താഹ-അലൻ-യു.എ.പി.എ: സി.പി.എമ്മിന്റെ ചരിത്രപരമായ മറ്റൊരു മണ്ടത്തരം

ഭരണകൂട അടിച്ചമർത്തലിനുപയോഗിക്കുന്ന ഏറ്റവും ഭീകരമായ ആയുധമായ യു.എ.പി.എയെ സമ്പൂർണമായി നിരാകരിക്കുകയും തള്ളിക്കളയുകയും ചെയ്യാതെ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള സമരത്തിന് മുന്നോട്ട് പോകാനാകില്ല. അതുകൊണ്ടുതന്നെ ചില അവസരവാദ നേട്ടങ്ങൾക്ക് ഈ വിശാലമായ രാഷ്ട്രീയത്തേയും പോരാട്ടങ്ങളെയും തള്ളിപ്പറയുന്നത് മുഖ്യധാരാ ഇടതുപക്ഷകക്ഷികളെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. പൗരസമൂഹത്തിന്റെ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ പക്ഷത്ത് നിൽക്കാനുള്ള ചരിത്രപരമായ കടമായാണ് സി.പി.എം ഇല്ലാതാക്കുന്നത്

രു രാത്രി, നിന്നനിൽപ്പിൽ രണ്ടു മനുഷ്യരെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയും അവരുടെ രാഷ്ട്രീയാഭിപ്രായങ്ങൾ ദേശസുരക്ഷക്ക് ഭീഷണിയാണെന്ന് ആരോപിച്ച് യു.എ.പി.എ (UAPA- Unlawful Activities Prevention Act ) ചുമത്തുകയും ചെയ്ത് തടവിലിട്ടതിന് പത്തുമാസങ്ങൾക്കിപ്പുറം അവർക്ക് കോടതി ജാമ്യം നൽകിയിരിക്കുന്നു. അതും കേരള പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) മുടന്തൻ തടസ്സവാദങ്ങളയും കണ്ടെത്തലുകളേയും അക്ഷരാർത്ഥത്തിൽ തള്ളിക്കളഞ്ഞുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ യു.എ.പി.എ വിരുദ്ധരായി പരമാവധി നടിക്കുന്ന ഒരു നാട്ടിൽ പത്തുമാസം ആ ജനാധിപത്യവിരുദ്ധ നിയമത്തിനു കീഴിൽ തടവിൽ കിടന്ന് താഹയും അലനും താത്ക്കാലികമായി ജയിൽ മോചിതരായി. ഒപ്പം, ഒരു പൗരസമൂഹം എന്ന നിലയിൽ നാം ഉയർത്തേണ്ടതും ഉത്തരം തേടേണ്ടതുമായ നിരവധി രാഷ്ട്രീയ സമസ്യകളും നമുക്കുമുന്നിൽ ബാക്കിയാണ്.

യു.എ.പി.എ; ആശ്വസിക്കാൻ വരട്ടെ

താഹക്കും അലനുമെതിരെ ആദ്യഘട്ടത്തിൽ ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ പലതും കുറ്റപത്രം സമർപ്പിക്കുമ്പോൾ അന്വേഷണ ഏജൻസി തന്നെ വേണ്ടെന്നുവെച്ചിരിക്കുന്നു. അവശേഷിക്കുന്ന ദുർബലമായ ആരോപണങ്ങൾ ജാമ്യം അനുവദിച്ച കോടതിയുടെ നിരീക്ഷണങ്ങൾ വെച്ചുനോക്കിയാൽ നിയമപരമായും തെളിവുകളുടെ അടിസ്ഥാനത്തിലും വിചാരണവേളയിൽ നിലനിൽക്കാൻ യാതൊരു സാധ്യതയും ഇല്ലാത്തതാണുതാനും. ഇത് ആ വിഷയത്തിലെ നിയമതർക്കങ്ങളിലെ സാധ്യതകളാണ്.

അത് മറ്റൊരു വിഷയമാണ്. കാരണം, നിയമപരമായി ഒരാളെ യു.എ.പി.എക്കു കീഴിൽ കുറ്റക്കാരനാക്കാൻ എന്തൊക്കെ ആവശ്യമാണ്, ആവശ്യമല്ല എന്നൊരു തർക്കത്തിന്റെ ഭാഗമാണത്. അത്തരമൊരു നിയമപോരാട്ടം അനിവാര്യമാണുതാനും. എന്നാൽ, യു.എ.പി.എ പോലൊരു ജനാധിപത്യവിരുദ്ധ നിയമത്തിന്റെയും അതിന്റെ രാഷ്ട്രീയ പ്രയോഗത്തിന്റെയും സാമൂഹ്യ-രാഷ്ട്രീയ പരിസരമാണ് നാം അടിയന്തരമായി ചർച്ച ചെയ്യേണ്ട വിഷയം. താഹയും അലനും താൽക്കാലികമായി മോചിതരാകുമ്പോൾ അവർക്കെതിരെയുള്ള യു.എ.പി.എ കേസ് ദുർബലമാണ് എന്നറിയുമ്പോൾ ഉണ്ടാകുന്ന ആശ്വാസം വിശാലാടിസ്ഥാനത്തിലുള്ള യാഥാർത്ഥ്യങ്ങളെയും പോരാട്ടങ്ങളെയും വിസ്മരിക്കാൻ വിധം നമ്മെ അലസരാക്കിക്കൂടാ.

ജയിൽ മോചിതനായ അലൻ പിതാവ് ഷുഹൈബിനൊപ്പം.

രാജ്യത്തെ പ്രാഥമിക വിഭവസ്രോതസുകളെ കൊള്ളയടിക്കുന്ന ചങ്ങാത്ത മുതലാളിത്തം (Crony Capitalism) ഭരണകൂടത്തിനെ തങ്ങളുടെ സ്വകാര്യ സായുധസേനയാക്കി മാറ്റിക്കൊണ്ട്, 1990കൾക്കുശേഷം നടത്തിയ കടന്നാക്രമണത്തെ ചെറുത്തുനിന്ന പ്രാദേശിക ജനതകളെയും ആദിവാസികളേയും സൈനിക നീക്കത്തിലൂടെ കൊന്നൊടുക്കിക്കൊണ്ടായിരുന്നു ആ വിഭവക്കൊള്ള നടത്തിയത്. ഖനന മേഖലകളിൽ പ്രത്യേകിച്ചും ആദിവാസികളെ കുടിയൊഴിപ്പിക്കുന്ന നീക്കം രൂക്ഷമായി. ഇതിനെതിരായ ജനകീയ ചെറുത്തുനിൽപ്പുകൾക്ക് പല രൂപങ്ങളുമുണ്ടായി. മുഖ്യധാരാ രാഷ്ട്രീയത്തോട് സംവദിക്കുന്ന ജനകീയ മുന്നേറ്റങ്ങളും, മുതലാളിത്തത്തോട് പ്രത്യയശാസ്ത്ര ഭിന്നതയൊന്നുമില്ലാത്ത സർക്കാരേതര സന്നദ്ധ സംഘടനകളും മുതൽ സായുധ ചെറുത്തുനിൽപ്പുകൾ നടത്തുന്ന സി.പി.ഐ (മാവോവാദി) വരെ ഇതിന്റെ ഭാഗമാണ്. മാവോയിസ്റ്റ് പാർട്ടിയാകട്ടെ ഈ ചെറുത്തുനിൽപ്പുകളെ ഇന്ത്യൻ ഭരണകൂടത്തിനെതിരായ തങ്ങളുടെ നീണ്ടുനിൽക്കുന്ന ബഹുമുഖ ജനകീയ യുദ്ധത്തിന്റെ ഭാഗമായാണ് വികസിപ്പിക്കാൻ ശ്രമിച്ചത്.

പ്രതിഷേധത്തിന്റെ അറ്റത്ത് തടവറ

യാതൊരു ജനാധിപത്യ നാട്യങ്ങളുമില്ലാതെ, എല്ലാത്തരം മനുഷ്യാവകാശ പ്രമാണങ്ങളേയും തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്ത്യൻ ഭരണകൂടം കോർപ്പറേറ്റ് ഭീമന്മാർക്കായി ഈ യുദ്ധം നടത്തുന്നത്. Operation Greenhunt എന്ന പേരിൽ അറിയപ്പെട്ട ഈ മാവോവാദി വിരുദ്ധ സൈനിക നീക്കത്തിൽ പല തലങ്ങളിലായി ഏതാണ്ട് നാല് ലക്ഷത്തോളം സുരക്ഷാ സൈനികരാണ് പങ്കെടുക്കുന്നത്. കോർപ്പറേറ്റ് ഖനന മേഖലകളായ വനപ്രദേശങ്ങളിൽ നിന്ന്​ആദിവാസികളെ കുടിയൊഴിപ്പിക്കുക എന്നതായിരുന്നു ഈ സൈനികനീക്കത്തിന്റെ ഉദ്ദേശ്യങ്ങളിലൊന്ന്. ഒപ്പം, ആദിവാസികളുടെയും മാറ്റ് തദ്ദേശീയ ജനവിഭാഗങ്ങളുടേയും ചെറുത്തുനിൽപ്പുകളെ കായികമായിത്തന്നെ തുടച്ചുനീക്കാനും ഇത് ലക്ഷ്യമിട്ടു.

ലോകത്ത് തന്നെ അപൂർവമായി നടന്ന വിധത്തിൽ ആദിവാസികൾക്കെതിരെ ആദിവാസികളെത്തന്നെ യുദ്ധത്തിനിറക്കുന്ന ഹീനതന്ത്രവും ഭരണകൂടം ഉപയോഗിച്ചു. ‘സൽവാ ജുദും' എന്ന ആദിവാസി സ്വകാര്യ സായുധ സേന ഇതിന്റെ ഫലമായിരുന്നു. ഇന്ത്യൻ ഭരണകൂട സായുധസേനകൾക്കൊപ്പം ചേർന്ന്​ സൽവാ ജൂഡും നടത്തിയ അതിഭീകരമായ ആക്രമണങ്ങൾ മധ്യേന്ത്യയിലെ ആദിവാസി സമൂഹത്തിൽ ഏൽപ്പിച്ച സാമൂഹികാഘാതം ഇപ്പോഴും നീറുന്ന മുറിവായി നിലനിൽക്കുകയാണ്. കൊള്ളയും കൊലയും കൊള്ളിവെപ്പും സ്ത്രീപീഡനങ്ങളുമായി തുടരുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും ഭീകരമായ ആക്രമണഘട്ടമായിരുന്നു അത്. മെയ് 2007ൽ സാമൂഹ്യപ്രവർത്തക കൂടിയായ പ്രൊഫ. നന്ദിനി സുന്ദർ, സൽവാ ജുദും നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ പറയുന്ന കണക്കുകൾ പ്രകാരം 2005- 2007 ഇടയിൽ 500 കൊലപാതകങ്ങൾ, 103 കൊള്ളിവെപ്പുകൾ, 99 ബലാത്സംഗങ്ങൾ എന്നിവയെല്ലാ സൽവാ ജുദും നടത്തിയതായി പുറത്തുപറയുന്ന കണക്ക്​ മാത്രമുണ്ട്.

റിട്ട് സമർപ്പിച്ച് നാല് മാസം കഴിഞ്ഞപ്പോൾ ഛത്തീസ്ഗഡ് സർക്കാർ ഛത്തീസ്ഗഡ് പൊലീസ് ആക്ട് നടപ്പാക്കി. സൽവാ ജുദും അംഗങ്ങളെ Special Police Officer (SPO) ആയി പൊലീസ് സേനയിലേക്ക് ചേർക്കാനായിരുന്നു ഇത്. എന്നാൽ സുപ്രീംകോടതി കേസിൽ വിധി പറയുകയും സൽവാ ജുദും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള സർക്കാരിന്റെ ഒഴിഞ്ഞുമാറലും ഭരണഘടനാ പരിധികളുംടെ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടി സർക്കാർ നീക്കം റദ്ദാക്കുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം Chhattisgarh Auxiliary Force Act -2011 എന്ന പേരിൽ മറ്റൊരു നിയമം കൊണ്ടുവന്ന് മറ്റൊരു വഴിയിലൂടെ സൽവാ ജുദുമിനെ നിലനിർത്താൻ സർക്കാർ വീണ്ടും ശ്രമിച്ചിരുന്നു.

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളെ ആംബുലൻസിലേക്ക് മാറ്റുന്ന പൊലീസ്. / Photo: IANS

കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരും ഛത്തീസ്ഗഡിൽ ബി.ജെ.പി സർക്കാരും അധികാരത്തിലിരുന്ന കാലത്താണ് ഈ മനുഷ്യാവകാശ ലംഘനങ്ങൾ ഒരു മറയും കൂടാതെ, പരസ്പര സഹകരണത്തോടെ നടപ്പാക്കിയത് എന്നോർക്കണം. യു.എ.പി.എ കൊണ്ടുവന്ന കോൺഗ്രസിനും അതിനെ എല്ലാവിധ നൃശംസതകളോടും കൂടി ഉപയോഗിക്കുന്ന ബി.ജെ.പിക്കും അക്കാര്യത്തിൽ ഭേദമൊന്നുമില്ല എന്ന് ചുരുക്കം.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യു.എ.പി.എ കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ജാർഖണ്ഡിൽ 2014-ൽ 44 കേസാണ് ഉണ്ടായതെങ്കിൽ 2018ൽ 137 ആയി ഉയർന്നു. ഉത്തർപ്രദേശിൽ 2014ൽ 30 കേസിൽനിന്ന് 2018ൽ 107 ആയും അസമിൽ 2014ൽ 148 ൽനിന്ന് 2018ൽ 308 ആയും ഉയർന്നു. ഇത് സ്വാഭാവികമായി സംഭവിച്ചതല്ല. കോർപ്പറേറ്റ് മുതലാളിമാർക്ക് ജനകീയപ്രക്ഷോഭങ്ങളെ വ്യാപകമായി അടിച്ചമർത്താൻ ഉപയോഗിച്ചിരുന്ന ഈ ജനാധിപത്യവിരുദ്ധ നിയമം ബി.ജെ.പി തങ്ങളുടെ അതിദേശീയത അജണ്ടയുടെ അനുബന്ധ ആയുധമായി ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. അതോടെ രാജ്യവിരുദ്ധരാവുകയും ദേശവിരുദ്ധരാവുകയും ചെയ്യുക എന്നത് ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയെ എതിർക്കുക എന്നതിന്റെ മറ്റൊരു പേരായി മാറി. പ്രതിഷേധത്തിന്റെ അറ്റത്ത് തടവറ എന്നൊരു സാധ്യത സ്ഥിരമായി പ്രതിഷ്ഠിക്കപ്പെട്ടു.

അതുവരെ മുഖ്യധാരാ സമൂഹം തങ്ങൾക്ക് പുറത്തുള്ള ഒരു വിചിത്രവും കഥാസമാനവുമായ വിദൂര ഇന്ത്യയിൽ മാത്രം നിലനിന്നിൽക്കുന്നു എന്ന് സമാശ്വസിച്ചിരുന്ന ഒരു മനുഷ്യാവകാശ വിരുദ്ധനിയമം ലിബറൽ ഇന്ത്യയുടെ സ്വീകരണ മുറികളിലേക്ക് പാതിരാത്രി വാതിലിൽ മുട്ടിയും മുട്ടാതെയും കടന്നുവരാൻ തുടങ്ങി. ഇടതുപക്ഷ ആശയങ്ങളുടെ വിത്തും വിളയുമുള്ള ഇടങ്ങളെന്ന് കരുതിയ സർവകലാശാല വളപ്പുകളിലേക്ക് സംഘപരിവാർ ഗുണ്ടകൾക്കൊപ്പം ഭരണകൂടം യു.എ.പി.എ പോലുള്ള നിയമങ്ങളുമായി കടന്നെത്തി. ഇതിനാവശ്യമായ ഒരു തിരക്കഥ തയ്യാറാക്കിയാണ് കേന്ദ്ര സർക്കാരും സംഘപരിവാറും ഇത് ചെയ്തത്.
രാജ്യത്ത് ഹിന്ദു അതിദേശീയതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഇതിനായി സംഘപരിവാർ ആദ്യം ചെയ്തത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തന്നെ ഇത്തരത്തിലൊരു വെറുപ്പിന്റെ രാഷ്ട്രീയ ഉൽപ്പന്നമായതുകൊണ്ട് ശേഷമുള്ള കളമൊരുക്കാൻ അത്ര പണിപ്പെടേണ്ടി വന്നില്ല സംഘപരിവാറിന്. ആദ്യഘട്ടത്തിൽ വിദേശ ബന്ധമുള്ള സർക്കാരേതര സന്നദ്ധ സംഘടനകളെയായിരുന്നു ആക്രമണത്തിനിരയാക്കിയത്. സാമൂഹ്യപ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും വിശ്വാസ്യത നശിപ്പിക്കുക എന്നതായിരുന്നു ഇതിലെ ഒരു പ്രധാന അടവ്. ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ തീവ്രവാദികൾക്കെതിരെയും നരേന്ദ്ര മോദി അതിൽ വഹിച്ച പങ്കിനെതിരെയുമെല്ലാം നിരന്തരം ശബ്ദിച്ച ടീസ്റ്റ സെതൽവാദിനെതിരെ വിവിധ തരത്തിൽ കേസെടുത്തുകൊണ്ടായിരുന്നു ഇതാരംഭിച്ചത്. തുടർന്ന് ഗ്രീൻപീസിനെതിരെ സർക്കാർ തിരിഞ്ഞു. കൂടംകുളം ആണവനിലയത്തിനെതിരായ സമരവും മധ്യപ്രദേശിലെ മഹാൻ കൽക്കരി ഖനിക്കെതിരായ സമരവും നയിച്ചതിന് ആ സംഘടനയേയും പ്രവർത്തകരെയും സർക്കാർ വേട്ടയാടി. തുടർന്നിങ്ങോട്ട് ആംനസ്റ്റി അടക്കമുള്ള നിരവധി സർക്കാരേതര സന്നദ്ധ സംഘടനകളുടെ പ്രവർത്തനം ഇന്ത്യയിൽ ഏതാണ്ട് ഇല്ലാതാക്കി എന്നുതന്നെ പറയാം.

സർവകലാശാലകളിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർക്കുനേരെയും പൗരസമൂഹത്തിലെ ഇടതുപക്ഷത്തിനെതിരെയും അടുത്ത ഘട്ടത്തിൽ സർക്കാർ നീങ്ങി. സർവകലാശാലകൾക്കുനേരെ നടത്തിയ കടന്നാക്രമണം ഇതിന്റെ ഭാഗമായിരുന്നു. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ അക്ഷരാർത്ഥത്തിൽ ഹിന്ദുത്വ ഗുണ്ടകൾ ആക്രമണം നടത്തുകയായിരുന്നു. ഇടതു ബുദ്ധിജീവികൾക്കെതിരായ ആക്രമണം മാത്രമായി അത് ഒതുങ്ങി നിൽക്കും എന്ന ധാരണ അധികം നീണ്ടില്ല എന്നത് മറ്റൊരു വാസ്തവം. മാവോവാദികൾ, അനുഭാവികൾ, ദേശവിരുദ്ധർ, മുസ്ലിം തീവ്രവാദികൾ എന്നിങ്ങനെ നീണ്ടുപോകുന്ന പട്ടികയിൽ തരാതരം പോലെ ലിബറൽ ഇന്ത്യയുടെ അത്താഴവിരുന്നുകളിൽ നിന്ന് ആളുകൾ ചേർക്കപ്പെട്ടതോടെ രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് മുഖ്യധാരാ ലിബറൽ ഇന്ത്യക്ക് തോന്നിത്തുടങ്ങി എന്നും പറയാം.

അനീതിയുടെ കുതിരക്ക് കാഴ്ചയുടെ ആവശ്യമില്ല

രാജ്യത്തിനെ, ഭരണകൂട താൽപര്യവുമായി കൂട്ടിച്ചേർത്ത് പ്രദർശിപ്പിക്കുക എന്നത് ഏതു ഭരണകൂടവും ചെയ്യുന്ന ഏകപക്ഷീയമായ അടവാണ്. വികസനം എന്നതായിരുന്നു യു.പി.എ ഭരണകാലത്ത് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ അവരുപയോഗിച്ച ആഖ്യാനം. കോർപ്പറേറ്റ് കൊള്ളക്കും ഫ്യൂഡൽ ഭൂവുടമ ബന്ധങ്ങൾക്കുമെതിരായ ജനകീയ ചെറുത്തുനിൽപ്പുകളെ സൈനികമായി അടിച്ചമർത്താൻ ഈ വികസന വ്യാളിയെയാണ് മൻമോഹൻ സിങ് സർക്കാർ തുറന്നുവിട്ടത്. ഇടതുപക്ഷ തീവ്രവാദമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തരവിപത്തെന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രഖ്യാപിച്ചത് ഈ കോർപ്പറേറ്റ് വികസന പരിപാടിയുടെ പശ്ചാത്തലത്തിലാണ്. രാജ്യത്തെ വനമേഖലകൾ കോർപ്പറേറ്റ് ഖനന മാഫിയക്ക് തുറന്നുകൊടുത്ത സർക്കാർ നയത്തിനെതിരെ വനവുമായി ബന്ധപ്പെട്ട് താമസിക്കുകയും ഉപജീവനമാർഗം കണ്ടെത്തുകയും ചെയ്യുന്ന ആദിവാസികൾ ഉയർത്തിയ ജനകീയ ചെറുത്തുനിൽപ്പായിരുന്നു ഈ നിലപാടിന്റെ പ്രധാന പ്രേരകശക്തി. മദ്ധ്യേന്ത്യയിലെങ്ങുമായി ഈ ജനകീയ ചെറുത്തുനിൽപ്പുകൾക്ക് മാവോവാദി പ്രസ്ഥാനം നൽകിയ നേതൃത്വമാണ് ഇന്ത്യൻ ഭരണകൂടത്തെ ഈ പരസ്യമായ സൈനികനീക്കത്തിലേക്ക് എത്തിച്ചത്.
ഈ ഏറ്റുമുട്ടലാകട്ടെ ഒരിക്കലും സമാനശക്തികൾ തമ്മിലുള്ള പോരാട്ടമായിരുന്നില്ല. ഒരു ജനവിഭാഗം എന്ന നിലയിൽ ഇല്ലാതാക്കപ്പെടും എന്ന പ്രതിസന്ധി നേരിടുന്ന ഒരു ജനതയും കോർപ്പറേറ്റുകൾക്കും ഭരണവർഗത്തിനുമായി എല്ലാവിധ അളവറ്റ സൈനികശക്തിയുമായി വരുന്ന ഭരണകൂടവുമായുള്ള ഏറ്റുമുട്ടലാണത്. ആഭ്യന്തരമായി കുടിയിറക്കപ്പെട്ട പതിനായിരക്കണക്കിന് മനുഷ്യരെയാണ് ഈ സൈനികാക്രമണത്തിലൂടെ ഭരണകൂടം ഉണ്ടാക്കിയത്. അർദ്ധസേന വിഭാഗങ്ങളും പ്രത്യേകമായി ഉണ്ടാക്കിയ നക്‌സൽ വേട്ടക്കായുള്ള സംഘങ്ങളും സൽവാ ജുദും പോലുള്ള നിയമവിരുദ്ധ സായുധ സേനകളുമൊക്കെ നടത്തിയ ഭീകരതയുടെ ഒരു ചെറിയ അംശം പോലും ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇത് മദ്ധ്യേന്ത്യയിൽ മാത്രമായി ഒതുങ്ങിയില്ല. പശ്ചിമ ബംഗാളിലെ ലാൽഗഢ്, മഹാരാഷ്ട്ര, ഒഡിഷ എന്നിവിടങ്ങളിലെല്ലാം ഇതുതന്നെയാണ് നടന്നത്. നൂറുകണക്കിന് കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടൽ കൊലകൾ, ബലാത്സംഗങ്ങൾ, അന്യായ തടങ്കലുകൾ, ഒരു ആഭ്യന്തര സൈനികാധിനിവേശം എന്നുവിളിക്കാവുന്ന സൈനികാതിക്രമങ്ങൾ, കത്തിച്ചുകളഞ്ഞ നൂറുകണക്കിന് ആദിവാസി താമസ മേഖലകൾ ഇതെല്ലാം വികസനത്തിന്റെ കോർപ്പറേറ്റ് സ്വപ്നങ്ങൾക്കായി ഒരു ജനത കൊടുത്തുകൊണ്ടിരിക്കുന്ന വിലയാണ്.

യു.എ.പി.എ കേസുകൾ ഏറ്റവും കൂടുതലുള്ള മണിപ്പൂർ അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു-കാശ്മീരിലും കാരണങ്ങൾ വ്യത്യസ്തമായിരുന്നെങ്കിലും ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രതികരണം ഇതുതന്നെയായിരുന്നു. എന്ത് ഭീകരമായ മനുഷ്യാവകാശ ലംഘനം നടത്തിയാലും സൈനികർക്ക് സംരക്ഷണം നൽകുന്ന Armed Forces Special Protection Act കൂടിയുള്ളപ്പോൾ അനീതിയുടെ കുതിരക്ക്​ കാഴ്ചയുടെ ആവശ്യമില്ലായിരുന്നു. അപ്രത്യക്ഷരാകുന്ന ജനാധിപത്യ പോരാളികളുടെ എണ്ണം കൂടി വന്നു. ഒരു രാഷ്ട്രീയ സംവാദത്തിനും സാധ്യതയില്ലാത്തവണ്ണം ജമ്മു കാശ്മീരിനുള്ള പ്രത്യേക ഭരണഘടനാ അവകാശങ്ങൾ എടുത്തുകളയുകയും ജമ്മു കാശ്മീർ എന്ന സംസ്ഥാനത്തെ രണ്ടായി മുറിക്കുകയും ചെയ്തതോടെ ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ നിർമാണ പ്രക്രിയയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ നരേന്ദ്ര മോദിയുടെ ഹിന്ദുത്വ സർക്കാർ അട്ടിമറിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ഈ നീക്കത്തിന് പിന്തുണ നൽകുകയായിരുന്നു ചെയ്തത് എന്നുകൂടി ഓർത്തുവെച്ചാലേ ജനാധിപത്യത്തിനുവേണ്ടിയുള്ള സമരം എത്ര ഹീനമായാണ് വഞ്ചിക്കപ്പെടുന്നത് എന്ന് മനസിലാകൂ.

സ്വന്തം ജനതയുടെ വലിയൊരു വിഭാഗത്തോട് നിരന്തരം യുദ്ധം നടത്തുന്ന ഭരണകൂടത്തിന് യു.എ.പി.എ പോലുള്ള ജനാധിപത്യ വിരുദ്ധ നിയമങ്ങൾ കൂടാതെ നിലനിൽക്കാനാകില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ നിലവിലെ യു.എ.പി.എ നിയമത്തിൽ, വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാനുള്ള ഭേദഗതികളടക്കം കൊണ്ടുവന്നു. തങ്ങൾ കൊണ്ടുവന്ന ഒരു ജനാധിപത്യവിരുദ്ധ നിയമത്തെ കൂടുതൽ ശക്തിയോടെ സമഗ്രാധിപത്യ ഭരണകൂടത്തിന്റെ ആയുധമാക്കാനുള്ള ഭേദഗതികളെ കോൺഗ്രസ് പാർട്ടി പിന്താങ്ങി. ജനകീയ സമരങ്ങളോടും പ്രതിഷേധത്തോടുമുള്ള ഇന്ത്യൻ ഭരണവർഗത്തിന്റെ ഒത്തൊരുമയുള്ള നിലപാടായിരുന്നു അത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച്​, സംസ്ഥാനത്തിന്റെ ക്രമസമാധാന പാലന അധികാരങ്ങളെ വരെ കവർന്നെടുത്ത എൻ.ഐ.എ നിയമഭേദഗതികളേയും കോൺഗ്രസ് പിന്തുണച്ചു. അതായത് ജനാധിപത്യവിരുദ്ധ നിയമങ്ങൾ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള കോൺഗ്രസിന്റെ ക്ഷോഭം അറവുശാലയിൽ ആടിന് വെള്ളം കൊടുക്കുന്ന കശാപ്പുകാരന്റെ കാരുണ്യമാണ്.

സംഘ്പരിവാറിന് ഇല്ലാതാക്കേണ്ടത് ഇടതുപക്ഷത്തെ

സംഘപരിവാറിന്റെ ഹിന്ദു രാഷ്ട്ര സ്ഥാപനത്തിനുള്ള അജണ്ട നടപ്പാക്കുന്നതിന് വിലങ്ങുതടിയാകുന്ന എല്ലാ മതേതര, ജനാധിപത്യ ഭരണഘടനാ സ്ഥാപനങ്ങളെയും ഒന്നൊന്നായി അവർ ഇല്ലാതാക്കുകയാണ്. എന്നാൽ അതിനൊപ്പം ചെയ്യേണ്ട നിർണായകമായ ഒരു ആക്രമണത്തെക്കുറിച്ച് അവർക്ക് ബോധ്യമുണ്ട്. അത് ഇന്ത്യയിലെ ഇടതുപക്ഷം എന്ന ആശയത്തെ ഇല്ലാതാക്കുകയാണ്. കേവലമായ രാഷ്ട്രീയ സംഘടന എന്ന അർത്ഥത്തിലല്ല, മറിച്ച് ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ മൂല്യബോധത്തെ അതിനുള്ളിൽ ഒളിപ്പിച്ചുവെച്ച മുതലാളിത്ത മൂലധന ഭീകരതയുടെ അടിസ്ഥാനത്തിൽ സമഗ്രമായി ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയ ആശയം എന്ന നിലയിൽ ഇടതുപക്ഷത്തെ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് സംഘ്പരിവാറിനറിയാം. ജവഹർലാൽ നെഹ്റു പോലും ആക്രമിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ കോൺഗ്രസ് പശ്ചാത്തലത്തിന്റെ പേരിലല്ല, അദ്ദേഹം പുലർത്തിയ മതേതര മൂല്യങ്ങളുടേയും പൊതുമേഖലയെ സംബന്ധിച്ച കാഴ്ച്ചപ്പാടുകളുടെയും പേരിലാണ്.

ഈ ഇടതുപക്ഷ വേട്ട തുടങ്ങുന്നതിനുവേണ്ട പൊതുബോധത്തെ നിർമ്മിച്ചെടുക്കൽ കൂടിയാണ് Urban Naxal എന്ന രാഷ്ട്രീയ ശത്രുവിനെ പ്രതിഷ്ഠിച്ച പ്രചാരണത്തിലൂടെ നടന്നത്. ഭീമ കോരേഗാവ് കേസിൽ വരവര റാവു, റോണാ വിത്സൻ, സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെൻ തുടങ്ങി സുധ ഭരദ്വാജ്, ആനന്ദ് തെൽതുംബ്ഡെ, ഗൗതം നവലാഖ, ഹാനി ബാബു തുടങ്ങിയവരെല്ലാം തടവിലാകുന്നത് ഇതിന്റെ ഭാഗമായാണ്. പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന പച്ചക്കള്ളം അന്വേഷിച്ചു തെളിയിക്കാനുള്ള യത്‌നത്തിലാണ് അന്വേഷണ സംഘങ്ങൾ. ഏതാണ്ട് 90% ശരീരം തളർന്ന പ്രൊഫ. സായിബാബ ഈ നഗര നക്‌സൽ വേട്ടയിൽ ശിക്ഷിക്കപ്പെട്ട് സകല മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് തടവിലാണ്.

മുൻ ജെ.എൻ.യു വിദ്യാർത്ഥിയും പൗരത്വ ഭേദഗതി നിയമവിരുദ്ധ സമരങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ഉമർ ഖാലിദിനെ സെപ്റ്റംബർ 13ന് രാത്രിയാണ് ഡൽഹി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. കൊലപാതകവും കലാപവുമടക്കം നിരവധി കുറ്റാരോപണങ്ങളാണ് ഉമർ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നത്. മറ്റു നിരവധി വിദ്യാർത്ഥികൾക്കും പൗരാവകാശ പ്രവർത്തകർക്കുമെതിരെ ഡൽഹിയിലെ മുസ്​ലിം വിരുദ്ധ വർഗീയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് യു.എ.പി.എ അടക്കമുള്ള നിയമങ്ങൾ വെച്ച് ദൽഹി പൊലീസ് കുറ്റപത്രങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. വന്ദേമാതരം പാടാത്തതിന് ഡൽഹി പൊലീസിലെ ഒരു സംഘം പൊലീസുകാർ 24-കാരനായ ഫൈസിനെ തല്ലിക്കൊന്ന ഒരു കലാപത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത് എന്നോർക്കണം. ആ മുസ്​ലിം വിരുദ്ധ കലാപത്തിന്റെ പേരിലാണ് ഉമർ ഖാലിദ് അടക്കമുള്ള ഹിന്ദുത്വ രാഷ്ട്രീയ വിരുദ്ധ പ്രവർത്തകരെ തടവിലിടുന്നത് എന്നുമോർക്കണം.

Photo: Wikimedia Commons

ആ കലാപത്തിൽ അക്രമത്തിന്​ ആഹ്വാനം നൽകിയവരുടെ പേരുകളിലാണ് അനുബന്ധ കുറ്റപത്രത്തിലെ മൊഴികളിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, പ്രൊഫ. ജയതി ഘോഷ്, ഡോക്യുമെന്ററി സംവിധായകൻ രാഹുൽ റോയ്, പ്രൊഫ. അപൂർവാനന്ദ് എന്നിവരുടെ പേരുള്ളത്. ലക്ഷക്കണക്കിന് മനുഷ്യരെ മതാടിസ്ഥാനത്തിൽ പൗരത്വഭ്രഷ്ട് കൽപിക്കുന്ന നിയമത്തിനെതിരെ രാജ്യത്തെങ്ങും നടന്ന മതേതര, ജനാധിപത്യ ശക്തികളുടെയും പൗര സമൂഹത്തിന്റെയും സമരത്തിൽ സജീവമായി പങ്കെടുത്തവരെയാണ് ഭരണകൂടം ഇങ്ങനെ വേട്ടയാടുന്നത്. എന്നാലിത് വന്ന വഴി മാവോവാദി വേട്ടയുടെ പേരിൽ കൊല്ലപ്പെട്ട നൂറുകണക്കിന് ആദിവാസികളുടെ ചോരയിൽ ചവിട്ടിയാണെന്നും, മാവോവാദികൾ എന്ന പേരിൽ തടവിലടച്ച നിരവധി രാഷ്ട്രീയ പ്രവർത്തകരുടെ തടവറകൾ വഴിയാണെന്നും നാമോർക്കണം. തങ്ങൾക്ക് വേണ്ടി മാത്രമായൊരു ജനാധിപത്യം ഫാഷിസ്റ്റ് ഭരണത്തിലുമുണ്ടാകും എന്ന ലിബറൽ തെറ്റിദ്ധാരണ അതിവേഗ നീങ്ങിക്കിട്ടുന്നുണ്ട് എന്ന് കരുതാം.

കേരളത്തിലെ യു.എ.പി.എ പ്രയോഗം

ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ മാവോവാദി വേട്ടയും യു.എ.പി.എ പ്രയോഗവും കാണേണ്ടത്. ഈ സർക്കാരിന് മുമ്പുണ്ടായിരുന്ന യു.ഡി.എഫ് സർക്കാർ സുലഭമായി യു.എ.പി.എ പ്രയോഗിച്ചിരുന്നു. നേരത്തെ ചൂണ്ടിക്കാണിച്ചപോലെ അത് കോൺഗ്രസിന്റെ രാഷ്ട്രീയമാണ്. എന്നാൽ ഇടതുപക്ഷ മുന്നണിയും അതേ പാതയാണ് പിന്തുടർന്നത് എന്നത് ഇടതുമുന്നണിയുടെ അധികാര രാഷ്ട്രീയ പ്രയോഗത്തെക്കുറിച്ചുള്ള പൊതുസമൂഹധാരണകൾക്ക് വലിയ ആഘാതമായിരുന്നു. താഹയുടെയും അലന്റെയും കാര്യത്തിൽ ഇതാണ് സംഭവിച്ചത്. സംഘപരിവാറിന്റെ ഭരണകൂട നയം അതേപോലെ പകർത്തുന്ന നിലപാട് ഇക്കാര്യത്തിൽ കേരളത്തിലെ പിണറായി വിജയൻ സർക്കാർ സ്വീകരിക്കുകയായിരുന്നു.

നിലമ്പൂർ കരുളായി വനത്തിൽ പൊലീസ്​ വെടിവെച്ചുകൊന്ന മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ്, കാവേരി എന്ന അജിത.

മാവോവാദികൾ നേതൃപരമായ പങ്കുവഹിക്കുന്ന ഇന്ത്യയിലെ മറ്റു പല ഭാഗങ്ങളിലുമുള്ള മുഖ്യധാരാ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പുറത്തുനിൽക്കുന്ന പോരാട്ടങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയകാരണങ്ങളെക്കുറിച്ച് സി.പി.എം അടക്കമുള്ള ഇടതുപക്ഷ കക്ഷികൾക്ക് അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ല. മാവോവാദികൾ രംഗത്തില്ലാത്ത ഇന്ത്യയിലെ പല ഭാഗങ്ങളിലും പല തരത്തിലുള്ള ജനകീയ മുന്നേറ്റങ്ങൾ ഇത്തരം വിഷയങ്ങളിൽ ഉണ്ടാകുന്നുണ്ട്. അതായത് മാവോവാദികൾ വേണോ വേണ്ടയോ എന്നതിനേക്കാൾ ഈ പോരാട്ടങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയ പരിതഃസ്ഥിതിയെ ഇടതുപക്ഷം എന്ന ആശയത്തിന് അവഗണിക്കാൻ കഴിയുന്നതല്ല.

എന്നാൽ അത്തരത്തിലൊരു നിലപാടെടുക്കാതെ വിഴിഞ്ഞം തുറമുഖപദ്ധതി അദാനിക്ക് ദാനം ചെയ്യുകയും ഏഴു മാവോവാദികളെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലുകയും ചെയ്യുന്ന ഇടതുപക്ഷ വിരുദ്ധമായ നിലപാടാണ് പിണറായി സർക്കാർ എടുത്തത്. കോർപ്പറേറ്റുകളുടെ സുഗമമായ കൊള്ളക്ക് സ്തുതി പാടാത്തവരെല്ലാം വികസന വിരുദ്ധരാണ് എന്ന ഇന്ത്യൻ ഭരണവർഗത്തിന്റെ രാഷ്ട്രീയ നിലപാട് മറ്റൊരുതരത്തിൽ കേരളത്തിൽ ആവർത്തിക്കുകയായിരുന്നു. മാനവ സാമൂഹിക വികസന സൂചികയുടെ പല മേഖലകളിലും മികച്ച നിലവാരത്തിലെത്തി എന്ന് പറയുന്ന ഒരു സംസ്ഥാനത്ത് ജനസംഖ്യയുടെ വളരെ ചെറിയ വിഭാഗമായ ആദിവാസികളുടെ ഭൂമിപ്രശ്‌നം പരിഹരിക്കാതെ നിൽക്കുമ്പോൾ ആദിവാസി ഊരുകളിൽ മാവോവാദി സാന്നിധ്യം ഏതു വർഗ്ഗത്തെയാണ് ഭയപ്പെടുത്തേണ്ടത് എന്ന ചോദ്യത്തിൽ ഇടതുമുന്നണി സർക്കാർ മറുപക്ഷത്ത് വരുന്നത് അതിന്റെ രാഷ്ട്രീയ ജീർണതയാണ്.

എന്നാൽ, ആദിവാസി ഊരുകളിലെ മാവോവാദി പ്രവർത്തനം എന്ന പതിവ് കഥാതന്തു ഉണ്ടാക്കുന്ന ഒരു പൊതുവികാരം പോരാ കേരളത്തിൽ ഇടതുപക്ഷം എന്ന ആശയത്തെയും അതിനുള്ളിൽ ഉയർന്നുവരാവുന്ന പുതിയ സംവാദസാധ്യതകളേയും അവസാനിപ്പിക്കാൻ. ഈ തിരിച്ചറിവാണ് Urban Naxal പട്ടികയിലേക്ക് താഹയെയും അലനെയും ഉൾപ്പെടുത്താൻ പൊലീസിനെ പ്രേരിപ്പിച്ചത്. താഹയും അലനും രണ്ടു നിഷ്‌കളങ്കരായ ചെറുപ്പക്കാരാണെന്നും സി.പി.എം അംഗങ്ങൾ വരെയാണെന്നും പൊലീസിന് പറ്റിയ കയ്യബദ്ധമാണെന്നുമുള്ള വ്യാഖ്യാനത്തിനിടയാക്കിയ പശ്ചാത്തലം വാസ്തവത്തിൽ പൊലീസിന്റെ തന്നെ ആവശ്യമാണ്. കേരളത്തിന്റെ പ്രബലമായ മധ്യവർഗ പശ്ചാത്തലത്തിൽ അവർക്കിടയിൽ നിന്നുള്ള മാവോവാദി അറസ്റ്റ്, ഭീഷണിയുടെ ആഴം വ്യക്തമാക്കുന്നു എന്നൊരു പ്രതീതി ഉണ്ടാക്കിക്കും എന്നൊരു അടവുകൂടി അതിനു പിന്നിലുണ്ട്. ഈ മധ്യവർഗ പശ്ചാത്തലം ആ അറസ്റ്റിന്റെ രാഷ്ട്രീയ സ്വഭാവത്തെ എത്രമാത്രം സ്വാധീനിച്ചു എന്നത് കാണേണ്ടതുണ്ട്.

കേസിൽ യു.എ.പി.എ ചുമത്തിയ കേരള പൊലീസിന്റെ നീക്കത്തോടെ ഇടതുമുന്നണി സർക്കാർ അതിന്റെ രാഷ്ട്രീയ ജീർണ്ണത തുറന്നു കാണിക്കുകയായിരുന്നു. യു.എ.പി.എ എന്ന ജനാധിപത്യ വിരുദ്ധ നിയമത്തിനു എതിരാണ് തങ്ങളെന്ന് എല്ലാ വേദികളിലും ആവർത്തിക്കുന്ന സി.പി.എം, സി.പി.ഐ കക്ഷികൾ പ്രബലമായി നേതൃത്വം നൽകുന്ന ഒരു സർക്കാർ അതേനിയമം രാഷ്ട്രീയപ്രവർത്തനത്തിന്റെയും രാഷ്ട്രീയ ചിന്താഗതികളുടേയും പേരിൽ രണ്ടു പൗരന്മാരെ തടവിലിടാൻ ഉപയോഗിക്കുമ്പോൾ അത് കേരളത്തിന്റെ രാഷ്ട്രീയസമൂഹത്തിൽ ഉയർത്തുന്ന ചോദ്യങ്ങൾ ചെറുതല്ല. അന്വേഷണം പൂർത്തിയാകുന്നതിനുമുമ്പ് തന്നെ താഹയും അലനും മാവോവാദികളാണ് എന്ന് സ്ഥാപിക്കാനായിരുന്നു ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ തത്രപ്പെട്ടത്. അതിനായി അവർ ചായ കുടിക്കാൻ പോയതല്ല മുതൽ അവർ ആട്ടിൻ കുട്ടികളല്ല വരെയുള്ള നിരവധി സുവിശേഷ വാക്യങ്ങളും അദ്ദേഹം മൊഴിഞ്ഞു.

തങ്ങളുടെ പ്രഖ്യാപിത രാഷ്ട്രീയനിലപാടിനും നയത്തിനും വിരുദ്ധമായി ഒരു സംസ്ഥാന ഘടകം കാണിക്കുന്ന ഈ വഞ്ചനയെ തടയാൻ പോയിട്ട് ചോദ്യം ചെയ്യാൻ പോലും സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വത്തിനായില്ല. ഇതാകട്ടെ കേവലമായ നേതൃദൗർബല്യമായിരുന്നില്ല, മറിച്ച് പാർട്ടിയുടെ രാഷ്ര്ട്രീയനിലപാടുകളിലെ ഇരട്ടത്താപ്പായിരുന്നു. ഈ ഇരട്ടത്താപ്പിനെ പൊളിച്ചുകാട്ടിയില്ലെങ്കിൽ പിണറായി വിജയൻ പറഞ്ഞ തരത്തിലുള്ള അനുസരണയുള്ള ആട്ടിൻകുട്ടികൾക്ക് മാത്രം രാഷ്ട്രീയപ്രവർത്തനം സാധ്യമാകുന്ന ഒരു നാടായി കേരളം മാറും.

വഴി തെറ്റലും ശരിയായ വഴിയും

താഹയും അലനും തടവിലായ കാലത്തും അതിലേറെ അവർ ജയിൽ മോചിതരായ കാലത്തും നടക്കുന്ന അവരുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകളുടെ പൊതുസ്വഭാവം കൂടി പരിശോധിക്കേണ്ടതുണ്ട്. അതിലൊന്ന് അവരുടെ നിഷ്‌ക്കളങ്കതയെക്കുറിച്ചാണ്. അതായത് വാസ്തവത്തിൽ അവർ വഴിതെറ്റിയവരല്ല, അങ്ങനെ വഴിതെറ്റി എന്ന് നിങ്ങൾ തെറ്റിദ്ധരിച്ചതാണ് എന്നാണത്. ഇത് വളരെ അപകടം പിടിച്ച ഒരു നിലപാടാണ്. വഴിതെറ്റുക എന്നത് ശരിയായ വഴിയേത് എന്നതുമായി ബന്ധപ്പെട്ടാണ് പറയാവുന്ന ആപേക്ഷികമായ ഒരു കാര്യമാണ്. ഇവിടെ പ്രശ്‌നം, വഴി തെരഞ്ഞെടുക്കാനുള്ള ഒരു പൗരന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ ഭരണകൂടത്തിന് എങ്ങനെയൊക്ക നിയന്ത്രിക്കാനാകും എന്നതാണ്. അക്രമം എന്നതിനെ ജനങ്ങളുടെ പ്രതിരോധവുമായി ചേർത്തുമാത്രം പറയുകയും ഭരണകൂടത്തിന്റേത് സ്വാഭാവികമായ പ്രതികരണമാവുകയും ചെയ്യുന്ന ആഖ്യാനതന്ത്രത്തിന്റെ മറ്റൊരു വശമാണിത്. മാവോവാദിയാകാനുള്ള അവകാശം കൂടിയാണ് രാഷ്ട്രീയാഭിപ്രായത്തിനുള്ള പൗരന്റെ ജനാധിപത്യാവകാശം. ഭരണകൂടം, സാമൂഹ്യാധികാര വ്യവസ്ഥ എന്നിവയെല്ലാം കർക്കശമായി ചോദ്യം ചെയ്യപ്പെടേണ്ടതും മാറ്റേണ്ടതും നവീകരിക്കേണ്ടതുമോക്കെയാണ് എന്നത് സാമാന്യമായ ചരിത്ര ബോധമാണ്. അതിന്റെ ഒരു സാധ്യത കൂടിയാണ് ജനങ്ങളുടെ ചെറുത്തുനിൽപ്പുകൾ. സുഖസമൃദ്ധമായ ജിവിതത്തിൽ നിന്ന് ഇന്ത്യൻ സുരക്ഷാസേനയുമായി ഒന്നേറ്റുമുട്ടിക്കളയാം, ഒരു നേരമ്പോക്കാകട്ടെ എന്ന് തീരുമാനിച്ചവരല്ല ജനകീയ മുന്നേറ്റങ്ങളൊന്നും. നിശബ്ദതയുടെ അടുത്തപടി അപ്രത്യക്ഷരാവുക എന്ന ഘട്ടത്തിലാണ് പോരാട്ടത്തിന്റെ കുഴൽത്തുമ്പത്ത് മരണമാണ് പുകയുന്നത് എന്ന ബോധ്യത്തിൽ അവർ സമരത്തിനിറങ്ങുന്നത്. ആ സമരത്തിനുകൂടിയുള്ള സ്വാതന്ത്ര്യമാണ് വിമോചന സമരം ഇനിയും അവസാനിക്കാത്ത ഈ രാജ്യത്ത് നിലനിർത്തേണ്ടത് എന്ന രാഷ്ട്രീയ ഉത്തരവാദിത്തം ഇടതുപക്ഷം മറക്കരുത്. അതുകൊണ്ടുതന്നെ താഹയും അലനും മാവോവാദികളാണോ എന്നല്ല, മാവോവാദികളായാലും തടവിലിടാൻ ഭരണകൂടത്തിന് എന്തധികാരം എന്ന രാഷ്ട്രീയ ചോദ്യമാണ് നാം ഉയർത്തേണ്ടത്. (ഇതേചോദ്യം താഹ, അലൻമാരോ അവരുടെ കുടുംബങ്ങളോ ഉയർത്തണമെന്ന സങ്കുചിത ശാഠ്യം ഇല്ലെന്നുകൂടി വ്യക്തമാക്കട്ടെ.)

അലന്റെ മോചനത്തിനുശേഷം ബന്ധുകൂടിയായ ഒരാൾ എഴുതിയ കുറിപ്പിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി, കേന്ദ്രസമിതി അംഗവും സംസ്ഥാന ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്, പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ എന്നിവർക്കെല്ലാം ഈ വിഷമഘട്ടത്തിൽ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നുണ്ട്. അതിന്റെ വൈയക്തികമായ കാര്യങ്ങൾ പലതാകാം. എന്നാൽ ഒരു രാഷ്ട്രീയ പ്രയോഗമായി അതുമാറുമ്പോൾ അതിനെ തുറന്നു കാണിക്കേണ്ടതുണ്ട്.
സി.പി.എമ്മിന്റെ ഇത്രയും സമുന്നത നേതാക്കളെല്ലാം പിന്തുണ അറിയിച്ചിട്ടും യു.എ.പി.എ പോലൊരു ജനാധിപത്യവിരുദ്ധ നിയമം പ്രയോഗിക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാരിനെ പിന്തിരിപ്പിക്കാഞ്ഞതെന്താണ് എന്നത് ഒരു വലിയ സമസ്യയല്ല. ഇപ്പോഴത് പിണറായി വിജയന്റെ ദുഃശ്ശാഠ്യമായി അവതരിപ്പിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും വാസ്തവത്തിൽ സി.പി.എം എന്ന പാർട്ടിയുടെ വർഗരാഷ്ട്രീയ നിലപാടുകൾ അതിഭീതിദമാം വിധം ദുർബലമായതിന്റെ കാഴ്ചയാണിത്. അതിശക്തമായ ഉൾപ്പാർട്ടി സമരങ്ങളിൽക്കൂടി മാത്രമേ പാർട്ടിക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും വീണ്ടെടുപ്പിനുള്ള സാധ്യതയുള്ളൂ. അത്തരമൊരു ഉൾപ്പാർട്ടി സമരത്തിനുള്ള സാധ്യത ഇന്നത്തെ സി.പി.എമ്മിന്റെ ഉള്ളടക്കത്തിലും ഘടനയിലും സാധ്യമാണോ എന്നത് നിരാശ നിറഞ്ഞ ഉത്തരത്തിലേക്കാകും എത്തിക്കുക.

അലനും ഡാനിഷും

എന്തുകൊണ്ടാണ് കേരളത്തിൽത്തന്നെ മറ്റ് യു.എ.പി.എ തടവുകാർക്ക് കിട്ടാത്ത മാധ്യമശ്രദ്ധയും പൊതുസമൂഹശ്രദ്ധയും താഹക്കും അലനും കിട്ടിയത് എന്നതും രാഷ്ട്രീയശ്രദ്ധയർഹിക്കുന്ന വിഷയമാണ്. അലന്റെ സമൃദ്ധമായ മധ്യവർഗ, പുരോഗമന രാഷ്ട്രീയ പശ്ചാത്തലം ഇല്ലായിരുന്നെങ്കിൽ, അയാളുടെ കുടുംബത്തിന്റെ വിപുലമായ സാമൂഹ്യ പരിചയബലം ഇല്ലായിരുന്നുവെങ്കിൽ ഈ കേസ് മറ്റനേകം കേസുകളിലെതുപോലെ വല്ലപ്പോഴുമൊരിക്കൽ ജുഡീഷ്യൽ റിമാൻഡ് കാലാവധി നീട്ടിയ വാർത്തകളിൽ ഒതുങ്ങിപ്പോകുമായിരുന്നു. മാവോവാദി എന്നാരോപിച്ച് യു.എ.പി.എ ചുമത്തിയ ഡാനിഷ് എന്ന തടവുകാരനെ അയാൾക്കെതിരായ 13 കേസുകളിലും ജാമ്യം നേടി പുറത്തുവന്ന അതേ മണിക്കൂറിൽ മറ്റൊരു കേസെടുത്ത് പൊലീസ് തടവിലിട്ടത് ഈയടുത്ത ദിവസമാണ്. ഇത്ര പരിഹാസ്യമായ വിധത്തിൽ, ഒരു മനുഷ്യനെ തടവിലിടുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ പൊലീസ് പെരുമാറുമ്പോൾ അതിനെതിരെ പൊതുസമൂഹത്തിൽ വലിയ ചലനങ്ങൾ ഉണ്ടാകാത്തത് അയാൾ മേൽപ്പറഞ്ഞ 'നമ്മളിൽ ഒരാൾ' അല്ലാത്തതുകൊണ്ടാണ്.

മാവോവാദി തടവുകാരനായ രൂപേഷിനെതിരായ കുറ്റപത്രത്തിൽ യു.എ.പി.എ വകുപ്പുകൾ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് പിണറായി സർക്കാർ. ശ്യാം ബാലകൃഷ്ണൻ കേസിലെ വിധിക്കെതിരെയും സുപ്രീംകോടതിയിൽ പോയിരിക്കുന്നു സർക്കാർ. അതായത് യു.എ.പി.എ സംബന്ധിച്ച് ഇത്രയും കൃത്യമായ ഒരു നിലപാടുള്ള ഒരു സംസ്ഥാന സർക്കാരിനെ നയിക്കുന്ന കക്ഷിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് താഹ-അലൻ വിഷയത്തിൽ അവർക്ക് പിന്തുണ നൽകിയത്. വൈരുദ്ധ്യാത്മകതയുടെ ആർഷ ഭാരത പ്രതിസന്ധികൾ എന്നെ പറയാനാകൂ.

കേരളത്തിൽ സ്പ്രിങ്ക്‌ളർ എന്ന സ്വകാര്യ വിദേശ കമ്പനിക്ക് വ്യക്തികളുടെ രോഗവിവരങ്ങളും സ്വകാര്യവിവരങ്ങളും അടങ്ങുന്ന വിവരങ്ങൾ (Digital Data) നൽകുന്നത് സംബന്ധിച്ച ചർച്ച ഇത്തരത്തിലുള്ള താത്ക്കാലിക നിലനിൽപ്പിനുവേണ്ടി വിശാല രാഷ്ട്രീയത്തെ ബലികഴിക്കുന്നതിന്റെ ഉദാഹരണമായിരുന്നു. നിരീക്ഷണ മുതലാളിത്തം (Surveillance Capitalism) ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മുതലാളിത്ത ചൂഷണത്തിന്റെ ഒരു പുതിയ ചരിത്രഘട്ടത്തിലേക്ക് കടക്കുന്ന കാലമാണിത്. ചൂഷണത്തിന്റെ ഏറ്റവും സൂക്ഷ്മമായ ഒരു ഘട്ടം. എങ്ങനെയാണ് Big data -യുടെ വിശകലനവും വിനിയോഗവും മുതലാളിത്തം ചൂഷണത്തിന്​ ഉപയോഗപ്പെടുത്തുന്നത് മുതലായ നാനാവിധ അനുബന്ധ വിഷയങ്ങൾ വർഗരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെങ്ങും ചർച്ച ചെയ്തുതുടങ്ങിയ സമയമാണിത്. അത്തരത്തിലൊരു രാഷ്ട്രീയസംവാദത്തിന്റെ പ്രയോഗങ്ങളിലേക്കും ഇനി തങ്ങൾക്ക് കടക്കാനാകാത്ത വിധം, ഒരു സർക്കാർ കരാർ ന്യായീകരണം എന്ന നിലയിലേക്ക് ആ വിഷയത്തെ ഒതുക്കാനാണ് സി.പി.എം ശ്രമിച്ചത്. ഇതോടെ മുതലാളിത്തത്തിന്റെ ചൂഷണരീതിയുടെ ഏറ്റവും നൂതന ചരിത്രഘട്ടത്തെ വിലയിരുത്താനും അതിന്റെ രാഷ്ട്രീ​യ സംവാദങ്ങളിൽ തൊഴിലാളി വർഗരാഷ്ട്രീയത്തിന്റെയും പൗരസമൂഹത്തിന്റെ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെയും പക്ഷത്ത് നിൽക്കാനുമുള്ള ചരിത്രപരമായ കടമായാണ് സി.പി.എം ഇല്ലാതാക്കിയത്. യു.എ.പി.എ സംബന്ധിച്ചതും ഇതേ പിഴവാണ്, കൂടുതൽ തീവ്രതയോടെ പാർട്ടിക്ക് സംഭവിക്കുന്നത്.

വിപുലമാകുന്ന ‘അപര ശത്രു'

മോദി ഭരണത്തിന്റെ ഫാസിസ്റ്റ് ഘട്ടത്തിൽ മുസ്​ലിം എന്ന ‘അപര' ശത്രുവിൽ നിന്ന് ജനാധിപത്യ പ്രവർത്തകരും പൗരാവകാശ പ്രവർത്തകരും എന്ന വിശാല നിർവചനത്തിലേക്ക് അവർ എത്തിയിരിക്കുന്നു. ഇത് തിരിച്ചറിയുന്നില്ല എന്ന കള്ളനാട്യം ഫാസിസ്റ്റ് വിരുദ്ധ സമരത്തെ വഞ്ചിക്കുന്നതിനു തുല്യമാണ്. കശ്മീരിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എന്ന പേരിലായിരുന്നു ജെ.എൻ.യു അടക്കമുള്ള സർവകലാശാലകളിൽ മോദി ഭരണകൂടം ആക്രമണം അഴിച്ചുവിട്ടതും യു.എ.പി.എയുടെ കൈകൾ അങ്ങോട്ട് നീട്ടിയതും. അന്നും ഇന്നും കാശ്മീരിൽ നടത്തുന്ന ജനാധിപത്യ, മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നിശ്ശബ്​ദത പാലിക്കുകയാണ് മുഖ്യധാരാ ഇന്ത്യ. ഇത്തരത്തിലുള്ള സൗകര്യപൂർവമായ രാഷ്ട്രീയ പ്രതികരണ തെരഞ്ഞെടുപ്പ്, ഫാസിസ്റ്റ് അജണ്ടകൾക്ക് സുഗമമായ വഴിയൊരുക്കലാണ്.

ഇത്തരം ഭരണകൂട അടിച്ചമർത്തലിനുപയോഗിക്കുന്ന ഏറ്റവും ഭീകരമായ ആയുധങ്ങളിലൊന്നാണ് യു.എ.പി.എ. അതിന്റെ ഉപയോഗത്തെ സമ്പൂർണമായി നിരാകരിക്കുകയും തള്ളിക്കളയുകയും ചെയ്യാതെ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള സമരത്തിന് മുന്നോട്ട് പോകാനാകില്ല. പൗരത്വ ഭേദഗതി നിയമത്തിനും കശ്മീരിന്റെ സ്വയം നിർണായവകാശ പോരാട്ടത്തിനും കോർപ്പറേറ്റ് ഖനന മാഫിയ കയ്യേറുന്ന വനമേഖലകളിൽ മാവോവാദി വേട്ടയുടെ പേരിൽ കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്ന നൂറുകണക്കിന് മനുഷ്യരുടെ ചെറുത്തുനിൽപിനും ആഭ്യന്തര അഭയാർത്ഥികളായി മാറുന്ന തൊഴിൽ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതിഷേധങ്ങൾക്കുമെല്ലാം ഒരേ നീതിബോധവും രാഷ്ട്രീയവുമാണുള്ളത്. അതുകൊണ്ടുതന്നെ താൽക്കാലികമായി ചില അവസരവാദ നേട്ടങ്ങൾക്കായി ഈ വിശാലമായ രാഷ്ട്രീയത്തേയും പോരാട്ടങ്ങളെയും തള്ളിപ്പറയുന്നത് മുഖ്യധാരാ ഇടതുപക്ഷകക്ഷികളെ സംബന്ധിച്ച് ആത്മഹത്യാപരമാണ്.

ഡൽഹിയിൽ ഹിന്ദുത്വ ഭീകരവാദികൾ നടത്തിയ മുസ്​ലിം വിരുദ്ധ വർഗീയ കലാപത്തിന്റെ പേരിൽ യു.എ.പി.എ ചുമത്തി തടവിലാക്കുന്നതുമുഴുവൻ പൗരാവകാശ പ്രവർത്തകരെയാണ്. മാവോവാദികൾക്കെതിരായ ഒരു അന്യഗ്രഹ നിയമമാണ് യു.എ.പി.എ എന്ന് കരുതിയവർക്ക് തെറ്റി. ഇന്നലെ വരെ വാർത്തകൾ മാത്രമായിരുന്നത് ഇനി നിങ്ങളുടെ ജീവിതമാവുകയാണ്. ‘നിങ്ങളിൽ ഒരാൾ' ആരുമാകാം. അത് നിങ്ങൾത്തന്നെയാകണം എന്ന് വരില്ല എന്ന ഉറപ്പോടെയുള്ള സ്വാർത്ഥത നിറഞ്ഞ കാത്തിരിപ്പോളം നിന്ദ്യമായി മറ്റൊന്നില്ല.

Comments