കോഴിക്കോട് ജില്ലയിലെ ചേരി പ്രദേശമായ കല്ലുത്താൻ കടവ് കോളനിക്കാരെ, 2019 ഒക്ടോബർ രണ്ടിനാണ് കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ നിർമ്മിച്ച ബഹുനില ഫ്‌ളാറ്റിലേക്ക് പുനരധിവസിപ്പിക്കുന്നത്. മഴക്കാലത്തും വെള്ളപ്പൊക്കങ്ങളിലും തീരാ ദുരിതം അനുഭവിച്ചവർക്ക്, അടച്ചുറപ്പുള്ള പുതിയ വാസ സ്ഥലമൊരുക്കുന്ന ഈ സർക്കാർ പദ്ധതിയെ ജനക്ഷേമ പ്രവർത്തനങ്ങളുടെ മാതൃകയായാണ് വിശേഷിപ്പിച്ചിരുന്നത്. പക്ഷേ ഫ്ളാറ്റിലേക്ക് മാറി നാലുവർഷങ്ങൾക്കിപ്പുറം അടിസ്ഥാനമായി ലഭിക്കേണ്ട സുരക്ഷിതത്വം പോലുമില്ലാതെ ഭീതിയിലാണ്ടു കഴിയുകയാണ് ഇവിടുത്തെ നൂറിലേറെ കുടുംബങ്ങൾ. ഫ്ളാറ്റിന്റെ പലയിടങ്ങളിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. പല മുറികളിലെയും കോൺക്രീറ്റ് സീലിങ്ങുകൾ അടർന്നുതുടങ്ങിയിട്ടുണ്ട്. കല്ലുത്താൻകടവ് ഫ്ളാറ്റിലെ 704 ാം നമ്പറിൽ താമസിക്കുന്ന പഴനിസ്വാമിയുടെ ഒന്നരവയസ്സുള്ള മകൻ ഉറങ്ങിക്കിടന്ന മുറിയിലെ സീലിങ്ങും കഴിഞ്ഞദിവസം അടർന്നുവീണിരുന്നു. തലനാരിഴക്കാണ് കുട്ടിയെ വലിയൊരു അപകടത്തിൽ നിന്ന് രക്ഷിക്കാനായത്. ഫ്ളാറ്റ് ഏതു നിമിഷവും ഇടിഞ്ഞുവീഴുമെന്ന ഭീതിയുള്ളതിനാൽ മനസമാധാനത്തോടെ ഉറങ്ങാൻപോലും കഴിയുന്നില്ലെന്നാണ് ഫ്ളാറ്റ് നിവാസികൾ പറയുന്നത്.