1736 ദിവസങ്ങളാണ് ഡോക്ടർമാർ മറന്നുവച്ച കത്രികയും ( ആർട്ടറി ഫോർസെപ്സ് ) വയറ്റിൽപേറി, അന്തമില്ലാത്ത വേദനയുമായി ഹർഷിന ജീവിക്കാതെ ജീവിച്ചുതീർത്തത്

ഹർഷിന എന്ന സ്ത്രീയെ
‘ആരോഗ്യ മോഡൽ’ കൈകാര്യം ചെയ്ത വിധം

മെഡിക്കൽ ബ്യറോക്രസിയുടെയും ആരോഗ്യസുരക്ഷാ സംവിധാനങ്ങളുടെയും നിരവധി ജീർണതകളെ വലിച്ചു പുറത്തിട്ട് ഹർഷിന എന്ന സ്ത്രീ, സ്വന്തം ജീവിതം പോലും പണയം വച്ച് ഭരണകൂട സംവിധാനങ്ങൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശപ്പോരാട്ടത്തിന്റെ വേദന നിറഞ്ഞ അനുഭവം.

കേരളത്തി​ന്റെ മെഡിക്കൽ ബ്യറോക്രസിയുടെയും ആരോഗ്യസുരക്ഷാ സംവിധാനങ്ങളുടെയും നിരവധി ജീർണതകളെ പുറത്തുകൊണ്ടുവന്ന ഒറ്റയാൾ പോരാട്ടമാണ് കോഴിക്കോട് താമരശ്ശേരി അടിവാരം സ്വദേശിനിയായ ഹർഷിന നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണകൂടം പോലും അതിക്രൂരമായി അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ​ചെയ്ത ഹർഷിന, സ്വന്തം ആരോഗ്യവും ആത്മാഭിമാനവും നഷ്ടപ്പെടുത്തിയ സർക്കാർ സംവിധാനങ്ങൾക്കെതിരായ പോരാട്ടത്തിലാണ്.

പ്രസവ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവിനെ തുടർന്ന് തീരാദുരിതമനുഭവിക്കുന്ന ഈ 33കാരി കഴിഞ്ഞ ദിവസം മറ്റൊരു ശസ്ത്രക്രിയക്കുകൂടി വിധേയയായി ഇപ്പോഴും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ്.

അടിവയറിന്റെ ഇടതുഭാഗത്ത് കത്രിക ( ആർട്ടറി ഫോർസെപ്സ് ) കിടന്ന സ്ഥലത്ത് രൂപപ്പെട്ട മാംസപിണ്ഡം നീക്കാനുള്ള ശസ്ത്രക്രിയക്കിടെ ഹർഷിന
അടിവയറിന്റെ ഇടതുഭാഗത്ത് കത്രിക ( ആർട്ടറി ഫോർസെപ്സ് ) കിടന്ന സ്ഥലത്ത് രൂപപ്പെട്ട മാംസപിണ്ഡം നീക്കാനുള്ള ശസ്ത്രക്രിയക്കിടെ ഹർഷിന

1992 ജനുവരി 20-ന് തോട്ടം തൊഴിലാളി കുടുംബത്തിൽ ജനിച്ച ഹർഷിന വിവാഹശേഷം പങ്കാളിയായ അഷ്റഫിനൊപ്പം പന്തീരങ്കാവ് മണക്കാട്ടെ വീട്ടിലേക്ക് താമസം മാറ്റി. 2012 നവംബർ23 ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഹർഷിന പെൺകുഞ്ഞിന് ജന്മം നൽകി. 2016 മാർച്ച് 16 ന് രണ്ടാമത്തെ പെൺകുഞ്ഞും ജനിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു മൂന്നാമത്തെ സിസേറിയൻ. രണ്ടാമത്തെയും മൂന്നാമത്തെയും പ്രസവങ്ങൾ തമ്മിൽ 20 മാസത്തെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.

1736 ദിവസങ്ങളാണ് ഡോക്ടർമാർ മറന്നുവച്ച കത്രികയും വയറ്റിൽപേറി, അന്തമില്ലാത്ത വേദനയുമായി ഹർഷിന ജീവിക്കാതെ ജീവിച്ചുതീർത്തത്.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ വയറിൽ അസഹ്യമായ വേദന തുടങ്ങി. പരസഹായമില്ലാതെ അനങ്ങാൻ പറ്റാതായി. വയറിലാണോ കാലിലാണോ നടുവിനാണോ കൂടുതൽ വേദന എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ. കുഞ്ഞിന് പാലു കൊടുക്കാൻ ഒന്നനങ്ങിയാൽ പുളഞ്ഞു പോകുന്ന വേദന. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് അന്ന് തുടങ്ങിയ ഓട്ടമാണ്. പലവട്ടം ഡോക്ടർമാരെ കണ്ടു, മരുന്നുകൾ കഴിച്ചു, വേദന കുറഞ്ഞില്ല. സിസേറിയനെ തുടർന്ന് വയറ്റിലെ തുന്നൽ ഉണങ്ങാത്തതുകൊണ്ടാകാം വേദന എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് മൂത്രത്തിലെ കല്ലാണെന്നു കരുതി ചികിത്സിക്കുന്നതിനിടെ സ്‌കാനിങ് നിർദേശിക്കപ്പെട്ടു. 2021-ൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ വയറ്റിൽ അഞ്ച് ഇഞ്ച് നീളത്തിൽ ഒരു ആർട്ടറി ഫോർസെപ്സ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. 2022 സപ്തംബർ 15ന് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്തു. 1736 ദിവസങ്ങളാണ് ഡോക്ടർമാർ മറന്നുവച്ച കത്രികയും വയറ്റിൽപേറി, അന്തമില്ലാത്ത വേദനയുമായി ഹർഷിന ജീവിക്കാതെ ജീവിച്ചുതീർത്തത്.

ജീവിത പങ്കാളി അഷ്റഫിനും മക്കൾക്കുമൊപ്പം ഹർഷിന
ജീവിത പങ്കാളി അഷ്റഫിനും മക്കൾക്കുമൊപ്പം ഹർഷിന

11 ദിവസത്തെ ഐ സി യു ജീവിതം കഴിഞ്ഞിറങ്ങിയ ഹർഷിനക്ക് അന്നുമുതൽ ആരോഗ്യപ്രശ്നങ്ങൾ വീണ്ടും രൂക്ഷമായി. കത്രിക താഴോട്ടിറങ്ങി മൂത്രസഞ്ചിക്ക് കേടു പറ്റിയിരുന്നു. അരയ്ക്കുതാഴെ മരവിപ്പും ബാധിച്ചു. കുറച്ചു സമയം നിൽക്കുമ്പോഴേക്കും അസ്വസ്ഥത തുടങ്ങും. ജീവിതം പൂർണമായും കൈവിട്ടുപോകുമെന്ന അവസ്ഥയിലാണ് താൻ നേരിട്ട അനീതിക്കെതിരെ തെരുവിലിറങ്ങാൻ അവർ തീരുമാനിച്ചത്. സ്വന്തം കൈപ്പടയിൽ പരാതി എഴുതി ആശുപത്രി സൂപ്രണ്ടിനും ആരോഗ്യമന്ത്രിക്കും അയച്ചു. കൊടും വേദനയുമായി അഞ്ചു വർഷം താനും കുടുംബവും അനുഭവിച്ച സമാനതകളില്ലാത്ത ദുരിതത്തിന് സമാധാനം പറയണം, കുറ്റക്കാരെ ശിക്ഷിക്കണം, നഷ്ടപരിഹാരം വേണം എന്നിവയായിരുന്നു ആവശ്യങ്ങൾ.

ആരോഗ്യ വകുപ്പിന്റെയും മന്ത്രി അടക്കമുള്ള ഭരണകൂട പ്രതിനിധികളുടെയും വിവേചനങ്ങളോടും ഡോക്ടർമാരുടെ സംഘടനകളുടെ അവഗണനകളോടും നേരെ നിന്ന് പൊരുതിയെടുത്തതാണ്, കുറ്റപത്രത്തിലൂടെ കൈവന്ന നീതി.

2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയത് എന്നായിരുന്നു ഹർഷിനയുടെ പരാതി. എന്നാൽ, ഇത് മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചുകൊണ്ടിരുന്നു. മറ്റേതെങ്കിലും ആശുപത്രിയിൽനിന്നാകാം കത്രിക കുടുങ്ങിയത് എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം. അന്വേഷണത്തിന് മൂന്ന് കമ്മിറ്റികൾ വന്നു. കത്രികയുടെ കാലപ്പഴക്കം നിർണയിക്കാൻ പരിശോധന നടത്തി.

പരാതികൾക്ക് മറുപടിയില്ലാതായപ്പോഴാണ് അവർ, കുഞ്ഞുമക്കളെയുമെടുത്ത് തെരുവിലേക്കിറങ്ങിയത്. ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിക്കുമുന്നിലും പിന്നീട് സെക്രട്ടറിയേറ്റുപടിക്കലും സമരം ചെയ്തു. ആരോഗ്യവകുപ്പുമന്ത്രി വീണ ജോർജ് നേരിട്ടെത്തി ചില ഉറപ്പുകൾ നൽകി, പക്ഷെ പാലിക്കപ്പെട്ടില്ല.

അതിനിടെ, പ്രതിക്കൂട്ടിലായ അധികൃതരുടെ പ്രതികാര നടപടികളും നിസ്സഹായരായ ഈ കുടുംബത്തിനുനേരെയുണ്ടായി. കുറ്റസമ്മതം നടത്തുന്ന മെഡിക്കൽ കോളേജ് അധികൃതരുടെ വീഡിയോ പകർത്തിയെന്നാരോപിച്ച് ഹർഷിനയുടെ കുടുംബത്തിനെതിരെ പൊലീസിൽ അധികൃതർ പരാതി നൽകി. എന്നിട്ടും അവർ സമരത്തിൽ നിന്ന് പിന്മാറിയില്ല.

കോഴിക്കോട് മെഡിക്കൽ കൊളേജിന് മുന്നിലെ സമരത്തിനിടെ കുടുംബത്തോടൊപ്പം ഹർഷിന
കോഴിക്കോട് മെഡിക്കൽ കൊളേജിന് മുന്നിലെ സമരത്തിനിടെ കുടുംബത്തോടൊപ്പം ഹർഷിന

ഒടുവിൽ, ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ കത്രിക വയറ്റിൽ കുടുങ്ങിയത് മെഡിക്കൽ കോളേജിൽ നിന്നുതന്നെയാണെന്ന് കണ്ടെത്തി. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കി കുന്ദമംഗലം കോടതിയിൽകുറ്റപത്രം നൽകി. ഡോ. സി.കെ. രമേശൻ, ഡോ. എം. ഷഹന, മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്‌സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരായിരുന്നു പ്രതികൾ. ഹർഷിനയ്ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നവരായിരുന്നു ഇവർ.

മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം പ്രതി ചേർക്കപ്പെട്ട കേസിൽ ഐ പി സി 338 പ്രകാരം രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. എണ്ണൂറോളം പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളുണ്ടായിരുന്നു.

ഒരു വലിയ കുറ്റകൃത്യം തെളിഞ്ഞിട്ടും പ്രതികളെ കണ്ടെത്തിയിട്ടും ഹർഷിനയുടെ പ്രതിസന്ധികൾ അവസാനിച്ചില്ല.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ (കൊല്ലത്തായിരുന്നു പങ്കാളി അഷ്‌റഫ് ബിസിനസ് നടത്തിയിരുന്നത് ) എം ആർ ഐ സ്‌കാനിങ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റിപ്പോർട്ട്. എന്നാൽ, കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്നാണെന്ന് എം ആർ ഐ റിപ്പോർട്ട് പ്രകാരം മാത്രം തീരുമാനിക്കാൻ പറ്റില്ലെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ നിലപാട്. ബോർഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ ഈ വാദത്തെ മെഡിക്കൽ ബോർഡിലെ മറ്റു അംഗങ്ങൾ അനുകൂലിക്കുകയായിരുന്നു. മെഡിക്കൽ ബോർഡിന്റെ നടപടികളിൽ ഗൂഢാലോചനയു​​ണ്ടെന്നു ചൂണ്ടിക്കാട്ടി ഹർഷിന സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. നേരത്തെ നിശ്ചയിക്കപ്പെട്ട വനിതാ റേഡിയോളജിസ്റ്റിനെ മാറ്റി പുതിയൊരാളെ നിയമിച്ചതിൽ ദുരൂഹതയുണ്ടെന്നായിരുന്നു അവരുടെ വാദം.

പൊലീസ് സമർപ്പിച്ച റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡിന്റെ നടപടിക്കെതിരെ കോഴിക്കോട് ഡി എം ഒ ഓഫീസിന് മുന്നിൽ മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ച ഹർഷിന, പങ്കാളി അഷറഫ് എന്നിവരെയും സമരസമിതി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ഇപ്പോൾ കോടതിയിൽ വിചാരണയിലാണ്. കഴിഞ്ഞ മാസം പ്രതികൾ ഹാജരാവാത്തതിനാൽ ജൂൺ ഒമ്പതിലേക്ക് വിചാരണ മാറ്റിവെച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെയും മന്ത്രി അടക്കമുള്ള ഭരണകൂട പ്രതിനിധികളുടെയും വിവേചനങ്ങളോടും ഡോക്ടർമാരുടെ സംഘടനകളുടെ അവഗണനകളോടും നേരെ നിന്ന് പൊരുതിയെടുത്തതാണ്, കുറ്റപത്രത്തിലൂടെ കൈവന്ന നീതി. എന്നാൽ, അത് ഈ സ്ത്രീ നേരിട്ട കൊടും അന്യായങ്ങൾ പരിഗണിച്ചാൽ, നേരിയ ആശ്വാസം മാത്രമായിരുന്നു. ഒരു വലിയ കുറ്റകൃത്യം തെളിഞ്ഞിട്ടും പ്രതികളെ കണ്ടെത്തിയിട്ടും അവരുടെ പ്രതിസന്ധികൾ അവസാനിച്ചില്ല.

കത്രിക കുടങ്ങിയ ഭാഗത്തെ മാംസപിണ്ഡം നീക്കം ചെയ്തെങ്കിലും വീണ്ടും വളരാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. തുടർചികിത്സയ്ക്ക് എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ഹർഷീനയും കുടുംബവും.

സമരങ്ങൾക്കൊടുവിൽ സർക്കാർ രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇത് പരമാവധി തുകയാണ് എന്നാണ് അധികൃതർ അവരോട് പറഞ്ഞത്. ഹർഷിനയെ സംബന്ധിച്ച് ഇത് തീർത്തും അസ്വീകാര്യമായിരുന്നു. മാത്രമല്ല, നിരന്തരമായ രോഗങ്ങളെ തുടർന്ന് കുടുംബത്തിന്റെ വരുമാനമാർഗങ്ങളെല്ലാം നിലച്ചിരുന്നു. പങ്കാളിയുടെ കച്ചവടം ഇല്ലാതായി. കുട്ടികളുടെ പഠനം മുടങ്ങി. അതുകൊണ്ട് തന്നെ പ്രഖ്യാപിച്ച രണ്ട് ലക്ഷം എന്ന തുച്ഛമായ തുക സ്വീകരിക്കാന് കുടുംബം തയ്യാറായില്ല. അത് നഷ്ടപരിഹാരം എന്ന നിലക്കായിരുന്നു താല്കാലികാശ്വാസമായിരുന്നില്ല എന്നതു തന്നെയായിരുന്നു കാരണം.

അതിനിടെ, ഹർഷിനയുടെ അവസ്ഥ വീണ്ടും മോശമായി. കത്രിക കുടുങ്ങിക്കിടന്ന അടിവയറിന്റെ ഇടതുഭാഗത്ത് മാംസപിണ്ഡം രൂപപ്പെടുകയും അത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു. ഇതേതുടർന്ന്, ഇത് നീക്കാൻ ശസ്ത്രക്രിയ നിർദേശിക്കപ്പെട്ടു. ഇതിനുള്ള പണത്തിനായി ക്രൗഡ് ഫണ്ടിംഗിനിറങ്ങേണ്ടിവന്നു അവർക്ക്. വലിയ പണച്ചെലവുള്ള ശസ്ത്രക്രിയയ്ക്ക് സർക്കാർ ആശുപത്രിയെ ആശ്രയിക്കില്ലെന്ന തീരുമാനത്തെതുടർന്നാണ് അവർ പണപ്പിരിവിന് തീരുമാനിച്ചത്. മെയ് 21ന് ശസ്ത്രക്രിയ പൂർത്തിയായി. കത്രിക കുടങ്ങിയ ഭാഗത്തെ മാംസപിണ്ഡം നീക്കം ചെയ്തെങ്കിലും വീണ്ടും വളരാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. തുടർചികിത്സയ്ക്ക് എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ഹർഷീനയും കുടുംബവും.

കോഴിക്കോട്ടും തിരുവനന്തപുരത്തുമായി 110 ദിവസമാണ് ഹർഷിന സമരം നടത്തിയത്. കേരളത്തിന്റെ ആരോഗ്യമേഖലക്കും അതിന്റെ ഔദ്യോഗിക നിയന്ത്രണം കൈയാളുന്ന സർക്കാർ സംവിധാനത്തിനും നേരെ ഒരു സ്ത്രീ, ജീവിതം തന്നെയും പണയം വച്ച് നടത്തിയ സമാനതകളില്ലാത്ത മനുഷ്യാവകാശപോരാട്ടമായിരുന്നു അത്.

ഒരു സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ ചികിത്സാപ്പിഴവിനാൽ സാധാരണ സ്ത്രീയ്ക്ക് നേരിടേണ്ടി വന്ന സമാനതകളില്ലാത്ത ദുരിതത്തിന് സർക്കാർ എന്തു ചെയ്തു എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന ഹർഷിനയുടെ പരാതി മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്: ''ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് നീതി ലഭ്യമാക്കും. പ്രശ്‌നം പരിഹരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിഷയം സംബന്ധിച്ച് സർക്കാരിനുവേണ്ടി പ്രതിനിധികൾ ഹർഷിനയോട് സംസാരിച്ചിട്ടുണ്ട്. ഹർഷിനയുടെ കാര്യത്തിൽ സംഭവിച്ചത് വളരെ നിർഭാഗ്യകരമായ സംഭവമാണ്. ആരോഗ്യരംഗത്തുള്ളവർ അത് ചെറിയ കാര്യമായി കാണരുത്.''

മുഖ്യമന്ത്രിയുടെ വിശദീകരണങ്ങൾക്കശേഷവും ചോദ്യങ്ങൾ ബാക്കിയാണ്: പ്രശ്‌നം എങ്ങനെ പരിഹരിക്കാനാണ് സർക്കാർ തീരുമാനിച്ചത്, ഹർഷിനയ്ക്ക് എപ്പോൾ നീതി ലഭ്യമാക്കുമെന്നാണ് പറഞ്ഞത്, ആ നിർഭാഗ്യകരമായ സംഭവത്തിൽ നിന്ന് എന്തുപാഠമാണ് സർക്കാർ ഉൾക്കൊണ്ടത്? ചികിത്സാ പിഴവിനിരയാക്കപ്പെടുന്ന മനുഷ്യർക്ക് എത്രയും പെട്ടന്ന് നീതി ഉറപ്പാക്കാനുള്ള നിയമനിർമ്മാണം സർക്കാർ അടിയന്തരമായി നടത്തണമെന്ന ഹർഷീനയുടെ ആവശ്യത്തോട് സർക്കാറിന്റെ പ്രതികരണം എന്താണ്?

മുഖ്യമന്ത്രിയുടെ വിശദീകരണങ്ങൾക്കശേഷവും ചോദ്യങ്ങൾ ബാക്കിയാണ്: പ്രശ്‌നം എങ്ങനെ പരിഹരിക്കാനാണ് സർക്കാർ തീരുമാനിച്ചത്, ഹർഷിനയ്ക്ക് എപ്പോൾ നീതി ലഭ്യമാക്കുമെന്നാണ് പറഞ്ഞത്, ആ നിർഭാഗ്യകരമായ സംഭവത്തിൽ നിന്ന് എന്തുപാഠമാണ് സർക്കാർ ഉൾക്കൊണ്ടത്?
മുഖ്യമന്ത്രിയുടെ വിശദീകരണങ്ങൾക്കശേഷവും ചോദ്യങ്ങൾ ബാക്കിയാണ്: പ്രശ്‌നം എങ്ങനെ പരിഹരിക്കാനാണ് സർക്കാർ തീരുമാനിച്ചത്, ഹർഷിനയ്ക്ക് എപ്പോൾ നീതി ലഭ്യമാക്കുമെന്നാണ് പറഞ്ഞത്, ആ നിർഭാഗ്യകരമായ സംഭവത്തിൽ നിന്ന് എന്തുപാഠമാണ് സർക്കാർ ഉൾക്കൊണ്ടത്?

സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗജന്യമാക്കിത്തരണമെന്നാണ് ഹർഷീന ആവശ്യപ്പെടുന്നത്: ‘‘സർക്കാർ ആശുപത്രികളിൽ പോയി ദീർഘസമയം നിൽക്കാനും അങ്ങോട്ടുമിങ്ങോട്ടും ഓടാനും പറ്റുന്ന ശാരീരിക അവസ്ഥയിലല്ല ഞാൻ. 15 മിനിറ്റിലധികം നിൽക്കാൻകഴിയില്ല. കടുത്ത വേദന വന്ന് ശരീരം തളർന്നുപോകും. ഈയവസ്ഥയിൽ ഞാൻ എങ്ങനെ മുന്നോട്ടുപോകും. മറ്റൊരാളോട് പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്ത രീതിയിലുള്ള ശാരീരിക പ്രയാസങ്ങളാണ് അനുഭവിക്കുന്നത്. മാനസികമായും തളർന്നു. സർക്കാറും ആരോഗ്യവകുപ്പും കൂടെയുണ്ടെന്ന് പ്രഖ്യാപിച്ചതല്ലാതെ തനിക്ക് ഒന്നും ചെയ്തുതന്നിട്ടില്ല’’- ഹർഷീന പറയുന്നു.

പ്രസവശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഹർഷീനയ്ക്ക് സർക്കാർ വാഗ്ദാനം ചെയ്ത സഹായം ലഭിച്ചിട്ടില്ല. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയതെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും അത് ആരോഗ്യമന്ത്രിയ്ക്കും സർക്കാറിന് വ്യക്തമായിട്ടും ഹർഷീനയുടെ തുടർ ചികിത്സയ്ക്ക് ജനത്തിനോട് പിരിവ് ചോദിക്കേണ്ടി വരുന്നു എന്നതിലുണ്ട് ഹർഷീന അനുഭവിക്കുന്ന അവഗണനയുടെ ആഴം. കോഴിക്കോട് കിഡ്സൺ കോർണറിൽ പരസ്യമായി ഭിക്ഷ യാചിക്കാൻ ഹർഷീനയെ നിർബന്ധിതമാക്കിയ ആ സാഹചര്യം കേരളം ആരോഗ്യരംഗത്ത് കൈവരിച്ചു എന്ന് പറയുന്ന നേട്ടങ്ങളുടെ മാറ്റു കുറയ്ക്കുന്ന ഒന്നാണ്.

എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്ന പൊതുജനാരോഗ്യനയം കേരളം രൂപപ്പെടുത്തിയത് സാമൂഹികവും രാഷ്​ട്രീയവുമായ ഇടപെടലു​കളോടെയാണ്. അതിൽ, ഹർഷിന അടങ്ങുന്ന പൗരസമൂഹത്തിന്റെ കൂടി പങ്കാളിത്തമുണ്ട്.

ഇടതുപക്ഷ അനുഭാവി കുടുംബത്തിൽ ജനിച്ച, കേരളം പൊതുജനാരോഗ്യമേഖലയിൽ കൈവരിച്ച നേട്ടങ്ങളെ വിലമതിക്കുന്ന, സർക്കാർ ആശുപത്രികൾ സാധാരണക്കാർക്ക് എളുപ്പം കയറിച്ചെല്ലാവുന്ന ഇടമാണെന്ന് വിശ്വസിക്കുന്ന, ഇപ്പോഴും മെഡിക്കൽ കൊളേജിനെയോ അവിടത്തെ ഡോക്ടർമാരെ ഒന്നടങ്കം അടച്ചാക്ഷേപിക്കാൻ തയ്യാറാവാത്ത, കൈപ്പിഴ സംഭവിച്ച ഡോക്ടർമാർക്കെതിരെ മാത്രം ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന നിസ്സഹായയായ ഒരു സ്ത്രീയെ എന്തിനാണ് ഇപ്പോഴും ശത്രുപക്ഷത്ത് നിർത്തി വേട്ടയാടുന്നത് എന്ന ചോദ്യത്തിന്, സംസ്ഥാന സർക്കാർ തന്നെയാണ് മറുപടി പറയേണ്ടത്. എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്ന പൊതുജനാരോഗ്യനയം കേരളം രൂപപ്പെടുത്തിയത് സാമൂഹികവും രാഷ്​ട്രീയവുമായ ഇടപെടലു​കളോടെയാണ്. അതിൽ, ഹർഷിന അടങ്ങുന്ന പൗരസമൂഹത്തിന്റെ കൂടി പങ്കാളിത്തമുണ്ട്. ആ പൗരസാന്നിധ്യത്തെയാണ് ഒരു ഇടതുപക്ഷ സർക്കാർ സംശയത്തിന്റെ നിഴലിലേക്കു മാറ്റിനിർത്തുന്നത്.

ഇക്കാലമത്രയും ഹർഷീനക്കൊപ്പം, അവരുടെ സമരങ്ങളിലെ കൂടി പങ്കാളിയായി നിന്ന അഷ്‌റഫ് പറയുന്നു: ഞങ്ങൾക്ക് ഓടി നടന്ന് മതിയായി, ഞങ്ങളുടെ വിലപ്പെട്ട ഏഴ് വർഷങ്ങളാണ് പാഴായത്. ബിസിനസ് തകർന്നടിഞ്ഞു. ജീവിതം ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രയായി. മക്കളോടൊപ്പമുള്ള നിമിഷങ്ങളെല്ലാം നഷ്ടപ്പെട്ടു. വേദന കൊണ്ട് പുളയുന്ന മുഖമാണ് അവൾക്കെപ്പോഴും. ഈ വേദനയ്ക്ക് അന്ത്യമില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. ഞങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞവർ ഞങ്ങളുടെ കൂടെ നിൽക്കുന്നില്ല. ഞങ്ങൾ എന്തു തെറ്റാണ് ചെയ്തത്?

സമരത്തിനിടെ മകനോടൊപ്പം ഹർഷിനയും പങ്കാളി അഷ്റഫും / Photo : Muhammed Hanan, truecopythink.media
സമരത്തിനിടെ മകനോടൊപ്പം ഹർഷിനയും പങ്കാളി അഷ്റഫും / Photo : Muhammed Hanan, truecopythink.media

മാന്യമായൊരു നഷ്ടപരിഹാരം നൽകാൻ സർക്കാർ എന്തുകൊണ്ട് സന്നദ്ധമാവുന്നില്ല? സർക്കാർ ആശുപത്രിയിൽ നിന്ന് സംഭവിച്ചത് ചികിത്സാപ്പിഴവാണ് എന്ന് തെളിയിക്കപ്പെട്ടിട്ടും അതിന്റെ തുടർ ചികിത്സക്ക് കൈയിലുള്ള ജീവിതസമ്പാദ്യം മുഴുവൻ ചെലവാക്കി കടക്കെണിയിലായിട്ടും ഈ കുടുംബത്തെ ചേർത്തു പിടിക്കാൻ ഒരു ഇടതുപക്ഷ സർക്കാറിനെ തടയുന്ന ആ കാരണം എന്താണ്?

ഹർഷിനയുടെ ദുരിതം തുറന്നു കാട്ടുന്നത് സർക്കാർ സംവിധാനങ്ങൾ സാധാരണ പൗരരോടു കാണിക്കുന്ന കൊടിയ അനീതി മാത്രമല്ല, മറിച്ച് ആരോഗ്യരംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച കേരളത്തിന്റെ നിലവിലുള്ള ആശങ്കാജനകമായ മുരടിപ്പുകൂടിയാണ്. തിരുവന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽകോളേജുകളിൽ നിന്ന് ഈയിടെ റിപ്പോർട്ടു ചെയ്യപ്പെട്ട മെഡിക്കൽ നെഗ്ലിജൻസ് കേസുകളുടെ ആവൃത്തി സൂചിപ്പിക്കുന്നത്, ആരോഗ്യമേഖലയിൽ വരേണ്ട അനിവാര്യമായ നവീകരണങ്ങളെക്കുറിച്ചാണ്.

പോളിഡാക്ടിലിയുടെ (കെെ കാലുകളിൽ സാധാരണയിൽ കൂടുതൽ വിരലുകൾ ഉണ്ടാകുന്ന അവസ്ഥ) ചികിത്സിക്ക് കോഴിക്കോട് മെഡിക്കൽകോളേജിലെത്തിയ നാലു വയസുകാരിയുടെ നാക്കിന് മാതാപിക്കളുടെ അനുവാദമില്ലാതെ ഓപറേഷൻ നടത്തിയ വാർത്ത ഈയിടെയാണ് പുറത്തുവന്നത്. പ്രസവാനന്തര ചികിത്സയ്ക്കിടെ ഷിബിന എന്ന 31-കാരി മരിച സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്. ഷിബിനയുടെ മരണത്തിൽ പോലീസിന്റെ കേസ് അന്വേഷണം തുടരുകയാണ്. എട്ടു മാസം ഗർഭിണിയായ യുവതിയുടെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബം തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റിലിന് മുന്നിൽ സമരത്തിലാണ്.

ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങളിൽ കാരണക്കാരായ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുക എന്ന തൊലിപ്പുറത്തെ ചികിത്സയാണ് സർക്കാർ നൽകിപ്പോരുന്നത്. രോഗികൾക്ക് ആനുപാതികമായി ആധുനികചികിത്സാ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതടക്കം, ആരോഗ്യ സംവിധാനത്തിൽ തന്നെയാണ് മാറ്റം വരുത്തേണ്ടത്. ഒപ്പം, ഇരകൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകുകയും വേണം.

ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഹർഷിനക്ക് നേരിട്ടു നൽകിയ ഉറപ്പുകൾ പോലും പാലിക്കപ്പെട്ടില്ല
ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഹർഷിനക്ക് നേരിട്ടു നൽകിയ ഉറപ്പുകൾ പോലും പാലിക്കപ്പെട്ടില്ല

വർധിച്ചു വരുന്ന നെഗ്ലിജൻസ് കേസുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മെഡിക്കൽ സൂപ്രണ്ടുമാരും, പ്രിൻസിപ്പൽമാരും, ഡി.എം.ഒമാരുമായി നടത്തിയ ചർച്ചയിൽ കുറ്റക്കാർക്കെതിരെ ഭാവിയിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് താക്കീത് നൽകിയിരുന്നു. ചർച്ചയിൽ പങ്കെടുത്ത കോഴിക്കോട് മെഡിക്കൽ കോളെജ് പ്രതിനിധികൾ, വർധിച്ചു വരുന്ന രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാരുടെയടക്കം നിയമനങ്ങൾ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് ധനവകുപ്പുമായി കൂടിയാലോചന ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.

ചികിത്സയിലെ പിഴവ് പരമാവധി കുറയ്ക്കാനും ഇല്ലാതാക്കാനുമുള്ള നടപടികളാണ് അനിവാര്യം. ഒരു പിഴവ് സംഭവിച്ചാൽ അതു ബാധിക്കുന്ന രോഗികളെയും രോഗികളുടെ കുടുംബത്തേയും എങ്ങനെ പിന്തുണയ്ക്കാം എന്ന സംവിധാനവുമാണ് ഉണ്ടാവേണ്ടത്. സിസ്റ്റത്തിൽ കൊണ്ടുവരുന്ന മാറ്റത്തിലൂടെ മാത്രമേ ചികിത്സാ പിഴവിലൂടെ സംഭവിക്കുന്ന നഷ്ടങ്ങളെ ഇല്ലാതാക്കാൻ കഴിയൂ. അത്ത​രമൊരു മാറ്റത്തിനും തിരുത്തിനും സിസ്റ്റത്തെ നിർബന്ധിതമാക്കുന്ന പോരാട്ടം കൂടിയാണ് ഹർഷിന നടത്തിക്കൊണ്ടിരിക്കുന്നത്.

Comments