സിദ്ധാര്‍ഥന്റെ മരണം: അടിവസ്ത്രം മാത്രം ധരിപ്പിച്ച് കൂട്ട വിചാരണ നടത്തി, റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍

മര്‍ദ്ദനം, തടഞ്ഞുവെക്കല്‍, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തി പ്രതകള്‍ക്കെതിരെ കേസെടുത്തു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും പൊലീസിന്റെ ആവശ്യം. ക്രിമിനല്‍ ഗൂഡാലോചനാ കുറ്റം ചുമത്തുന്നതും പൊലീസ് പരിഗണനയില്‍

Think

വയനാട് വെറ്റിനറി കോളേജില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരപണങ്ങള്‍. ഹോസ്റ്റലില്‍ നിലവിലുള്ള അലിഖിത നിയമങ്ങള്‍ അനുസരിച്ചാണ് സിദ്ധാര്‍ത്ഥിനെ കൂട്ട വിചാരണ നടത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഹോസ്റ്റലില്‍ താമസിക്കുന്ന മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തി മര്‍ദ്ദിച്ചു. ബെല്‍റ്റും കേബിളുകളും ഉള്‍പ്പടെയുള്ള വസ്തുക്കള്‍ സിദ്ധാര്‍ത്ഥനെ മര്‍ദിക്കാനായി ഇവര്‍ ഉപയോഗിച്ചിട്ടുണ്ട്.

ഒരു പെണ്‍കുട്ടിയുടെ പരതി പൊലീസ് സ്‌റ്റേഷനിലെത്തിയാല്‍ വലിയ പ്രശ്‌നമാകുമെന്നും അതിനാല്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞാണ് വീട്ടിലേക്ക് പോവുകയായിരുന്ന സിദ്ധാര്‍ത്ഥനെ എറണാകുളത്ത് എത്തിയപ്പോള്‍ തിരിച്ചു വിളിപ്പിച്ചത്. സിദ്ധാര്‍ത്ഥന്റെ സഹപാഠിയായ രഹാന്റെ ഫോണില്‍ നിന്ന് ഡാനിഷ് ആണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തിയത്. തിരികെ ഹോസ്റ്റലില്‍ എത്തിയ സിദ്ധാര്‍ത്ഥനെ പ്രതികള്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് വിചാരണ ചെയ്യുകയും കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തു. വയറിനും മുതുകത്തും ഇടിക്കുകയും തൊഴിക്കുകയും ചെയ്തിട്ടുണ്ട്. പല സ്ഥലത്തു വെച്ചും പല സമയത്തുമായിട്ടാണ് സംഘം സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഹോസ്റ്റലില്‍ തിരികെയെത്തിച്ചും മര്‍ദനം തുടര്‍ന്നു.

ഹോസ്റ്റലിലെ 21ാം നമ്പര്‍ മുറിയില്‍ വെച്ചാണ് മര്‍ദനം നടന്നത്. രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച മര്‍ദനം പുലര്‍ച്ചെ രണ്ടുമണി വരെയും നീണ്ടു. ഹോസ്റ്റല്‍ റൂമില്‍ വെച്ചും മര്‍ദിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. കേസില്‍ പ്രതികളായ് 18 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദനം, തടഞ്ഞുവെക്കല്‍, ആത്മഹത്യാ പ്രേരണ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. ക്രിമിനല്‍ ഗൂഡാലോചന കുറ്റം ചുമത്തുന്നതും പൊലീസ് ആലോചിക്കുന്നുണ്ട്.

സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തണമെന്ന് പിതാവ് ജപ്രകാശന്‍ ആവശ്യപ്പെട്ടു. കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായെങ്കിലും ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് എന്ന് സിദ്ധാര്‍ത്ഥന്റെ കുടുംബം ആരോപിച്ചു. റാഗിംഗിനെതിരെയുള് ദുര്‍ബല വകുപ്പകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്നും ജയപ്രകാശന്‍ ആവശ്യപ്പെടുന്നു.

Comments