ആറു ലക്ഷത്തിന്റെ വായ്പാ കുടിശ്ശികയ്ക്ക് ദലിത് യുവാവിന്റെ ജീവനെടുത്ത സര്‍ഫാസി

സര്‍ഫാസി നിമയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അനുദിനം നടന്നുകൊണ്ടിരിക്കുന്ന ആത്മഹത്യകളുടെ കാരണമന്വേഷിക്കുന്ന റിപ്പോര്‍ട്ടുകളോ തെരുവാധാരമാക്കുന്ന കുടുംബങ്ങളുടെ വേദനിപ്പിക്കുന്ന ദൃശ്യങ്ങളോ മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്ന് പുറത്ത് വിടാറില്ല. സാധാരണക്കാരായ മനുഷ്യര്‍ കൂലിപ്പണിയെടുത്ത് നുള്ളിപ്പെറുക്കി വെച്ച സമ്പാദ്യം കൊണ്ട് ഉണ്ടാക്കിയ കിടപ്പാടങ്ങളെ ഞങ്ങള്‍ വിറ്റ് കാശാക്കുമെന്ന ഹുങ്ക് ഇന്നൊരു മാധ്യമവും ഇത് ചെര്‍ച്ച ചെയ്യില്ലെന്ന ഉറപ്പില്‍ നിന്ന് കൂടിവരുന്നതാണ്. ഒരു രാഷ്്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ബാങ്കിനെ തൊടില്ലെന്ന ആത്മവിശ്വാസത്തില്‍ നിന്ന് വരുന്നതാണ്

ര്‍ഫാസി എന്ന ഭീകര നിയമം സംസ്ഥാനത്ത് ഒരു ജീവന്‍ കൂടി എടുത്തിരിക്കുന്നു. തൃശൂര്‍ ജില്ലയിലെ കാഞ്ഞാണി എന്ന പ്രദേശത്ത് വിഷ്ണു വിനയന്‍ എന്ന 25 കാരനായ ദളിത് യുവാവാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരിക്കുന്നത്. വീടു പണിക്ക് വേണ്ടിയാണ് വിഷ്ണുവിന്റെ അച്ഛന്‍ കാഞ്ഞാണി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് എട്ടു ലക്ഷം രൂപ വായ്പയെടുത്തത്. അതില്‍ എട്ടേ മുക്കാല്‍ ലക്ഷം രൂപ തിരിച്ചടച്ചിട്ടും ആറു ലക്ഷം രൂപ ഇനിയും കുടിശ്ശികയുണ്ടെന്ന് പറഞ്ഞ് സര്‍ഫാസി നിയമപ്രകാരം ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു ബാങ്ക്. ബാങ്കില്‍ നിന്ന് നിരന്തരം ഏല്‍ക്കേണ്ടി വന്ന മോശമായ പെരുമാറ്റം വിഷ്ണുവിന്റെ മനസിനെ ഉലച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഫെബ്രുവരി ഒന്നാം തീയതി വീടുപൂട്ടി താക്കോല്‍ ബാങ്കിനെ ഏല്‍പ്പിക്കണമെന്ന ഭീഷണിക്ക് മുന്നില്‍ വിഷ്ണു മരണം തെരഞ്ഞെടുക്കുകയായിരുന്നു. 2002 ല്‍ വെജ്പേയ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത സര്‍ഫാസി എന്ന ഭീകര നിയമത്തിന്റെ പ്രയോഗം എങ്ങനെയാണ് സാധാരണക്കാരുടെ ജീവിതം തകര്‍ക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

Comments