നിമിഷപ്രിയയുടെ
വധശിക്ഷ നീട്ടിവെച്ചു,
ചര്‍ച്ച തുടരും

ദിയാധനം സ്വീകരിക്കാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം സമ്മതിക്കുകയാണെങ്കില്‍, അത് സമഹാരിച്ചുനല്‍കാനുള്ള സമയം കോടതി അനുവദിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കിൽ നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങിയേക്കും.

നിമിഷപ്രിയയുടെ നാളെ നടപ്പാക്കാനിരുന്ന വധശിക്ഷ നീട്ടിവെച്ചു. ഇക്കാര്യം കേന്ദ്ര സര്‍ക്കാറും 'സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സി'ലും സ്ഥിരീകരിച്ചു.

യെമന്‍ ഭരണകൂട പ്രതിനിധികളുമായും​ കൊല്ല​പ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായും ഔദ്യോഗികമായും അനൗദ്യോഗികമായും നടക്കുന്ന കൂടിയാലോചനകളെതുടര്‍ന്നാണ് വധശിക്ഷ നീട്ടിവെച്ചത്. കേന്ദ്ര സര്‍ക്കാറും സൗദിയിലെ ഇന്ത്യന്‍ എംബസിയും ആക്ഷന്‍ കൗണ്‍സിലും ദിവസങ്ങളായി യെമന്‍ അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുകയായിരുന്നു. ജയില്‍ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ടിരുന്നു. വധശിക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ തേടി ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കേ, ചില സ്വാധീനശക്തിയുള്ള വ്യക്തികളുമായി ഇടപെട്ടും പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കത്തെഴുതിയും വധശിക്ഷ താല്‍ക്കാലികമായി നീട്ടിവെക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി വ്യക്തമാക്കിയിരുന്നു.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെതുടര്‍ന്ന്, ദിയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യവുമായി സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമ്മറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ യെമന്‍ ഭരണകൂട പ്രതിനിധികള്‍, സുപ്രീംകോടതി ജഡ്ജി, കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്‍ എന്നിവര്‍ പങ്കെടുത്തു. ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ തലാലിന്റെ അടുത്ത ബന്ധുക്കളുമായും തലാലിന്റെ നാടായ ദമാറിൽ ചർച്ച നടന്നു. കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം യെമൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാനുള്ള സാവകാശമാണ് തേടിയത്. ഗോത്രതലവന്മാര്‍ മുഖേനയാണ് തലാലിന്റെ കുടുംബവുമായി കൂടിക്കാഴ്ച സാധ്യമായത്. ഇതിന് ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടല്‍ നിര്‍ണായകമായി. ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി അബ്ദുറഹ്മാൻ അലി മശ്ഹൂറിന്റെ നേതൃത്വത്തിൽ പശ്ചിമ യമനിലെ 'ദമറി'ൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഭരണകൂട പ്രതിനിധികൾ, ക്രിമിനൽ കോടതി സുപ്രീം ജഡ്ജി, തലാലിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ദിയാധനം കൈപറ്റി നിമിഷപ്രിയയ്ക്ക് മാപ്പ് കൊടുക്കണമെന്ന അഭ്യർത്ഥനയാണ് ഈ യോഗം തലാലിന്റെ കുടുംബത്തിനുമുമ്പാകെ വച്ചത്. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് യെമന്‍ ഭരണകൂടത്തോടും കാന്തപുരം അഭ്യര്‍ത്ഥിച്ചിരുന്നു.

കുടുംബത്തോടൊപ്പം ഗോത്രങ്ങള്‍ക്കിടയിലും തലാലിന്റെ കൊലപാതകം അതിവൈകാരികമായ പ്രതികരണങ്ങളുണ്ടാക്കിയിരുന്നു. അതുകൊണ്ടാണ് ദിയാധനത്തിനുള്ള നിര്‍ദേശങ്ങളടക്കം അവര്‍ സ്വീകരിക്കാതിരുന്നത്. കുടുംബവുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കാതിരുന്നതും സ്ഥിതി സങ്കീര്‍ണമാക്കി. വിവിധ തലങ്ങളില്‍ കൂടിയാലോചന നടന്നതോടെയാണ് വധശിക്ഷ നീട്ടിവെക്കുക എന്ന ഏറെ പ്രതീക്ഷാജനകമായ വഴി തെളിഞ്ഞത്.

ദിയാധനം സ്വീകരിക്കാന്‍ തലാലിന്റെ കുടുംബം സമ്മതിക്കുകയാണെങ്കില്‍, അത് സമഹാരിച്ചുനല്‍കാനുള്ള സമയം അനുവദിക്കുമെന്നാണ് പ്രതീക്ഷ. നിമിഷപ്രിയയുടെ മോചനത്തിന് സഹായം നല്‍കാന്‍ തയ്യാറാണെന്ന് സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കുടുംബവും നിയമസഹായ സമിതിയും അറിയിച്ചിരുന്നു.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള പശ്ചിമ യെമന്‍ പ്രവിശ്യയുടെ തലസ്ഥാനമായ സനയിലെ ജയിലിലാണിപ്പോള്‍ നിമിഷപ്രിയ.

Comments