സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ചും ഭീമാ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്നവരെ വിട്ടയക്കണമെന്ന് ആവിശ്യപ്പെട്ടും നടന്ന പ്രതിഷേധ സംഗമം.

ഭരണകൂടത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കേണ്ടിവരുമ്പോൾ...

‘സ്റ്റാൻ സാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമാണ്' എന്ന് അപലപിക്കുമ്പോഴും, കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് 145 യു.എ.പി.എ കേസുകൾ ചുമത്തിയ കേരളത്തിലെ സംസ്ഥാന ഭരണകൂടവും ഇതേ അധികാരരൂപം തന്നെയാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

പ്രതീക്ഷ കൈവിടുക എന്നതിനേക്കാൾ വലിയ ഒരപകടം മനുഷ്യജീവിതത്തിനോ സമൂഹത്തിനോ സംഭവിക്കാനില്ല. സത്യാനന്തര കാലം, രാഷ്ട്രീയാനന്തര കാലം എന്നൊക്കെ നമ്മുടെ രാഷ്ട്രീയ- സാമൂഹിക സാഹചര്യത്തെ ചിന്തകർ വിശദീകരിക്കുന്നതിൽ പ്രതീക്ഷകൾ കൈവിട്ടു പോയതിന്റെ ദുഃഖം തിരിച്ചറിയാം . ഈ ദുഃഖം വേദനയായി പരിണമിച്ച സാഹചര്യമാണ് മനുഷ്യസ്‌നേഹിയായ ഫാദർ സ്റ്റാൻ സാമിയുടെ വിയോഗം. പൊലീസും, നീതിന്യായവകുപ്പും, മാധ്യമങ്ങളും, നൂതന സാങ്കേതികവിദ്യകളും എല്ലാം ചേർന്ന് മനുഷ്യാവകാശധ്വംസനത്തിന് ഭരണകൂടത്തിനൊപ്പം നിൽക്കുന്ന രാഷ്ട്രീയ- സാമൂഹിക സാഹചര്യം ഒരു മനുഷ്യനും അംഗീകരിക്കുവാൻ പാടുള്ളതുമല്ല. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് പ്രകീർത്തിക്കപ്പെടുന്ന ഇന്ത്യയുടെ ഭരണകൂടത്തിന്റെ സ്വഭാവം വിശകലനം ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്, അതും ഭീമാ കൊറേഗാവ് പോലെ ഒരു കേസ് ഒരുക്കി തരുന്ന സവിശേഷ പശ്ചാത്തലത്തിൽ.

മറയ്​ക്കപ്പെടുന്ന ചരിത്രം

കരിനിയമം ചുമത്തപ്പെട്ട് അറസ്റ്റിലായ സ്റ്റാൻ സ്വാമിയുടെ മരണവാർത്ത വാർത്തകളിൽ ഇടം പിടിക്കുകയും ഭീമാ കൊറേഗാവ് കേസ് വാർത്തകളിൽ നിന്ന് സൗകര്യപൂർവം ഒഴിവാക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് മുഖ്യധാരാ മാധ്യമങ്ങളിൽ കാണുന്നത്. രാഷ്ട്രീയ- സാമൂഹിക പ്രശ്‌നങ്ങളെ ലളിതവൽക്കരിക്കുന്ന പ്രവണത സവർണ ബൂർഷ്വാ ഭരണകൂടം നിലനിൽക്കുന്ന ഒരു രാജ്യത്തെ മാധ്യമങ്ങളിൽ നിന്ന് പ്രതീക്ഷിക്കാവുന്നതുതന്നെയാണ്. യു.എ.പി.എ എന്ന കരിനിയമത്തെ കുറിച്ചോ ഭീമാ കൊറേഗാവ് കേസിനെ കുറിച്ചോ, അതിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന മറ്റുള്ളവരെ കുറിച്ചോ ഒന്നും ചർച്ചകളുണ്ടായിട്ടില്ല. ഈ ഒഴിവാക്കലിൽ നിന്ന് തന്നെ തുടങ്ങാവുന്ന ഒന്നാണ് ‘ഭീമാ കൊറേഗാവിനെ' കുറിച്ചുള്ള ചരിത്രം.

ആനന്ദ് തെൽതുംബ്‌ദെയുടെ അഭിപ്രായത്തിൽ ദളിതരുടെ പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ ദളിതരുടെ പൊതുബോധത്തിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഒന്നാണ് ഭീമാ കൊറേഗാവിലെ പോരാട്ടം

പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടാണ് ഭീമാ കൊറേഗാവിനെ കുറിച്ചുള്ള വിവരങ്ങൾക്ക് മാധ്യമങ്ങൾ പ്രാധാന്യം കൊടുക്കാത്തത്. ഒന്ന്: ചരിത്രപരമായി ഇന്ത്യയിൽ പലവിധ അടിച്ചമർത്തലുകൾക്ക് വിധേയമായികൊണ്ടിരിക്കുന്ന ദളിതർക്ക് ഭീമാ കൊറേഗാവുമായുള്ള അഭേദ്യ ബന്ധം.
രണ്ട്: പൊതുസമൂഹം മനസിലാക്കുന്ന ചരിത്രത്തിൽ (ചരിത്രത്തെ കുറിച്ചുള്ള ഓർമ) ‘ഭീമാ കൊറേഗാവ്' ഉണ്ടാക്കിയിരുന്ന അല്ലെങ്കിൽ ഉണ്ടാക്കുവാൻ സാധ്യതയുള്ള വിപരീത രാഷ്ട്രീയബോധ്യങ്ങൾ. ഈ രണ്ട് കാര്യങ്ങളും പ്രധാനമായിരിക്കെ തന്നെ ഭീമാ കൊറേഗാവിൽ സംഭവിച്ചതിനെ കുറിച്ച് ചരിത്രം പഠിക്കുന്നവർ പറയുന്നത് വിശദീകരിക്കേണ്ടതാണ്.

1757 മുതൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആരംഭിച്ച യുദ്ധങ്ങൾ പലതും അന്ന് ഇന്ത്യയിൽ ശക്തമായി നിലനിന്നിരുന്ന പല നാട്ടുരാജാക്കന്മാരെയും തകർത്തപ്പോൾ, സാമാന്യം ശക്തമായി നിന്നിരുന്ന പേഷ്വാ ഭരണാധികാരികളായി കമ്പനിയുടെ പ്രധാന ശത്രു. അവർ തമ്മിൽ നടന്ന പല ഏറ്റുമുട്ടലുകളിൽ അവസാനത്തേതാണ് ഭീമാ നദിക്കരയിലെ കൊറേഗാവ് ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടൽ. എഫ്.എഫ്. സ്റ്റൻടൻ എന്ന ഇംഗ്ലീഷ് ഓഫീസറുടെ നേതൃത്വത്തിൽ 900 ബ്രിട്ടീഷ് പടയാളികളടങ്ങിയ സൈന്യവും 20,000 പോരാളികളടങ്ങിയ പേഷ്വ ഭാജി റാവു രണ്ടാമന്റെ സൈന്യവും 1818 ജനുവരി ഒന്നിന് ഏറ്റുമുട്ടി. വിജയി ആര് എന്ന് കൃത്യമായി തീരുമാനിക്കാൻ സാധ്യമല്ലായിരുന്ന ഒരു യുദ്ധമായിരുന്നു അത്. യുദ്ധാവസാനം ബ്രിട്ടീഷ് സൈന്യത്തിന് തങ്ങളുടെ ആയുധങ്ങളും പടക്കോപ്പുകളും വീണ്ടെടുത്ത് യുദ്ധമുഖത്തുനിന്നും മാറാൻ സാധിച്ചതും, മറാത്തികളുടെ മേൽ മറ്റിടങ്ങളിലെല്ലാം തന്നെ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചു എന്നതുകൊണ്ടും ഭീമാ കൊറേഗാവ് യുദ്ധം വലിയ വിജയമായി അന്ന് ബ്രിട്ടീഷ് പാർലമെന്റും മാധ്യമങ്ങളും ആഘോഷിച്ചിരുന്നു.

ആനന്ദ് തെൽതുംദെ

സൈന്യബലത്തിലെ വ്യത്യാസവും, ഇംഗ്ലീഷ് - മറാത്തായുദ്ധ പരമ്പരയിലെ അവസാനയുദ്ധമായിരുന്നു എന്നതെല്ലാം ഭീമാ കൊറേഗാവിന്റെ പ്രശസ്തി ഇരട്ടിപ്പിച്ചു. പല ചരിത്രകാരന്മാരും ഇത്തരം യുദ്ധങ്ങളെ ഒരു കൊളോണിയൽ രാജ്യവും കോളനിവൽക്കരിക്കപ്പെട്ട രാജ്യത്തെ അധികാരവും തമ്മിലുള്ള യുദ്ധമായി കണ്ടാണ് വിശദീകരിച്ചത്. അത്തരമൊരു വിശദീകരണത്തിന് വിരുദ്ധമാണ്, ബ്രിട്ടീഷ് സൈന്യത്തിൽ അന്ന് യുദ്ധത്തിൽ പങ്കെടുത്ത് ജീവൻ ത്യജിച്ച മഹറുകളുടെ ചരിത്രം. ബ്രാഹ്‌മണ്യ ഹിന്ദുത്വ വാദത്തിനെ അതിന്റെ എല്ലാ ചൂഷണസാധ്യതകളെയും ഉപയോഗപ്പെടുത്തി നടപ്പിലാക്കിക്കൊണ്ടിരുന്ന പേഷ്വ ഭരണവ്യവസ്ഥക്കെതിരെ പോരാടിയ മഹറുകൾ അതുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ദളിത് മുന്നേറ്റത്തിന്റെ അടയാളമായോ ദളിത് വിമോചനചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടമായോ ഒക്കെ ഇന്ന് മനസ്സിലാക്കപ്പെടുന്നു.
ആനന്ദ് തെൽതുംബ്‌ദെയുടെ അഭിപ്രായത്തിൽ ദളിതരുടെ പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ ദളിതരുടെ പൊതുബോധത്തിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഒന്നാണ് ഭീമാ കൊറേഗാവിലെ പോരാട്ടം. മഹർ റെജിമെന്റ് പേഷ്വാ ഭരണത്തെ തോൽപിച്ചു എന്നത് മിത്തായി മനസിലാക്കപ്പെടുമ്പോഴും ഭീമാ കൊറേഗാവിന്റെ പ്രാധാന്യം അദ്ദേഹം തള്ളിക്കളയുന്നില്ല. ഗോപാൽ ബാബ വലങ്കാർ, ശിവറാം ജൻബാ കാംബ്ലെ, അംബേദ്കറിന്റെ പിതാവായ രാമോജി മാലോജി സക്ക്പാൽ എന്നിവരെ പോലെയുള്ള ദളിത് വിമോചനചിന്തകരെല്ലാം ഭീമാ കൊറേഗാവിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.

1927ൽ ഡോ. ബി. ആർ. അംബേദ്കർ ഭീമാ കൊറേഗാവ് സന്ദർശിച്ചപ്പോൾ

മഹറുകൾ ബ്രിട്ടീഷ് സൈന്യത്തിൽ വളരെ ശക്തമായ സാന്നിധ്യമായി മാറുമ്പോഴും പിന്നീട് സൈന്യത്തിലേക്കുള്ള അവരുടെ റിക്രൂട്ട്‌മെന്റ് ബ്രിട്ടീഷ് ഭരണകൂടം 1892-ൽ തടയുന്നുണ്ട്. മഹറുകൾ ആയോധന വംശമല്ല, വ്യക്തമായ ആയുധാഭ്യാസ പാരമ്പര്യമില്ല എന്നൊക്കെ പറഞ്ഞ് നടത്തിയ ഈ നടപടി ദളിതർക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. അത്തരമൊരു സാഹചര്യത്തിൽ ഭീമാ കൊറേഗാവിലെ മുൻതലമുറയുടെ പോരാട്ടം അവർക്ക് പ്രധാനമായിരുന്നു. പിന്നീട് ഡോ. ബി. ആർ. അംബേദ്കറാണ് 1927-ൽ ഭീമാ കൊറേഗാവ് സന്ദർശിക്കുകയും , ആ ഇടത്തിന്റെ ചരിത്രപ്രാധാന്യത്തെ കുറിച്ച് തന്റെ അനുയായികളെ ബോധവാന്മാരാക്കുകയും ചെയ്യുന്നത്. തങ്ങളുടെ മുൻതലമുറയുടെ ധൈര്യവും പോരാട്ടവീര്യവും വിളിച്ചറിയിക്കുന്ന ആ ഇടം അതുകൊണ്ടുതന്നെ എന്നും ദളിത് ജനതയ്ക്ക് പ്രിയപ്പെട്ടതാണ്. ഒരു കൊളോണിയൽ രാജ്യവും കോളനിവൽക്കരിക്കപ്പെട്ട രാജ്യവും തമ്മിൽ നടക്കുന്ന പോരാട്ടം എന്ന ലളിതവൽക്കരിക്കപ്പെട്ട ചരിത്രബോധത്തിന് വിരുദ്ധമാണ് ഭീമാ കൊറേഗാവ് പോലുള്ള ചില സംഭവങ്ങൾ. അവയാകട്ടെ മുഖ്യധാരാ രാഷ്ട്രീയബോധങ്ങൾക്ക് വിരുദ്ധവും. ഗാന്ധിയുടെയും കോൺഗ്രസിന്റെയും ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചുള്ള ബോധ്യത്തിൽ കൊളോണിയൽ ഭരണവും കോളനിവൽക്കരിക്കപ്പെട്ട ജനതയുടെ രാഷ്ട്രീയവിമോചനവുമാണ് ലക്ഷ്യമായി കരുതിയിരുന്നതെങ്കിൽ, മഹർ ഉൾപ്പെടെയുള്ള ദളിത് ജനവിഭാഗത്തിന് കൊളോണിയൽ ഭരണം ഒരുക്കിക്കൊടുത്തത് സാമൂഹിക - സാമ്പത്തിക വിമോചനമായിരുന്നു (രാഷ്ട്രീയ വിമോചനത്തെക്കാൾ അവർക്ക് പ്രധാനം പല വിധത്തിൽ ചൂഷണം ചെയ്തുകൊണ്ടിരുന്ന നാട്ടുരാജാക്കന്മാരിൽ നിന്നുള്ള സാമൂഹിക- സാമ്പത്തിക വിമോചനമായിരുന്നു എന്നുസാരം). ഈ വൈരുധ്യം ഇന്നും നമ്മുടെ രാഷ്ട്രീയ- സാമൂഹിക മണ്ഡലങ്ങളിൽ കാണാം.

മറാത്ത, മുസ്‌ലിം, ആദിവാസി, ദളിത് സഖ്യം ഉണ്ടായേക്കാം എന്ന രാഷ്ട്രീയഭയത്തിൽ നിന്നാണ് മറാത്തികളെയും ദളിതരെയും ഭിന്നിപ്പിക്കുന്ന രീതിയിൽ ആശയങ്ങൾ പ്രചരിപ്പിക്കപ്പെട്ടിരുന്നത്.

1927-ൽ അംബേദ്കറിന്റെ സന്ദർശനത്തോടെ ഭീമാ കൊറേഗാവ് വളരെ പ്രധാനപ്പെട്ട ഒരു തീർത്ഥാടന കേന്ദ്രമായി മാറുന്നുണ്ട്. ഹിന്ദു മതത്തിൽ നിന്നുകൊണ്ട് വിമോചനം സാധ്യമല്ല എന്ന വസ്തുത തിരിച്ചറിഞ്ഞുതന്നെ ബുദ്ധമതത്തിലേക്ക് മാറിയ ദളിതരുടെ തീർത്ഥാടന കേന്ദ്രങ്ങളിൽ പ്രധാനമാണ് ഇന്ന് ഭീമാ കൊറേഗാവ്. ആരാധനയെക്കാളേറെ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന ധർമപഥം സ്വീകരിച്ചവരായതുകൊണ്ടുതന്നെ അനേകം പുസ്തകശാലകളും ഗ്രന്ഥപ്പുരകളുമാണ് ഭീമാ കൊറേഗാവിന്റെ പ്രത്യേകത. ഈ ഇടത്തെയാണ് ഏറ്റുമുട്ടലുമായോ, രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായോ ഒക്കെ കണ്ട് ഭരണകൂടങ്ങളും മാധ്യമങ്ങളും അവതരിപ്പിക്കുന്നത്. ദളിതർക്കിടയിൽ മാത്രം പ്രചാരത്തിലായിരുന്ന ഇടങ്ങളെ, അവർ അത്രമേൽ പ്രാധാന്യത്തോടെ കണ്ടിരുന്ന ഇടങ്ങളെ വലിയ പ്രചാരം നേടുന്നതിൽ നിന്ന് തടയുകയും, എന്നാൽ അത്തരം ഇടങ്ങൾ വലിയ പ്രചാരം നേടുന്ന സമയത്ത് വളരെ വേഗം പ്രശ്‌നവൽക്കരിച്ച് രാജ്യസുരക്ഷയെ മുൻനിർത്തി തകർക്കുക എന്നത് സവർണ ബൂർഷ്വാ ഭരണകൂടത്തിന്റെ നടപടിയാണ്.

ഭീമാ കൊറേഗാവ് വിജയസ്തൂപം

2017 ഡിസംബർ 31-ന് ഭീമാ കൊറേഗാവ് ഏറ്റുമുട്ടലിന്റെ 200-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് എള്ള്ഗാർ പരിഷത് (250 ദളിത് സംഘടനകളുടെയും മറ്റ് പല സംഘടനകളുടെയും കൂട്ടായ്മ) പൂനെയിലെ ശനിവാർ വാടയിൽ ഒത്തുചേർന്നത്. പ്രകാശ് അംബേദ്കർ, ജിഗ്‌നേഷ് മേവാനി, ഉമർ ഖാലിദ് എന്നിവർ പരിപാടികളിൽ പങ്കെടുത്തിരുന്നു. എന്നാൽ 2018 ജനുവരി ഒന്നിനു നടന്ന മഹർ-മറാത്താ സംഘർഷവുമായി മേൽപറഞ്ഞ ഭീമാ കൊറേഗാവ് വാർഷികാഘോഷത്തെ ചേർത്തുവെക്കുന്നതിലാണ് ഇന്ത്യൻ ഭരണകൂടം വിജയിക്കുന്നത്. ആനന്ദ് തെൽതുംബ്‌ദെ വ്യക്തമായി ഈ പ്രശ്‌നത്തെ വിശദീകരിക്കുന്നുണ്ട്. മറാത്ത, മുസ്‌ലിം, ആദിവാസി, ദളിത് സഖ്യം ഉണ്ടായേക്കാം എന്ന രാഷ്ട്രീയഭയത്തിൽ നിന്നാണ് മറാത്തികളെയും ദളിതരെയും ഭിന്നിപ്പിക്കുന്ന രീതിയിൽ ആ സമയത്ത് ആശയങ്ങൾ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ഇതേസമയത്ത്, സമീപ ഗ്രാമമായ വധൂർ മദ്റകിൽ നടന്ന മഹർ-മറാത്തി സംഘർഷവും ഈ ഭിന്നിപ്പിൽ ഉൾച്ചേർന്നിരിക്കുന്നു. മറാത്തി ചരിത്രം വളച്ചൊടിച്ച് കഴിവതും പഴയകാലത്തെ മുസ്‌ലിം വിരുദ്ധവും, ദളിത് വിരുദ്ധവും ആക്കി അവതരിപ്പിക്കുക എന്ന രാഷ്ട്രീയ നടപടി നടപ്പാക്കുകയായിരുന്നു സാംബാജി ബിതെ, മിലിന്ദ് എക്‌ബോതെ എന്നിവരെപ്പോലുള്ള ഹിന്ദുത്വ പ്രവർത്തകർ. കേസുകൾ ചാർജ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവർക്കെതിരെ ഏതെങ്കിലും തരത്തിൽ ഭരണകൂടം നടപടി എടുത്തോ എന്നത് സംശയമാണ്. ചുരുക്കത്തിൽ ഇന്ത്യയിൽ ഉയർന്നു വരുവാൻ സാധ്യതയുള്ള ഒരു ബദൽ രാഷ്ട്രീയത്തെ കുപ്രചാരണത്തിലൂടെയും അക്രമത്തിലൂടെയും ഇല്ലാതാക്കി എന്നതാണ് ഭരണകൂടം നേടിയെടുത്ത വിജയം. ഭരണകൂടത്തിന്റെ ഈ ഭീകരമായ അധികാരപ്രയോഗത്തിന് സഹായകമായതാകട്ടെ ബ്രിട്ടീഷ് ഭരണകൂടം നിർമ്മിച്ചെടുത്ത നിയമവ്യവസ്ഥകളും.

പ്രകാശ് അംബേദ്കർ, ഉമർ ഖാലിദ്, ജിഗ്‌നേഷ് മേവാനി

മാവോയിസ്റ്റ് ബന്ധം ചുമത്തുക, രാജ്യദ്രോഹം ആരോപിക്കുക, അക്രമം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ആശയങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിക്കുക തുടങ്ങിയ പല കാര്യങ്ങളും ഇന്ന് ഭരണകൂടം പ്രയോഗിക്കുന്നുണ്ട്. ബദൽ രാഷ്ട്രീയ മുന്നേറ്റങ്ങൾ ഉയർന്നുവരുമ്പോഴും ആരോഗ്യകരമായ പ്രതിഷേധങ്ങളും, വിയോജിപ്പുകളും രേഖപ്പെടുത്തപ്പെടുമ്പോഴും ഇത് സംഭവിക്കും. മാവോയിസ്റ്റ് അല്ലെങ്കിൽ നക്‌സൽ ബന്ധം ആരോപിക്കുക എന്നതാണ് ഇതിൽ പ്രധാനം. വളരെ വേഗം പൊതുസമൂഹത്തിന്റെയും, മാധ്യമങ്ങളുടെയും സമ്മതത്തോടെ ഭരണകൂടത്തിന് നഗ്‌നമായ അധികാരപ്രയോഗം നടത്താനുള്ള ആദ്യപടിയാണ് നക്‌സൽ ബന്ധം ആരോപിക്കുക എന്നത്. ഇത് ഇന്നത്തെ സർക്കാർ തുടങ്ങിവെച്ച നടപടിയല്ല, മറിച്ച് പലപ്പോഴായി ഇന്ത്യൻ ഭരണകൂടം നക്‌സൽ ആരോപണം ഉന്നയിച്ച് ആദിവാസികളുടെയും ദളിതരുടെയും ഇടങ്ങളിലേക്ക് ഇടിച്ചുകയറുകയും അധികാരം പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. നക്‌സൽ ആരോപണം ഉന്നയിച്ചാൽ ഒരേ സമയം രാജ്യദ്രോഹവും, രാജ്യസുരക്ഷയും ചർച്ചാവിഷയമാകുകയും അത് ഭരണകൂടത്തിന് പ്രധാന ആയുധമാകുകയും ചെയ്യും. മാത്രമല്ല, നക്‌സൽ ആരോപണം ഉന്നയിക്കപ്പെടുന്നതോടെ ഒരു വ്യക്തിയുടെ മറ്റെല്ലാ വ്യക്തിത്വവും ഇല്ലാതെയാകുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ദളിത്, സ്ത്രീ, ആദിവാസി, വയോധികന, വൈദികൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ വ്യക്തിത്വങ്ങളെല്ലാം "നക്‌സൽ' എന്ന ഒറ്റ ആരോപണത്തിനുമുൻപിൽ ഇല്ലാതെയാകുന്നതും ശ്രദ്ധയോടെ മനസിലാക്കേണ്ട പ്രശ്‌നമാണ്.

അധികാരം ദുർവിനിയോഗം ചെയ്യുവാനുള്ള സഹചര്യങ്ങൾ എല്ലാ ഭരണകൂട രൂപങ്ങൾക്കും സാധ്യമാകുന്നു എന്നതുകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയത്തിനു വെളിയിൽ നിന്നുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങളിൽ നാം ഭരണകൂടത്തെ മനസിലാക്കണം.

നക്​സൽ എന്ന ‘ശത്രു’

നക്‌സൽ രാഷ്ട്രീയം ഉയർന്നുവരുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വികസന മുന്നേറ്റത്തിന്റെ പരാജയത്തിന്റെ ഫലമായാണ് എന്ന് നിരീക്ഷിക്കുന്ന കമ്മിറ്റി റിപ്പോർട്ടുകളും അനവധിയാണ് (ഡി. ബന്ദോപാധ്യായ്യുടെ നേതൃത്വത്തിൽ 2008-ൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട്, ‘Development Challenges in Extremist Affected Areas' ഒരു ഉദാഹരണം. ഏറ്റവും വലിയ വൈരുധ്യം, പല റിപ്പോർട്ടുകളും സർക്കാർ നിർദേശ പ്രകാരം പ്രശ്‌നങ്ങളെ പഠിച്ച് എഴുതപ്പെട്ടതാണ് എന്നതാണ്). നക്‌സൽ രാഷ്ട്രീയം ഉയരുന്നതിനുപിന്നിൽ അതാത് ഇടങ്ങൾ നേരിടുന്ന സാമൂഹിക- സാമ്പത്തിക പ്രശ്‌നങ്ങളാണ് എന്ന് അംഗീകരിപ്പെടുമ്പോൾ തന്നെ ഭരണകൂടം ‘നക്‌സൽ ആരോപണം' എതിർസ്വരങ്ങളെ ഇല്ലാതാക്കാൻ ഉപയോഗിക്കാവുന്ന ആയുധമായാണ് കാണുന്നത്. പൊലീസും, നീതിന്യായ വ്യവസ്ഥയും, മുഖ്യധാരാ മാധ്യമങ്ങളും ഭരണകൂടം മുന്നോട്ടുവെക്കുന്ന ഈ ആരോപണത്തെ ഏറ്റുപിടിക്കുമ്പോൾ അധികാരം പൂർണമായും ഭരണകൂടത്തിന്റെ കൈയിൽ കേന്ദ്രീകരിക്കപ്പെടുന്നു. ഭരണകൂടമാണ് (State) ഇവിടെ വിശകലനം ചെയ്യപ്പെടുന്നത്. ഏതെങ്കിലും പാർട്ടിയെയെയോ, പാർട്ടികൾ രൂപീകരിക്കുന്ന സർക്കാരിനെയോ അല്ല; മറിച്ച് കേന്ദ്രത്തിലും, സംസ്ഥാനത്തും ഒരു പോലെ പ്രവർത്തിക്കുന്ന അധികാരരൂപമാണ് ഭരണകൂടം. അതുകൊണ്ടുതന്നെ "സ്റ്റാൻ സാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമാണ്' എന്ന് അപലപിക്കുമ്പോഴും, കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് 145 യു.എ.പി.എ കേസുകൾ ചുമത്തിയ കേരളത്തിലെ സംസ്ഥാന ഭരണകൂടവും ഇതേ അധികാരരൂപം തന്നെയാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. വളരെ വ്യക്തമായി അധികാരം ദുർവിനിയോഗം ചെയ്യുവാനുള്ള സഹചര്യങ്ങൾ എല്ലാ ഭരണകൂട രൂപങ്ങൾക്കും സാധ്യമാകുന്നു എന്നതുകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയത്തിനുവെളിയിൽ നിന്നുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങളിൽ നാം ഭരണകൂടത്തെ മനസിലാക്കണം.

താഹ ഫസൽ, അലൻ ഷുഹൈബ്

ജാർഖണ്ഡിലെ ആദിവാസി മേഖലകളിൽ താമസിച്ച് ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ടു എന്നതാണ് ഫാദർ സ്റ്റാൻ സാമി മുന്നോട്ടുവെച്ചിരുന്ന രാഷ്ട്രീയം. ആ രാഷ്ട്രീയം ഇപ്പോഴും പ്രവർത്തിക്കുന്നു. അവർ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നു. കർഷക സമരം ഇന്നും നിലച്ചിട്ടില്ല. സംയുക്ത കിസാൻ മോർച്ചയുടെ സമരത്തിനായുള്ള ആഹ്വാനം 13 സംസ്ഥാനങ്ങളിൽ ഇന്നും ജീവനോടെ തുടരുന്നു. കേരളത്തിലെ ആദിവാസികൾ ഇന്നും സർക്കാരിനോട് തങ്ങളുടെ ആവശ്യങ്ങൾ ആരായുന്നുണ്ട്. ഫരീദാബാദിലെ ഖോറി ഗ്രാമം പൊളിച്ചുമാറ്റുന്നതിനെതിരെ സമരങ്ങൾ നടക്കുന്നു. ആറാഴ്ചക്കുള്ളിൽ ഖോറി ഗ്രാമം പൊളിച്ചു മറ്റും എന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഭരണകൂടം, കാരണമായി പറയുന്നത് ജനങ്ങൾ വനഭൂമി കയ്യേറി എന്നാണ്. എന്നാൽ മറുവശത്ത് അതേ ഇടത്തിൽ തന്നെ ബാബാ രാംദേവിന് കമ്പനിയുടെ പേരിൽ 400 ഏക്കർ സ്ഥലം ലഭിക്കുകയും ചെയ്യുന്നു. ഗ്രാമത്തിനുവേണ്ടി സമരം നടത്തുന്ന ഖോറി മസ്ദൂർ ആവാസ് സംഘർഷ സമിതി പ്രഖ്യാപിച്ചിരിക്കുന്നത്, സമരം ഭരണകൂടത്തിനെതിരെ ആണെന്നാണ്. വനമേഖലയിലെ വിഭവങ്ങൾ കോർപറേറ്റുകൾക്ക് വിൽക്കുന്ന ഭരണകൂടത്തിനെതിരായ സമരം തുടരുന്ന ഒന്നാണ്. അങ്ങനെ തിരിച്ചറിയുമ്പോൾ മനസ്സിൽ വെക്കേണ്ട വാക്കുകൾ ഒരു ശാസ്ത്രജ്ഞന്റേതാണ്; ‘ഏതൊരു രാജ്യസ്‌നേഹിയുടെയും കടമയാണ് സ്വന്തം രാജ്യത്തെതന്നെ ഭരിക്കുന്ന ഭരണകൂടത്തിൽ നിന്ന് രക്ഷപ്പെടുത്തുക എന്നത്.'

വിദ്യാഭ്യാസമോ ഉയർന്ന ചിന്താശേഷിയോ ഒന്നും ആവശ്യമില്ലാത്ത ആ തിരിച്ചറിവിലേക്ക് എത്തിച്ചേരുന്നതിന് മനുഷ്യനായി മാത്രം ജീവിച്ചാൽ മതി, സ്റ്റാൻ സാമിയുടെ വാക്കുകളിൽ പറഞ്ഞാൽ ‘ഹ്യൂമൻ സെൻസോടെ' മാത്രം ജീവിച്ചാൽ മതി. ▮

Comments