17 ദ്വീപുകളിൽ പ്രവേശന​ നിയന്ത്രണം; കോർപറേറ്റുകൾക്കായി​ ആട്ടിയോടിക്കപ്പെടുന്ന ലക്ഷദ്വീപ്​ ജനത

ലക്ഷദ്വീപിൽ സ്ഥിരമായി ജനവാസമില്ലാത്ത 17 ദ്വീപുകളിലേക്ക്​ പോകാൻ ദ്വീപുനിവാസികളടക്കമുള്ളവർക്ക്​ ഇനി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ രേഖാമൂലമുള്ള അനുമതി വേണം. വിനോദ സഞ്ചാരത്തിന്റെ പേരിൽ സ്വകാര്യ സംരംഭകർക്ക് പാട്ടത്തിന് നൽകാൻ ലക്ഷ്യമിടുന്ന ദ്വീപുകളിലാണ്​, സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നത്​. ലക്ഷദ്വീപുജീവിതം ദുസ്സഹമാക്കുന്ന ഭരണകൂട- ​കോർപറേറ്റ്​ ചങ്ങാത്തനയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിത്​.

ക്ഷദ്വീപിൽ സ്ഥിരമായി ജനവാസമില്ലാത്ത 17 ദ്വീപുകളിൽ, ദ്വീപ് നിവാസികളടക്കമുള്ളവർക്ക്​ പ്രവേശിക്കാൻ ഇനി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ രേഖാമൂലമുള്ള അനുമതി വേണം. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ. പട്ടേലിന്റെ നിർദ്ദേശപ്രകാരം കലക്ടർ ഡോ. രാകേഷ് മിൻഹാസാണ് ഉത്തരവിറക്കിയത്. ‘തീവ്രവാദത്തിൽ നിന്ന് സുരക്ഷിതമാക്കാനും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകാതിരിക്കാനും സമാധാനം തകരാതിരിക്കാനും മുൻകരുതൽ ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് 17 ദ്വീപുകളിൽ മുൻകൂർ അനുമതിയില്ലാതെ പ്രവേശനം നിരോധിക്കുന്നത്’ എന്നാണ് ഉത്തരവിൽ പറയുന്നത്. പ്രഫുൽ കെ. പട്ടേൽ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ശേഷം ദ്വീപുനിവാസികളുടെ സ്വൈര്യജീവിതം അസാധ്യമാക്കുംവിധം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ‘പരിഷ്​കാരങ്ങളി’ൽ ഒടുവിലത്തേതാണ്​ ഈ നിയന്ത്രണം.

1973ലെ ക്രിമിനൽ നടപടി നിയമം സെക്ഷൻ 144 പ്രകാരമുള്ള ഉത്തരവ് ലംഘിച്ചാൽ സി.ആർ.പി.സി 188 പ്രകാരമുള്ള ശിക്ഷ ലഭിക്കും. 36 ദ്വീപുകളുള്ള ലക്ഷദ്വീപിൽ പത്തെണ്ണത്തിലേ ജനവാസമുള്ളൂ. ഇവിടെയുള്ളവർക്ക് ജനവാസമില്ലാത്ത 17 ദ്വീപുകളിലും സ്വന്തം സ്ഥലമുണ്ട്. കൃഷിക്കുവേണ്ടിയാണ് പ്രധാനമായും ദ്വീപുജനത ഇവിടേക്കു​പോകുന്നത്​. ചെറിയ തോതിൽ മത്സ്യബന്ധനവുമുണ്ട്. തേങ്ങ ശേഖരിച്ച്​ ഉണക്കി കൊപ്രയാക്കാനും തൊഴിലാളികളെ പാർപ്പിക്കാനും താൽക്കാലിക ഷെഡുകളുമുണ്ട്. ‘ഈ ഷെഡുകളിൽ താമസിക്കുന്ന തൊഴിലാളികൾക്കൊപ്പം നിയമവിരുദ്ധ- ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഉണ്ടെന്ന വസ്തുത തള്ളിക്കളയാനാവില്ല’ എന്നാണ് ഉത്തരവിൽ പറയുന്നത്. ‘ഇത്തരം ദ്വീപുകളെ കള്ളക്കടത്ത്, ആയുധങ്ങൾ മയക്കുമരുന്ന് തുടങ്ങിയവ ഒളിപ്പിക്കാനും കുറ്റകൃത്യങ്ങളിൽപെട്ടവർ ഒളിത്താവളമാക്കാനും ഉപയോഗിക്കുന്നു’ എന്ന ആരോപണത്തിന്റെ മറവിലാണ്​ നിയന്ത്രണം.

ജനവാസമില്ലാത്ത 17 ദ്വീപുകളിൽ പ്രവേശിക്കാൻ ഇനിമുതൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ രേഖാമൂലമുള്ള അനുമതി വേണമെന്ന ഉത്തരവ്
ജനവാസമില്ലാത്ത 17 ദ്വീപുകളിൽ പ്രവേശിക്കാൻ ഇനിമുതൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ രേഖാമൂലമുള്ള അനുമതി വേണമെന്ന ഉത്തരവ്

വിനോദസഞ്ചാരത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ ഒത്താശയോടെ സ്വകാര്യ സംരംഭകർക്ക് പാട്ടത്തിന് നൽകാൻ ലക്ഷ്യമിടുന്ന ദ്വീപുകളിലാണ്​ പുതിയ നിയന്ത്രണം എന്നത്, ഇതിനുപിന്നിലെ ഭരണകൂട- കോർപറേറ്റ് ചങ്ങാത്തത്തിലേക്ക്​ വിരൽ ചൂണ്ടുന്നു. ദ്വീപിൽ കർശന തീരദേശ സുരക്ഷാനിയമങ്ങളുണ്ടായിരിക്കേയാണ്​ ഇത്തരമൊരു നീക്കം എന്നതും ശ്രദ്ധിക്കേണ്ടതാണ്​. അഡ്മിനിസ്‌ട്രേറ്ററുടെ നിർദേശ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും കലക്ടർ ഒപ്പിട്ടിട്ടില്ല. എങ്കിലും ഉത്തരവ് പുറപ്പെടുവിച്ച ശേഷം ദ്വീപുനിവാസികൾ ഈ ദ്വീപുകളിലേക്ക് പോകുന്നത് നിർത്തിയിട്ടുണ്ട്.

Photo: Sajid Muhammed Instagram
Photo: Sajid Muhammed Instagram

ദ്വീപുനിവാസികളെ പ്രതിയാക്കി ഒരുത്തരവ്​

ദ്വീപിലെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും ഉപജീവന മാർഗവും തടയുന്ന ഉത്തരവ് എന്ത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് ദ്വീപ് ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. ഈ 17 ദ്വീപുകളിൽ ഉൾപ്പെട്ടതാണ് അഗത്തി ദ്വീപിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന വളയാകൃതിയിലുള്ള ബംഗാരം അറ്റോൾ. 1974-ൽ ബംഗാരം ദ്വീപ് ബീച്ച് റിസോർട്ട് ടൂറിസത്തിനായി തുറന്നുകൊടുത്തു. എന്നാൽ വാണിജ്യ വിമാനങ്ങളുടെ അഭാവവും ദ്വീപുകളിലേക്ക് പ്രവേശിക്കാനുള്ള ഗതാഗതസൗകര്യങ്ങളുടെ കുറവും പ്രവേശനം ദുഷ്കരമാക്കി. സമീപത്തെ അഗത്തി ദ്വീപിലെ അഗത്തി എയ്‌റോഡ്രോം കമീഷൻ ചെയ്യപ്പെടുകയും കൊച്ചിയിൽനിന്ന് പതിവായി വാണിജ്യ വിമാന സർവീസ്​ ഏർപ്പെടുത്തുകയും ചെയ്​തശേഷമാണ് ബംഗാരത്തിൽ ടൂറിസം വികസിക്കുന്നത്. അവിടെ ടൂറിസ്റ്റുകൾക്കായി ഹട്ട് റിസോർട്ടുമുണ്ട്.

ദ്വീപുകളുടെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലക്ഷദ്വീപ് ഭരണകൂടം 1982-ൽ രൂപീകരിച്ച സൊസൈറ്റി ഫോർ പ്രൊമോഷൻ ഓഫ് നേച്ചർ ടൂറിസം ആൻഡ് സ്‌പോർട്‌സ് (SPORTS) അഡ്മിനിസ്‌ട്രേഷന്റെ നോഡൽ ഏജൻസിയാണ്​. ആൽക്കഹോളിന് നിയന്ത്രണമുള്ള ലക്ഷദ്വീപിൽ ബംഗാരം അറ്റോളിൽ മാത്രമേ മദ്യം കഴിക്കാൻ അനുവദിക്കൂ.
നിലവിൽ ദ്വീപ് നിവാസികൾക്ക് ബംഗാരത്തിലേക്ക് പ്രവേശനാനുമതിയുണ്ട്. അഗത്തി ദ്വീപിൽ നിന്നാണ് പ്രധാനമായും ബോട്ടിൽ ബംഗാരത്തിലേക്ക് ആളുകളെ കൊണ്ടുപോകുന്നത്. ഇതിനായി നിരവധി ദ്വീപ് നിവാസികൾ തങ്ങളുടെ മത്സ്യബന്ധന ബോട്ടുകൾ ടൂറിസ്റ്റ് ബോട്ടുകളാക്കി മാറ്റിയിട്ടുമുണ്ട്.

ബംഗാരം ഐലന്റ്
ബംഗാരം ഐലന്റ്

ഇപ്പോൾ ടൂറിസ്റ്റ് സീസൺ ആയതുകൊണ്ട്​ നിരവധി സഞ്ചാരികളാണ്​ബംഗാരത്തിലേക്ക് വരുന്നത്. അവരിൽ സർക്കാർ അതിഥികളും വ്യക്തികളും തദ്ദേശീയരും ഉൾപ്പെടുന്നു. ബംഗാരത്തിലേക്ക് കൃഷിക്കും മറ്റും വരുന്ന ദ്വീപ് നിവാസികൾ ടൂറിസ്റ്റുകൾക്ക് ശല്ല്യമുണ്ടാക്കുന്നു എന്ന ആരോപണങ്ങൾ ദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുയർന്നിരുന്നു. കഴിഞ്ഞ ആഴ്​ച ബംഗാരത്തിലെ റിസോർട്ടിൽ വന്ന കലക്ടറുടെ ഗസ്റ്റിന് ദ്വീപുനിവാസികളിലാരോ ശല്യമുണ്ടാക്കിയെന്ന കാരണമാണ്​ ഇത്തരമൊരു ഉത്തരവിലേക്ക് നയിച്ചതെന്നാണ് കടമത്ത് സ്വദേശി സാബിത്തും അഗത്തി സ്വദേശിയായ മറ്റൊരു ദ്വീപ് നിവാസിയും ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്. ഈ സംഭവത്തെതുടർന്നാണ്​, കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് പെട്ടെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.

സ്വന്തം വീട്ടിൽ​ പോകാൻ പെർമിഷൻ?

ബോട്ടിംഗിനെയും കൃഷിയേയും മത്സ്യബന്ധനത്തേയും ആശ്രയിച്ച് ഉപജീവനം നടത്തുന്ന ദ്വീപുജനതക്ക്​ മുൻകൂട്ടി ഒരു സൂചനയും നൽകാതെയാണ് ഉത്തരവിറക്കിയത്. കലക്ടറോടും ബ്ലോക്ക് ഡെവലപ്പ്‌മെൻറ്​ ഓഫീസറോടും പഞ്ചായത്തിലും അന്വേഷിച്ചെങ്കിലും ഇതേക്കുറിച്ച്​മറുപടിയുണ്ടായിരുന്നില്ല. വാക്കാൽ ഉത്തരവ് നിലനിൽക്കില്ലെന്ന ദ്വീപ് നിവാസികളുടെ പ്രതിഷേധങ്ങൾക്കിടെയാണ് രാജ്യദ്രോഹ പ്രവർത്തനങ്ങളും കള്ളക്കടത്തുമൊക്കെ കാരണമായി ആരോപിച്ച് പിന്നീട്​ പുതിയ നോട്ടീസിറക്കുന്നത്. എന്നാൽ, ഇതുവരെ കലക്ടർ ഒപ്പിട്ടിട്ടില്ലെന്നും നിയന്ത്രണം നടപ്പിലാക്കുകയാണെങ്കിൽ നിയമപരമായി നേരിടാൻ തയാറാണെന്നും ലക്ഷദ്വീപ് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. കോയ അറഫ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

Photo: Sajid Muhammed Instagram
Photo: Sajid Muhammed Instagram

മത്സ്യബന്ധന ബോട്ടുകൾ ആൾതാമസമില്ലാത്ത ദ്വീപുകളിലേക്ക് പോകുന്നതിന് പെർമിഷൻ എടുക്കണം എന്ന റെഗുലേഷൻ നിലനിൽക്കുന്നുണ്ട്. എന്നാൽ ബംഗാരം ഒരു പ്രധാന ഇന്റർനാഷണൽ ടൂറിസ്റ്റ് സ്‌പോട്ട് ആയതുകൊണ്ടുതന്നെ അതിനെ ജനവാസ മേഖലയെന്ന പോലെ പരിഗണിച്ച് ആരും പെർമിഷൻ എടുക്കാറില്ലായിരുന്നു.
"നാട്ടുകാർക്ക്​ പെർമിഷൻ വേണ്ടല്ലോ. ഞാൻ ലക്ഷദ്വീപുകാരനാണ്. എനിക്ക് ഏത് ദ്വീപിലേക്കും എപ്പോൾ വേണമെങ്കിലും പോകാമല്ലോ. സ്വന്തം വീട്ടിലേക്ക് പോകാൻ പെർമിഷൻ എടുക്കണം എന്ന് പറയുന്നതിൽ എന്തു ന്യായമാണുള്ളത്?' കടമത്ത് സ്വദേശിയായ ഒരു ലക്ഷദ്വീപുകാരൻ ചോദിക്കുന്നു.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 മീറ്റിംഗുകൾക്ക് 2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെ 55 സ്ഥലങ്ങളാണ് വേദിയാകുന്നത്. അതിൽ ഒരു ഈവൻറ്​ ഫെബ്രുവരിയിൽ ബംഗാരം ദ്വീപിലാണ്​ നടക്കുന്നത്​. അതിന്റെ ഭാഗമായുള്ള സുരക്ഷാപ്രശ്‌നങ്ങളും ഒരുപക്ഷെ ഉത്തരവിന് പിന്നിലുണ്ടാകാമെന്നും സൂചനയുണ്ട്​.

തുടരുന്ന വേട്ടയാടൽ

വ്യക്തമായ കോർപറേറ്റ് താല്പര്യങ്ങളുള്ളയാളെന്ന് മുൻപേ ആരോപണവിധേയനായ പ്രഫുൽ കെ. പട്ടേൽ ഗുജറാത്തിൽ മന്ത്രിയായിരിക്കെ നടപ്പിലാക്കിയ അതേ തന്ത്രങ്ങളാണ് ദ്വീപിലും പയറ്റുന്നത്. അഡ്മിനിസ്​ട്രേറ്ററുടെ ദ്വീപ് വിരുദ്ധ നയങ്ങൾക്കെതിരെ ലക്ഷദ്വീപ് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. കോയ അറഫയുടെ നേതൃത്വത്തിൽ കേരളാ ഹൈകോടതിയിൽ നിരവധി ഹർജികളാണ് കൊടുത്തിട്ടുള്ളത്.

പ്രഫുൽ കെ. പട്ടേൽ
പ്രഫുൽ കെ. പട്ടേൽ

ദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസം നിരോധിച്ചതും ദ്വീപിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഏക കന്നുകാലി ഫാം അടച്ചുപൂട്ടാൻ അഡ്മിനിസ്‌ട്രേറ്റർ നടത്തിയ ശ്രമവുമെല്ലാം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

ലക്ഷദ്വീപിൽ ബിൽഡിങ് മെറ്റീരിയൽസ് പുറമെനിന്നാണ് കൊണ്ടുവരുന്നത്. അതിന് വലിയ ചെലവുള്ളതിനാൽ, ലക്ഷദ്വീപ് ബിൽഡിംഗ് ഡെവലപ്പ്‌മെൻറ്​ ബോർഡി (LBDB) ലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇളവനുവദിക്കുകയും അതിലൂടെ മിനിമം തുകക്ക്​ സാധനങ്ങൾ ലഭിക്കുകയും ചെയ്​തിരുന്നു. പ്രഫുൽ പട്ടേൽ വന്ന ശേഷം അത് നിർത്തി. അതിനെതിരെ ഹൈക്കോടതിൽ പോയെങ്കിലും ദ്വീപ് ഭരണകൂടം മിനിസ്ട്രിയെകൊണ്ട് ആ നിയമം റദ്ദാക്കിച്ചു.

ലക്ഷദ്വീപിൽ രണ്ടുതരം ഭൂമികളാണുള്ളത്. അതിലൊന്ന് ദ്വീപിലെ ജനങ്ങൾ കാലങ്ങളായി ഉപയോഗിക്കുന്നതും അവരുടെ കൈവശവും അധികാരത്തിലും ഉള്ളതുമായ ഭൂമിയാണ്. അതിൽ അവർക്ക്​ നിയമപരമായി അവകാശം നൽകിയിട്ടുണ്ട്​. പക്ഷേ, ഭൂമി കാലങ്ങളായി അവരുടെ നിയന്ത്രണത്തിലുള്ളതാണെന്ന occupancy right അഡ്മിനിസ്‌ട്രേറ്റർ ഉറപ്പ് വരുത്തണം. ഇപ്പോൾ അതിന്​ അപേക്ഷിച്ചാൽ occupancy right ഇല്ലെന്നു പറഞ്ഞ് തള്ളുകയാണ്. ഇതിനെതിരെ ഹൈക്കോടതിയിൽനിന്ന്​ സ്റ്റേ വാങ്ങിയിട്ടുണ്ട്.

Photo: Sajid Muhammed Instagram
Photo: Sajid Muhammed Instagram

ഇത്തരത്തിൽ ദ്വീപ് ജനതയെ ദുരിതത്തിലാഴ്ത്തുന്ന അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങൾക്കെതിരെ നിരന്തരം നിയമയുദ്ധം നടത്തേണ്ട അവസ്​ഥയിലാണ്​ദ്വീപുനിവാസികൾ. പല ഉത്തരവുകൾക്കുമെതിരെ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിച്ചതായി അഡ്വ. കോയ പറഞ്ഞു.

അഡ്മിനിസ്‌ട്രേറ്ററുടെ ദ്വീപ് വിരുദ്ധ നയങ്ങൾ, പുതിയ ഉത്തരവോടെ അവസാനിക്കുമെന്ന്​ ദ്വീപുജനത കരുതുന്നില്ല. കേന്ദ്രത്തിന്റെ ഒത്താശയോടെ അത്​ തുടരും. അതീവ പരിസ്ഥിതിലോല പ്രദേശത്ത്, പരിമിത ജീവിതസാഹചര്യങ്ങളിൽ കഴിഞ്ഞുകൂടുന്ന ഒരു ജനതയുടെ അതിജീവനം ദിവസംചെല്ലുംതോറും കൂടുതൽ ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്​.


Summary: ലക്ഷദ്വീപിൽ സ്ഥിരമായി ജനവാസമില്ലാത്ത 17 ദ്വീപുകളിലേക്ക്​ പോകാൻ ദ്വീപുനിവാസികളടക്കമുള്ളവർക്ക്​ ഇനി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ രേഖാമൂലമുള്ള അനുമതി വേണം. വിനോദ സഞ്ചാരത്തിന്റെ പേരിൽ സ്വകാര്യ സംരംഭകർക്ക് പാട്ടത്തിന് നൽകാൻ ലക്ഷ്യമിടുന്ന ദ്വീപുകളിലാണ്​, സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നത്​. ലക്ഷദ്വീപുജീവിതം ദുസ്സഹമാക്കുന്ന ഭരണകൂട- ​കോർപറേറ്റ്​ ചങ്ങാത്തനയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിത്​.


സൽവ ഷെറിൻ കെ.പി.

ട്രൂകോപ്പി ട്രെയ്‌നി ജേർണലിസ്റ്റ്

Comments