വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വര്‍ഷക്കാലമാണ് ഹര്‍ഷീന എന്ന സ്ത്രീ വേദന സഹിച്ച് ജീവിച്ചത്. കാരണം അറിയാത്ത വേദനയുമായി അഞ്ച് വര്‍ഷം ഹര്‍ഷീനയും കുടുംബവും അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതമായിരുന്നു. ഒടുവില്‍ 12 സെന്റീമീറ്റര്‍ നീളത്തിലുള്ളൊരു കത്രിക വയറ്റില്‍ നിന്ന് കണ്ടെടുത്തപ്പോള്‍ ഹര്‍ഷീന സര്‍ക്കാറിനോട് നഷ്ടപരിഹാരം ചോദിച്ചു. കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. സമരത്തിനിറങ്ങി. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നേരിട്ടെത്തി ഹര്‍ഷീനയ്ക്ക് ഉറപ്പ് നല്‍കി. ആ ഉറപ്പുകളൊന്നും പാലിച്ചില്ല. അന്വേഷണം എവിടെയും എത്തിയില്ല. ഇപ്പോള്‍ ഹര്‍ഷീന വീണ്ടും സമരം ചെയ്യുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടുലക്ഷത്തിനു പകരം 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കത്രിക കുടുങ്ങിയതിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുക എന്നറാണ് ഹര്‍ഷീനയുടെ സമരാവശ്യം.