ഹാനി ബാബു / Photo: Twitter, AmbedkarSchool

സ്​റ്റാൻ സ്വാമിയുടെ മരണം
​ഇന്ത്യൻ ജയിലുകളെക്കുറിച്ച്​ ​ഓർമിപ്പിക്കുന്നത്​

ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന മലയാളിയും ഡൽഹി സർവകലാശാല അധ്യാപകനുമായ ഹാനി ബാബുവിന്റെ ഭാര്യ ജെനി റെവേന, ഹാനി ബാബുവിന്റെ അറസ്റ്റും തടവുജീവിതവും മുൻനിർത്തി ഭരണകൂടവേട്ടയെക്കുറിച്ച് തുറന്നെഴുതുന്നു

ഞ്ചല ഡേവിസിന്റെ ‘Are Priosns Obsolete?' വായിച്ചും പഠിപ്പിച്ചും ജീവിച്ചിരുന്ന രണ്ടു യൂണിവേഴ്‌സിറ്റി അധ്യാപകരുടെ വീട്ടിൽ ഒരു ദിവസം പുലർച്ചയ്ക്ക് ഒരു പറ്റം പൊലീസുകാർ വന്ന് കോളിങ് ബെൽ അടിച്ചാൽ അവർ എങ്ങനെയാണ് അതിനോട് പ്രതികരിക്കുക? തീർച്ചയായും, ചെറുപ്പം മുതൽ പൊലീസ് എന്ന ആധുനിക വ്യവസ്ഥയെ ഭയക്കാനും ഒഴിവാക്കാനും പഠിച്ച എല്ലാ മനുഷ്യരെയും പോലെ തന്നെ.

അന്ന്, അതായത് 2019 സപ്തംബർ പത്തിന് ഞങ്ങൾ വല്ലാതെ ഭയന്നു.
ഇരുപതോളം പൊലീസുകാർ മുൻവശത്തെ ഹാൾ നിറഞ്ഞുനിന്നപ്പോൾ, ഞങ്ങളുടെ ഫോണുകളും മകളുടെ സ്‌കൂൾ ബാഗു പോലും പിടിച്ചെടുത്തപ്പോൾ ‘Just as we hear calls today for more humane policing, people then called for a more humane slavery... എന്ന ഏഞ്ചല ഡേവിസിന്റെ വാക്കുകളൊന്നും ഞങ്ങൾ ഓർത്തില്ല. പകരം, എങ്ങനെയാണ് ഭയപ്പെടാതെ, ധൈര്യം വിടാതെ, ഇതിനെ നേരിടുക എന്നുമാത്രം ചിന്തിച്ചു. മാത്രമല്ല, ഞങ്ങളുടെ തന്നെ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്തിരുന്ന ജി.എൻ. സായിബാബ എന്ന പ്രൊഫസറുടെ വീട് പൊലീസ് റെയ്ഡ് ചെയ്തതും, ദിവസം മുഴുവൻ ചോദ്യം ചെയ്തതും അവസാനം 90 ശതമാനം ഭിന്നശേഷിയുള്ള പ്രൊഫസറെ പിടിച്ച് നാഗ്പൂരിലെ ജയിലിൽ തള്ളിയതുമെല്ലാം കണ്ടുനിന്നവരിൽ ഞങ്ങളുമുണ്ടായിരുന്നതുകൊണ്ട് 15 വയസ്സുള്ള മകൾക്കു പോലും ഇതൊന്നും പുതിയ കാര്യമായിരുന്നില്ല. എന്നിട്ടും അവൾ പറഞ്ഞു; ‘‘മമ്മാ, ഇപ്പോൾ ഈ വീട് നമ്മുടെ തലയിൽ വീണാൽ മതിയായിരുന്നു ...''

പക്ഷെ വീടും അവളും ഞങ്ങളും പിടിച്ചുനിന്നു.

ജെനി റൊവേന

ആറു മണിക്കൂറാണ് പൊലീസ് അന്ന് ഞങ്ങളെ റെയ്ഡ് ചെയ്തത്. ഒരു സെർച്ച് വാറണ്ടുപോലുമില്ലാതെ. കൂട്ടിയിട്ട കുപ്പായങ്ങൾക്കിടയിൽ തോക്കുകളോ, പൂട്ടിവെച്ച കാർഡ്‌ബോർഡ് പെട്ടികൾക്കിടയിൽ ബോംബുകളോ അല്ല അവർ തിരഞ്ഞത്. പകരം ഞങ്ങളുടെ ഷെൽഫുകളിലെ പുസ്തകങ്ങളുടെ പേരുകൾക്കിടയിൽ അവർ തങ്ങളുടെ ഹിന്ദു സവർണ രാഷ്ട്രത്തെ ഏതെങ്കിലും രീതിയിൽ ചോദ്യം ചെയ്‌തേക്കാവുന്ന വിപ്ലവങ്ങളുടെ സ്വപ്‌നങ്ങൾക്കുവേണ്ടിയാണ് തിരഞ്ഞത്. ഇവയെല്ലാം ഇല്ലാതായിത്തീർന്ന, ചെറിയ ലക്ഷ്യങ്ങളുടെ ഒരു പോസ്റ്റ് മോഡേൺ/പോസ്റ്റ് പൊളിറ്റിക്കൽ ലോകത്താണ് ഞങ്ങൾ ജീവിച്ചിരുന്നത് എന്നറിയാതെ.

കണ്ണിൽ ആർ.എസ്.എസിന്റെ ഓറഞ്ച് തീ കത്തിനിന്നിരുന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഭീമ കൊറേഗാവ് എലഗർ പരിഷദ് കേസിൽ നിങ്ങളൊരു സസ്‌പെക്റ്റ് ആണ് എന്നുമാത്രമാണ് അന്ന് ഞങ്ങളോട് പറഞ്ഞത്. അതിന്റെ പേരിൽ അന്നവർ എന്റെ ഭർത്താവ് ഹാനിബാബുവിന്റെ ലാപ്‌ടോപ്പ്, പെൻഡ്രൈവുകൾ എന്നിവ കണ്ടുകെട്ടി. വർഷങ്ങളുടെ ഗവേഷണം, സ്വകാര്യമായ ഇ-മെയിൽ അക്കൗണ്ടുകൾ, ക്ലൗഡ് അക്കൗണ്ടുകൾ എല്ലാം അവർ കവർന്നെടുത്തു.

ഓൺലൈനിൽ തന്നെ പി.ഡി.എഫ് ലഭ്യമായ, ആമസോണിൽ വാങ്ങാൻ കിട്ടുന്ന രണ്ടു പുസ്തകങ്ങളും കണ്ടുകെട്ടി. തനി കോമാളികളെ പോലെ, ഈ ‘തൊണ്ടി മുതലുകൾ' അവർ സൂക്ഷമതയോടെ, സുതാര്യമായ പ്ലാസ്റ്റിക് കവറുകളിൽ നിക്ഷേപിച്ചു. എന്നിട്ട് അവർ തന്നെ പൂനെയിൽ നിന്ന് കൂടെ വന്ന ഒരു ‘ദൃക്‌സാക്ഷി'യെക്കൊണ്ട് അതിൽ ഒപ്പുവെപ്പിക്കുകയും അതിന് നിയമസാധുതയുണ്ടാക്കിയെടുക്കുകയും ചെയ്തു.

ഹാനി ബാബുവിന്റെ മൊഴിയിലൂടെ കേസിലുള്ള മറ്റുള്ളവരെയും, ചില ഡൽഹി വിദ്യാർത്ഥികളെയും കുടുക്കാനാണ് അവർ ശ്രമിച്ചത്. പലതരം സമർദ്ദമുണ്ടായിട്ടും തന്റെ കമ്പ്യൂട്ടർ ആർക്കും കൊടുക്കാറില്ല എന്നതിൽ ബാബു ഉറച്ചുനിന്നു.

ഈ റെയ്ഡ് കഴിഞ്ഞ് 2020 ജൂലൈയിലാണ് എൻ.ഐ.എയിൽ നിന്ന് വീണ്ടും ഒരു സമൻസ് വരുന്നത്. ഭീമ കൊറേഗാവ് എലഗർ പരിഷദ് കേസിന്റെ ആവശ്യത്തിനായി, മുംബൈ എൻ.ഐ.എ ഓഫീസിൽ ചെല്ലാനായിരുന്നു സമൻസ്. അങ്ങനെ ജൂലൈ 24ന് ബാബു മുംബൈക്ക് പുറപ്പെട്ടു. തന്നെ ചോദ്യം ചെയ്ത് വിടുമെന്നുകരുതി, മാറാൻ ഒരു ഡ്രസ്സ് പോലും എടുക്കാതെയായിരുന്നു യാത്ര. പിറ്റേന്നുതന്നെ തിരിച്ചു വരാൻ ടിക്കറ്റും എടുത്തിരുന്നു.

എന്നാൽ എൻ.ഐ.എ ബാബുവിനെ അഞ്ചു ദിവസമാണ് മുംബൈയിൽ തന്നെ നിർത്തി ചോദ്യം ചെയ്തത്. അവർക്കു പറയാൻ ഒരു കാര്യം മാത്രം: നിങ്ങളുടെ കമ്പ്യൂട്ടറിൽ കുറെ ഡോക്യുമെന്റസ് ഉണ്ട്. അതിൽ നിങ്ങളെപ്പറ്റി മാവോയിസ്റ്റുകൾ എഴുതിയ കത്തുകളുണ്ട്. അതുപോലെ നിങ്ങൾ മാവോയിസ്റ്റുകൾക്കെഴുതിയ ഒരു കത്തുമുണ്ട്. മാവോയിസ്റ്റു പാർട്ടിക്ക് മാത്രം ലഭ്യമാകാൻ സാധ്യതയുള്ള ഡോക്യുമെന്റ്‌സും അതിലുണ്ട്.

എങ്ങനെയാണ് ഇത് കമ്പ്യൂട്ടറിൽ വന്നത് എന്ന് തനിക്കറിയില്ല എന്ന സത്യം ബാബു പറഞ്ഞപ്പോൾ, അവർ പറഞ്ഞത്, എന്നാൽ അത് വേറെ ആരെങ്കിലും ഇട്ടതായിരിക്കും, അവരുടെ പേര് പറഞ്ഞാൽ നിങ്ങളെ ഞങ്ങൾ വിട്ടയക്കാം എന്നാണ്. അതായത്, ബാബുവിന്റെ മൊഴിയിലൂടെ കേസിലുള്ള മറ്റുള്ളവരെയും, ചില ഡൽഹി വിദ്യാർത്ഥികളെയും കുടുക്കാനാണ് അവർ ശ്രമിച്ചത്. പലതരം സമർദ്ദമുണ്ടായിട്ടും തന്റെ കമ്പ്യൂട്ടർ താൻ ആർക്കും കൊടുക്കാറില്ല എന്നതിൽ ബാബു ഉറച്ചുനിന്നു. ബാബുവിനെക്കൊണ്ട് ഒന്നും പറയിക്കാൻ കഴിയില്ല എന്ന് മനസിലാക്കി, അഞ്ചാമത്തെ ദിവസം, അതായത്, ജൂലൈ 28ന് ബാബുവിനെ അറസ്റ്റ് ചെയ്തു.

ഫാ.സ്റ്റാൻ സ്വാമി

ഒരേ കള്ളക്കഥ

ഇതുതന്നെയാണ് ഈ കേസിലെ ഓരോ ആളോടും ഇവർ ചെയ്തത്.
ഫാദർ സ്റ്റാൻ സ്വാമി അറസ്റ്റിലാകുന്നതിനു മുന്നേ റെക്കോർഡ് ചെയ്ത ഒരു വിഡിയോയിൽ പറയുന്നതും ഇതേ കഥയാണ്. എൻ.ഐ.എ വരുന്നു, തന്റെ ലാപ്‌ടോപ്പിൽ ഡോക്യുമെന്റസ് ഉണ്ടെന്നുപറയുന്നു. അത് സ്റ്റാൻ സ്വാമി ഒരു മാവോയിസ്റ്റ് ആണ് എന്ന് തെളിയിക്കുന്നു എന്നുപറയുന്നു, ജാമ്യം ഏകദേശം അസാധ്യമായ യു.എ.പി.എ ചുമത്തുന്നു. ആരോഗ്യ നില തീർത്തും വഷളായിട്ടും യു.എ.പി.എയുടെ പേരു പറഞ്ഞ് ജയിലിൽ തന്നെ കിടത്തുന്നു. എന്നിട്ട്, അവസാനം മരിക്കുമെന്നാകുമ്പോൾ ഹോസ്പിറ്റലിൽ പോകാൻ സമ്മതം കൊടുക്കുന്നു. ഇതിന്റെയെല്ലാം അവസാനം ഇതെല്ലാം സഹിക്കേണ്ടിവരുന്ന ഒരു നല്ല മനുഷ്യൻ, ഇതൊന്നും താങ്ങാനാവാതെ ഹൃദയം തകർന്നു മരിക്കുന്നു.
ഇവിടെ ഓർമിക്കേണ്ട ഒരു വസ്തുതയിതാണ്. ഹാനി ബാബുവിനെ ജയിലിലടയ്ക്കുകയും സ്റ്റാൻ സ്വാമിയെ കൊന്നു കളയുകയും ചെയ്ത ഈ കേസിനാധാരമായ മാവോയിസ്റ്റ് ഡോക്യുമെന്റസ് തന്നെയാണ് പൊലീസ് ഈ കേസിലുള്ള മറ്റു പലരുടെയും കംപ്യൂട്ടറുകളിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഈ ഡോക്യുമെന്റസ് എല്ലാം ഇന്ന് കടുത്ത സംശയത്തിന്റെ നിഴലിലുമാണ്.

മെനഞ്ഞുണ്ടാക്കിയ ഒരു കേസിന്റെ പേരിലാണ് സ്റ്റാൻ സ്വാമി കൊല്ലപ്പെട്ടത്. ഇതിന്റെ പേരിലാണ് ഒരു കൂട്ടം മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും അധ്യാപകരും കവികളും കലാകാരന്മാരും മൂന്നു കൊല്ലമായി ജയിലിൽ കിടക്കുന്നത്.

കാരണം, ഇതേ കേസിൽ ഇതുപോലെയുള്ള ഡോക്യുമെൻറ്സി​ന്റെ പേരിൽ കുടുങ്ങിയ റോണാ വിൽസന്റെ കോംപ്ടറിന്റെ ക്ലോൺ ആഴ്‌സണൽ കൺസൽട്ടിങ് എന്ന വിശ്വപ്രസിദ്ധമായ ഡിജിറ്റൽ ഫോറൻസിക് കമ്പനിക്ക് അയച്ചു കൊടുത്തു പരിശോധിപ്പിച്ചപ്പോൾ, അവർ പറഞ്ഞത്, ഇവയെല്ലാം പുറമെനിന്ന് റോണാ വിൽസന്റെ കമ്പ്യൂട്ടറിൽ ഒരു മാൽവെയർ വഴിയിട്ടതാണ് എന്നാണ്. അതുപോലെ, കഴിഞ്ഞ ആഴ്ച വാഷിങ്ടൺ പോസ്റ്റിൽ വന്ന റിപ്പോർട്ട് പ്രകാരം ആഴ്‌സണൽ കൺസൽട്ടിംഗ് ഇതേ കേസിൽ തന്നെയുള്ള മറ്റൊരാളുടെ - അഡ്വ. സുരേന്ദ്ര ഗാഡ്‌ലിംഗ്- ലാപ്‌ടോപിന്റെ ക്ലോൺ പരിശോധിച്ചും ഇതുതന്നെയാണ് പറഞ്ഞത്. ഗാഡലിങ്ങിന്റെ കമ്പ്യൂട്ടറിലും മാൽവെയർ വഴി ഡോക്യുമെന്റ്സ്​ പുറമെ നിന്ന് നിക്ഷേപിച്ചു. ഇതിനു വേണ്ടി ഇവർ ഉപയോഗിച്ച സ്പൂഫ് മെയിലിൽ നിന്ന് സ്റ്റാൻ സ്വാമിയുടെ ഇ-മെയിലിലേക്കും മെയിൽ പോയിട്ടുണ്ട് എന്നും ഇവർ കണ്ടെത്തി.
ചുരുക്കിപ്പറഞ്ഞാൽ, മെനഞ്ഞുണ്ടാക്കിയ ഒരു കേസിന്റെ പേരിലാണ് സ്റ്റാൻ സ്വാമി കൊല്ലപ്പെട്ടത്. ഇതിന്റെ പേരിലാണ് ഒരു കൂട്ടം മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും അധ്യാപകരും കവികളും കലാകാരന്മാരും മൂന്നു കൊല്ലമായി ജയിലിൽ കിടക്കുന്നത്. ഇതിന്റെ പേരിൽ തന്നെയാണ് ഫാദർ സ്റ്റാൻ സ്വാമിക്കും മരിക്കേണ്ടി വന്നത്. എന്റെ ഭർത്താവിന്റെ കമ്പ്യൂട്ടർ പരിശോധിച്ചാലും ഇതുതന്നെയായിരിക്കും ഫലം എന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടായിരിക്കണം ബാബുവിന്റെ ക്ലോൺ വിട്ടു തരാതെ എൻ.ഐ.എ സംഗതികൾ വൈകിച്ചുകൊണ്ടേയിരിക്കുന്നത്.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടിനെക്കുറിച്ച് മാർക് സ്പെൻസറിന്റെ പ്രസ്താവന

ദളിത് ബഹുജന രാഷ്ട്രീയം

വാസ്തവത്തിൽ ഇങ്ങനെ ഒരു കേസിൽ ബാബുവിന് ജയിലിൽ പോകേണ്ടി വരും എന്ന് ഞങ്ങളൊരിക്കലും വിചാരിച്ചിരുന്നതല്ല. ബാബു അറസ്റ്റിലാകുന്നതിനുമുന്നേ യൂണിവേഴ്‌സിറ്റി തലത്തിൽ മാത്രമൊതുങ്ങിയ, ജാതിക്കെതിരെയുള്ള രാഷ്ട്രീയം ഉയർത്തിക്കൊണ്ടിരുന്ന ആളുകളായിരുന്നു ഞങ്ങൾ. എന്നാൽ ഹാനി ബാബു അറസ്റ്റിലായ ഭീമ കൊറേഗാവ് എൽഗർ പരിഷദ് കേസിലുള്ള പലരും മഹാരാഷ്ട്രയിലെ ദളിത് മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നെങ്കിലും, കൂടുതൽ പേരും, ഇടതുപക്ഷ സംഘടനകൾക്കുള്ളിൽ നിന്ന് ജാതിയെ നോക്കിക്കാണുന്നവരാണ്. ‘ലാൽ സലാം നീൽ സലാം' പറയുന്നവർ. ഇവരോട് അകലം പാലിച്ചും അവരോട് നിരന്തരം സംവദിച്ചുമാണ് ഞങ്ങൾ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ദളിത് ബഹുജന രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നത്.

ബാബുവിന്റെ അറസ്റ്റിനുശേഷം ഇതുവരെ സൈദ്ധാന്തികമായി മാത്രം അറിഞ്ഞിരുന്ന തടവറകളും നീതിന്യയായ വ്യവസ്ഥയും അടുത്തറിയാൻ ഞങ്ങൾക്ക് കഴിഞ്ഞു.

എന്നാൽ, ജി.എൻ. സായിബാബയുടെ അവകാശങ്ങൾക്കുവേണ്ടി യൂണിവേഴ്‌സിറ്റിയിൽ നടന്ന സമരങ്ങൾ ഞങ്ങളെ ഈ രാഷ്ട്രീയ ധാരയിലുള്ളവരുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കാനിടയാക്കി. ജി.എൻ. സായിബാബ തന്നെ ഒ.ബി.സി സമുദായത്തിൽ പെട്ട ഒരാളാണ്. മാത്രമല്ല, ഡൽഹിയിലെ പ്രസിദ്ധമായ മിറാൻഡ ഹൗസ് കോളേജിലെ അതിവരേണ്യമായ ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിൽ ആദ്യമായി ഒ.ബി.സി സംവരണത്തിലൂടെ കടന്നുവന്ന എന്നെ ജോലിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചപ്പോഴും, ഞങ്ങൾ അതിനെ പ്രതിരോധിച്ചപ്പോഴും, ഏറ്റവും സഹായം നൽകിയ ഒരാളുമാണ്. ഇതുകൊണ്ടുതന്നെ ഛത്തിസ്ഗഢിലും, ജാർഖണ്ഡിലുമുള്ള മൈനിങ് കമ്പനികളോടും കോർപറേറ്റ് താൽപ്പര്യങ്ങളോടും ഏറ്റുമുട്ടി ഡൽഹിയിൽ അവരെ തടയുന്ന രീതിയിലുള്ള അതിബഹുലമായ കാമ്പയിനുകൾ നടത്തിയ സായിബാബയുടെ പിറകെ പൊലീസ് വന്നപ്പോൾ, മലയാള സിനിമയിലെ തോമസ്‌കുട്ടിയെ പോലെ മുങ്ങിക്കളഞ്ഞ ചില ഇടതു റാഡിക്കൽ അധ്യാപകന്മാരിൽ നിന്ന് വ്യത്യസ്തമായി, ബാബു സീൻ വിടാതെ, സായിബാബയുടെയും കുടുംബത്തിന്റെയും കൂടെ നിന്നു.

റോണ വിൽസൺ

തീർച്ചയായും, ആദിവാസി സമൂഹങ്ങളുടെ വംശഹത്യക്കുവേണ്ടി കോൺഗ്രസ് സർക്കാർ ആവിഷ്‌കരിച്ച ഓപ്പറേഷൻ ഗ്രീൻ ഹണ്ടിനെ തന്റെ ആഗോള കാമ്പയിനിലൂടെ തടയാൻ ശ്രമിച്ച സായിബാബയുടെ കൂടെ ഉറച്ചുനിൽക്കുന്ന, യൂണിവേഴ്‌സിറ്റിക്കുള്ളിലെ ജാതിയെ കുറിച്ച് ഉറക്കെ സംസാരിക്കുന്ന, മുസ്‌ലിമായ ഒരു അധ്യാപകനെ തളച്ചിടുക എന്നത് ഇന്ത്യൻ ഭരണകൂടത്തിന് ഒരു ആവശ്യമായി തീർന്നിട്ടുണ്ടാകണം. അതുകൊണ്ടുതന്നെയാവണം ബാബു അറസ്റ്റ് ചെയ്യപ്പെട്ടത്.
ഏതായാലും ബാബുവിന്റെ അറസ്റ്റിനുശേഷം ഇതുവരെ സൈദ്ധാന്തികമായി മാത്രം അറിഞ്ഞിരുന്ന തടവറകളും നീതിന്യയായ വ്യവസ്ഥയും അടുത്തറിയാൻ ഞങ്ങൾക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ, ഇത് എന്റെ മനസ്സിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു.
തടവറകൾ ഇല്ലാത്ത ലോകം സാധ്യമാണോ എന്ന ആഫ്രോ അമേരിക്കൻ ബ്ലാക്ക് പാന്ഥർ രാഷ്ട്രീയം മുന്നോട്ടുവെച്ച ചരിത്രപരമായ ചോദ്യം തന്നെയാണ് അതിലേറ്റവും പ്രധാനം. ഇതിനെ കുറിച്ച് പറയുന്നതിനുമുന്നേ, ഹാനി ബാബുവിനെ കുടുക്കിയ ഭീമ കൊറേഗാവ് കേസിനെ കുറിച്ചും, എലഗർ പരിഷദിനെ കുറിച്ചും ചില കാര്യങ്ങൾ പറയട്ടെ:

ദളിത്- ബഹുജന- ആദിവാസി- മുസ്‌ലിം ഐക്യം

ഹാനി ബാബുവിന്റെ അറസ്റ്റിനു കാരണമായ ഭീമ കൊറേഗാവ്- എൽഗർ പരിഷദ് കേസിന്റെ പേരിൽ നിരവധി സാമൂഹിക പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും അഭിഭാഷകരെയും അധ്യാപകരെയും കവികളെയും പെർഫോർമേഴ്‌സിനെയും അറസ്റ്റ് ചെയ്യാൻ ഹിന്ദുത്വയിലൂന്നിയ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഒരു നെക്രോപോളിസ് ആയ ഇന്ത്യയിൽ മരണമാണ് പലപ്പോഴും രാഷ്ട്രീയം തന്നെ സാധ്യമാക്കി തീർക്കുന്നത് എന്നതുകൊണ്ട്, (രോഹിത് വെമുലയെ ഓർക്കാം) ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കുമ്പോൾ കൊല്ലപ്പെട്ട ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിനു ശേഷമാണ് ഇതിനെ കുറിച്ചുള്ള ചർച്ച തന്നെ ഇത്ര വിപുലമാകുന്നത്. പക്ഷെ, സ്റ്റാൻ സ്വാമിയെ കൊലപ്പെടുത്തിയ ഈ കേസ് തുടങ്ങുന്നത് 2018 ലാണ് എന്നോർക്കണം.

250 ഓളം ദളിത്- ബഹുജന സംഘടനകൾ ഒന്നിച്ചുവന്നതും, മറാത്ത സമുദായങ്ങൾ പോലും എലഗർ പരിഷത്തിലേക്കു കടന്നുവന്നു എന്നതും, ഹിന്ദുത്വ പക്ഷങ്ങൾക്ക് കടുത്ത ഭീഷണിയായിത്തീർന്നു എന്നതാണ് വാസ്തവം.

ഭീമ കൊറേഗാവ് യുദ്ധവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ നടന്ന ആഘോഷങ്ങളെ തുടർന്നുണ്ടായ കലാപത്തിന് കാരണമായത് ഏതാനും ചില അഭിഭാഷകരും, അധ്യാപകരും, കവികളും ആക്ടിവിസ്റ്റുകളുമാണ് എന്ന പരാതിയിലൂന്നിയാണ്, ഈ കേസിൽ 2018 ൽ അഞ്ചുപേരെ ആദ്യം അറസ്റ്റ് ചെയ്തത്.
ഭീമ കൊറേഗാവ് ആഘോഷങ്ങൾ ഓർമിക്കുന്നത്, ദലിത് -മഹർ സൈന്യം ബ്രിട്ടീഷുകാർക്കൊപ്പംനിന്ന് പേഷ്വ ബ്രാഹ്‌മണരെ തോൽപിച്ച ഒരു ജാതി യുദ്ധത്തിന്റെ വിജയകഥയാണ്. എത്രയോ കൊല്ലങ്ങളായി ജനുവരി ഒന്നിന് ദളിതർ ഈ വിജയം ആഘോഷിച്ചുവരുന്നു. എന്നാൽ 2018 ലെ ആഘോഷങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഇത് ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200ാമത് ആഘോഷമായിരുന്നു. മാത്രമല്ല ഇതിന്റെ തലേന്ന്, എലഗർ പരിഷദ് എന്ന പേരിൽ, 250 ദളിത്- ബഹുജന പ്രസ്ഥാനങ്ങൾ ശനി വാട എന്ന സ്ഥലത്ത് ഒരു വലിയ പരിപാടി സംഘടിപ്പിച്ചു. ഇതിൽ 35,000ഓളം പേർ പങ്കെടുത്തു. ദളിത് രാഷ്ട്രീയം ഊന്നിപ്പറഞ്ഞ ഈ പരിപാടിയിൽ പങ്കെടുത്തവർ, ഹിന്ദുത്വ രാഷ്ട്രീയത്തെ തകർക്കും എന്ന പ്രതിജ്ഞയും എടുത്തിരുന്നു.

കാൻഷി റാം

നിലവിലുള്ള ദളിത് രാഷ്ട്രീയത്തെ വിപുലമാക്കി, കാൻഷി റാം അടക്കമുള്ളവർ വിഭാവനം ചെയ്ത പോലെ ദളിത് നേതൃത്വത്തിലുള്ള ദളിത്- ബഹുജന- ആദിവാസി- മുസ്‌ലിം ഐക്യമാണ് ഈ കൂട്ടായ്മ മുന്നോട്ട് വെച്ചത്; ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിശകലന തന്ത്രങ്ങൾ ഉപയോഗിച്ചുതന്നെ.
ഇടതുപക്ഷവും ദളിത് ബഹുജനങ്ങളും തമ്മിലുള്ള ചരിത്രപരമായ വൈരുധ്യങ്ങൾ കാരണം, ചില ബഹുജൻ ഗ്രൂപ്പുകൾ ഇടതു-ദലിത് രാഷ്ട്രീയത്തെയും, എലഗർ പരിഷദിനെയും ഇന്നും തള്ളിപ്പറയുന്നു. എന്നാൽ ഇതിന്റെ പേരിൽ 250 ഓളം ദളിത്- ബഹുജന സംഘടനകൾ ഒന്നിച്ചുവന്നു എന്നതും, ദളിതരെ അടിച്ചമർത്താൻ ഹിന്ദുത്വ ശക്തികൾ ഏറ്റവുമധികം ഉപയോഗിക്കുന്ന മറാത്ത സമുദായങ്ങൾ പോലും എലഗർ പരിഷത്തിലേക്കു കടന്നുവന്നു എന്നതും, ഹിന്ദുത്വ പക്ഷങ്ങൾക്ക് കടുത്ത ഭീഷണിയായിത്തീർന്നു എന്നതാണ് വാസ്തവം.

അതുകൊണ്ടുതന്നെ എലഗർ പരിഷദ് നടന്നതിന്റെ പിറ്റേന്ന് ഹിന്ദുത്വ ശക്തികൾ ഭീമ കൊറേഗാവ് ആഘോഷങ്ങൾക്കിടയിലേക്ക് വൻ ആക്രമണം അഴിച്ചുവിട്ടു. ഇതിന്റെ പേരിൽ ഒരാൾ മരിച്ചു. അന്ന് ഭീമ കൊറേഗാവ് ആഘോഷങ്ങളിൽ പങ്കെടുത്ത ദളിതർ നൽകിയ പരാതിയിലുള്ള എഫ്.ഐ.ആർ സംബോജി ഭീടെ, മിലിന്ദ് എക്‌ബോട്ടെ എന്നിങ്ങനെയുള്ള തീവ്ര വലതുപക്ഷ പ്രവർത്തകരെയാണ് ആക്രമണത്തിലെ പ്രതികളാക്കിയത്. ഇതിൽ സംഭോജി ഭീടെ അറസ്റ്റിലായി. എന്നിട്ടും ഏതാനും മാസങ്ങൾക്കുള്ളിൽ കേസ് ആകെ മാറി. എലഗർ പരിഷദ് നടത്തിയത് മാവോയിസ്റ്റുകളാണെന്നും, അവരാണ് പ്രകോപനകരമായി ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിട്ടതെന്നും ഈ അക്രമത്തിനുപിന്നിൽ അർബൻ നക്‌സലുകളായ ആക്ടിവിസ്റ്റുകളുടെയും, അധ്യാപകരുടെയും, കവികളുടെയും നേതൃത്വത്തിലുള്ള വൻ ഗൂഢാലോചനയുണ്ടെന്നുമുള്ള കഥകൾ മെനഞ്ഞു. ആദ്യം അഞ്ചു പേരെ അറസ്റ്റ് ചെയ്തു, ഇതിൽ സുധിർ ധാവ്‌ലേ എന്ന ദളിത് ആക്ടിവിസ്റ്റല്ലാതെ ആരും എലഗർ പരിഷദിന്റെ ഭാഗമാകുകയോ, അതിൽ പങ്കെടുക്കുകയോ ചെയ്തവരല്ല. ഇതേ കേസിൽ ഏതാനും മാസങ്ങൾക്കുശേഷം വീണ്ടും അഞ്ചു പ്രമുഖർ കൂടി അറസ്റ്റ് ചെയ്യപ്പെട്ടു. 2020ൽ കേസ് എൻ.ഐ.എ ഏറ്റെടുക്കുകയും ഏഴുപേരെയും കൂടി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ 12ാമത് അറസ്റ്റ് ചെയ്യപ്പെട്ട ആളാണ് എന്റെ ഭർത്താവ് ഹാനി ബാബു. അവസാനം അറസ്റ്റ് ചെയ്യപ്പെട്ട ആളാണ് സ്റ്റാൻ സ്വാമി.

ഹാനി ബാബു ചെയ്​ത ‘കുറ്റം’

എത്രയോ കാലമായി ജാർഖണ്ഡ് പോലെയുള്ള ഒരു സ്ഥലത്ത്, അവരെ ചൂഷണം ചെയ്യുകയും ഭൂമിയും വിഭവങ്ങളും കവരുകയും ചെയ്യുന്ന വൻ ബിസിനസ് താൽപര്യങ്ങളോടും പൊലീസിനെയും പട്ടാളത്തേയും ഉപയോഗിച്ച് ഇതിനെ പിന്തുണയ്ക്കുന്ന ഭരണകൂടത്തോടും വലിയ സമരം നടത്തിക്കൊണ്ടിരിക്കുന്ന ആദിവാസി ജനതയെ പിന്തുണച്ച് ജീവിച്ചിരുന്ന വൈദികനാണ് ഫാദർ സ്റ്റാൻ സ്വാമി. അദ്ദേഹം ചെയ്ത ‘കുറ്റ’ങ്ങൾ ഇതൊക്കെയാണ്: ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിലുള്ള ആർട്ടിക്കിൾ 244(1) നടപ്പാക്കാത്തത് ചോദ്യം ചെയ്തു. ഇതോടൊപ്പം, 2006ലെ വനാവകാശ നിയമം നടപ്പാക്കുന്നതിലുള്ള വിമുഖത, സർക്കാർ ഭൂമി ഖനനത്തിനും മറ്റു വ്യവസായങ്ങൾക്കും വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട സാമന്ത കേസിലെ 1997ലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട സർക്കാറിന്റെ നിശ്ശബ്ദത തുടങ്ങിയവയെയും അദ്ദേഹം ചോദ്യം ചെയ്തു. സെൻട്രൽ ഇന്ത്യൻ ഫോറസ്റ്റ് പ്രദേശങ്ങളിൽ ബിസിനസ് മാഫിയകളെ പ്രതിരോധിക്കുന്ന ആദിവാസി യുവാക്കളെ മാവോവാദികളെന്ന മുദ്ര കുത്തി ജയിലിലടയ്ക്കുന്ന വ്യവസ്ഥയെയും സ്റ്റാൻ സ്വാമി ചോദ്യം ചെയ്തു. ഇതിൽ 3000 ആദിവാസി ചെറുപ്പക്കാർക്കുവേണ്ടി ഫാദർ സ്റ്റാൻ കോടതിയിൽ കേസു പോലും കൊടുത്തിട്ടുണ്ട്.

ഇങ്ങനെ സുതാര്യമായി പൊതു പ്രവർത്തന മണ്ഡലത്തിൽ നിലകൊള്ളുന്ന ഒരു ക്രിസ്ത്യൻ വികാരിയെയാണ് ഭരണകൂടം കള്ളക്കേസിൽ മാവോയിസ്റ്റാക്കി, 83ാമത്തെ വയസ്സിൽ ജയിലിൽ തള്ളുകയും ജാമ്യം നിഷേധിക്കുകയും സമയത്തിന് വൈദ്യസഹായം നൽകാതെ ഇഞ്ചിഞ്ചായി കൊല്ലുകയും ചെയ്തത്.

ഹാനി ബാബു ചെയ്ത ‘കുറ്റം’, ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഒ.ബി.സി സംവരണം നടപ്പിലാക്കാനും, അവിടുത്തെ ബ്രാഹ്‌മണിക്കൽ ഘടന തകർത്ത് കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്താൻ തയാറാവുന്ന ഒരു വ്യവസ്ഥ സ്ഥാപിക്കാനുമുള്ള സമരങ്ങളുടെ ഭാഗമായി എന്നതാണ്.

ഹാനി ബാബുവിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.
മണ്ഡൽ കമീഷൻ ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ രംഗത്ത് അതിന്റെ ഏറ്റവും വലിയ വൈരുധ്യം - അതായത് നിലനിൽക്കുന്ന ജാതിവ്യവസ്ഥ - വെളിപ്പെടുത്തിയ കാര്യം നമുക്കെല്ലാർക്കും അറിയാം. മണ്ഡൽ കമ്മീഷൻ അനുവദിച്ചു കൊടുത്ത സംവരണം ഉപയോഗിച്ച് മുസ്‌ലിം (മാപ്പിള) സമുദായത്തിൽ നിന്ന് ആദ്യമായി സെൻട്രൽ യൂണിവേഴ്‌സിറ്റിയിലേക്കു കടന്നുവന്ന ചുരുക്കം ചില അധ്യാപകരിൽ ഒരാളാണ് ഹാനി ബാബു.

സ്റ്റാൻ സ്വാമിയെ പോലെ ഹാനി ബാബു ചെയ്ത ‘കുറ്റം’, ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഒ.ബി.സി. സംവരണം നടപ്പിലാക്കാനും, അവിടുത്തെ ബ്രാഹ്‌മണിക്കൽ ഘടന തകർത്ത് കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്താൻ തയാറാവുന്ന ഒരു വ്യവസ്ഥ സ്ഥാപിക്കാനുമുള്ള സമരങ്ങളുടെ ഭാഗമായി എന്നതാണ്. ബാബു ജോലിക്കു കയറിയ സമയത്ത് ഡൽഹി യൂണിവേഴ്‌സിറ്റിയിൽ മുപ്പതു ശതമാനം മാത്രമേ ഒ.ബി.സി സംവരണം നടപ്പിലാക്കിയിരുന്നുള്ളൂ. എന്നാൽ ഇന്നത് ഏകദേശം നൂറു ശതമാനമാണ്. മാത്രമല്ല, സംവരണ സീറ്റുകൾ നിറയ്ക്കാൻ യൂണിവേഴ്‌സിറ്റിയിൽ ഇന്ന് നിരവധി പുതിയ നിയമങ്ങളുമുണ്ട്. ഇതിന്റെയെല്ലാം പുറകിൽ, ഹാനി ബാബു സ്ഥാപിച്ച ‘അക്കാദമിക് ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ്' എന്ന ഒ.ബി.സി അധ്യാപകരുടെ സംഘടനയക്ക് വലിയ പങ്കുണ്ട്.

അറസ്റ്റ്- ജയിൽ- കേസ് എന്നതൊക്കെ ഒരു മനുഷ്യന്റെ ജീവിതത്തിൽ വലിയ ആഘാതമായിരിക്കെ തന്നെ, അറസ്റ്റ് ചെയ്യപ്പെടുന്ന രാഷ്ട്രീയ തടവുകാരിൽ പലരും ഇതിനെ വലിയ ദുരന്തമായി കണ്ടുകൊണ്ടല്ല അതിനെ നേരിടുന്നത്.

അതുപോലെ, ലിംഗ്വിസ്റ്റിക്‌സ് പോലെ വളരെ തിയററ്റിക്കലായ വിഷയം പഠിപ്പിക്കുമ്പോഴും അതിലൂടെ ഇന്ത്യൻ ഭാഷാപദ്ധതിയുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ ഉപയോഗിച്ച്​, സാമൂഹിക പ്രസക്തമായ ഉള്ളടക്കമായി അതിനെ വികസിപ്പിച്ച് ക്ലാസ്​മുറിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന ചുരുക്കം അധ്യാപകരിൽ ഒരാളാണ് ഹാനി ബാബു. അതുപോലെ 2018-19 കാലത്ത് ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നടന്ന സിലബസ് റിവിഷൻ സമയത്ത് ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിന്റെ സിലബസിൽ ‘caste and literature' എന്ന പേപ്പർ കൊണ്ടുവരാനുള്ള കോളേജ് അധ്യാപകരുടെ (ഇപ്പോഴും പൂർണമായും വിജയം കൈവരിക്കാത്ത) ശ്രമങ്ങളുടെ കൂടെ ഉറച്ചു നിന്ന ഒരാളാണ് ബാബു.

ഭീമ കൊറേഗാവ് കേസിൽ വേട്ടയാടപ്പെട്ട ഓരോ വ്യക്തിയും, അവരുടെ അറസ്റ്റ് തങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കാണുന്നത്.

ഇങ്ങനെ താൻ ജോലി ചെയ്യുന്ന യൂണിവേഴ്‌സിറ്റിയിലെ ജാതിവ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിച്ച ഹാനി ബാബുവാണ് കഴിഞ്ഞ ഒരു കൊല്ലമായി മഹാരാഷ്ട്രയിലെ തലോജ സെൻട്രൽ ജയിലിൽ കിടക്കുന്നത്. ആദ്യം മുതലേ, ജയിൽ ജീവിതം ഒരു പുതിയ അനുഭവം മാത്രമാണെന്നും, കോൺഗ്രസിന്റെ സവർണ ലിബറൽ ഹിന്ദു ദേശത്തിൽ നിന്ന് മുസ്‌ലിംകളെ പൂർണമായും ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ഹിന്ദു രാഷ്ട്രത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗം മാത്രമാണിതെല്ലാം എന്നും, ഇന്നുനടക്കുന്ന ഹിന്ദുരാഷ്ട്ര പദ്ധതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകുന്നതിൽ തനിക്ക് അഭിമാനമേയുള്ളൂ എന്നുമാണ് ബാബു പറഞ്ഞുകൊണ്ടിരുന്നത്. ഫാദർ സ്റ്റാൻ സ്വാമിയും അറസ്റ്റ് ചെയ്യുന്നതിന് മുന്നേയുള്ള ഒരു വീഡിയോയിൽ പറയുന്നതും ഏതാണ്ട് ഇതൊക്കെയാണ്.

വാസ്തവത്തിൽ ഭീമ കൊറേഗാവ് കേസിൽ വേട്ടയാടപ്പെട്ട ഓരോ വ്യക്തിയും, അവരുടെ അറസ്റ്റ് തങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കാണുന്നത്. എന്നാൽ ഇന്നത്തെ ലിബറൽ രാഷ്ട്രീയ പരിസരത്തിൽ, ജയിൽ- അറസ്റ്റ്-കേസ് എന്നതൊക്കെ വൻ ദുരന്തമായും, എന്തുവില കൊടുത്തും രാഷ്ട്രീയമായി തന്നെ ഒഴിവാക്കേണ്ട ഒരു കാര്യമായുമാണ് കണക്കാക്കപ്പെടുന്നത്. ഇതിനെ ചുറ്റിപ്പറ്റി പണ്ടുണ്ടായിരുന്ന റൊമാന്റിസിസം പോലും ഇന്ന് അവശേഷിക്കുന്നില്ല. ഇത് നല്ലതാണെങ്കിലും, കീഴാളരെ ഇങ്ങനെയൊരു അവസാനത്തിലേക്കു തള്ളുന്ന ഒരു രാഷ്ട്രീയം തീർത്തും അപകടകരമാണെങ്കിലും ഇന്നത്തെ പ്രത്യേക അവസ്ഥയിൽ ഇതെല്ലാം ഒഴിവാക്കിയുള്ള രാഷ്ട്രീയങ്ങൾക്ക് പരിമിതിയുണ്ടായേക്കാം.

ഷർജീൽ ഉസ്മാനി

മാത്രമല്ല, ഇന്ന് മുസ്‌ലിം വിഭാഗത്തിന് ജയിൽ- അറസ്റ്റ് എന്നതൊക്കെ തങ്ങളുടെ രാഷ്ട്രീയ പദ്ധതികളിൽ നിന്ന് ഒഴിവാക്കാൻ പോലും പറ്റാത്ത ഒരു കാര്യമാണെന്നത് തിരിച്ചറിയുന്നതും പ്രധാനമാണ്. ഈ സന്ദർഭത്തിൽ എൻ.ആർ.സി- സി.എ.എ എന്നിവക്കെതിരായ സമരങ്ങളുടെ ഭാഗമായി പല പ്രാവശ്യം യു.പിയിലെ ജയിലുകളിൽ കിടന്നിട്ടുള്ള അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ ഷർജീൽ ഉസ്മാനി പറഞ്ഞ കാര്യം ഓർമ വരുന്നു: അതായത്, താൻ ജയിലിൽ അനുഭവിച്ച ദുരിതങ്ങളെല്ലാം പൊതുവേദികളിൽ അങ്ങനെ പറയാറില്ല. കാരണം, ഇത് മറ്റു ചെറുപ്പക്കാരെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് പിന്തിരിപ്പിക്കും എന്നതുകൊണ്ട്.
അറസ്റ്റ്- ജയിൽ- കേസ് എന്നതൊക്കെ ഒരു മനുഷ്യന്റെ ജീവിതത്തിൽ വലിയ ആഘാതമായിരിക്കെ തന്നെ, അറസ്റ്റ് ചെയ്യപ്പെടുന്ന രാഷ്ട്രീയ തടവുകാരിൽ പലരും ഇതിനെ വലിയ ദുരന്തമായി കണ്ടുകൊണ്ടല്ല അതിനെ നേരിടുന്നത്. മാത്രമല്ല, ജയിലിലും അവർ തങ്ങളുടെ രാഷ്ട്രീയ ജീവിതം തുടരുന്നു എന്നതും പ്രധാനമാണ്. ചിലർ, സഹ തടവുകാരുടെ കേസുകളിൽ ഇടപെട്ടു പ്രവർത്തിക്കുന്നു, എന്റെ ഭർത്താവിനെ പോലെയുള്ളവർ കൂടെയുള്ളവരെ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. മാത്രമല്ല, വായിച്ചും എഴുതിയും ഈ സമയം അവർ ഏറ്റവും നന്നായി ഉപയോഗിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ ജയിലുകളിൽ എന്തു സംഭവിക്കുന്നു?

എന്നാൽ ഇങ്ങനെയൊക്കെ പറയുമ്പോഴും, ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തതിന്റെ പിറ്റേന്ന്, സിസേറിയൻ കഴിഞ്ഞ സമയത്തു പോലും തോന്നാത്ത അത്രയും വലിയ ഒരു വേദനയാണ് അനുഭവിക്കേണ്ടി വന്നത്. കാരണം, കൂടെയുള്ള ഒരാളെ, തീർത്തും അന്യായമായി, നമുക്ക് കാണാൻ പോലും കഴിയാത്ത കുറേ നിയമങ്ങളുടെ പേരിൽ നമുക്കിടയിൽ നിന്ന് അപ്രത്യക്ഷമാക്കുക എന്നത് കടുത്ത വേദനയും ദേഷ്യവുമെല്ലാം ഉണ്ടാക്കുന്ന അവസ്ഥയാണ്. തങ്ങളുടെ രാഷ്ട്രീയത്തിന്റെ പേരിൽ അന്യായമായ കള്ളക്കേസിൽ കുടുക്കി, എല്ലാവരിൽ നിന്നും അടർത്തി മാറ്റി, തടവറയിൽ തള്ളുന്ന തടവുകാരെ ഇതെങ്ങനെ ബാധിക്കുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ.

ശരിക്കും ഇതെല്ലാം ആധുനിക രാഷ്ട്രത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനപരമായ അസ്വാന്ത്ര്യത്തെ തന്നെയാണ് വെളിപ്പെടുത്തുന്നത്. ഇതിൽ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള അവകാശങ്ങളെല്ലാം ഏതു നിമിഷവും തട്ടിപ്പറിക്കപ്പെടാവുന്ന ഒന്നാണെന്നും ഇത്തരം സന്ദർഭങ്ങൾ നമ്മെ മനസിലാക്കിത്തരുന്നു.

എന്തിനാണ് മനുഷ്യരെ നന്നാക്കാനെന്ന പേരിലും സമൂഹത്തെ രക്ഷിക്കാനെന്ന പേരിലുമൊക്കെ, പാർശ്വവൽകൃതരായവരെ പീഡിപ്പിക്കാനുളള ഈ വ്യവസ്ഥയ്ക്ക് നമ്മൾ സമ്മതം കൊടുക്കുന്നത്?

ഇവിടെ തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും മുന്നിലുള്ള മറ്റൊരു വലിയ പ്രശ്‌നം ഇന്ത്യൻ ജയിലുകളുടെ അവസ്ഥയാണ്. ബാബുവിനെ കൊണ്ടുപോയ മഹാരാഷ്ട്രയിലെ തലോജ ജയിൽ, വിചാരണ തടവുകാരെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. 50 പേരൊക്കെയാണ് 25 പേർക്കുള്ള ഒരു ഹാളിൽ കഴിയുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും കീഴാളരാണ്. തങ്ങളുടെ ജാമ്യത്തിന്റെ പൈസ പോലും കൊടുക്കാൻ വകയില്ലാത്തവർ. അനാഥരായി റോഡരികിൽ ജീവിക്കുമ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാർ, കെട്ടിച്ചമച്ച കേസുകളിൽ വർഷങ്ങളായി വിചാരണ തടവുകാരായി തുടരുന്ന മുസ്‌ലിം ചെറുപ്പക്കാർ. ഇങ്ങനെ കീഴാളരെക്കൊണ്ട് നിറഞ്ഞ, മീനും ഇറച്ചിയും ഇല്ലാത്ത, മഹാരാഷ്ട്ര ബ്രാഹ്‌മണരുടെ ക്രൂരമായ ഒരു ജയിലിലാണ് എന്റെ ഭർത്താവ് ഹാനി ബാബുവും തടവിലാക്കപ്പെട്ടിട്ടുള്ളത്.

ഈ അവസരത്തിൽ മനസിൽ വീണ്ടും വീണ്ടും വന്നുപോകുന്ന ഒരു ചോദ്യമിതാണ്: എന്തിനാണ് മനുഷ്യരെ നന്നാക്കാനെന്ന പേരിലും സമൂഹത്തെ രക്ഷിക്കാനെന്ന പേരിലുമൊക്കെ, പാർശ്വവൽകൃതരായവരെ പീഡിപ്പിക്കാനുളള ഈ വ്യവസ്ഥയ്ക്ക് നമ്മൾ സമ്മതം കൊടുക്കുന്നത്? തടവറകളില്ലാത്ത ഒരു ലോകത്തെ കുറിച്ച് ആലോചിക്കാൻ പോലും കഴിയാത്തവിധം നമ്മൾ ആധുനിക ഘടനകളുടെ തടവറകൾക്കുള്ളിലായി ക്കഴിഞ്ഞോ?

വാസ്തവത്തിൽ, തടവറകൾ ഇല്ലാതാക്കുന്നതിനെ കുറിച്ച് ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയത്തെ മുന്നോട്ടു വെച്ചിട്ടുള്ളത്, നിരന്തരം തടവറകളിൽ അടക്കപ്പെട്ടിരുന്ന ബ്ലാക്ക് പാന്തേഴ്‌സ് ഗ്രൂപ്പുകളാണ്. സ്റ്റാൻ സ്വാമിയുടെ മരണശേഷം, രാഷ്ട്രീയ തടവുകാരുടെ പ്രശ്‌നങ്ങൾ വിപുലമായി ഉയർന്നുവരുന്ന കാലമാണല്ലോ. എന്നാൽ നമ്മുടെ തന്നെ രാഷ്ട്രീയത്തിന്റെ പ്രശ്‌നങ്ങൾ കാരണം, ബ്ലാക്ക് പാന്തേഴ്‌സ് പറഞ്ഞ പല പ്രധാനപ്പെട്ട കാര്യങ്ങളും നമുക്കിന്നും വ്യക്തമായി പറയാൻ കഴിയുന്നില്ല.
ആദ്യം തന്നെ എല്ലാ തടവുകാരും രാഷ്ട്രീയ തടവുകാരാണ് എന്നത് തിരിച്ചറിയുന്നത് പ്രധാനമാണ്.

സിൽഗറിലെ ആദിവാസി ജനങ്ങളെ ഫാ. സ്റ്റാൻ സ്വാമിയുടെ മരണ വാർത്ത അറിയിക്കുന്ന പീപിൾസ് യൂണിയൻ ഫോർ സിവിൽ ലിബെട്ടീസ് അംഗങ്ങൾ.

ഒരു ജയിലിലുള്ളവരിൽ 90 ശതമാനവും ദളിത്-ആദിവാസി- പിന്നാക്ക വിഭാഗ- മുസ്‌ലിം തടവുകാരാണെന്നും, അവരിൽ 70 ശതമാനം വിചാരണ തടവുകാരാണെന്നും മനസിലാക്കുമ്പോൾ, ദിവസം ഒരാൾ വീതം ഇന്ത്യൻ ജയിലുകളിൽ പീഡിപ്പിച്ചു കൊല്ലപ്പെടുന്നുണ്ട് എന്നറിയുമ്പോൾ, ഇതിൽ പകുതിയിൽ കൂടുതൽ കീഴാളരാണ് എന്ന് മനസിലാക്കുമ്പോൾ, യു.എ.പി.എ പോലെയുള്ള നിയമങ്ങൾ നിരന്തരം മുസ്‌ലിംകളെയാണ് വിചാരണ തടവുകാരായി ജയിലിലേക്കു തള്ളുന്നത് എന്നറിയുമ്പോൾ, തടവറകൾ വെറും സോഷ്യൽ റീഫോർമേഷൻ സ്ഥാനങ്ങളായി കാണാൻ കഴിയില്ല. ഏഞ്ചല ഡേവിസ് പറയുന്നതുപോലെ; “Prisons do not disappear social problems, they disappear human beings. Homelessness, unemployment, drug addiction, mental illness, and illiteracy are only a few of the problems that disappear from public view when the human beings contending with them are relegated to cages.’’

ഈ വസ്തുത, രാഷ്ട്രീയ തടവുകാരെക്കുറിച്ച് വൻ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പോലും നമുക്ക് ഉയർത്തിക്കൊണ്ടുവരാൻ കഴിയാത്തത് രാഷ്ട്രീയ തടവുകാരുടെ പ്രശ്‌നങ്ങൾ ഇന്ന് മുന്നോട്ടു കൊണ്ടുപോകുന്നത് സവർണ ലിബറൽ പക്ഷങ്ങളാണ് എന്നതുകൊണ്ടാണ്. സ്വാതന്ത്ര്യം, വിയോജിക്കാനുള്ള അവകാശം എന്നിങ്ങനെയുള്ള ലിബറൽ ആവശ്യങ്ങൾക്കുള്ളിൽ ഇന്നത്തെ രാഷ്ട്രീയ തടവുകാരെക്കുറിച്ചുള്ള വ്യവഹാരങ്ങൾ തുടരുമ്പോൾ, ഇതിനപ്പുറം, ഇന്ത്യൻ സാമൂഹിക ഘടനയെ മാറ്റിയെഴുതാൻ പ്രവർത്തിച്ച പല രാഷ്ട്രീയ തടവുകാരുടെയും രാഷ്ട്രീയങ്ങൾ തന്നെ പിന്തള്ളപ്പെടുന്നു. മാത്രമല്ല, ഫാദർ സ്റ്റാൻ സ്വാമിയെ പോലെയുള്ള ഏതാനും ചില വ്യക്തികളെക്കുറിച്ച് - അതും അവരുടെ മരണ ശേഷം - ഇതുപോലെ ആഗോള ശ്രദ്ധ നേടിക്കൊടുക്കുന്ന പ്രതിഷേധങ്ങളുണ്ടാകുമ്പോൾ തന്നെ, ആദിവാസികളോട് തലമുറകളായി ചെയ്തുവരുന്ന അനീതികളെ കുറിച്ച് ഒന്ന് മിണ്ടുന്നുപോലുമില്ല. കേരളത്തിൽ, സ്റ്റാൻ സ്വാമിയെ പോലെ തന്നെ, മരണം കാത്തുകിടക്കുന്ന, തീർത്തും രോഗിയായ ഇബ്രാഹിം എന്ന മറ്റൊരു രാഷ്ട്രീയ തടവുകാരനെക്കുറിച്ച്, സ്റ്റാൻ സ്വാമിക്കുവേണ്ടി സംസാരിക്കുന്നവർ പോലും ഒന്നും പറയുന്നില്ല. അതുപോലെ, എൻ.ആർ.സി- സി.എ.എ എന്നിവക്കെതിരായ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത വിദ്യാർത്ഥികൾ ഒരു വർഷത്തിലേറെ ജയിലിൽ കിടക്കുകയാണ്. നമ്മൾ ഇവർക്കുവേണ്ടി സംസാരിക്കുമ്പോൾ പോലും, ഇന്ത്യൻ രാഷ്ട്രത്തിന്റെ നിർമാണത്തിനടിസ്ഥാനമായ മുസ്‌ലിം അപരത്വത്തിന്റെ പ്രശ്‌നം വലിയ തോതിൽ ഉയർത്തിക്കൊണ്ടു വരാൻ നമുക്ക് കഴിയുന്നില്ല. ഇതിന് സവർണ ലിബറൽ പ്രസ്ഥാനങ്ങളുടെ പെറ്റീഷൻ രാഷ്ട്രീയത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, നിലനിൽക്കുന്ന എല്ലാ രാഷ്ട്രീയങ്ങളും ഇങ്ങനെയൊരു ലിബറൽ ഘടനയ്ക്കുള്ളിലാണുള്ളത്.

എല്ലാ തടവുകാരും ഒരു തരത്തിലുള്ള രാഷ്ട്രീയ തടവുകാരാണെന്നും, അതുകൊണ്ട് തടവറകൾ തന്നെ വേണ്ടെന്നും നമ്മൾ പറഞ്ഞുപോലും തുടങ്ങാത്തത് എന്തുകൊണ്ടാണ്?

ബഹുജനങ്ങളെ അടിച്ചമർത്തുന്ന ഇന്ത്യ എന്ന ജാതി കോളനിയുടെ ഭാഗമായാണ് സ്വാതന്ത്ര്യാനന്തരമുള്ള എല്ലാ രാഷ്ട്രീയങ്ങളും ഉണ്ടായിവന്നിട്ടുള്ളത്. അതിനു പുറത്തൊരു രാഷ്ട്രീയത്തെയാണ് പലപ്പോഴും തടവറകൾ കൊണ്ട് ഭരണകൂടം നേരിടുന്നത്. അതുകൊണ്ടുതന്നെ നിലവിലുള്ള ഒരു ധാരയ്ക്കും ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ തന്നെ അടിത്തറയായ ലിബറൽ ഘടനയ്ക്കപ്പുറം കടന്നുകൊണ്ട് എളുപ്പം ഒരു രാഷ്ട്രീയം സാധ്യമല്ല. മാത്രമല്ല, അങ്ങനെയൊന്നുണ്ടാകുമ്പോൾ, അതിനെ പൊലീസിനെയും പട്ടാളത്തെയും കൊണ്ട് നേരിടുന്ന ഭരണകൂടത്തെ നമ്മൾ എതിർക്കുന്നത് അതിന്റെ തന്നെ തത്വങ്ങൾ ഉപയോഗിച്ചാണ്. എന്നാൽ, Audre Lourde പറഞ്ഞതു പോലെ ‘The Master's Tools Will Never Dismantle the Master's House.'

വാസ്തവത്തിൽ സ്റ്റാൻ സ്വാമിയുടെ ഇൻസ്റ്റിറ്റ്യൂഷനൽ മർഡർ വൈറൽ ആകുന്ന ഈ സമയത്ത്, നമ്മുടെ മുന്നിൽ നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്.
രാഷ്ട്രീയ തടവുകാരുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം അവരെ തളച്ചിടുന്ന യു.എ.പി.എ പോലെയുള്ള നിയമങ്ങളെ കുറിച്ച് നമ്മൾ സംസാരിക്കാൻ തയ്യാറാണോ? രാഷ്ട്രീയ തടവുകാർ മുന്നോട്ടുവെക്കാൻ ശ്രമിക്കുന്ന ചോദ്യങ്ങളെ പിന്തുണയ്ക്കാനും അവയെ മുന്നോട്ടുകൊണ്ടുപോകാനും നമുക്ക് കഴിയുമോ? എല്ലാ തടവുകാരും ഒരു തരത്തിലുള്ള രാഷ്ട്രീയ തടവുകാരാണെന്നും, അതുകൊണ്ട് തടവറകൾ തന്നെ വേണ്ടെന്നും നമ്മൾ പറഞ്ഞുപോലും തുടങ്ങാത്തത് എന്തുകൊണ്ടാണ്?

ദേശരാഷ്ട്രത്തിന്റെ അഴികൾക്കുള്ളിൽ നിന്ന് ‘വ്യക്തി സ്വാതന്ത്ര്യം', ‘പിന്നാക്കാവസ്ഥ', എന്നിങ്ങനെയുള്ള ലിബറൽ ആശയങ്ങളിൽ കുടുങ്ങിയ ഒരു രാഷ്ട്രീയം മാത്രമാണോ നമുക്ക് ഇന്ന് സാധ്യമായി തീരുന്നത്? ഇതിനപ്പുറം, ദേശരാഷ്ട്രത്തിന്റെ പങ്കു ചോദിച്ചുപോകാതെ, അതിനെ പൂർണമായും ബഹുജന ഹിതത്തിനു വേണ്ടി മാറ്റിയെടുക്കാൻ കഴിവുള്ള ഒരു വലിയ രാഷ്ട്രീയം, ചെറുതുകളുടെ ഈ സമയത്ത് സാധ്യമല്ലാതായി തീരുകയോണോ? അതായത്, ആധുനികത നിർമിച്ച ദേശരാഷ്ട്രങ്ങളുടെ തടവറയ്ക്കപ്പുറം ഒരു ലോകം തന്നെ സാധ്യമല്ലാതാകുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, തടവറകൾ ഇല്ലാത്ത ഒരു ലോകം സാധ്യമാണോ? ▮

Comments