‘തുല്യതയെക്കുറിച്ച് പറയുമ്പോൾ ഞങ്ങളെ കൂടി ഓർക്കൂ…’ ഭിന്നശേഷിക്കാരായ കായികതാരങ്ങളെ പുറന്തള്ളുന്ന കേരളം

പാരാലിമ്പിക്സിൽ ഇന്ത്യ ഏറ്റവും വലിയ മുന്നേറ്റം നടത്തിയ വർഷമാണ് 2024. അതിൽ മലയാളിയായ ഒരു താരം മാത്രമേ ഉണ്ടായുള്ളൂ. ശാരീരിക വെല്ലുവിളി നേരിടുന്ന കായിക താരങ്ങളുടെ സ്പോർട്സിനെ അംഗീകരിച്ചത് കഴിഞ്ഞ വർഷം ഡിസംബറിലാണ്. ഭിന്നശേഷിക്കാരായ കായിക താരങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് ഭരണകൂടങ്ങളും കായികമേഖലയുടെ വികസനത്തിനെന്നു പറഞ്ഞ് നിലകൊള്ളുന്ന സംവിധാനങ്ങളും. എല്ലാ മേഖലയിലും തുല്യതക്കുവേണ്ടി ആവശ്യമുയരുമ്പോൾ, ഭിന്നശേഷിക്കാരായതുകൊണ്ടുമാത്രം ഒരു സമൂഹം എങ്ങനെയാണ് പുറന്തള്ളപ്പെടുന്നത് എന്ന അന്വേഷണം.

പാരീസിൽ നടന്ന പാരാലിമ്പിക്സിൽ ഇന്ത്യ ചരിത്രത്തിലെ തന്നെ ഏറ്റവും മുന്നേറ്റം നടത്തിയ വർഷമാണ് 2024. ഏഴ് സ്വർണം ഉൾപ്പെടെ 29 മെഡൽ നേടിയ ഇന്ത്യ പാരലിമ്പിക്സ് മെഡൽപ്പട്ടികയിൽ 18-ാം സ്ഥാനത്തായിരുന്നു. പാരലിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. 167 രാജ്യങ്ങളിൽ നിന്നായി 22 ഇനങ്ങളിലെ 549 വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്. 84 അംഗ സംഘത്തെയാണ് ഇന്ത്യ ഇത്തവണ അവതരിപ്പിച്ചത്. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ സംഘമായിരുന്നു ഇത്തവണത്തേത്. 52 പുരുഷന്മാരും 32 വനിതകളും. ഷൂട്ടർ സിദ്ധാർത്ഥബാബു ആയിരുന്നു മത്സരത്തിൽ പങ്കെടുത്ത ഏക മലയാളി. ഇന്ത്യയിൽ നിന്ന് പാരാലിമ്പിക്സിൽ പങ്കെടുത്തവരിൽ മലയാളിയായ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് ശാരീരിക വെല്ലുവിളി നേരിടുന്ന കായിക താരങ്ങൾക്ക് സംസ്ഥാനം എന്തുമാത്രം പ്രധാന്യം നല്കുന്നു എന്ന ചോദ്യമാണ് ഇത് മുന്നോട്ട് വെക്കുന്നത്. സംസ്ഥാനത്തെ കായിക മേഖലയിൽനിന്ന് പുറന്തള്ളപ്പെടുന്ന ഒരു വിഭാഗത്തെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങളുയർത്തുന്ന കണക്കുകൂടിയായിരുന്നു ഇത്.

ഏതെങ്കിലും തരത്തിലുള്ള ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായുള്ള മത്സരങ്ങളാണ് പാരാലിമ്പിക്‌സ്. ലണ്ടൻ ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് തുടക്കമായപ്പോൾ സ്റ്റോക്ക് മാൻഡിവിൽ ആശുപത്രിയിലെ സർ ലുഡ്വിഗ് ഗട്ട്മാൻ നട്ടെല്ലിന് ക്ഷതമേറ്റവർക്കായി ചില മത്സരങ്ങൾ സംഘടിപ്പിച്ചതിലൂടെയാണ് പാരാലിമ്പിക്‌സിന്റെ ചരിത്രം ആരംഭിക്കുന്നത്. തുടർന്ന് നാലു വർഷത്തിനു ശേഷം ഹോളണ്ടിൽ നിന്നും ചില മത്സരാർത്ഥികളിതിൽ പങ്കെടുക്കാനെത്തി. അങ്ങനെ ഇതൊരു അന്താരാഷ്ട്ര മത്സരമായി പരിണമിക്കുകയായിരുന്നു. അന്താരാഷ്ട്ര സ്റ്റോക്ക് മാൻഡിവിൽ ഗെയിംസ് എന്ന പേരിലാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. അംഗഭംഗം സംഭവിച്ചവർക്കുള്ള ശാരീരിക പ്രവർത്തനം എന്ന നിലയിലായിരുന്നു ഇതു തുടങ്ങിയതെങ്കിലും കാലക്രമേണ മത്സരമാക്കുകയായിരുന്നു. 1976 ലായിരുന്നു ആദ്യ പാരാലിമ്പിക്സ് വിന്റർ മത്സരങ്ങൾ നടന്നത്.

പാരാലിമ്പിക്സ് ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ ഒരൊറ്റ മെഡലും കേരളത്തിന് ലഭിച്ചിട്ടില്ല. കേരളത്തിലെ ഭിന്നശേഷിക്കാരായ കായിക താരങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് മാറിവരുന്ന ഭരണകൂടങ്ങളും കായികമേഖലയുടെ വികസനത്തിനെന്നു പറഞ്ഞ് നിലകൊള്ളുന്ന സംവിധാനങ്ങളും. മറ്റ് കായിക ഇനങ്ങൾക്ക് നൽകുന്ന പ്രചോദനവും പരിഗണനയും പാരാസ്പോർസിനോ അതിലെ താരങ്ങൾക്കോ ലഭിക്കുന്നില്ല എന്നത് അവരെ അവഗണിക്കുന്നതിന് തുല്യമാണ്.

കായിക മേഖലക്കായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികളും പരിപാടികളും നടപ്പാക്കുന്നുണ്ടെങ്കിലും ശാരീരിക വെല്ലുവിളി നേരിടുന്ന കായിക താരങ്ങളുടെ ഉന്നമനത്തിനും അവരെ കൂടുതൽ അവസരങ്ങളും പരിശീലനവും നൽകി മുന്നോട്ട് കൊണ്ട് വരാനും സർക്കാർ ഇതുവരെ എന്തുചെയ്തു എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് ഒരോ പാരാലിമ്പിക്‌സിലും കേരളത്തിൽ നിന്ന് എത്രപേർ പങ്കെടുക്കുന്നു എന്ന കണക്ക് വ്യക്തമാക്കുന്നത്.

മത്സരച്ചെലവ്
സ്വയം വഹിക്കേണ്ടിവരുന്ന
താരങ്ങൾ

ശാരീരിക വെല്ലുവിളി നേരിടുന്ന കായിക താരങ്ങളുടെ സ്പോർട്സിനെ അംഗീകരിച്ചത് കഴിഞ്ഞ വർഷം ഡിസംബറിലാണ്. പരിശീലകരില്ലാതെയും മത്സരങ്ങളുടെ ചെലവ് സ്വയം വഹിക്കേണ്ട സാഹചര്യത്തിലും ഭിന്നശേഷിക്കാരായ താരങ്ങൾക്ക് സർക്കാറിന്റെ വാക്കാലുള്ള ഉറപ്പുകൊണ്ടുമാത്രം എവിടെയും എത്തിപ്പെടാൻ കഴിയില്ലെന്ന് നാഷണൽ പാരാ അത്ലലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ കേരളത്തെ പ്രതിനിധീകരിച്ച പ്രിയ മാത്യു ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

‘‘രണ്ടു വർഷമായി പാരാസ്പോർസിൽ പങ്കെടുക്കുന്നു. കേരളത്തിൽ പാരാസ്പോർട്സ് ശൈശവാവസ്ഥയിൽ തന്നെ തുടരുകയാണ്. സ്പോൺസർമാരെയോ മറ്റ് സാമ്പത്തിക സഹായമോ താരങ്ങൾക്ക് ലഭിക്കാറില്ല. മത്സരങ്ങൾക്ക് കേരളം വിട്ട് പോവുമ്പോഴും ചെലവ് സ്വയം ക​ണ്ടെത്തണം. അത്കൊണ്ട് എത്ര വലിയ മത്സരങ്ങളായാലും പങ്കെടുക്കണോ വേണ്ടേയോ എന്ന് രണ്ടുവട്ടമെങ്കിലും ആലോചിക്കേണ്ടിവരും. രണ്ടു വർഷമായി സംസ്ഥാന സർക്കാർ പാരാസ്പോർസിനെയും ഭിന്നശേഷിക്കാരായ കായികതാരങ്ങളെ മുന്നോട്ടുകൊണ്ടുവരാനുതകുന്ന തരത്തിലുള്ള സാമൂഹ്യാവസ്ഥക്കുവേണ്ടി കാര്യമായ ഇടപെടൽ നടത്തുന്നുണ്ടെന്നാണ് കരുതുന്നത്. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ വർഷം സർക്കാർ പാരാസ്പോർട്സിനെ അംഗീകരിച്ചത് ’’.

പ്രിയ മാത്യു
പ്രിയ മാത്യു

നിരവധി പരാതികളാണ് ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്ക് പറയാനുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേന ലഭിക്കേണ്ട പരിശീലനവും അതിനാവശ്യമായ കായിക ഉപകരണങ്ങളും ലഭിക്കാറില്ലെന്ന് പ്രിയ മാത്യു പറയുന്നു:

‘‘സർക്കാരിനുകീഴിൽ പരീശീലകരെ നൽകണം എന്നത് എന്നെപ്പോലുള്ള നിരവധി കായികതാരങ്ങളുടെ ആവശ്യങ്ങളിൽ ഒന്നാണ്. അത് നിറവേറ്റാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സ്വയം പരിശീലകരെ കണ്ടെത്തി അവരുടെ ചെലവ് നമ്മൾ തന്നെ ഏറ്റെടുത്ത് നടത്തേണ്ട അവസ്ഥയാണ്. മറ്റൊരു പ്രധാന പ്രശ്നം, സർക്കാർ കായിക ഉപകരണങ്ങൾ ലഭ്യമാക്കുന്നില്ല എന്നതാണ്. ദേശീയമത്സരങ്ങൾക്ക് പോകുമ്പോഴുള്ള ചെലവ് എന്നെപ്പോലുള്ളവർക്ക് താങ്ങാനാകാത്തതാണ്. മറ്റ് സംസ്ഥാനങ്ങളിലെ പാരാസ്പോർട്സിൽ ദേശീയ, അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് നല്ല തുക പാരിതോഷികമായി ലഭിക്കാറുണ്ട്. എന്നാൽ കേരളത്തിൽ നിന്ന് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഒന്നും ലഭിക്കാറില്ല. അതേസമയം, കേരളത്തിൽ മറ്റു കായിക താരങ്ങൾക്ക് വലിയ സ്വീകരണമാണ് ലഭിക്കാറ്’’.

പ്രഖ്യാപനങ്ങളിലൊതുങ്ങുന്ന വാഗ്ദാനങ്ങളും
സർക്കാർ ജോലി എന്ന സ്വപ്നവും

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ചെയ്യുന്ന കാര്യങ്ങളിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് ഈ വർഷം സെപ്തംബറിലാണ്. ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ ഉൾചേർക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഇൻക്ലൂസിവ് ഇന്ത്യ ഭാരത യാത്രയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലായിരുന്നു ഈ പ്രഖ്യാപനം.

മാറ്റിനിർത്തിപ്പെട്ടവരിൽ ഉൾപ്പെടുന്ന ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി നടത്തുന്ന ബോധവത്കരണ യാത്രയായിരുന്നു ഭാരത യാത്ര. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിൽ കേരളം ഇന്ത്യയിൽ തന്നെ ഒരു മാതൃകാസംസ്ഥാനമായി മാറിക്കഴിഞ്ഞു. സർക്കാരിന്റെ 'ബാരിയർ ഫ്രീ കേരള' പദ്ധതിക്കു കീഴിൽ കൈകൊണ്ട പ്രവർത്തനങ്ങളായ ഭിന്നശേഷി സൗഹൃദ നിർമ്മാണങ്ങൾ, ഭിന്നശേഷി ഉന്നമനത്തിനായുള്ള ജില്ലാതല കമ്മിറ്റികൾ, സംവരണ നയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എന്നിവ ഉൾപ്പടെ അനവധി പ്രവർത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രി വിശദമാക്കിയിരുന്നു. ഭിന്നശേഷി മേഖലയിൽ കേരളത്തിന്റെ മാതൃകാ പരമായ ആശയങ്ങൾ ഇന്ത്യയിലുടനീളമുള്ള മറ്റു സംസ്ഥാനങ്ങളിലും, അവിടെയൊക്കെയുള്ള ആശയങ്ങൾ കേരള സമൂഹത്തിലേക്കും കൂട്ടിച്ചർക്കാൻ ഇൻക്ലൂസിവ് ഇന്ത്യ യാത്ര വഴി സാധ്യമാകുമെന്ന ഉറപ്പും മുഖ്യമന്ത്രി നല്കിയിരുന്നു. ഇത്തരം യാത്രകളും പദ്ധതികളും യഥാർത്ഥ പ്രശ്നങ്ങളെ തൊടുന്നില്ലെന്നതാണ് ഈ വിഭാഗങ്ങളിലുള്ളവരുടെ അനുഭവം.

ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ മികവ് കാട്ടുന്നവർക്ക് സർക്കാർ ജോലി എന്ന ഉറപ്പും തങ്ങളുടെ കാര്യത്തിൽ സ്വപ്നമായി അവശേഷിക്കുകയാണെന്ന് പ്രിയ മാത്യു ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

‘‘മറ്റ് സംസ്ഥാനങ്ങളിൽ ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സർക്കാർ സർവീസിൽ ജോലി കൊടുക്കുന്നുണ്ട് എന്നത് കേരളം കാണാതെ പോവുകയാണ്. ഇത്തരം പ്രശ്നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും ഒരു മാറ്റവുമുണ്ടായിട്ടില്ല’’.

പാരാ സ്​പോർടിനെക്കുറിച്ച് പൊതു സമൂഹത്തിൽ നിലനിൽക്കുന്ന കാഴ്ചപ്പാടുകളും ഈ മേഖലയുടെ വികാസത്തിന് തടസമാകുന്നുണ്ട്. കായിക മത്സരങ്ങളെ ശാരീരിക ശേഷിയുടെയും പൂർണമായ ആരോഗ്യാവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് പൊതുബോധം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഭിന്നശേഷിക്കാരുടെ കായികമേഖലയി​ലെ പങ്കാളിത്തത്തിന് ഒരു പബ്ലിക് അപ്പീൽ ലഭിക്കുന്നില്ല. അധികൃതരുടെ അവഗണനയ്ക്കും ഈയൊരു സാഹചര്യം ആക്കം കൂട്ടുന്നു.

നിരവധി കാലം ഇന്ത്യൻ ടീം പരിശീലകനും കേരളത്തിലെ ഭിന്നശേഷി കായികതാരങ്ങളുടെ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ശശിധരൻ ഈയൊരു അവഗണനയെക്കുറിച്ച് ട്രൂകോപ്പിയോട് സംസാരിക്കുന്നു:

‘‘വലിയ സാമ്പത്തിക തടസ്സങ്ങൾ കേരളത്തിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കായികതാരങ്ങൾ നേരിടുന്നുണ്ട്. എന്നാൽ അത് രണ്ടാമതായി മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്നാണ് ഞാൻ കരുതുന്നത്. പാരാ സ്പോർസിന് ഒരു പബ്ലിക് അപ്പീൽ ഇതുവരെ വന്നിട്ടില്ല എന്നതാണ് ഒന്നാമത്തെ പ്രശ്നം. ഭിന്നശേഷിക്കാർക്ക് കായിക മത്സരം പറ്റില്ല എന്ന തോന്നൽ പൊതുജനങ്ങൾക്കുണ്ട്. ഭീമമായ തുകയാണ് കായിക മേഖലയിൽ മാത്രമായി ഇന്ത്യ സർക്കാർ ചെലവാക്കുന്നത്. ഒളിമ്പിക്സിൽ പങ്കെടുക്കാൻ ചെലവാക്കിയത് 500 കോടിയിലേറെ രൂപയാണ്. എന്നാൽ, പാരാലിമ്പിക്സിന്റെ കാര്യത്തിൽ 20 കോടി രൂപ മാത്രം. പ്രകടനം അന്തരം പരിശോധിക്കുമ്പോൾ ഇന്ത്യയ്ക്ക് ഒളിമ്പിക്സിൽ ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുകളാണ് ലഭിച്ചത്. എന്നാൽ പാരാലിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾ ഏഴു സ്വർണവും ഒമ്പത് വെള്ളിയും 13 വെങ്കലവും നേടി. 141 കോടി ജനങ്ങളിൽ മൂന്നര കോടി ജനങ്ങൾ മാത്രമാണ് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നത്. അതിൽ നിന്നാണ് ഈ നേട്ടം നമ്മൾ സ്വന്തമാക്കിയത്. കേരളത്തിൽ കായികമേഖലയുടെ പരിപോഷണത്തിനായി നീക്കിവച്ചിട്ടുള്ളത് 100 കോടി രൂപയാണ്. അതിൽ 34 കോടി രൂപ സ്പോർട്സ് കൗൺസിലിനാണ്.
അയർലൻഡ് പോലുള്ള ഒരു രാജ്യം എടുത്തുനോക്കൂ, അവിടെ കേവലം 66,000 പേരാണുള്ളത്. അവർക്ക് ഒളിപിക്സിൽ അഞ്ച് സ്വർണ മെഡൽ ലഭിച്ചു. അവരുടെ കായികരംഗത്തിന് വേണ്ടിയുള്ള നീക്കിയിരുപ്പ് 3000 കോടി രൂപയാണ്. നെതർലാന്റിലെ ജനസംഖ്യ 1.48 കോടിയാണ്. അവർ കായിക മേഖലയിൽ ചെലവാക്കുന്നത് 4500 കോടിയോളം രൂപയാണ്. അവർക്ക് ഒളിമ്പിക്സിൽ 15 സ്വർണമെഡൽ കിട്ടിയിട്ടുണ്ട്’’.

പാരാലിമ്പിക്സിൽ ഇന്ത്യൻ  താരങ്ങൾ
പാരാലിമ്പിക്സിൽ ഇന്ത്യൻ താരങ്ങ

സാമ്പത്തികം മാത്രമല്ല, ഭിന്നശേഷിക്കാരായ കായികതാരങ്ങളെ പിന്തിരിപ്പിക്കുന്നതെന്നും അവരെ കണ്ടെത്തുന്നതിലും പരിശീലനം നൽകുന്നതിലും സംസ്ഥാനം വലിയ പരാജയമാണെന്നും ശശിധരൻ കൂട്ടിച്ചേർത്തു:

‘‘പാരാലിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങളെക്കാൾ എത്രയോ പ്രഗല്ഭരായ കായികതാരങ്ങൾ മത്സരങ്ങളിലേക്കിറങ്ങാതെ പുറത്തിരിപ്പുണ്ട്. അവരെ കണ്ടുപിടിക്കാനോ പ്രോൽസാഹിപ്പിക്കാനോ കഴിയുന്നില്ല. അവർക്ക് കൃത്യമായ പരിശീലനം ലഭിക്കുന്നില്ല. അതിനും തടസം സാമ്പത്തികം തന്നെയാണ്. വരുന്നവരിൽ മെച്ചപ്പെട്ടവരെ മത്സരങ്ങൾക്കയക്കുന്നുവെന്നുമാത്രം. കുടുംബ പശ്ചാത്തലം മോശമായതിനാലും മറ്റും മാറി നിൽക്കുന്നവരുമുണ്ട്. സർക്കാരിനെ മാത്രമായി ചോദ്യം ചെയ്യാൻ പറ്റില്ല. മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നല്ല പരീശീലനവും പരീശീലകരെയും ലഭിക്കുമായിരുന്നു. ഇപ്പോൾ ആ അവസ്ഥയ്ക്കും മാറ്റം വന്നിട്ടുണ്ട്. അധ്യാപകരുടെ വലിയ തോതിലുള്ള കുറവും, കായിക വിഷയത്തിനുള്ള സമയക്കുറവുമുണ്ട്. ഇപ്പോൾ സ്കൂളുകളിൽ കളിക്കളത്തിന് പകരം കെട്ടിടങ്ങളാണ്. ഇത്തരത്തിലുള്ള അടിസ്ഥാനകാര്യങ്ങളിൽ കാതലായ മാറ്റം വരണം’’.

ഇത്തരം പ്രതിസന്ധികൾക്കിടയിലും കേരളം നടത്തുന്ന കുതിപ്പുകളെക്കുറിച്ചും ശശിധരൻ സൂചിപ്പിച്ചു:

‘‘പാരാസ്പോർട്സിൽ കേരളത്തിന്റെ സ്ഥാനം പത്താമതാണ്. ഒന്നാം സ്ഥാനം ഹരിയാനയാണ്. പരിശീലനത്തിന്റെ കാര്യത്തിൽ ഇപ്പോൾ സർക്കാർ സംവിധാനങ്ങൾ സജീവമായി ഇടപെട്ടുതുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് വിവിധ മത്സര പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഇടപെടലുകൾ വേഗത്തിലാക്കിയാൽ അടുത്ത പാരാലിമ്പിക്സിൽ തീർച്ചയായും കേരളത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കാനാകും’’.

മുട്ടിലിഴഞ്ഞ്
പ്രതിഷേധിച്ച് നേടിയ
അംഗീകാരം

സമൂഹത്തിന് ശരിയായ അവബോധം നല്കുന്നതിലൂടെ ഭിന്നശേഷി സമൂഹത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നീതിയും സമയബന്ധിതമായി ലഭിക്കുന്നത് ഉറപ്പാക്കാനും ഇത്തരം വിഭാഗക്കാരെ വിവിധ മേഖലകളിലേക്ക് കൊണ്ടുവരാനും നിരവധി നിയമങ്ങളുണ്ടെങ്കിലും ഏറെയും ചുവപ്പു നാടയിലാണ്. സാമ്പത്തിക അനൂകൂല്യങ്ങൾ ഉണ്ടെങ്കിലും അംഗീകാരം ലഭിക്കാൻ വൈകിയതുകൊണ്ടുതന്നെ രണ്ടു വർഷമായി പാരാസ്പോർസിലെ താരങ്ങളുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സാമ്പത്തികം കൃത്യസമയത്ത് ലഭിക്കാത്തതുകൊണ്ട് വലിയ ബാധ്യതയാണ് താരങ്ങളെ വലയ്ക്കുന്നത്.

‘‘ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളും അധികൃതരും പാരാസ്പോർട്സിന് മുൻഗണന നൽകുക എന്നതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം. 2016-ലെ പേഴ്സൺ വിത്ത് ഡിസെബിലിറ്റി ആക്റ്റിൽ 17 ഭാഗനങ്ങളിലായി ഭിന്നശേഷി വിഭാഗക്കാർക്കുള്ള അവകാശങ്ങളുടെയും പരിഗണനയുടെയും പട്ടിക വ്യക്തമായി പറയുന്നുണ്ട്. അത് നിഷേധിക്കപ്പെട്ടാൽ ഒടുക്കേണ്ട പിഴയെ പറ്റിയും ഉത്തരവാദിയായ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ശിക്ഷയെ പറ്റിയുമെല്ലാം പറയുന്നുണ്ട്. ഭിന്നശേഷി കായികതാരങ്ങളുടെ വിശാലാടിസ്ഥാനത്തിലുള്ള പങ്കാളിത്തം ലക്ഷ്യം വച്ച് പുറത്തിറങ്ങിയ യുവജനകാര്യ, കായിക മന്ത്രാലയം അവതരിപ്പിച്ച സ്‌കീം ഓഫ് സ്‌പോർട്‌സ് & ഗെയിംസും കായിക താരങ്ങൾക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായവും പരിശീലകരടക്കമുള്ള അവകാശങ്ങളെ എടുത്ത് കാട്ടുന്നുണ്ട്. പക്ഷേ ഇതൊന്നും നടപ്പാകുന്നില്ല. കായികമത്സങ്ങളിൽ വിജയിക്കുക എന്നതിലുപരി അവരെ സമൂഹത്തിന്റെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യമാണ് പാരാസ്പോർട്സ് പോലുള്ളവ മുന്നോട്ട് വയ്ക്കുന്നത് എന്ന കാര്യം അധികൃതർ മറന്നുപോകുന്നു’’.

ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഭിന്നശേഷിവിഭാഗം ചാമ്പ്യനായിരുന്ന ജോബി മാത്യുവിനെ മലയാളികൾക്കറിയാം. ഇരു കാലുകൾക്കും ശേഷിയില്ലാത്ത, മൂന്നടി മാത്രം പൊക്കമുള്ള, ശരീരത്തിന്റെ പരിമിതികളാണ് തനിക്കേറ്റവും ഊർജം പകരുന്നതെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന ജോബി മാത്യു ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിനായി കൊച്ചിയിൽനിന്ന് കശ്മീരിലേക്ക് സ്വയം കാറോടിച്ചു പോയാണ് ചരിത്രത്തിന്റെ ഭാഗമായത്.

മുദ്രാവാക്യം വിളിച്ചും മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചും പാരാസ്പോർട്സിന് അംഗീകാരം നേടിയെടുത്തെങ്കിലും ശാരീരിക വെല്ലുവിളി നേരിടുന്നവരോടുള്ള ഔദ്യോഗിക സംവിധാനങ്ങളുടെ മനോഭാവം മാറുന്നതുവരെ പാരാസ്പോർട്സിന്റെ അവസ്ഥ മോശമായി തുടരുമെന്ന് പറയുന്നു, പാരാസ്പോർട്സിൽ നിരവധി ഇനങ്ങളിൽ കേരളത്തിന്റെ പേരുയർത്തിയ ജോബി മാത്യു.

‘‘30 വർഷമായി പാരാസ്പോർട്സ് രംഗത്ത് നിൽക്കുന്ന വ്യക്തിയാണ് ഞാൻ. കഴിഞ്ഞ വർഷമാണ് പാരാസ്പോർട്സ് അംഗീകരിക്കപ്പെടുന്നത്. അംഗീകാരം ലഭിക്കാൻ ഇത്രയും വൈകിയത് കേരളത്തിലെ ഭരണാധികാരികളുടെ മുഖം തിരിക്കൽ കൊണ്ടുതന്നെയാണ്. കേരളം ഭരിക്കുന്ന ഏതു പക്ഷമായാലും അവർക്കാർക്കും ഭിന്നശേഷി വിഭാഗക്കാരുടെ കായിക പ്രവർത്തനത്തിൽ താല്പര്യമില്ല. 1992- മുതൽ ഞാൻ പരാതിയുമായി ഉദ്യോഗസ്ഥർക്കരികിൽ കയറിയിറങ്ങുന്നുണ്ട്. തുല്യതക്കുവേണ്ടി ഒരുപാട് വാദിക്കുമെങ്കിലും ആർക്കും ആരെയും തുല്യമായി കാണാൻ സാധിക്കുന്നില്ല. ഞങ്ങളെ പോലുള്ളവരുടെ കായിക മത്സരങ്ങളുണ്ടെന്നും അവർക്കുവേണ്ടി ഒരു തുക നീക്കിവെക്കണമെന്നും അധികാരികൾക്ക് തോന്നണം’’.

ജോബി മാത്യു
ജോബി മാത്യു

കേരളത്തിൽ മറ്റ് കായിക മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ലഭിക്കുന്ന പാരിതോഷികങ്ങളോ സഹായവാഗ്ദാനങ്ങളോ ശാരീരിക വെല്ലുവിളി നേരിടുന്ന താരങ്ങൾക്ക് ലഭിക്കുന്നില്ല. ഭരണഘടനയിലെ ആർട്ടിക്കിൾ 14 പ്രകാരമുള്ള തുല്യ സംരക്ഷണം പോലും ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന കായികതാരങ്ങൾക്ക് നിഷേധിക്കപ്പെടുന്നു.

‘‘ദേശീയ- അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തും വിജയിച്ചും വരുന്നവർക്ക് കിട്ടുന്ന അനുമോദനങ്ങളുടെയും പരിതോഷികങ്ങളുടെയും ചെറിയ ഒരു ഭാഗം പോലും ഞങ്ങളെ പോലുള്ളവർക്ക് കിട്ടുന്നില്ല. സാധാരണ കായികതാരങ്ങൾക്ക് തുക നീക്കിവെക്കും, ഹോസ്റ്റലുകളും പരിശീലനവുമുണ്ട്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ നൽകാറുണ്ട്. എന്നാൽ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള നിയമങ്ങളും അവകാശങ്ങളും നിരന്തരം ലംഘിക്കപ്പെടുന്നു. മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച് വരുമ്പോൾ ഞങ്ങളെ കാണാൻ കൂടി ആരുമില്ല. ഒരു സ്റ്റേഡിയത്തിൽ വരെ ഞങ്ങളെ പോലുള്ളവർക്ക് കയറാൻ വീൽചെയർ സൗകര്യമില്ല. പരിശീലന സൗകര്യമില്ല. ശുചിമുറി ഉപയോഗിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് പലയിടത്തും.
ഞാൻ ഒരു തവണ മെഡൽ വാങ്ങി വന്നശേഷം സാമ്പത്തികസഹായം ചോദിച്ചപ്പോൾ നൽകാൻ വ്യവസ്ഥയില്ല എന്നാണ് പറഞ്ഞത്. സമരം ചെയ്താൽ ജയിലിലിടും. സമരം ചെയ്യാനുള്ള പശ്ചാത്തലം പോലുമില്ല. ഞങ്ങളെപ്പോലുള്ളവരുടെ നികുതിയും കൂടി വാങ്ങിയല്ലേ ഭരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. അഭിമാനത്തോടെ നിൽക്കാനുള്ള പരിഗണന മാത്രം മതി ഞങ്ങൾക്ക്. ഞങ്ങളെപ്പോലുള്ളവർക്ക് നീതി കിട്ടുന്നില്ല എങ്കിൽ എന്തിനാണ് സ്പോർട്സ് കൗൺസിൽ?’’, ജോബി മാത്യു ചോദിക്കുന്നു.

മെഡൽ നേടിയ താരം
കുട വിറ്റ് ജീവിക്കുന്നു

മൂന്നാം വയസ്സിൽ പോളിയോ തളർത്തിയെങ്കിലും ശരീരതളർച്ചയെ അതിജീവിച്ച് വിജയങ്ങൾ കൊയ്താണ് കണ്ണൂർ പയ്യന്നൂർ സ്വദേശി ലളിത എന്ന പി.വി. ലതിക ചരിത്രത്തിലേക്ക് കുതിച്ചത്. ഭിന്നശേഷിക്കാരുടെ പവർലിഫ്റ്റിങ്ങിൽ കേരളത്തിന്റെ വനിതാതാരമെന്ന പദവി ആർക്കും വിട്ടുകൊടുക്കാതെ നിലനിർത്തിയ താരമായിരുന്നു ലതിക. എന്നാൽ കെട്ടറുപ്പള്ള വീടോ നിത്യജീവിതത്തിനുള്ള വരുമാനമോ ഉണ്ടായിരുന്നില്ല. കൊൽക്കത്തയിൽ നടന്ന 19-മത് പാരാലിമ്പിക്‌സിലെ വനിതാ പവർലിഫ്റ്റിങ് മത്സരത്തിലാണ് ലതിക സ്വർണം നേടിയത്. രണ്ടുവർഷത്തെ നിരന്തര പരിശീലനത്തിലൂടെയായിരുന്നു ഈ നേട്ടം. ഭിന്നശേഷിക്കാരിയായ ലതികയുടെ കഴിവുകൾ കണ്ടെത്തുകയും പരിശീലനത്തിന് അവസരമൊരുക്കുകയും ചെയ്തത് പിലാത്തറ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. നാട്ടിലുള്ള മറ്റു സംഘടനകളും വ്യക്തികളും സഹായിച്ചാണ് ദേശീയ തലത്തിൽ വരെയുള്ള മത്സരത്തിൽ പങ്കെടുത്ത് വിജയം നേടിയത്.

മത്സരങ്ങളിൽ രാജ്യത്തിനായി നിരവധി മെഡലുകൾ നേടിക്കൊടുത്തിട്ടും കേറിക്കിടക്കാനൊരു വീടോ സഞ്ചരിക്കാൻ ഇരുചക്രവാഹനമോ ഈ കായിക താരങ്ങൾക്ക് ലഭിക്കുന്നില്ല. പവർ ലിഫ്റ്റിങിൽ രാജ്യത്തെ പ്രതിനിധീകരിച്ച കണ്ണൂർ പയ്യന്നൂർ സ്വദേശി ലളിത സ്വന്തമായി കുട നിർമിച്ച് വീടുകളിൽ വിൽക്കുന്ന പണി ചെയ്യുകയാണ്. എങ്ങനെയാണ് ഭിന്നശേഷിക്കാരായ കായികതാരങ്ങളോട് നമ്മുടെ സംവിധാനങ്ങൾ പെരുമാറുന്നത് എന്ന് അവരുടെ അനുഭവം കാണിച്ചുതരുന്നു:

‘‘2019, 2022, 2023 വർഷങ്ങളിൽ കേരളത്തിന് വേണ്ടി മെഡൽ നേടിയ വ്യക്തിയാണ് ഞാൻ. ഇതുവരെ ഒരു അനുമോദനം പോലും ലഭിച്ചിട്ടില്ല. ദൽഹിയിലും ബാഗ്ളൂരിലുമടക്കം മത്സരത്തിന് പോവുമ്പോൾ നമ്മൾ തന്നെ ചെലവ് കണ്ടെത്തണം. എന്റെ മത്സര ഇനം പവർ ലിഫ്റ്റിങ് ആണ്. ജിംമ്മിൽ പോയി പരീശീലിക്കണം. സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ജിമ്മിൽ പോവുന്നത് നിന്നു. വീട്ടിൽ പരിശീലനം തുടരുന്നു. മത്സരങ്ങൾക്ക് പോവാറില്ല. ജിമ്മിൽ പോവാനും ഉപജീവനത്തിനുമായി ഒരു സ്കൂട്ടർ ഉണ്ടായിരുന്നു. എട്ടു കൊല്ലം മുമ്പ് കിട്ടിയതാണ്. അത് കേടായി, പാർട്ട്സും കിട്ടാനില്ല. ഒരു വാഹനം അനുവദിച്ചുകിട്ടാൻ പഞ്ചായത്ത്, ബ്ലോക്ക് പ്രതിനിധികളെയും എം പി, എം എൽ എ എന്നിവരെയും കണ്ട് സംസാരിച്ചതാണ്. അവർ പറയുന്നത് വാഹനം തരാൻ പദ്ധതിയില്ല എന്നാണ്. ഒടുവിൽ ജോൺ ബ്രിട്ടാസ് എം പിക്ക് മെയിൽ അയച്ചിരുന്നു. അതിലും നടപടിയായില്ല. കേരളത്തിന് വേണ്ടി വനിത എന്ന നിലയ്ക്ക് ആദ്യമായി മെഡൽ നേടിയ വ്യക്തിയല്ലേ, ആ പരിഗണനയെങ്കിലും മതി എനിക്ക്.

ലളിത
ലളിത

ഇപ്പോൾ സ്വന്തമായി കുട നിർമ്മിച്ചും, പുസ്തകങ്ങൾ വിറ്റുമൊക്കെയാണ് ഉപജീവനം കണ്ടെത്തുന്നത്. വണ്ടിയില്ലാത്തതുകൊണ്ട് അതും വഴിമുട്ടി. ഒരു ചെറിയ വീട്ടിലാണ് താമസം. എന്റെ പേരിൽ 5 സെന്റ് സ്ഥലമുണ്ട്. 2016 - ൽ ഗ്രാമസഭയിൽ വീട് പാസായെങ്കിലും ഇനിയും ലഭിച്ചിട്ടില്ല. മത്സരങ്ങൾക്ക് പോവുമ്പോൾ സഹായിക്കുന്നത് നാട്ടിലെയും മറ്റും സംസ്കാരിക സംഘടനകളാണ്. തിരിച്ചുവരുമ്പോഴും അവർ മാത്രമേ കാണൂ, പിന്നെ ആർക്ക് വേണ്ടിയാണ് ഇത്ര അദ്ധ്വാനിച്ച് മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നത്?പുതിയ ആൾക്കാരെ ഈ മേഖലയിലേക്ക് കൊണ്ടുവരണം എന്ന് സർക്കാർ നിരന്തരം പറയും. നമ്മൾക്ക് എന്ത് കിട്ടി എന്ന് പുതുതായി കടന്നുവരുന്നവർ ചോദിച്ചാൽ നമ്മൾ എന്ത് ഉത്തരം പറയും?’’, ലളിത ചോദിക്കുന്നു.

മാധ്യമങ്ങൾക്കുപോലും
അറിയാത്ത പാരാസ്പോർട്സ്

കേരളത്തിനായി മെഡൽ നേടിയിട്ടും കടുത്ത അവഗണനയെതുടർന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങൾക്കുവേണ്ടിയും മത്സരിക്കാൻ പോകുന്നത് പതിവായി മാറുകയാണ്. പാരാ ബാഡ്മിന്റണിൽ കേരളതാരം ശ്രീറാം ട്രൂകോപ്പിയോട് സംസാരിക്കുന്നു:

‘‘പാരാബാഡ്മിന്റണിൽ കേരളത്തിലായതുകൊണ്ടു മാത്രം എവിടെയും എത്തിപ്പെടാതെ പോയ കായിക താരങ്ങളുണ്ട്. ഇവർ ഹരിയാനയിലോ തമിഴ്നാട്ടിലോ ആയിരുന്നെങ്കിൽ ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്നവരായി മാറിയേനെ. കാരണം, മറ്റ് ​കായിക ഇനങ്ങൾക്ക് നൽകുന്നതിന് തുല്യമായ പരിഗണന പാരാസ്പോർട്സിനും ഈ സംസ്ഥാനങ്ങൾ നൽകുന്നു. കേരളത്തിൽ അങ്ങനെയല്ല, ഭിന്നശേഷിക്കാരെ പുറന്തള്ളുകയാണ്’’.

കേരളത്തിൽ പാരാസ്പോർട്സിനെ പറ്റി പൊതുവെ വലിയ ധാരണയില്ലാത്തതും പ്രശ്നമാണെന്ന് ശ്രീറാം പറയുന്നു:

‘‘തമിഴ് നാട്ടിലെ കായികമന്ത്രി ഭിന്നശേഷിക്കാരായ കായികതാരങ്ങളെ കാണുകയും അവരുടെ പരിമിതികൾ ചോദിച്ചറിയുകയും സഹായങ്ങൾ കൊടുക്കുകയും ചെയ്യുന്നുണ്ട്. അത് സോഷ്യൽ മീഡിയ ഹാന്റിലുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പാരാസ്പോർട്സിന് അവിടെ വലിയ പ്രചാരമുണ്ട്.
ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡൽ ലഭിച്ചത് ആഘോഷമാക്കിയ പല മാധ്യമങ്ങളേയും പാരാലിമ്പിക്സ് പൂർത്തിയായപ്പോൾ കണ്ടില്ല. ഞാൻ അന്തർദേശീയ മത്സരത്തിൽ വിജയിച്ച് വന്നപ്പോൾ ഒരു പ്രമുഖ മാധ്യമത്തെ സമീപിച്ചു. ഏഷ്യൻ ഗെയിംസ് പോലുള്ളവയാണെങ്കിൽ വാർത്ത നൽകുന്നത് പരിഗണിക്കാം എന്നാണ് മറുപടി ലഭിച്ചത്. സായി പോലുള്ള സർക്കാർ കായിക സ്ഥാപനങ്ങളിൽ മുഴുവൻ സമയ ജോലിക്കാരെ നിയമിക്കുകയും പരിശീലനം ലഭ്യമാക്കുകയും വേണം. പ്രോൽസാഹിപ്പിച്ചാൽ തന്നെ പാരാസ്പോർട്സിൽ കായികതാരങ്ങൾ വരും’’, ശ്രീറാം പറയുന്നു.

ശ്രീറാം
ശ്രീറാം

അംഗീകാരം ലഭിച്ച് മാസങ്ങൾ മാത്രം പിന്നിട്ട പാരാസ്പോർട്സ് മേഖലയ്ക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. അതിനുള്ള വഴിയൊരുക്കേണ്ടത് സംസ്ഥാന സർക്കാരും കായിക സംവിധാനങ്ങളുമാണ്. വളർന്നുവരുന്ന കായിക താരങ്ങളെ ശാരീരിക പരിമിതികൾ ചൂണ്ടിക്കാട്ടി അവഗണിക്കരുത്. നിയമങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതിലുപരി അവ കൃത്യമായി നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. പരിശീലകരെ ഒരുക്കിയും പൊതുബോധത്തെ മാറ്റുന്ന തരത്തിലുള്ള കാമ്പയിനുകളിലൂടെയും ഭിന്നശേഷിക്കാരായ കായികതാരങ്ങളെ ചേർത്തുപിടിക്കേണ്ടത്, സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്.


Summary: Kerala's Parasports athletes should get more recognition from government and authorities. Why less participation in Paralympics.


നിവേദ്യ കെ.സി.

ജേണലിസ്റ്റ് ട്രെയിനി, ട്രൂകോപ്പി തിങ്ക്

Comments