ പ്രതീക്ഷയുണ്ടാവൂ. ജനാധിപത്യം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് യഥാർത്ഥത്തിൽ ഇന്ത്യ. ജനാധിപത്യത്തിൽ തന്നെ ഭൂരിപക്ഷം ഉപയോഗിച്ച് മറ്റുള്ളവരെ നിശബ്ദരാക്കുകയാണ്. ഭൂരിപക്ഷമില്ലാതിരിക്കെ തന്നെ ഇപ്പോ ബി.ജെ.പിക്ക് മാൻഡേറ്റ് ഇല്ല എന്നാൽപ്പോലും ജനാധിപത്യത്തിന്റെ ഒരു പഴുത് ഉപയോഗിച്ചിട്ടാണ് അവർ ഇത് ചെയ്യുന്നത്. അതിനെതിരായി ജനങ്ങളെ സംഘടിപ്പിക്കേണ്ട കമ്മ്യൂണിസ്റ്റുകാരാണ് ഈ രീതിയിൽ ഒരു ചെറിയ സംസ്ഥാനത്ത് ഭരണം കിട്ടുമ്പോഴേക്കും ആരും മിണ്ടണ്ട, നാടകം കളിക്കണ്ട എന്ന രീതിയിലേക്ക് എത്തുന്നത്.
ഈ സംഭവത്തെവെച്ചുകൊണ്ട് തന്നെ മറ്റൊരു വാദം കൂടി പാർട്ടികകത്ത് നടക്കുന്നുണ്ട്. അതായത് യുവാക്കളായ പാർട്ടി അണികളിൽ തീവ്ര കമ്മ്യൂണിസത്തോടുള്ള അനുഭാവം ഉണ്ടാവുമ്പോൾ അതിനുള്ള മുന്നറിയിപ്പായിട്ടാണ് ഈ അറസ്റ്റുകൾ നടക്കുന്നത് എന്ന തരത്തിൽ. അതിനെ എങ്ങനെ കാണുന്നു?
അതുണ്ട്. ഏറ്റവുമൊടുവിൽ ഒരാൾ എഴുതിയ ലേഖനത്തിൽപോലും യുവാക്കൾക്ക് അങ്ങനെയൊരു ഭീഷണിയുണ്ട്. അതൊക്കെ കാലം തെളിയിക്കേണ്ടതാണ്. കുട്ടികൾ പ്രതികരിച്ചുകൊണ്ടും പഠിച്ചുകൊണ്ടും വളരണം. കാരണം എല്ലാകാലത്തും ഒരു പാർട്ടിക്കുവേണ്ടി മാത്രം അല്ലെങ്കിൽ ഒരാളുടെ മാത്രം പിടിയിൽ നിൽക്കാൻ പറ്റില്ല എന്നാണ് എന്റെ ഒരു അനുഭവം. കഴിഞ്ഞദിവസം വരെ ഞാൻ ആ പാർട്ടിയിലെ അവന്റെ ബ്രാഞ്ചിലെ ഒരാളെ കണ്ടപ്പോൾ അയാള് പറഞ്ഞത് എന്റെ ശരീരം മാത്രേയുള്ളൂ ഇവിടെ, മനസ് അവന്റെ കൂട്ടത്തിലാണെന്നാണ്. കണ്ണുനിറഞ്ഞിട്ട് സംസാരിക്കുന്ന പുരുഷന്മാരെ കണ്ടത് ഞാൻ ഈ കാലയളവിലാണ്. ഒരു സമരത്തിനും ഇന്നുവരെ പോകാത്ത സ്ത്രീകൾ, 'നിങ്ങൾ എന്ത് സമരത്തിന് വിളിച്ചാലും ഞങ്ങള് വരും' എന്നു പറഞ്ഞിട്ടുള്ളത് എന്റെ ഒരു അനുഭവമാണ്.
മനുഷ്യത്വം എന്നുള്ളത് ചുരുങ്ങിച്ചുരുങ്ങിവരികയാണ്. ഒരു സംഘടനയുണ്ടായി കഴിഞ്ഞാൽ, ആ സംഘടനയ്ക്ക് പുറത്ത് മിണ്ടാൻ പാടില്ല, എന്നാൽ ഇലക്ഷൻ വരുമ്പോൾ എല്ലാവരും വേണം താനും.
കണ്ണൂരിലെ ക്യാമ്പസിലെ കുട്ടികൾ പറഞ്ഞത് നിങ്ങൾ ഇവിടെ തന്നെ അവനെ പഠിപ്പിക്കണമെന്നാണ്. ഞങ്ങൾ നോക്കികോളാമെന്നും. അങ്ങനെ പറയുന്ന എസ്.എഫ്.ഐക്കാരുമുണ്ട്. പക്ഷേ അവർക്ക് എത്രത്തോളം സ്ട്രങ്ത് ഉണ്ട്, വോയിസ് ഉണ്ട് എന്നുള്ള കാര്യം അറിയില്ല. അവരുടെ അടുത്ത് മൈക്കുമായി പോയിക്കഴിഞ്ഞാൽ ഒരുപക്ഷേ അവർ സംസാരിച്ചില്ലയെന്നുവരും. പക്ഷേ ഉള്ളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് അനാവശ്യമായിട്ടുള്ള ചാർത്തലാണ്, ഇത് ഒഴിവാക്കാൻ പറ്റുന്നതാണ്, എന്നും തിരിച്ചറിയുന്നുണ്ട്. ഇപ്പോളവർ തെളിവുകൾ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടതിനും ഒരു പുസ്തകം കൈമാറിയതിനും ആൾക്കാരെ ചോദ്യം ചെയ്യുന്ന സാഹചര്യമാണുള്ളത്.