ഫാദർ സ്റ്റാൻ സ്വാമി

കുറ്റകൃത്യമാവുന്ന രാഷ്ട്രീയം,

അടിയന്തരാവസ്ഥക്കു ശേഷം ഇന്ത്യയിലെ നീതിന്യായ സംവിധാനം ഇത്രയധികം വിശ്വാസ തകർച്ച നേരിടുന്ന സന്ദർഭം ഒരു പക്ഷെ വേറെ ഉണ്ടാവില്ല.

ഹിംസയുടെ ഉപാധിയാകുന്ന നിയമം

രാഷ്ട്രീയത്തെ കുറ്റകൃത്യമായി ലഘൂകരിക്കുന്നതോടെ നിയമം അട്ടിമറിക്കപ്പെടുന്നതിന്റെ വഴി തുറക്കുമെന്ന് തിരിച്ചറിഞ്ഞ അഡ്വ. കെ.ജി. കണ്ണബീരാൻ ‘നിയമം, അതുവഴി, ഹിംസയുടെ ഉപാധിയാവുമെന്നും' രേഖപ്പെടുത്തുന്നു.ഹിംസയുടെ ഉപാധിയായി നിയമസംവിധാനം മാറിയതിന്റെ സാക്ഷ്യമാണ് ഫാദർ സ്റ്റാൻ സ്വാമി. ഇന്ത്യയിലെ ജനാധിപത്യ- മനുഷ്യാവകാശ പ്രവർത്തനങ്ങളുമായി വിദൂര പരിചയമുളളവരിൽ പോലും ഫാദർ സ്റ്റാനിന്റെ കൊലപാതകം ഒരു പക്ഷെ അമ്പരപ്പുളവാക്കില്ല. അമ്പരപ്പും, അവിശ്വസനീയതയും അസാദ്ധ്യമായി മാറിയെന്ന തിരിച്ചറിവിന്റെ തേങ്ങലോടെയൊണ് ഫാദർ സ്റ്റാനിന് യാത്രാമൊഴി ചൊല്ലാനാവുക. 84വയസ്സ് പിന്നിട്ട ഈ വൈദികൻ ഭരണകൂട ഭീകരതയുടെ ഇരയാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നു ബോധ്യപ്പെടുത്തുന്നവയാണ് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനുശേഷം ലഭ്യമായ പ്രതികരണങ്ങൾ.
ഒരിക്കലും പ്രതീക്ഷിക്കാത്ത കോണുകളിൽ നിന്നുപോലും ഭരണകൂട ഭീകരത പോലുള്ള വാക്കുകൾ ഉയരുന്നത് ഫാദർ സ്റ്റാനിന്റെ മരണം വൃഥാവിലാവില്ലെന്ന പ്രത്യാശയുളവാക്കുന്നു. അതോടൊപ്പം എങ്ങനെയാണ്, എന്തിന്റെ പേരിലാണ് ഫാദർ സ്റ്റാൻ ഓർമ്മിക്കപ്പെടേണ്ടതെന്ന ചോദ്യവും നാം നേരിടുന്നു. ‘നമ്മുടെ മുറിവ് പെട്ടെന്നുണ്ടായതല്ല' എന്ന് തത്വചിന്തകനായ അലൻ ബാഡിയു ചൂണ്ടിക്കാട്ടിയ സന്ദർഭത്തിന്റെ ഇന്ത്യൻ പതിപ്പിന് നാം സാക്ഷ്യം വഹിക്കുകയാണ്.

ദേശരാഷ്ട്ര- ഭരണകൂടം നിരാലംബരാക്കുന്ന മനുഷ്യരുടെ മാത്രമല്ല പാരിസ്ഥിതികമായ ആവാസവ്യവസ്ഥയുടെ തന്നെ അതിജീവനത്തെക്കുറിച്ചുള്ള രാഷ്ട്രീയവും കുറ്റകൃത്യമായി ഗണിക്കപ്പെടുന്ന സാഹചര്യം ഇപ്പോൾ ഇന്ത്യയാകെ നിലനിൽക്കുന്നു

കൊളോണിയൽ അധിനിവേശത്തിന്റെ വാസ്തുഘടനയിൽ ഉറപ്പിച്ച ദേശരാഷ്ട്രത്തിൽ വിയോജിപ്പുകളെ ഉൾക്കൊള്ളുന്നതിനുള്ള പരിമിതമായ ഇടങ്ങൾ പോലും ഇല്ലാതായാതിന്റെ നാൾവഴികളിലാണ് രാഷ്ട്രീയം കുറ്റകൃത്യമാകുന്ന ഭൂപട നിർമിതിയുടെ കാർട്ടോഗ്രഫി. പ്രസ്തുത ഭൂപടത്തിലെ സ്ഥലനാമങ്ങളും, വ്യക്തികളും, ആശയങ്ങളും കടന്നുപോയ സഞ്ചാരപഥങ്ങളിൽ ദേശരാഷ്ട്ര ചരിത്രത്തിന്റെ പുനർവായനകൾ അനിവാര്യമാകുന്നു. ദേശരാഷ്ട്രത്തിന്റെ ജാതി ഏതാണെന്ന ചോദ്യം അതിന്റെ പ്രധാന പ്രേരണകളിൽ ഒന്നാകുന്നു. ഇന്ത്യയിലെ തനതായ മർദ്ദക-ചൂഷണ സംവിധാനമായ സവർണ മേധാവിത്തം ഒരേസമയം കൊളോണിയൽ അധീശത്വത്തിന് വിധേയത്വപ്പെടുന്നതും, കൊളോണിയൽ വിരുദ്ധ ദേശസ്വത്വങ്ങൾക്ക് അനുയോജ്യമായ പാകപ്പെടലുകളെ രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്കും പോയ കാലത്തിന്റെ നിർദ്ദോഷമായ ശേഷിപ്പുകൾ മാത്രമല്ലെന്ന തെളിച്ചം അതിന്റെ ഭാഗമാവുന്നു.

പാരിസ്ഥിതികമായ ആവാസവ്യവസ്ഥയുടെ തന്നെ അതിജീവനത്തെക്കുറിച്ചുള്ള രാഷ്ട്രീയവും കുറ്റകൃത്യമായി ഗണിക്കപ്പെടുന്ന സാഹചര്യം ഇപ്പോൾ ഇന്ത്യയാകെ നിലനിൽക്കുന്നു. അതിന്റെ ഏറ്റവും തിക്തഫലം അനുഭവിക്കുന്ന ജനവിഭാഗമാണ് ആദിവാസികളും അവരുടെ ആവാസവ്യവസ്ഥയും./Photo: PARI, Chitrangada Choudhur
പാരിസ്ഥിതികമായ ആവാസവ്യവസ്ഥയുടെ തന്നെ അതിജീവനത്തെക്കുറിച്ചുള്ള രാഷ്ട്രീയവും കുറ്റകൃത്യമായി ഗണിക്കപ്പെടുന്ന സാഹചര്യം ഇപ്പോൾ ഇന്ത്യയാകെ നിലനിൽക്കുന്നു. അതിന്റെ ഏറ്റവും തിക്തഫലം അനുഭവിക്കുന്ന ജനവിഭാഗമാണ് ആദിവാസികളും അവരുടെ ആവാസവ്യവസ്ഥയും./Photo: PARI, Chitrangada Choudhur

ദേശനിർമിതിയുടെ ഔപചാരിക ചരിത്രഭാഷ്യങ്ങളെ കീഴ്​മേൽ മറിക്കുന്ന അത്തരം പുനർവായനകളുടെ ഭാഗമായ രാഷ്ട്രീയ ഭാവനകളുടെ അവഗണിക്കാനാവാത്ത ചിഹ്നമായി ഭീമ കൊറേഗാവ് ഉരുത്തിരിയുന്നതിന്റെ പശ്ചാത്തലമിതാണ്. ദേശരാഷ്ട്രത്തിന്റെ അക്ഷാംശവും, രേഖാംശവും നിർണ്ണയിക്കുന്ന കൊളോണിയൽ ഭൂപടത്തിൽ നിന്ന്​ വിടുതൽ നേടിയ അത്തരം രാഷ്ട്രീയ ഭാവനകൾ ഭരണകൂട ഭാഷ്യങ്ങളിൽ നിരോധിത മേഖലകളാകുന്നതിന്റെ സാക്ഷ്യങ്ങൾ 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രത്തിൽ നിരവധിയാണ്. അവ ഓരോന്നായി ഇഴകീറി പരിശോധിക്കുന്നില്ല. ദേശരാഷ്ട്ര- ഭരണകൂടം നിരാലംബരാക്കുന്ന മനുഷ്യരുടെ മാത്രമല്ല പാരിസ്ഥിതികമായ ആവാസവ്യവസ്ഥയുടെ തന്നെ അതിജീവനത്തെക്കുറിച്ചുള്ള രാഷ്ട്രീയവും കുറ്റകൃത്യമായി ഗണിക്കപ്പെടുന്ന സാഹചര്യം ഇപ്പോൾ ഇന്ത്യയാകെ നിലനിൽക്കുന്നു. അതിന്റെ ഏറ്റവും തിക്തഫലം അനുഭവിക്കുന്ന ജനവിഭാഗമാണ് ആദിവാസികളും അവരുടെ ആവാസവ്യവസ്ഥയും.

ജംഗിൾ, ജമീൻ, ജലം

ആദിവാസികൾ നേരിടുന്ന ആക്രമണോത്സുകമായ നീതി- നിയമ നിഷേധങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുന്നതിൽ സദാ വ്യാപൃതനായിരുന്നു ഫാദർ സ്റ്റാൻ. 1970-കൾ മുതൽ പഴയ ബീഹാറിന്റെയും ഇപ്പോഴത്തെ ജാർഖണ്ഡിന്റെയും ഭാഗമായ ആദിവാസി മേഖലകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ പ്രവർത്തനം ഏറ്റവും അടിത്തട്ടിലുള്ള ജനജീവിതവുമായി താദാത്മ്യം പ്രാപിക്കുന്നതായിരുന്നു. ‘സമത്വം, തീരുമാനങ്ങളിലെ സമന്വയം, സമുദായം തുടങ്ങിയ മൂല്യങ്ങൾക്ക് ആദിവാസികൾ നൽകുന്ന പരിഗണന തന്നിൽ പുതിയ ബോധത്തിനിടയാക്കിയെന്ന്' അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞതായി ചിത്രാംഗദ ചൗധരി എഴുതുന്നു. റാഞ്ചിയിൽ അദ്ദേഹം മറ്റുള്ളവരുമായി ചേർന്നു സ്ഥാപിച്ച ബെഗീച്ച (പൂന്തോട്ടം) എന്ന സ്ഥാപനത്തിന്റെ ഒറ്റമുറി വായനശാല ആദിവാസികൾ നേരിടുന്ന നീതി നിഷേധങ്ങളുടെ റിപ്പോർട്ടുകളും, പഠനങ്ങളും, പത്രവാർത്തകളും നിറഞ്ഞതായിരുന്നു. കുടിയൊഴിപ്പിക്കൽ സമരങ്ങളിലെ രക്തസാക്ഷികൾ, സ്വന്തം ഭൂമിയിൽ നിന്ന്​ ഇറക്കിവിട്ടവർ, പട്ടിണി മരണങ്ങൾ, നിയമവിധേയമല്ലാത്ത കൊലപാതകങ്ങൾ - ചിത്രംഗദയുടെ ഭാഷയിൽ ‘ഇന്ത്യൻ ജനാധിപത്യം കുഴിച്ചുമൂടിയ ചരിത്രത്തിന്റെ' ശേഖരമായിരുന്നു അവ.
ജാർഖണ്ഡിലെ ജയിലുകളിൽ നക്സലൈറ്റ്- മാവോയിസ്റ്റ് മുദ്ര കുത്തി വിചാരണ തടവുകാരായി കഴിയുന്ന ആദിവാസികളെ കുറിച്ചുള്ള വസ്തുതാ ശേഖരണമായിരുന്നു ഫാദർ സ്റ്റാനും, സഹപ്രവർത്തകരും കൈവരിച്ച മറ്റൊരു പ്രധാന നേട്ടം. ‘പ്രകൃതി വിഭവങ്ങളുടെ മേലുള്ള അവകാശം നിഷേധിക്കപ്പെട്ട ദരിദ്രരായ ആദിവാസികൾ തടവറകളിൽ' എന്ന പേരിൽ 2016 ഫെബ്രുവരിയിൽ പുറത്തുവന്ന ഈ റിപ്പോർട്ട് ക്രിമിനൽ നിയമ സംവിധാനത്തിന്റെ ഗുരുതരമായ ദുരുപയോഗത്തിന്റെ വിശദവിവരം നൽകുന്നു. പഠന വിധേയമാക്കിയ നൂറിലധികം വിചാരണ തടവുകാരിൽ ബഹുഭൂരിപക്ഷവും ആദിവാസി- ദളിത് വിഭാഗങ്ങളിലെ വ്യക്തികളായിരുന്നു. ഫാദർ സ്റ്റാൻ സ്വാമിയുടെ കാര്യത്തിൽ ഇന്ത്യയിലെ നിയമ സംവിധാനവും, നീതിപീഠങ്ങളും നടത്തിയ ഹിംസയെ പറ്റി മുഖ്യധാരയിൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ സാർത്ഥകമാകണമെങ്കിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ വിവിധ ജനവിഭാഗങ്ങൾ നിത്യേന അനുഭവിക്കുന്ന നീതിനിഷേധം അവസാനിപ്പിക്കുവാൻ പര്യാപ്തമായ നിലയിൽ പൊതുസമൂഹത്തിൽ നിരന്തരം ചർച്ചയാവണം. അത്തരത്തിലുള്ള സംവാദങ്ങളും, പ്രവർത്തനങ്ങളും അനിവാര്യമാണെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഫാദർ സ്റ്റാൻ. ഇന്ത്യയിലെ ആദിവാസികളുടെ ആവാസമേഖലകളിലെ വർത്തമാനകാലത്തെ രാഷ്ട്രീയഭാവനയെ മൂന്നു വാക്കുകളിൽ നിർവചിക്കാനാവും. ജംഗിൾ, ജമീൻ, ജലം (വനം, ഭൂമി, ജലം). ഒറ്റനോട്ടത്തിൽ അതീവ ലളിതമെന്നു തോന്നുന്ന ഈ വാക്കുകളിൽ തെളിയുന്ന രാഷ്ട്രീയ ഭാവനകളുടെ സാക്ഷാത്ക്കാരം പ്രാക്തനമായ സംസ്‌ക്കാരങ്ങളുടെ അതിജീവനത്തിന്റെ പ്രാഥമിക ഉപാധി കൂടിയാണെന്നു ഫാദർ സ്റ്റാനിന്റെ ജീവിതം നമ്മെ ഓർമപ്പെടുത്തുന്നു.

ഭരണകൂടത്തിന്റെ ഹീനതകളെല്ലാം സ്വാഭാവികമെന്ന നിലയിൽ സ്വീകാര്യമാവുന്ന സമീപനം കോടതികൾ അടക്കമുളള നീതിന്യായ സംവിധാനങ്ങൾ കൈക്കൊള്ളുന്നു. വിയോജിപ്പുകളുടെ രാഷ്ട്രീയം കുറ്റകൃത്യമാകുന്ന പ്രക്രിയ.

ഭീമ കൊറേഗാവ് മുതൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളും പ്രതിഷേധങ്ങളും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയുടെ ആഴങ്ങൾ വെളിച്ചത്തു കൊണ്ടു വരുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഭരണകൂടത്തിന് ഒട്ടും അലോസരം സൃഷ്ടിക്കാത്ത സ്ഥാപനങ്ങളായി കോടതികൾ മാറിയത്​ നിർഭാഗ്യവശാൽ നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമായിരിക്കുന്നു. ദിവസേന പെരുകുന്ന കേസുകളും, ന്യായാധിപന്മാരുടെ ദൗർലഭ്യവും ജുഡീഷ്യൽ സംവിധാനത്തിന്റെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന അവസ്ഥയിൽ എത്തിയിട്ടുണ്ടെന്ന് സുപ്രീം കോടതിയിലെ മുൻ ജഡ്ജിയായ മദൻ ലോകുർ വിലയിരുത്തുന്നു. അടിയന്തരാവസ്ഥക്കു ശേഷം ഇന്ത്യയിലെ നീതിന്യായ സംവിധാനം ഇത്രയധികം വിശ്വാസ തകർച്ച നേരിടുന്ന സന്ദർഭം ഒരു പക്ഷെ വേറെ ഉണ്ടാവില്ല. അടിയന്തരവാസ്ഥയിൽ നിന്ന്​ ഇപ്പോഴത്തെ അവസ്ഥയെ വ്യത്യസ്തമാക്കുന്ന ഒരു ഘടകത്തെ എന്നാൽ വിസ്മരിക്കാനാവില്ല.

ഇന്ത്യയിലെ ആദിവാസികളുടെ ആവാസമേഖലകളിലെ വർത്തമാനകാലത്തെ രാഷ്ട്രീയഭാവനയെ മൂന്നു വാക്കുകളിൽ നിർവചിക്കാനാവും. ജംഗിൾ, ജമീൻ, ജലം (വനം, ഭൂമി, ജലം). / Photo :PARI,  Jyoti Shinoli
ഇന്ത്യയിലെ ആദിവാസികളുടെ ആവാസമേഖലകളിലെ വർത്തമാനകാലത്തെ രാഷ്ട്രീയഭാവനയെ മൂന്നു വാക്കുകളിൽ നിർവചിക്കാനാവും. ജംഗിൾ, ജമീൻ, ജലം (വനം, ഭൂമി, ജലം). / Photo :PARI, Jyoti Shinoli

അടിയന്തരാവസ്ഥ അപ്രതീക്ഷിതമായിരുന്നു. ഇരുട്ടടിയേക്കാൾ മാരകം. പ്രതീക്ഷിച്ച അടിയാണെന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഭരണകൂടത്തിന്റെ ഹീനതകളെല്ലാം സ്വാഭാവികമെന്ന നിലയിൽ സ്വീകാര്യമാവുന്ന സമീപനം കോടതികൾ അടക്കമുളള നീതിന്യായ സംവിധാനങ്ങൾ കൈക്കൊള്ളുന്നു. വിയോജിപ്പുകളുടെ രാഷ്ട്രീയം കുറ്റകൃത്യമാകുന്ന പ്രക്രിയ പൊടുന്നനെ ഉണ്ടായതല്ലെന്ന കണ്ണബീരാന്റെ നിഗമനം പൂർണ്ണമായും ശരിവെയ്ക്കുന്ന തരത്തിലാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. ഭരണഘടനാ നിർമാണ സഭയിലും, ഭരണനിർവഹണ സംവിധാനത്തിലും, ജുഡീഷ്യറിയിലും കാണാനാവുന്ന കൊളോണിയൽ അധീശത്വത്തിന്റെ നിഴൽപ്പാടുകളിലാണ് വിയോജിപ്പുകളെ കുറ്റകരമാക്കുന്ന അധികാരസംവിധാനത്തിന്റെ വേരുകളെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അതിനുള്ള ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2004-ൽ പുറത്തിറങ്ങിയ കണ്ണബീരാന്റെ പുസ്തകത്തിലെ വിലയിരുത്തലുകളും നിഗമനങ്ങളും അസ്ഥാനത്തായിരുന്നില്ലെന്ന് കഴിഞ്ഞ 17-വർഷത്തെ ചരിത്രം വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ കോടതികൾ വഹിച്ച പങ്ക് നിർണായകമായിരുന്നു.

പൊലീസ് സംവിധാനം അധോലോക സംഘങ്ങൾക്ക് തുല്യമായ നിലയിൽ പ്രവർത്തിക്കുന്നവെന്ന് കോടതികൾ തന്നെ നിരീക്ഷിക്കുന്ന ഒരു രാജ്യത്താണ് FIR-ന്റെ ബലത്തിൽ വിചാരണ പൂർത്തിയാവുന്നതുവരെ ജാമ്യം നിഷേധിക്കുവാൻ സുപ്രീം കോടതി പച്ചക്കൊടി വീശുന്നത്.

പൗരസ്വാതന്ത്യത്തെ മാത്രമല്ല ക്രിമിനൽ നീതിന്യായ സംവിധാനത്തിന്റെ അന്തഃസത്ത തന്നെ നിരാകരിക്കുന്ന നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെ (യു.എ.പി.എ) കാര്യത്തിൽ സുപ്രീം കോടതിയും, ഹൈക്കോടതികളും, വിചാരണ കോടതികളും സ്വീകരിക്കുന്ന സമീപനം ഇന്നത്തെ ദുരവസ്ഥ ശരിയായി വെളിപ്പെടുത്തുന്നു. സുപ്രീംകോടതിയുടെ രണ്ട് ഉത്തരവുകൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധയർഹിക്കുന്നു.
സഹൂർ അഹമ്മദ് ഷാ വതാലി കേസിലെ ഏപ്രിൽ 2019-ലെ സുപ്രീം കോടതി വിധിയാണ് യു.എ.പി.എ കേസുകളിൽ ആകമാനം ജാമ്യം നിഷേധിക്കുന്നതിനുള്ള കീഴ്​വഴക്കമായി ഉപയോഗിക്കുന്നതെന്ന് ദൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും, ലോ കമ്മീഷൻ മുൻ അദ്ധ്യക്ഷനുമായ എ.പി. ഷാ ചൂണ്ടിക്കാട്ടുന്നു. പ്രസ്തുത കേസിൽ യു.എ.പി.എ കുറ്റാരോപിതർ വിചാരണ കഴിയുന്നതുവരെ തടവിൽ തുടരണമെന്ന പരമോന്നത നീതിപഠത്തിന്റെ വ്യാഖ്യാനം അസംബന്ധത്തിന് തുല്യമാണെന്നും ജസ്റ്റിസ് ഷാ വിലയിരുത്തുന്നു. വിചാരണ പൂർത്തിയാവുമ്പോൾ കുറ്റാരോപിതർ നിരപരാധികളെന്നു തെളിഞ്ഞാലും വിചാരണക്കാലം മുഴുവൻ തടവിൽ കഴിയുന്നതിൽ തെറ്റില്ലെന്ന വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ വിചാരണ പൂർത്തിയാവുന്നതുവരെ അന്വേഷണ ഏജൻസി സമർപ്പിക്കുന്ന എഫ്ഐആറിലെ വിവരങ്ങൾ ശരിയാണെന്നു കരുതണം. മറിച്ച് സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്തം കുറ്റാരോപിതരുടെ ബാധ്യത മാത്രമാവുന്നു. എന്നു മാത്രമല്ല, ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ പ്രോസിക്യൂഷൻ സമർപ്പിക്കുന്ന തെളിവുകൾ കോടതി പരിശോധിക്കേണ്ടതില്ലെന്നും പ്രസ്തുത വിധിയിൽ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട തെളിവുകൾ വിചാരണാവേളയിൽ മാത്രം പരിഗണനയിൽ എടുത്താൽ മതിയെന്നു ചുരുക്കം. പൊലീസ് സംവിധാനം അധോലോക സംഘങ്ങൾക്ക് തുല്യമായ നിലയിൽ പ്രവർത്തിക്കുന്നവെന്ന് കോടതികൾ തന്നെ നിരീക്ഷിക്കുന്ന ഒരു രാജ്യത്താണ് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിക്കുന്ന FIR-ന്റെ ബലത്തിൽ വിചാരണ പൂർത്തിയാവുന്നതുവരെ ജാമ്യം നിഷേധിക്കുവാൻ സുപ്രീം കോടതി പച്ചക്കൊടി വീശുന്നത്. ‘ജാമ്യമാണ് നിയമം, ജയിൽ നിവർത്തിയില്ലാത്ത സാഹചര്യത്തിൽ' മാത്രമാണെന്ന സങ്കൽപ്പത്തെ ഈ സമീപനം പൂർണമായും നിരാകരിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ നടന്ന പ്രതിഷേധത്തിനിടെ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ നടന്ന പ്രതിഷേധത്തിനിടെ

പൗരത്വ സമരവുമായി ബന്ധപ്പെട്ട് യു.എ.പി.എ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട ഡൽഹിയിലെ മൂന്നു വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ജൂൺ 15-ലെ വിധി, സുപ്രീം കോടതിയുടെ വ്യാഖ്യാനത്തെ പിൻപറ്റുന്നതായിരുന്നില്ല. യു.എ.പി.എ കേസിലെ കുറ്റാരോപിതർക്ക് സാധാരണ നിലയിലുള്ള, അതായത് കേസിന്റെ മെറിറ്റിനെ അടിസ്ഥാനമാക്കി, ജാമ്യം അനുവദിച്ച ആദ്യ ഉത്തരവായി ഹൈക്കോടതി വിധിയെ നിയമപണ്ഡിതനായ ഗൗതം ഭാട്ടിയ വിലയിരുത്തുന്നു. ഈ ഉത്തരവിന്റെ അന്തഃസത്ത ഇല്ലാതാക്കുന്ന നടപടി അന്നുതന്നെ സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. ജാമ്യം അനുവദിച്ച നടപടി റദ്ദാക്കാതെ പ്രസ്തുത ഉത്തരവ് കീഴ്​വഴക്കമായി രാജ്യത്തെ മറ്റുള്ള കോടതികൾ പരിണിക്കരുതെന്ന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചു. ‘കീഴ്​വഴക്കമായി പരിഗണിക്കരുത്' എന്ന സമീപനം നിയമപരമായ പ്രാബല്യത്തിന്റെ പുറത്തുള്ള വിഷയമാണെന്ന് ഭാട്ടിയ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാ കോടതിയുടെ വിധി അപ്പീൽ കോടതി പരിഗണിക്കുമ്പോൾ ബന്ധപ്പെട്ട നിയമം ശരിയായ നിലയിൽ വ്യാഖ്യാനിച്ചുവെന്നു പരിശോധിച്ച് ഉചിതമായ തീരുമാനത്തിലെത്തുക മാത്രമാണ് അപ്പീൽ കോടതിയുടെ ചുമതലയെന്ന് ഭാട്ടിയ പറയുന്നു. സുപ്രീം കോടതി ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി അനുചിതമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഹൈക്കോടതികളിലും, ജില്ലാ കോടതികളിലും മാത്രം 48 ലക്ഷത്തോളം കേസുകൾ തീർപ്പാവാതെ കെട്ടിക്കിടക്കുന്ന ഒരു സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ന്യായാധിപന്മാരാണ് ജാമ്യം എന്തുകൊണ്ട് അനുവദിക്കാൻ പാടില്ലെന്ന വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നത്.

യു.എ.പി.എ കേസുകൾ നീതി- നിയമ നിഷേധത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളായി മാറുന്നതിന്റെ യുക്തി വിശദമാക്കുന്നതിനാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവുകൾ പ്രതിപാദിച്ചത്. ജാമ്യാപക്ഷേ പരിഗണിക്കുന്ന വേളയിൽ പ്രോസിക്യൂഷൻ ഹാജരാക്കുന്ന തെളിവുകൾ പരിശോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി തന്നെ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ നീതിന്യായ സംവിധാനത്തിന്റെ പ്രാഥമിക തട്ടിലുള്ള വിചാരണ കോടതികളുടെ കാര്യം പറയേണ്ടതില്ല. ഹൈക്കോടതികളിലും, ജില്ലാ കോടതികളിലും മാത്രം 48 ലക്ഷത്തോളം കേസുകൾ തീർപ്പാവാതെ കെട്ടിക്കിടക്കുന്ന ഒരു സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ന്യായാധിപന്മാരാണ് ജാമ്യം എന്തുകൊണ്ട് അനുവദിക്കാൻ പാടില്ലെന്ന വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നത്. വിചാരണ എപ്പോൾ തുടങ്ങുമെന്ന് പോലും ഉറപ്പില്ലാത്തവയാണ് യു.എ.പി.എ ചുമത്തിയ കേസുകളിൽ അധികവും. 2016 മുതൽ 2019 വരെയുള്ള മൂന്നു വർഷത്തെ കാലയളവിൽ യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്ത കേസ്സുകളിൽ ശിക്ഷാർഹമായത് 2.2 ശതമാനം മാത്രമായിരുന്നു. മൊത്തം 5,922 പേരെ ഇക്കാലയളവിൽ യു.എ.പി.എ പ്രകാരം അറസ്റ്റു ചെയ്തു. അതിൽ ശിക്ഷിക്കപ്പെട്ടത് 132 പേർ മാത്രമായിരുന്നു.

കണ്ണബീരാൻ
കണ്ണബീരാൻ

ഭരണകൂട വിരുദ്ധമെന്ന്​പ്രത്യക്ഷത്തിൽ വ്യാഖ്യാനിക്കാൻ കഴിയുന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾ മാത്രമല്ല, നിലവിലെ അധികാര സംവിധാനത്തിനുള്ളിൽ തന്നെ രൂപപ്പെട്ട വിയോജിപ്പുകളുടെ അന്തഃസത്ത കേന്ദ്രീകൃതമായി ഉറപ്പിച്ച ദേശരാഷ്ട്രത്തിന്റെ ഏകപക്ഷീയമായ അവകാശവാദങ്ങളെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചോദ്യം ചെയ്യുന്നതായിരുന്നു. ഭാഷാ സംസ്ഥാന രൂപീകരണത്തിനായുള്ള പ്രക്ഷോഭം, സ്വയം നിർണയാവകാശത്തിനുള്ള സമ്മർദ്ദം, ഹിന്ദി നിർബന്ധമാക്കുന്നതിനോടുളള എതിർപ്പുകൾ, കേന്ദ്ര- സംസ്ഥാന തർക്കങ്ങൾ, സംസ്ഥാനങ്ങളുടെ ധനപരമായ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഈയൊരു ധാര കാണാം. അങ്ങനെയുളള വിയോജിപ്പുകൾ അപ്രത്യക്ഷമായെന്നു മാത്രമല്ല കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കുറ്റാന്വേഷണ ഏജൻസികളെ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ എതിർ ചേരിയിലുള്ള സംസ്ഥാന സർക്കാരുകളുടെ നേതാക്കൾക്ക് എതിരെ ഉപയോഗിക്കുന്ന രീതി കേന്ദ്ര ഭരണകൂടത്തിന്റെ ഭരണ നീതീകരണത്തിനുള്ള ഉപാധിയായി മാറിയിരിക്കുന്നു. ഫാദർ സ്റ്റാനടക്കം ഭീമ കൊറേഗാവ് കേസ്സിലെ കുറ്റാരോപിതരും, സമാനമായ മറ്റുള്ള കേസുകളിലെ കുറ്റാരോപിതരും അനുഭവിച്ച /അനുഭവിക്കുന്ന ഹിംസ ഭരണകൂടത്തിന്റെ പഴയതും പുതിയതുമായ ശത്രു നിർമിതിയുടെ ഭാഗമാണെന്ന തിരിച്ചറിവാണ് അതിനെതിരായ പ്രതിരോധത്തിന്റെ ഐക്യനിരയെ പ്രകാശമാനമാക്കുക. ഫാദർ സ്റ്റാനിന്റെ ദീപ്തസ്മരണകൾ അതിനുള്ള നിതാന്ത പ്രചോദനവും. ▮

കുറിപ്പുകൾ:
1: The Wages of Impunity: Power, Justice and Human Rights, KG Kannabiran. ഇന്ത്യയിലെ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ വഴികാട്ടിയും, സംഘാടകരിൽ പ്രമുഖനും ആയിരുന്ന അഡ്വ. കണ്ണബീരാൻ 2010 ഡിസംബറിൽ നിര്യാതനായി.
2: Our Wound is Not So Recent: Alain Badiou: 2015-നവംബറിൽ പാരീസിലും, പ്രാന്തപ്രദേശങ്ങളിലും നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ ഹ്രസ്വ പഠനം. ആക്രമണങ്ങളെ തുടർന്ന് ഫ്രാൻസിലെ മുഖ്യധാര രാഷ്ട്രീയ കക്ഷികളും, മാധ്യമങ്ങളും കെട്ടഴിച്ചുവിട്ട ഫ്രഞ്ചു ദേശീയവാദത്തെ നിശിതമായ വിമർശിക്കുന്ന ഈ കൃതി ഭൂരിഭാഗം ജനങ്ങളെയും സമൂഹത്തിൽ നിന്നും ബഹിഷ്‌കൃതരാക്കുന്ന സാമ്പത്തിക-രാഷ്ട്രീയ നയങ്ങളാണ് ഭീകരവാദത്തിന്റെ ഉറവിടം എന്നും വാദിക്കുന്നു..
3: In a Passing, the larger picture of dispossession: Chitrangada Choudhury. The Hindu, July 9, 2021 . 4: Darkness at noon, felled by judiciary: AP Shah, The Hindu, July 8, 2021.5: Back to basics: The Delhi High Court's Bail Orders Under UAPA: Gautam Bhatia: Indian Constitutional Law and Philosophy. June 15, 2021 .


കെ.പി. സേതുനാഥ്‌

ഡക്കാൻ ക്രോണിക്കിൾ മുൻ സീനിയർ എഡിറ്റർ. മുപ്പത് വർഷം പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളിൽ ജേണലിസ്റ്റ് ആയിരുന്നു. ഇപ്പോൾ ഫ്രീലാൻസ്​ ജേണലിസ്റ്റ് .

Comments