ഫാ. സ്റ്റാൻ സ്വാമി; കുറ്റം : ജീവൻ, ജാമ്യം: മരണം

ജാമ്യത്തിന് വേണ്ടി അദ്ദേഹം ഈ ഭരണകൂടത്തോട് കേണപേക്ഷിച്ചിരുന്നു... സത്യത്തിൽ അത് ജാമ്യത്തിന് വേണ്ടിയായിരുന്നില്ല, ജീവന് വേണ്ടിയായിരുന്നു. പാർക്കിൻസൺസ് രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ, വാർധക്യത്തിന്റെ രോഗപീഡകളിൽ ജയിലികനത്ത് തുടരാനാതെ ജീവന് വേണ്ടി ഭരണകൂടത്തോട് കേണപേക്ഷിച്ച നിരപരാധിയായ ഒരു വൈദികനെ, മനുഷ്യസ്‌നേഹിയെ ഭരണകൂടം നിർദയം കൊന്നുകളഞ്ഞിരിക്കുന്നു.

""എട്ട് മാസങ്ങൾക്ക് മുമ്പ് ജയിലെത്തുമ്പോൾ എന്റെ ശരീരം സാധാരണ നിലയിലായിരുന്നു. എന്നാൽ ഇന്നെനിക്ക് നടക്കാനോ സ്വന്തമായി കുളിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. എന്റെ രണ്ട് ചെവിയുടെയും കേൾവി ശക്തി ഏതാണ്ട് നഷ്ടമായ സ്ഥിതിയിലാണ്. ജയിലിലെ ചികിത്സയെക്കാൾ ഭേദം മരണമാണ്. ഞാൻ പ്രവർത്തിച്ച നാട്ടിൽ റാഞ്ചിയിൽ എന്റെ സുഹൃത്തുക്കൾക്കിടയിൽ വെച്ച് എനിക്ക് മരിക്കണം. എനിക്ക് ജാമ്യം തരൂ...'' ഇങ്ങനെയായിരുന്നു ഫാ. സ്റ്റാൻ സ്വാമി ഈ ഭ രണകൂടത്തോട് യാചിച്ചത്. പക്ഷേ ലമുണ്ടായില്ല. ആഗ്രഹിച്ച മരണം പോലും ഈ നെറികെട്ട ഭരണകൂടം ആ പാവം മനുഷ്യന് നൽകിയില്ല.

ജാർഖണ്ഡിലെ സാധാരണക്കാരായ ദളിത് ആദിവാസി വിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ തടവിലായ ആ വൃദ്ധൻ മരണത്തിന് കീഴടങ്ങി.
പൊള്ളുന്ന മനസ്സുമായല്ലാതെ ഫാ. സ്റ്റാൻ സ്വാമിയുടെ അവസാന കാലത്തെ നമുക്ക് വിവരിക്കാനാവില്ല. അരമനയിലെ സുഖസൗകര്യങ്ങളിൽ പരിചാരകരാൽ ശുശ്രൂശിക്കപ്പെട്ട് വാർധക്യ ജീവിതം നയിക്കാമായിരുന്ന ഒരു വൈദികൻ 84 ആ മത്തെ വയസ്സിൽ ഈവിധം ക്രൂരമായി തടവിലാക്കപ്പെട്ടതിന്റെ കാരണം അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളാണ്. രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികളുടെ ഇരട്ടത്താപ്പിനെതിരെ മർദിത ജനതയോടൊപ്പം നിന്ന് പോരാടിയതിന്റെ പേരിലാണ്, ശരീരം വലിയൊരളവിൽ തളർന്നുകഴിഞ്ഞിട്ടും പക തീർന്നില്ല എന്ന മട്ടിൽ മരണം വരെ ഹിന്ദുത്വ ഭരണകൂടത്താൽ അദ്ദേഹം പീഡിപ്പിക്കപ്പെട്ടത്. ജാമ്യം പോലും നിഷേധിക്കപ്പെട്ട് തടവറയിൽ തന്നെ തളയ്ക്കപ്പെട്ടത്.

വാർധക്യത്തിന്റെ അവശതകളിൽ പാർക്കിൻസസ് രോഗമടക്കം മൂർച്ഛിച്ച് സ്വന്തമായി ഭക്ഷണം പോലും കഴിക്കാൻ പ്രാപ്തനല്ലാതായ സാധുവായ ഒരു വൃദ്ധനെ ജാമ്യവും ചികിത്സയുമെല്ലാം നിഷേധിച്ച് തടവറയിലിട്ട് കൊന്നതിലൂടെ സംഘപരിവാർ ഭരണകൂടം രാജ്യത്തിന് നൽകുന്നത് ഒരു താക്കീതാണ്. ഇനിയുമൊരു സ്റ്റാൻ സ്വാമി ഇവിടെയുണ്ടാകാൻ പാടില്ല എന്ന ഭീഷണി. തങ്ങൾക്കെതിരെ ചോദ്യം ഉയർത്തുന്നവരുടെയെല്ലാം സ്ഥിതി ഇതുതന്നെ ആയിരിക്കുമെന്നാണ് സംഘപരിവാർ പറയാൻ ശ്രമിക്കുന്നത്.

തമിഴ്നാട്ടിൽ ജനിച്ച് ഫിലിപ്പൈൻസിൽ നിന്നും ദൈവശാസ്ത്രം പഠിക്കുകയും വിമോചന ദൈവശാസ്ത്രത്തിൽ ആകൃഷ്ടനായി അടിച്ചമർത്തപ്പെട്ട സാമൂഹ്യവിഭാഗങ്ങളുടെ പോരാട്ടങ്ങളോടൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോവുകയും ചെയ്ത സ്റ്റാൻസ്വാമി തന്റെ കർമമണ്ഡലമായി തെരഞ്ഞെടുത്തത് ഝാർഖണ്ഡിലെ ആദിവാസി മേഖലയായിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന നിരവധി സാമൂഹ്യപ്രവർത്തകരും എഴുത്തുകാരും ബുദ്ധിജീവികളുമെല്ലാം ജയിലിലടയ്ക്കപ്പെട്ട ഭീമ കൊറേഗാവ് കേസ്സിലാണ് 2020 ഒക്ടോബറിൽ ഫാ. സ്റ്റാൻ സ്വാമിയും അറസ്റ്റിലാകുന്നത്.

പ്രകൃതിവിഭവങ്ങൾ കൊണ്ട് സമ്പന്നമായ ഇന്ത്യയിലെ ആദിവാസി മേഖലകളിലേക്ക് ബഹുരാഷ്ട്ര കുത്തകകളും അവർക്കനുകൂലമായി നിന്ന ഇന്ത്യൻ ഭരണകൂടവും വിവിധങ്ങളായ പദ്ധതികളുമായെത്തിയപ്പോൾ, തലമുറകളായി ജീവിച്ചുപോന്ന ആവാസ വ്യവസ്ഥകളിൽ നിന്നും പുറത്താക്കപ്പെട്ട ആദിവാസികൾക്ക് വേണ്ടി ശബ്ദമുയർത്തിക്കൊണ്ട് സാമൂഹ്യരംഗത്ത് നിലയുറപ്പിച്ചയാളാണ് ഫാ. സറ്റാൻ സ്വാമി.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ജാർഖണ്ഡിലെ ആദിവാസി അവകാശ സമരങ്ങളുടെ നേതൃനിരയിലുണ്ടായിരുന്നു അദ്ദേഹം. 1996ൽ യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ ജാർഖണ്ഡിലെ ആദിവാസികൾ നടത്തിയ സമത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധയാകർഷിക്കുന്നത്. കുടിയൊഴിപ്പിക്കലിനെതിരായി നടന്ന ഈ പ്രക്ഷോഭത്തിലൂടെ നൂറുകണക്കിന് ആദിവാസികളുടെ ആവാസഭൂമിയാണ് അന്ന് സംരക്ഷിക്കപ്പെട്ടത്. ചൈബാസ് ഡാമിന്റെ നിർമാണം തടയുന്നതിന് വേണ്ടിയും ആദിവാസികളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയുമടക്കം നടന്ന അനേകം സമരങ്ങളിൽ അദ്ദേഹം മുന്നിലുണ്ടായിരുന്നു.

ജാർഖണ്ഡിലെ പൊലീസ് അതിക്രമത്തിനെതിരെ ശബ്ദമുയർത്തിയ വ്യക്തി കൂടിയാണ് അദ്ദേഹം. സാധാരണക്കാരായ ആദിവാസികളെ മാവോയിസ്റ്റുകൾ എന്ന് മുദ്രകുത്തി ജയിലിലടച്ച്, വിചാരണ പോലുമില്ലാതെ വർഷങ്ങളായി തടവിലിടുന്നതിനെതിരെയും അദ്ദേഹം ശക്തമായി രംഗത്ത് വന്നിരുന്നു. 2010ൽ ദ ട്രൂത്ത് ഓഫ് അണ്ടർ ട്രയൽസ് എന്ന പേരിൽ അദ്ദേഹം ഒരു പുസ്തകവും എഴുതിയിരുന്നു.

ഭരണകൂടം മാവോയിസ്റ്റുകളെന്ന പേരിൽ തടവിലിട്ടവരിൽ 98 ശതമാനം പേർക്കും മാവോയിസ്റ്റുകളുമായി ഒരു ബന്ധവുമില്ലെന്ന് കണ്ടെത്തുകയും അവരുടെ മോചനത്തിനായി ശബ്ദിക്കുകയും ചെയ്ത ഒരു വൈദികൻ മാവോയിസ്റ്റ് മുദ്ര ചാർത്തപ്പെട്ട് ഇന്ന് തടവിൽ കഴിയുകയാണ്.

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ലാപ്ടോപിൽ നിന്നും പൊലീസ് കണ്ടെടുത്തുവെന്ന് പറയപ്പെടുന്ന ഫയലുകൾ കൃത്രിമമായി ഹാക്ക് ചെയ്ത് സൃഷ്ടിച്ചവയാണെന്ന് അന്താരാഷ്ട്ര ലാബുകളുടെ പരിശോധനാ ഫലം പുറത്തുവരികയും വാഷിങ്ടൺ പോസ്റ്റ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടും കേസിൽ തുടരന്വേഷണങ്ങൾ നടത്താനോ, സമൂഹത്തിലെ ഉന്നത നിലയിൽ പ്രവർത്തിച്ചിരുന്ന അധ്യാപകരും എഴുത്തുകാരും ചിന്തകരും അഭിഭാഷകരും മാധ്യമപ്രവർത്തകരുമെല്ലാമായിരുന്ന പ്രതികൾക്ക് ജാമ്യം നൽകാനോ ഇവിടുത്തെ നീതിന്യായ സംവിധാനം ഇനിയും തയ്യാറായിട്ടില്ല.

സ്റ്റാൻ സ്വാമിയുടെ മരണത്തോടെയെങ്കിലും ഈ നീതികേടിനെതിരെ ഉച്ചത്തിൽ ശബ്ദമുയരേണ്ടതുണ്ട്. ജീവിതം മുഴുവൻ നിരാലംബരും അടിച്ചമർത്തപെട്ടവരുമായ സാമൂഹ്യവിഭാഗങ്ങൾക്ക് വേണ്ടി മാറ്റിവെച്ച ഒരു പാവം മനുഷ്യനെ അവർ കൊന്നുകളഞ്ഞിരിക്കുന്നു.


Comments