പ്രതിഷേധങ്ങളും ചെറുത്തുനിൽപ്പുകളുമാണ് ഏതൊരു സമൂഹത്തിന്റെയും നീതിയുടെ വ്യവഹാരമാർഗങ്ങളെ വെട്ടിത്തുറക്കുന്നത്. ഭരണകൂടവും ഭരണവർഗവും സൃഷ്ടിക്കുന്ന അധീശ പൊതുബോധവും അതിനു വിരുദ്ധമായ രാഷ്ട്രീയ- സാമൂഹ്യബോധവുമായുള്ള ഏറ്റുമുട്ടൽ നിരന്തരം നടക്കുമ്പോൾ മാത്രമാണ് ഭരണകൂടത്തിന് പൗരസമൂഹത്തിന്റെ രാഷ്ട്രീയബോധം കൊണ്ട് ചെറുത്തുനിൽക്കാൻ കഴിയുക. അത്തരം സംഘർഷങ്ങൾ സൃഷ്ടിക്കുന്ന സമ്മർദ്ദം ഭരണകൂടത്തെ നിരന്തരം ഉലച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭരണകൂടത്തിന്റെ ഹിംസാത്മകത ഉള്ളിൽ നിന്ന് ഇടറിത്തുടങ്ങുന്നത്. ഈ സംഘർഷം മൂർച്ഛിക്കുകയും ഭരണകൂടവും മഹാഭൂരിപക്ഷം വരുന്ന ജനസമൂഹവും തമ്മിലുള്ള രാഷ്ട്രീയ വൈരുധ്യം രൂക്ഷമാവുകയും ചെയ്യും.
പുറമേയ്ക്ക് സകല ഹിംസാത്മകതയും നിലനിർത്തുകയും സംഘർഷം രൂക്ഷമാകുന്തോറും അടിച്ചമർത്തൽ തീവ്രമാക്കുകയും ചെയ്യും ഭരണകൂടമെങ്കിലും അത് ഉള്ളിൽ നിന്ന് വളരെ വേഗം താങ്ങുകളില്ലാതെ പൂതലിച്ചുകൊണ്ടിരിക്കും. അനുദിനം ആക്രമണോത്സുകമാകുന്ന ഭരണകൂടം ആചന്ദ്രതാരം നിലനിൽക്കുമെന്ന് തോന്നിപ്പിക്കുമെങ്കിലും ഉള്ളിൽനിന്ന് ദ്രവിച്ച അതിന്റെ ശരീരം നിലനിൽക്കാനാകാതെ മറിഞ്ഞുവീഴുകതന്നെ ചെയ്യും. ഈയൊരു രാഷ്ട്രീയ പ്രക്രിയയുടെ നൈരന്തര്യം കൂടിയാണ് നാഗരികതയുടെ ചരിത്രം.
രാജ്യത്തെ കർഷകസമരത്തിനൊപ്പം നിന്ന് പ്രതിഷേധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്യുകയും അതിനുള്ള ചില രീതികൾ നിർദ്ദേശിക്കുകയും ടൂൾ കിറ്റ് ഉണ്ടാക്കാനും പ്രചരിപ്പിക്കാനും തുടർന്ന് അക്രമം നടത്താനും ഗൂഢാലോചന നടത്തിയെന്നും രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും ആരോപിച്ച് ഡൽഹി പൊലീസ് തടവിലാക്കിയ ദിശ രവി എന്ന സാമൂഹ്യപ്രവർത്തകയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഡൽഹി കോടതി വിധി മേൽപ്പറഞ്ഞ രാഷ്ട്രീയ വൈരുധ്യങ്ങളുടെ സംഘർഷത്തിന്റെ ഫലമാണ്.
രാജ്യദ്രോഹം എന്ന ആശയം ഒരു ആഭ്യന്തര കുറ്റകൃത്യമായി പരിഗണിക്കുകയും അതിനെ പൗരന്മാരെ ശിക്ഷിക്കാവുന്ന ഒരു മൂർത്ത നിയമ പ്രക്രിയയായി മാറ്റുകയും ചെയ്യുന്ന നിയമസംവിധാനത്തിന്റെ ചരിത്രവഴികളെക്കുറിച്ച് നാം വിശദമായി ചർച്ച ചെയ്തിട്ടുണ്ട് ( ശശി തരൂരും രാജ്ദീപ് സർദേശായിയും വിനോദ് കെ. ജോസും രാജ്യദ്രോഹികളോ?). കൊളോണിയൽ കാലത്തിന്റെ തുടർച്ചയായി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഈ നിയമം ഭരണകൂടത്തിന്റെ അടിച്ചമർത്തൽ സംവിധാനങ്ങളുടെ ആയുധമായി ഇപ്പോഴും നിലനിൽക്കുകയാണ്. ആധുനിക ജനാധിപത്യ സംവിധാനത്തിൽ ഇത്തരത്തിലൊരു സങ്കൽപ്പത്തിന്റെ തന്നെ സാധുതയുടെ അസംബന്ധം ലോകത്തെങ്ങും ഇപ്പോൾ നീതിയുടെ തത്വശാസ്ത്ര വ്യവഹാരങ്ങളിൽ അംഗീകരിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് ഇന്ത്യയിലെ കൊളോണിയൽ വാഴ്ചക്കെതിരായ സമരങ്ങളെ അടിച്ചമർത്താൻ ഉപയോഗിച്ച ഈ നിയമത്തിന്റെ മൂലസ്വരൂപമായ, രാജ്യദ്രോഹത്തെ കുറ്റകൃത്യമാക്കി നിർവ്വചിക്കുന്ന നിയമം ബ്രിട്ടനിൽ എടുത്തുകളഞ്ഞു. ജനാധിപത്യത്തിന്റെ ആധുനിക മൂല്യബോധത്തിലേക്ക് ഇനിയും സമരങ്ങളുടെ നടവഴികൾ ഏറെ താണ്ടാനുള്ള ഇന്ത്യയിൽ രാജ്യദ്രോഹം എന്നത് ഇപ്പോഴും പ്രതിഷേധത്തിന് നേരെയുയർത്തുന്ന വാളാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന ശേഷം രാജ്യദ്രോഹത്തിനും ദേശഭക്തിക്കുമൊക്കെ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും അതിദേശീയതയുടെയും പുതിയ ഭാഷ്യങ്ങൾ കൂടി ഭരണകൂടയുക്തിയായി മാറി. മോദി സർക്കാരിനെതിരെ നടക്കുന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളെ രാജ്യദ്രോഹക്കുറ്റമായി മുദ്രകുത്തി. നീതിന്യായ സംവിധാനം ഈ ജനാധിപത്യ വിരുദ്ധതയെ സാധൂകരിച്ചു എന്നതാണ് അതിലെ ഏറ്റവും അപകടകരമായ വശം.
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും കോർപറേറ്റുകളുടെയും അജണ്ട നടപ്പാക്കുന്ന അനുബന്ധ സ്ഥാപനങ്ങളായി എന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. ചരിത്രത്തിൽ ഒരു ഫാഷിസ്റ്റ് ഭരണസംവിധാനം സാമാന്യമായി ആദ്യം തന്നെ സൃഷ്ടിക്കുന്ന വികാരങ്ങൾ ഭയവും ഈ ഭരണസംവിധാനവും അതിന്റെ സാമൂഹ്യാനുബന്ധ സ്ഥാപനങ്ങളും എക്കാലത്തും നിലനിൽക്കും എന്ന തോന്നലുമാണ്. അതുകൊണ്ടുതന്നെ നീണ്ടുനിൽക്കുന്ന ഒരു രാഷ്ട്രീയ-സാമൂഹ്യ വിധേയത്വത്തിന് അത് സമൂഹത്തെ അതിന്റെ ബോധത്തിലും അബോധത്തിലും തയ്യാറാക്കിക്കൊണ്ടിരിക്കും. ഇത്തരത്തിലൊരു ബോധനിർമിതി മറികടക്കുക എന്നതാണ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്നിലുള്ള ആദ്യ കടമ്പ. ഈ മറികടക്കലാകട്ടെ കേവലമായ ആശയപ്രചാരണത്തിലൂടെയോ ഫാസിസ്റ്റ് വിരുദ്ധ വർത്തമാനങ്ങളിലൂടെയോ മാത്രം നടക്കുന്ന ഒന്നല്ല. മൂർത്തമായ ജനകീയ സമരങ്ങളോടൊപ്പം മാത്രമേ ഫാസിസം നിർമിക്കുന്ന ഈ ഭയവിധേയത്വത്തെ മറികടക്കാനുള്ള പ്രതിബോധം നിർമിക്കപ്പെടുകയുള്ളൂ. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് ഈ രാഷ്ട്രീയ പ്രതിബോധ നിർമിതിയാണ്. അതിന്റെ ഏറ്റവും സമൂർത്തമായ രാഷ്ട്രീയ രൂപമാണ് കർഷകസമരം.
ഹിന്ദുത്വ ഫാസിസം സൃഷ്ടിച്ച സങ്കുചിത മതദേശീയതയുടെ അപരനിർമിതികളേയും കോർപ്പറേറ്റ് മൂലധന ഭീകരതയേയും ഒരേപോലെ എതിർക്കുന്ന ഒരു സമരമാണ് എന്നത് കർഷക സമരത്തെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ സവിശേഷ സന്ധിയാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽക്കൂടിവേണം ദിഷ രവിക്കെതിരായ ആഗോള ഗൂഢാലോചനയുടേയും രാജ്യദ്രോഹത്തിന്റെയും കുറ്റം ചാർത്തലിനേയും ഇപ്പോൾ ലഭിച്ച ജാമ്യത്തെയും കാണേണ്ടത്.
ഇതിനു മുമ്പ് മോദി സർക്കാർ രാജ്യത്തിന്റെ ജനാധിപത്യ, മതേതര ചട്ടക്കൂട്ടിനെ ഉള്ളിൽനിന്നുകൊണ്ടുതന്നേ തകർക്കാൻ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരോട് കോടതികൾ ഇപ്പോൾ വന്ന ജാമ്യവിധിയിലെ നിലപാടുകളല്ല പുലർത്തിയത്. ആ പ്രതിഷേധങ്ങളെ മുസ്‌ലിം തീവ്രവാദമാക്കി മുദ്രകുത്തിയ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയഭാഷ്യത്തെ ഒരുതരത്തിൽ സാധൂകരിക്കുകയായിരുന്നു കോടതികൾ ചെയ്തത്.
എന്നാൽ കർഷക സമരത്തിലെത്തുമ്പോൾ രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ വന്ന മാറ്റം പ്രകടമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മാത്രം ബലാബലങ്ങളിൽ വെച്ചുനോക്കാതെ ഫാസിസത്തിന്റെ കോർപറേറ്റ് അജണ്ടയേയും ജനാധിപത്യവിരുദ്ധതയെയും എതിർക്കുന്ന ഒരു രാഷ്ട്രീയ ചെറുത്തുനിൽപ്പ് രൂപപ്പെട്ടുവരുന്നതിന്റെ അടിത്തറയാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഈ പ്രതിഷേധത്തിന്റെയും പ്രതിബോധത്തിന്റെയും സമ്മർദ്ദം കൂടിയാണ് ദിഷ രവിയുടെ ജാമ്യ ഉത്തരവിലേക്കും അതിലെ ന്യായവിചാരങ്ങളിലേക്കും നയിച്ചത്.
ആഭ്യന്തര ഗൂഢാലോചന സിദ്ധാന്തങ്ങളിലും ഹിന്ദു വിരുദ്ധ നിർമിതിയിലും പാകമാകാത്ത ഒരു രാഷ്ട്രീയ-സാമൂഹ്യ രൂപം കർഷക സമരത്തിനുണ്ട് എന്നുള്ളതുകൊണ്ടാണ് സമരത്തെ അനുകൂലിച്ച പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബേയും പോപ് ഗായിക റിഹാനയും അടക്കമുള്ളവരെ കണ്ണികളാക്കി അന്താരാഷ്ട്ര ഗൂഢാലോചനയുടെ പുതിയ ശത്രുവിനെ സർക്കാർ മെനഞ്ഞെടുത്തത്. എന്നാൽ ഇത്തരത്തിലൊരു ഗൂഢാലോചന സിദ്ധാന്തവും രാജ്യദ്രോഹ നിർവചനവും വെള്ളം കൂട്ടാതെ വിഴുങ്ങാൻ കോടതി ഇത്തവണ തയ്യാറായില്ല എന്നത് രാജ്യത്തെ രാഷ്ട്രീയ പ്രതിഷേധങ്ങളുടെ കൂടി വിജയമാണ്.
ഭരണകൂട നയങ്ങളോട് വിയോജിക്കാനും അവക്കെതിരെ പ്രതിഷേധിക്കാനുമുള്ള പൗരാവകാശത്തെ രാജ്യദ്രോഹമാക്കി കാണാൻ കഴിയില്ല എന്ന് ജാമ്യ ഉത്തരവിൽ കോടതി പറയുന്നു. വാസ്തവത്തിൽ മോദി സർക്കാർ എന്താണോ രാഷ്ട്രീയ പ്രക്ഷോഭങ്ങളോട് ചെയ്യുന്നത് അത് നീതിരാഹിത്യം മാത്രമല്ല നിയമവിരുദ്ധം കൂടിയാണ് എന്ന് വ്യക്തമാക്കുകയാണ് കോടതി ചെയ്തത്. സർക്കാരുകളുടെ ദുരഭിമാനത്തെയും രാഷ്ട്രീയധാരണകളെയും സേവിക്കാനാകരുത് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് എന്ന് നിഹരേന്ദു ദത്ത് മജൂംദാർ കേസിൽ 1942-ൽ ഫെഡറൽ കോടതി പുറപ്പെടുവിച്ച വിധി ഉദ്ധരിച്ചുകൊണ്ട് കോടതി പറയുന്നു. (The offence of sedition cannot be invoked to minister to the wounded vanity of the governments. (Niharendu Dutt Mazumdar v. Emperor AIR 1942 FC22)
സർക്കാർ ദിഷ രവിക്ക് മേൽ ആരോപിച്ച ഗൂഢാലോചന കുറ്റത്തിന്റെ അപഹാസ്യത ജാമ്യ ഉത്തരവിൽ കോടതി പറയുന്നുണ്ട്.
സമരത്തിന് ആഗോളതലത്തിൽ ശ്രദ്ധ നേടിക്കൊടുക്കുന്നതും അതിനായി രാഷ്ട്രീയ പ്രചാരണം നടത്തുന്നതുമൊന്നും രാജ്യദ്രോഹമല്ല എന്ന് വ്യക്തമാക്കുന്ന കോടതിവിധി, രാഷ്ട്രീയ സമരങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുന്ന കേന്ദ്രസർക്കാർ യുക്തിയെയാണ് ചോദ്യം ചെയ്യുന്നത്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും രാഷ്ട്രീയ-സാമൂഹ്യ അഭിപ്രായങ്ങളുമെല്ലാം ആഗോളതലത്തിൽ ചർച്ചയാക്കുന്നതും പിന്തുണ തേടുന്നതുമെല്ലാം ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുള്ള മാലികാവകാശത്തിൽ (Article 19) ഉൾപ്പെടുന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പൗരന്റെ മൗലികാവകാശം ഭൗമാതിർത്തികളാൽ തടസപ്പെടുന്നതല്ല എന്ന് Secretary, Ministry of I&B v. Cricket Association of Bengal (1995) 2 SCC 161) വിധിയെ ആധാരമാക്കി കോടതി വ്യക്തമാക്കുന്നു.
രാജ്യദ്രോഹക്കുറ്റത്തിനും ഗൂഢാലോചനയ്ക്കും ദിഷ രവിക്കെതിരെ ഗണനീയമായ ഒരു തെളിവും പ്രോസിക്യൂഷന് ഹാജരാക്കാനില്ലായിരുന്നു. മറ്റു രാജ്യങ്ങളിലുള്ള ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾക്കു നേരെയും ഇന്ത്യൻ ചിഹ്നങ്ങളായ യോഗയ്ക്കും ചായക്കും എതിരെയുമൊക്കെ ആക്രമണം നടത്താൻ ദിഷ രവി ആഹ്വാനം ചെയ്തു തുടങ്ങിയ അസംബന്ധ വാദങ്ങളാണ് പ്രോസിക്യൂഷൻ ഉയർത്തിയത്. ഇതൊക്കെ വെറും കെട്ടുകഥ നിലവാരത്തിൽ മാത്രം എടുക്കാൻ കഴിയുന്നതാണെന്ന് ഒരു ഇന്ത്യൻ കോടതി ഇപ്പോഴെങ്കിലും പറഞ്ഞു എന്നതാണ് ആശ്വാസം.
ഭീമ കോറേഗാവ് കേസിൽ തടവിലായ റോണാ വിത്സനും സുധ ഭരദ്വാജും അടക്കമുള്ളവർ പ്രധാനമന്ത്രിയെ കൊല്ലാൻ ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തി തടവിലിട്ട നാടാണിത്. ഒരു തെളിവുമില്ലാതെ, റോണയുടെ കംപ്യൂട്ടറിൽ നുഴഞ്ഞുകയറ്റം നടത്തി അതിൽ തങ്ങൾക്കു വേണ്ട ഫയലുകൾ കയറ്റിവെച്ച്, അതെ ഫയലുകൾ തെളിവായി ഹാജരാക്കുന്ന തരത്തിലുള്ള ഭരണകൂടവേട്ടയെ യാതൊരു ചോദ്യവും കൂടാതെ പരമോന്നത കോടതിയടക്കം സ്വീകരിക്കുന്ന ഒരു കാലത്ത് ഇത്തരം സംശയങ്ങൾ നീതിന്യായവ്യവസ്ഥയുടെ ഏതെങ്കിലുമൊക്കെ കോണുകളിൽ നിന്നും ഉയരാൻ തുടങ്ങുന്നത് സമരങ്ങൾക്ക് ഫലമുണ്ട് എന്നുതന്നെയാണ് കാണിക്കുന്നത്.
ഇനി തെറ്റായ കാര്യങ്ങളും പ്രചാരണങ്ങളുമാണെങ്കിൽക്കൂടി അതൊക്കെ രാജ്യദ്രോഹമായി കണക്കാക്കാൻ കഴിയില്ലെന്നുകൂടി കോടതി പറയുന്നുണ്ട്. (Balbir Singh Saina v. State of Haryana 1989 SCC 93 (P&H) കർണാടകത്തിൽ സ്‌കൂൾ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കാൻ തുനിഞ്ഞ നാടാണിത്. അത്തരമൊരു നാട്ടിൽ ഏതുതരം പ്രതിഷേധവും ഉടനടി കയറിപ്പോകുന്നത് രാജ്യദ്രോഹക്കുറ്റത്തിന്റെ മടയിലേക്കാണ് എന്ന പശ്ചാത്തലത്തിൽക്കൂടി വേണം ഈ നിരീക്ഷണത്തെ കാണാൻ.
കർഷക പ്രക്ഷോഭത്തെ പിന്തുണച്ചതും അതിന് വേണ്ടി രാഷ്ട്രീയ പ്രചാരണം നടത്തിയതും തെറ്റാണെങ്കിൽ ആ തെറ്റ് താൻ ചെയ്തിട്ടുണ്ട് എന്ന നിലപാട് ദിഷ രവി ആവർത്തിച്ചതിനു ശേഷമാണ് ജാമ്യം ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ വാദങ്ങൾ അതേപടി ആവർത്തിക്കുന്ന ദുരന്തസമാനമായ വിധേയത്വത്തിൽ നിന്നും ഇന്ത്യൻ കോടതികൾക്ക് അത്രയെളുപ്പം മാറാനാകില്ല. എന്നാൽ മോദി സർക്കാരിന്റെ രാഷ്ട്രീയപതനം ആസന്നമാകുന്നതോടെ ആ ദിശയിലേക്കുള്ള യാത്ര വേഗത്തിലാകും എന്ന് സംശയമില്ല.
ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ ചരിത്രം ഇത്തരത്തിലുള്ള രാഷ്ട്രീയ-സാമൂഹ്യ സമ്മർദ്ദങ്ങളുടെ പ്രതിഫലനത്തിന്റെ ചിത്രമാണ്. സ്വാതന്ത്ര്യാനന്തരം കൊളോണിയൽ വിരുദ്ധ ദേശീയ വിമോചന സമരത്തിലെ മതേതര ബൂർഷ്വാസിയുടെ ആധുനികതാ ബോധത്തിനനുസരിച്ചുള്ള വഴിയിലൂടെയായിരുന്നു സുപ്രീം കോടതി നീങ്ങിയത്. എന്നാൽ രണ്ടു പതിറ്റാണ്ടുകൊണ്ട് കോൺഗ്രസ് ദുർബലമാകുന്നതിന്റെ രാഷ്ട്രീയ സൂചനകൾ വരികയും പാർലമെന്റിന്റെ ആധികാരികതയിൽ ജനങ്ങൾക്ക് തന്നെ വലിയ വിശ്വാസമില്ലാതെ വരികയും ചെയ്തപ്പോൾ ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂട് എന്ന (Basic structure doctrine ) പ്രമാണം കോടതി കൊണ്ടുവന്നു. എന്നാൽ പാർലമെന്റിനെയും ജനാധിപത്യ വ്യവസ്ഥയെയുമെല്ലാം നോക്കുകുത്തിയാക്കിക്കൊണ്ട് ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പൗരന്മാരുടെ മൗലികാവകാശങ്ങൾക്കു പോലും സംരക്ഷണം നൽകാനാവില്ല എന്ന നാണംകെട്ട നീതിനിഷേധം വിധിപ്രഖ്യാപനമായി (ADM Jabalpur v. Shivkant Shukla, 1976) പുറപ്പെടുവിച്ച ചരിത്രവും സുപ്രീം കോടതിക്കുണ്ട്.
അടിയന്തരാവസ്ഥക്ക് ശേഷമുള്ള കാലഘട്ടത്തിൽ ഉദാര ജനാധിപത്യത്തിന്റെ വ്യക്തി സ്വാതന്ത്ര്യ മൂല്യബോധത്തെയും പാരിസ്ഥിതിക ആശങ്കകളെയുമെല്ലാം അഭിസംബോധന ചെയ്യാൻ കോടതി സന്നദ്ധമായത് പൊതുസമൂഹത്തിന്റെ രാഷ്ട്രീയ സമരങ്ങളുടെ ദിശയിലാണ്. അതുകൊണ്ടുതന്നെ ഹിന്ദുത്വ-കോർപ്പറേറ്റ് ഫാസിസ്റ്റ് ഭരണത്തിന് കീഴിൽ പൊലീസ് സ്റ്റേഷനുകളുടെ അനുബന്ധ സ്ഥാപനങ്ങൾ മാത്രമായി മാറിയ കോടതികളെ നീതിയുടെ വ്യവഹാര സ്ഥലങ്ങളാക്കി വീണ്ടെടുക്കാൻ സമൂഹത്തിന്റെ സകല മേഖലകളിലും നടത്തുന്ന ഫാസിസ്റ്റ്- കോർപ്പറേറ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് മാത്രമേ കഴിയൂ.
രാജ്യദ്രോഹകുറ്റം ചുമത്തി ആരെ പിടിച്ചുകൊണ്ടു ചെന്നാലും കോടതി ജയിലിലേക്ക് പറഞ്ഞുവിടും എന്ന അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഓരോ മനുഷ്യാവകാശ ലംഘനവും വലിയ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റുന്നതിലൂടെ മാത്രമാണ് നിയമനിർവ്വഹണമെന്നത് നീതിനിർഹണം കൂടിയാണ് എന്ന് കോടതികളെ ഓർമ്മിപ്പിക്കാൻ നമുക്ക് കഴിയുക.