കുടിവെള്ളത്തിനായി ‘കലം കമിഴ്ത്തി' തോപ്പിൽ കോളനി

പുതിയ സർക്കാർ അധികാരമേൽക്കുന്ന ദിവസം തിരുവനന്തപുരത്തെ ഒരു പട്ടികജാതി കോളനിയിൽ കുടിവെള്ളത്തിനായി 'കലം കമിഴ്ത്തി' പ്രതിഷേധം നടന്നു. കുടിവെള്ളക്ഷാമം, അടച്ചുറപ്പുള്ള വീടുകളില്ലായ്മ, തൊഴിലില്ലായ്മ, പട്ടിണി കേരളത്തിലെ ഏത് ദരിദ്ര, ദളിത് കോളനിയിലെയും ജനങ്ങൾ നേരിടുന്ന അതേ പ്രശ്‌നങ്ങൾ തന്നെയാണ് തോപ്പിൽ കോളനിവാസികളും അനുഭവിക്കുന്നത്.

മെയ് 20ന് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിനൊപ്പം തിരുവനന്തപുരത്തെ ഒരു പട്ടികജാതി കോളനിയിൽ ഒരു സമരം നടന്നു. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കിളിമാനൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിലെ തോപ്പിൽ കോളനിയിലാണ് ‘കലം കമഴ്​ത്തി’ പ്രതിഷേധം നടന്നത്. 40 വർഷമായി തുടരുന്ന കുടിവെള്ള ക്ഷാമമായിരുന്നു സമരകാരണം.

ദിവസങ്ങൾക്കുമുൻപ്, മെയ് 12നും കോളനിയിലെ ജനകീയ മുന്നേറ്റ സമിതി പ്രവർത്തകർ, തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ഓൺലൈനിലൂടെ പൊതുശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. കുടിവെള്ളക്ഷാമം, അടച്ചുറപ്പുള്ള വീടുകളില്ലായ്മ, തൊഴിലില്ലായ്മ, പട്ടിണി കേരളത്തിലെ ഏത് ദരിദ്ര, ദളിത് കോളനിയിലെയും ജനങ്ങൾ നേരിടുന്ന അതേ പ്രശ്‌നങ്ങൾ തന്നെയാണ് തോപ്പിൽ കോളനിവാസികളും അനുഭവിക്കുന്നത്.

കോളനിക്കകത്ത് പ്രവർത്തിക്കുന്ന എ. കെ. ആർ ക്വാറിക്കുവേണ്ടിയാണ് കോളനി നിവാസികളെ കുടിവെള്ള ക്ഷാമത്താൽ വലച്ച്, അവിടം വിട്ടൊഴിയാൻ നിർബന്ധിതരാക്കുന്നതെന്നാണ് പ്രധാന ആരോപണം. കോളനി നിവാസികൾ ദളിതരും ദരിദ്രരുമാണെന്നത് ഈ ആരോപണത്തിന് ബലം നൽകുന്നു.

ജനകീയ മുന്നേറ്റ സമിതി കൺവീനർ സേതു

തോപ്പിൽ കോളനിയിലെ ജനകീയ മുന്നേറ്റ സമിതി കൺവീനർ സേതു വർഷങ്ങളായി തങ്ങൾ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ചു: ‘‘40 വർഷമായി കോളനി രൂപീകരിച്ചിട്ട്. തുടക്കത്തിൽ അമ്പതോളം കുടുംബങ്ങളാണുണ്ടായിരുന്നത്. ഇന്ന് 120 കുടുംബങ്ങളുണ്ട്. ജനകീയ മുന്നേറ്റ സമിതിയുടെ നിരന്തര സമരങ്ങളുടെ ഫലമായി 2019ൽ 24 കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യം ലഭ്യമായി. മറ്റ് 30 വീടുകളിൽ ജപ്പാൻ കുടിവെള്ള പദ്ധതിക്ക് സജ്ജീകരണങ്ങൾ ഒരുക്കുകയും, രണ്ടുമൂന്നുദിവസം വെള്ളം ലഭ്യമാക്കുകയും ചെയ്തു. എന്നാൽ ഇവ ഇന്ന് പ്രവർത്തനക്ഷമമല്ല. കോളനിക്കുപുറത്ത് ജപ്പാൻ കുടിവെള്ള പദ്ധതി കാര്യക്ഷമമായി പ്രവർത്തിക്കുന്നുമുണ്ട്.
കോളനിക്കകത്ത് 25 വർഷമായി ഒരു ക്വാറി പ്രവർത്തിക്കുന്നുണ്ട്.

കോളനിക്കാരിൽ ചിലരുടെ ഭൂമി കൂടി വാങ്ങി അതിലാണ് ക്വാറി പ്രവർത്തിക്കുന്നത്. ക്വാറി പ്രവർത്തനം മൂലമുള്ള ബുദ്ധിമുട്ടുകൾക്കുപുറമേയാണ് ക്വാറി മാഫിയ കുടിവെള്ളം തടഞ്ഞ് ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നത്. 2014-ൽ പ്രവർത്തനം തുടങ്ങിയ ജനകീയ മുന്നേറ്റ സമിതി അതേ വർഷം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം അനുഷ്ഠിച്ചു. എന്നാൽ ഇന്ന്, സമിതിയുടെ പ്രവർത്തനങ്ങളെ സി.പി.എം വിരുദ്ധം എന്ന തരത്തിൽ ചിത്രീകരിച്ച് അമർച്ച ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പഞ്ചായത്ത് അധികാരികളുടെ പ്രതികരണവും നിഷേധാത്മകമാണ്. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെടാനാണ് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെടുന്നത്. എന്നാൽ വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥരെയാവട്ടെ ഫോണിൽ വിളിച്ചാൽ കിട്ടുകയുമില്ല. ക്വാറി ഉടമകളും രാഷ്ട്രീയ പാർട്ടി നേതാക്കളും ചേർന്നാണ് കോളനി നിവാസികളുടെ അവകാശങ്ങൾ നിഷേധിക്കുന്നത്. മുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന വ്യക്തിയാണ് ക്വാറിയിലെ കണക്കുകൾ കൈകാര്യം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്തും അദ്ദേഹം ഇതേ ജോലി ചെയ്തിരുന്നു.

കിളിമാനൂർ പഞ്ചായത്തിലെ പ്രാദേശിക നേതാക്കളെ വളർത്തി അധികാരത്തിലെത്തിക്കുന്നത് ക്വാറി മാഫിയയാണ്. സെക്രട്ടറിയേറ്റിൽ കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് ഞാൻ 780 ദിവസങ്ങളോളം സമരം കിടന്നിരുന്നു. രണ്ടു തവണ അറസ്റ്റ് നേരിട്ടു. ഒരിക്കൽ ജയിലിൽ നിരാഹാരം കിടന്ന എന്നെ ഊളംപാറ മാനസികാരോഗ്യ കേന്ദ്രത്തിൽ അഡ്മിറ്റ് ചെയ്യുകയും ബലാൽക്കാരമായി നാലഞ്ചു ദിവസത്തോളം മരുന്നുകൾ കഴിപ്പിക്കുകയും ചെയ്തു. അതിനുശേഷം നിരന്തരമായി, ഇപ്പോഴും ശരീരത്തിന് വല്ലാത്ത ക്ഷീണം അനുഭവപ്പെടാറുണ്ട്. ജനകീയ മുന്നേറ്റ സമിതിയോട് സഹകരിക്കുന്നവരെ പണിക്കുപോലും വിളിക്കാത്ത സ്ഥിതിയാണിവിടെ. ഇത്രകാലവും കുടിവെള്ളക്ഷാമത്താൽ നരകിച്ചിട്ടും പ്രതികരിക്കാൻ സാധിക്കാത്ത തരത്തിൽ ജനങ്ങൾ ഇവിടെ അടിച്ചമർത്തപ്പെട്ടിട്ടുണ്ട്. ജീവഭയം കൊണ്ടാണ് പലയാളുകളും പ്രത്യക്ഷത്തിൽ സമരങ്ങളോട് സഹകരിക്കാത്തത്. 2018-ൽ പട്ടികജാതി കമീഷൻ അറിയിച്ചത്, മൂന്ന് മാസത്തിനകം തോപ്പിൽ കോളനിയിൽ കുടിവെള്ള വിതരണം ആരംഭിക്കണം എന്നാണ്; നടപടി ഉണ്ടായില്ല. പിന്നീട് 2019-ൽ കുടിവെള്ളം ലഭ്യമാവും എന്നൊരു അറിയിപ്പ് കിട്ടി. അതും പ്രാവർത്തികമായില്ല. കോളനിക്കകത്ത് കോവിഡ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിലും കിലോമീറ്ററുകൾ സഞ്ചരിച്ചാണ് കോളനി നിവാസികൾ കുടിവെള്ളം ശേഖരിക്കുന്നത്. ആവശ്യത്തിന് കിണറുകളുമില്ല തോപ്പിൽ കോളനിയിൽ. മുഖ്യമന്ത്രിയ്ക്കടക്കം ബന്ധപ്പെട്ട അധികാരികൾക്കൊക്കെയും നിരവധി നിവേദനങ്ങൾ സമർപ്പിച്ചു കഴിഞ്ഞു.''

തോപ്പിൽ കോളനിയിലെ മനുഷ്യർ കാലങ്ങളായി അനുഭവിച്ചുവരുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളാണ്. സാമ്പത്തിക അധികാര ഭീകരതയുടെയും ദളിത് വിരുദ്ധതയുടെയും തീവ്രാവസ്ഥയാണ് കോളനിയിൽ തുടരുന്നത്. ക്വാറി പ്രവർത്തനം തടയുകയും പൊതുനിരത്തിലൂടെ കടന്നു പോകുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ കോളനിക്കുള്ളിലേക്ക് വ്യാപിപ്പിക്കുകയും വേണം എന്നതാണ് ഇവരുടെ ആവശ്യങ്ങൾ. പുതിയ സർക്കാറിന്റെയും എം.എൽ.എയുടെയും ഇടപെടൽ കാത്തിരിക്കുകയാണ് കോളനി നിവാസികൾ.

Comments