കേരളത്തെ ഒട്ടും അലോസരപ്പെടുത്തുന്നില്ല,
കയറിൽ തൂക്കിയ ​വിശ്വനാഥന്റെ ശരീരം

വിശ്വനാഥന്റെ മരണത്തിൽ പ്രത്യേകിച്ചൊരു ഞെട്ടലുമുണ്ടായില്ല. ഒരു മന്ത്രിയും വിശ്വനാഥന്റെ വീട്ടിലെത്തിയില്ല. കള്ളനെന്ന വ്യാജ ആരോപണത്തിൽനിന്ന്​അക്ഷരാർത്ഥത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും മരണത്തിലേക്ക് തൂങ്ങിക്കയറുകയും ചെയ്ത നിസ്സഹായനായൊരു മനുഷ്യൻ ആദിവാസിയല്ലെങ്കിൽക്കൂടി നമ്മുടെ സാമൂഹ്യജീവിതത്തിന്റെ ക്രൗര്യത്തെക്കുറിച്ചുള്ള ആകുലതകളുയർത്തേണ്ടതാണ്. ഒന്നുമുണ്ടായില്ല. ഒരുതരം ആഭ്യന്തര അധിനിവേശത്തിന്റെ ഹിംസാത്മകമായ ബാക്കിയാണ് കേരളത്തിലെ ആദിവാസികളുടെ ആധുനികകാല ജീവിതം.

കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ‘ആൾക്കൂട്ടം' എന്ന് വിളിക്കപ്പെടുന്ന നാട്ടുകാർ ആദിവാസി വിഭാഗത്തിൽപ്പെട്ട വിശ്വനാഥൻ എന്നൊരു മനുഷ്യനെ മോഷ്ടാവെന്ന് ആരോപിച്ച്​ തടഞ്ഞുവെക്കുകയും- മർദ്ദിച്ചെന്നും ആരോപണമുണ്ട്- അതിനെത്തുടർന്ന് അദ്ദേഹത്തെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തു. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുകയും പതിവ് അന്വേഷണങ്ങൾക്ക് കൽപ്പനയാവുകയും ചെയ്തതോടെ സർക്കാരിനെ സംബന്ധിച്ച് ആ വിഷയം അവസാനിച്ചു.

പൊതുസമൂഹത്തിനോ മാധ്യമങ്ങൾക്കോ ഒന്നും തൂങ്ങിനിന്ന ഒരാദിവാസി മനുഷ്യന്റെ പിടച്ചിൽ നീതി ലഭിക്കേണ്ടൊരു സമൂഹത്തിന്റെ നിലവിളിയാണെന്ന് ഏറെനാൾ ഓർക്കാവുന്നതിലും തിരക്കുകളുണ്ട്. ഏതോ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്റെ ബന്ധുക്കളെ സുരക്ഷാജീവനക്കാർ തടഞ്ഞു എന്നാരോപിച്ച് വിപ്ലവ യുവജനസംഘടന കയ്യാങ്കളി നടത്തിയ ഇടം കൂടിയാണിത്​ എന്നോർക്കണം. ആദിവാസിയുടെ മരണം ‘മകനേ മാപ്പ്’ എന്നൊക്കെയുള്ള കാവ്യകേളിയിൽ ഒതുങ്ങിപ്പോയി. കേരള മാതൃകയുടെയും വെള്ളമുണ്ടിന്റെ ധവളിമയുടേയും തനത് മലയാളി സംസ്‌കാരത്തെയും കുറിച്ചുള്ള പതിവ് വെടിവട്ടങ്ങളിലേക്ക് അടുത്തയാഴ്ചത്തെ വാരാന്തപ്പതിപ്പുകൾ ഇറങ്ങുന്നതോടെ വിശ്വനാഥന് നമ്മൾ ആചാരപരമായ മറവി നൽകും.

വിശ്വനാഥന്റെ മരണാനന്തരജീവിതവും അട്ടപ്പാടിയിലെ മധുവിൽ നിന്ന്​ ഒട്ടും വ്യത്യസ്തമല്ല.
വിശ്വനാഥന്റെ മരണാനന്തരജീവിതവും അട്ടപ്പാടിയിലെ മധുവിൽ നിന്ന്​ ഒട്ടും വ്യത്യസ്തമല്ല.

ഉത്തരം പറയേണ്ട മൂന്ന്​ വകുപ്പുകൾ

അട്ടപ്പാടിയിൽ ഇത്തരത്തിലുള്ള ‘നാട്ടുകാർ' എന്നറിയപ്പെടുന്നവരിൽപ്പെട്ടവർ മോഷണക്കുറ്റമാരോപിച്ച് തല്ലിക്കൊന്ന മധു എന്ന ആദിവാസിയുടെ മരണാനന്തരജീവിതം നാം കണ്ടുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ ക്ഷേമത്തിന് സ്വന്തമായൊരു മന്ത്രിയും വകുപ്പുമുള്ള ഒരു വിഭാഗത്തിൽപ്പെട്ട ഒരു ആദിവാസിയെ ആൾക്കൂട്ടം തല്ലിക്കൊന്നശേഷം ആ കേസ് കോടതിയിൽ നടക്കുന്നതിന്റെ രീതിയും നാം കണ്ടുകൊണ്ടിരിക്കുകയാണ്. മാറിമാറി വരികയും പോവുകയും ചെയ്യുന്ന പബ്ലിക് പ്രോസിക്യൂട്ടർമാർ, നിരന്തരം കൂറു മാറുന്ന സാക്ഷികൾ, സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന, പ്രാദേശികമായി മിക്ക കക്ഷികളിലും നിന്നുള്ളവരായ പ്രതികളും അവർക്ക് വേണ്ടപ്പെട്ടവരും, കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നേരെയുള്ള ഭീഷണികൾ എന്നിങ്ങനെയായാണ് കേരളം മുഴുവൻ ശ്രദ്ധിക്കുകയും വലിയ ചർച്ചകളുയരുകയും ചെയ്ത ഒരു ആദിവാസി കൊലപാതകത്തിനു മേലുണ്ടായ തുടർനടപടികൾ.

മൂന്നു വകുപ്പുകൾ നേരിട്ട് ഉത്തരം പറയേണ്ട സംഭവമാണിത്. ആരോഗ്യ വകുപ്പ്, ആഭ്യന്തര വകുപ്പ്, ആദിവാസികളുടെ ക്ഷേമത്തിന് മാത്രമായുള്ള മന്ത്രിയുള്ള വകുപ്പ്. എന്നിട്ടും ഈ വകുപ്പുകളുടെ ചുമതലയുള്ള ഒരു മന്ത്രിയും വിശ്വനാഥന്റെ വീട്ടിലെത്തിയില്ല.

കോഴിക്കോട്ട്​ ആൾക്കൂട്ട പീഡനത്തെ തുടർന്ന് മരിച്ചനിലയിൽ കണ്ടെത്തിയ വിശ്വനാഥന്റെ മരണാനന്തരജീവിതവും മധുവിൽ നിന്ന്​ ഒട്ടും വ്യത്യസ്തമല്ല. മൂന്നു വകുപ്പുകൾ നേരിട്ട് ഉത്തരം പറയേണ്ട സംഭവമാണിത്. ‘ആത്മഹത്യ’ക്ക് കാരണമായെന്ന് ആരോപിക്കപ്പെടുന്ന ആൾക്കൂട്ട പീഡനം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ്, സംഭവം നടന്നശേഷം വിശ്വനാഥനെ കാണാനില്ല എന്ന പരാതിയുമായി ചെന്ന അയാളുടെ സഹോദരനടക്കമുള്ളവരെ അപമാനിക്കുകയും വളരെ വൈകിമാത്രം കേസെടുക്കുകയും ചെയ്ത സ്ഥലം പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ആഭ്യന്തര വകുപ്പ്, ആദിവാസികളുടെ ക്ഷേമത്തിന് മാത്രമായുള്ള മന്ത്രിയുള്ള വകുപ്പ്.

എന്നിട്ടും വിശ്വനാഥന്റെ മരണത്തിൽ പ്രത്യേകിച്ചൊരു ഞെട്ടലുമുണ്ടായില്ല. ഈ വകുപ്പുകളുടെ ചുമതലയുള്ള ഒരു മന്ത്രിയും വിശ്വനാഥന്റെ വീട്ടിലെത്തിയില്ല. സാമാന്യമായി ഇത്തരത്തിൽ ആൾക്കൂട്ട പീഡനത്തെത്തുടർന്ന്, കള്ളനെന്ന വ്യാജ ആരോപണത്തിൽനിന്ന്​ അക്ഷരാർത്ഥത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും അപരിചിതമായ ഹിംസയുടെ തമോദ്വാരത്തിലേക്ക് വലിച്ചിടപ്പെടുന്നതിനെ ഭയന്ന് മരണത്തിലേക്ക് തൂങ്ങിക്കയറുകയും ചെയ്ത നിസ്സഹായനായൊരു മനുഷ്യൻ ആദിവാസിയല്ലെങ്കിൽക്കൂടി നമ്മുടെ സാമൂഹ്യജീവിതത്തിന്റെ ക്രൗര്യത്തെക്കുറിച്ചുള്ള ആകുലതകളുയർത്തേണ്ടതാണ്. ഒന്നുമുണ്ടായില്ല.

മധു എന്നൊരു ആദിവാസിയെ ‘നാട്ടുകാർ' എന്ന്​ വിളിപ്പേരുള്ള വിഭാഗത്തിലെ കുറേപ്പേർ ചേർന്ന് തല്ലിക്കൊന്നു. ആദ്യഘട്ടത്തിൽ പതിവുപോലെ കേരളം ലജ്ജിച്ചു, പിന്നെ ക്ഷോഭിച്ചു, പിന്നെ പതിവ് യോഗാസനങ്ങളിൽ മുഴുകി.
മധു എന്നൊരു ആദിവാസിയെ ‘നാട്ടുകാർ' എന്ന്​ വിളിപ്പേരുള്ള വിഭാഗത്തിലെ കുറേപ്പേർ ചേർന്ന് തല്ലിക്കൊന്നു. ആദ്യഘട്ടത്തിൽ പതിവുപോലെ കേരളം ലജ്ജിച്ചു, പിന്നെ ക്ഷോഭിച്ചു, പിന്നെ പതിവ് യോഗാസനങ്ങളിൽ മുഴുകി.

അങ്ങനെ അനങ്ങാപ്പാറകളോ ഹൃദയശൂന്യരോ അല്ല നമ്മുടെ ഭരണകൂടവും സർക്കാരും. അവർക്ക് വേണ്ടപ്പട്ടവരുടെ മനോവിഷമങ്ങൾ അവരെ ആകുലപ്പെടുത്താറുണ്ട്. അത്തരം വിഷമസന്ധികളിൽ അവർ ആശ്വസിപ്പിക്കാൻ ഓടിയെത്താറുമുണ്ട്. സ്‌കൂൾ കലോത്സവത്തിലെ സസ്യാഹാരസദ്യയുടെ പേരിൽ ചർച്ചകളുണ്ടാവുകയും ബഹുഭൂരിപക്ഷം മനുഷ്യരും മത്സ്യ-മാംസം കഴിക്കുന്ന കേരളത്തിലെ ഒരു പൊതുഭക്ഷണശാലയിൽ എന്തുകൊണ്ട് സസ്യാഹാരം മാത്രം വിളമ്പുന്നു എന്ന ചോദ്യമുയരുകയും ചെയ്തു. ആ ചർച്ചകൾക്കിടയിൽ കഴിക്കുന്ന ആഹാരം ഒരാളുടെ സ്വഭാവത്തെ നിർണയിക്കുന്നുവെന്നും മാംസാഹാരം കഴിക്കുന്നവരുടെ സ്വഭാവം സസ്യാഹാരികളുടേതിൽ നിന്ന്​ ഭിന്നമാണ് (നിഷേധാത്മകമായ തരത്തിൽ) എന്ന സൂചനയുമായി അഭിപ്രായം പറഞ്ഞ സദ്യയുടെ കരാറുകാരൻ പഴയിടം മോഹനൻ നമ്പൂതിരി അതിന്റെ പേരിൽ വിമർശിക്കപ്പെട്ടു. അദ്ദേഹം ഇനി മുതൽ കലോത്സവസദ്യയുടെ കരാർ എടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. ഒട്ടും വൈകിയില്ല, ‘പരമസാത്വികനായ തിരുമേനിയെ' സന്ദർശിക്കാനും അദ്ദേഹത്തിനെ സമാശ്വസിപ്പിക്കാനും സംസ്ഥാന മന്ത്രിയായ വി.എൻ. വാസവൻ തന്നെ ഓടിയെത്തി. പരമസാത്വികനായ തിരുമേനി (മന്ത്രി വാസവന്റെ വാക്കുകളാണ്) മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നും പരമസാത്വികനായ ആദിവാസി ഒരിക്കലും ഉണ്ടാകുന്നില്ലെന്നും മനസിലാക്കുന്നതോടെ തീരുന്ന പരാതിയേ നമുക്കുണ്ടാകേണ്ടതുള്ളൂ.

കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസിക്ഷേമപദ്ധതികളുടെ ചാവുനിലമായ സ്ഥലമായിരിക്കും അട്ടപ്പാടി. എന്നിട്ടും അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്‌നങ്ങളറിയാൻ മന്ത്രിമാർക്കും പരിവാരങ്ങൾക്കും ആണ്ടോണ്ടാണ്ട് സന്ദർശനം നടത്തേണ്ട അവസ്ഥയാണ്.

കേരള മാതൃകയിലെ ആദിവാസി

കേരളത്തിലെ ആദിവാസികൾ ‘മുഖ്യധാര' എന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയ-സാമൂഹ്യാധികാരഘടനയ്ക്ക് പുറത്താണ് എന്ന കാര്യത്തിൽ ആർക്കും സംശയമൊന്നുണ്ടാകില്ല. പതിറ്റാണ്ടുകളായി ആദിവാസികളുടെ ‘ഉന്നമനം' എന്ന പേരിൽ നടത്തുന്ന കോടാനുകോടി രൂപയുടെ സർക്കാർ പദ്ധതികൾ വീതം വെച്ചെടുക്കാൻ രാഷ്ട്രീയ- ഉദ്യോഗസ്ഥ വിഭാഗങ്ങൾക്കുവേണ്ടി കാലാകാലങ്ങളിൽ ആദിവാസികളുടെ സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ പിന്നാക്കാവസ്ഥ അതേപടി നിലനിർത്താൻ സർക്കാർ ഭരണസംവിധാനം സദാ ജാഗരൂകരാണ്. കൃത്യമായ കാലയളവുകളിൽ മുൻ കൊല്ലങ്ങളെക്കാളും ഗംഭീരമായി ആദിവാസികളുടെ ജീവിതത്തെയും ദാരിദ്ര്യത്തെയുമൊക്കെ കുറിച്ചുള്ള വിലാപങ്ങളും സന്ദർശനങ്ങളും ഇത്തവണയും അരങ്ങേറി എന്നതും എല്ലാ വർഷവും ഉറപ്പാക്കാറുമുണ്ട്. ഇക്കോ-ടൂറിസം പോലൊരു പരിപാടിയിൽപ്പെട്ട കാഴ്ചവസ്തുവായാണ് ആദിവാസി പരമാവധി പ്രതിഷ്ഠിക്കപ്പെടുക. ജീവിതസൗകര്യങ്ങളുടെ പ്രാഥമിക നിലകൾപ്പോലും പ്രാപ്യമല്ലാത്ത അഞ്ചു ലക്ഷത്തോളം വരുന്ന മനുഷ്യരെ ഓർക്കുക പോലുമില്ലാത്ത ഒരു സമൂഹമായി നാം നിലനിന്നുപോരുന്നു; കേരള മാതൃക.

ഈ കേരള മാതൃക വയനാട്ടിലും അട്ടപ്പാടിയിലുമൊക്കെ ചെറിയ വകഭേദങ്ങളോടെ ആവർത്തിച്ചുകൊണ്ടിരിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസിക്ഷേമപദ്ധതികളുടെ ചാവുനിലമായ സ്ഥലമായിരിക്കും അട്ടപ്പാടി. എന്നിട്ടും അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്‌നങ്ങളറിയാൻ മന്ത്രിമാർക്കും പരിവാരങ്ങൾക്കും ആണ്ടോണ്ടാണ്ട് സന്ദർശനം നടത്തേണ്ട അവസ്ഥയാണ്. നമ്മുടെ പൊതുജീവിതത്തിന്റെ വ്യവഹാരങ്ങളിൽനിന്ന്​ ഒരു ജനസമൂഹം എത്രത്തോളം തീണ്ടിക്കൂടാതെയും ദൃഷ്ടിയിൽപ്പെടാതെയും മാറ്റിനിർത്തപ്പെടുന്നു എന്നതിന്റെ ചരിത്രമാണിത്.

പ്രാഥമിക ജീവിതസൗകര്യങ്ങൾ പോലുമില്ലാത്ത അഞ്ചു ലക്ഷത്തോളം മനുഷ്യരെ ഓർക്കുക പോലും ചെയ്യാത്ത ഒരു സമൂഹമായി കേരളം നിലനിന്നുപോരുന്നു / Photo: Shafeeq Thamarassery
പ്രാഥമിക ജീവിതസൗകര്യങ്ങൾ പോലുമില്ലാത്ത അഞ്ചു ലക്ഷത്തോളം മനുഷ്യരെ ഓർക്കുക പോലും ചെയ്യാത്ത ഒരു സമൂഹമായി കേരളം നിലനിന്നുപോരുന്നു / Photo: Shafeeq Thamarassery

കേരളത്തിലെ വളരെ ചെറിയൊരു ജനസമൂഹമാണ് ആദിവാസികൾ. 2011ലെ കണക്കനുസരിച്ച്​ 4,84,839 ആദിവാസികളാണ് കേരളത്തിലുള്ളത്. കേരള ജനസംഖ്യയുടെ കേവലം 1.43%. അതിൽത്തന്നെ ഏറ്റവും കൂടുതൽ ആദിവാസികൾ കേന്ദ്രീകരിച്ചിരിക്കുന്ന ജില്ലകൾ വയനാട്, ഇടുക്കി, കാസർഗോഡ്, പാലക്കാട് എന്നിവയാണ്. ഈ ജില്ലകളിൽത്തന്നെ ആദിവാസികൾ ജില്ലയുടെ പല ഭാഗങ്ങളിലായി ചിതറിത്തെറിച്ചല്ല കഴിയുന്നത്. വയനാട് ജില്ലയിൽ മാത്രമാണ് മൊത്തം ജനസംഖ്യയുടെ താരതമ്യേന ഗണ്യമായൊരു വിഭാഗമായി (18.76%) ആദിവാസികളുള്ളത്. അതായത് ഭരണകൂടത്തിന് ക്ഷേമപദ്ധതികൾ നടപ്പാക്കാൻ കഴിയാത്ത വിധത്തിലുള്ള ഒരു തരത്തിലുള്ള ദുർഘട പ്രതിസന്ധിയും ആദിവാസികളുടെ കാര്യത്തിലില്ല. പ്രശ്‌നം സമീപനത്തിലാണ്. പരമാവധി മനുഷ്യരെ സാമൂഹ്യ- രാഷ്ട്രീയാധികാരത്തിനു പുറത്തുനിർത്തുന്ന അധികാരഘടനയുടേതാണ്.

ആദിവാസി ഭൂമിയുടെ കാര്യത്തിൽ ഇരു മുന്നണികളും ഒറ്റക്കെട്ടായി നിയമം അംഗീകരിച്ചു നടത്തിയ വഞ്ചനയേക്കാൾ വലുതൊന്നും, ഒരു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിസഭ ആദിവാസികളോട് ലോകത്തുതന്നെ അധികം ചെയ്തിട്ടില്ല.

‘ഭരണകൂട വംശഹത്യ’

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി ക്ഷേമരാജ്യത്തിന്റെ കേരള മാതൃകയായി കാലങ്ങളായി വളർത്തിക്കൊണ്ടുവരുന്ന സ്ഥലമാണ്. അട്ടപ്പാടിയിലെ ആദിവാസികളുടെ പേരിൽ കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന പൊറാട്ട് നാടകങ്ങൾ അസഹനീയമാണ്. 2013 -21 കാലത്ത്​ അട്ടപ്പാടിയിലെ ആദിവാസി ശിശുമരണങ്ങൾ 121 ആയിരുന്നു. ഈ കാലയളവിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെയടക്കം 131 കോടി രൂപ അവിടെ ചെലവഴിച്ചിട്ടാണ് സംസ്ഥാനം ഈ ‘നേട്ടം' കൈവരിച്ചത്. 2012- 2013-ൽ 35 ആദിവാസി നവജാത ശിശുക്കൾ (UNICEF Report) മരിച്ചു എന്ന വിവരം ലോകമറിയുകയും അല്പമൊക്കെ പുകിലുകളുണ്ടാവുകയും ചെയ്തപ്പോൾ അന്നത്തെ മന്ത്രിയും ഇരിട്ടിയിലെ കുടിയേറ്റ എം.എൽ.എയുമായിരുന്ന കെ.സി. ജോസഫിന്റെ സുവിശേഷ വാർത്ത ഇങ്ങനെയായിരുന്നു: ‘അട്ടപ്പാടിയിലെ ശിശുക്കളുടെ മരണത്തിനു കാരണം ഗർഭിണികളുടെ മദ്യപാനമാണെന്ന് ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്. ഗർഭിണികളടക്കം മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. ആദിവാസികൾ മദ്യത്തിന്റെ ഉപഭോഗം കുറച്ചാൽ എല്ലാ പ്രശ്‌നങ്ങൾക്കും ഒരുപരിധി വരെ പരിഹാരം കാണാനാകും. ആദിവാസി ഊരുകളിൽ ചാരായം വ്യാപകമാണെന്നും മന്ത്രി പറഞ്ഞു.’

ഉമ്മൻചാണ്ടിയും കുറച്ചില്ല: ‘അട്ടപ്പാടിയിൽ ശിശുമരണത്തിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണം കൊടുക്കുന്ന ഭക്ഷണം ആദിവാസികൾ കഴിക്കാത്തതാണെന്ന്’ ഔട്ട്​ലുക്ക്​ വാരികക്കു നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്രകടനം നടത്തി.

ഒരുതരം ആഭ്യന്തര അധിനിവേശത്തിന്റെ ഹിംസാത്മകമായ ബാക്കിയാണ് കേരളത്തിലെ ആദിവാസികളുടെ ആധുനികകാല ജീവിതം / Photo: Shafeeq Thamarassery
ഒരുതരം ആഭ്യന്തര അധിനിവേശത്തിന്റെ ഹിംസാത്മകമായ ബാക്കിയാണ് കേരളത്തിലെ ആദിവാസികളുടെ ആധുനികകാല ജീവിതം / Photo: Shafeeq Thamarassery

ആദിവാസി ഭൂമിയുടെ കാര്യത്തിൽ ഇരു മുന്നണികളും ഒറ്റക്കെട്ടായി നിയമം അംഗീകരിച്ചു നടത്തിയ വഞ്ചനയേക്കാൾ വലുതൊന്നും, ഒരു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിസഭ ആദിവാസികളോട് ലോകത്തുതന്നെ അധികം ചെയ്തിട്ടില്ല. വിതയ്ക്കാനും കൊയ്യാനും വനവിഭവങ്ങൾക്കും കിടപ്പാട ഭൂമിക്കുമൊക്കെയുള്ള ആദിവാസികളുടെ ജനാധിപത്യാവകാശം ഒറ്റക്കെട്ടായി ഇല്ലാതാക്കിയ കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ എന്നിട്ടിപ്പോൾ സമൂഹ അടുക്കളയിലെ സദ്യയിലേക്ക് ആദിവാസികളെ ക്ഷണിക്കുന്നു.

ഡോ. ഇക്ബാൽ സമിതിയുടെ റിപ്പോർട്ടിൽ ആദിവാസി കുഞ്ഞുങ്ങളുടെ മരണത്തിനെ ‘State genocide' എന്നാണ് വിശേഷിപ്പിച്ചത്- ഭരണകൂട വംശഹത്യ. അതാകട്ടെ താൻ വളരെ ബോധപൂർവം, ഉറച്ച ബോധ്യത്തോടെ എഴുതിയതാണ് എന്ന് ഇക്ബാൽ പറയുകയും ചെയ്തു.

1951-ൽ അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 90% ആയിരുന്നു. 2001 ആയപ്പോൾ അത് 40.9% ആയി. 1951-ൽ 90 % ആദിവാസികൾക്ക് ചുറ്റും കിടന്നിരുന്ന ഭൂമി കഴിഞ്ഞ നൂറ്റാണ്ട് അവസാനിച്ചപ്പോഴേക്കും കുടിയേറ്റക്കാർ, കയ്യേറ്റക്കാർ, രാഷ്ട്രീയക്കാർ, ചലച്ചിത്ര താരങ്ങൾ എന്നിങ്ങനെ നാനാവിധ മനുഷ്യരുടെ കയ്യിലായി. അട്ടപ്പടിയിലെ വനവിസ്തൃതി 1959 ലെ 82%ത്തിൽ നിന്ന്​1996ൽ 19.7% ആയി കുറഞ്ഞു. ഭൂമി കയ്യേറാനുള്ളതാണെന്നും ശേഷം ഇത്തിരി മതവും ഒരു കുടിയേറ്റ- കയ്യേറ്റ രാഷ്ട്രീയ സമ്മർദ്ദ സംഘവുമുണ്ടെങ്കിൽ കേരളത്തിൽ ജനാധിപത്യത്തിൽ പൂത്തുലയാവുന്നതേയുള്ളുവെന്നും മനസിലാക്കാത്തതു കൊണ്ട് ആദിവാസികൾ, ദലിതർ തുടങ്ങി ധാരാളം മനുഷ്യർ മന്ത്രിമാരുടെ എഴുന്നള്ളത്തിൽ പ്രജകളായി വേഷം കെട്ടാൻ ബാക്കിയുണ്ട്.

എന്നാൽ രാഷ്ട്രീയകക്ഷികൾക്ക് ഈ പ്രശ്‌നങ്ങൾ അറിയില്ല എന്നാണോ? ഒരിക്കലുമല്ല. 2013-ൽ അട്ടപ്പാടിയിലെ നവജാതശിശുക്കളുടെ മരണം കോലാഹലമായപ്പോൾ (ഉമ്മൻചാണ്ടി മുഖ്യമന്ത്രി- യു.ഡി.എഫ്​ ഭരണം) സി.പി.ഐ- എം ഒരു ആരോഗ്യ വസ്തുതാപഠന സമിതിയെ നിയോഗിച്ചു. ഡോ. ബി. ഇക്ബാൽ സമിതിക്ക് നേതൃത്വം നൽകി. സമിതിയുടെ കണ്ടെത്തലുകൾ വസ്തുതാപരമായിരുന്നു. റിപ്പോർട്ട്​ ഇപ്പോഴും പാർട്ടിയുടെ കയ്യിലുണ്ട്.

ചെറിയ കൃഷികൊണ്ട് ജീവിതം കൊണ്ടുനടക്കാൻ ബുദ്ധിമുട്ടുള്ള ഇക്കാലത്ത് കൃഷിഭൂമിക്കപ്പുറത്തേക്ക് ആദിവാസികളുടെ സാമൂഹ്യ-രാഷ്ട്രീയാധികാരപ്രക്രിയ നീട്ടേണ്ടതുണ്ട്  / Photo: Shafeeq Thamarassery
ചെറിയ കൃഷികൊണ്ട് ജീവിതം കൊണ്ടുനടക്കാൻ ബുദ്ധിമുട്ടുള്ള ഇക്കാലത്ത് കൃഷിഭൂമിക്കപ്പുറത്തേക്ക് ആദിവാസികളുടെ സാമൂഹ്യ-രാഷ്ട്രീയാധികാരപ്രക്രിയ നീട്ടേണ്ടതുണ്ട് / Photo: Shafeeq Thamarassery

ഒന്നും നടന്നില്ല എന്ന് പറയരുത്, മധു എന്നൊരു ആദിവാസിയെ ‘നാട്ടുകാർ' എന്ന വിളിപ്പേരുള്ള വിഭാഗത്തിലെ കുറേപ്പേർ ചേർന്ന് തല്ലിക്കൊന്നു. ആദ്യഘട്ടത്തിൽ പതിവുപോലെ കേരളം ലജ്ജിച്ചു, പിന്നെ ക്ഷോഭിച്ചു, പിന്നെ പതിവ് യോഗാസനങ്ങളിൽ മുഴുകി.

2017-ൽ ഇക്ബാൽ കമ്മറ്റി റിപ്പോർട്ടൊക്കെ കയ്യിലുള്ള സമയത്ത്, ഒന്നാം പിണറായി വിജയൻ സർക്കാർ ഭരിക്കുമ്പോൾ അട്ടപ്പാടിയിൽ 14 നവജാതശിശുക്കൾ മരിച്ചു. ‘വർഗസമരം തോൽക്കയില്ല’ എന്നൊരു കവർ ഫോ​ട്ടോയിട്ട്​ ആ പ്രതിസന്ധിയെ ജനം മറികടന്നു.

ഡോ. ബി. ഇക്ബാൽ
ഡോ. ബി. ഇക്ബാൽ

ഡോ. ഇക്ബാൽ സമിതിയുടെ റിപ്പോർട്ടിൽ ആദിവാസി കുഞ്ഞുങ്ങളുടെ മരണത്തിനെ ‘State genocide' എന്നാണ് വിശേഷിപ്പിച്ചത്- ഭരണകൂട വംശഹത്യ. അതാകട്ടെ താൻ വളരെ ബോധപൂർവം, ഉറച്ച ബോധ്യത്തോടെ എഴുതിയതാണ് എന്ന് ഇക്ബാൽ പറയുകയും ചെയ്തു. 2013-ൽ ഭരണകൂട വംശഹത്യയുടെ കൊടുംക്രൂരത നടന്നെന്ന് പാർട്ടി നിയോഗിച്ച സമിതി കണ്ടെത്തൽ നടത്തിയ സ്ഥലത്ത് 2021-ൽ ആരോഗ്യ- വനിത- ശിശുക്ഷേമ മന്ത്രി പോയിരുന്ന് ആദിവാസികളെന്ന ‘വിചിത്ര മനുഷ്യരെ' കണ്ട വിവരം നാട്ടുകാരെ അറിയിക്കുന്നു. സ്വകാര്യത, ആത്മാഭിമാനം, പൗരാവകാശം ഇതൊക്കെ പ്രമാണിമാർക്കുള്ളത്ര ആദിവാസികൾക്കില്ലല്ലോ. അതുകൊണ്ട് ‘ഇന്ന് രാവിലെ എന്താ കഴിച്ചേ' എന്ന് ഒരു ആദിവാസി സ്ത്രീയോട് താൻ ചോദിക്കുന്നതും അവരുടെ മറുപടിയും അതിന്റെ തർജ്ജമയുമിട്ട് ഭൂതദയ പ്രദർശിപ്പിക്കാൻ മന്ത്രിക്കാവും. അതായത്, വംശഹത്യയുടെ പുത്തൻ ആക്രമണങ്ങൾ അനുഭവിക്കുന്ന ഒരു ജനതയുടെ ഭക്ഷ്യ സുരക്ഷയുടെ വിവരങ്ങൾക്കായി 2021-ലും മന്ത്രി അലയുകയാണ്. ജനാധിപത്യത്തിന്റെ വസന്തഗീതമല്ലേ കേൾക്കുന്നത്!

അടിസ്ഥാനപരമായ പരിഹാരം ആദിവാസി ഭൂമിപ്രശ്‌നം പരിഹരിക്കുകയും ആരോഗ്യം, വിദ്യാഭ്യാസം മറ്റ് അടിസ്ഥാന മനുഷ്യാവകാശങ്ങൾ എന്നിവ അടിയന്തരമായി ഉറപ്പാക്കുകയുമാണ്. അതിനെതിരാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയ ബന്ധത്തിലുള്ള എല്ലാ രാഷ്ട്രീയകക്ഷികളും.

കേരളത്തിലെ ശിശുമരണ നിരക്ക്​ (Infant Mortality Rate- IMR) ഏതാണ്ട് 6 ആണ്. അതേസമയം ആദിവാസികൾക്കിടയിൽ അത് 33 ആണ്. എന്തുകൊണ്ടാണ് ഈ ഭയാനകമായ വിടവുണ്ടാകുന്നത്? ഇക്ബാൽ കമ്മിറ്റി പറയുന്നത്, സാമാന്യമായി അട്ടപ്പാടിയിലെ നവജാതശിശുക്കളുടെ ജനനസമയഭാരം ഒരു കിലോയിലും കുറവാണ് എന്നാണ്. പോഷകാഹാരക്കുറവ്, വളർച്ച മുരടിപ്പ്, Stunting , Wasting തുടങ്ങി കുട്ടികളുടെ വളർച്ചയിൽ ആരോഗ്യകരമായ ഭക്ഷണത്തിന്റെ അഭാവത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവയെല്ലാം ആദിവാസി കുട്ടികളിൽ കേരളത്തിന്റെ പൊതുശരാശരിയേക്കാൾ എത്രയോ അധികമാണ്. മിക്ക ആദിവാസി സ്ത്രീകളും ഗർഭകാലത്ത് വിളർച്ചാ പ്രശ്‌നവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്നവരാണ്.

ഇതൊന്നും പുതിയ പ്രശ്‌നങ്ങളല്ല. എത്രയോ കാലമായി കേരളത്തിലെ ആദിവാസികൾ ജീവിച്ചുപോരുന്ന ദുരിതകാലമാണ്. അടിസ്ഥാനപരമായി ഇതിനുള്ള പരിഹാരം ആദിവാസി ഭൂമിപ്രശ്‌നം പരിഹരിക്കുകയും ആരോഗ്യം, വിദ്യാഭ്യാസം മറ്റ് അടിസ്ഥാന മനുഷ്യാവകാശങ്ങൾ എന്നിവ അടിയന്തരമായി ഉറപ്പാക്കുകയുമാണ്. അതിനെതിരാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയ ബന്ധത്തിലുള്ള എല്ലാ രാഷ്ട്രീയകക്ഷികളും. ആധുനിക ജീവിത സൗകര്യങ്ങൾ ആദിവാസി മേഖലകളിൽ നൽകാതെ തനത് സംസ്‌കാരസംരക്ഷണം നടത്തുകയാണോ സർക്കാർ?

കേരളത്തിലെ ശിശുമരണ നിരക്ക്​ (Infant Mortality Rate- IMR) ഏതാണ്ട് 6 ആണ്. അതേസമയം ആദിവാസികൾക്കിടയിൽ അത് 33 ആണ്.  / Photo: youthkiawaaz.com
കേരളത്തിലെ ശിശുമരണ നിരക്ക്​ (Infant Mortality Rate- IMR) ഏതാണ്ട് 6 ആണ്. അതേസമയം ആദിവാസികൾക്കിടയിൽ അത് 33 ആണ്. / Photo: youthkiawaaz.com

ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങൾ നോക്കിയാൽ അവഗണന എന്നതൊരു കുറഞ്ഞ വാക്കാണെന്ന് മനസിലാകും. കുടിയേറ്റക്കാരുടെ ഇടയിലെ നവജാത ശിശുക്കളുടെ മരണനിരക്ക് അതേ ഭൂപ്രദേശത്ത് താമസിക്കുന്ന ആദിവാസികളുടേതിൽനിന്ന്​ അജഗജാന്തരമുള്ളതാവുന്നത് എന്തുകൊണ്ടാണ്? അതായത്, പ്രശ്‌നം കേരളത്തിലെ രാഷ്ട്രീയ- സാമൂഹ്യാധികാരത്തിന്റെ ഏതു നിലയിലാണ് നിങ്ങളുള്ളത് എന്നാണ്. അതിലൊരിടത്തും ആദിവാസിയില്ല. വാസ്തവത്തിൽ ചെറുകിട കുടിയേറ്റ കർഷകനൊക്കെ സാമാന്യമായി ചൂഷണം ചെയ്യപ്പെടുന്ന കൂട്ടത്തിലാണ്. പക്ഷെ ഒരു ജനവിഭാഗം എന്ന നിലയിൽ ആദിവാസികൾ സമൂഹത്തിന്റെ പുറത്തുനിർത്തപ്പെട്ടവരാണ് എന്നതാണ് വ്യത്യാസം.

ജനാധിപത്യം ഔദാര്യത്തിന്റെ സമൂഹ അടുക്കളയല്ല. പത്തു രൂപയ്ക്ക് കോർപ്പറേഷൻ സബ്‌സിഡിയിൽ കൊച്ചിയിൽ പാവപ്പെട്ടവർക്ക് ഉച്ചയൂണ് നൽകാൻ, ആരും വിശക്കാതിരിക്കാൻ എന്ന ലക്ഷ്യത്തോടെ, തീരുമാനിച്ചപ്പോൾ സർക്കാർ ഉദ്യോഗസ്ഥരടക്കം ഊണ് വാങ്ങാൻ വരുന്നെന്നും നല്ല ഊണെന്നു പറയുന്നതും വാർത്തകളുണ്ടായ നാടാണ് നമ്മുടേത്.

ആദിവാസികൾക്ക് അത്ര ലാഭം വേണ്ട. ഭക്ഷണം അവർ സ്വന്തമായി ഉണ്ടാക്കി കഴിച്ചോളും. അതിനവർക്ക് ഭൂമി വേണം, രോഗം വന്നാൽ ചികിത്സിക്കാൻ ആശുപത്രി വേണം, അവിടെ അഹങ്കാരത്തിന്റെയും ഔദ്ധത്യത്തിന്റെയും ആൾരൂപങ്ങളായ ജീവനക്കാർ ഇല്ലാതിരിക്കണം, നല്ല വിദ്യാലയങ്ങൾ വേണം, പൗരാവകാശങ്ങളോട് കൂടി ആത്മാഭിമാനത്തോടുകൂടി ജീവിക്കാൻ കഴിയണം, മന്ത്രിമാരുടെ സന്ദർശനത്തിൽ വംശീയ മുൻവിധികളുടെ കാഴ്ചകളാക്കി മാറ്റുന്ന അശ്ലീലം ഉണ്ടാകാതിരിക്കണം.

അടിസ്ഥാനപരമായി ആദിവാസികൾ നേരിടുന്ന പ്രശ്‌നം വിഭവങ്ങളുടേയും വിഭവസ്രോതസ്സുകളുടെയും മുകളിലുള്ള ഉടമസ്ഥതയുടെയും അവയുടെ വിനിയോഗാവകാശത്തിന്റെയുമാണ്. ഇത് ഭൂമിപ്രശ്‌നം മാത്രമല്ല എന്നു കൂടിയുണ്ട്.

യൂറോപ്പിൽ ഏതാണ്ട് 1960-കൾ വരെ ആഫ്രിക്കൻ ആദിവാസി ഗ്രാമങ്ങളുടെ മാതൃകയും കറുത്ത മനുഷ്യരും ‘Human zoo' ആക്കി പ്രദർശനങ്ങൾ നടത്തുന്ന പരിപാടിയുണ്ടായിരുന്നു. വെള്ളക്കാർ അതുകാണാൻ കുടുംബസമേതം പോയിരുന്നു. അട്ടപ്പാടിയിലെ നവജാതശിശുക്കളുടെ മരണനിരക്ക് പൊതുശരാശരിയേക്കാൾ കുത്തനെ ഉയർന്ന വിവാദമുണ്ടായപ്പോൾ ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശനം നടത്തിയിരുന്നു. രാഷ്ട്രീയാധികാരികളുടെ അത്തരം സന്ദർശനങ്ങളൊക്കെ human zoo കാണുന്ന വെള്ളക്കാരന്റെ ദയാവായ്പാണ്. സന്ദർശനവേളയിൽ അവർ ഒരു ക്ലാസ് മുറിയിലിരിക്കുന്ന മട്ടിൽ മുന്നിലിരുത്തിയ ആദിവാസികളുടെ കൂട്ടത്തിലെ പ്രായമായൊരു സ്ത്രീയോട് ‘ഇന്നെന്താ കഴിച്ചേ' എന്ന്​ വാത്സല്യത്തോടെ ചോദിക്കുന്നുണ്ട്. ആ ദൃശ്യം മന്ത്രിയുടെ മാനുഷികമായ ഇടപെടലിന്റെ സാക്ഷ്യമെന്നോണം അവർ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. തിരുവല്ലയിലോ ചങ്ങനാശേരിയിലോ ഉള്ള ഏതെങ്കിലുമൊരു സവർണ ഓർത്തഡോക്‌സ് വൃദ്ധ അത്തരത്തിലൊരു നാടകത്തിൽ വേഷം കെട്ടാൻ മുമ്പിലിരിക്കില്ല. അല്ലെങ്കിൽ അങ്ങനെയൊരു പ്രദേശത്തുള്ള ഒരു സവർണ സ്ത്രീയോടും ഈ അധികാരവാത്സല്യം മന്ത്രിക്ക് പ്രകടിപ്പിക്കാൻ കഴിയില്ല. തങ്ങളുടെ നാടകങ്ങൾക്കുവേണ്ടി വേഷം കെട്ടാൻ വിധിക്കപ്പെട്ട മട്ടിൽ ഗതികെട്ടൊരു ജനസമൂഹത്തെ ഇങ്ങനെ നിലനിർത്തുക എന്നതിൽപ്പരം അധികാരത്തിന്റെ അശ്ലീലം മറ്റെന്തുണ്ട്.

ചർച്ചയാക്കപ്പെടാത്ത ഭൂമി

അട്ടപ്പാടിയുടെ, കേരളത്തിലെ, ആദിവാസികളുടെ പ്രശ്‌നങ്ങൾക്ക് ഇത്തരം സന്ദർശന നാടകങ്ങൾ ഒരു പരിഹാരവുമുണ്ടാക്കില്ല. അടിസ്ഥാനപരമായ പ്രശ്‌നം ഭൂവുടമസ്ഥതയുടെയും വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങളുടേയും രാഷ്ട്രീയാധികാരത്തിന്റെയുമാണ്. ഇതെല്ലാം യാതൊരുവിധത്തിലും ചർച്ചയാക്കാതിരിക്കുക എന്നതാണ് ‘മുഖ്യധാര' രാഷ്ട്രീയ കക്ഷികൾ ചെയ്യുന്നതും. അതുകൊണ്ടുതന്നെ State Genocide എന്ന റിപ്പോർട്ട് ഉണ്ടാക്കാത്ത ഞെട്ടലൊന്നും ഇരുത്തം വന്ന കരനാഥന്മാർക്ക് ഇനിയുണ്ടാകാൻ വഴിയില്ല.

ഒരു ജനവിഭാഗം എന്ന നിലയിൽ ആദിവാസികൾ സമൂഹത്തിന്റെ പുറത്തുനിർത്തപ്പെട്ടവരാണ് / Photo: Shafeeq Thamarassery
ഒരു ജനവിഭാഗം എന്ന നിലയിൽ ആദിവാസികൾ സമൂഹത്തിന്റെ പുറത്തുനിർത്തപ്പെട്ടവരാണ് / Photo: Shafeeq Thamarassery

ഒരു സമൂഹത്തിലുള്ള പട്ടിണി, ദാരിദ്ര്യം, സാമ്പത്തിക അസന്തുലിതാവസ്ഥ, വിഭവങ്ങളുടെ ഉടമസ്ഥതയിലെ അന്തരങ്ങൾ എന്നിവയെല്ലാം രാഷ്ട്രീയ സമ്പദ്​വ്യവസ്​ഥയുടെ വിവിധ പ്രകാശനങ്ങളായി കാണുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന് ആദിവാസികളുടെ പ്രശ്‌നത്തിൽ അത്തരത്തിലൊരു സമീപനത്തെ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നത് പോയിട്ട്, അതിനെ അഭിസംബോധന ചെയ്യാൻ പോലും കഴിയാത്തത് എന്തുകൊണ്ടാണ്? അടിസ്ഥാനപരമായി ആദിവാസികൾ നേരിടുന്ന പ്രശ്‌നം വിഭവങ്ങളുടേയും വിഭവസ്രോതസ്സുകളുടെയും മുകളിലുള്ള ഉടമസ്ഥതയുടെയും അവയുടെ വിനിയോഗാവകാശത്തിന്റെയുമാണ്. ഇത് ഭൂമിപ്രശ്‌നം മാത്രമല്ല എന്നു കൂടിയുണ്ട്. അതായത് കുറച്ചു പതിറ്റാണ്ടുകൾക്കുമുമ്പ് കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിയുന്ന ഒന്നായിരുന്നുവെങ്കിൽ ഇന്നിപ്പോൾ രണ്ടേക്കറോ അഞ്ചേക്കറോ കൃഷിഭൂമി പോലും ചരിത്രപരമായി ആദിവാസികൾ നേരിട്ട സാമ്പത്തികവും സാമൂഹ്യവുമായ അനീതിയെ തിരുത്തുന്നതിനോ ക്രമേണയായി ഇല്ലാതാക്കുന്നതിനുപോലും ഉതകില്ല. മറ്റു തരത്തിലുള്ള സാമൂഹ്യമൂലധനത്തിന് കുറവില്ലാത്ത മനുഷ്യർക്ക് പോലും ചെറിയ കൃഷികൊണ്ട് ജീവിതം കൊണ്ടുനടക്കാൻ ബുദ്ധിമുട്ടുള്ള ഇക്കാലത്ത് കൃഷിഭൂമിക്കപ്പുറത്തേക്ക് ആദിവാസികളുടെ സാമൂഹ്യ-രാഷ്ട്രീയാധികാരപ്രക്രിയ നീട്ടേണ്ടതുണ്ട്. അപ്പോഴാണ് അത്തരത്തിലൊരു ശ്രമംപോലും നടത്താതെ മനുഷ്യനെന്ന സാമാന്യമായ അസ്തിത്വാവകാശം പോലും ആദിവാസികൾക്ക് നിഷേധിക്കപ്പെടുന്നത്.

സ്വകാര്യസ്വത്തെന്ന ഉടമസ്ഥതാസങ്കൽപ്പത്തിലേക്ക് പോകാതിരുന്ന സാമൂഹ്യബോധമായിരുന്നു ആദിവാസിയുടെ പ്രശ്‌നം. അതുകൊണ്ടുതന്നെ ഭൂവുടമകളായ പഴയതും പുതിയതുമായ ജന്മിമാരുടെ അടിമകളായി തലമുറകളോളം കഴിയേണ്ടിവന്നു.

ആദിവാസികളുടെ ഭൂമിപ്രശ്‌നം ഉപേക്ഷിക്കാവുന്ന ഒന്നാണെന്നല്ല. അത് വളരെ കൃത്യമായി ഒരടിത്തറയായി പരിഹരിക്കേണ്ട പ്രശ്‌നമാണ്. എന്നാൽ ആ പ്രശ്‌നത്തോടുള്ള കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളുടെയും നിലപാട് വെള്ളം ചേർക്കാത്ത വഞ്ചനയായി തുടരുന്നു. 1975-ൽ കേരള നിയമസഭാ അംഗീകരിച്ച, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമത്തെ പല ഘട്ടങ്ങളിലായി നിയമസഭ ആ വഴിക്കുതന്നെ ഇല്ലാതാക്കിക്കളഞ്ഞു. ആദ്യ നിയമത്തിൽ 1960 മുതൽ മുൻകാല പ്രാബല്യമുണ്ടായിരുന്നു. 1986-ലാണ് നിയമം വിജ്ഞാപനം ചെയ്തത്. അപ്പോഴാകട്ടെ മുൻകാല പ്രാബല്യം 1982-ലേക്ക് മാറ്റി. ദേശീയതലത്തിൽത്തന്നെ 1960-ൽ യു.എൻ. ധേബാർ കമ്മീഷൻ നിർദ്ദേശിച്ചിരുന്നത്, 1950 ജനുവരി 26-നു ശേഷമുള്ള എല്ലാ ആദിവാസി ഭൂമി കൈമാറ്റവും റദ്ദാക്കി ഭൂമി ആദിവാസികൾക്ക് തിരികെ നല്കണമെന്നായിരുന്നു. എന്നിട്ടും കുടിയേറ്റ- കയ്യേറ്റ- കൃസ്ത്യൻ സഭ അടക്കമുള്ള സമ്മർദ്ദസംഘങ്ങളുടെ വിരട്ടലിൽ നിയമം അനങ്ങാതെ കിടന്നു. ഇത് ചൂണ്ടിക്കാട്ടി ഡോ. നല്ലതമ്പി തേര ഹൈക്കോടതിയെ സമീപിച്ചു. വാദം കേട്ടശേഷം 1993-ൽ നിയമം നടപ്പാക്കാൻ ഉത്തരവിട്ട്​ ഹൈക്കോടതി വിധി വന്നു. 1996-ൽ കെ.ആർ.ഗൗരിയമ്മ ഒഴികെയുള്ള എല്ലാ അംഗങ്ങളും അനുകൂലിച്ച്​ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമം അട്ടിമറിക്കാനുള്ള നിയമഭേദഗതി കേരള നിയമസഭ അംഗീകരിച്ചു. 1986 ജനുവരി 24 വരെയുള്ള എല്ലാ ആദിവാസി ഭൂമി ഇടപാടുകളും സാധുവാക്കിയ ആ നിയമഭേദഗതി ആദിവാസി ഭൂമിപ്രശ്‌നത്തിൽ കയ്യേറ്റഭൂമി തിരിച്ചുപിടിച്ചുള്ള ഒരു പരിഹാരവും സാധ്യമല്ലെന്ന് പ്രഖ്യാപിക്കാൻ കൂടിയായിരുന്നു. നിയമഭേദഗതി ഭരണഘടനാനുസൃതമല്ലെന്ന് കാണിച്ച് അന്നത്തെ രാഷ്ട്രപതി കെ.ആർ.നാരായണൻ നിയമത്തിന്​ അനുമതി നിഷേധിച്ചെങ്കിലും ഇത് മറികടക്കാൻ 1999-ൽ പുതിയ ഭേദഗതി നിയമം സംസ്ഥാന നിയമസഭ അംഗീകരിച്ചു. ഭേദഗതികൾ ഹൈക്കോടതി റദ്ദാക്കിയെങ്കിലും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളും സർക്കാരും പിന്മാറിയില്ല. 2009-ൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിന്റെ ഭേദഗതി നിയമത്തിന്​ ഭാഗികമായി അംഗീകാരം നൽകി. ആദിവാസികളുടെ ഭൂമിപ്രശ്‌നം സർക്കാരിന്റെ സങ്കുചിതമായ പരിഹാരപദ്ധതിയനുസരിച്ച് നടന്നോ? അതുമില്ല.

ഭരണകൂടം എന്ന വേട്ടക്കാർ

എന്തുകൊണ്ടാണ് നൂറ്റാണ്ടുകളായി വയനാട്ടിലടക്കം കാടുകളിലും വനമേഖലയിലും താമസിക്കുന്ന ആദിവാസികൾ ഇപ്പോഴും ഭൂമിയോ ജീവിത സൗകര്യങ്ങളോ ഇല്ലാതെ കഴിയുന്നത്? എന്തുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ പല പ്രദേശങ്ങളിൽ നിന്ന്​- പ്രധാനമായി തിരുവിതാംകൂറിൽ നിന്ന്- തുടങ്ങിയ കുടിയേറ്റത്തിന്റെ ഗുണഭോക്താക്കൾക്ക് സമൃദ്ധമായി ഭൂമിയും, കുടിയേറുകയും കയ്യേറുകയും ചെയ്ത ഭൂമിക്കും കാടിനും മുകളിൽ അവകാശവും അധികാരവും ലഭിച്ചത്? കുടിയേറ്റക്കാർ വരുന്നതിനു മുമ്പും ആദിവാസികൾക്കുചുറ്റും ഈ കാടായ കാടും ഭൂമിയുമുണ്ടായിരുന്നു. സ്വകാര്യസ്വത്തെന്ന ഉടമസ്ഥതാസങ്കൽപ്പത്തിലേക്ക് പോകാതിരുന്ന സാമൂഹ്യബോധമായിരുന്നു ആദിവാസിയുടെ പ്രശ്‌നം. അതുകൊണ്ടുതന്നെ ഭൂവുടമകളായ പഴയതും പുതിയതുമായ ജന്മിമാരുടെ അടിമകളായി തലമുറകളോളം കഴിയേണ്ടിവന്നു. കുടിയേറ്റത്തിന്റെ നീണ്ട പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ഭൂമി കൈവശമുണ്ടായിരുന്ന ആദിവാസികൾവരെ പുത്തൻ കുടിയേറ്റ ജന്മിമാരുടെയും ഇടത്തരം കൃഷിക്കാരുടെയുമൊക്കെ കൂലിപ്പണിക്കാരായി മാറി. ഒരുതരം ആഭ്യന്തര അധിനിവേശത്തിന്റെ ഹിംസാത്മകമായ ബാക്കിയാണ് കേരളത്തിലെ ആദിവാസികളുടെ ആധുനികകാല ജീവിതം.

ഭരണകൂടത്തിന് ക്ഷേമപദ്ധതികൾ നടപ്പാക്കാൻ കഴിയാത്ത വിധത്തിലുള്ള ഒരു തരത്തിലുള്ള ദുർഘട പ്രതിസന്ധിയും ആദിവാസികളുടെ കാര്യത്തിലില്ല. പ്രശ്‌നം സമീപനത്തിലാണ്  / Photo: Shafeeq Thamarassery
ഭരണകൂടത്തിന് ക്ഷേമപദ്ധതികൾ നടപ്പാക്കാൻ കഴിയാത്ത വിധത്തിലുള്ള ഒരു തരത്തിലുള്ള ദുർഘട പ്രതിസന്ധിയും ആദിവാസികളുടെ കാര്യത്തിലില്ല. പ്രശ്‌നം സമീപനത്തിലാണ് / Photo: Shafeeq Thamarassery

ആഭ്യന്തര അധിനിവേശത്തിന്റെ ഇരകളാക്കപ്പെട്ടൊരു ജനസമൂഹമാണ് ആദിവാസികൾ. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിലും തുടർന്ന് ഗണ്യമായ കാലത്തോളം സ്വതന്ത്ര ഇന്ത്യയിലും കാട്​ എന്നാൽ വിഭവശേഖരണത്തിനുള്ള, സാമ്പത്തിക വരുമാനം തരുന്ന ഒരിടം മാത്രമായിരുന്നു. കാടിനു മുകളിലുള്ള ആദിവാസികളുടെ അവകാശങ്ങളെയൊന്നും അതുകൊണ്ടുതന്നെ ഭരണകൂടം അംഗീകരിച്ചിരുന്നുമില്ല. വനത്തിനുമുകളിലുള്ള കൊളോണിയൽ, ഭരണകൂട ചൂഷണയുക്തിയെ പിന്തുടർന്ന കുടിയേറ്റം (അതിന്റെ ചരിത്രപരമായ കാരണങ്ങളുടെ ശരിതെറ്റുകൾ മറ്റൊരു വിഷയമാണ്) അതുകൊണ്ടുതന്നെ സ്വീകാര്യമായിരുന്നു. ആദിവാസികൾ നിർദ്ദാക്ഷിണ്യം ആ പുത്തൻ കേരളത്തിൽ നിന്ന്​ പുറത്താക്കപ്പെട്ടു. അതുകൊണ്ടാണ് വിശ്വനാഥനെ കള്ളനെന്ന് വ്യാജാരോപണം നടത്തി ആൾക്കൂട്ടപീഡനം നടത്തുകയും അതിന്റെ തുടർച്ചയായി അയാളെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തപ്പോൾ ‘അയ്യോ പാവം’ എന്നല്ലാതെ അതൊരു രാഷ്ട്രീയപ്രശ്‌നമായി മാറാഞ്ഞത്.

വിശ്വനാഥന്റെ കറുത്ത നിറമായിരുന്നു അയാളെ കള്ളനാക്കി മുദ്രകുത്താൻ പ്രേരിപ്പിച്ചത് എന്നതൊരു ലളിതവത്ക്കരണമായിരിക്കും. മലയാളിയുടെ സൗന്ദര്യബോധത്തിൽ കറുപ്പ് അധമവർണമാണെങ്കിലും കറുപ്പിലെ ധനികനേയും ദരിദ്രനെയും സവർണനെയും അവർണനെയും തിരിച്ചറിഞ്ഞ്​ ബഹുമാനിക്കാനും നിന്ദിക്കാനുമൊക്കെ മലയാളി തങ്ങളുടേതായ രീതികളുണ്ടാക്കിയെടുത്തിട്ടുണ്ട്. അതുകൊണ്ട് കറുത്തുപോയി എന്നതുകൊണ്ട് അവഗണിക്കപ്പെടുന്ന ചില സന്ദർഭങ്ങളും സ്ഥലങ്ങളുമുണ്ടാകുമെങ്കിലും ആത്യന്തികമായി സാമൂഹ്യ-സാമ്പത്തിക- രാഷ്ട്രീയാധികാരത്തിന്റെ ഏതു പടിയിലാണ് നിങ്ങൾ എന്നുള്ളതാണ് പ്രധാന പ്രശ്നം. വിശ്വനാഥൻ ആദിവാസിയായതുകൊണ്ടാണ് അയാളുടെ കറുപ്പ് നിന്ദ്യമായൊരു നിറമാകുന്നത്.

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഏതാണ്ട് 19,000 ആദിവാസി വിദ്യാർത്ഥികളാണ് വിദ്യാലയങ്ങളിൽനിന്ന്​ കൊഴിഞ്ഞുപോയത്. വയനാട്ടിൽ കൊഴിഞ്ഞുപോയ വിദ്യാർഥികളുടെ 80%-ത്തിലേറെയും ആദിവാസികളാണ്. അപ്പോഴും ആദിവാസിക്ഷേമമന്വേഷിക്കാൻ എത്തുന്നത് തണ്ടർബോൾട്ടിന്റെ വണ്ടികളാണ്.

ആദിവാസികളുടെ സമരം അന്നുവരെ കാണാത്ത വിധത്തിൽ അക്രമാസക്തമായിട്ടല്ല, 2003 ഫെബ്രുവരി 19-ന്​ മുത്തങ്ങ സമരത്തിനുനേരെ പൊലീസ് വെടിവെച്ചതും ജോഗി എന്ന ആദിവാസി കൊല്ലപ്പെട്ടതും; ആദിവാസികളുടേതാണ് സമരം എന്നുള്ളതുകൊണ്ടാണ്. അവർ തങ്ങളുടെ ഭൂമി തിരികെ ചോദിക്കുന്നു എന്നതുകൊണ്ടാണ്. ഒരു തരത്തിലുള്ള രാഷ്ട്രീയസമരവും അവകാശവും ആദിവാസികൾക്ക് അനുവദിക്കില്ല എന്നതുകൊണ്ടാണ്. ആദിവാസി ഊരുകളിലെ രാഷ്ട്രീയപ്രവർത്തനം പോലും അസാധ്യമാക്കുന്ന തരത്തിലാണ് ഭരണകൂടം പ്രവർത്തിക്കുന്നത്. കോടിക്കണക്കിനു രൂപ ചെലവഴിച്ച് മാവോവാദി വേട്ടയുടെ പേരിൽ ആദിവാസി ഊരുകളെ നിരന്തര നിരീക്ഷണത്തിൽ നിർത്തുന്നത് മാവോവാദികളെ തടയാനല്ല, ഒരു ജനത അവകാശങ്ങൾക്കുവേണ്ടി ഉയർന്നെണീക്കുന്നത് തടയാനാണ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഏതാണ്ട് 19,000 ആദിവാസി വിദ്യാർത്ഥികളാണ് വിദ്യാലയങ്ങളിൽനിന്ന്​ കൊഴിഞ്ഞുപോയത്. വയനാട്ടിൽ കൊഴിഞ്ഞുപോയ വിദ്യാർഥികളുടെ 80%-ത്തിലേറെയും ആദിവാസികളാണ്. അപ്പോഴും ആദിവാസിക്ഷേമമന്വേഷിക്കാൻ എത്തുന്നത് തണ്ടർബോൾട്ടിന്റെ വണ്ടികളാണ്.

മുത്തങ്ങ സമരത്തിൽ പ​ങ്കെടുത്ത ആദിവാസി കുടുംബത്തെ പൊലീസ് മർദിക്കുന്നു / Source: Adivasi Gothramahasabha
മുത്തങ്ങ സമരത്തിൽ പ​ങ്കെടുത്ത ആദിവാസി കുടുംബത്തെ പൊലീസ് മർദിക്കുന്നു / Source: Adivasi Gothramahasabha

ട്രൈബൽ സബ്​ പ്ലാൻ (Tribal Sub Plan) പദ്ധതിയിൽ വർഷം തോറും ഏതാണ്ട് 700 കോടി രൂപയാണ് കേരളത്തിൽ ചെലവഴിക്കുന്നത്. കഷ്ടി അഞ്ചുലക്ഷം വരുന്ന മനുഷ്യരിൽ മഹാഭൂരിഭാഗവും ഇപ്പോഴും പ്രാഥമികമായ മനുഷ്യാവകാശങ്ങളില്ലാത്ത ജീവിതപരിസരങ്ങളിലാണ് എന്നിട്ടും കഴിയുന്നത് എന്നുകാണുമ്പോൾ ആദിവാസിക്ഷേമത്തിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിന്റെ ആഴം മനസിലാക്കാം.

‘ഞങ്ങളെവിടെ ജീവിക്കണം’ എന്നുചോദിച്ച മനുഷ്യരായിരുന്നു മുത്തങ്ങയിൽ സമരം നടത്തിയത്. ‘ഞങ്ങൾ മരിച്ചാൽ എവിടെ കുഴിച്ചിടണം’ എന്നായിരുന്നു ആദിവാസികൾ ചോദിച്ചത്. ‘മല കയറിവന്ന ചേട്ടന്മാരുടെ കീഴിൽ ജീവിച്ചാൽ മതിയോ ഞങ്ങളുടെ കുട്ടികളും’ എന്നാണവർ ചോദിച്ചത്. തങ്ങൾക്കു ചുറ്റുമുള്ള കാടും ഭൂമിയും തങ്ങളിൽനിന്ന്​ തട്ടിയെടുത്തവർ മന്ത്രിമാരായിരിക്കുമ്പോൾ നീതിക്കുള്ള സമരത്തിനുള്ള മറുപടിക്ക് വെടിമരുന്നിന്റെ മണമാണെന്ന് വളരെ വേഗം അവർ മനസിലാക്കി. അന്നവിടെ എ. കെ.ആന്റണി സർക്കാർ പോലീസിനെ വിട്ടുനടത്തിയ അതിഭീകരമായ മനുഷ്യവേട്ട കേരളത്തിൽ നീതിയുടെ ഒരു ഉണക്കക്കൊള്ളികൊണ്ടുപോലും ചോദ്യം ചെയ്യപ്പെട്ടില്ല.

മുത്തങ്ങ സമരത്തിന്റെ രണ്ടു പതിറ്റാണ്ടു തികയുന്ന 2023-ൽ വിശ്വനാഥനെന്ന ആദിവാസിയുടെ കയറിൽ തൂങ്ങിയ ശരീരമല്ലാതെ, മറ്റെന്താണ് കേരളം കണികണ്ടുരാൻ ആഗ്രഹിക്കുന്ന നന്മ! ▮

Comments