പാർലമെൻറിൽ ചർച്ചയാകാത്ത സ്റ്റാൻ സ്വാമി

യു.എ.പി.എ നിയമം ഉണ്ടാക്കിയവർ പ്രതിപക്ഷത്തും അത് ഏറ്റവും നൃശംസകമായി പരിഷ്കരിച്ചവർ ഭരണപക്ഷത്തുമിരിക്കുമ്പോൾ സ്റ്റാൻ സ്വാമിയുടെ മരണം പാർലമെന്റിൽ ചർച്ച ചെയ്യപ്പെടാത്തതിൽ അതിശയമില്ല.

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അരുംകൊല മഹാത്മാ ഗാന്ധിയുടേതായിരുന്നു. ഹിന്ദു- മുസ്​ലിം മൈത്രിക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചതായിരുന്നു അതിനു കാരണമായത്. രാഷ്ട്രപിതാവെന്ന് സർവരും കരുതിയ ആ വയോവൃദ്ധനെ പ്രാർഥനാ യോഗസ്ഥലത്തു വെച്ച് ഒരു ഹിന്ദുത്വ ഭീകരൻ വെടിവെച്ചു കൊല്ലുകയായിരുന്നു. വിഭജനാനന്തരം ഇന്ത്യയിൽ നടന്ന ഹിന്ദു- മുസ്​ലിം കലാപത്തിന്റെ തീ കെടുത്താൻ സ്നേഹമന്ത്രങ്ങളുമായി സന്തത സഹചാരിയായ ഊന്നുവടിയുമായി ആ മഹാത്മാവ് ഗ്രാമഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ചതും മുസ്​ലിംകൾക്കും ഭാരതം ജന്മഭൂമിയാണെന്നും മതേതരത്വമാണ് ഇന്ത്യയുടെ മതമെന്നും ഉച്ചൈസ്തരം പ്രഖ്യാപിച്ച ആ മഹാ മനീഷിയായ ഋഷിതുല്യൻ ഹിന്ദുത്വവാദികൾക്ക് വധിക്കപ്പെടേണ്ട കുറ്റവാളിയായി.

ആറുപതിറ്റാണ്ടുകൾക്കിപ്പുറം ഹിന്ദുത്വവാദികൾക്ക് ഭൂരിപക്ഷമുള്ള ഭരണകൂടം കള്ളക്കേസിൽ കുടുക്കി ജാമ്യമടക്കമുള്ള അവകാശങ്ങൾ നിഷേധിച്ച് എൺപതു കഴിഞ്ഞ ഒരു രോഗിയും അവശനുമായ ഒരു സന്യാസി ശേഷ്ഠനെ തടവറയിലിട്ട് അരുംകൊല ചെയ്തിരിക്കുന്നു. നിസ്വരും നിരാലംബരുമായ ആദിവാസികളോട് സാഹോദര്യം പുലർത്തിയതും അവരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതുമായിരുന്നു സ്റ്റാൻ സ്വാമി ചെയ്ത കുറ്റം.

സ്വാതന്ത്രസമര കാലത്ത് അതിൽ പങ്കെടുത്തവർക്കെതിരെ അനവധി കേസുകളും ഗൂഢാലോചനക്കേസുകളും സാമ്രാജ്യത്വ ഭരണകൂടം എടുത്തിട്ടുണ്ട്. രാജ്യദ്രോഹമടക്കമുള്ള കരിനിയമങ്ങൾ ചുമത്തിയാണ് വെള്ളക്കാർ അതു ചെയ്തത്. പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു അടക്കമുള്ളവർ ഇത്തരം കരിനിയമങ്ങൾ ചുമത്തപ്പെട്ട് കാരാഗൃഹത്തിലടക്കപ്പെട്ടിട്ടുണ്ട്. അഹിംസയിലടിയുറച്ച മഹത്തായ സ്വാതന്ത്ര്യ സമരം നമുക്ക് നേടിത്തന്ന ഭരണാധികാരവും ഭരണഘടനയും നിലനിൽക്കുമ്പോൾ സമാനമായ രീതിയിൽ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്നവരെ നിശബ്ദമാക്കാനും ഭയപ്പെടുത്താനും സ്വതന്ത്ര ഇന്ത്യയിൽ അനവധി കരിനിയമങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടു കൊല്ലം നീണ്ട അടിയന്തിരാവസ്ഥയെന്ന സ്വേച്ഛാധിപത്യ കാലവും ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യ നിഷേധത്തിന്റെയും കാലഘട്ടവും ഉണ്ടായിട്ടുണ്ട്. എന്നാലിന്ന് നവ ഹൈന്ദവ വലതുപക്ഷ ഭരണത്തിൽ ഏറ്റവും ഭീകരവും ഭീതിദവുമായ അവസ്ഥയുടെ പര്യായമായി നിലകൊള്ളുന്നത് UAPA യും ഭീമ കൊറേഗാവ് കേസുമാണ്. ദളിത് ആത്മാഭിമാനത്തിന്റെയും വിജയത്തിന്റെയും സമാരകമാണ് ഭീമ കൊറേഗാവിലെ യുദ്ധ സ്മാരകം. ഡോ.അംബേദ്കറാണ് യുദ്ധ വിജയത്തിന്റെ വാർഷികാചരണം അവിടെ തുടങ്ങിയത്. അവിടെ അക്രമം നടത്തി എന്ന കള്ളക്കേസിൽ പെടുത്തി ഇപ്പോൾ UAPA ചുമത്തി ജയിലിലടയ്ക്കപ്പെട്ടവരിൽ അംബേദ്കറുടെ ചെറുമകളുടെ ഭർത്താവായ ആനന്ദ് തെൽ തുംബ്ദെയുമുണ്ട് എന്നത് ചരിത്രത്തിന്റെ പ്രഹസനമായ വസ്ത്രാക്ഷേപമല്ലാതെ മറ്റെന്താണ്. അടിച്ചമർത്തപ്പെടുന്ന അവകാശ നിഷേധത്തിനിരയാവുന്ന ആട്ടിയിറക്കപ്പെടുന്നആദിവാസികളുടേയും ദളിതരുടേയും അവകാശങ്ങൾക്കായി അഹിംസാത്മകമായി പ്രവർത്തിച്ച സുധാ ഭരധ്വാജിനേയും സ്റ്റാൻ സ്വാമിയേയുമൊക്കെ മാവോയിസ്റ്റുകളും ഭീകരരുമായി ചിത്രീകരിച്ച് ജയിലിലടച്ച ഭരണകൂടം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നാണിപ്പിക്കുന്നു എന്നു പറയാതെ വയ്യ.

ഗാന്ധിയുടെ മൃതദേഹം
ഗാന്ധിയുടെ മൃതദേഹം

ആരായിരുന്നു സ്റ്റാൻ സ്വാമി എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ? ഒരു ക്രിസ്​തീയ പുരോഹിതനുമുമ്പിൽ രണ്ട് വഴികളുണ്ട്. ഒന്ന് അരമനകളിലും പള്ളികളിലുമിരുന്ന് എല്ലാ സുഖ ഭോഗങ്ങളുമനുഭവിച്ച് സുവിശേഷ പ്രവർത്തനം നടത്തുന്ന പള്ളിയുടെ വഴി. രണ്ട് നിസ്വരും നിരാലംബരും നിരാശാഭരിതരുമായ പീഡിതർക്ക് സാഹോദര്യമേകി അവർക്ക് മോചനമരുളുന്ന ക്രിസ്തുവിന്റെ വഴി. സ്റ്റാൻ സ്വാമി ക്രിസ്തുവിന്റെ മാർഗം പിൻതുടർന്നു. ജാർഖണ്ഡിലെ പീഡിതരായ ആദിവാസികൾക്ക് സഹോദരനായി അവരുടെ കുഞ്ഞുങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു. യുവാക്കളുടെ അവകാശത്തിനും ആട്ടിയിറക്കപ്പെട്ടവർക്ക്നീതി തേടിയും വ്യവഹാരങ്ങൾ നടത്തി വിജയം വരിച്ചു. ആ മനുഷ്യനെ അക്രമിയും ഭീകരനുമായി ചാപ്പ കുത്തി ജയിലിലടച്ചു. രോഗിയും വൃദ്ധനുമായ അദ്ദേഹത്തിന് വെള്ളം കുടിക്കാൻ സ്ട്രോ കൊടുക്കണമോ എന്ന് ദിവസങ്ങളോളം ചർച്ച ചെയ്ത നിയമ, നീതിന്യായപാലന, അന്വേഷണ സംവിധാനങ്ങളെ കുറിച്ച് എന്താണ് നാം പറയേണ്ടത് ! എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് ? സ്റ്റാൻ സ്വാമിയുടെ മരണം ഞെട്ടലുണ്ടാക്കി എന്ന ബോംബേ ഹൈക്കോടതിയുടെ നിരീക്ഷണം പിൻവലിപ്പിക്കാൻ അന്വേഷണ ഏജൻസി കോടതിയിൽ പോയെന്നും അതനുവദിക്കപ്പെട്ടു എന്നും പത്രവാർത്തകളുണ്ടായിരുന്നു. UAPA നിയമം ഉണ്ടാക്കിയവർ പ്രതിപക്ഷത്തും അത് ഏറ്റവും നൃശംസകമായി പരിഷ്കരിച്ചവർ ഭരണപക്ഷത്തുമിരിക്കുമ്പോൾ സ്റ്റാൻ സ്വാമിയുടെ മരണം പാർലമെന്റിൽ ചർച്ച ചെയ്യപ്പെടാത്തതിൽ അതിശയമില്ല. ഭീമ കൊറേഗാവ് എന്ന കള്ളക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ മോചനത്തിനായി പ്രവർത്തിച്ചു കൊണ്ടും UAPA പോലുള്ള കരാള നിയമങ്ങൾക്കെതിരെ നിലപാടെടുത്തും ഭാരതീയ പൊതു സമൂഹം സ്റ്റാൻ സ്വാമിയുടെ സ്മരണയോട് നീതി പുലർത്തട്ടെ എന്ന് നമുക്കാശിക്കാം. സ്റ്റാൻ സ്വാമിയുടെ മരണ വിവരം റിപ്പോർട്ട് ചെയ്ത ദി ടെലഗ്രാഫ് പറഞ്ഞതു പോലെ "ഫാദർ ഞങ്ങളോട് പൊറുക്കരുതേ' എന്നു മാത്രം പറയാം.


Summary: യു.എ.പി.എ നിയമം ഉണ്ടാക്കിയവർ പ്രതിപക്ഷത്തും അത് ഏറ്റവും നൃശംസകമായി പരിഷ്കരിച്ചവർ ഭരണപക്ഷത്തുമിരിക്കുമ്പോൾ സ്റ്റാൻ സ്വാമിയുടെ മരണം പാർലമെന്റിൽ ചർച്ച ചെയ്യപ്പെടാത്തതിൽ അതിശയമില്ല.


Comments