ചില വ്യക്തികൾ ഭരണകൂടങ്ങളെ സംബന്ധിച്ച് അപകടകാരികളായി മാറുമ്പോൾ, ഒരു ആശയം തന്നെ നിലവിലുള്ള വ്യവസ്ഥിതിക്ക് എതിരാകുമ്പോൾ, ഇത്തരം മനുഷ്യരെയും ആശയങ്ങളെയും പൊതുരംഗത്തുനിന്ന് മാറ്റിനിർത്തുക എന്നത് എല്ലാ കാലത്തെയും ഭരണകൂടങ്ങളുടെ താൽപര്യമായിത്തീരുന്നു.
കേരളത്തിൽ, നക്സലൈറ്റ് പ്രസ്ഥാനം ശക്തമായിരുന്ന കാലത്ത്, അതിനെ സർക്കാർ വല്ലാത്ത ഭീഷണിയായി എടുക്കുകയും അവരെ അമർച്ച ചെയ്യാൻ പ്രത്യേക പൊലീസ് വിഭാഗത്തെ നിയോഗിക്കുകയും ചെയ്തു. ആ സമയത്ത് കേരളത്തിൽ അന്നുണ്ടായിരുന്ന ഒട്ടുമിക്ക നക്‌സലൈറ്റ് അനുഭാവികളെയും ഏതെങ്കിലും കേസിൽപെടുത്തി, ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തു. അക്കാലത്ത് ഞാനും നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ അനുഭാവിയാണെന്ന് മനസ്സിലാക്കി, ഒരു കേസുണ്ടാക്കി എന്നെയും അറസ്റ്റു ചെയ്തു. ക്രിമിനൽ നിയമങ്ങൾ അനുസരിച്ചുള്ള കുറ്റകൃത്യങ്ങളാണല്ലോ നക്സലൈറ്റുകൾ ചെയ്യുന്നത്. കൊലപാതകങ്ങളടക്കം നടക്കുന്നുണ്ടല്ലോ. അപ്പോൾ, അവരെ അതിന് സഹായിക്കുന്നതും കുറ്റകരമാകും.
ലോകത്ത് ഉയർന്നുവന്ന വിപ്ലവപ്രസ്ഥാനങ്ങളെയെല്ലാം അടിച്ചമർത്തുന്നതിന് ഉപയോഗിച്ച യുക്തി ഇതാണ്. നിലവിലുള്ള വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നവയായിരുന്നു അവയെല്ലാം. അവയെ വകവെച്ചുകൊടുക്കാൻ അതാതുകാലത്ത് നിലനിന്ന വ്യവസ്ഥിതിക്ക് കഴിയില്ല. എങ്ങനെയാണ് ചോദ്യം ചെയ്യുന്നത്, ഇവരുടെ ശക്തി എത്രമാത്രമുണ്ട് എന്നതിനനുസരിച്ച് അടിച്ചമർത്തലും തുടർന്നുകൊണ്ടിരിക്കും.
ഇന്ത്യയിൽ ജനകീയ പ്രശ്‌നങ്ങളിൽ സജീവവും അതിശക്തവുമായ ചെറുത്തുനിൽപ്പ് നടത്തിയിട്ടുള്ളത് നക്‌സലൈറ്റ് പ്രസ്ഥാനങ്ങൾ മാത്രമാണ്, ആ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരാണ്.
മൻമോഹൻ സിങ്ങിന്റെ കാലത്താണ്, നക്‌സലിസത്തെ ആഭ്യന്തര സുരക്ഷിതത്വത്തിന് ഏറ്റവും വലിയ ഭീഷണിയായി കണ്ട് നിരോധിച്ചത്. നിരോധിച്ചാൽ, അതുമായി ബന്ധമുള്ളവരെ ജയിലിലടക്കാൻ എളുപ്പമാണ്. ഇന്ത്യയിൽ ആയിരക്കണക്കിനുപേർ ജയിലിലാണ്. ജി.എൻ. സായിബാബക്ക് എതിരായ ആരോപണവും ഇത്തരം സംഘടനകളെ സഹായിക്കുന്നു എന്നതായിരുന്നു.
ഇന്ന്, ഇത്തരം അടിച്ചമർത്തലുകളുടെ കേന്ദ്രം ഛത്തീസ്ഗഢ് ആണ്. രാജ്യത്തിന്റെ സർവ സന്നാഹങ്ങളും ഉപയോഗിച്ച് മാവോവാദികളെ ഇല്ലായ്മ ചെയ്യാനുള്ള പരിശ്രമമമാണ് ഭരണകൂടം നടത്തുന്നത്. അതിന്, മുമ്പത്തെപ്പോലെ അടിയന്തരാവസ്ഥ വേണമെന്നില്ല, അതില്ലാതെ തന്നെ ഇത്തരം അടിച്ചമർത്തലുകൾ നടത്താൻ കഴിയുന്ന, യു.എ.പി.എയെപ്പോലുള്ള നിയമങ്ങൾ ഇപ്പോഴുണ്ട്. അതുകൊണ്ട്, സ്‌റ്റേറ്റിന് ഭീഷണിയാണെന്ന് അവർ കരുതുന്ന ഒരു വ്യക്തിയെയോ സംഘടനയെയോ അടിച്ചമർത്താൻ എളുപ്പം കഴിയും. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുറച്ചൊക്കെ വ്യത്യസ്തമാണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിൽപോലും ഇത്തരം അറസ്റ്റുകൾ നടക്കുന്നുണ്ട്.
നക്‌സൽബാരി മൂവ്‌മെന്റിന്റെ കാലത്ത് കൈയിൽ കിട്ടുന്നവരെ കൊല്ലുകയാണ് തമിഴ്‌നാട് സർക്കാർ ചെയ്തതിരുന്നത്. ഛത്തീസ്ഗഢിൽ ഇപ്പോൾ നടക്കുന്നതും അതാണ്. ഏറ്റുമുട്ടൽ എന്നൊക്കെ പറയുമെങ്കിലും എല്ലാം ഏറ്റുമുട്ടലൊന്നുമല്ല. കേരളത്തിലും മാവോവാദി പ്രവർത്തകരെ വെടിവെച്ചുകൊന്നുവല്ലോ. ഭരണകൂടങ്ങളുടെ സ്ഥിരം നടപടിയാണിത്. അതിൽ ബി.ജെ.പിയുടെയോ സി.പി.എമ്മിന്റെയോ ഭരണകൂടങ്ങൾ എന്ന വ്യത്യാസമില്ല.
മുമ്പ് ഭരണകൂടം രാഷ്ട്രീയമായാണ് ഇത്തരം മനുഷ്യരെ വേട്ടയാടിയിരുന്നത് എങ്കിൽ ഇപ്പോൾ കോർപറേറ്റ് താൽപര്യവും അവരുടെ സാമ്പത്തിക താൽപര്യം കൂടി ഇത്തരം അടിച്ചമർത്തലുകൾക്കുപുറകിലുണ്ട് എന്നു കാണാം. ഭരണകൂടം എന്നു പറയുന്നത്, ഇത്തരം വ്യക്തികളുടെ സാമ്പത്തിക താൽപര്യങ്ങളുടെ നടത്തിപ്പുകാർ കൂടിയാണ്. ഛത്തീസ്ഗഢ്, ഒറീസ, ബീഹാർ പോലുള്ള പ്രദേശങ്ങളിൽ ഇത് വളരെ പ്രകടമാണ്. ഭൂമിയെയും മനുഷ്യരെയും അങ്ങേയറ്റം ചൂഷണം ചെയ്യുന്ന ഒരു പ്രദേശമാണ് ഖനികൾ. അത് ഏറെയും ആദിവാസി ജനവിഭാഗങ്ങളുടെ കൈവശമുള്ള ഭൂമിയിലാണ്. എത്രയോ നാളുകളായി അവരെ കുടിയിറക്കിക്കൊണ്ടിരിക്കുകയാണ്. അതിനെ ചെറുത്തുനിൽക്കുന്ന പ്രധാന ശക്തി മാവോയിസ്റ്റുകളാണ്. അതുകൊണ്ട് ഇവരെ എങ്ങനെയെങ്കിലും ഉന്മൂലനം ചെയ്താലേ ഈ സമ്പത്ത് ഭരണകൂടത്തിന് കൈവശപ്പെടുത്താൻ കഴിയൂ. അതുകൊണ്ട് വളരെ സിസ്റ്റമാറ്റിക്കായി തന്നെ അവർ അത് ചെയ്യുകയാണ്.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിഷയമുണ്ട്. ഭരണകൂടം മുന്നോട്ടുവക്കുന്ന അതേ നറേറ്റീവിലാണ് പൊതുസമൂഹവും ഇത്തരം പ്രവർത്തനങ്ങളെയും പ്രവർത്തകരെയും കാണുന്നത്, ക്രിമിനലുകൾ എന്ന നിലയ്ക്ക്. വിപ്ലവപ്രസ്ഥാനങ്ങളെ ഒരു കാലത്തും സമൂഹം പിന്തുണച്ചിട്ടില്ല എന്ന് ഓർക്കണം. അത് അംഗീകരിക്കപ്പെടണമെങ്കിൽ, സമൂഹത്തിൽ അടിമുടി മാറ്റം വരണം. സമൂഹത്തിൽ ഒരു പൊളിച്ചെഴുത്തിനാണല്ലോ ഇവർ ശ്രമിക്കുന്നത്. എന്നാൽ, സമൂഹം യാഥാസ്ഥിതികമായിരിക്കും. ഇവർഉന്നയിക്കുന്ന വിഷയങ്ങൾ സമൂഹത്തിലെ വ്യക്തികൾക്ക് നേരിട്ട് ബോധ്യപ്പെടുന്നതായിരിക്കണമെന്നില്ല. വിപ്ലവവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആശയങ്ങൾ ആളുകൾക്ക് എളുപ്പം ബോധ്യപ്പെടണമെന്നില്ല.
വിപ്ലവകാരികളുടെ ശബ്ദങ്ങൾക്ക് ആരാണ് കാതോർക്കുക, എവിടെയാണ് അത് പ്രയോജനപ്പെടുക എന്നത് വിപ്ലവകാരികളുടെ തന്നെ എക്കാലത്തെയും ചോദ്യങ്ങളായിരുന്നു, പ്രഖ്യാപനങ്ങളായിരുന്നു. ആ ശബ്ദങ്ങൾ വർഷങ്ങളോളം എങ്ങും എത്താതെ പോയെന്നുവരാം. എങ്കിലും എന്നെങ്കിലും മനുഷ്യരുടെ കണ്ണ് തുറക്കാതിരിക്കില്ല എന്നുതന്നെ അവർ കരുതുന്നു. ചൂഷണവ്യവസ്ഥ ശരിയായ വ്യവസ്ഥയല്ല എന്ന് മനസ്സിലാക്കുന്ന, സ്വാതന്ത്ര്യവും സമത്വവും ഏറ്റവും പ്രധാനമാണ് എന്ന് ബോധ്യപ്പെടുന്ന ഒരു കാലത്തിനുവേണ്ട പ്രഖ്യാപനങ്ങൾ കൂടിയാണ് അവരുടെ ശബ്ദങ്ങൾ.