സഞ്ജീവ് ഭട്ടിന്റെ മക്കൾ ആകാശിയും ശന്തനുവും അദ്ദേഹത്തിന്റെ 62ാം പിറന്നാൾ ദിനത്തിൽ എഴുതിയ കത്ത്:
ഇത് ആകാശിയും ശന്തനു ഭട്ടുമാണ്,
പ്രിയപ്പെട്ട അച്ഛാ,
ഇന്ന് നിങ്ങൾക്ക് 62 വയസ്സ് തികയുകയാണ്. ഞങ്ങളിൽ നിന്ന് വിട്ടുപിരിഞ്ഞുള്ള എട്ടാമത്തെ പിറന്നാൾ. എട്ട് വർഷമായി നമ്മൾക്കിടയിൽ ഉണ്ടായിട്ടുള്ള ഈ വിടവ് മനപൂർവമുള്ള അനീതി കൊണ്ട് സംഭവിച്ചതാണ്. എട്ട് വർഷമായി നമ്മൾ ഒരു കുടുംബം എന്ന നിലയിൽ സമാന്തര ജീവിതം നയിക്കുന്നു, ഞങ്ങൾ നിങ്ങളോടൊപ്പം ജയിൽ മതിലുകൾക്കുള്ളിൽ, നിങ്ങൾ ഞങ്ങളിലൂടെ ഇവിടെയും ജീവിക്കുന്നു... പരസ്പരം വിദൂരത്തായിട്ടും നമ്മുടെ ഹൃദയം ഒരുമിച്ച് തന്നെയാണ് മിടിക്കുന്നത്. പരസ്പരമുള്ള സന്തോഷത്തിനായി പിന്തുണയും കരുത്തുമായി ഒരിക്കലും അണയാത്ത പ്രതിരോധത്തിൻെറ ജ്വാലയായി നമ്മൾ മുന്നോട്ട് പോവുന്നു.
സംവദിക്കാൻ വാക്കുകൾ മതിയാവുന്നില്ലെന്ന് തോന്നുന്ന ചില ദിവസങ്ങളുണ്ട്. ഇന്ന് അത്തരത്തിലുള്ള ഒന്നാണ്... പറയാൻ ഒന്നുമില്ലാത്തതുകൊണ്ടല്ല, മറിച്ച് വളരെയധികം ഉള്ളതുകൊണ്ടാണ്. നിശബ്ദമായി കൊണ്ടുനടക്കുന്ന അനേകം നഷ്ടങ്ങൾ. അനീതി കാരണം നീണ്ടുകൊണ്ടേയിരിക്കുന്ന കാത്തിരിപ്പ്. ഒരിക്കലും അനുവദിക്കാൻ പാടില്ലാതിരുന്ന സംഭവങ്ങൾ ഉണ്ടാക്കിയ വേദന. വെറുപ്പിന്റെയും അക്രമത്തിന്റെയും ഇരകളായി മാറിയ മനുഷ്യർക്ക് നീതി ലഭിക്കുന്നതിനായി തന്റെ എല്ലാം ത്യജിച്ച് പോരാടിയ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് അങ്ങേക്ക് സംഭവിച്ചത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നിയമവ്യവസ്ഥയുടെ അനീതി തുടർച്ചയായി സംഭവിക്കുന്നത് ഞങ്ങൾ അനുഭവിച്ച് കൊണ്ടേയിരിക്കുകയാണ്. സത്യത്തിനുവേണ്ടിയല്ല, സത്യത്തിന്റെ ശബ്ദത്തെ നിശബ്ദമാക്കാനാണ് ആരോപണങ്ങൾ കെട്ടിച്ചമച്ചത്. നീതി നടപ്പാകാതിരിക്കാൻ നടപടിക്രമങ്ങൾ നീട്ടി കൊണ്ടേയിരിക്കുന്നു.സമയത്തെ തന്നെ നിങ്ങൾക്കെതിരെയും ഞങ്ങൾക്കെതിരെയും ആയുധമാക്കുകയാണ്. എല്ലാം വൈകുന്നതിനാൽ, ഓരോ നീതിനിഷേധത്തിനും വൈകാരികമായും, മാനസികമായും, ശാരീരികമായും നമ്മൾ വില കൊടുക്കേണ്ടതായി വരുന്നു.
ഇതൊക്കെയാണെങ്കിലും, അച്ഛാ, ഒരു ശിക്ഷാവിധിക്കും തകർക്കാൻ സാധിക്കാത്ത അന്തസ്സോടും കരുത്തോടും കൂടിയാണ് അങ്ങ് ഈ വർഷങ്ങളെല്ലാം കടന്നുപോയത്. അനീതി നിങ്ങളെ ഫയലുകളിലൂടെയും വ്യാജ ആരോപണങ്ങളിലൂടെയും തകർക്കാൻ ശ്രമിച്ചപ്പോഴും, നിങ്ങൾ എല്ലായ്പ്പോഴും ആരായിരുന്നോ, ആ നിലയിൽ തന്നെ തുടർന്നു. ആദർശങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ധീരനായി അചഞ്ചലനായി മുന്നോട്ട് പോയി. നിങ്ങളെ തളച്ചിടാൻ അവരുണ്ടാക്കിയ മതിലുകൾക്ക് സാധിച്ചില്ല. അപാരമായ ദൃഢനിശ്ചയത്തോടെ, മനക്കരുത്തോടെ എല്ലാത്തിനെയും അതിജീവിച്ച് സ്വതന്ത്രമായി തന്നെ നിങ്ങൾ മുന്നോട്ട് പോവുകയാണ്. കോടതിമുറികൾക്കും ജയിലറയ്ക്കും അകലെ നിങ്ങളെ തളച്ചിടാൻ ഉദ്ദേശിച്ചവരിൽ നിന്നും ഏറെ അകലെയായി നിങ്ങൾ നിൽക്കുന്നു.
നിങ്ങളുടെ സത്യസന്ധമായ ശബ്ദം നിശബ്ദമാക്കാൻ അധികാരം ദുരുപയോഗം ചെയ്ത മനുഷ്യരെ ചരിത്രം ചവറ്റുകുട്ടയിലെറിയും, പക്ഷേ അച്ഛാ, സുരക്ഷിതത്വത്തിന് പകരം പ്രതിബദ്ധത മുറുകെപ്പിടിച്ച, സ്വന്തം ജീവിതത്തെ നോക്കാതെ സത്യത്തെ മുറുകെപ്പിടിച്ച, ധൈര്യശാലിയായ വ്യക്തിത്വമായി നിങ്ങളെന്നും ഓർമ്മിക്കപ്പെടും.

നിങ്ങളുടെ കുട്ടികളെന്ന നിലയിൽ, ദുർബലതയും നഷ്ടങ്ങളുമല്ല ഞങ്ങളെ പരുവപ്പെടുത്തുന്നത്. നിങ്ങളെന്ന മാതൃകയാണ് ഞങ്ങളെ നയിക്കുന്നത്. നിങ്ങളുടെ വ്യക്തതയിൽ നിന്നാണ് ഞങ്ങൾ വ്യക്തത പഠിച്ചത്. നിങ്ങളുടെ ധൈര്യത്തിൽ നിന്നാണ് ഞങ്ങൾക്ക് ധൈര്യം കിട്ടുന്നത്. അതിജീവനത്തിലൂടെയല്ല, കരുത്തിലൂടെയാണ് ഞങ്ങൾ ധൈര്യം ആർജ്ജിക്കുന്നത്.
ഒരു കാര്യം വ്യക്തമായി പറയാം... കഷ്ടപ്പാടുകൾ കൊണ്ട് നിർവചിക്കപ്പെട്ട ഒരു കുടുംബമല്ല നമ്മുടേത്, ദൃഢനിശ്ചയം കൊണ്ട് നിർവചിക്കപ്പെട്ട ഒരു കുടുംബമാണിത്. അനീതിയുടെ ഓരോ വർഷവും, അകലത്തിരിക്കുന്ന ഓരോ വർഷവും നമ്മുടെ ലക്ഷ്യങ്ങൾക്ക് വ്യക്തത കൂട്ടിയിട്ടേയുള്ളൂ. തളർത്താനുള്ള ഓരോ ശ്രമവും ഞങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തിയിരിക്കുന്നു. ഞങ്ങൾ വൈകാരികമായിട്ടല്ല, അച്ചടക്കത്തോടെയാണ് പോരാടുന്നത്. അത് നിരന്തരം തുടരുന്നു…
അച്ഛാ, നിങ്ങളുടെ ത്യാഗം വെറുതെയാവില്ല, അത് ഒരിക്കലും പാഴായിപ്പോവില്ല, എല്ലാത്തിനും കാലം ഉത്തരം പറയിച്ചിരിക്കും. അടിച്ചമർത്തിയ സത്യം തുറന്നുകാട്ടപ്പെടുന്ന ഒരു ദിവസം വരും. ആരാണ് അധികാര ദുർവിനിയോഗം നടത്തിയതെന്നും, ആരാണ് മനസ്സാക്ഷിയെ പണയപ്പെടുത്തിയതെന്നും ചരിത്രം ചോദിക്കുന്ന ഒരു ദിവസം വരും. നിങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടും… വ്യക്തതയോടെ, ധീരതയോടെ, മനസ്സാക്ഷി പറയുന്നതിന് അനുസരിച്ച് സത്യസന്ധമായി ജീവിച്ച ഒരു മനുഷ്യനെന്ന നിലയിൽ…
ഇന്ന്, നിങ്ങളുടെ 62-ാം ജന്മദിനത്തിൽ, നിശബ്ദതയല്ല ശരിയെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടവർ വേട്ടയാടപ്പെടുമ്പോൾ സമൂഹം തന്നെ പ്രതിരോധത്തിലാവുന്നു. ഇത് എല്ലാവരും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. ഒരിക്കൽ പിൻവാങ്ങിയ സ്ഥലത്ത് നിന്ന് തുടങ്ങണം, ഒരിക്കൽ നിശബ്ദമായിരുന്നിടത്ത് നിന്ന് സംസാരിച്ച് തുടങ്ങണം, ഉത്തരവാദിത്തത്തിനും നീതിക്കും വേണ്ടി കാലതാമസമില്ലാതെ പ്രവർത്തിക്കുക.
അച്ഛാ, നിങ്ങൾ സ്വതന്ത്രനായി, നീതിമാനായി, വഴങ്ങാതെ, വിജയിയായി പുറത്ത് വരുന്ന ദിവസം വിദൂരമല്ല. ഒരു നിമിഷം പോലും നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് തിരിച്ചറിയുക. ഞങ്ങളും നിങ്ങളുടെ കുടുംബവും പിന്തുണയ്ക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരും നിങ്ങളോടൊപ്പം കരുത്തോടെ നിൽക്കുന്നു.
അനീതിയെ നിശബ്ദമായി സഹിച്ച ഒരാളായിട്ടല്ല, മറിച്ച് അതിനെ നേരിട്ട, തുറന്നുകാട്ടിയ, തോൽവിയറിയാതെ ഉയർന്നുവന്ന ഒരാളായിട്ടായിരിക്കും നിങ്ങൾ വീട്ടിലേക്ക് തിരിച്ച് വരിക. നിങ്ങൾ ഒരിക്കലും തകർന്നുപോവില്ലെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. ഇപ്പോൾ മാത്രമല്ല, ഒരിക്കലും… നല്ലൊരു പിറന്നാൾ ദിനം ആശംസിക്കുന്നു.
നിങ്ങളെ അത്രയേറെ, അത്രയേറെ ഞങ്ങൾ സ്നേഹിക്കുന്നു.
അഭിമാനത്തോടെ സ്വന്തം,
ആകാശിയും ശന്തനുവും.
