ലക്ഷദ്വീപിലെ ബിത്ര ദ്വീപ് ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്രം,
പോകാനിടമില്ലാതെ ദ്വീപുകാർ

ലക്ഷദ്വീപിലെ ജനവാസമേഖലയിലുള്ള പല ദ്വീപുകളും ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ഭാഗമായി ബിത്ര ദ്വീപ് ഒഴിപ്പിക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രഷൻ. രാജ്യസുരക്ഷയുടെ പേര് പറഞ്ഞുകൊണ്ടുള്ള ഈ ഒഴിപ്പിക്കൽ നീക്കം, ഭരണകൂടത്തിന്റെ കോർപറേറ്റ് താൽപര്യങ്ങൾക്കുവേണ്ടിയാണെന്ന് ദ്വീപ് നിവാസികൾ പറയുന്നു- മുഹമ്മദ് അൽത്താഫ് തയ്യാറാക്കിയ റിപ്പോർട്ട്.

“ഒരു നാട് മുഴുവൻ ഒഴിഞ്ഞുപോകാനാണ് പറയുന്നത്. വീട് മാത്രമല്ലല്ലോ, ഇത്രയും കാലം ജീവിച്ച മണ്ണാണ്. അത് പെട്ടെന്ന് വിട്ടുപോകാൻ കഴിയില്ല.” - ലക്ഷദ്വീപിലെ ബിത്ര ദ്വീപിൽ നിന്നുള്ള ഒരു യുവാവിന്റെ വാക്കുകളാണിത്.

ജനിച്ചുവളർന്ന നാടും വീടുമെല്ലാം ഒഴിഞ്ഞുപോകാൻ പെട്ടെന്ന് ഭരണകൂടം തന്നെ ആവശ്യപ്പെടുകയാണെങ്കിൽ എന്തായിരിക്കും സ്ഥിതി? ലക്ഷദ്വീപിലെ ജനവാസമേഖലയിലുള്ള പല ദ്വീപുകളും ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ഭാഗമായാണ് ബിത്ര ദ്വീപ് ഒഴിപ്പിക്കാനുള്ള തീരുമാനം. പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റശേഷം തുടങ്ങിയ ഒഴിപ്പിക്കലുകളുടെ ഒടുവിലത്തെ നടപടിയാണ് ബിത്ര ദ്വീപ് പൂർണമായും ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം. മുന്നൂറിലധികം പേർ താമസിക്കുന്ന ദ്വീപ് പൂർണമായും ഏറ്റെടുത്ത് പ്രതിരോധ ഏജൻസികൾക്ക് കൈമാറാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിനെതിരെ മറ്റ് ദ്വീപുകളിലടക്കം പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

ബിത്ര ദ്വീപ് ഏറ്റെടുക്കൽ നടപടി വിശദീകരിച്ച് ജൂലൈ 11 ന് ലക്ഷദ്വീപ് റവന്യൂവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം.
ബിത്ര ദ്വീപ് ഏറ്റെടുക്കൽ നടപടി വിശദീകരിച്ച് ജൂലൈ 11 ന് ലക്ഷദ്വീപ് റവന്യൂവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം.

ജൂലൈ 11 ന് ലക്ഷദ്വീപ് റവന്യൂവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ബിത്ര ദ്വീപ് ഏറ്റെടുക്കൽ നടപടി വിശദീകരിക്കുന്നത്. തന്ത്രപ്രധാനമായ സ്ഥലമാണിതെന്നും രണ്ടു മാസത്തിനകം സാമൂഹികാഘാതപഠനം പൂർത്തിയാക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. രാജ്യസുരക്ഷയുടെ മറവിലാണ് ഏറ്റെടുക്കലിനൊരുങ്ങുന്നതെന്ന് കവരത്തി ദ്വീപിൽ നിന്നുള്ള അഡ്വ. പി.കെ. സലീം ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

“പുതിയ അഡ്മിനിസ്‌ട്രേഷന്റെ തന്ത്രപരമായ പദ്ധതിയാണ് ബിത്രയിൽ നടക്കുന്നത്. ബിത്ര ചെറിയ ദ്വീപായതുകൊണ്ടുതന്നെ ജനസംഖ്യ വളരെ കുറവാണ്. പ്രധാനമായും മത്സ്യബന്ധനത്തിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും പറ്റുന്നതായതിനാൽ ബിത്ര വലിയ സാമ്പത്തിക സ്രോതസ്സാണ്. വളരെ നേരത്തെ ഏറ്റെടുക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. അവിടെയുള്ളവരെ ചെത്രാം ദ്വീപിലേക്കോ മറ്റോ മാറ്റിതാമസിപ്പിക്കാനുള്ള നീക്കമായിരുന്നു. പക്ഷെ അത് എളുപ്പമല്ല എന്ന് അവർക്കറിയാം. അതുകൊണ്ട് ഇപ്പോൾ ഉയർത്തുന്ന ഒരു വാദമാണ് ദേശീയ സുരക്ഷ എന്നത്. അപ്പോൾ ആരും അതിനെ എതിർക്കില്ലല്ലോ’’.

‘‘വികസനത്തിനായി ഭൂമി വിട്ടുകൊടുക്കാൻ ജനം തയ്യാറാണ്’’- അഡ്വ. പി.കെ. സലീം.
‘‘വികസനത്തിനായി ഭൂമി വിട്ടുകൊടുക്കാൻ ജനം തയ്യാറാണ്’’- അഡ്വ. പി.കെ. സലീം.

വികസനത്തിനായി ഭൂമി വിട്ടുകൊടുക്കാൻ ജനം തയ്യാറാണെന്ന് അഡ്വ. പി.കെ. സലീം പറയുന്നു: ‘‘പുതിയ അഡമിനിസ്‌ട്രേറ്റർ ജനങ്ങൾക്ക് ഒന്നും നൽകാതെ ഭൂമി ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. രാഷ്ട്രപതിക്കുള്ളതിനേക്കാൾ വലിയ ബംഗ്ലാവാണ് അഡ്മിനിസ്‌ട്രേറ്റർക്കുവേണ്ടി പണിയുന്നത്. അതിനായി ചുറ്റുമുള്ള ഭൂമി ഏറ്റെടുത്തിരിക്കുകയാണ്. അതിന് നഷ്ടപരിഹാരവും നൽകിയില്ല’’.

25 ഏക്കർ വിസ്തൃതിയുള്ള, വിശാലമായ പവിഴപ്പുറ്റ് (ലഗൂൺ) സംവിധാനത്താൽ ചുറ്റപ്പെട്ട ബിത്ര ദ്വീപിൽ 350- ഓളം നിവാസികളുണ്ട്. പ്രധാന ഉപജീവനമാർഗ്ഗം മത്സ്യബന്ധനവും തെങ്ങ് കൃഷിയുമാണ്. 2000 വർഷത്തിലേറെയായി കുടിയേറ്റം ആരംഭിച്ചതുമുതൽ ബിത്ര മറ്റ് ദ്വീപുനിവാസികളുടെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ്. ചെറിയപാണിയിലും ബലിയ പാണി യിലും ദ്വീപ് രൂപീകരണം ഇല്ലാത്തതിനാൽ മത്സ്യത്തൊഴിലാളികൾ ബിത്രയിൽ തങ്ങി ചുറ്റുമുള്ള സമ്പന്നമായ ലഗൂൺ പ്രദേശത്ത് മത്സ്യബന്ധനം നടത്തിവരികയാണ്.

ബിത്രയിൽ നിന്ന് ഏകദേശം 30 മൈൽ തെക്കോട്ട് മാറിയുള്ള അഗത്തിയുടെ അടുത്തുള്ള പെരുമാൾ പാർ എന്ന ലഗോണിൽ ഓഫ് ഷോർ ഡിഫൻസ് ഹബ്ബ് തുടങ്ങാമെന്ന് 15 വർഷം മുമ്പ് നേവി ചീഫിനും ഡിഫൻസ് സെക്രട്ടറിക്കും മുമ്പാകെ താൻ ശുപാർശ സമർപ്പിച്ചിരുന്നതായി ഹോം മിനിസ്റ്റർ അഡ്വൈസറി കമ്മിറ്റി മെമ്പറായിരുന്ന എ. മിസ്ബാഹ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

“ചെറിയ ദ്വീപാണെങ്കിലും ജനവാസമുള്ള ദ്വീപുകളിൽ ഏറ്റവും വലിയ ലഗോൺ ഉള്ളത് ബിത്ര ദ്വീപിനു ചുറ്റുമാണ്. ലക്ഷദ്വീപുകളിലെ മിക്കവാറും എല്ലാ സ്ഥലത്തുനിന്നും മീനുകൾ കൂട്ടമായി വന്ന് ബ്രീഡ് ചെയ്യുന്നത് ഈ സ്ഥലത്താണെന്ന് 2014- ൽ ബോംബെയിൽ നിന്നുള്ള ഗവേഷകരുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതിനനുസരിച്ച് ഇവിടെ മത്സ്യബന്ധനത്തിൽ നിയന്ത്രണവുമുണ്ട്. ലക്ഷദ്വീപിലെ ഏറ്റവും വലിയ ഫിഷിംഗ് സോണുകളും ഈ മേഖലയിലാണ്. ബിത്രയിൽ നിന്ന് ഏകദേശം 30 മൈൽ തെക്കോട്ട് മാറി അഗത്തിക്കടുത്തുള്ള പെരുമാൾ പാർ 83 സ്‌ക്വയർ കിലോമീറ്റർ വിസ്താരമുള്ള ലഗോണാണ്. ഇന്ത്യയിലെ വിമാനവാഹിനി കപ്പലുകൾക്കുപോലും അവിടെ ഇപ്പോൾ കയറാൻ സാധിക്കും. ഇത് ഓഫ് ഷോർ ഡിഫൻസ് ഹബ്ബായി പരിഗണിക്കാമെന്ന് 15 കൊല്ലം മുമ്പ് ഇന്ത്യ ഗവൺമെന്റിനും നേവി ചീഫിനും ഡിഫൻസ് സെക്രട്ടറിക്കും മുമ്പാകെ ഞാൻ നിർദ്ദേശം വെച്ചിരുന്നു. ബിത്രയെ പോലുള്ള ജനവാസ മേഖലയിൽ വരുന്നതിനുപകരം ഇവർക്ക് ഈ മേഖല തെരഞ്ഞെടുക്കാമായിരുന്നു. ബിത്രയെക്കാളും മൂന്നിരട്ടി വലിയ ആർട്ടിഫിഷ്യൽ ഐലന്റ് ഉണ്ടാക്കാൻ സാധിക്കും. ഭാവിയിൽ ഇന്ത്യ ഗവൺമെന്റ് ലക്ഷദ്വീപിൽ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചാൽ എന്റെ നിർദ്ദേശം പരിഗണിക്കാമെന്ന് അന്ന് മറുപടി നൽകുകയും ചെയ്തു. അത്തരം സാധ്യതകളുള്ളപ്പോഴാണ് ജനവാസമുള്ള ദ്വീപുകളിൽ വന്ന് ജനങ്ങളെ ദുരിതത്തിലാക്കുന്നത്’’- എ. മിസ്ബാഹ് പറയുന്നു.

എ. മിസ്ബാഹ്
എ. മിസ്ബാഹ്

ലക്ഷദ്വീപിനെ സംബന്ധിച്ച് മത്സ്യബന്ധനത്തിന്റെ ‘ഗോൾഡൻ സ്‌പോട്ട്’ ആണ് ബിത്ര ദ്വീപ്. വലിയ പാണി, ചെറിയ പാണി, പെരുമാൾ പാർ തുടങ്ങി ദ്വീപുകാരുടെ മത്സ്യസമ്പത്തിന്റെ പ്രധാന ഉറവിടങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവരുടെ ഇടത്താവളം കൂടിയാണ് ബിത്ര. അതായത് ലക്ഷദ്വീപിലെ മത്സ്യസമ്പത്തിന്റെ ഭൂരിഭാഗവും ബിത്ര ദ്വീപുമായി ബന്ധപ്പെട്ടാണ്. 105 കുടുംബങ്ങളാണ് ഈ ദ്വീപിൽ താമസിക്കുന്നത്.

ലക്ഷദ്വീപിന്റെ സാമ്പത്തിക മേഖലയ്ക്ക് കരുത്തേകുന്ന പ്രദേശമായ ബിത്ര ദ്വീപ് പൂർണമായും ഒഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുല്ല സഈദ് കഴിഞ്ഞ ദിവസം ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു:

“ജനവാസമുള്ള ബിത്ര ദ്വീപ് ലക്ഷദ്വീപിന്റെ സാമ്പത്തിക മേഖലയ്ക്ക് കരുത്തേകുന്ന പ്രദേശമാണിത്. രാജ്യസുരക്ഷക്കായാണ് ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് റവന്യൂ ഡിപ്പാർട്ട്‌മെന്റിന്റെ വിജ്ഞാപനത്തിൽ പറയുന്നത്. സ്വാതന്ത്രത്തിനുശേഷം രാജ്യസുരക്ഷയെ ബാധിക്കുന്ന ഒന്നും ഇവിടെ സംഭവിച്ചിട്ടില്ല. ബിത്രയിൽ കോസ്റ്റ് ഗാർഡും നേവിയുമെല്ലാമുണ്ട്. വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇതൊരു അശാസ്ത്രീയമായ രീതിയാണ്.” - ഹംദുല്ല സഈദ് എം.പി ലോക്‌സഭയിൽ പറഞ്ഞു.

ലക്ഷദ്വീപിലെ ജനവാസമുള്ള 10 ദ്വീപുകളിൽ ഏറ്റവും ചെറിയ ദ്വീപാണ് ബിത്ര. 19 ഹെക്ടർ മാത്രമാണ് വിസ്തൃതി. ഇത്രയും ചെറിയ തുരുത്തിൽ താമസിക്കുന്നവരുടെ ജീവിതത്തിന് യാതൊരു വിലയും നൽകാതെയാണ് ഏറ്റെടുക്കൽ നീക്കം.

ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുല്ല സഈദ്
ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുല്ല സഈദ്

ബിത്ര ദ്വീപ് ഏ​റ്റെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചതിന് തങ്ങളെ ചിലർ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചതായി ബിത്ര ദ്വീപിൽ നിന്നുള്ള സമീർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

“രാജ്യസുരക്ഷയുടെ പേരിൽ ദ്വീപ് പൂർണമായും ഏറ്റെടുക്കുകയാണ് എന്നറിഞ്ഞപ്പോൾ ഞങ്ങൾ തകർന്നുപോയി. നിയമപരമായി എന്തെല്ലാം ചെയ്യാനാകും എന്നന്വേഷിക്കുകയാണ്. ഒരു നാട് മുഴുവൻ ഒഴിഞ്ഞു പോകാനാണ് പറയുന്നതിനെ ഉൾക്കൊള്ളാനാകില്ല. ആൾത്താമസമില്ലാത്ത മറ്റു ദ്വീപുകൾ അടുത്തുള്ളപ്പോഴാണ് ആൾതാമസമുള്ള ഇവിടേക്കു വന്നിരിക്കുന്നത്. ലക്ഷദ്വീപിലെ ഏകദേശം എല്ലാ ദ്വീപുകാരും മത്സ്യബന്ധനത്തിന് വരുന്ന മേഖലയാണിത്. ഫിഷിംഗ് ഹബ്ബ് എന്നു പറയാം. ഡിഫൻസിനായി സ്ഥലം ഏറ്റെടുത്താൽ ദീപുകാർക്ക് മത്സ്യബന്ധനത്തിന് പോകാൻ പറ്റില്ല. ലക്ഷദ്വീപിനെ മൊത്തം ബാധിക്കുന്ന കാര്യമാണിത്. പ്രായമുള്ളവർക്കെല്ലാം വലിയ ആശങ്കയുണ്ട്. ജനിച്ച നാൾ മുതൽ ബിത്രയിൽ തന്നെ ജീവിച്ച് മത്സ്യബന്ധനവും കൊപ്ര പണികളുമായി കഴിയുന്നവരാണവർ. പുറംലോകവുമായി വലിയ ബന്ധവും അവർക്കില്ല. വേറൊരിടത്തേക്ക് കൊണ്ടുപോയാൽ ഒരു പക്ഷെ അവർക്ക് ജീവിക്കാൻ പോലും പറ്റില്ല. ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ ഞങ്ങൾ ദേശദ്രോഹികളാണ് എന്നടക്കമുള്ള വിമർശനങ്ങൾ കേൾക്കേണ്ടിവന്നു. ഞങ്ങളുടെ പൂർവികർ സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. ബ്രിട്ടീഷു ഭരണകാലത്ത് ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയവരാണ്. ജനിച്ച മണ്ണിനു വേണ്ടിയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. അല്ലാതെ രാജ്യസുരക്ഷയ്ക്ക് ഞങ്ങൾ എതിരല്ല” - സമീർ പറയുന്നു.

വികസത്തിന്റെയും രാജ്യസുരക്ഷയുടെയും പേരിൽ ലക്ഷദ്വീപ് ഭരണകൂടം ജനങ്ങളുടെ കൈവശമുള്ള ഭൂമി മുമ്പും പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല ഏറ്റെടുത്തതുമുതൽ ഇത്തരം ജനദ്രോഹ നടപടികൾ തുടരുകയാണ്.

‘‘ജനിച്ച മണ്ണിനു വേണ്ടിയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. അല്ലാതെ രാജ്യസുരക്ഷയ്ക്ക് ഞങ്ങൾ എതിരല്ല” - ബിത്ര ദ്വീപിൽ നിന്നുള്ള സമീർ പറയുന്നു.
‘‘ജനിച്ച മണ്ണിനു വേണ്ടിയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. അല്ലാതെ രാജ്യസുരക്ഷയ്ക്ക് ഞങ്ങൾ എതിരല്ല” - ബിത്ര ദ്വീപിൽ നിന്നുള്ള സമീർ പറയുന്നു.

രാജ്യസുരക്ഷയുടെ പേരിൽ ദ്വീപിൽ താമസിക്കുന്നവരെ മുഴുവൻ ഇറക്കിവിടാനുള്ള നീക്കമാണിതെന്നും 25 ഏക്കറുള്ള ദ്വീപിലെ മൂന്ന് ഏക്കറോളം ഭൂമിയിൽ നിലവിൽ കോസ്റ്റ് ഗാർഡും നേവിയും പ്രവർത്തിക്കുന്നുണ്ടെന്നും എ. മിസ്ബാഹ് പറയുന്നു.

“രാജ്യരക്ഷാസംബന്ധമായ ഏജൻസികളുടെ താൽപര്യപ്രകാരമല്ല ബിത്ര ദ്വീപിനെ കുടിയൊഴിപ്പിക്കാൻ ലക്ഷദ്വീപ് ഭരണകൂടം തയ്യാറെടുക്കുന്നത്. കാരണം അവിടെ 20 വർഷം മുമ്പുതന്നെ നേവിക്കുവേണ്ടി രണ്ടര ഏക്കറോളം സ്ഥലം നൽകുകയും അവർക്കാവശ്യമുള്ള 12 കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തുകഴിഞ്ഞു. ആ ഘട്ടത്തിലൊന്നും അവരാരും കൂടുതൽ സ്ഥലം വേണമെന്ന് പറഞ്ഞിട്ടില്ല. കുറച്ചു വർഷം മുമ്പ് കോസ്റ്റ് ഗാർഡ് സ്ഥലം വേണമെന്ന് പറഞ്ഞപ്പോൾ 25 ഏക്കറുള്ള ദ്വീപിൽ നിന്ന് അവർക്കും സ്ഥലം നൽകി. അവരും മൂന്ന് കെട്ടിടങ്ങളുണ്ടാക്കി. ഇപ്പോൾ അഡ്മിനിസ്‌ട്രേഷൻ ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്, ദ്വീപ് സംബന്ധമായ ലോജിസ്റ്റിക്‌സ് നോക്കിനടത്തുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എന്നാണ്. ദ്വീപിലെ ഇലക്ട്രിസിറ്റി, ആശുപത്രി, പൊലീസ് സംവിധാനം, സ്‌കൂൾ, വെള്ളം തുടങ്ങിയ കാര്യങ്ങൾ നോക്കിനടത്തുന്നതിൽ ബുദ്ധിമുട്ടുന്നു എന്നാണ് ഉദ്ദേശിക്കുന്നത്. എവിടെയാണെങ്കിലും സ്‌റ്റേറ്റ് ചെയ്യേണ്ട സേവനങ്ങളാണിത്. 300- ലധികം ആളുകൾ താമസിക്കുന്ന ചെറിയ ദ്വീപാണിത്. സിവിലിയൻമാർ താമസിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും ഇത് തന്ത്രപ്രധാനമായ സ്ഥലമാണെന്നും ഉചിതമായ രാജ്യരക്ഷാ ഏജൻസിക്ക് ഈ ദ്വീപ് വിട്ടുകൊടുക്കാമെന്നുമാണ് ഇപ്പോൾ പറയുന്നത്. ഈ തീരുമാനം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടേയും കളക്ടറുടേതുമാണ്. 25 ഏക്കറിൽ മൂന്ന് ഏക്കറോളം ഭൂമിയിൽ കോസ്റ്റ് ഗാർഡും നേവിയും പ്രവർത്തിക്കുന്നുണ്ട്”.

25 ഏക്കർ വിസ്തൃതിയുള്ള, വിശാലമായ പവിഴപ്പുറ്റ് (ലഗൂൺ) സംവിധാനത്താൽ ചുറ്റപ്പെട്ട ബിത്ര ദ്വീപിൽ 350- ഓളം നിവാസികളുണ്ട്.
25 ഏക്കർ വിസ്തൃതിയുള്ള, വിശാലമായ പവിഴപ്പുറ്റ് (ലഗൂൺ) സംവിധാനത്താൽ ചുറ്റപ്പെട്ട ബിത്ര ദ്വീപിൽ 350- ഓളം നിവാസികളുണ്ട്.

പുതിയ അഡ്മിനിസ്ട്രേറ്റർ വന്നശേഷം മിനിക്കോയി ദ്വീപിലെ ജനങ്ങളെ ജനങ്ങളെ കുടിയൊഴിപ്പിക്കാനും ശ്രമം നടന്നതായി എ. മിസ്ബാഹ് ചൂണ്ടിക്കാട്ടി:

“മിനിക്കോയിൽ വിമാനത്താവളം ഉണ്ടാക്കാൻ തീരുമാനിക്കുകയും ദ്വീപിന്റെ വടക്ക് ഭാഗത്ത് ഒന്നര ലക്ഷം സ്‌ക്വയർ മീറ്റർ ഭൂമി കണ്ടെത്തുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റർ വന്നശേഷം വിമാനത്താവളം തെക്കുഭാഗത്തേക്ക് മാറ്റണം എന്നാണ് പറയുന്നത്. ഏഴെട്ട് സ്‌ക്വയർ മീറ്റർ ഭൂമിയാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. അതായത്, 1978-1979 ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി മിനിക്കോയിൽ വന്ന് ദ്വീപിലെ 8000- ത്തോളം ജനങ്ങൾക്ക് വീതിച്ചുകൊടുത്ത ഭൂമിയാണ് വിട്ടുകൊടുക്കാൻ പറയുന്നത്. നേരത്തെ കൂട്ടായി കൈവശം വെച്ചിരുന്ന ഭൂമിയാണ് ആ ദ്വീപിലെ മുഴുവൻ ജനങ്ങൾക്കും തുല്യമായി വീതിച്ചു നൽകിയത്. ആ ഭൂമിയിൽ ഇങ്ങനെയൊരു കൈയ്യേറ്റം നടന്നാൽ മിനിക്കോയി ദ്വീപിലെ ഭൂരിഭാഗം ജനങ്ങളും ഭൂമിയില്ലാത്തവരാകും” - എ. മിസ്ബാഹ് പറയുന്നു

പ്രഫുൽ ഖോഡ പട്ടേൽ ചുമതലയേറ്റതിനു പിന്നാലെ പണ്ടാരം ഭൂമിയുടെ സ്ഥിതിവിവരക്കണക്കുകൾ തേടുകയും ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തിരുന്നു. ജന്മം ഭൂമി, പണ്ടാരം ഭൂമി എന്നിങ്ങനെയുള്ള ഭൂമികളാണ് ദ്വീപിലുള്ളതെന്നും ഇതിൽ പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് പിടിച്ചെടുക്കൽ. കൃഷിക്കും മറ്റും നൽകിയ പണ്ടാരം ഭൂമി ജനങ്ങൾക്ക് ലീസിന് നൽകിയതാണെന്നും അതിൽ അവർക്ക് ഉടമസ്ഥാവകാശമില്ലെന്നുമാണ് ലക്ഷദ്വീപ് ഭരണകൂടം പറയുന്നത്. പണ്ടാരം ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി കെട്ടിടങ്ങൾ ഇതിനകം ഇടിച്ചുനിരത്തിയിട്ടുമുണ്ട്. ജനവാസമില്ലാത്ത ബെംഗാര, തിന്നക്കര ദ്വീപുകളും പിന്നീട് ജനവാസ മേഖലയായ കവരത്തി, മിനിക്കോയ്, അഗത്തി ദ്വീപുകളിലും പണ്ടാരം ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം ലക്ഷദ്വീപ് ഭരണകൂടം നടത്തിയിരുന്നു.

പ്രഫുൽ ഖോഡ പട്ടേൽ ചുമതലയേറ്റതിനു പിന്നാലെ പണ്ടാരം ഭൂമിയുടെ സ്ഥിതിവിവരക്കണക്കുകൾ തേടുകയും ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തിരുന്നു.
പ്രഫുൽ ഖോഡ പട്ടേൽ ചുമതലയേറ്റതിനു പിന്നാലെ പണ്ടാരം ഭൂമിയുടെ സ്ഥിതിവിവരക്കണക്കുകൾ തേടുകയും ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തിരുന്നു.

നേരത്തെ കവരത്തിയിലും രാജ്യസുരക്ഷയുടെ പേരിൽ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്ന് അഡ്വ. പി.കെ. സലീം ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. രാജ്യസുരക്ഷയെ ഭൂമി ഏറ്റെടുക്കാനുള്ള ടൂളായിട്ടാണ് അഡ്മിനിസ്‌ട്രേറ്റർ എടുക്കുന്നതെന്നും അദ്ദേഹം പറയുന്നു:

“കവരത്തി ദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ ഉദ്ദേശിക്കുന്ന വികസനത്തിന് ഭൂമി പിടിച്ചെടുക്കാൻ പയറ്റുന്ന കാര്യം രാജ്യസുരക്ഷയാണ്. ഭൂമി ഏറ്റെടുക്കുകയും ആളുകളെ മാറ്റുകയും ചെയ്താൽ ഈ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തടസമില്ല. ഇവിടെ വേണ്ടത്ര ഫോഴ്‌സ് ഇപ്പോൾ തന്നെയുണ്ട്. കവരത്തിയിൽ നേവിയും കോസ്റ്റ് ഗാർഡും മറ്റ് മിലിറ്ററി സെറ്റപ്പുകളുമുണ്ട്. ആന്ത്രോത്തിലും മിനിക്കോയിലുമെല്ലാം ഇതുണ്ട്. ലക്ഷദ്വീപിനെയും ഇവിടുത്തെ ജനസംഖ്യയെയും സംബന്ധിച്ച് ആവശ്യമായ സുരക്ഷാസംവിധാനങ്ങൾക്കുള്ള ഭൂമി ഇവരുടെ കൈവശമുണ്ട്. മിനിക്കോയിൽ തന്നെ കോസ്റ്റ്ഗാർഡിന്റെയും നേവിയുടെയും സ്‌റ്റേഷനുണ്ട്. കവരത്തിയിലാണെങ്കിൽ കോസ്റ്റ് ഗാർഡും നേവിയും ഇപ്പോൾ അതിനുപുറമെ എയർ ഫോഴ്‌സുമുണ്ട്. എയർഫോഴ്‌സിനുവേണ്ടി നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാൻ അവർ തയ്യാറായിരുന്നു. ഭൂമി ഏറ്റെടുക്കാൻ സർക്കാർ നൽകിയ പണം അഡ്മിനിസ്‌ട്രേഷനിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അഡ്മിനിസ്‌ട്രേറ്റർ ഭൂവുടമകൾക്ക് ഒരു പൈസയും നൽകാതെ ഭൂമി ഏറ്റെടുക്കണം എന്നാണ് പറയുന്നത്. ഈ പ്രശ്‌നത്തിൽ കോടതിയിൽ കേസുണ്ട്. ബിത്രയിലും ഇതു തന്നെയാണ് അദ്ദേഹം ചെയ്യുന്നത്. ഭരണകൂടത്തിന് കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഭൂമി വേണം. അതിന് നിയമതടസ്സമുള്ളതിനാലാണ് രാജ്യസുരക്ഷയെ മുന്നിൽനിർത്തുന്നത്. മുമ്പത്തെ അഡ്മിനിസ്‌ട്രേഷൻ ഉള്ളപ്പോൾ കവരത്തിയിലെ ഭൂമിക്കായി എയർഫോഴ്‌സ് വന്നിരുന്നു. എന്നാൽ അഡമിനിസ്‌ട്രേറ്റർ അവരോട് പറഞ്ഞത്, ഇവിടെ ഇനി നിങ്ങൾക്ക് തരാൻ ഭൂമി ഇല്ല എന്നായിരുന്നു. കവരത്തിയിൽ ആവശ്യമായ ഫോഴ്‌സ് ഉണ്ടെന്നും ബാക്കി ദ്വീപുകളിൽ എവിടെയെങ്കിലും ഭൂമി തരാം എന്നുമായിരുന്നു പഴയ അഡമിനിസ്‌ട്രേറ്റർ പറഞ്ഞത്” - അഡ്വ. പി.കെ. സലീം പറയുന്നു.

കഴിഞ്ഞ വർഷം മാനിക്കോയി ദ്വീപിൽ INS ജഡായു എന്ന നാവികത്താവളം കമ്മീഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ രാജ്യസുരക്ഷയുടെ പേരിൽ സാധാരണക്കാരുടെ മൗലികാവകാശങ്ങൾക്കുമേലുള്ള കടന്നു കയറ്റമാണ് ബിത്ര ദ്വീപ് പൂർണമായും ഏറ്റെടുക്കാനുള്ള പുതിയ ഉത്തരവിലൂടെ കേന്ദ്ര സർക്കാരും ലക്ഷദ്വീപ് ഭരണകൂടവും ചെയ്യുന്നത്.

Comments