രാജേഷ് മാഞ്ചി: നിശ്ശബ്​ദതയാൽ ചരിത്രത്തിൽ ഇല്ലാതെ പോകുന്ന ഒരു ആൾക്കൂട്ട കൊല

ബീഹാറുകാരനായ രാജേഷ് മാഞ്ചിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ധാരാളംപേര്‍വരില്ലെന്ന് ഈ സാംസ്‌കാരിക കേരളത്തിന് അറിയാം. ഒരു സാധാരണ വക്കീലിനെ വെച്ച്‌പോലും കേസ് നടത്താന്‍ കഴിവില്ലാത്ത ലക്ഷങ്ങളുടെ ഗണത്തില്‍ പെടുന്ന രാജേഷിന്റെ കുടുംബം ഇതിനു പുറകില്‍ നിന്ന് പോരാടും എന്ന് അവര്‍ കരുതുന്നില്ല. രാജേഷിന്റെ സഹതൊഴിലാളികളോ സ്വന്തം സമുദായമോ ഇതിനുവേണ്ടി നിയമപോരാട്ടം നടത്തുമെന്നും അവര്‍ ഭയപ്പെടുന്നില്ല.

രാജേഷ് മാഞ്ചി എന്ന ഒരു മനുഷ്യന്‍ ഈ പ്രബുദ്ധ കേരളത്തില്‍ ആള്‍ക്കൂട്ട കൊലക്ക്​ വിധേയനായിട്ട്​ കുറച്ചു ദിവസമായി. കൊലനടത്തിയവരെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റുചെയ്തു എന്ന വാര്‍ത്തയോടെ മാധ്യമങ്ങളും സാംസ്‌കാരികലോകവും സുഷുപ്തിയിലായി.

മലയാളി അല്ലാത്തതുകൊണ്ടും ഒരു അതിഥി തൊഴിലാളിയായതുകൊണ്ടും തന്നെയാണ് ബോധപൂര്‍വമായ നിശ്ശബ്ദത അവര്‍ തിരഞ്ഞെടുത്തത്. ബിഹാറിലെ ദലിതരില്‍ ദലിതനായ മാഞ്ചി ഈ കേരളക്കരയില്‍ വന്നത് മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ എന്തെങ്കിലും വകകിട്ടുമെന്ന് കരുതി തന്നെയാണ്. ശരീരം കറുത്തവര്‍ രാത്രി പുറത്തിറങ്ങിയാല്‍ മോഷ്ടാവാകുന്ന ഒരു നാടായി നമ്മുടെ കേരളം. ഇവരെല്ലാം രാത്രി പത്തുമണിയോടെ ഉറങ്ങിക്കോളണം, അതാണ് ‘നവ’കേരളത്തിന്റെ പുതിയ നിയമം. അഥവാ ഇനി വല്ല കാരണവും കൊണ്ട് പുറത്തിറങ്ങിയാലോ, സദാചാരപോലീസും സമാന്തര ‘ജനകീയ നിയമ’ സംവിധാനവും ഉണര്‍ന്നു പ്രവര്‍ത്തിക്കും.

അട്ടപ്പാടിയിലെ മധു ക്രൂരമായി ഈ ‘ജനകീയ’ സംവിധാനത്താല്‍ കൊലചെയ്യപ്പെട്ടിട്ട് സാക്ഷിപറയാന്‍ പോലും ആള്‍ക്കാര്‍ക്ക് ധൈര്യമില്ലാതായി. എത്രവര്‍ഷങ്ങള്‍ നീണ്ട വിചാരണ! എത്ര സാക്ഷി കൂറുമാറ്റങ്ങള്‍!

കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ഭാര്യയുടെ പ്രസവത്തിനു വന്ന ആദിവാസിയായ വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതും മറ്റു കാരണങ്ങള്‍ കൊണ്ടല്ല. അറിയപ്പെടാത്ത എത്ര സംഭവങ്ങള്‍ അങ്ങനെ സാംസ്‌കാരിക കേരളത്തിന്റെ നിശ്ശബ്ദതയാല്‍ ചരിത്രമാകാതെ പോകുന്നു.

ബീഹാറുകാരനായ രാജേഷ് മാഞ്ചിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ധാരാളംപേര്‍ വരില്ലെന്ന് ഈ സാംസ്‌കാരിക കേരളത്തിന് അറിയാം. ഒരു സാധാരണ വക്കീലിനെ വെച്ച്‌പോലും കേസ് നടത്താന്‍ കഴിവില്ലാത്ത ലക്ഷങ്ങളുടെ ഗണത്തില്‍ പെടുന്ന രാജേഷിന്റെ കുടുംബം ഇതിനു പുറകില്‍ നിന്ന് പോരാടും എന്ന് അവര്‍ കരുതുന്നില്ല. രാജേഷിന്റെ സഹതൊഴിലാളികളോ സ്വന്തം സമുദായമോ ഇതിനു വേണ്ടി നിയമപോരാട്ടം നടത്തുമെന്നും അവര്‍ ഭയപ്പെടുന്നില്ല. ബീഹാര്‍ സര്‍ക്കാര്‍ നേരിട്ട് വന്നു കേസ് നടത്തുമെന്നും ആരും കരുതുന്നില്ല. അപ്പോള്‍പ്പിന്നെ തട്ടിന്റെ പുറത്തുനിന്നോ മറ്റോ വീണുമരിച്ചതായി സ്ഥാപിക്കാന്‍ പ്രതികളുടെ വക്കീലന്മാര്‍ക്കു പ്രയാസമുണ്ടാകില്ലല്ലോ.

എന്റെ കേരളമേ, ഇത്തരം സന്ദര്‍ഭങ്ങളിലെങ്കിലും നമ്മള്‍ ഒന്ന് ആത്മപരിശോധന നടത്തിക്കൂടേ?

ലജ്ജാകരമായ മൗനം മാത്രമല്ല ഇന്ന് നമ്മുടെ ‘അഭിമാനം.’ അട്ടഹാസങ്ങളും ആര്‍പ്പുവിളികളും നിറഞ്ഞാടുന്ന കൊലക്കളത്തില്‍ നിന്ന് ചോരയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പങ്കിടുന്ന മനോരോഗവും നമ്മുടെ ശീലമായി മാറിയില്ലേ? ഹിംസയെ ‘നോര്‍മലൈസ്’ ചെയ്യാനുള്ള ആത്മബലം ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ കൂടി ഇക്കൂട്ടര്‍ സമ്പാദിക്കുന്നു. എല്ലാത്തരം തിന്മകളും ഇത്തരത്തില്‍ ‘ശരിയാക്കുന്ന/സാധാരണയാക്കുന്ന’ പ്രവണത ഏറിവരുന്ന ഒരു സമൂഹമായി കേരളവും മാറിക്കഴിഞ്ഞു.

Photo : ruralindiaonline.org

എപ്പോഴും ഇത്തരം കാര്യങ്ങളില്‍ ഉത്തരേന്ത്യയെ കളിയാക്കുകയും പുച്​ഛിക്കുകയും ചെയ്തുകൊണ്ടിരുന്ന മലയാളിക്ക് ഇനി നാവുയര്‍ത്തി വല്ലതും പറയാന്‍ കഴിയുമോ? എല്ലാത്തിനും സംഘ്പരിവാറിനെയും മതഭ്രാന്തന്മാരെയും കുറ്റം പറയുന്നവര്‍ സ്വന്തം മണ്ണില്‍ ഇറ്റുവീഴുന്ന ചോരക്കറ കാണുന്നില്ല. ഇത് പരിഹാസ്യമായ, നീചമായ കാപട്യമല്ലേ?

മറുനാടന്‍ തൊഴിലാളികള്‍ക്ക് കേരളം ‘സ്വര്‍ണം വിളയുന്ന’ നാടാണ് എന്നെല്ലാം പറയാറുണ്ടല്ലോ. ഇതുകൊണ്ടു യഥാര്‍ത്ഥത്തില്‍ തടിച്ചുകൊഴുക്കുന്നതു കരാറുകാര്‍ മാത്രമല്ലെ? എന്നാല്‍ കിട്ടുന്ന തുച്ഛവരുമാനം പോലും അവര്‍ക്കു വലുതാണ്. കാരണം സ്വന്തം നാട്ടിലെ പട്ടിണിയും തൊഴിലില്ലായ്മയും അവരെ പുതിയ കാലത്തിന്റെ അടിമകളാക്കുന്നു. ഈ പുതിയ അടിമത്വത്തില്‍ നീതിയില്ല, നിയമമില്ല. ശബ്ദിക്കാന്‍ പോലും അവകാശമില്ല. എത്രയോ ജീവിതങ്ങള്‍ ഇതിനോടകം അപകടത്തില്‍ പെട്ടും രോഗം വന്നും അവസാനിച്ചു. അടികൊണ്ടും അക്രമങ്ങളിലൂടെയും കൊല്ലപ്പെട്ടു. ആരവരെ ശ്രദ്ധിച്ചു? എന്തെങ്കിലും കണക്കു നമ്മുടെ കൈവശമുണ്ടോ? ഇരുപതു മുതല്‍ മുപ്പതു ലക്ഷം വരെ അതിഥി തൊഴിലാളികള്‍കേരളത്തില്‍ ഉണ്ടെന്നു പറയുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ എട്ടു ലക്ഷത്തില്‍ താഴെവരെ മാത്രമേ വരൂ. ബാക്കിയുള്ളവര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതില്‍ താല്പര്യമുള്ള കരാറുകാര്‍ കാണും തീര്‍ച്ചയായി. കാരണം, ആനുകൂല്യങ്ങളും മറ്റും കൊടുക്കേണ്ടി വന്നാല്‍ അടിമക്കച്ചവടം നഷ്ടത്തിലാവുമല്ലോ? തൊഴിലാളി ക്ഷേമം വിളിച്ചോതുന്ന കേരളത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്.

രാജേഷ് മാഞ്ചിക്കു വേണ്ടി മെഴുകുതിരി കത്തിക്കാനും പൂക്കള്‍ അര്‍പ്പിക്കാനും ഇനി നമ്മള്‍ അണിനിരക്കണ്ട. ആരും കവിതകള്‍ എഴുതി മെനക്കേടുകയും വേണ്ട. തീര്‍ച്ചയായും നീതി നടപ്പാക്കാന്‍ നമ്മള്‍ മുന്നിട്ടിറങ്ങുകയാണ് വേണ്ടത്. കൂറുമാറുന്ന സാക്ഷികളെ സംഭാവന ചെയ്യുന്ന സാമൂഹികഖ്യാതി ഇനിയെങ്കിലും നമ്മള്‍ ഉപേക്ഷിക്കണം.

സംഭവം നടന്ന ജില്ല നോക്കിയിട്ടോ പ്രതികളായവരുടെ സമുദായമോ രാഷ്ട്രീയമോ നോക്കിയിട്ടോ അല്ല പ്രബുദ്ധകേരളം സഞ്ചരിക്കേണ്ടത്. മുഖം നോക്കാതെ നീതി നടപ്പാക്കണം, അതാരുടെ ഇടമായാലും ശരി.

ആള്‍ക്കൂട്ടകൊലകളെക്കുറിച്ചും സദാചാരപോലീസുകളെക്കുറിച്ചും ഇവിടെ തുറന്ന ചര്‍ച്ചകള്‍ നടക്കണം. നമ്മുടെ ഹിംസാത്മകത്വം അതിരുവിടുന്നു എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഇവിടെ ഓരോ മനുഷ്യനും ഉണ്ടാകണം, ഓരോ രാഷ്ട്രീയ കക്ഷികള്‍ക്കും ഉണ്ടാകണം.

Comments