ടിക്കറ്റില്ല, ലക്ഷദ്വീപ്​ എങ്ങനെ രണ്ടു കപ്പലിൽ സഞ്ചരിക്കും?

ക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പലുകൾ വെട്ടിക്കുറച്ചതോടെ ചികിത്സ, പഠനം, കച്ചവടം തുടങ്ങിയ ആവശ്യങ്ങൾക്കായി കേരളത്തിലെത്തിയ ആയിരത്തോളം പേർ തിരിച്ചുപോകാനാവാതെ ഇപ്പോഴും വലയുകയാണ്. കൊച്ചിയിൽ നിന്നും ബേപ്പൂരിൽ നിന്നുമായി 7 കപ്പലുകളാണ് ലക്ഷദ്വീപിലേക്ക് സർവീസ് നടത്തിയിരുന്നത്. ഇതു രണ്ടായി ചുരുക്കിയതോടെയാണ് ദ്വീപുകളിലേക്കുള്ള യാത്ര പ്രതിസന്ധിയിലായത്. ആറ് മാസത്തോളമായി തുടരുന്ന ഈ യാത്രപ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായില്ല. ബെക്കപകടത്തിൽ പരിക്കേറ്റ ചെത്ലത്ത് ദ്വീപിലെ 28കാരൻ ചികിത്സ കിട്ടാതെ മരണപ്പെട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. ജൂൺ എട്ടാം തിയതി രാത്രി അപകടത്തിൽ പെട്ട രണ്ട് യുവാക്കളെ പിറ്റേ ദിവസം രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഒരാൾ മരണപ്പെട്ടിരുന്നു. ലക്ഷദ്വീപിലേക്ക് വികസനം വരാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ച് പ്രഫുൽ കെ. പട്ടേൽ കൊണ്ടു വന്ന പരിഷ്‌ക്കാരങ്ങളെല്ലാം പൊള്ളയായിരുന്നെന്നും ചികിത്സ കിട്ടാതെ മരിക്കുന്നവരായി ദ്വീപ് ജനതമാറിയെന്നതതാണ് ഇപ്പോഴത്തെ അനുഭവമെന്നും സാധരണക്കാരായ ദ്വീപ് നിവാസികൾ പറയുന്നു.

ജനവാസമുള്ള 10 ദ്വീപുകളിലെ താമസക്കാർ, ജോലിയടക്കമുള്ള മറ്റ് ആവശ്യങ്ങൾക്കായി ദ്വീപിലേക്കു പോകുന്നവർ, എന്നിങ്ങനെ എല്ലാവർക്കുമായി 2 കപ്പലുകൾ മാത്രമാണിപ്പോൾ സർവീസ് നടത്തുന്നത്. നേരത്തെ ഉണ്ടായിരുന്ന കപ്പലുകൾ കൂടി യാത്രാ യോഗ്യമാക്കിയാൽ തീരാവുന്ന പ്രശ്‌നം ആയിരുന്നിട്ടു പോലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. കേരളത്തിലേക്ക് ചികിത്സയ്ക്ക് വരാൻ കാത്തിരിക്കുന്ന നിരവധി പേർ ദ്വീപുകളിലുണ്ടെന്നും അവരുടെയെല്ലാം സഞ്ചാര സ്വാതന്ത്ര്യം ഭരണകൂടം തടഞ്ഞിവെച്ചിരിക്കുകയാണെന്നും ദ്വീപ് നിവാസികൾ പറയുന്നു.

മൺസൂണിനോട് അനുബന്ധിച്ചു ബേപ്പൂരിൽ ഹൈ സ്പീഡ് വെസൽ സർവീസ് നിർത്തിവച്ചിരിക്കുകയാണെങ്കിലും കൊച്ചിയിൽ നിന്നുള്ള സർവീസിന് ഇവിടെ ടിക്കറ്റ് വിതരണമുണ്ട്. ഇപ്പോൾ സർവീസ് നടത്തുന്ന എം.വി. കോറൽസ്, എം.വി. അറേബ്യൻസ് സീ എന്നീ 2 കപ്പലുകളിലായി 650 സീറ്റുകളാണ് ആകെയുള്ളത്. എന്നാൽ കൊച്ചിയിലും കോഴിക്കോട്ടുമായി ദ്വീപിലേക്കു പോകാനുള്ള യാത്രക്കാരുടെ എണ്ണം ഇതിന്റെ നാലിരട്ടി വരും.

ദ്വീപുകളിൽ തൊഴിലെടുക്കുന്ന, കരയിൽ നിന്നുള്ള തൊഴിലാളികൾക്കും ഇപ്പോൾ ദ്വീപിൽ എത്താൻ പറ്റുന്നില്ല. പുതിയ അഡമിനിസ്ട്രേററ്റർ വന്നതിന് ശേഷം സമാനതകളില്ലാത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്ന് 20 വർഷത്തോളമായി ദ്വീപിൽ കൂലിപ്പണിയെടുക്കുന്ന മുക്കം സ്വദേശി അബ്ദുറഷീദ് പറയുന്നു.

രാജ്യമാസകലം ആധുനിക യാത്രാ സൗകര്യങ്ങൾ വികസിച്ചുവരുമ്പോഴും അതിന്റെ വിപരീതാവസ്ഥയിലാണ് ദ്വീപുകൾ നിലകൊണ്ടിരുന്നത്. പരിമിതമായ ആ യാത്രസൗകര്യങ്ങൾ കൂടിയാണ് ഇപ്പോൾ ഭരണകൂടത്തിന്റെ അനാസ്ഥ മൂലം ഇല്ലാതായിരിക്കുന്നത്.

Comments