കെട്ടിക്കിടക്കുന്ന അറിയുവാനുള്ള അവകാശം, ഉത്തരം കിട്ടാത്തത് ലക്ഷക്കണക്കിന് അപേക്ഷകളിൽ

അറിയാനുള്ള അവകാശവും, അഴിമതിക്കെതിരെ നടപടിയെടുക്കാനുള്ള അവകാശവും ഇല്ലാതായാൽ ഒരു ജനത, അവരുടെ ആവശ്യങ്ങൾ എങ്ങനെ പൂർത്തീകരിക്കുമെന്ന യാഥാർഥ്യം എന്തുകൊണ്ടോ അധികാരം നിലനിർത്താനുള്ള വെമ്പലിനിടയ്ക്കു സർക്കാരുകൾ മറന്നുപോകുന്നു. പൊതുപ്രവർത്തകരുടെ അഴിമതി കുറയണമെങ്കിൽ വിവരാവകാശ നിയമം പൂർണ്ണതോതിൽ പ്രവർത്തിക്കുക തന്നെ വേണം.

പൊതു അധികാര സ്ഥാപനങ്ങളുടെ അഴിമതി തടയുകയും സാധാരണക്കാരന് സുതാര്യതയും അവകാശ സംരക്ഷണവും ഉറപ്പു വരുത്തുകയും ചെയ്യുന്ന ഏറ്റവും മികച്ച സംവിധാനമാണ് വിവരാവകാശ നിയമം.

2005 ൽ നിയമം പ്രാബല്യത്തിൽ വന്നു. നീണ്ട 17 വർഷങ്ങൾക്കു ശേഷവും സാധാരണക്കാരന് വലിയ ആശ്രയമായി മാറേണ്ട ഈ നിയമം നോക്കുകുത്തിയായി മാറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. 3.1 5 ലക്ഷം പരാതികൾ ആണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ 26 വിവരാവകാശ കമ്മീഷനുകളിൽ കെട്ടിക്കിടക്കുന്നത്. പരമാവധി 30 ദിവസത്തിനകം വിവരം ലഭിക്കാൻ അർഹതയുള്ള ഒരു അപേക്ഷകന് അതും കഴിഞ്ഞ്, അടുത്ത 30 ദിവസം കൂടി ഒന്നാം അപ്പീൽ കൊടുത്തു കാത്തിരുന്നതിനു ശേഷം അടിയന്തരമായി നടപടിയെടുക്കേണ്ട അവസാനത്തെ അപ്പീലിന്റെ എണ്ണത്തിലാണ് ഈ അവസ്ഥ എന്നത് ഈ നിയമത്തിന്റെ നടപ്പിലാക്കൽ എത്ര മന്ദഗതിയിലാണ് എന്നത് അടിവരയിട്ടു വ്യക്തമാക്കുന്നു.

ഓരോ വർഷവും ഇത്തരത്തിലുള്ള പരാതികൾ കൂടി വരുന്നു എന്നതാണ് ഏറെ സങ്കടകരം. 2019 ൽ ലഭിച്ച അപ്പീലിന്റെയും പരാതിയുടെയും എണ്ണം ഇന്ത്യയാകെ 218347 ആയിരുന്നെങ്കിൽ 2020 അത് 233384 ആയും 2021 - ൽ 286325 ആയും 2022 -ൽ 314323 ആയും ഉയർന്നു. മഹാരാഷ്ട്രയാണ് കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ- 99722. കേരളത്തിൽ 5280 അപ്പീലുകൾ വിധി കാത്തു കിടക്കുന്നു. ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും വിവരാവകാശ കമ്മീഷൻ പ്രവർത്തിക്കുന്നില്ല എന്നതാണ് ഇതിനെക്കുറിച്ച് പഠിച്ച സതാർക്ക് നാഗരിക് സംഘതർ എന്ന സംഘടന പറയുന്നത്. ത്രിപുര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വർഷങ്ങളായി കമ്മീഷൻ ഇല്ല. പലയിടങ്ങളിലും കമ്മീഷൻ അംഗങ്ങളിൽ ഭൂരിഭാഗം ഒഴിവുകളും നികത്തിയിട്ടില്ല. ഇതുവരെ ഇന്ത്യയിലാകെ 4.2 കോടി അപേക്ഷകൾ ആണ് ലഭിച്ചിട്ടുള്ളത്.

നിരവധി വിവരാവകാശ പ്രവർത്തകർ കൊല ചെയ്യപ്പെട്ടു. അപ്പോഴും ഈ നിയമത്തിന്റെ ലാളിത്യവും സുതാര്യമായ നടപടിക്രമങ്ങളും സാധാരണക്കാരന് പൊതു അധികാരസ്ഥാപനങ്ങളിൽ നിന്ന് അറിയാനും ലഭിക്കാനും പരിശോധിക്കാനുമുള്ള സംവിധാനമായി ഏറെ സ്വീകാര്യമായിരുന്നു.

ഒരു പൗരന്റെ ആകെയുള്ള ആശ്രയമായ അറിയാനുള്ള മൗലികാവകാശം നേരിട്ടോ അല്ലാതെയോ നിഷേധിക്കുന്നതിന് തുല്യമാണ് വിവരാവകാശ നിയമത്തിന്റെ ഈ മെല്ലെ പോക്ക്. പലപ്പോഴും ഈ നിയമത്തിൽ ഭേദഗതി വരുത്താൻ അധികാര സ്ഥാപനങ്ങൾ ശ്രമിച്ചിട്ടും കഴിയാതെ പോയത് സമൂഹത്തിന്റെ വലിയ എതിർപ്പ് കൊണ്ടാണ്. എങ്കിലും യോഗ്യതയില്ലാതെയും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും രാഷ്ട്രീയ അതിപ്രസരത്തിലൂടെ പല ആളുകളെയും കമ്മീഷൻ അംഗങ്ങളായി തിരഞ്ഞെടുക്കാറുണ്ട്. വ്യത്യസ്ഥമായ റൂളുകൾ പുറപ്പെടുവിച്ച് ചില കമ്മീഷൻ അംഗങ്ങൾ ആക്ടിനെ അപഹസിക്കുന്ന പ്രവണതകളും ഈയിടെയായി കണ്ടുവരുന്നു. കേരളത്തിൽ തന്നെ നിയമത്തിലെ വകുപ്പു പ്രകാരം പരിശോധിക്കാം, പക്ഷേ പരിശോധിക്കാൻ അപേക്ഷകന്റെ കയ്യിൽ കൊടുക്കേണ്ട എന്ന റൂൾ ഇറക്കിയത് എത്ര മാത്രം ലാഘവത്തോടെയാണ് വിവരാവകാശ കമ്മീഷൻ തന്നെ ഈ വിധിയെ കാണുന്നത് എന്ന് മനസ്സിലാക്കാം.

ലോകായുക്തയുടെ ചിറകരിയാനുള്ള ശ്രമങ്ങൾ നടന്നകാര്യം നമുക്കറിയാവുന്നതാണ്. അഴിമതി വിരുദ്ധ സംവിധാനങ്ങൾ ഓരോന്നായി പിഴുതെറിയുമ്പോൾ സാധാരണക്കാരന് ഒരുകാലത്തും അവകാശ സംരഷണം എളുപ്പമല്ല എന്ന കാര്യം ഉറപ്പാകുന്നു.

സ്വകാര്യ മേഖലയും പൊതു മേഖലയും തമ്മിലുള്ള ഏക വ്യത്യാസം പൊതു മേഖലയ്ക്ക് മാത്രമേ നീതി പൂർവകമായി ലഭേച്ഛയില്ലാതെ പെരുമാറാനും പ്രവർത്തിക്കാനും കഴിയൂ എന്നതാണ്. ഭരണവും സദ്ഭരണവും തമ്മിലുള്ള അകലം ഇല്ലാതാക്കുന്നതും നീതി എന്ന രണ്ടു വാക്ക് തന്നെയാണ്. നീതി പുലരണമെങ്കിൽ തന്നിൽ നിന്നും ഇറങ്ങി മറ്റുള്ളവന്റെ പ്രശ്നങ്ങളിലേക്ക് കടന്നുചെല്ലാൻ അല്ലെങ്കിൽ അവരുടെ ആവലാതികളെ അനുഭാവപൂർവം പരിഗണിക്കാൻ കഴിയണം. ഇത്തരം ഉയർന്ന നീതിബോധത്തോടെ പ്രവർത്തിക്കുവാൻ കഴിയുമ്പോഴേ പൊതുമേഖലകൾ സംശുദ്ധവും സേവന വിതരണം സുതാര്യമാവുകയുമുള്ളൂ. ഭരണഘടനയുടെ എഴുപത്തി രണ്ട്‌, എഴുപത്തി മൂന്ന് ഭേദഗതിയിലൂടെ വികേന്ദ്രീകൃത ഭരണവും പൊതുജന കേന്ദ്രീകൃത ഭരണ സംവിധാനവും ഉയർത്തിക്കൊണ്ടു വരാൻ കാരണമായി പറയുന്നത്, സുതാര്യവും അഴിമതി രഹിതവുമായ ഒരു സർക്കാർ സംവിധാനവും അതിലൂടെ മറ്റു പരിഗണകളൊന്നും ഇല്ലാതെ സേവന വിതരണം നടത്തി നീതിപൂർവകമായ ഭരണവുമാണ്. ഇതിനു വേണ്ടി കൃത്യമായ ചില പദ്ധതികൾ കേന്ദ്ര തൊഴിൽ ഭരണ പരിശീലന മന്ത്രാലയത്തിന്റെ കീഴിൽ (Department of Personnel and And Administration) 2002 - ൽ ആവിഷ്കരിക്കുകയും സമയ ബന്ധിതമായി നടപ്പിലാക്കുവാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്‌തിട്ടുമുണ്ട്. എന്നാൽ ഒരു ഫെഡറൽ സംവിധാനത്തിൽ പലതും പ്രാവർത്തികമാക്കേണ്ടത് സംസ്ഥാന സർക്കാരുകൾ ആയതുകൊണ്ടും അതിനു കൃത്യമായ മാർഗ രേഖകൾ ഇല്ലാത്തതുകൊണ്ടും ഇത്തരം നിർദേശങ്ങൾ അവഗണിക്കുകയോ, സ്വന്തം താത്പര്യങ്ങൾക്കനുസരിച്ചു പിന്നീട് ഭേദഗതികൾ കൊണ്ടു വരികയോ ആണ് ചെയ്യുന്നത്. ഫലത്തിൽ അത് സദ്‌ഭരണം എന്ന കാഴ്ചപ്പാടിനെ തന്നെ ഇല്ലാതാക്കുകയാണ്. ഇതിന് രണ്ടുകാരണങ്ങൾ ഉണ്ട്. ഒന്ന് സിറ്റിസൻ സെന്ററിക് അഡ്മിനിസ്ട്രേഷൻ നടത്താൻ കഴിയണമെങ്കിൽ ഇതിലെ ഓരോ ഘടകങ്ങളെയും ഒന്നിച്ചു പ്രാവർത്തികമാക്കി ഒറ്റ അജണ്ടയാക്കി മാറ്റണം. രണ്ട്, ഇവയെല്ലാം തുല്യ പ്രാധാന്യത്തോടെ സമയ ബന്ധിതമായി പക്ഷപാതമില്ലാതെ നടപ്പിലാക്കാതെ, ഓരോരുത്തർക്കും വേണ്ടത് മാത്രം നടപ്പിലാക്കുമ്പോൾ അതിന്റെ പ്രസക്തി തന്നെ ഇല്ലാതായി മാറും.

ഉദാഹരണത്തിന്, പൊതു അധികാര സ്ഥാപനങ്ങൾ എന്തൊക്കെ സേവനങ്ങൾ ആണ് ചെയ്യുക, സേവനങ്ങൾ ചെയ്യുന്നത് ആര്, എപ്പോൾ, എങ്ങനെ
അത് സുതാര്യമായി നടപ്പിലാക്കാൻ പൊതുജനങ്ങളെ അറിയിക്കാൻ ഉള്ള രേഖയിൽ പറഞ്ഞ രീതിയിൽ സേവനങ്ങൾ നല്കുന്നുണ്ടോ എന്ന് പരിശോധിക്കുക (Performance Measurement and Appraisal) രേഖയിൽ പറഞ്ഞതും യഥാർഥത്തിൽ ചെയ്തതുമായ സേവനങ്ങൾ സമയത്തിൽ വ്യത്യാസമുണ്ടെങ്കിൽ ആ കാര്യം പരിശോധിക്കുക, അതിനുതകുന്ന രീതിയിൽ പരിശീലനങ്ങൾ ഉറപ്പാക്കുക (National Training Policy/ State Training policy) പൊതുജന പങ്കാളിത്തത്തിനുവേണ്ടി സാമൂഹ്യ ഓഡിറ്റ് നടപ്പിലാക്കുക. അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കാൻ സ്വതന്ത്ര ലോകായുക്ത കൊണ്ടു വരിക
ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങളാണ് ഭരണ നവീകരണവുമായി citizen centric administration നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആഗോളവൽക്കരണവും സ്വകാര്യ വൽക്കരണവും പൊതുമേഖലയെ തകർത്തപ്പോൾ ബ്രിട്ടനിൽ മാർഗരറ്റ് താചർ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ അതേ രീതിയിൽ നടപ്പിൽ വരുത്താനായിരുന്നു ഭരണ പരിഷ്കരവുമായി ബന്ധപ്പെട്ടുള്ള നിയമ ഭേദഗതികൾ. ഇന്ത്യയുടെ സാഹചര്യത്തിൽ ഇവ വലിയ കുഴപ്പമില്ലാതെ നടത്താൻ കഴിയുന്നതാണ്. എന്നാൽ സംസ്ഥാനങ്ങൾ അത് എത്രമാത്രം കാര്യക്ഷമമായി പ്രവർത്തികമാക്കുന്നു എന്നതാണ് കാര്യം. കൂടാതെ മേൽപറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പിലാക്കാതെ കുറച്ചെടുക്കുകയും ബാക്കി തള്ളുകയും ചെയ്യുന്നത് ഫലത്തിൽ ഇത്തരം ഭരണ പരിഷ്കാരങ്ങളുടെ പ്രസക്തി തന്നെ ഇല്ലാതാക്കും.

സുതാര്യ ഭരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായിത്തന്നെയാണ് 2005 ലെ വിവരാവകാശ നിയമം വന്നതും. പിന്നീടും അണ്ണാഹസാരേയുടെയും അരുണ റോയിയുടെയും അരവിന്ദ് കെജ്രിവാലിന്റെയും സമ്മർദ ഫലമായാണ് ലോകപാൽ ബില്ല് കൊണ്ടുവന്നത്. അഴിമതി തടഞ്ഞാൽ മാത്രമേ സദ്‌ഭരണം സാധ്യമാവൂ എന്നും അവകാശ സംരക്ഷണത്തിനും അഭിമാനത്തോടെ ജീവിക്കാനും അത് അത്യന്താപേക്ഷിതമെന്നും ഉള്ള മുന്നേറ്റത്തിന് വലിയ ജനപിന്തുണ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിൽ അവതരിപ്പിക്കപ്പെട്ടതും അതിന്റെ ചുവടുപിടിച്ച് ലോകായുക്തയും വിവരാവകാശ നിയമവും നിലവിൽ വന്നതും.

സാധാരണയായി മറ്റു കമ്മീഷനുകളെപ്പോലെ നിർദേശം കൊടുക്കുന്ന കമ്മിറ്റി ആവരുതെന്ന കൃത്യമായ നിർദേശം വിവരാവകാശ നിയമത്തിൽ ഉണ്ടായിരുന്നു. സെക്ഷൻ 19 പ്രകാരം ഒരു അധികാരസ്ഥാപനത്തിനും ചോദ്യം ചെയ്യാനാവില്ല ( റിട്ട് ഒഴികെ) എന്നും കമ്മിഷന്റെ വിധി നടപ്പിലാക്കൽ അന്തിമം ആയിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അറിയാനുള്ള അവകാശവും, അഴിമതിക്കെതിരെ നടപടിയെടുക്കാനുള്ള അവകാശവും ഇല്ലാതായാൽ ഒരു ജനത, അവരുടെ ആവശ്യങ്ങൾ എങ്ങനെ പൂർത്തീകരിക്കപ്പെടുമെന്ന യാഥാർഥ്യം എന്തുകൊണ്ടോ അധികാരം നിലനിർത്താനുള്ള വെമ്പലിനിടയ്ക്കു സർക്കാരുകൾ മറന്നുപോകുന്നു . എന്ത് സാങ്കേതിക കാര്യങ്ങൾ സമർഥിച്ചാലും പൊതുപ്രവർത്തകരുടെ അഴിമതി കുറയണമെങ്കിൽ വിവരാവകാശ നിയമം പൂർണ്ണതോതിൽ പ്രവർത്തിക്കുക തന്നെ വേണം. കേവലം പത്ത് രൂപ മാത്രം മുടക്കി വക്കീലും കോടതിയുമില്ലാതെ ലളിതമായി ലഭിക്കേണ്ട വിവരങ്ങൾ ലഭിക്കുവാനും പരിശോധിക്കുവാനും കഴിയുമ്പോൾ സുതാര്യത, അവകാശ സംരക്ഷണം, അഴിമതി നിർമ്മാർജനം എന്നിവയൊക്കെ എളുപ്പത്തിൽ നടപ്പിലാക്കാൻ കഴിയുന്നു.

മൂന്നു ലളിതമായ തട്ടുകളിലാണ് ഈ നിയമം നടപ്പാക്കാൻ കഴിയുന്നത്. അപേക്ഷയ്ക്ക് കൃത്യ സമയത്ത് മറുപടി നൽകേണ്ട പൊതു അധികാര സ്ഥാപനം, 30 ദിവസത്തിനകം വിവരം ലഭിക്കാത്ത പക്ഷം നൽകുന്ന ഒന്നാം അപ്പീലിൻമേൽ വിവരം കൊടുക്കാൻ ഉത്തരവിടുന്ന സ്ഥാപന മേധാവി, അതും ലഭിച്ചില്ലെങ്കിൽ അന്തിമ അപ്പീലായ വിവരാവകാശ കമ്മിഷൻ. 90 ദിവസത്തിനുള്ളിൽ കമ്മീഷന് മുമ്പാകെ അപ്പീൽ നൽകി ഉടൻ പരാതി പരിശോധിച്ച് വിവരം നൽകാത്ത ഉദ്യോഗസ്ഥന് ഒരു ദിവസത്തിന് 250 രൂപ വച്ച് 25000 രൂപ വരെ പിഴയും കൃത്യനിർവ്വഹണത്തിന് വീഴ്ച്ച വരുത്തിയതിന്റെ പേരിൽ നടപടി എടുക്കാൻ ശുപാർശ ചെയ്യാനും കഴിയുന്നു. ഇത്തരത്തിൽ ഈ നിയമത്തിന്റെ നെടുംതൂണായി നിൽക്കേണ്ട കമ്മീഷനുകളിലാണ് ഇത്തരത്തിലുള്ള അപ്പീൽ , പരാതികൾ കെട്ടിക്കിടക്കുന്നത് എന്നത് നമ്മുടെ സുതാര്യ സുന്ദര ജനാധിപത്യ സംരക്ഷണ പ്രതീക്ഷയ്ക്ക് മങ്ങലേൽപിക്കുന്നു.

Comments