ഗാസ കൂട്ടക്കുരുതി:
ഇതുവരെ മരിച്ചവർ: 65,000 - 3,35,500+.
ഇതുവരെ പരിക്കേറ്റവർ: ഏതാണ്ട് 1,65,600 പേർ.
സംഘാടകർ: ഇസ്രായേൽ
ഭൂമിശാസ്ത്രപരമായി, ഹിംസാത്മകമായിത്തന്നെ തടയപ്പെടുകയും രക്തസ്നാതമായ ഒരോർമ്മയിൽ തിടം വെയ്ക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് കഴിഞ്ഞ മാസങ്ങളിൽ ‘പലസ്‌തീൻ’ ലോകത്തിനു നൽകിയത്. അല്ലെങ്കിൽ, ഹമാസ് -ഇസ്രായേൽ സംഘർഷത്തിന്റെ ബാക്കിചിത്രം അതാണ്.
എന്തുകൊണ്ടാണ് ഇസ്രായേൽ അമേരിക്കൻ ഭരണകൂട ഒത്താശയോടെ ഗാസയിലും വെസ്റ്റ് ബാങ്കിലും നടത്തുന്ന ഈ കൂട്ടക്കൊലയിൽ ലോക ജനത സങ്കടകരമായ അസ്വസ്ഥത പ്രകടിപ്പിക്കുകയും, എന്നാൽ അവിടങ്ങളിലെ ഭരണകൂടങ്ങൾ പലതും, ഇന്ത്യയിലടക്കം, മൗന സാക്ഷികളാവുന്നതും എന്നാലോചിക്കുമ്പോൾ ഇന്ന് ലോക ജനത മുഴുവനായും അകപ്പെട്ട ഒരു പ്രതിസന്ധിയാവും ആദ്യം തെളിയുക: ലോകത്തെ പല ഭരണകർത്താക്കളും അവരുടെ ഭരണകൂടങ്ങളും ഇന്ന് തങ്ങളുടെ പ്രധാന ശത്രുവായി കാണുന്നത് പൗരബോധ സംഘാടനത്തിനു പ്രാപ്‌തമായ ജനാധിപത്യത്തെത്തന്നെയാണ്.
സ്വയം ജനാധിപത്യവൽക്കരിക്കപ്പെടാൻ വിസമ്മതിക്കുന്ന ഒരു ഇസ്രായേൽ ഈ മേഖലയെ അതിന്റെ തന്നെ ‘കണ്ണാടി രാഷ്ട്രീയ’ത്തിൽ നിലനിർത്താൻ ശ്രദ്ധിക്കുകയായിരുന്നു ഇതുവരെ. ഇനിയും അത് തുടരും.
എന്നാൽ, ഒരേസമയം, ദേശീയമായും അന്തർദ്ദേശീയമായും ഒരിക്കൽ പുനഃസംഘടിപ്പിക്കപ്പെട്ട ജനാധിപത്യ ഇച്ഛയെ ഇന്ന് ഈ ഭരണകൂടങ്ങൾ പിളർത്തിയിരിക്കുന്നു. ട്രംപ് ഐക്യരാഷ്ട്രസഭയെ എങ്ങനെ അവമതിക്കുന്നു എന്നത് അതിനൊരുദാഹരണമാണ്. അകത്തും പുറത്തുമുള്ള ജനാധിപത്യ സ്ഥാപനങ്ങളെ ഈ ഭരണകർത്താക്കൾ തകർക്കുകയോ നിർവീര്യമാക്കുകയോ ചെയ്യുന്നു.
കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലം ഏക പക്ഷീയമായ സായുധവൽക്കരണത്തിന് നിസ്സഹായമായി വിധേയമാവുക മാത്രം ചെയ്ത 'പലസ്‌തീൻ എന്ന രാഷ്ട്രസങ്കൽപ്പം', ഹമാസിന്റെ ആക്രമണോത്സുകമായ ആധിപത്യത്തിന് വലിയ വില നൽകുകയായിരുന്നു എന്ന് മനസിലാക്കുകയാണ് വേണ്ടത്. തീർച്ചയായും, ഇസ്രായേലിന്റെ ക്രൂരമായ രാഷ്ട്രീയസാന്നിധ്യവും ഹിംസയും അതിന് അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങൾ നൽകുന്ന സായുധപിന്തുണയും ഇത്തരമൊരു അവസ്ഥയുടെ പ്രധാന കാരണം തന്നെയാണ്. അപ്പോൾ പോലും, ഹമാസ് വരെ എത്തിനിൽക്കുന്ന സായുധ സംഘങ്ങൾ, അയൽ രാജ്യങ്ങളിലെ ഓട്ടോക്രാറ്റിക് ഭരണകൂടങ്ങൾ, ഈ മേഖലയിലെ ജനാധിപത്യ മുന്നേറ്റങ്ങളെ തടയാനും തകർക്കാനും കാലങ്ങളായി ശ്രദ്ധിച്ചിരുന്നു എന്നും

കാണാതിരുന്നൂടാ. അഥവാ, ഫലത്തിൽ, മധ്യ പൂർവ്വേഷ്യൻ രാജ്യങ്ങൾക്കിടയിൽ സാംസ്കാരികമായും ചരിത്രപരമായും വലിയ പാരമ്പര്യമുണ്ടായിരുന്ന ഒരു ജനവിഭാഗം ഇന്ന് ചരിത്രത്തിന്റെ ചിതറിയ ഓർമ്മയാവുകയായിരുന്നു. ഇത് മനുഷ്യവംശത്തെ ലജ്ജിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയസന്ധി തന്നെയാണ്.
നെതന്യാഹുവിന്റെ, ആ ഭരണത്തിന്റെ, അന്ത്യം നാളെ എന്തു തന്നെയായാലും, ഈ മേഖലയിലെ രാഷ്ട്രീയപരിഹാരം, വിദൂരമാവുകയാണ്. പലസ്‌തീൻ എന്ന രാഷ്ട്രത്തെ ഇന്ന് ബ്രിട്ടൻ അടക്കമുള്ള ലോകരാഷ്ട്രങ്ങൾ പലതും അംഗീകരിക്കാൻ തുടങ്ങുന്നു എന്നത്, തീർച്ചയായും, ചെറിയ കാര്യമല്ല. എന്നാൽ, സ്വയം ജനാധിപത്യവൽക്കരിക്കപ്പെടാൻ വിസമ്മതിക്കുന്ന ഒരു ഇസ്രായേൽ ഈ മേഖലയെ അതിന്റെ തന്നെ ‘കണ്ണാടി രാഷ്ട്രീയ’ത്തിൽ നിലനിർത്താൻ ശ്രദ്ധിക്കുകയായിരുന്നു ഇതുവരെ. ഇനിയും അത് തുടരും. എങ്കിൽ, അതാണ് പ്രശ്നത്തിന്റെ കാതൽ എന്ന് ഇന്ന് പലസ്തീനെ അംഗീകരിക്കാൻ തയ്യാറായ ഇതേ രാഷ്ട്രങ്ങൾ മനസിലാക്കണം. അല്ലെങ്കിൽ, അത്തരം ചർച്ചകളിലേക്ക് ലോക വേദികൾ വരണം.
ഇപ്പോൾ അങ്ങനെയൊന്ന് ആഗ്രഹിക്കുവാനും അങ്ങനെയൊന്നിനുവേണ്ടി പ്രാർത്ഥിക്കാനും ബാക്കിയാവുകയാണ് മനുഷ്യരാശി: കാലത്തിന്റെ രക്തസാക്ഷിത്വത്തിന്റെ ശബ്ദവും, ഈ അവസരത്തിൽ, മറ്റ് എന്താവാനാണ്?
