വിചാരണക്കിടയിൽ തളർന്നുവീണും ഭക്ഷണം കഴിക്കാനാകാതെയും കേരളത്തിലുമുണ്ട് ഒരു യു.എ.പി.എ തടവുകാരൻ

യു.എ.പി.എ ചുമത്തപ്പെട്ട്, ജാമ്യം നിഷേധിക്കപ്പെട്ട് ആറുവർഷമായി വിയ്യൂർ സെൻട്രൽ ജയിലിൽ കിടക്കുന്ന 64 കാരനായ എൻ.കെ. ഇബ്രാഹിം നരകയാതനയിലാണ്

Truecopy Webzine

മോശം ആരോഗ്യത്തെ തുടർന്ന് ഇബ്രാഹിം വിചാരണയ്ക്കിടയിൽ തളർന്നു വീണു. അദ്ദേഹത്തിന് രണ്ടു തവണ ഹൃദയാഘാതമുണ്ടായി. പല്ലുകളെല്ലാം എടുത്തുകളഞ്ഞു, ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുകയാണ്- യു.എ.പി.എ ചുമത്തപ്പെട്ട്, ജാമ്യം നിഷേധിക്കപ്പെട്ട് ആറുവർഷമായി വിയ്യൂർ സെൻട്രൽ ജയിലിൽ കിടക്കുന്ന 64 കാരനായ ഒരു തടവുകാരന്റെ അനുഭവമാണിത്. വയനാട് സ്വദേശിയായ എൻ.കെ. ഇബ്രാഹിം നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ കെ. ജമീലയും നാട്ടുകാരും മനുഷ്യാവകാശ പ്രവർത്തകരും സംസാരിക്കുന്നു, ട്രൂ കോപ്പി വെബ്‌സിനിനോട്.

നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) യുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മേപ്പാടിയിലെ നെടുങ്കരണ സ്വദേശി എൻ.കെ. ഇബ്രാഹിമിനെ, 2014 ഏപ്രിലിൽ റജിസ്റ്റർ ചെയ്ത കേസ് പ്രകാരം വെള്ളമുണ്ട പൊലീസ് അറസ്റ്റു ചെയ്തത്. ഇബ്രാഹിമിന്റെ ആദ്യ വിചാരണ നടന്നത് ഏഴു വർഷങ്ങൾക്കപ്പുറം 2021 ജൂൺ 22ന്.

ലോക്നാഥ് ബെഹ്റ, കോടിയേരി ബാലകൃഷ്ണൻ

ഇതിനിടെ രണ്ടു വട്ടം മാത്രമാണ് 64 കാരനായ ഇബ്രാഹിമിന് വീട്ടിൽ വരാൻ സാധിച്ചതെന്ന് ഭാര്യ കെ. ജമീല പറയുന്നു: ‘‘എല്ലാ ഞായറാഴ്ചയും വിളിക്കും. അഞ്ചോ പത്തോ മിനുട്ട് സംസാരിക്കും. കൂടുതലും വീട്ടിലെ കാര്യങ്ങളാണ് സംസാരിക്കാറ്. അറസ്റ്റിലായശേഷം പേരക്കുട്ടികളെ കാണാൻ രണ്ടു വട്ടം വീട്ടിലേക്കു വന്നിരുന്നു. അവസാനമായി വന്നത് കഴിഞ്ഞ ജനുവരിയിലാണ്. അന്ന് രണ്ടു മണിക്കൂർ കഴിഞ്ഞ് തിരികെ കൊണ്ടു പോയി''

‘‘തോട്ടം മേഖലയിലെ പാടികളിലുള്ള പലർക്കും ലോണെടുക്കാനും മറ്റും സ്വന്തമായി പ്രോപ്പർട്ടികളില്ല. തന്റെ പക്കലുണ്ടായിരുന്ന കുറച്ചു ഭൂമി ഇബ്രാഹിം ഹാരിസൺ മലയാളത്തിന്റെ പാടികളിൽ താമസിക്കുന്ന പലർക്കായി ലോണിന് ഈടു നൽകാനായി എഴുതി കൊടുത്തിരുന്നു. ലോണുകളെല്ലാം തിരിച്ചടച്ചു. സ്ഥലം തിരികെ രജിസ്റ്റർ ചെയ്യണമെങ്കിൽ അദ്ദേഹം ജയിലിലുമാണ്''; അദ്ദേഹത്തിന്റെ സുഹൃത്തും, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയുമായ സി.പി. റഷീദ് പറയുന്നു.

‘‘ഇബ്രാഹിമിനെ അറസ്റ്റു ചെയ്ത വിവരം അറിഞ്ഞപ്പോൾ ഞങ്ങൾക്ക് അത്ഭുതമായിരുന്നു. എത്ര കാലമാണ് ഒരാളെ ഇതുപോലെ ജയിലിൽ പിടിച്ചിടുക. അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നതിന് നാട്ടുകാരുടെ ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്ക് ഭീമ ഹരജി നൽകുന്നതിനെ കുറിച്ച് ഞങ്ങൾ ആലോചിക്കുകയാണ്.''- നാട്ടുകാരനും സുഹൃത്തുമായ രവി പറയുന്നു.

2014 ൽ മാവോയിസ്റ്റ് സംഘം പൊലീസുകാരനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിലെ കുറ്റാരോപിതനാണ് ഇബ്രാഹിം.
ഇബ്രാഹിമിന് ഇടക്കാല ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജയിൽ ഡി.ജിക്കും ഇബ്രാഹിമിന്റെ ഭാര്യ ജമീല കത്ത് നൽകിയിരുന്നു. മെയ് ഒന്നിന് ജയിൽ ഡി.ജിക്ക് നൽകിയ കത്തിൽ ചികിത്സാർത്ഥം ഇബ്രാഹിം ദിവസം തോറും 22 ഗുളികകൾ വീതം കഴിക്കുന്നുണ്ടെന്നും, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇപ്പോൾ എല്ലാ പല്ലുകളും എടുത്തു കളഞ്ഞെന്നും. പകരം വെപ്പു പല്ലുകൾ വെയ്ക്കാൻ താമസം നേരിടുന്നതിനാൽ ശരിയായി ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അറിയിച്ചിരുന്നു. എന്നാൽ തനിക്ക് വിഷയവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളൊന്നും ഇതുവരെ ലഭിച്ചില്ലെന്ന് ജമീല പറയുന്നു.

പല്ലുകളെല്ലാം എടുത്തുകളഞ്ഞു,
ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുകയാണ് ഇബ്രാഹിം
മുഹമ്മദ് ഫാസിൽ എഴുതുന്നു

ട്രൂ ​കോപ്പി വെബ്​സീൻ പാക്കറ്റ്​ 33ൽ വായിക്കാം, കേൾക്കാം

Comments