Photo: Mithun Anila Mithran / Facebook

റൊമാന്റിക്
വിശേഷണങ്ങളെ
ചോദ്യം ചെയ്യുന്ന
‘ഡിസബിലിറ്റി’കൾ

Kerala Disability Festival കഴിഞ്ഞിട്ടും തീരാതെ നിൽക്കുകയാണ് "ഡിസബിലിറ്റി" ഫെസ്റ്റിവൽ എന്ന പേരിന്റെ ശരികേടിനെക്കുറിച്ചുള്ള ചർച്ചകൾ. തിരിച്ചുനടത്തമെന്ന കുറ്റപ്പെടുത്തൽ മുതൽ ശ്രദ്ധയില്ലായ്മയെന്ന ആക്ഷേപം വരെ അന്തരീക്ഷത്തിലിപ്പോഴുമുണ്ട്- ഡോ. എ.കെ. അബ്ദുൽ ഹക്കീം എഴുതുന്നു.

താണ്ട് മൂന്ന് വർഷം മുമ്പാണ് അഫ്‌സലിനെ പരിചയപ്പെട്ടത്. കാഴ്ചപരിമിതരായ സ്കൂൾ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷ കോഴിക്കോട് തയ്യാറാക്കിയ ബീറ്റ്സ് പ്രോജക്ടിന്റെ ഭാഗമായാണ്, കാഴ്ചശക്തി ഒട്ടുമേ ഇല്ലാത്ത അഫ്സലിനെ കണ്ടെത്തുന്നത്.

കാഴ്ചയില്ലാത്തവരുടെ സ്പോർട്സുമായി ബന്ധപ്പെട്ട ഗവേഷണത്തിലും ബാംഗ്ലൂരിലെ ഇക്യുബിയിംഗ് ഫൗണ്ടേഷന്റെ പ്രവർത്തനത്തിലുമായിരുന്നു അഫ്സൽ അന്ന്. കോഴിക്കോട് ജില്ലയിലെ കാഴ്ചപരിമിതരായ നൂറോളം കുട്ടികളുടെ നീന്തൽ പരിശീലനത്തിൽ അവൻ കൂട്ടാളിയായി. കാഴ്ചയില്ലാത്ത കുട്ടികളെ പഠിപ്പിക്കാനുള്ള പ്രത്യേക പരിശീലനം അവൻ സ്വിമ്മിംഗ് പൂളിലെ സ്ഥിരം ട്രയിനർമാക്ക് നൽകി. ഉദ്ദേശിച്ചതിനപ്പുറം, മറ്റ് ഡിസബിലിറ്റി മേഖലയിലുള്ള കുട്ടികളും നീന്തൽ പഠിക്കാനെത്തി. രാജ്യത്തിന് മാതൃകയായി ബീറ്റ്സ് പദ്ധതി അടയാളപ്പെട്ടു.

Photo:  Kerala Disability Festival / Facebook
Photo: Kerala Disability Festival / Facebook

അഫ്സലിൽ നിന്നാണ് ഡിസബിലിറ്റിയുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ പഠിച്ചത്. കണ്ണ് കാണാത്തവർക്ക് വേറെ ചില അത്ഭുത സിദ്ധികളുണ്ടെന്നാണ് പലരെയും പോലെ ഞാനും കരുതിയിരുന്നത്. ശബ്ദം കേട്ട് ആളുകളെ തിരിച്ചറിയുന്നതൊക്കെ അവരുടെ ഭിന്നശേഷിയായി ഞാനും തെറ്റിധരിച്ചിരുന്നു. എന്നാൽ അതിന്റെയൊക്കെ അധ്വാനം എത്രയാണെന്ന് അവൻ പറഞ്ഞാണ് ആദ്യമായി അറിഞ്ഞത്. കാണാനാവാത്തതു കൊണ്ട്, കേട്ടും മണത്തും സ്പർശിച്ചുമെല്ലാം ഓരോ കാര്യങ്ങളും എങ്ങനെയെങ്കിലും മനസിലാക്കിയെടുക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞറിഞ്ഞപ്പോൾ അതുവരെ മനസിലാക്കിയതിലെ ശരികേടിനെക്കുറിച്ചോർത്ത് ശരിക്കും വേദനിച്ചു.

"എന്നെ മനസ്സിലായോ" എന്ന കുസൃതിച്ചോദ്യത്തിന് മുതിരാതെ, "അഫ്സലേ, ഞാൻ ഹക്കീം മാഷാണ്" എന്ന് നേരെ ചൊവ്വേ സംസാരം തുടങ്ങിയാൽ ഞങ്ങൾ വലിയൊരു സാഹസത്തിൽ നിന്ന് രക്ഷപ്പെടുമെന്നുകൂടി അവൻ കൂട്ടിച്ചേർത്തിരുന്നു.

ഭിന്നശേഷിക്കാർക്കായി ഒരു ഫെസ്റ്റിവൽ നടത്തണമെന്നും കൂടെയുണ്ടാവണമെന്നും പറഞ്ഞ് തണലിന്റെ സാരഥി ഡോ. ഇദ്രീസ് വിളിക്കുമ്പോൾ അഫ്സലിന്റെ വാക്കുകൾ മനസിലുണ്ടായിരുന്നു.

Photo: Kerala Disability Festival / Facebook
Photo: Kerala Disability Festival / Facebook

എന്തായിരിക്കണം ഫെസ്റ്റിവലിന്റെ പേര് എന്നതിൽ തുടക്കം മുതലേ ചർച്ചകൾ ആരംഭിച്ചിരുന്നു. എബിലിറ്റി ഫെസ്റ്റെന്നും ഇൻക്ലൂസീസ് ഫെസ്റ്റിവലെന്നും അഭിപ്രായങ്ങളുണ്ടായെങ്കിലും ഡിസബിലിറ്റി ഫെസ്റ്റിവൽ എന്നാണ് വേണ്ടതെന്ന് തീരുമാനിക്കുകയായിരുന്നു. ഡിസബിലിറ്റി ആക്ടിവിസ്റ്റും ഗവേഷകനുമായ ശബരിയെപ്പോലുള്ളവർ നിർബന്ധബുദ്ധിയോടെയാണ് ഇക്കാര്യത്തിൽ ഇടപെട്ടത്. അവർ മുന്നോട്ടുവെച്ച വാദത്തിനു മുമ്പിൽ മറ്റഭിപ്രായങ്ങൾ വഴിമാറുകയായിരുന്നു.

Kerala Disability Festival (KDF) കഴിഞ്ഞിട്ടും തീരാതെ നിൽക്കുകയാണ് "ഡിസബിലിറ്റി" ഫെസ്റ്റിവൽ എന്ന പേരിന്റെ ശരികേടിനെക്കുറിച്ചുള്ള ചർച്ചകൾ. തിരിച്ചുനടത്തമെന്ന കുറ്റപ്പെടുത്തൽ മുതൽ ശ്രദ്ധയില്ലായ്മയെന്ന ആക്ഷേപം വരെ അന്തരീക്ഷത്തിലിപ്പോഴുമുണ്ട്. അടുത്ത തവണയെങ്കിലും പേര് മാറ്റണമെന്ന് സ്നേഹപൂർവം നിർദ്ദേശിച്ച സുഹൃത്തുക്കളുമുണ്ട്.

ഭിന്നശേഷിക്കാരെന്നും ദിവ്യാംഗജൻമാരെന്നും മാലാഖക്കുഞ്ഞുങ്ങളെന്നുമുള്ള റൊമാന്റിക് വിശേഷണങ്ങൾ പലതും കേട്ട് ശീലിച്ചതുകൊണ്ടാവണം ഡിസബിലിറ്റി വ്യക്തികൾ എന്ന വിളിപ്പേര് ഉൾക്കൊള്ളാൻ പലർക്കും പ്രയാസം തോന്നുന്നത്.

മേൽപറഞ്ഞ പോലെയുള്ള ഒട്ടേറെ സംശയങ്ങൾ, കൺഫ്യൂഷനുകൾ സംഘാടകരിൽ പലർക്കുമുണ്ടായിരുന്നു എന്നതും നേരാണ്. വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടാവാനുള്ള സാധ്യതകളും ചർച്ച ചെയ്തിരുന്നു എന്നതാണ് വാസ്തവം.

ഭിന്നശേഷിക്കാരെന്നും ദിവ്യാംഗജൻമാരെന്നും മാലാഖക്കുഞ്ഞുങ്ങളെന്നുമുള്ള റൊമാന്റിക് വിശേഷണങ്ങൾ പലതും കേട്ട് ശീലിച്ചതുകൊണ്ടാവണം ഡിസബിലിറ്റി വ്യക്തികൾ എന്ന വിളിപ്പേര് ഉൾക്കൊള്ളാൻ പലർക്കും പ്രയാസം തോന്നുന്നത്. ശരീരത്തെ അവമതിക്കുന്ന ഒട്ടേറെ പ്രയോഗങ്ങളെ തിരുത്തിയാണ് കേരളവും മലയാളവും മുന്നേറിയതെന്നിരിക്കെ ‘ഡിസേബിൾഡ്’ എന്ന പ്രയോഗം ഒരു പിൻമടക്കമായി തോന്നുന്നതിലും അസ്വാഭാവികതയില്ല.

‘ഡിസബിലിറ്റി’യെ വ്യക്തിയുടെ ‘പോരായ്മ’യായിട്ടാണ് സമൂഹം പൊതുവെ കണ്ടുവരുന്നത്. ഈ ‘പോരായ്മ’ ചികിത്സയിലൂടെ ഭേദമാക്കാവുന്നതും പുനരധിവാസ പ്രവർത്തനങ്ങളിലൂടെ പരിഹരിക്കപ്പെടാവുന്നതുമാണെന്നാണ് കാലങ്ങളായി കരുതിപ്പോരുന്നത്. ചരിത്രപരമായി നോക്കിയാൽ, ഡിസബിലിറ്റി എന്നത് ഒരു വ്യക്തിയുടെ ശാരീരികമോ മാനസികമോ ചിലപ്പോൾ രണ്ടുംകൂടി ചേർന്നതോ ആയ പോരായ്മയായിട്ടാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഡിസേബിൾഡ് വ്യക്തികൾക്ക് ശാരീരികമോ മാനസികമോ ആയ പ്രത്യേകതകൾ മൂലം വ്യക്തിപരമോ സാമൂഹികമായോ ഉള്ള ആവശ്യങ്ങൾ പൂർണാർത്ഥത്തിൽ നിറവേറ്റാൻ പറ്റാതെ വരുന്നു എന്നതാണ് യാഥാർത്ഥ്യം. അത്തരം ശാരീരിക നിലകളെ impairment ആയാണ് കാണേണ്ടത്.

സാമൂഹികമായും നിർമ്മിതിപരമായും ഉള്ള തടസ്സങ്ങൾ ( barriers) ഇത്തരം വ്യക്തികൾ നേരിടേണ്ടിവരുന്നുണ്ട്. അത്തരം വിവേചനങ്ങളെ ableism എന്നാണ് പുതിയകാലം വിശേഷിപ്പിക്കുന്നത്.

21 ഡിസബിലിറ്റികളെ അനുഭവിച്ചറിയുന്നതിലൂടെ അതിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുകയായിരുന്നു Kerala Disability Festival-ന്റെ പ്രഥമ  ലക്ഷ്യം.  Photo: Roshan Bijlee
21 ഡിസബിലിറ്റികളെ അനുഭവിച്ചറിയുന്നതിലൂടെ അതിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുകയായിരുന്നു Kerala Disability Festival-ന്റെ പ്രഥമ ലക്ഷ്യം. Photo: Roshan Bijlee

Impairment ഉള്ള ഒരു വ്യക്തി barriers ഉള്ള സാഹചര്യത്തെ നേരിടേണ്ടിവരുമ്പോൾ അതിൻ്റെ പരിണിതഫലമായി അനുഭവിക്കുന്ന അവസ്ഥയാണ് ഡിസബിലിറ്റി. അത് impairment ഉള്ള വ്യക്തിയെയൊ അയാളുടെ ശരീരത്തേയോ പ്രശ്നത്തിൻ്റെ ഉറവിടമായി കാണുന്നതിനുപകരം, സമൂഹത്തെ വിവേചനത്തിന് ഉത്തരവാദിയായി കാണുന്നു. നിർമ്മിതിപരമായും സാമൂഹികമായും രാഷ്ട്രീയപരമായും ഉള്ള പരിഹാരങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നു.

അത് ഒരു കാരണവശാലും വ്യക്തികളുടെ ശാരീരിക- മാനസിക നിലകളെ ഇകഴ്ത്തുന്ന പ്രയോഗമല്ല. മറിച്ച് ചരിത്രപരമായും രാഷ്ട്രീയമായും ശരിയും കൃത്യതയും ഉള്ള വാക്കാണ്.

ഡിസബിലിറ്റി ഒരു ശാരീരിക പ്രശ്‌നമല്ലെന്നും, ശാരീരിക പരിമിതിയുള്ള വ്യക്തികളെ അവർ ജീവിക്കുന്ന സമൂഹം ശരിയായ രീതിയിൽ ഉൾക്കൊള്ളാത്തതിന്റെ പരിണിത ഫലമാമെന്നും ഉറക്കെ പറയാനാണ് ഈ ഫെസ്റ്റിവൽ ശ്രമിച്ചത്. ഡിസബിലിറ്റി എന്നുള്ളത് നിർമിതികളാൽ വിവേചനം നേരിടുന്നതാണന്നാണ് 'സോഷ്യൽ മോഡൽ ഓഫ് ഡിസബിലിറ്റി' (Social Model of Disability) എന്ന ആശയം മുന്നോട്ടുവെക്കുന്നത്. ഈ ആശയം ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

ഡിസബിലിറ്റി ഒരു ശാരീരിക പ്രശ്‌നമല്ലെന്നും, ശാരീരിക പരിമിതിയുള്ള വ്യക്തികളെ അവർ ജീവിക്കുന്ന സമൂഹം ശരിയായ രീതിയിൽ ഉൾക്കൊള്ളാത്തതിന്റെ പരിണിത ഫലമാമെന്നും ഉറക്കെ പറയാനാണ് ഈ ഫെസ്റ്റിവൽ ശ്രമിച്ചത്.

ഡിസബിലിറ്റി വ്യക്തികളുടെ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിക്കുന്നതിന് പകരം ഡിസബിലിറ്റിയുളളവരെ പുറത്തുനിർത്തുന്ന ജീവിതപരിസരങ്ങളുടെ (environment) പ്രശ്‌നത്തെ സത്യസന്ധമായി അഭിസംബോധന ചെയ്യുക എന്നതാണ് രാഷ്ട്രീയശരി.

പലതരം ഡിസബിലിറ്റികളെ അനുഭവിച്ച് മനസ്സിലാക്കാനുതകുന്ന പ്രദർശനങ്ങളും വൈജ്ഞാനിക ചർച്ചകളും, വ്യത്യസ്ത സ്റ്റാളുകളും അനുഭവങ്ങൾ പങ്കുവെക്കലുകളും സാംസ്‌കാരിക കലാപരിപാടികളും ചേർത്തുവെച്ചത് ഈ ആശയത്തിന്റെ ആവിഷ്കാരം എന്ന നിലയ്ക്കാണ്. കോഴിക്കോട് ബീച്ച് പോലൊരു പൊതു ഇടത്തെ ജനപങ്കാളിത്തമുള്ള ബോധവൽക്കരണ വേദിയാക്കി മാറ്റിയതിലൂടെ വലിയൊരു സാമൂഹിക മാറ്റത്തിന് തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു.

21 ഡിസബിലിറ്റികളെ അനുഭവിച്ചറിയുന്നതിലൂടെ അതിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുകയായിരുന്നു ഫെസ്റ്റിവലിന്റെ പ്രഥമ ലക്ഷ്യം. ഡിസെബിലിറ്റിയുള്ള മനുഷ്യരെ കുറിച്ച്, ഡിസബിലിറ്റിയുമായി ചേർന്നുവരുന്നതും എന്നാൽ അധികം സംസാരിച്ചിട്ടില്ലാത്തതുമായ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. കൂടാതെ പലതരം ഡിസബിലിറ്റികളുള്ള ആളുകളെ ഒരൊറ്റ വേദിയിൽ കൊണ്ടുവരിക, ഡിസബിലിറ്റിയോടുള്ള സാമൂഹിക അകലം (സോഷ്യൽ ഗാപ്) കുറയ്ക്കുക തുടങ്ങിയവും ഫെസ്റ്റിവൽ ലക്ഷ്യമിട്ടിരുന്നു.

Photo: Roshan Bijlee
Photo: Roshan Bijlee

ഫെസ്റ്റിവൽ മുന്നോട്ടുവെച്ച പ്രമേയങ്ങൾ കൂടി മനസിലാക്കിയാൽ സംഘാടകർ നിൽക്കുന്ന പക്ഷം കൃത്യതപ്പെടുമെന്ന് വിചാരിക്കുന്നു.

1. ഭിന്നശേഷിക്കാർ, ദിവ്യാംഗജർ, വൈകല്യമുള്ളവർ തുടങ്ങിയ പദങ്ങൾ ഒഴിവാക്കി ഡിസബിലിറ്റി എന്ന പദം ഔദ്യോഗികമായി ഉപയോഗിക്കുക. (അസാധാരണ കഴിവുള്ളവർ, ദൈവിക പരിവേഷമുള്ളവർ തുടങ്ങിയ വിശേഷണങ്ങൾ യാഥാർഥ്യത്തെ നിഷേധിക്കലും മനുഷ്യാവകാശത്തെ ലംഘിക്കലുമാണ്).

2. ഡിസബിലിറ്റി മീഡിയ സ്റ്റൈൽ ബുക്ക് ഉടനെ തയാറാക്കണം, പ്രസിദ്ധീകരിക്കണം.

3. സർക്കാർ, സ്വകാര്യ പൊതു ഇടങ്ങളിലും ഡിജിറ്റൽ സംവിധാനങ്ങളിലും ഡിസബിലിറ്റി ഓഡിറ്റിംഗ് നടത്തണം. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണം.

4. RPWD ആക്ട് അംഗീകരിച്ചിട്ടുള്ള 21 കാറ്റഗറികളെ ഉൾപ്പെടുത്തി ഡിസബിലിറ്റി സെൻസസ് നടത്തണം.

5. എല്ലാ വിഭാഗം ഡിസബിലിറ്റികളെയും പ്രതിനിധീകരിക്കുന്ന ‘ഇൻക്ലൂസീവ് ഡിസബിലിറ്റി ചിഹ്നം’ ഔദ്യോഗികമായി വികസിപ്പിക്കണം.

അവസാനിച്ചു കഴിഞ്ഞ ഒരു ഫെസ്റ്റിവൽ അല്ല KDF. കോഴിക്കോട് കടപ്പുറത്ത് നിന്നാരംഭിക്കുന്ന മാറ്റത്തിന്റെ കാറ്റാണത്. സഹതാപാധിഷ്ഠിത സഹായങ്ങൾക്കുപകരം, അവകാശാധിഷ്ഠിത നീതിയിലേക്കുള്ള യാത്രയുടെ തുടക്കമായി ഈ ഫെസ്റ്റിവൽ വായിക്കപ്പെടണം. അടിച്ചമർത്തപ്പെട്ടവരുടെ, അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെ വേദനയും രോഷവും ഇനിയും കാണാതിരിക്കരുത്. കൂടെ നിൽക്കുക, ശക്തിപ്പെടുത്തുക എന്നത് ഓരോരുത്തരും ഏറ്റെടുക്കേണ്ട ചരിത്രദൗത്യമാണ്.


Summary: Dr. A.K. Abdul Hakeem writes about the ideas and themes presented at the Kerala Disability Festival held in Kozhikode, highlighting inclusion, rights, and social awareness.


ഡോ. എ.കെ. അബ്​ദുൽ ഹക്കീം

എഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സമഗ്ര ശിക്ഷ കേരളയിൽ (എസ്.എസ്.എ) കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോ ഓർഡിനേറ്റർ. സാഹിത്യ- വിദ്യാഭ്യാസ വിഷയങ്ങളുമായി ബന്ധപ്പെട്ട് 10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പുതിയ ടീച്ചറും പുതിയ കുട്ടിയും, ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒളിയജണ്ടകൾ, സ്കൂളിലെ ഓൺലൈൻ പഠനം, മാറുന്ന വിദ്യാഭ്യാസം, ശിലയിൽ തീർത്ത സ്മാരകങ്ങൾ, അരാജകവാദിയുടെ ആത്മഭാഷണങ്ങൾ,

ആഫ്രിക്കൻ യാത്രകളുടെ സാംസ്കാരിക ദൂരങ്ങൾ, എഴുത്ത് അഭിമുഖം നിൽക്കുന്നു തുടങ്ങിയ പ്രധാന പുസ്തകങ്ങൾ.

Comments