തകർക്കരുത്, ​ ലക്ഷദ്വീപിന്റെ പരിസ്​ഥിതിയെ

ലക്ഷദ്വീപിലെ പുതിയ നിയന്ത്രണങ്ങൾ ദ്വീപ്​ ജീവിത​ത്തെ കലുഷിതമാക്കിക്കൊണ്ടിരിക്കുകയാണ്​. മനുഷ്യജീവിത​ത്തോടൊപ്പം, ദ്വീപിന്റെ പരിസ്​ഥിതിയെക്കുറിച്ചുകൂടി ആശങ്കപ്പെടേണ്ട സാഹചര്യമാണുള്ളതെന്ന്​ ലക്ഷദ്വീപ്​ എൻവയോൺമെൻറർ അഡ്വക്കസി ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ്​ ഖാസിം എം.പി.

വികസനം കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാൽ അതോടൊപ്പം പരിസ്ഥിതിയുടെ ഘടന കൂടി മുഖവിലക്കെടുക്കുന്ന ഇക്കോ ഫ്രണ്ട്ലീ വികസനമാണ് അഭികാമ്യം. ലക്ഷദ്വീപ്​ അഡ്​മിനിസ്​​ട്രേറ്ററുടെ പുതിയ നിയന്ത്രണങ്ങളെക്കുറിച്ച്​ വിവാദം പടരു​മ്പോൾ, ദ്വീപിന്റെ സവിശേഷമായ പരിസ്​ഥിയെക്കുറിച്ച്​ അറിയേണ്ടത്​ അനിവാര്യമാണ്​. ആ പരിസ്​ഥിതിയെ തകർക്കുന്ന ഒരു വികസനവും വച്ചപൊറുപ്പിക്കാൻ പാടില്ല. 2016 ലെ ഇൻറഗ്രേറ്റഡ്​ ഐലൻറ്​ മാനേജുമെൻറ്​ പ്ലാൻ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കണം ഇവിടെത്തെ ഓരോ ചുവടുവെപ്പും. മറിച്ചായാൽ ഈ തുരുത്തുകൾക്ക് അധികം ആയുസ്സുണ്ടാവില്ല.

ഇന്ത്യ മുതൽ മഡഗാസ്ക്കർ വരെ വ്യാപിച്ചു കിടക്കുന്നതും ആഴിയിൽ ആണ്ടു പോയതുമായ ഒരു പ്രാചീന വൻകരയിലെ പർവ്വതശിഖിരങ്ങളിൽ രൂപം കൊണ്ടവയാണ് ലക്ഷദ്വീപുകൾ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ പുരാതന ലാണ്ടന വൻകരയുടെ അവിശിഷ്ടങ്ങളാണ് ലക്ഷദ്വീപ്. ഇന്നത്തെ ഗുജറാത്തിലേയും രാജസ്ഥാനിലേയും ആരവല്ലി പർവ്വതനിരകളുടെ ശിഖിരങ്ങളിലാണ് ഈ ദ്വീപുകൾ രൂപം കൊണ്ടത്. കേരളതീരത്തിൽ നിന്ന്​ 200 മുതൽ 400 കീലോമീറ്റർ വരെ അകലത്തിൽ അറബിക്കടലിനു നടുവിൽ 8-12 ഡിഗ്രി ഉത്തരാശംത്തിനും 71-72 ഡിഗ്രി പൂർവ്വ രേഖാംശത്തിനും ഇടയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന 36 ചെറുതും വലുതുമായ ദ്വീപുകളുടെ കൂട്ടമാണ് ലക്ഷദ്വീപുകൾ.അതിൽ പത്തെണ്ണത്തിൽ മാത്രമാണ് ജനവാസം.

32 ച.കീ.മീ മാത്രമാണ് കര വിസ്താരമെങ്കിലും 4200ച.കീ.മീ ലഗൂണും 20,000 ച.കി.മീ കടലും ചേരുമ്പോൾ ഇതൊരു വലിയ പ്രദേശമാണ്. ലക്ഷദ്വീപിന്റെ സൗന്ദര്യവും സമ്പത്തും അഭിമാനവും എല്ലാം ഈ ലഗുണും കടലുമാണ്. കോടാനുകോടി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് കടലും ലഗൂണും. അവിടത്തെ പവിഴപ്പുറ്റുകളാണ് ലക്ഷദ്വീപിന്റെ നെട്ടല്ലും നാഡിയും നിലനിൽപ്പും.

ദ്വീപിന്റെ കവാടം
ദ്വീപിന്റെ കവാടം

ഇന്ത്യൻ ബയോഗ്രാഫി സോൺ പത്തായി തരംതിരിക്കുന്നു. അതിൽ പത്താമത്തെ സോണിൽ ഉൾപ്പെട്ടതാണ് ആന്തമാനും ലക്ഷദ്വീപും. പവിഴപ്പുറ്റുകളെ മൂന്നായി തരം തിരിക്കാറുണ്ട്- Fringing , Barrier, Attols. ഇതിൽ അറ്റോൾസിൽ ഉൾപ്പെട്ടതാണ് ലക്ഷദ്വീപിലെ കോറലുകൾ. കോടാനു കോടി ജീവജാലങ്ങളുടെ കലവറയും ആവാസവ്യവസ്ഥയുമാണ് ഇവിടത്തെ ഇക്കോളജി. വളരെ സെൻസിറ്റീവായ പരിസ്ഥിതി പ്രദേശമാണിത്​.

രണ്ട് ദശാബ്ദക്കാലമായി പലരും ലക്ഷദ്വീപിന്റെ മറൈൻ ബയോഡൈവേസിറ്റിയെ കുറിച്ച്​ പഠനം നടത്തിയിട്ടുണ്ട്​. എല്ലാ പഠന റിപ്പോർട്ടുകളും പറയുന്നത് ലക്ഷദ്വീപിലെ കടലും പവിഴപ്പുറ്റുകളും ദൂരവ്യാപക പ്രത്യാഘാതം നേരിട്ടു കൊണ്ടിരിക്കുന്നു എന്നാണ്. 140 തരം കോറലുകളും 469 തരം മോളസ്ക്കുകളും 138 തരം കടൽ സസ്യങ്ങളും 114 തരം കടൽ പുല്ലുകളും ഒമ്പതു തരം സ്പോഞ്ചുകളും 695 ഓളം മത്സ്യ വിഭാഗങ്ങളും അതിൽ 300 ഓളം അലങ്കാര മത്സ്യങ്ങളും ഈ പ്രദേശത്ത് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്‌. അത്രമാത്രം ജൈവസമ്പന്നമായ ഈ പ്രദേശം ഇന്ന് നിരവധി വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്നു..

ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങൾക്കെതിരെ ലക്ഷദ്വീപ് നിവാസികൾ നടത്തുന്ന നിരാഹാര സമരത്തിൽ നിന്ന്
ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങൾക്കെതിരെ ലക്ഷദ്വീപ് നിവാസികൾ നടത്തുന്ന നിരാഹാര സമരത്തിൽ നിന്ന്

കാലാവസ്ഥാ വ്യതിയാനങ്ങളും അതിന്റെ ഭാഗമായി അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും തിരയിളക്കങ്ങളും ഇവിടത്തെ ആവാസവ്യവസ്ഥയെ താറുമാറാക്കുകയാണ്. ഇതെല്ലാം പവിഴപ്പുറ്റുകളെ വളർച്ചയെ തടയുക മാത്രമല്ല അവയെ കൊല്ലുക കൂടി ചെയ്യുന്നുണ്ട്. പവിഴപ്പുറ്റുകൾ എന്നത് ഒരു സംരക്ഷണ കവചം എന്നതിലപ്പുറം ഒരുപാട് സൂക്ഷ്മ​ ജീവികളുടെ താമസസ്ഥലവും പ്രചനന സ്ഥലവുമാണ്. ഇവിടത്തെ ഒരോ ചെറിയ ജീവജാലങ്ങൾക്കും അവയുടേതായ പാരിസ്​ഥിതിക പ്രാധാന്യമുണ്ട്​.

ഡോൾഫിൻ, ബ്ളൂ വൈയിൽ , കടലാമ, കടൽവെള്ളരി തുടങ്ങിയ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയ കടൽ ജീവികളുടെ അമിത വേട്ടയും ചൂഷണവും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. ഇവിടത്തെ കോറലുകൾ ആഗോളതാപനത്തിന്റെ ഫലമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഐ.പി.സി.സി റിപ്പോർട്ട് അനുസരിച്ച് 9.4 ഡിഗ്രി ഫാരൻഹീറ്റ് ചൂടാണ് വർദ്ധിക്കുന്നത്. ഇത് കടൽ നിരപ്പുയർത്തുകയും കരയുടെ നിലനിൽപ്പിന് ഭീഷണിയുർത്തുകയും ചെയ്യുന്നു. മാത്രമല്ല, ഇവിടത്തെ പരിമിതമായ ഭൂഗർഭ ജലസ്രോതസ്സുകളെ ഉപ്പുമയമാക്കുകയും ചെയ്യുന്നു. ഭാവിയിൽ കഠിനമായ ശുദ്ധജല ദൗർലഭ്യം അനുഭവപ്പെടാൻ ഇത് കാരണമാവും..

അശാസ്ത്രീയ മാലിന്യ സംസ്കരണവും അശാസ്ത്രീയ കടൽഭിത്തി നിർമാണവും ടെട്രാപോഡ് വിന്യാസവും മറ്റ് നിർമിതികളും ദ്വീപിന്റെ ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കും. ലക്ഷദ്വീപ് കടലിലെ അന്തർദേശിയ ചാനലിലൂടെയുള്ള ഭീമൻ കപ്പലുകളിലെ ഓയിൽ മാലിന്യങ്ങളും അവർ കടലിൽ തള്ളുന്ന പ്ളാസ്റ്റിക്ക് മാലിന്യങ്ങളും ലക്ഷദ്വീപിന്റെ സമൃദ്ധമായ കടൽ സമ്പത്തിന്​ വലിയ വെല്ലുവിളിയുർത്തുന്നുണ്ട്.

ഇതിനിടയിലാണ്​, ദ്വീപുസമൂഹങ്ങളെ അന്താരാഷ്ട്ര ടൂറിസം സെൻററുകളാക്കാൻ ശ്രമം. അതിന്റെ ഭാഗമായി പല വൻകിട പദ്ധതികളും നടപ്പിലാക്കാനൊരുങ്ങുമ്പോൾ ഇവിടത്തെ പരിസ്ഥിതിയെ കുറിച്ച്​ചിന്തിക്കുന്നത് നല്ലതായിരിക്കും. വ്യക്തമായ ശാസ്ത്രീയ പഠനം നടത്തിയ ശേഷമല്ലാതെ ഒരു വൻകിട പദ്ധതിയും നടപ്പിലാക്കരുത്.

മറ്റൊരു പ്രധാന കാര്യം, ഇവിടത്തെ മറൈൻ ബയോഡൈവേഴ്സി​റ്റി നേരിടുന്ന വെല്ലുവിളികൾക്ക് പ്രതിവിധി കണ്ടെത്തണം. പരിസ്​ഥിതി സൗഹൃദപരമായ തീരസംരക്ഷണ സാധ്യതങ്ങൾ കൊണ്ടുവരണം. സബ് മറൈൻ ബ്രേക്ക് വാട്ടറുകൾ, ക്രത്രിമ പാറകൾ എന്നിവ ആസൂത്രണം ചെയ്യണം. മലിനജല ശുദ്ധീകരണശാലകൾ , സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്ളാൻറുകൾ, സോളാർ പവർ യൂണിറ്റുകൾ, കടൽശുദ്ധീകരണ ശാലകൾ എന്നിവ എല്ലാ ദ്വീപിലും വരണം. പ്രത്യേകമായ കോറൽ മോണിറ്റിങ്ങ് പ്രോഗ്രാം കൊണ്ടു വരണം . അലങ്കാര മത്സ്യവേട്ട തടയണം. കോറൽസ് റിസ്റ്റോറേഷൻ നടപടി തുടങ്ങണം. മണൽഖനനവും മെറ്റൽ ഖനനവും പാടെ ഒഴിവാക്കണം. എങ്കിലേ, ലക്ഷദ്വീപിനെ താങ്ങി നിർത്തുന്ന പവിഴപ്പുറ്റുകളും അതിനെ ചുറ്റി പറ്റി ജീവിക്കുന്ന ജീവികളും അവയെ ആശ്രയിക്കുന്ന മത്സ്യങ്ങളും നിലനിൽക്കൂ.


Summary: ലക്ഷദ്വീപിലെ പുതിയ നിയന്ത്രണങ്ങൾ ദ്വീപ്​ ജീവിത​ത്തെ കലുഷിതമാക്കിക്കൊണ്ടിരിക്കുകയാണ്​. മനുഷ്യജീവിത​ത്തോടൊപ്പം, ദ്വീപിന്റെ പരിസ്​ഥിതിയെക്കുറിച്ചുകൂടി ആശങ്കപ്പെടേണ്ട സാഹചര്യമാണുള്ളതെന്ന്​ ലക്ഷദ്വീപ്​ എൻവയോൺമെൻറർ അഡ്വക്കസി ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ്​ ഖാസിം എം.പി.


Comments