ജയിലിൽ ഭരണഘടന പഠിപ്പിക്കുന്ന യു.എ.പി.എ തടവുകാരന് മകന്റെ ആശംസ

ഇന്ന് എന്റെ അച്ഛന്റെ പിറന്നാളാണ്. അദ്ദേഹം 63-ാം വയസ്സിലേക്ക് പ്രവേശിക്കുന്നു. നമ്മുടെ ഗവണ്മെന്റിന്റെ ക്രൂരത കൊണ്ടും നീതിന്യായ വ്യവസ്ഥതയുടെ പരാജയം കൊണ്ടും ഈ ജന്മദിനം അദ്ദേഹം ചിലവഴിക്കുന്നത് ഒരു ജയിലറക്കുള്ളിലാണ്. ഈ കോവിഡ് കാല ആഗോള ആരോഗ്യ പ്രതിസന്ധിയി ഘട്ടത്തിൽ അതീവ ശ്രദ്ധ കിട്ടേണ്ടവരുടെ കൂട്ടത്തിൽ പെടുന്ന എന്റെ അച്ഛൻ അദ്ദേഹത്തിന്റെ ഈ പിറന്നാൾ ആളുകൾ തിങ്ങിക്കൂടി കഴിയുന്ന ഒരു ജയിലിൽ ചെലവഴിക്കുന്നു; അവശ്യം വേണ്ട കരുതലുകളോ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ. കഴിഞ്ഞ ഒന്നരക്കൊല്ലമായി പുനെയിലെ യെർവാഡാ ജയിലിൽ അദ്ദേഹം സമയം ചിലവഴിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഇന്ന് ഇവിടെ പറയാം എന്ന് കരുതുന്നു.

അങ്ങ് ഇപ്പോൾ എന്താണോ അത് ആയിരിക്കുന്നതിലും അങ്ങയുടെ പ്രവർത്തനങ്ങളിലും എനിക്ക് അഭിമാനമുണ്ട്.

മറ്റൊരു രാഷ്ട്രീയ തടവുകാരനായ അരുൺ എന്റെ അമ്മക്ക് എഴുതിയ കത്തിന്റെ ചിത്രമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്. അരുൺ ഇപ്പോഴും യെർവാഡ ജെയിലിൽ തന്നെയാണ്. അച്ഛനെ പൂനെയിൽ നിന്നും മുംബൈയിലേക്ക് മാറ്റിയതിനെ തുടർന്ന് എഴുതിയതാണ് ഈ കത്ത്.

എന്റെ അച്ഛന്റെ അതേ പാളയത്തിലെ മറ്റൊരു തടവുകാരൻ ആയ സോനവനെ എന്നയാളെ കണ്ടു സംസാരിച്ചതിനെക്കുറിച്ചാണ് അരുൺ എഴുതുന്നത്.
'വെർണൻ അങ്കിൾ വളരെ നല്ല സ്വഭാവമുളള ഒരാളാണ്. ഭരണഘടന എങ്ങനെയാണ് പഠിക്കേണ്ടത് എന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു. അതിനായി അദ്ദേഹം എന്നിൽ താൽപര്യം ജനിപ്പിച്ചു. നിപുണതയും സാമർഥ്യവും ഒക്കെയുള്ള അതീവ ബുദ്ധിമാൻ ആണ് അദ്ദേഹം. വരവര റാവുജി ഏതാനും കവിതകൾ എനിക്ക് സമ്മാനിച്ചു. വെർണനും വരവര റാവുവും വളരെ ബഹുമാനത്തോടുകൂടിയാണ് എന്നോട് ഇടപെട്ടത്. ഒരു നല്ല വ്യക്തിയായിത്തീരാനുള്ള പ്രചോദനം എനിക്ക് ഇവരിൽ നിന്നും ലഭിക്കുന്നു. ഈ ദിവസങ്ങളിൽ ഭരണഘടന പഠിക്കാനാണ് ഞാൻ എന്റെ സമയം ചിലവഴിക്കുന്നത്. അവരെ എന്റെ അഭിവാദ്യങ്ങൾ അറിയിക്കണം. ഞാൻ അവരെ ഓർക്കുന്നു എന്ന് പറയണം. '

വരവര റാവു
വരവര റാവു

എന്റെ അച്ഛൻ ജയിലിൽ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇവ. ഭരണകൂടം "അർബൻ നക്‌സൽ' എന്ന് വിളിക്കുന്ന അതേ ആൾ ജയിലിൽ ആളുകളെ ഭരണഘടന പഠിപ്പിക്കുന്നു. ജയിലിൽ അദ്ദേഹം 10 -12 തടവുകാർക്ക് ഒരുമണിക്കൂർ ദൈർഘ്യമുള്ള ക്ലാസ്സുകൾ എടുക്കുന്നു. പ്രധാനമായും ഇംഗ്ലീഷ് ആണ് പഠിപ്പിക്കുന്നത്. സ്‌പോക്കൺ ഇംഗ്ലീഷിനു സവിശേഷ ശ്രദ്ധ. ഉറക്കെ വായിക്കാനും ഏതാനും വാചകങ്ങൾ ആത്മവിശ്വാസത്തോടെ പറയാനും അദ്ദേഹം അവരെ പ്രോത്സാഹിപ്പിക്കും. ജയിലിലെ അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ലളിതമായ പുസ്തകങ്ങൾ ജയിലിലേക്ക് അയച്ചുകൊടുക്കാൻ അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെടാറുണ്ട്. ജയിൽ ലൈബ്രറിയിൽനിന്നും ഈ ആവശ്യത്തിന് അദ്ദേഹം പുസ്തകങ്ങൾ എടുക്കാറുണ്ട്. ആൻഫ്രാങ്കിന്റെ ഡയറികുറിപ്പുകൾ ഇത്തരത്തിൽ അദ്ദേഹം ജയിൽ ലൈബ്രറിയിൽ നിന്നും എടുത്ത ഒരു പുസ്തകമാണ്. മിക്കവാറും എല്ലാ ദിവസങ്ങളിലും അദ്ദേഹം ഈ ക്ലാസുകൾ എടുക്കുന്നു.

ഭരണകൂടം "അർബൻ നക്‌സൽ' എന്ന് വിളിക്കുന്ന അതേ ആൾ ജയിലിൽ ആളുകളെ ഭരണഘടന പഠിപ്പിക്കുന്നു.

അവസാനമായി ഞാൻ അച്ഛനെ കോടതിയിൽ വച്ച് കണ്ടപ്പോൾ, അതായത് അദ്ദേഹത്തെ പുനെയിൽ നിന്നും മാറ്റുന്നതിന് മുൻപ്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി, വിദ്യാർഥികളോടൊപ്പം നടത്തിയ പതിവിലധികം ദൈർഘ്യമേറിയ സെഷനുകളെ പറ്റി അദ്ദേഹം പറഞ്ഞു. എല്ലാവരും അവരവരുടെ ജീവിത കഥകളും മറ്റ് അനുഭവങ്ങളും സത്യസന്ധമായി പങ്കുവെച്ചു. ജയിലിലെ വിദ്യാർഥികളോടൊപ്പം നടത്തിയ ഈ വിടവാങ്ങൽ സെഷനെക്കുറിച്ച് അദ്ദേഹം ആവേശത്തോടെ എന്നോട് വിവരിച്ചു. പ്രതീക്ഷാരഹിതമായ സാഹചര്യത്തിലും ആളുകൾ സ്‌നേഹവും സന്തോഷവും അത്യുത്സാഹത്തോടെ പങ്കുവയ്ക്കുന്ന ഉജ്വലമായ മായിക ദൃശ്യങ്ങൾ!

ഏതാണ്ട് രണ്ടു മാസങ്ങൾക്ക് മുൻപായിരുന്നു ഈ കൂടിക്കാഴ്ച. അതിനുശേഷം ഇതുവരെ എനിക്ക് എന്റെ അച്ഛനോട് സംസാരിക്കാൻ സാധിച്ചിട്ടില്ല. ഇപ്പൊ ആദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന മുംബൈയിലെ തലോജ ജയിലിൽ അദ്ദേഹം എങ്ങനെയിരിക്കുന്നു എന്ന് എന്നതിനെപ്പറ്റി എനിക്ക് തീർച്ചയില്ല. തലോജ ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ ഒരു തടവുകാരൻ വഴി, അയാളുടെ ജാമ്യാപേക്ഷ തയ്യാറാക്കിയത് അച്ഛൻ ആയിരുന്നു എന്ന് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മറ്റനേകം തടവുകാരുടെ താൽക്കാലിക ജാമ്യാപേക്ഷകളും അച്ഛൻ എഴുതികൊടുത്തതായി അറിയാനായി.

വെർണൻ ഗോൽസാൽവസ് , ഭാര്യ സൂസൻ അബ്രഹാം, മകൻ സാഗർ അബ്രഹാം ഗോൽസാൽവസ്.
വെർണൻ ഗോൽസാൽവസ് , ഭാര്യ സൂസൻ അബ്രഹാം, മകൻ സാഗർ അബ്രഹാം ഗോൽസാൽവസ്.

എന്റെ അച്ഛന്റെ അനുഭവങ്ങളിലൂടെയും അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെയും നമ്മുടെ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിനകത്തും തടവുകാർക്കിടയിലും നിലനിൽക്കുന്ന പലതരം അനീതികളെക്കുറിച്ചും അസമത്വങ്ങളെക്കുറിച്ചും ഉള്ള ഒരു സമഗ്ര വീക്ഷണം എനിക്ക് കിട്ടിയിട്ടുണ്ട്. നിരപരാധികളായ ആളുകളുടെമേൽ അവരുടെ കേവല സ്വത്വങ്ങളുടെ അടിസ്ഥാനത്തിൽമാത്രം കുറ്റാരോപണങ്ങൾ കെട്ടിച്ചമക്കപ്പെടുകയും അവർ ജയിലുകളിലേക്ക് എടുത്തറിയപ്പെടുകയും ചെയ്യുന്നു. ഇത്തരം ആളുകളുടെ വിചാരണ തുടങ്ങുന്നത് പോലും വർഷങ്ങൾ കഴിഞ്ഞിട്ടായിരിക്കും. അങ്ങനെ വളരെ ദീർഘമായ കാലയളവിൽ അവർക്ക് ജയിലുകളിൽ വിചാരണത്തടവുകാരായി കഴിയേണ്ടി വരുന്നു. വളരെ ദരിദ്രമായ സാഹചര്യങ്ങളിൽ നിന്ന് വരുന്നവർ ആയതിനാൽ മികച്ച നിയമസഹായം ഇവർക്ക് മിയ്ക്കപ്പോഴും അപ്രാപ്യമാകുകയും ശിക്ഷാ കാലാവധി വല്ലാതെ ദീർഘിപ്പിക്കപ്പെടുകയും ചെയ്യുന്നു.

പ്രശസ്ത അമേരിക്കൻ സംഗീതജ്ഞ joan baez 'ജയിലുകൾ തച്ചുതകർക്കുക' എന്ന് പാടുന്നതിനെ ഞാൻ അനുകൂലിക്കുന്നതിനു കാരണം എന്റെ അച്ഛന്റെ ഈ കഥകളാണ്. നമ്മുടെ ജയിലുകളെയും നീതിന്യായ വ്യവസ്ഥയെത്തന്നെയും സമഗ്രമായ മാറ്റങ്ങൾക്ക് വിധേയമാക്കി അവയെ യഥാർത്ഥ അർത്ഥത്തിലുള്ള ഒരു നീതി നിർവഹണ കേന്ദ്രമാക്കി മാറ്റേണ്ടതുണ്ട്.

എന്റെ പിതാവ് ആർദ്രചിത്തനായ, അനുകമ്പയുള്ള, തനിക്കുചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്ന പ്രകൃതക്കാരനാണ്. ജയിലിലും അദ്ദേഹം തുടരുന്ന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ഈ സ്വഭാവ സവിശേഷതക്ക് നിദാനമാണ്. ഇത്തരത്തിലുള്ള ഒരു ദുർഘട സാഹചര്യത്തിലും അദ്ദേഹം പ്രസരിപ്പോടെ ആവശ്യക്കാരെ സഹായിക്കുകയും അവരുടെ സന്തോഷത്തിനു കാരണക്കാരനായിരിക്കുകയും ചെയ്യുന്നു.

പ്രിയ ദാദാ, അങ്ങേക്ക് ജന്മദിന ആശംസകൾ. എല്ലാത്തിനും അങ്ങയോടു നന്ദി പറയുന്നു. അങ്ങ് ഇപ്പോൾ എന്താണോ അത് ആയിരിക്കുന്നതിലും അങ്ങയുടെ പ്രവർത്തനങ്ങളിലും എനിക്ക് അഭിമാനമുണ്ട്. സമൂഹത്തിലെ പ്രബലമായ അനീതികൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ അങ്ങയെയും മറ്റനേകരെയും ശിക്ഷിക്കുന്ന ഈ വ്യവസ്ഥയെ ഞാൻ അപലപിക്കുന്നു.

സാഗർ അബ്രഹാം ഗോൽസാൽവസിന്റെ ഫേസ്ബുക്ക് കുറിപ്പ്. പരിഭാഷ: രഞ്ജിത്ത് കല്ല്യാണി, ഐ.ഐ.ടി ബോംബൈയിലെ ഗവേഷകൻ.

Comments