സിദ്ധാർത്ഥന്റെ മരണം: മുഖ്യപ്രതി പിടിയിൽ, വി.സിക്കും ഡീനിനും സസ്‌പെൻഷൻ

ജെ.എസ്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥനെ ഗവർണർ സസ്‌പെൻഡ് ചെയ്തു. ഡീൻ എം.കെ. നാരായണനെയും ഹോസ്റ്റല്‍ വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടൽ. വെറ്ററിനറി സർവകലാശാല​ വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥനെ ഗവർണർ സസ്‌പെൻഡ് ചെയ്തു. ഡീൻ എം.കെ. നാരായണനെയും ഹോസ്റ്റല്‍ വാര്‍ഡനെയും ഗവർണർ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
എന്നാല്‍ സസ്‌പെന്‍ഷന്‍ തിരുമാനത്തില്‍ തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും ഡീനിനെയും വാർഡനെയും താൻ സസ്​പെന്റ് ചെയ്യാനിരുന്നതാണെന്നും ഡോ. എം. ആര്‍. ശശീന്ദ്രനാഥ് പറഞ്ഞു. സസ്‌പെന്‍ഷന്‍ വിഷയത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി കൂടിയാലോചിച്ചില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണിയും പ്രതികരിച്ചു. മണ്ണുത്തി വെറ്റിനറി സര്‍വകലാശാല റിട്ട. പ്രൊഫസര്‍ പി.സി ശശീന്ദ്രനാണ് വി.സിയുടെ ചുമതല.
വി.സിയുടെയും ഡീനിന്റെയും സസ്പെൻഷൻ ഗവർണറും സംസ്ഥാന സർക്കാറും തമ്മിലുള്ള തർക്കത്തിന് വഴിവച്ചിട്ടുണ്ട്.

സിദ്ധാർത്ഥന്റെ മരണം കൊലപാതകമാണെന്നാണ് ആരോപിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

കേസിൽ മുഖ്യപ്രതി സിൻജോ ജോൺസൺ പൊലീസ് പിടിയിലായി. കൊല്ലം ഓടാനവട്ടം സ്വദേശിയായ സിൻജോ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന മറ്റൊരു പ്രതി കാശിനാഥൻ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്. പ്രതിയായ സിൻജോ ജോൺസനും അറസ്റ്റിലായതോടെ, കേസിലെ എല്ല പ്രതികളും പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ ദിവസം പേലീസിൽ കീഴടങ്ങിയവരെ റിമാൻഡ് ചെയ്തിരുന്നു.

ഫെബ്രുവരി 18നായിരുന്നു സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, മരണം ആത്മഹത്യയല്ലെന്ന് തെളിയിക്കുന്നതായിരുന്നു പോസ്റ്റമാർട്ടം റിപ്പോർട്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മർദനമേറ്റ പാടുകളും വയറിലും മറ്റും അടികൊണ്ട് ക്ഷതമേറ്റതിന്റെ തെളിവുകളുമാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. മൂന്ന് ദിവസം വരെ പഴക്കമുള്ള ചതവുകളും കണ്ടെത്തി. രണ്ട് ദിവസമായി ശരീരത്തിൽ ഭക്ഷണാംശങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്നതിനും പോസ്റ്റമാർട്ടം റിപ്പോർട്ടിൽ തെളിവുണ്ട്. മരണത്തിനു മുൻപുള്ള ദിവസങ്ങളിൽ എസ്.എഫ്.ഐ ഭാരവാഹികളായ സീനിയർ വിദ്യാർത്ഥികളടക്കമുള്ളവർ സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിക്കുകയും മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് നഗ്നനാക്കി വിചാരണ ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളെല്ലാം സിദ്ധാർത്ഥന്റെ മരണശേഷം ദിവസങ്ങൾ കഴിഞ്ഞാണ് പുറത്തുവന്നത്. ഡീൻ ഉൾപ്പടെ ഉത്തരവാദിത്തപ്പെട്ടവർ സിദ്ധാർത്ഥന്റെ മരണവിവരം മറച്ചുവെക്കാനും ശ്രമിച്ചു.

സിദ്ധാർഥന്റെ വീടിനുമുന്നിൽ സി.പി.എം സ്ഥാപിച്ച ബോർഡ്

കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റം, കോളേജ് ഹോസ്റ്റൽ, ഹോസ്റ്റലിന് സമീപത്തെ കുന്ന്, ഡോർമെറ്ററി എന്നിവിടങ്ങളിൽ വെച്ചാണ് സിദ്ധാർത്ഥനെ ഇവർ മർദിച്ചതെന്നാണ് ആന്റി റാഗിംഗ് കമ്മറ്റി റിപ്പോർട്ടിലുള്ളത്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, സെക്രട്ടറി പി.എം ആർഷോ, മന്ത്രി ജെ. ചിഞ്ചുറാണി, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എന്നിവർ വിഷയത്തിൽ പ്രതികരിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തിൽ പ്രതികരിച്ചില്ല. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പോലും മുഖ്യമന്ത്രി സിദ്ധാർത്ഥന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയില്ല.

സസ്​പെൻഷനിലായ വെറ്ററിനറി വാഴ്‌സിറ്റി വി സി ഡോ. എം.ആർ ശശീന്ദ്രനാഥ്‌

മരണവാർത്ത് പുറത്തുവന്നതിന് തൊട്ട് പിന്നാലെ സിദ്ധാർത്ഥന്റെ വീടിന് മുന്നിലുള്ള സി പി എം കൊടിമരത്തിന് കീഴിൽ ‘സിദ്ധാർത്ഥൻ എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു’ എന്നെഴുതിയ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരുന്നു. 'വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ 2ാം വർഷ വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനും കുറക്കോട് വിനോദ് നഗർ നിവാസിയുമായിരുന്ന സിദ്ധാർത്ഥന്റെ കൊലപാതകത്തിൽ ഏർപ്പെട്ടിട്ടുള്ള മുഴുവൻ ക്രമിനലുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും കൃത്യമായി അന്വേഷണ നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുക' എന്നെഴതിയിരുന്ന ബോർഡിൽ സി.പി.എം - ഡി.വൈ.എഫ്.ഐ പതിനൊന്നാംകല്ല് ബ്രാഞ്ച് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സിദ്ധാർത്ഥന്റെ മരണത്തിന് പിന്നിൽ എസ്.എഫ്.ഐ പ്രവർത്തകരാണെന്ന വാർത്ത പുറത്ത വന്നതും അച്ഛൻ ജയപ്രകാശൻ ഉൾപ്പടെയുള്ളവർ വിമർശനമുന്നയിച്ചതും സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു. പിന്നീട് ബോർഡ് അപ്രത്യക്ഷമാവുകയായിരുന്നു.

പി.എം ആർഷോ

അതേസമയം സിദ്ധാർത്ഥൻ വെറ്റിനറി കോളേജിൽ എസ്.എഫ.ഐ പ്രവർത്തകനായിരുന്നു എന്ന വാദവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയും രംഗത്തെത്തിയിരുന്നു. ക്യാമ്പസിൽ നടന്ന എസ്.എഫ.ഐയുടെ പല പരിപാടികളിലും സിദ്ധാർത്ഥൻ പങ്കെടുത്തിരുന്നെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ കൈയ്യിൽ ഉണ്ടെന്നുമാണ് ആർഷോ പറഞ്ഞത്. എന്നാൽ സിദ്ധാർത്ഥൻ എസ്.എഫ.ഐ പ്രവർത്തകൻ ആയിരുന്നില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിച്ചിരുന്നില്ലെന്നും അച്ഛൻ ജയപ്രകാശൻ വ്യക്തമാക്കി. പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത് ശരീരത്തിൽ ഇത്രയധികം പരിക്കുകൾ ഉള്ള ഒരാൾക്ക് ആതമഹത്യ ചെയ്യാൻ കഴിയില്ലെന്നാണെന്നും ജയപ്രകാശൻ പറഞ്ഞു.

നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകരായ 18 വിദ്യാർത്ഥികളെ കോളേജ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. 31 വിദ്യാർത്ഥികൾക്ക് പഠനവിലക്കും ഏർപ്പെടുത്തി. ഇവർക്ക് ഇനി അംഗീകൃത സ്ഥാപനങ്ങളിൽ എവിടെയും പഠനം തുടാൻ സാധിക്കില്ല. ഇവരെ കോളേജ് ഹോസ്റ്റലിൽ നിന്നും പുറത്താക്കും. അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ആന്റി റാഗിംഗ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം തെളിവുകൾ ശേഖരിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് 31 പേർക്കെതിരെ പഠനവിലക്ക് ഏർപ്പെടുത്തിയത്.

Comments