നിയമത്തിലുണ്ട് accessibility,
എന്നാൽ കെട്ടിടത്തിൽ ലിഫ്റ്റ് ഇല്ല;
ഭിന്നശേഷിജിവിതത്തിൽ
ഇടപെടാത്ത
Disabilities Act

2016-ലെ Rights of Persons with Disabilities Act-ൽ എത്തുമ്പോൾ അംഗീകരിക്കപ്പെട്ട ഭിന്നശേഷികളുടെ എണ്ണം ഏഴിൽ നിന്ന് 21 ആയും സർക്കാർ ജോലികളിലെ സംവരണം മൂന്നു ശതമാനത്തിൽ നിന്ന് നാലു ശതമാനമായും ഉയർന്നു. എന്നാൽ, നിയമത്തിൽ വന്ന ഈ അനുകൂല സാഹചര്യം ഭിന്നശേഷിക്കാർക്ക് ഉപകാരപ്പെടുന്നുണ്ടോ?- അഖിൽ കുര്യൻ നടത്തുന്ന അന്വേഷണം.

രു രാജ്യത്തിന്റെ പുരോഗതി അതിന്റെ നിയമപുസ്തകങ്ങളിൽ മാത്രം നോക്കി മനസിലാക്കാനാവില്ല. ആ നിയമം ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരാളുടെ ദൈനംദിന ജീവിതത്തിൽ എത്രത്തോളം പ്രയോജനപ്പെടുന്നു എന്നതിലാണ് അതിന്റെ പ്രസക്തി. അവിടെയാണ് ഇന്ത്യൻ നിയമവ്യവസ്ഥയുടെ പ്രായോഗിക അന്തരം മനസിലാക്കാൻ കഴിയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിൽ തന്നെ, നിയമം ഉറപ്പുനൽകുന്ന അവകാശങ്ങളും അവയുടെ പ്രായോഗികതയും തമ്മിൽ ഇത്ര അകലം എന്തുകൊണ്ടാണ് എന്ന ചോദ്യം ഉയരുന്നു.

1995-ലെ Persons with Disabilities Act-ൽ നിന്ന് 2016-ലെ Rights of Persons with Disabilities Act-ലേക്കെത്തുമ്പോൾ അംഗീകരിക്കപ്പെട്ട ഭിന്നശേഷികളുടെ എണ്ണം ഏഴിൽ നിന്ന് 21 ആയി. സർക്കാർ ജോലികളിലെ സംവരണം മൂന്നു ശതമാനത്തിൽ നിന്ന് നാലു ശതമാനമായി ഉയർന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഞ്ചു ശതമാനം സംവരണവും നിയമപരമായി ഉറപ്പാക്കപ്പെട്ടു. കടലാസിൽ നോക്കുമ്പോൾ ഇത് ചെറിയൊരു മാറ്റമല്ല. എന്നാൽ നിയമപരമായ ഈ മുന്നേറ്റത്തിനൊപ്പം ചില കണക്കുകൾ ഇപ്പോഴും പ്രശ്നസങ്കീർണമാണ്.

സംവരണം എന്നത് സാമ്പത്തിക ഉന്നമനത്തിനുവേണ്ടിയുള്ളതല്ല, മറിച്ച്, സാമൂഹികമായ തുല്യത ഉറപ്പാക്കാൻ വിഭാവനം ചെയ്ത ഒന്നാണ് എന്നത് ഇപ്പോഴും പൊതുബോധം അംഗീകരിക്കാത്ത കാര്യമാണ്.

2011-ലെ സെൻസസിൽ ഇന്ത്യയിലെ ഭിന്നശേഷികളുടെ എണ്ണം ഏകദേശം 2.68 കോടിയെന്നും ജനസംഖ്യയുടെ 2.21 ശതമാനമെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ആസൂത്രണ കമ്മീഷൻ ഇന്ത്യയിലെ ഭിന്നശേഷിക്കാരുടെ ശതമാനം 5- 6% വരെയാകാമെന്ന് കണക്കാക്കിയിരുന്നു. ലോകാരോഗ്യസംഘടനയുടെ 2011-ലെ ആഗോള കണക്ക് ഏകദേശം 15 ശതമാനമായിരുന്നു. പുതിയ ആഗോള കണക്കുകളിൽ ഇത് ഏകദേശം 16 ശതമാനമായി കണക്കാക്കപ്പെടുന്നു.

ഈ കണക്കുകൾ ഒരേ രീതിയിൽ തയ്യാറാക്കിയവയല്ലെന്നും അവയ്ക്കിടയിൽ ശാസ്ത്രീയമായ വ്യത്യാസങ്ങളുണ്ടെന്നും കണക്കിലെടുക്കണം. എന്നിരുന്നാലും 2.21 ശതമാനത്തിനും 5–6 ശതമാനത്തിനും ഇടയിലുള്ള ഈ വ്യത്യാസം, ഇന്ത്യയിൽ ഭിന്നശേഷിക്കാരെ എത്രത്തോളം കൃത്യമായി തിരിച്ചറിയുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു എന്ന ചോദ്യത്തിലേക്ക് നയിക്കുന്നു. നിയമം കൂടുതൽ ആളുകളെയും കൂടുതൽ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന രീതിയിലേക്ക് മാറിയപ്പോഴും disability population-ന്റെ കണക്കിൽ തന്നെ ഇത്ര വലിയ അന്തരം തുടരുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സംവരണം എന്നത് സാമ്പത്തിക ഉന്നമനത്തിനുവേണ്ടിയുള്ളതല്ല, മറിച്ച്, സാമൂഹികമായ തുല്യത ഉറപ്പാക്കാൻ വിഭാവനം ചെയ്ത ഒന്നാണ് എന്നത് ഇപ്പോഴും ഇന്ത്യയിലെ പൊതുബോധം അംഗീകരിക്കാത്ത ഒരു കാര്യമാണ്.

2011-ലെ സെൻസസിൽ ഇന്ത്യയിലെ ഭിന്നശേഷികളുടെ എണ്ണം ഏകദേശം 2.68 കോടിയെന്നും ജനസംഖ്യയുടെ 2.21 ശതമാനമെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  / Representative image
2011-ലെ സെൻസസിൽ ഇന്ത്യയിലെ ഭിന്നശേഷികളുടെ എണ്ണം ഏകദേശം 2.68 കോടിയെന്നും ജനസംഖ്യയുടെ 2.21 ശതമാനമെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. / Representative image

RPWD Act 2016 ഡിസംബറിൽ പാർലമെന്റ് പാസാക്കി, 2017 ഏപ്രിൽ 19-ന് പ്രാബല്യത്തിൽ വന്നു. ഇതോടെ അവകാശങ്ങൾ നിയമപരമായി നിലവിൽ വന്നെങ്കിലും അവ നടപ്പാക്കുന്നതിനുള്ള ഭരണപരമായ ഘടന എല്ലാ സംസ്ഥാനങ്ങളിലും ഒരേ സമയത്ത് രൂപപ്പെട്ടില്ല. സംസ്ഥാനങ്ങൾ ആറുമാസത്തിനുള്ളിൽ സ്വന്തം ചട്ടങ്ങൾ രൂപീകരിക്കണമെന്നായിരുന്നു നിയമത്തിലെ വ്യവസ്ഥ. എന്നാൽ കേരളം 2020-ലാണ് ചട്ടങ്ങൾ പുറത്തിറക്കിയത്. കർണാടക 2019-ലും ഉത്തർപ്രദേശ് 2017-ലും ഗുജറാത്ത് 2019-ലുമാണ് ചട്ടം രൂപീകരിച്ചത്.

2018-ൽ Disability Rights India Foundation 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ പഠനത്തിൽ പകുതിയിലധികം ഇടങ്ങളിലും അന്നും RPWD Act-നാവശ്യമായ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ബിഹാർ, മണിപ്പൂർ, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു.

നിയമം രാജ്യത്താകെ ഒരേ ദിവസം പ്രാബല്യത്തിൽ വന്നെങ്കിലും അതിനാവശ്യമായ ഭരണപരമായ സംവിധാനങ്ങൾ എല്ലായിടത്തും ഒരേ വേഗത്തിൽ രൂപപ്പെട്ടില്ല എന്നതാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഒരു നിയമം നിലവിൽ വരുന്നതും അതിനാവശ്യമായ ചട്ടങ്ങളും സ്ഥാപനങ്ങളും നടപടിക്രമങ്ങളും രൂപപ്പെടുന്നതും തമ്മിലുള്ള ഈ സമയവ്യത്യാസം വെറും ഭരണപരമായ കാലതാമസമായി മാത്രം കാണാനാവില്ല. ഒരു നിയമത്തിന്റെ ലക്ഷ്യം അവകാശങ്ങൾ നൽകുക മാത്രമല്ല, അവ പ്രായോഗികമായി ലഭ്യമാക്കുക കൂടിയാണ്. നിയമം നടപ്പാക്കുന്നതിൽ വരുന്ന കാലതാമസം ഒടുവിൽ അവകാശം കാത്തിരിക്കുന്ന വ്യക്തിയുടെ ജീവിതത്തെയും ബാധിക്കും. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം ഇ. ഗ്ലാഡ്‌സ്റ്റൺ പ്രശസ്തമാക്കിയ “justice delayed is justice denied” എന്ന ആശയം ഇവിടെ പ്രസക്തമാണ്. RPWD Act-ന്റെ അനുബന്ധമായ നിയമനടപടികളിലും നടപ്പാക്കലിലും ഉണ്ടായിട്ടുള്ള കാലതാമസങ്ങൾ ഈ പ്രശ്നത്തെ കൂടുതൽ വ്യക്തമായി കാണിക്കുന്നു.

RPWD Act 2016 ഡിസംബറിൽ പാർലമെന്റ് പാസാക്കി, 2017 ഏപ്രിൽ 19-ന് പ്രാബല്യത്തിൽ വന്നു. ഇതോടെ അവകാശങ്ങൾ നിയമപരമായി നിലവിൽ വന്നെങ്കിലും അവ നടപ്പാക്കുന്നതിനുള്ള ഭരണപരമായ ഘടന എല്ലാ സംസ്ഥാനങ്ങളിലും ഒരേ സമയത്ത് രൂപപ്പെട്ടില്ല.

സംസ്ഥാനങ്ങളുടെ നടപ്പാക്കലിനെക്കുറിച്ചുള്ള ഈ പ്രശ്നം പിന്നീട് സുപ്രീം കോടതിയുടെ പരിഗണനയിലും എത്തിയിട്ടുണ്ട്. Seema Girija Lal v. Union of India ഉൾപ്പെടെയുള്ള നടപടികളിൽ RPWD Act-ന്റെ ഫലപ്രദമായ നടപ്പാക്കലിനെക്കുറിച്ച് കോടതി സംസ്ഥാനങ്ങളോട് ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

തൊഴിൽ സംവരണത്തിന്റെ കാര്യത്തിൽ നിയമം നൽകുന്ന അവകാശവും അത് യഥാർത്ഥത്തിൽ ലഭിക്കുന്നതും തമ്മിലുള്ള വ്യത്യാസം കൂടുതൽ വ്യക്തമായി കാണാം. RPWD Act-ലെ Section 34 പ്രകാരം സർക്കാർ സ്ഥാപനങ്ങളിലെ നേരിട്ടുള്ള നിയമനങ്ങളിൽ benchmark disabilities ഉള്ള വ്യക്തികൾക്ക് നാലു ശതമാനം സംവരണം നൽകണം. Section 34(2) പ്രകാരം ഒരു വർഷം സംവരണ വിഭാഗത്തിൽപ്പെട്ട ഒഴിവ് നികത്താൻ കഴിയാത്ത പക്ഷം അത് backlog vacancy ആയി അടുത്ത വർഷത്തേക്ക് മാറ്റണം. 2021 ജനുവരി 4-ലെ DoPT ഉത്തരവും ഇത്തരം backlog vacancies lapse ആകരുതെന്ന് വ്യക്തമാക്കുന്നു. അതായത്, ഒരു ഒഴിവ് ഒരു വർഷം നികത്താൻ കഴിയാത്തതുകൊണ്ട് ആ അവസരം ഇല്ലാതാകരുതെന്നാണ് നിയമത്തിന്റെ സമീപനം. എന്നാൽ, നിയമം ഒരു ഒഴിവ് നിലനിർത്തുന്നതിൽ മാത്രം അവസാനിക്കുന്നില്ല; അത് എപ്പോൾ ഒരു വ്യക്തിയുടെ യഥാർത്ഥ തൊഴിലവസരമായി മാറുന്നു എന്നതും പ്രധാനമാണ്.

സർക്കാർ ജോലികളിലെ സംവരണം മൂന്നു ശതമാനത്തിൽ നിന്ന് നാലു ശതമാനമാകണമെന്ന് 2016 ലെ ആർ.പി.ഡി ആക്ട് നിർദ്ദേശിക്കുന്നു.
സർക്കാർ ജോലികളിലെ സംവരണം മൂന്നു ശതമാനത്തിൽ നിന്ന് നാലു ശതമാനമാകണമെന്ന് 2016 ലെ ആർ.പി.ഡി ആക്ട് നിർദ്ദേശിക്കുന്നു.

2025-ൽ മധ്യപ്രദേശ് ഹൈക്കോടതി പരിഗണിച്ച ഒരു കേസിൽ 2019-ൽ തിരിച്ചറിഞ്ഞ ഒരു ഒഴിവ് ആദ്യമായി 2023-ലാണ് പരസ്യം ചെയ്തതെന്ന കാര്യം ശ്രദ്ധേയമാണ്. രേഖകളിലെ നാല് വർഷത്തെ ഇടവേള ഒരു ഭരണപരമായ കാലതാമസമായി തോന്നാമെങ്കിലും, ജോലി കാത്തിരിക്കുന്ന ഒരാളുടെ ജീവിതത്തിൽ അത് നാല് വർഷത്തെ അവസരനഷ്ടമായി മാറാം.

2021-ൽ ദൽഹി ഹൈക്കോടതി പരിഗണിച്ച UPSC സംബന്ധമായ കേസിൽ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 836 ഒഴിവുകളിൽ 585 എണ്ണം Disability reservation-ന് ബാധകമാണെന്നും അതിൽ 24 എണ്ണം മാത്രമാണ് സംവരണം ചെയ്തതെന്നും രേഖപ്പെടുത്തിയിരുന്നു. അതുപോലെ 2020-ലെ UPSC-യുടെ 18 തൊഴിൽ വിജ്ഞാപനങ്ങളിൽ ആകെ 1,370 തസ്തികകളുണ്ടായിരുന്നപ്പോൾ 57 എണ്ണം മാത്രമാണ് ഭിന്നശേഷിക്കാർക്ക് വൈകല്യമുള്ളവർക്കായി സംവരണം ചെയ്തതെന്ന് Indian Journal of Occupational and Environmental Medicine-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം രേഖപ്പെടുത്തി.

ഈ കണക്കുകൾ ഓരോന്നും ഓരോ നിയമനപ്രക്രിയയുടെ വ്യത്യസ്ത വശങ്ങളെയാണ് കാണിക്കുന്നത്. എന്നാൽ അവയെ നിയമത്തിലെ നാലു ശതമാനം സംവരണ വ്യവസ്ഥയോടൊപ്പം വായിക്കുമ്പോൾ, നിയമപരമായി ഉറപ്പാക്കിയ അവകാശവും സ്ഥാപനതലത്തിൽ ലഭിക്കുന്ന യഥാർത്ഥ അവസരങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാകുന്നു.

2013-ൽ National Federation of the Blind v. Union of India കേസിൽ സുപ്രീം കോടതി Disability Reservation-ന്റെ കണക്കെടുപ്പ് മൊത്തം sanctioned posts-ന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. 2016-ലെ നിയമം സംവരണം 4 ശതമാനമായി ഉയർത്തിയതോടെ നിയമപരമായ ബാധ്യത കൂടുതൽ വ്യക്തമായി. എന്നിട്ടും Chief Commissioner for Persons with Disabilities-ന്റെ 2023–24 വാർഷിക റിപ്പോർട്ടിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ Group A തസ്തികകളിൽ നിയമം നിശ്ചയിച്ച നാലു ശതമാനം ലക്ഷ്യം പൂർണ്ണമായി കൈവരിച്ചിട്ടില്ലെന്ന് കാണാം.

ഇവിടെ ശ്രദ്ധിക്കേണ്ടത് ഒരു ശതമാനം കുറവോ കൂടുതലോ മാത്രമല്ല. സംവരണം എന്നത് ഒരു കണക്കിലെ ശതമാനത്തിൽ നിന്ന് ഒരു വ്യക്തിയുടെ യഥാർത്ഥ തൊഴിലവസരമായി മാറുന്നത് എങ്ങനെയാണെന്നതാണ് പ്രധാന ചോദ്യം. അതുപോലെ തന്നെ സംവരണം കേവലം സാമ്പത്തിക ഉന്നമനത്തിനുള്ള ഒരു സംവിധാനമായി മാത്രം കാണേണ്ടതുണ്ടോ, അതോ സാമൂഹിക ഉൾക്കൊള്ളലിന്റെയും തുല്യപങ്കാളിത്തത്തിന്റെയും ഭാഗമായും കാണേണ്ടതുണ്ടോ എന്ന ചോദ്യവും ഇവിടെ ഉയരുന്നു.

ഒരു ramp ശരിയായ രീതിയിൽ ഇല്ലെങ്കിൽ, lift പ്രവർത്തിക്കുന്നില്ലെങ്കിൽ, accessible toilet ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ, നിയമത്തിൽ accessibility ഒരു അവകാശമായി ഉണ്ടായിരുന്നാലും ആ കെട്ടിടം ആ വ്യക്തിക്ക് പ്രായോഗികമായി പ്രവേശനയോഗ്യമല്ല.

Accessibility-യുടെ കാര്യത്തിൽ ഈ അകലം ഇനിയും വ്യക്തമാണ്. 2015-ൽ കേന്ദ്ര സർക്കാർ Accessible India Campaign, അഥവാ Sugamya Bharat Abhiyan, ആരംഭിച്ചത് പൊതുകെട്ടിടങ്ങൾ, ഗതാഗത സംവിധാനങ്ങൾ, IT സേവനങ്ങൾ എന്നിവ കൂടുതൽ പ്രവേശനയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. സർക്കാർ കെട്ടിടങ്ങളുടെ accessibility-ക്കായി 2018-ഓടെ 50 ശതമാനവും 2019–20 കാലയളവിൽ 100 ശതമാനവും കൈവരിക്കാനുള്ള ലക്ഷ്യങ്ങൾ നിശ്ചയിച്ചിരുന്നു. എന്നാൽ 2021-ലെ CAG Report No. 10 of 2021 പദ്ധതി പരിശോധിച്ചപ്പോൾ പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ കൈവരിക്കപ്പെട്ടിട്ടില്ലെന്നും ഡാറ്റ ശേഖരണത്തിലും monitoring സംവിധാനങ്ങളിലും പോരായ്മകളുണ്ടെന്നും കണ്ടെത്തി. ഇവിടെ 50 ശതമാനവും 100 ശതമാനവും സർക്കാർ രേഖകളിലെ ലക്ഷ്യങ്ങളാണ്.

എന്നാൽ, wheelchair ഉപയോഗിക്കുന്ന വ്യക്തിക്ക് ഒരു കെട്ടിടത്തിൽ യഥാർത്ഥത്തിൽ പ്രവേശിക്കാനാകുമോ എന്ന ചോദ്യം വെറും ശതമാനത്തിൽ അളക്കാൻ കഴിയില്ല. ഒരു ramp ശരിയായ രീതിയിൽ ഇല്ലെങ്കിൽ, lift പ്രവർത്തിക്കുന്നില്ലെങ്കിൽ, accessible toilet ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ, നിയമത്തിൽ accessibility ഒരു അവകാശമായി ഉണ്ടായിരുന്നാലും ആ കെട്ടിടം ആ വ്യക്തിക്ക് പ്രായോഗികമായി പ്രവേശനയോഗ്യമല്ല. അതുകൊണ്ടുതന്നെ accessibility-യുടെ കാര്യത്തിൽ infrastructure എത്രയുണ്ട് എന്നതിനൊപ്പം അത് എത്രത്തോളം ഉപയോഗപ്രദവും ഉപയോഗിക്കാവുന്നതുമാണ് എന്നതും പരിശോധിക്കേണ്ടതുണ്ട്.

ഈ വിഷയത്തിന്റെ കാലദൈർഘ്യം മനസ്സിലാക്കാൻ Rajive Raturi v. Union of India കേസ് തന്നെ ഒരു പ്രധാന ഉദാഹരണമാണ്. 2005-ൽ ആരംഭിച്ച ഈ നിയമപോരാട്ടം 2024 നവംബർ 8-ലെ സുപ്രീം കോടതി വിധിവരെ നീണ്ടു; ഏകദേശം 19 വർഷം. വിധിയിൽ NALSAR University-യിലെ Centre for Disability Studies നടത്തിയ പഠനങ്ങളും ശ്രദ്ധേയമായി. കോടതികൾ, ജയിലുകൾ, സ്കൂളുകൾ, പൊതുഗതാഗതം തുടങ്ങിയ മേഖലകളിലെ accessibility സംബന്ധമായ പ്രശ്നങ്ങൾ ഈ പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വ്യക്തിഗതകേസിന്റെ ദൈർഘ്യമായി മാത്രം ഇതിനെ കാണുന്നതിന് പകരം, ഒരു അവകാശം നിയമപരമായി അംഗീകരിക്കപ്പെട്ടതിന് ശേഷവും അതിന്റെ പ്രായോഗികവും നിയമപരവുമായ നടപ്പാക്കൽ എത്രത്തോളം നീണ്ടുപോകാം എന്നതിന്റെ ഉദാഹരണമായും ഇതിനെ കാണാം. 2005-ൽ ആരംഭിച്ച ഒരു കേസ് 2024-ലും accessibility എന്ന വിഷയത്തിൽ സുപ്രീംകോടതിയുടെ പരിഗണനയിലെത്തുന്നു എന്നതുതന്നെ നിയമവും ഭരണപരമായ നടപ്പാക്കലും തമ്മിലുള്ള അകലം വ്യക്തമാക്കുന്ന കാര്യമാണ്.

ഇവിടെ 1995 മുതൽ 2016 വരെയുള്ള നിയമപരമായ മാറ്റവും അതിന് ശേഷമുള്ള നടപ്പാക്കലും ഒരുമിച്ച് നോക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. 1995-ലെ നിയമത്തിൽ അംഗീകരിക്കപ്പെട്ടിരുന്ന 7 disability categories 2016-ൽ 21 ആയി. സർക്കാർ ജോലികളിലെ സംവരണം മൂന്നു ശതമാനത്തിൽ നിന്ന് നാലു ശതമാനമായി. ഉന്നത വിദ്യാഭ്യാസത്തിൽ അഞ്ചു ശതമാനം സംവരണം നിയമപരമായി ഉറപ്പാക്കി. Accessibility, reasonable accommodation, equality, non-discrimination തുടങ്ങിയ ആശയങ്ങൾക്കും കൂടുതൽ വ്യക്തമായ സ്ഥാനം ലഭിച്ചു. നിയമത്തിന്റെ പരിധി കൂടുതൽ വിശാലമായി.

എന്നാൽ അതിനൊപ്പം 2011-ലെ കണക്കുകൾ, 5–6 ശതമാനം എന്ന ആസൂത്രണ കമ്മീഷൻ കണക്ക്, ആഗോള disability population സംബന്ധിച്ച WHO കണക്കുകൾ, 4 ശതമാനം സംവരണവുമായി ബന്ധപ്പെട്ട backlog vacancies, 2019 മുതൽ 2023 വരെ നീണ്ട ഒരു ഒഴിവിന്റെ ഉദാഹരണം, 836 ഒഴിവുകളിൽ 585 എണ്ണം നിയമത്താൽ ബാധകമായിരുന്നിട്ടും 24 എണ്ണം മാത്രം സംവരണം ചെയ്തതായി രേഖപ്പെടുത്തിയ UPSC കണക്ക്, 1,370 തസ്തികകളിൽ 57 disability-reserved posts എന്ന പഠനത്തിലെ കണക്ക്, Accessible India Campaign-ന്റെ 50 ശതമാനവും 100 ശതമാനവും ലക്ഷ്യങ്ങൾ, 2021-ലെ CAG റിപ്പോർട്ടിലെ കണ്ടെത്തലുകൾ, 2005 മുതൽ 2024 വരെ നീണ്ട കോടതി നടപടികൾ എന്നിവ മറ്റൊരു വശവും കാണിക്കുന്നു. നിയമത്തിന്റെ പുരോഗതി അളക്കുന്നത് അതിലെ വകുപ്പുകളുടെയും ശതമാനങ്ങളുടെയും എണ്ണം നോക്കിയാൽ മാത്രം മതിയാകില്ല. ആ വകുപ്പുകൾ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും സാധാരണ മനുഷ്യരുടെ ജീവിതത്തിലും എത്രത്തോളം പ്രതിഫലിക്കുന്നു എന്നതും അത്രതന്നെ പ്രധാനമാണ്.

RPWD Act-ലെ വ്യവസ്ഥകൾ പ്രാവർത്തികമാക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടത്തിന് നേതൃത്വം നൽകിയ മനുഷ്യാവകാശപ്രവർത്തകൻ രാജീവ് റതൂരി. 2005-ൽ ആരംഭിച്ച Rajive Raturi v. Union of India കേസ്  2024 നവംബർ 8-ലെ സുപ്രീം കോടതി വിധിവരെ നീണ്ടു.
RPWD Act-ലെ വ്യവസ്ഥകൾ പ്രാവർത്തികമാക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടത്തിന് നേതൃത്വം നൽകിയ മനുഷ്യാവകാശപ്രവർത്തകൻ രാജീവ് റതൂരി. 2005-ൽ ആരംഭിച്ച Rajive Raturi v. Union of India കേസ് 2024 നവംബർ 8-ലെ സുപ്രീം കോടതി വിധിവരെ നീണ്ടു.

അതുകൊണ്ട് RPWD Act-നെ വിലയിരുത്തുമ്പോൾ നിയമം വിജയിച്ചോ പരാജയപ്പെട്ടോ എന്ന രണ്ട് വാക്കുകളിൽ വിഷയം അവസാനിപ്പിക്കുന്നത് കാര്യങ്ങളെ വളരെ ലളിതമാക്കുന്നതായിരിക്കും. നിയമം തീർച്ചയായും വലിയൊരു അവകാശപരമായ മാറ്റമാണ് കൊണ്ടുവന്നത്. 1995-ലെ നിയമത്തെക്കാൾ വിശാലമായ disability framework, 4 ശതമാനം തൊഴിൽ സംവരണം, അഞ്ചു ശതമാനം വിദ്യാഭ്യാസ സംവരണം, accessibility-ക്കുള്ള നിയമപരമായ ബാധ്യതകൾ എന്നിവ അതിലെ പ്രധാന മാറ്റങ്ങളാണ്. എന്നാൽ ഒരു അവകാശം നിയമത്തിൽ എഴുതപ്പെടുന്നതും അത് ഒരു വ്യക്തിയുടെ ജീവിതത്തിൽ യാഥാർത്ഥ്യമായി അനുഭവപ്പെടുന്നതും തമ്മിൽ നിരവധി ഘട്ടങ്ങളുണ്ട് ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, ഒഴിവുകളുടെ തിരിച്ചറിയൽ, നിയമന നടപടികൾ, കെട്ടിടങ്ങളുടെ രൂപകൽപ്പന, ഗതാഗത സംവിധാനങ്ങൾ, ബജറ്റ്, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം, ഒടുവിൽ പരാതി പരിഹാര സംവിധാനം വരെ. ഈ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന ചെറിയ കാലതാമസങ്ങൾ ഒന്നിച്ചുചേർന്നാൽ നിയമവും യാഥാർത്ഥ്യവും തമ്മിലുള്ള അകലം വലുതാകാം.

അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഭിന്നശേഷിഅവകാശങ്ങളുടെ ഇന്നത്തെ ചിത്രം നോക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് നിയമത്തിന്റെ അഭാവമല്ല, നിലവിലുള്ള നിയമം യാഥാർത്ഥ്യത്തിലേക്ക് എത്തുന്ന വേഗതയാണ്. നിയമം 1995-ൽ നിന്ന് 2016-ലേക്ക് മുന്നോട്ട് പോയി, മൂന്നു ശതമാനത്തിൽ നിന്ന് നാലു ശതമാനത്തിലേക്ക് മാറി, ഏഴ് വിഭാഗങ്ങളിൽ നിന്ന് 21 വിഭാഗങ്ങളിലേക്ക് വ്യാപിച്ചു.

പക്ഷേ ഒരു സംവരണഒഴിവ് ഒരു വ്യക്തിക്ക് ജോലി ലഭിക്കുന്ന അവസരമാകാനും, ഒരു accessibility guideline ഒരു കെട്ടിടത്തിൽ സ്വതന്ത്രമായി പ്രവേശിക്കാനുള്ള സൗകര്യമാകാനും, ഒരു നിയമപരമായ അവകാശം ദൈനംദിന ജീവിതത്തിലെ സ്വാതന്ത്ര്യമായി മാറാനും എത്ര സമയം വേണം എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു.

ഒരുപക്ഷേ RPWD Act-ന്റെ യഥാർത്ഥ പരീക്ഷണം അവകാശങ്ങൾ നിയമത്തിൽ എത്ര മനോഹരമായി എഴുതിയിരിക്കുന്നു എന്നതിലല്ല; ആ അവകാശങ്ങൾ എത്ര വേഗത്തിൽ, എത്ര സ്ഥിരമായി, ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് എത്തുന്നു എന്നതിലാണ്.

Comments