എഴുപതാം പിറന്നാളിൽ ആനന്ദ് തെൽതുംദേ മുംബൈ ജയിലിലാണ്

ലോക്ഡൗൺ കാലത്തും കേന്ദ്രസർക്കാർ രാഷ്ട്രീയ ശത്രുക്കൾക്കെതിരായ നടപടികൾ വേണ്ടെന്ന് വെക്കുന്നില്ല. മനുഷ്യാവകാശ പ്രവർത്തകരെ ദേശദ്രോഹത്തിന്റെ പട്ടികയിൽപ്പെടുത്തി അറസ്റ്റ് ചെയ്യുന്നത്, ഇനിയും വരാനിരിക്കുന്ന ജനകീയ മുന്നേറ്റങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പ് തന്നെയാണ്. ഭരണകൂടത്തിനെതിരെ എന്ന് ഭരണകൂടത്തിന് തോന്നുന്ന ഏത് തരം രാഷ്ട്രീയ പ്രവർത്തനത്തിനെതിരെയും യു.എ.പി.എ ചുമത്താവുന്ന അരാഷ്രീയ ഭേദഗതിയാണ് നിലവിലുള്ളത്. ആനന്ദ് തെൽതുംദെയും ഗൗതം നവലാഖയും മാത്രമല്ല, ഇടതു സർക്കാർ ഭരിക്കുന്ന കേരളത്തിൽ യു.എ.പി.എ ചുമത്തപ്പെട്ട രണ്ട് യുവാക്കൾ താഹയും അലനും ഇപ്പോഴും ജയിലിലാണ്.

രു മഹാമാരിയുടെ നടുവിലും ഭരണകൂടം അതിന്റെ വേട്ടപ്പല്ലുകൾ ഒളിച്ചുവെക്കുന്നില്ല. ചിന്തകനും ദളിത് സാമൂഹ്യ പ്രവർത്തകനുമായ ആനന്ദ് തെൽതുംദെയെയും എഴുത്തുകാരനും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായ ഗൗതം നവലാഖയെയും ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്, ഒരു പകർച്ചവ്യാധിയും ഭരണകൂടഭീകരതയുടെ വേട്ടയോളം ക്രൗര്യം പേറുന്നില്ല എന്ന് ഒന്നുകൂടി തെളിയിക്കുകയാണ്. 2018 ജനുവരിയിൽ നടന്ന ഭീമ കൊറേഗാവ് സമ്മേളനത്തിനും തുടർന്ന് നടന്ന സംഘർഷത്തിനും മാവോയിസ്റ്റ് ഗൂഢാലോചനയുടെ ആരോപണം ചുമത്തി നിരവധി രാഷ്ട്രീയ, സാമൂഹ്യപ്രവർത്തകരെ തടവിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയുടെ ഏറ്റവും ഒടുവിലെ ഇരകളാണ് ആനന്ദ് തെൽതുംദെയും ഗൗതം നവലാഖയും. ഇത് ഭീമ കൊറേഗാവ് സംഭവത്തിന്റെ അന്വേഷണമായും അടിച്ചമർത്തലായും മാത്രമായല്ല കാണേണ്ടത്. സംഘപരിവാർ നേതൃത്വത്തിലുള്ള ഒന്നാം മോദി സർക്കാരിന്റെ കാലം തുടങ്ങി ഇന്നുവരേക്കും നടത്തുന്ന ജനാധിപത്യവിരുദ്ധ വേട്ടയുടെ തുടർച്ചയായാണ് ഇതിനെ കാണേണ്ടത്.

ആനന്ദ് തെൽതുംദെ
ആനന്ദ് തെൽതുംദെ

ഭീകരവാദത്തെ മുസ്ലിം എന്ന അപരത്വവുമായി ബന്ധിപ്പിച്ചായിരുന്നു ഇന്ത്യൻ ഭരണകൂടം ഏറെക്കാലമായി പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഹിന്ദു ഭീകരവാദ സംഘങ്ങളുടെ ബോംബാക്രമണങ്ങളടക്കം നടന്നപ്പോഴും അതിലെ പ്രതികളായ സാധ്വി പ്രഗ്യ സിംഗിനെ പോലുള്ളവരെ ലോകസഭയിലേക്ക് ജയിപ്പിച്ചെടുത്താണ് സംഘപരിവാർ അതിനെ രാജ്യസുരക്ഷക്കായുള്ള ധീരപ്രവൃത്തികളായി രൂപം മാറ്റിയെടുത്തത്. ടാഡയും (TADA)യും പോട്ടയും (POTA) പോലുള്ള നിയമങ്ങൾ ഉപയോഗിച്ചുകൊണ്ട് തടവിലാക്കപ്പെട്ട മഹാഭൂരിപക്ഷം മനുഷ്യരും മതന്യൂനപക്ഷങ്ങളിൽപ്പെട്ടവരായിരുന്നു. ജാമ്യം പോലും ലഭിക്കാതെ എത്രയോ വർഷങ്ങൾ തടവിൽക്കിടന്നു നരകിച്ച്, കുറ്റവിമുക്തരാക്കപ്പെട്ടതിനു ശേഷം പുറത്തുവരുന്ന മനുഷ്യർ ഇന്ത്യൻ ഭരണകൂടത്തിന് എന്തെങ്കിലും തരത്തിലുള്ള വീണ്ടുവിചാരം ഉണ്ടാക്കാൻ പ്രാപ്തമായിരുന്നില്ല. കാരണം ആസൂത്രിതമായ ഭരണകൂടവേട്ടയുടെ സൂക്ഷ്മമായ അജണ്ടയാണ് എക്കാലത്തും ഇത്തരം ജനാധിപത്യവിരുദ്ധമായ സമഗ്രാധിപത്യ നിയമങ്ങൾ ഉണ്ടായിരിക്കുക എന്നത്.

രാജ്യത്തുയർന്ന വലിയ എതിർപ്പുകൾക്കൊടുവിൽ പിൻവലിക്കേണ്ടിവന്ന ടാഡ നിയമത്തിനു കീഴിൽ 77000 പേരോളമാണ് തടവിലാക്കപ്പെട്ടത്. ഇതിൽ കേവലം 8000 കേസുകളാണ് വിചാരണയ്ക്ക് വന്നത്. അതിൽത്തന്നെ ഒരു ശതമാനത്തിനു താഴെയായിരുന്നു ശിക്ഷാനിരക്ക്. അപ്പോൾ ഇത്തരം ഭീകരവാദവിരുദ്ധ നിയമങ്ങളുടെ ലക്ഷ്യം ഭരണകൂടം അതിന്റെ ജനതയ്ക്ക് നേരെ നടത്തുന്ന യുദ്ധത്തെ പരമാവധി ഭീഷണമാക്കുക എന്നതാണ്.

ടാഡയ്ക്ക് ശേഷം അതേ മാതൃകയിൽ കൊണ്ടുവന്ന പോട്ടയും ഇതേ ഫലമാണ് ഉണ്ടാക്കിയത്. സമാനമായ രീതിയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്താൻ ഉപയോഗിച്ച ആ നിയമവും കടുത്ത പ്രതിഷേധങ്ങളുടെ ഫലമായി 2004-ൽ പിൻവലിക്കേണ്ടിവന്നു. തുടർന്ന് ആ നിയമങ്ങളുടെ ഒഴിവു നികത്തിയത് UAPA (Unlawful Activities Prevention Act) ആണ്.

1967ൽ കൊണ്ടുവന്ന ഈ നിയമം 2019-ലെ ഭേദഗതികളോടെ ഭരണകൂടത്തിന് തങ്ങളുടെ എതിരാളികൾക്ക് നേരെ ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ അടിച്ചമർത്തൽ നിയമവുമായി മാറി. ആയിരക്കണക്കിന് രാഷ്ട്രീയ, മനുഷ്യാവകാശ പ്രവർത്തകരെയും ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെട്ടവരെയുമാണ് ഈ നിയമം ഉപയോഗിച്ചുകൊണ്ട് സർക്കാർ തടവിലാക്കിയിരിക്കുന്നത്.

ഭീമ കൊറേഗാവ്
ഭീമ കൊറേഗാവ്

ഭീമ കൊറേഗാവ് സംഭവത്തിന്റെ പേരിലും പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചും കൊണ്ട് രാഷ്ട്രീയ മനുഷ്യാവകാശ പ്രവർത്തകരായ, റോണാ വിത്സൻ, സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെൻ, സുധീർ ദാവ്ലെ, മഹേഷ് റൗത് എന്നിവരെ UAPA-ചുമത്തി തടവിലാക്കി. കുറച്ചു മാസങ്ങൾക്ക് ശേഷം വരവര റാവു, സുധ ഭരദ്വാജ്, അരുൺ ഫെരേര, വെർനോൻ ഗോൺസാൽവസ് എന്നിവരെയും ഇതേ നിയമപ്രകാരം ഇതേ ആരോപണവുമായി തടവിലാക്കി. ഇപ്പോൾ തെൽതുംദെയും നവലാഖയും UAPA തടവുകാരാവുകയാണ്.

ഭീമ കൊറേഗാവ് സംഭവത്തിന്റെ പിന്നിൽ മാവോവാദി ഗൂഢാലോചനയാണെന്നും തടവിലായവർ പ്രധാനമന്ത്രിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നുമൊക്കെയുള്ള ആരോപണങ്ങൾ വെറും തട്ടിപ്പാണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകുന്ന തരത്തിലാണ് അന്വേഷണ ഏജൻസികൾ തട്ടിക്കൂട്ടുന്ന ന്യായങ്ങൾ. ഇതിന്റെയൊക്കെ ലക്ഷ്യം രാജ്യത്തുയരുന്ന ഏതു വിധത്തിലുമുള്ള ജനകീയ പ്രതിഷേധങ്ങളെയും വിമതശബ്ദങ്ങളെയും ഇല്ലാതാക്കുക എന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ വർഗ്ഗതാത്പര്യമാണ്.

ഗൗതം നവലാഖ
ഗൗതം നവലാഖ

രണ്ടു തരത്തിലുള്ള പ്രതിഷേധവും വെല്ലുവിളിയുമാണ് ദുർബലമെങ്കിലും ഇന്ത്യയിലെ ഭരണവർഗം നേരിടുന്നത്. ഒന്ന്, കോർപ്പറേറ്റ്, മൂലധന ശക്തികൾ നടത്തുന്ന കൊള്ളക്കെതിരായ പ്രതിഷേധം. ഈ പ്രതിഷേധത്തെ അടിച്ചമർത്താൻ കോർപ്പറേറ്റ്-ഭരണകൂട മുന്നണി നടത്തുന്ന തീർത്തും ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശ ലംഘനങ്ങൾ നിറഞ്ഞതുമായ സൈനിക നീക്കങ്ങൾക്കതിരെ പൗരസമൂഹത്തിൽ ഉയരുന്ന പ്രതിഷേധങ്ങളും ഇതിനൊപ്പം ചേർത്തുവായിക്കാം.
രണ്ട്, സംഘപരിവാർ ഉയർത്തുന്ന ബ്രാഹ്മണ്യ ഹിന്ദുബോധത്തിനും സംഘടനാ രൂപത്തിനുമെതിരെ രൂപപ്പെടുന്ന ദളിത് മുന്നേറ്റം. ഈ രണ്ടു മുന്നേറ്റങ്ങളും എതിർപ്പുകളും പല തലങ്ങളിൽ ഐക്യപ്പെടുക എന്ന സാധ്യതയും ഈ കാലഘട്ടത്തിൽ തെളിഞ്ഞുവരുന്നുണ്ട്. ഇതിനെതിരായാണ് ഇപ്പോൾ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭരണകൂടം ഇത്തരം അടിച്ചമർത്തൽ നീക്കങ്ങൾ നടത്തുന്നത്.

ഇതിനുവേണ്ടി ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടേയുമൊക്കെ കേവലമായ വാചകമടികൾ പോലും അവർ വേണ്ടെന്നുവെച്ചിരിക്കുന്നു. UAPA നിയമത്തിൽ മോദി സർക്കാർ 2019-ൽ കൊണ്ടുവന്ന ഭേദഗതികൾ ഇതിന്റെ തെളിവാണ്. Burden of proof, കുറ്റം ആരോപിക്കുന്നവർക്കാണ് എന്നത് ഇന്ത്യൻ ക്രിമിനൽ നടപടിക്രമങ്ങളുടെ അടിസ്ഥാനപ്രമാണമാണ്. കുറ്റം ആരോപിക്കുന്നവർക്കാണ് അത് തെളിയിക്കാനുള്ള ബാധ്യത. കുറ്റാരോപിതനല്ല. എന്നാൽ 2019-ലെ ഭേദഗതി ഇതിനെ തലതിരിച്ചിടുന്നു. നിങ്ങൾ ഭീകരവാദ സംഘടനകളുമായി ബന്ധമുള്ളയാളെന്നോ, അത്തരം പ്രവർത്തനങ്ങളെ സഹായിക്കുന്ന ആളെന്നോ ഒക്കെ സർക്കാരിന് തോന്നുകയോ സർക്കാർ അങ്ങനെ വിശ്വസിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഭരണകൂടത്തിന് നിങ്ങളെ ഭീകരവാദിയായി പ്രഖ്യാപിക്കാം. അതിനുശേഷം നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ നിങ്ങൾ പോയി തെളിയിക്കണം ഞാനൊരു ഭീകരവാദിയല്ല എന്ന്.

ഭരണകൂടത്തിന് തങ്ങൾക്കെതിരെ എന്ന് തോന്നുന്ന ഏതുതരം രാഷ്ട്രീയ പ്രവർത്തനത്തെയും UAPA -ക്കു കീഴിൽ കൊണ്ടുവന്ന് കുറ്റം ചുമത്താവുന്ന തരത്തിലാണ് നിലവിൽ നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. നിരോധിത സംഘടനകളുടെ പ്രസിദ്ധീകരണങ്ങൾ കയ്യിലുണ്ടായാൽ പോലും നിങ്ങളെ തടവിലിടാൻ കഴിയും. ഇത്തരത്തിൽ ആളുകളെ തടവിലിടാനോ കുറ്റം ചുമത്താനോ സർക്കാരിന് അധികാരമില്ലെന്നും അത് ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും Indradas vs Sate of Asam (2011) കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ മറികടന്നാണ് പുതിയ ഭേദഗതി.

കുറ്റപത്രം ചുമത്താതെയും പ്രത്യേകിച്ച് കാരണങ്ങൾ കാണിക്കാതെയും ഒരു പൗരനെ 180 ദിവസം വരെ തടവിലിടാൻ UAPA ഭരണകൂടത്തിന് അനുവാദം നൽകുന്നു. ഇതിനു ശേഷവും UAPA തടവുകാർക്ക് ജാമ്യം എന്ന് പറയുന്നത് കിട്ടാക്കനിയാണ്. നിരവധി വർഷങ്ങൾ തടവിൽ കിടന്നു നരകിച്ചാണ് അവർക്ക് പുറത്തുവരാൻ കഴിയുക. അപ്പോഴേക്കും സാമൂഹ്യമായ ഒറ്റപ്പെടൽ ഏതാണ്ട് പൂർണമാവുകയും ഭരണകൂടത്തിന്റെ നിരന്തരമായ തുടരാക്രമണങ്ങളുടെ തിരക്കഥയിലെ നിത്യകഥാപാത്രമാവുകയും ചെയ്യും. അതായത് ഒരു പൗരൻ മരിക്കുകയും തടവറയുടെ അകത്തും പുറത്തുമായി ജീവിക്കുന്ന ഒരു ഇര ജനിക്കുകയും ചെയ്യുക എന്നാണ് ഒരാൾക്കെതിരെ UAPA ചുമത്തുമ്പോൾ സംഭവിക്കുന്നത്.

UAPA ഭേദഗതിയിലൂടെ രാജ്യത്തെ ഫെഡറൽ സംവിധാനത്തെയും ആക്രമിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. UAPA ചുമത്തിയ ഒരു കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് ഏറ്റെടുക്കാൻ ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ല. ഒരാളുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിനോ കണ്ടുകെട്ടുന്നതിനോ സംസ്ഥാനങ്ങളുടെ അതിർത്തികൾക്കുള്ളിൽ പരിശോധന നടത്തുന്നതിനോ ഒന്നും ഇപ്പോൾ NIA -ക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ല. ഇതോടെ സംസ്ഥാന സർക്കാരുകളുടെ പരിപൂർണ അധികാര പരിധിയിലായിരുന്ന ക്രമസമാധാന പാലനാധികാരത്തെ കേന്ദ്ര സർക്കാർ യാതൊരുവിധ ഭരണഘടനാ സാധുതയുമില്ലാതെ ഏറ്റെടുത്തിരിക്കുകയാണ്. ഭരണഘടന നൽകുന്ന പൗരാവകാശങ്ങളും ഫെഡറൽ ഘടനയുമെല്ലാം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളാണെന്നും അവ ലംഘിക്കാൻ പാടില്ലെന്നുമുള്ള അടിസ്ഥാന തത്വപ്രമാണത്തെ (Basic Principle Doctrine ) അവഗണിച്ചുകൊണ്ടാണ് ഈ നീക്കം.

വരവര റാവു, വെർനോൻ ഗോൺസാൽവസ് , സുധ ഭരദ്വാജ്, ഗൗതം നവലാഖ, അരുൺ ഫെറേറിയ
വരവര റാവു, വെർനോൻ ഗോൺസാൽവസ് , സുധ ഭരദ്വാജ്, ഗൗതം നവലാഖ, അരുൺ ഫെറേറിയ

മാവോവാദി ഭീഷണിയെന്ന പ്രചാരണമുയർത്തിക്കൊണ്ട് ഭരണകൂടവും കോർപ്പറേറ്റുകളും ഒന്നിച്ചു നടത്തുന്ന രാജ്യത്തെ പ്രാഥമിക വിഭവങ്ങളുടെ കൊള്ളക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള സൈനികനീക്കം ഇന്ത്യൻ ഭരണകൂടം ഏറെക്കാലമായി തുടങ്ങിയിട്ട്. ഇതിന്റെ ഭാഗമായാണ് UPA ഭരണ കാലത്ത് അർധസൈനിക വിഭാഗത്തെ ഉപയോഗിച്ചു കൊണ്ടുള്ള Operation Greenhunt എന്ന ദൗത്യം തുടങ്ങിയത്. ഇന്ത്യയിലെ ആദിവാസികൾക്കെതിരെയും തീർത്തും ദരിദ്രരായ ജനത തങ്ങളുടെ ജീവനോപാധികൾ കൊള്ളനടത്തുന്ന കോർപ്പറേറ്റ്-ഭരണകൂട കൂട്ടുകെട്ടിനെതിരെ നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെയും ലോകത്തുതന്നെ നടന്ന ഏറ്റവും ഹിംസാത്മകമായ ഭരണകൂട അടിച്ചമർത്തലായിരുന്നു Operation Greenhunt. ആയിരക്കണക്കിന് ആദിവാസികളാണ് അതിൽ കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആദിവാസിഗ്രാമങ്ങൾ ചുട്ടെരിക്കപ്പെട്ടു. പതിനായിരക്കണക്കിന് ആദിവാസികളെ കോൺസെൻട്രേഷൻ ക്യാമ്പുകൾക്ക് സമാനമായ തടങ്കൽ പാളയങ്ങളിലേക്ക് മാറ്റി. ഖനന മാഫിയക്ക് വേണ്ടി തുറന്നുകൊടുത്ത വനങ്ങളിൽ നിന്നും വനാവകാശ നിയമമടക്കമുള്ള എല്ലാ പരിരക്ഷകളെയും കാറ്റിൽ പറത്തിക്കൊണ്ട് ആദിവാസികളെ തുരത്തിയോടിച്ചു. ചെറുത്തുനിന്നവരെ കൊന്നൊടുക്കി. നൂറുകണക്കിന് സ്ത്രീകൾ ലൈംഗികാക്രമണങ്ങൾക്ക് ഇരകളായി.

ആദിവാസികളുടെ വംശീയ ഉന്മൂലനം ലക്ഷ്യമിട്ടുകൊണ്ട് ആദിവാസികളിൽ ഒരു വിഭാഗത്തെ ഭരണകൂടം സംഘടിപ്പിക്കുകയും സ്വകാര്യ സായുധ സേനയാക്കുകയും ചെയ്തു. അതായിരുന്നു സൽവാ ജുദും.

നന്ദിനി സുന്ദർ
നന്ദിനി സുന്ദർ

2011-ൽ മനുഷ്യാവകാശ പ്രവർത്തക കൂടിയായ നന്ദിനി സുന്ദർ നൽകിയ ഒരു കേസിൽ സൽവാ ജുദും ഭരണഘടനാ ബാഹ്യമായ ഒരു സായുധ സേനയാണെന്നും അത് ഉടനടി പിരിച്ചുവിടണമെന്നുമുള്ള സുപ്രീം കോടതി ഉത്തരവ് വരുന്നവരെയുള്ള കാലത്ത്, ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ വംശീയ ഉന്മൂലനത്തിനുള്ള മുന്നണിയിലേക്ക് ഇന്ത്യൻ ഭരണകൂടം ആയുധങ്ങളുമായി അയച്ചത് ആദിവാസികളെത്തന്നെയാണ് എന്നത്, എത്രമാത്രം ഹീനമാകാൻ കഴിയും ഈ ഭരണകൂടത്തിന് എന്നതിന്റെ തെളിവായിരുന്നു.

എന്നാൽ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്ര അജണ്ടയുമായി നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ആദിവാസികളുടെയും വനപ്രദേശങ്ങളിലേയുമൊക്കെ ചെറുത്തുനിൽപ്പുകൾ മാത്രമല്ല ഏതു വിധത്തിലുള്ള വിമതശബ്ദവും ഇല്ലാതാക്കുക എന്ന ഫാഷിസ്റ്റ് അജണ്ട പ്രവർത്തിക്കാൻ തുടങ്ങി. അങ്ങനെയാണ് 'അർബൻ നക്‌സൽ' എന്ന പുതിയ ശത്രു സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി ഇടതുതീവ്രവാദമാണ് എന്ന് UPA ഭരണകാലത്ത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ് പറഞ്ഞത് ഒന്ന് നീട്ടിവലിച്ചെടുത്താൽ മതിയായിരുന്നു ഈ പുതിയ ശത്രുവിന്റെ നിർമ്മാണത്തിന് എന്ന സൗകര്യവുമുണ്ടായി. അതോടെ ജനാധിപത്യം, മനുഷ്യാവകാശം, ആദിവാസികളുടെയും ദളിതരുടെയും രാഷ്ട്രീയ-സാമ്പത്തിക അവകാശങ്ങൾ, സ്ത്രീപക്ഷ രാഷ്ട്രീയം ഇങ്ങനെ ഏതുതരത്തിലുള്ള ഭരണകൂട വിമർശനം ഉന്നയിക്കുന്ന നിലപാടുകളുള്ളവർക്കും തടവറയിലേക്കുള്ള വഴിയൊരുക്കുകയായിരുന്നു മോദി സർക്കാർ. ഇന്ത്യയുടെ ആദിവാസി, വന മേഖലകളിൽ അർധസൈനിക വിഭാഗത്തിന്റെ വെടിയുണ്ടകളാണെങ്കിൽ നഗരപ്രദേശങ്ങളിൽ ആദ്യം വരുന്നത് UAPA -യാണ്.

അങ്ങനെയാണ് ദളിത് ജനകീയ മുന്നേറ്റങ്ങളെ അർബൻ നക്‌സൽ എന്ന പട്ടികയിൽ അവരുൾപ്പെടുത്തിയത്. ഭീമ കോറേഗാവ് സംഭവം കേന്ദ്ര സർക്കാരും സംഘപരിവാറും ഈ വേട്ടക്കായി തെരഞ്ഞെടുത്തത് ദളിത് മുന്നേറ്റങ്ങളെ അമർച്ച ചെയ്യുന്നതിനുള്ള ഏറ്റവും സുഗമമായ വഴി അവയെ അർബൻ നക്‌സൽ ഗണത്തിലേക്ക് കൂട്ടിക്കെട്ടുകയാണ് എന്നതുകൊണ്ടാണ്. ഭീമ കോറേഗാവ് സംഭവം നടക്കുന്നതിനു വർഷങ്ങൾക്ക് മുമ്പ് തന്നെ സംഘപരിവാർ ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങൾക്കെതിരായ ഈ നീക്കം തുടങ്ങിയിരുന്നു. തെൽതുംദെ തന്നെ തന്റെ കത്തിൽ ചൂണ്ടിക്കാണിക്കുന്ന പോലെ രമേശ് പടംഗേ എന്ന ആർ.എസ്.എസുകാരൻ അവരുടെ മുഖമാസികയായ പാഞ്ചജന്യത്തിൽ 2015 ഏപ്രിലിൽ എഴുതിയ ലേഖനത്തിൽ തെൽതുംദെയെ വിശേഷിപ്പിക്കുന്നത് 'മായാവി അംബേദക്കർവാദി' എന്നാണ്. മായാവി അഥവാ രാക്ഷസൻ എന്ന ബ്രാഹ്മണമുദ്ര നാം കാണാതെ പോകരുത്. കാരണം ഒരു ദളിത് ചിന്തകനെ അങ്ങനെ വിളിക്കുന്നത് ഒട്ടും നിഷ്‌ക്കളങ്കമല്ല.

ഒരാൾ മാവോവാദിയാകുന്നത് ഇന്ത്യയിൽ തെറ്റായ കാര്യമല്ല. ആരുടെയും രാഷ്ട്രീയ പ്രവർത്തനസ്വാതന്ത്ര്യം തടയാൻ സർക്കാരിന് അധികാരവുമില്ല. എന്നാലും ഭീകരവാദിയായി ഒരാളെ സർക്കാരിന് പ്രഖ്യാപിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന് അങ്ങനെ തോന്നിയാൽ മതി എന്ന് നിയമമുള്ള ഒരു നാട്ടിൽ ജനാധിപത്യപരമായ നീതിനടത്തിപ്പിനെക്കുറിച്ചുള്ള വാദങ്ങൾ പോലും വെറുതെയാണ്.

ഒരു ജനാധിപത്യ, മതേതര, ഭരണഘടന റിപ്പബ്ലിക് എന്ന എല്ലാ നാട്യങ്ങളും ഇന്ത്യൻ ഭരണകൂടം ഒന്നൊഴിയാതെ കയ്യൊഴിയുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും അത് ഒന്നൊന്നായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും കോർപ്പറേറ്റ്-ഭരണകൂട കൂട്ടുകെട്ടിന്റെയും അനുബന്ധ സ്ഥാപനങ്ങൾ മാത്രമാക്കി മാറ്റുന്നു. സുപ്രീം കോടതി ഒരു ഭരണഘടന കോടതി എന്ന നിലയിൽ നിന്നും കേവലം നടത്തിപ്പുകോടതിയായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പൗരാവകാശങ്ങൾ പ്രത്യക്ഷമായി ഇല്ലാതാക്കിയിരിക്കുന്നു എന്ന പ്രഖ്യാപനം കൂടാതെത്തന്നെ എതിർശബ്ദങ്ങളെ എന്നേക്കുമായി തടവിലിടുന്നത് ഒരു സ്വാഭാവികമായ നീതിന്യായ പ്രക്രിയയായി ജനങ്ങളെ ധരിപ്പിക്കുകയാണ്. എല്ലാ ജനാധിപത്യ നിഷേധങ്ങളും സ്വാഭാവികമായ ഭരണരീതിയായി രൂപം മാറുന്ന ഒരു സമൂഹത്തിൽ രാഷ്ട്രീയ പ്രതിഷേധം എന്നത് അമൂർത്തമായ ഒന്നായി മാറും. നിങ്ങൾ നിങ്ങളിൽത്തന്നെ ചിന്തിച്ചൊടുങ്ങുന്ന ഒരുതരം ആത്മരതിയായി രാഷ്ട്രീയം മാറുകയും നിശബ്ദത മാത്രമാണ് അംഗീകരിക്കപ്പെടുന്ന ശബ്ദമെന്നു വരികയും ചെയ്യുന്നു.

ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവവുമായി അഭേദ്യമാം വിധം ബന്ധപ്പെട്ടുകിടക്കുന്ന ഇത്തരത്തിലുള്ള മനുഷ്യാവകാശവിരുദ്ധ നിയമങ്ങളെ അത്തരത്തിൽ മനസ്സിലാക്കാൻ ശേഷിയില്ലാത്ത, ഇന്ത്യ ഇന്ന് കടന്നുപോകുന്ന അതിന്റെ ജനാധിപത്യ അസ്തിത്വ പ്രതിസന്ധിയിൽ ഇത്തരം നിയമങ്ങൾക്കെതിരായ രാഷ്ട്രീയ പോരാട്ടം എത്രമാത്രം നിർണായകമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നതിൽ അമ്പേ പരാജയപ്പെട്ട ഒരു മുഖ്യധാരാ പ്രതിപക്ഷം കൂടിയാകുമ്പോഴാണ് ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ വിജയം പൂർത്തിയാകുന്നത്.

താഹ ഫസൽ, അലൻ ഷുഹൈബ്
താഹ ഫസൽ, അലൻ ഷുഹൈബ്

അതുകൊണ്ടാണ് ഇടതുപക്ഷ മുന്നണി ഭരിക്കുന്ന കേരളത്തിൽ മാവോവാദികൾ എന്ന പേരിൽ ഏഴു പേരെ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെ വധിക്കുകയും അലൻ, താഹ എന്ന രണ്ടു പൗരന്മാരെ മാവോവാദി ലഘുലേഖകൾ കയ്യിൽവെച്ചു എന്നൊക്കെ ആരോപിച്ചുകൊണ്ട് മാസങ്ങളായി UAPA ചുമത്തി തടവിൽ വെക്കുകയും ചെയ്യുന്നത്. അതായത് UAPA പോലൊരു ജനാധിപത്യ വിരുദ്ധ നിയമത്തെ ഉപയോഗിക്കാൻ ഒരുതരത്തിലുള്ള രാഷ്ട്രീയ വൈമുഖ്യവും ഒരു മുഖ്യധാരാ ഇടതുപക്ഷ സർക്കാരിന് പോലും ഇല്ലാ എന്നിടത്തേക്ക് സമഗ്രാധിപത്യ ഭരണകൂടമെന്ന ആശയം വ്യാപിച്ചിരിക്കുന്നു എന്നാണ്.

ദേശീയ സ്വാതന്ത്ര്യ സമരത്തിന് ശേഷമുള്ള ഇന്ത്യയിൽ ജനാധിപത്യവും പൗരാവകാശങ്ങളും ഒരു ആശയം എന്ന നിലയിൽ നിന്നും ഒരു രാഷ്ട്രീയ ജീവിതം എന്ന നിലയിലേക്ക് ഒരിക്കലും പ്രായപൂർത്തി പ്രാപിച്ചിരുന്നില്ല. കർഷക, തൊഴിലാളി മുന്നേറ്റങ്ങളെയെല്ലാം അതാത് സമയത്തുതന്നെ കടുത്ത അടിച്ചമർത്തലിലൂടെ ഇല്ലാതാക്കാൻ ഇന്ത്യൻ ഭരണകൂടം ജാഗ്രത പുലർത്തിയിരുന്നു. എന്നാൽ സംഘപരിവാറിന്റെ ഫാഷിസ്റ്റ് സർക്കാർ ഇതിൽ നിന്നും വിഭിന്നമാകുന്നത് ഉദാര ജനാധിപത്യം ബൂർഷ്വാസിക്കായി നൽകിയ ചിലതരം കളിസ്ഥലങ്ങളെപ്പോലും അതില്ലാതാക്കുന്നു എന്നതിലാണ്. ഒന്നുകിൽ കോർപ്പറേറ്റ്-ഭരണകൂട കൂട്ടുകെട്ടിന്റെ ജനാധിപത്യവിരുദ്ധ സഖ്യത്തിൽ അല്ലെങ്കിൽ തടവറയിൽ എന്ന തെരഞ്ഞെടുപ്പ് മാത്രമാണ് അത് ഉദാര ബൂർഷ്വാസിക്ക് പോലും നൽകുന്നത്.

ഒട്ടും പ്രതീക്ഷ നൽകുന്ന സമീപനമല്ല സുപ്രീം കോടതി UAPA തടവുകാരുടെ കാര്യത്തിൽ കാണിക്കുന്നത്. തീർത്തും കെട്ടിച്ചമച്ച കേസാണെന്ന് സുപ്രീം കോടതിയിലെ മൂന്നംഗബെഞ്ചിലെ ഒരു ന്യായാധിപൻ ന്യൂനപക്ഷ വിധി എഴുതിയ ഒരു കേസിലാണ് സുധ ഭരദ്വാജ് അടക്കമുള്ളവർ ഒരു വർഷത്തിലേറെയായി തടവിൽ കിടക്കുന്നത് എന്ന് മനസിലാക്കണം. തെൽതുംദെയേയും നവലാഖയേയും തടവിലാക്കുമ്പോൾ ഒരു തരത്തിലുള്ള രാഷ്ട്രീയ വിമത ശബ്ദവും സുരക്ഷിതമല്ല എന്നുകൂടിയാണ് ഭരണകൂടം വ്യക്തമാക്കുന്നത്. വെടിവെച്ചുകൊന്ന് കയ്യും കാലു കൂട്ടിക്കെട്ടി മുളവടിയിൽ തൂക്കിയിട്ട് കൊണ്ടുപോയിരുന്ന ആദിവാസിയുടെ ചിത്രം ഏതോ ഗ്രാമത്തിലെ മാവോവാദി വേട്ടയായി ഇന്നലെവരെ വായിച്ചും കണ്ടും ഉറക്കത്തിലേക്ക് പോയിരുന്ന ജനാധിപത്യവാദത്തിന്റെ പാതിരാനിദ്രകളെ വിളിച്ചുണർത്തുന്നത്, നിങ്ങളോട് ഒരു വിശദീകരണവും ചോദിക്കാത്ത കൈവിലങ്ങുകളാണ്. ഇന്നലെ വരെ ഹിന്ദുത്വരാഷ്ട്രീയം അതിന്റെ അതിദേശീയതയുടെ ശത്രുവായി നിർമ്മിച്ചെടുത്തത് മുസ്ലീമിനെയാണെങ്കിൽ ഇന്നിപ്പോൾ അത് ജനാധിപത്യരാഷ്ട്രീയത്തെത്തന്നെയാണ് ശത്രുപക്ഷത്തേക്ക് ഒരു മറയുമില്ലാതെ പിടിച്ചു നിർത്തിയിരിക്കുന്നത്.

എല്ലാ തടവറകളും മറന്നുപോകുന്ന ഒന്നാവുകയും ഓർമ ശുഷ്‌കമായ ഒരു ഗൃഹാതുരത്വമാവുകയും ചെയ്യുന്ന ഒരു കാലം ഉണ്ടാവുന്നുണ്ട്. ആ കാലത്തിന്റെ തമോഗർത്തങ്ങളിൽ നിന്നും പുറത്തുകടക്കാതെ ഈ വെല്ലുവിളിയെ നേരിടാനാവില്ല. ഇപ്പോഴുള്ളത് പുറത്തുകടക്കാനുള്ള ചെറിയ പഴുതുകൾ മാത്രമാണ്. ഭീരുത്വം നിറഞ്ഞ നിശബ്ദതകൊണ്ട് നാം ഒരു ജനതയെന്ന നിലയിൽ അതുകൂടി അടച്ചാൽ പിന്നെ വെളിച്ചം ഓർമ്മ പോലുമല്ലാതാകും.

2020 ജൂലൈ 15 ന് ട്രൂകോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് രൂപം


Summary: ലോക്ഡൗൺ കാലത്തും കേന്ദ്രസർക്കാർ രാഷ്ട്രീയ ശത്രുക്കൾക്കെതിരായ നടപടികൾ വേണ്ടെന്ന് വെക്കുന്നില്ല. മനുഷ്യാവകാശ പ്രവർത്തകരെ ദേശദ്രോഹത്തിന്റെ പട്ടികയിൽപ്പെടുത്തി അറസ്റ്റ് ചെയ്യുന്നത്, ഇനിയും വരാനിരിക്കുന്ന ജനകീയ മുന്നേറ്റങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പ് തന്നെയാണ്. ഭരണകൂടത്തിനെതിരെ എന്ന് ഭരണകൂടത്തിന് തോന്നുന്ന ഏത് തരം രാഷ്ട്രീയ പ്രവർത്തനത്തിനെതിരെയും യു.എ.പി.എ ചുമത്താവുന്ന അരാഷ്രീയ ഭേദഗതിയാണ് നിലവിലുള്ളത്. ആനന്ദ് തെൽതുംദെയും ഗൗതം നവലാഖയും മാത്രമല്ല, ഇടതു സർക്കാർ ഭരിക്കുന്ന കേരളത്തിൽ യു.എ.പി.എ ചുമത്തപ്പെട്ട രണ്ട് യുവാക്കൾ താഹയും അലനും ഇപ്പോഴും ജയിലിലാണ്.


പ്രമോദ്​ പുഴങ്കര

അഭിഭാഷകൻ, എഴുത്തുകാരൻ.

Comments