പാലക്കാട് ഷോളയൂർ ഗ്രാമപഞ്ചായത്തിലെ വെച്ചപ്പതി ഊര് നിവാസികൾ (Vechapathi) തങ്ങളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച തമിഴ് ജന്മിമാരുമായി വർഷങ്ങളായി നിയമപോരാട്ടം (Adivasi Land Struggle) നടത്തുകയാണ്. പണവും അധികാരവും ഉപയോഗിച്ച് തമിഴ് ജന്മികൾ ഭൂമിയുടെ അവകാശികളായ ഈ മനുഷ്യരെ പുറത്താക്കാൻ ശ്രമിക്കുകയാണ്. വില്ലേജ് ഓഫീസ് അധികൃതരുടെ സഹായത്തോടെ വ്യാജരേഖകൾ നിർമിച്ചെടുത്താണ് തമിഴ് വംശജർ തങ്ങളുടെ ഭൂമിയിൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്നാണ് ഊര് നിവാസികൾ ആരോപിക്കുന്നത്. അധികാരം സ്ഥാപിക്കാൻ വീടുകൾ പൊളിക്കുമെന്നടക്കമുള്ള ഭീഷണികൾ പ്രദേശവാസികൾക്കുമേലുണ്ട്.
കേസുമായി മുന്നോട്ട് പോകാനുള്ള സാമ്പത്തികം ഇവർക്കില്ല. കേസ് വിളിക്കുമ്പോൾ എതിർ കക്ഷികളായ തമിഴ് ജന്മികൾ കോടതിയിൽ ഹാജരാകാറില്ലെന്നും അത് തങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടിയാണെന്നുമാണ് പ്രദേശവാസിയായ നഞ്ചി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്.
“ഞങ്ങളുടെ പേരിലെല്ലാം അവർ കേസ് കൊടുത്തിട്ടുണ്ട്. കേസ് കോടതിയിൽ വിളിക്കുന്ന എല്ലാ ദിവസവും ഞങ്ങൾക്ക് അങ്ങോട്ട് പോകാൻ കഴിയാറില്ല. കേസ് ഒരു ദിവസം കോടതിയിൽ വിളിച്ചപ്പോൾ ഞങ്ങൾ പോയിരുന്നു. എന്നാൽ അവർ വന്നില്ല. കേസ് കൊടുത്തവരൊക്കെ പൈസയുള്ളവരല്ലേ, നമ്മുടെ കയ്യിൽ പൈസയില്ലല്ലോ. തിരുവനന്തപുരമൊക്കെ എത്ര ദൂരെയുള്ള സ്ഥലമാണ്. അട്ടപ്പാടിയിൽ നിന്നും ഒരു വണ്ടിപിടിച്ച് അവിടംവരെ പോകാൻ എത്ര പൈസ കൊടുക്കണമെന്നറിയുവോ? അവരൊക്കെ കേസുകൊടുത്തിട്ട് വീട്ടിലിരിക്കും. കേസ് വിളിക്കുമ്പോൾ അവരിങ്ങനെ വരാതിരുന്നാൽ വീണ്ടും വീണ്ടുമിത് നീട്ടിവെക്കുമല്ലോ? ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് വേണ്ടിയാണ് അവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്. അതുപോലെ കേസ് കൊടുക്കുന്ന ആളുകൾ വേറെയാണ് കോടതിയിൽ വരുന്ന ആളുകളും വേറെയാണ്. ഞങ്ങളുടെ കേസുമായി ബന്ധപ്പെട്ട സത്യാനന്ദൻ എന്നയാളുടെ രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അവരുടെ സ്ഥലവും സർവ്വേ നമ്പറും വേറെ വേറെയാണ്. ഇവരുടെ രേഖകളിലുള്ള സർവ്വേ നമ്പറിലെ സ്ഥലം എവിടെ? ആരുടെയാണ് ഒറിജിനൽ രേഖയെന്ന് ഞങ്ങൾക്ക് അറിയണം. ഈ വിഷയം അവതരിപ്പിക്കാൻ ഞങ്ങൾ മന്ത്രിയെ കാണാൻ തീരുമാനിച്ചിരിക്കുകയാണ്,” നഞ്ചി പറഞ്ഞു.
പാരമ്പര്യമായി തങ്ങൾക്ക് സ്വന്തമായിരുന്ന മണ്ണാണിതെന്നും ആർക്കും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും മണ്ണിന്റെ അവകാശം സ്വന്തമാക്കാനാണ് തങ്ങൾ കോടതിയെ സമീപിച്ചതെന്നും വെച്ചപ്പതി നിവാസിയായ ശിവാൾ പറഞ്ഞു.
“ഞങ്ങളുടെ മുൻതലമുറയാണ് കാടായി കിടന്നിരുന്ന ഈ പ്രദേശത്തെ ഇത്തരത്തിലാക്കി തീർത്തത്. ഇപ്പോൾ ഇത് ഞങ്ങളുടെ ഭൂമിയല്ലെന്നും അവരുടെ ഭൂമിയാണെന്നും പറഞ്ഞ് തമിഴ്നാട്ടിൽ നിന്നും വന്നവർ പ്രശ്നമുണ്ടാക്കികൊണ്ടിരിക്കുകയാണ്. ഇത് ഞങ്ങളുടെ മുതുമുത്തച്ഛന്മാർ ഉണ്ടാക്കിയെടുത്ത സ്ഥലമാണ്. ഇത് ഞങ്ങളുടെ സ്ഥലമാണ്, ആർക്കും വിട്ടുകൊടുക്കാൻ പറ്റില്ല. അതുകൊണ്ടാണ് ഈ സ്ഥലത്തിനുവേണ്ടി ഞങ്ങൾ കോടതിയിൽ കേസ് നടത്തുന്നത്,” അവർ പറഞ്ഞു.
പ്രദേശത്തെ ആദിവാസി ജനത സർക്കാറിന്റെ മുന്നിലേക്ക് വെക്കുന്ന പ്രധാന ആവശ്യം, തങ്ങളുടെ ഭൂമി അളന്നുകിട്ടണം എന്നതാണ്. എന്നാൽ അവരുടെ ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. ഈ ആവശ്യം മുൻനിർത്തി സർക്കാറിന്റെ മുന്നിൽ നിരവധി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും നടപ്പിലാക്കി തരാമെന്ന മറുപടി മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും പ്രദേശവാസിയായ രശ്മി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“പെട്ടന്നൊരു ദിവസം വന്ന് വീടും മണ്ണും ഉപേക്ഷിച്ച് പോകാൻ പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യാനാണ്? കോടതി അനുവദിച്ചാൽ ഈ മണ്ണ് നിങ്ങൾ സ്വന്തമാക്കിക്കോളൂ എന്ന് ഞങ്ങൾ അവരോട് പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ മുതുമുത്തച്ഛന്മാർ ഉണ്ടാക്കിയെടുത്ത ഈ സ്ഥലം ഞങ്ങളുടേതല്ലേ? ഈ കാട് അളന്ന് തരണണമെന്ന് പറഞ്ഞ് സർക്കാറിന്റെയടുത്ത് നിരവധി അപേക്ഷകൾ നൽകിയിട്ടുണ്ട്. തരാം തരാം എന്ന മറുപടി മാത്രമാണുള്ളത്. ഞങ്ങളുടെ ഭൂമിയുടെ രേഖകൾ ഞങ്ങളുടെ കൈവശമുണ്ട്,” രശ്മി പറഞ്ഞു.
വെച്ചപ്പതി ഊരിൽ മാത്രമല്ല ഈ പ്രശ്നമുള്ളത്. അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ പലയിടത്തും സമാനമായ വിഷയം അഭിമുഖീകരിക്കുന്ന നിരവധി പ്രദേശവാസികളുണ്ട്. 2000-ത്തിന് ശേഷമാണ് വ്യാജരേഖകളുണ്ടാക്കി അട്ടപ്പാടിയിൽ ഭൂമി കൈയേറ്റം വ്യാപകമായത്. ആദിവാസികൾ തുടർച്ചയായി പരാതികൾ നൽകുന്നുണ്ടെങ്കിലും അന്വേഷണം നടക്കാറില്ല. സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും തങ്ങളുടെ മണ്ണിന്റെ അവകാശം നേടിയെടുക്കാൻ ഈ ആദിവാസി ജനതയ്ക്ക് സാധിക്കുന്നില്ലെന്നതാണ് വസ്തുത.