ഫാദർ സ്റ്റാൻ സ്വാമി

നമുക്കുമേൽ നിശ്ശബ്ദതയുടെയും ഭയത്തിന്റെയും മേൽക്കോയ്മ

സാംസ്‌കാരിക ദേശീയതയാണ് ഫാസിസത്തിന് ഏണിവച്ചുകൊടുക്കുകയെന്ന 90കളിലെ ലിബറൽ ബുദ്ധിജീവികളുടെ ആശങ്ക തെറ്റിയില്ലെങ്കിലും പ്രയോഗഘട്ടത്തിൽ അത് ദേശീയതയെ തന്നെ പ്രശ്‌നവൽക്കരിക്കുമെന്ന് കാണേണ്ടതായിരുന്നു.

ഫാദർ സ്റ്റാൻ സ്വാമി.
എന്തൊരു വിചിത്രമായ പേര്. ഫാദറും സ്വാമിയും ഒന്നിച്ച്.
ഹാനി ബാബു എന്ന മറ്റൊരു പേരുമുണ്ട്. ഹാനികരം തന്നെ.
ഭീമ കൊറേഗാവ്, എൽഗാർ പരിഷത്ത് എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന കേസുകെട്ടുകളും.

കോവിഡ് ഉണ്ടെങ്കിലും ശമ്പളം കട്ട് ചെയ്തിട്ടില്ലെങ്കിൽ സ്വസ്ഥതയ്ക്ക് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലാത്ത ഇന്ത്യൻ മധ്യവർഗത്തിന് ഒന്നു കേട്ടൊഴിവാക്കാവുന്ന കാര്യങ്ങളേ മേൽപറഞ്ഞതിലുള്ളൂ. 84കാരനായ ഫാദർ സ്റ്റാൻ സ്വാമി ആശുപത്രിയിൽ അവസാനത്തെ ശ്വാസകണികയ്ക്കായി നടത്തിയ നിയമപോരാട്ടമൊന്നും (അല്ലെങ്കിലും അതെന്തുവിചിത്രമായ സംഗതിയാണ്! ജീവൻ നിലനിർത്താൻ നിയമപോരാട്ടം നടത്തുക!) അവരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ല. ഏറ്റവുമൊടുവിൽ സ്റ്റാൻ സ്വാമിയെന്ന വയോധിക റിമാൻഡ് പ്രതി മരണമടഞ്ഞെന്ന വിവരം ടെലിവിഷൻ നോക്കി യന്ത്രങ്ങളായ ആ മധ്യവർഗസമൂഹം അറിഞ്ഞു. പക്ഷേ കൂട്ടുപ്രതികളായ പതിനഞ്ചുപേരും മാവോയിസ്റ്റ് രൂപേഷും ജയിലിൽ നിരാഹാരം നടത്തിയതല്ലാതെ അതിന്റെ പേരിൽ മറ്റു മാർഗതടസ്സങ്ങളൊന്നും പൊതുജീവിതത്തിൽ ഉണ്ടാകാതിരുന്നത് അവരുടെ സ്വസ്ഥതയ്ക്ക് ബലം നൽകുകയും ചെയ്തു.

രാജ്യദ്രോഹ നിയമത്തിനാണോ തീവ്രവാദവിരുദ്ധ നിയമത്തിനാണോ കൂടുതൽ പ്രത്യയശാസ്ത്ര മൂല്യമുള്ളതെന്ന് മോദി ഭരണകൂടം നിശ്ചയിച്ചുകഴിഞ്ഞിട്ടില്ല.

ഗോത്ര ആദിവാസി ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ജീവിച്ച ഫാദർ സ്റ്റാൻ സ്വാമിയുടെ റിമാൻഡ് മരണം ഇന്ത്യൻ മധ്യവർഗത്തെ പിടിച്ചുകുലുക്കാത്തതിന് പ്രധാനകാരണം ഹിന്ദുത്വ രാഷ്ട്രീയം സൃഷ്ടിച്ച ആഴമേറിയതും വ്യാപ്തവുമായ നിശ്ശബ്ദതയുടെ മേൽക്കോയ്മയാണ്. ഇന്ത്യ ഒരു പ്രത്യയശാസ്ത്ര ഭരണകൂടത്തിന്റെ (Ideological State) ചെയ്തികൾ കഴിഞ്ഞ ഏഴുവർഷമായി കണ്ടറിഞ്ഞുവരുന്നു. ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ ആദ്യത്തെ പ്രത്യയശാസ്ത്ര ഭരണകൂടമാണിത്. നിശ്ശബ്ദതയും ഭയവും പ്രസരിപ്പിക്കുക എന്ന പ്രത്യയശാസ്ത്ര പദ്ധതി ഏറ്റവും കൃത്യമായി നടപ്പാക്കാൻ കഴിഞ്ഞ കേസുകളാണ് എൽഗാർ പരിഷത്ത്, ഡൽഹി കലാപ കേസുകൾ. സുപ്രിംകോടതിയുടെ വളരെ പ്രധാനപ്പെട്ട നിരീക്ഷണം, അതായത് ഏറ്റവും കടുത്ത വിമർശനം പോലും രാജ്യദ്രോഹമാകുന്നില്ലെന്ന നിരീക്ഷണം (വിനോദ് ദുവ കേസ്), നീതിനിർവഹണത്തിന്റെ തലത്തിലോ രാജ്യസുരക്ഷാ തലത്തിലോ മാനുഷിക തലത്തിലോ മനസിലാക്കപ്പെടാനുള്ള സാഹചര്യം ഈ ഭരണകൂടം അവശേഷിപ്പിക്കുന്നില്ല. രാജ്യസുരക്ഷയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന്റെ ലക്ഷ്യമെങ്കിൽ ഐ.പി.സി 123 ന്റെ (കൊട്ടിഘോഷിക്കപ്പെടുന്ന) "സാംഗത്യം' പോലും ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. കാരണം, രാജ്യദ്രോഹപ്രവർത്തനത്തിനുള്ള പ്രവൃത്ത്യാലുള്ള പ്രേരണ മാത്രമേ ഐ.പി.സി 123 ചുമത്താൻ കാരണമാകാവൂ എന്നാണ് നീതിപീഠങ്ങൾ ആവർത്തിച്ച് വിശദമാക്കിയിട്ടുള്ളത്. എന്നാൽ ഐ.പി.സി 123 എന്ന കൊളോണിയൽ നിയമം എടുത്തുകളയുമെന്ന വാഗ്ദാനം നൽകി തിരഞ്ഞെടുപ്പിന് ജനങ്ങളെ സമീപിച്ച ഒരു പാർട്ടി - കോൺഗ്രസ്- രണ്ടുവർഷം മുൻപ് നമുക്കുണ്ടായിരുന്നുവെന്ന കാര്യം അവർ തന്നെ ഓർക്കുന്നുണ്ടോ എന്നുറപ്പില്ല.

രാജ്യദ്രോഹ നിയമത്തിനാണോ തീവ്രവാദവിരുദ്ധ നിയമത്തിനാണോ കൂടുതൽ പ്രത്യയശാസ്ത്ര മൂല്യമുള്ളതെന്ന് മോദി ഭരണകൂടം നിശ്ചയിച്ചുകഴിഞ്ഞിട്ടില്ല. രാജ്യദ്രോഹത്തോടൊപ്പം യു.എ.പി.എ കൂടി ചുമത്തപ്പെട്ട കേസുകളിൽ വെള്ളം കുടിക്കാനുള്ള സ്‌ട്രോ പോലും ഒരു നിയമപ്രശ്‌നമാകുന്ന സ്ഥിതിക്ക് അതിനുതന്നെ ആകാനാണ് സാധ്യത. കുറഞ്ഞപക്ഷം അങ്ങനെ തീരുമാനിക്കാനുള്ള ഒരു ദൃഷ്ടാന്തമായി ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം ഭരണകൂടത്തെ സഹായിക്കുന്നുണ്ട്. പാർക്കിൻസൺസ് രോഗബാധിതനായ ഫാദറിന് വെള്ളം കുടിക്കാൻ സിപ്പർ കപ്പ് നൽകുന്നതിൽ നിയമപ്രശ്‌നം ഉന്നയിച്ച എൻ.ഐ.എ ഈ ഭരണകൂടത്തിന്റെ "അന്തസ്സ്' ഉയർത്തിപ്പിടിക്കുന്നുണ്ട്. 2020 ഒക്ടോബർ എട്ടിന് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുമ്പോൾ തന്നെ ഫാദർ സ്റ്റാൻ സ്വാമി എന്ന 83കാരൻ പാർക്കിൻസൺസിന് ചികിൽസ നേരിടുന്ന സ്ഥിതിയായിരുന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരു വ്യക്തിയെയും വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന 1996ലെ സുപ്രിംകോടതി വിധി (ഡി.കെ. ബസു കേസ്) ആദ്യം തന്നെ ലംഘിക്കപ്പെട്ടു. റാഞ്ചിയിൽതന്നെ ജയിലിൽ പാർപ്പിക്കാമെന്നിരിക്കെ മുംബൈയിലേക്കുതന്നെ കൊണ്ടുവന്നു. തലോജ ജയിൽ അതിനകം നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണെന്നും മതിയായ ചികിൽസാ സൗകര്യം ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യമാണ് അവിടെയെന്നും വ്യക്തമായിരുന്നു. എൻ.ഐ.എ സ്റ്റാൻ സ്വാമിയെ കസ്റ്റഡിയിൽ പോലും വാങ്ങിയില്ല. നേരിട്ട് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ആരോഗ്യനില ചൂണ്ടിക്കാട്ടി അന്നുമുതൽ ഫാദർ നടത്തിയ ജാമ്യശ്രമങ്ങൾ അവസാനിച്ചത് മരണത്തിലാണ്. പാർക്കിൻസൺ രോഗമുള്ളതിനാൽ വെള്ളം കുടിക്കാൻ സ്‌ട്രോ അനുവദിക്കാൻ അദ്ദേഹത്തിന് കോടതിയെ സമീപിക്കേണ്ടിവന്നതും അതിനോട് അന്വേഷണ ഏജൻസിയും കോടതിയും സ്വീകരിച്ച ദയാരഹിതമായ സമീപനവും വെളിവാക്കുന്നത് സ്വാമിയുടെ മരണം മുൻനിശ്ചിതമായ ഭരണകൂട അജണ്ട തന്നെ ആയിരുന്നുവെന്നാണ്. ഒരു വലിയ ഔദാര്യം പോലെ വളരെ ആലോചിച്ച് അദ്ദേഹത്തിന് സ്‌ട്രോ ഉപയോഗിക്കാൻ അനുമതി നൽകിയ കോടതി സ്വയം വെളിപ്പെടുത്തിയതും സങ്കുചിത നീതി നടത്തിപ്പിന്റെ ഉദാഹരണമാണെന്ന് മുൻ സുപ്രിംകോടതി ജഡ്ജി മദൻ ബി. ലോക്കൂർ തന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി.

ജസ്റ്റിസ് മദൻ ബി. ലോക്കൂർ

തെളിവ് ആദ്യം കംപ്യൂട്ടറിൽ നിക്ഷേപിച്ചശേഷം റെയ്ഡ് നടത്തി കംപ്യൂട്ടർ പിടിച്ചെടുക്കാമെന്ന സാധ്യത കൂടി എൽഗാർ പരിഷത്ത് കേസ് നൽകിക്കഴിഞ്ഞു. 2018ൽ അറസ്റ്റിലായ റോണ വിൽസന്റെ കംപ്യൂട്ടറിൽ നിന്ന് മാവോയിസ്‌ററ് ബന്ധത്തിന്റെ രേഖകൾ കണ്ടെടുത്തത് അദ്ദേഹത്തിന്റെ അറസ്റ്റിനെ ന്യായീകരിക്കാൻ എൻ.ഐ.എ ഉപയോഗിച്ചു. എന്നാൽ ഈ വർഷമാദ്യം അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ആസ്ഥാനമായ ആർസെനൽ കൺസൽടിങ് എന്ന ഡിജിറ്റൽ ഫൊറൻസിക് ഏജൻസി നടത്തിയ പഠനത്തിൽ തെളിഞ്ഞത് ഒരു മാൽവെയർ ഉപയോഗിച്ച് ചില രേഖകൾ റോണാ വിൽസന്റെ ലാപ്ടാപ്പിൽ നിക്ഷേപിച്ചിരുന്നു എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ മാവോയിസ്റ്റുകൾ നടത്തിയ പദ്ധതിയുടെ തെളിവെന്ന് പറയുന്ന കത്ത് ഉൾപ്പെടെ 30 ഫയലുകളാണ് തിരിച്ചറിഞ്ഞത്. വിശ്വസനീയത കൊണ്ട് ലോകപ്രശസ്തി നേടിയ ഈ സ്ഥാപനത്തിന്റെ കണ്ടെത്തൽ വാഷിങ്ടൺ പോസ്റ്റാണ് പുറത്തുവിട്ടത്. റോണാ വിൽസന്റെ ലാപ് ടോപ്പിൽ നിക്ഷേപിക്കപ്പെട്ടത് എന്തു രേഖകളാണെന്ന് അന്വേഷിക്കാനോ അത് ആര് നിക്ഷേപിച്ചുവെന്ന് കണ്ടെത്താനോ എൻ.ഐ.എ മിനക്കെട്ടില്ല. കഴിഞ്ഞദിവസം വാഷിങ്ടൺ പോസ്റ്റിനൊപ്പം എൻ.ഡി.ടി.വിയും ആർസെനൽ കൺസൽടിങ്ങിന്റെ മറ്റൊരു കണ്ടെത്തൽ പുറത്തുവിട്ടു. റോണാ വിൽസനൊപ്പം അറസ്റ്റിലായ സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ ലാപ് ടോപ്പിലും ഇതേ ഹാക്കർ സമാന 'നിക്ഷേപം' നടത്തിയിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ. 20 മിനിറ്റിന്റെ മാത്രം ഇടവേളയിലാണ് രണ്ടു കംപ്യൂട്ടറുകളും ഹാക്ക് ചെയ്തത്. മാത്രവുമല്ല സ്റ്റാൻ സ്വാമി ഉൾപ്പെടെ മറ്റു പതിനാല് പ്രതികളെയും അഡ്രസ് ചെയ്ത് ഒരു മെയിൽ 2016ൽ തന്നെ ഗാഡ്‌ലിങ്ങിന്റെ കംപ്യൂട്ടറിൽ വന്നിരുന്നു എന്നും കണ്ടെത്തി. ഈ മെയിൽ തുറന്ന ഇവരുടെയെല്ലാം ലാപ്‌ടോപ്പുകളിൽ നെറ്റ് വയർ എന്ന ഹാക്കിങ് പ്രോഗ്രാം സ്ഥാപിക്കപ്പെട്ടു എന്നാണ് തിരിച്ചറിഞ്ഞത്.

റോണ വിൽസൻറെ കംപ്യൂട്ടറിൽ കണ്ടെത്തിയ തെളിവുകൾ കൃത്രിമമായി സ്ഥാപിച്ചതാണെന്ന ഡിജിറ്റൽ ഫൊറൻസിക് സ്ഥാപനമായ ആഴ്സണലിൻറെ കണ്ടെത്തിലിനെക്കുറിച്ചുള്ള വാഷിംഗ്ടൺപോസ്റ്റ് റിപ്പോട്ട്.

ഗുരുതരമായ ഈ സാഹചര്യം എൽഗാർ പരിഷത്ത് കേസിനെ ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സവിശേഷമായ കേസാക്കി മാറ്റുകയാണ്. വയോധികനായ കവി വരവര റാവുവും പ്രൊഫ. സുധാ ഭരദ്വാജും മാത്രമല്ല, മലയാളികളായ ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ഹാനി ബാബു, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ പ്രവർത്തിച്ചിരുന്ന സംഘടനയുടെ പ്രവർത്തകൻ തന്നെയായ റോണാ വിൽസൻ എന്നിവരടക്കം 15 പേരാണ് കേസിൽ പ്രതികളായിരിക്കുന്നത്. വരവര റാവുവിന് അനാരോഗ്യം കണക്കിലെടുത്ത് ആറുമാസത്തേക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ ജാമ്യം കിട്ടിയതൊഴിച്ചാൽ ബാക്കി മുഴുവൻ പേരും രണ്ടുവർഷമോ അതിലധികമോ ആയി ജയിലിലാണ്. ഈ കേസിൽ നിയമ നടത്തിപ്പിലുപരിയായി കടന്നുവന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ കഥയാണ് ഫാദർ സ്റ്റാൻ സ്വാമിയുടെ വേദനാകരമായ വിടവാങ്ങലോടെ ഒരു പുതിയ സന്ധിയിൽ എത്തിയിരിക്കുന്നത്. വിമർശകരെയും പോരാളികളെയും രാജ്യദ്രോഹ-തീവ്രവാദ കേസുകളിൽ കുരുക്കി നിശ്ശബ്ദരാക്കുക മാത്രമല്ല മരണത്തിലേക്ക് നയിക്കുക കൂടിയാണ് നിലവിലെ പ്രത്യയശാസ്ത്ര സർക്കാരിന്റെ മോഡസ് ഓപ്പറാൻഡി. പൊതുസമൂഹത്തിലാകെ ഭയംവിതച്ച് നിശ്ശബ്ദത കൊയ്യുന്ന ഭരണകൂട പദ്ധതി.

പൊലീസ് ആ നിസ്വ പോരാളിയുടെ മുറി റെയ്ഡ് ചെയ്തപ്പോൾ കിട്ടിയ സാധനങ്ങൾ ഇവയാണ് - രണ്ടു മേശ, ഒരു സ്റ്റീൽ അലമാര, മൂന്നു പ്ലാസ്റ്റിക് കസേര, ഒരു പായ, ഒരു തലയിണ.

2018 ജനുവരി ഒന്നിനാണ് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ ദളിത് സംഗമമായ എൽഗാർ പരിഷത്തിനു നേർക്ക് നടന്ന കല്ലേറിലും തുടർന്നുണ്ടായ സംഘർഷങ്ങളിലുമായി ഒരു യുവാവ് കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തത്. 1818ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പട്ടാളത്തിൽ ഭാഗഭാക്കായിരുന്ന മഹർ വിഭാഗക്കാരായ പോരാളികൾ പേഷ്വാ ബാജി റാവു രണ്ടാമന്റെ സൈന്യത്തെ തോൽപിച്ചതിന്റെ നൂറാം വാർഷികാഘോഷമായിരുന്നു അത്. റിട്ടയേഡ് ജഡ്ജിമാരായ ബി.ജി. കോൽസെ പട്ടീലും പി.ബി.സാവന്തുമാണ് ഈ ആഘോഷത്തിന്റെ സംഘാടകരിൽ പ്രധാനികൾ. ഭീമ കോറെഗാവ് യുദ്ധം മേൽജാതിക്കാർക്കെതിരേ ദളിതുകൾ നേടിയ വിജയത്തിന്റെ കൂടി ചിഹ്നമാണെന്ന് ചരിത്രം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 1928ൽ ബി.ആർ.അംബേദ്കറാണ് ഈ യുദ്ധത്തിന്റെ ആദ്യ വിജയസ്മരണാഘോഷം നയിച്ചത് എന്നോർക്കണം. നേരത്തേ പുനെയിലെ ശനിവാർ വാഡാ എന്ന സ്ഥലത്ത് നടത്തിയ യോഗത്തിൽ നേരത്തേ പറഞ്ഞ ജഡ്ജിമാരും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും പങ്കെടുത്തിരുന്നു. ബാജി റാവുവിന്റെ പെഷവാർ സേനയെ ഇന്നത്തെ ഹിന്ദുത്വ സംഘടനകളോട് ഈ യോഗത്തിൽ ഉപമിച്ചത് ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചു. ഇതാണ് ഒന്നാം തീയതിയിലെ യുദ്ധവാർഷികാഘോഷം സംഘർഷത്തിലെത്താൻ കാരണമായത്. സംഘർഷം നയിച്ചതിന് രണ്ട് ഉന്നതജാതി സംഘടനകൾക്കെതിരേയാണ് കേസെടുത്തത്.

ജി.എൻ. സായ്ബാബ, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ

2018 ഏപ്രിൽ വരെയും മഹാരാഷ്ട്രയിലെ ജാതി സംഘർഷത്തിന്റെ കേസായിരുന്ന എൽഗാർ പരിഷത് കേസ് ജൂണിൽ പ്രധാനമന്ത്രിയെ വധിക്കാനുള്ള മാവോയിസ്റ്റ് പദ്ധതിയെന്ന നിലയിലേക്ക് മാറുകയായിരുന്നു, റോണാ വിൽസനും സുരേന്ദ്ര ഗാഡ്‌ലിങ്ങും ഉൾപ്പെടെ അഞ്ചുപേരുടെ അറസ്റ്റോടുകൂടി. ആദ്യ എഫ്.ഐ.ആർ മാറ്റിവച്ച് പുതിയ എഫ്.ഐ.ആർ ഇട്ടു. ആഗസ്റ്റ് ആയപ്പോഴേക്കും വരവര റാവുവും അരുൺ ഫെറീരയും സുധാ ഭരദ്വാജും ഗൗതം നവ്‌ലാഖയും രാജ്യത്തിന്റെ പലഭാഗത്തുമായി വീട്ടുതടങ്കലിലാക്കപ്പെടുകയും കാലക്രമേണ എല്ലാവരും അറസ്റ്റിലാവുകയും ചെയ്തു. ഇതോടുകൂടി ദളിതുകൾ ആക്രമിക്കപ്പെട്ട കേസ് പ്രധാനമന്ത്രിയെ ഉൾപ്പെടെ അപായപ്പെടുത്താൻ നക്‌സലുകൾ നടത്തിയ ഗൂഢാലോചനയായി പരിവർത്തിക്കപ്പെട്ടു. മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്ന പുതിയ - കോൺഗ്രസ്, ശിവസേനാ സഖ്യ - സർക്കാർ കേസിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് 2020 ജനുവരി 22ന് ഉത്തരവിറക്കിയെങ്കിലും അത് മറികടന്ന് ജനുവരി 25നുതന്നെ അമിത്ഷായുടെ മന്ത്രാലയം കേസ് ദേശീയ അന്വേഷണ ഏജൻസിയെ ഏൽപിച്ചു. ഡിസംബർ 31ന് വാഡയിൽ നടന്ന പൊതുയോഗത്തിലെ പ്രസംഗങ്ങൾ ഉൾപ്പെടെ രാജ്യദ്രോഹ പ്രവർത്തനമായി ചിത്രീകരിക്കുകയും അതാണ് അടുത്ത ദിവസത്തെ സംഘർഷത്തിലേക്ക് നയിച്ചതെന്ന് വരികയും ചെയ്തു. പോരാത്തതിനാണ് മാവോയിസ്റ്റുകളുമായി ചേർന്ന് പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റവും ചാർത്തപ്പെട്ടത്. ഏപ്രിൽ 14ന് അംബേദ്കർ ജയന്തിദിനത്തിൽ ആ വിമോചകന്റെ പേരക്കുട്ടിയുടെ ഭർത്താവായ ആനന്ദ് തെൽതുംബ്ദെയും ഒക്ടോബർ 8ന് ഫാദർ സ്റ്റാൻ സ്വാമിയും അറസ്റ്റിലായി.

ആനന്ദ് തെൽതുംബ്ദെ, സുരേന്ദ്ര ഗാഡ്ലിങ്ങ്, റോണാ വിൽസൻ,

പിറ്റേന്ന് മുംബൈയിലെ കോടതിയിൽ ഹാജരാക്കിയപ്പോൾ സ്റ്റാൻ സ്വാമി പറഞ്ഞു: ""എനിക്ക് ഭീമാ കൊറേഗാവ് സംഭവവുമായി യാതൊരു ബന്ധവുമില്ല. മാവോയിസ്റ്റുകളുമായും ബന്ധമില്ല. എന്റെ ജീവിതത്തിലുടനീളം ഞാൻ പ്രവർത്തിച്ചത് എന്റെ ആദിവാസി സഹോദരീ സഹോദരൻമാരുടെ ഉന്നമനത്തിനുവേണ്ടിയാണ്. സുപ്രിംകോടതി ഉത്തരവുകളുടെയും ഭരണഘടനാവ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ അവർക്ക് നീതികിട്ടണമെന്നുമാത്രമാണ് എന്റെ ആവശ്യം''.
ജഡ്ജി പക്ഷേ സ്വാമിയെ ജയിലിലേക്കയച്ചു. അവിടെനിന്ന് സ്വാമിക്ക് മടക്കമുണ്ടായിട്ടില്ല.

പ്രത്യയശാസ്ത്ര ഭരണകൂടത്തിന്റെ ഏറ്റവും മാരകമായ ഭീതിവിതയ്ക്കൽ പ്രയോഗമാണ് ഭീമ കൊറേഗാവ് കേസിൽ ഉണ്ടായിട്ടുള്ളത്. ഭയമില്ലാതെ പോരാടിയവരും ശബ്ദിച്ചവരും അഴികൾക്കുള്ളിലാവുകയോ അവിടെ അന്ത്യശ്വാസം വലിക്കുകയോ ചെയ്തു.

അറസ്റ്റ് ചെയ്യപ്പെടുമ്പോൾ 83 വയസായിരുന്നു അദ്ദേഹത്തിന്; നിയമങ്ങളെയും നീതിയേയും തന്റെ ബഹുരോഗാവസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ട് മരിക്കുമ്പോൾ 84 വയസും. തമിഴ്‌നാട് ബംഗളൂരുവിൽ വിദ്യാഭ്യാസ ഗവേഷണ പ്രവർത്തനങ്ങളിലും ജാർഖണ്ഡിലെ ചൈബാസയിൽ ആദിവാസികൾക്കു വേണ്ടി മനുഷ്യാവകാശ പ്രവർത്തനങ്ങളിലും മുഴുകി. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് ജാർഖണ്ഡിലെ റാഞ്ചിയിൽ ബഗൈച ആദിവാസി ക്ഷേമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു. ജാർഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ സർക്കാരുകളുമായി ധാരണാപത്രം മാത്രം ഒപ്പിട്ട് വൻതോതിൽ ഖനനം നടത്തിയ ബഹുരാഷ്ട്ര കമ്പനികൾക്കെതിരേ സ്റ്റാൻ സ്വാമി ഗ്രാമസഭകൾക്ക് അധികാരം നൽകുന്ന പെസ ആക്ടിന്റെ പിൻബലത്തിൽ പോരാട്ടം നയിച്ചിട്ടുണ്ട്. 2014-15 കാലഘട്ടത്തിൽ ജാർഖണ്ഡിൽ ആദിവാസികളെ ഗുരുതരകുറ്റങ്ങൾ ചാർത്തി കള്ളക്കേസിൽ പെടുത്തി ജയിലിൽ അടയ്ക്കുന്നതിനെതിരേ പോരാടിയിട്ടുണ്ട്. ഗ്രാമാതിർത്തികളിൽ സ്ഥാപിക്കുന്ന പത്തൽ കല്ലുകളെന്നു വിളിക്കുന്ന പരമ്പരാഗത ആദിവാസി ശിലാഖണ്ഡങ്ങളിൽ ഭരണഘടനാ വാക്യങ്ങൾ കൊത്തിവച്ച് ആദിവാസി അവകാശ പ്രസ്ഥാനം വളർത്തിയിട്ടുണ്ട് അദ്ദേഹം. വൈകാതെ ആ കൊത്തുകല്ലുകൾ ദേശവിരുദ്ധമാവുന്ന കാഴ്ചയ്ക്കും അദ്ദേഹം തന്നെ സാക്ഷിയായി. അതിന്റെ പേരിൽ കേസുവന്നു. 2019ൽ ആ കേസിൽ അറസ്റ്റിനായി പൊലീസ് എത്തിയപ്പോഴേക്ക് സ്വാമി ചികിൽസയ്ക്കായി ബംഗളൂരുവിൽ ആയിരുന്നു. കോടതി അദ്ദേഹത്തെ പിടികിട്ടാ പുള്ളിയാക്കി. ആ ഒക്ടോബറിൽ പൊലീസ് ആ നിസ്വ പോരാളിയുടെ മുറി റെയ്ഡ് ചെയ്തപ്പോൾ കിട്ടിയ സാധനങ്ങൾ ഇവയാണ് - രണ്ടു മേശ, ഒരു സ്റ്റീൽ അലമാര, മൂന്നു പ്ലാസ്റ്റിക് കസേര, ഒരു പായ, ഒരു തലയിണ.

വരവര റാവു, അരുൺ ഫെറീര, ഹാനി ബാബു

ആദ്യമേ പറഞ്ഞതുപോലെ, പ്രത്യയശാസ്ത്ര ഭരണകൂടത്തിന്റെ ഏറ്റവും മാരകമായ ഭീതിവിതയ്ക്കൽ പ്രയോഗമാണ് ഭീമ കൊറേഗാവ് കേസിൽ ഉണ്ടായിട്ടുള്ളത്. ഭയമില്ലാതെ പോരാടിയവരും ശബ്ദിച്ചവരും അഴികൾക്കുള്ളിലാവുകയോ അവിടെ അന്ത്യശ്വാസം വലിക്കുകയോ ചെയ്തു. ഈ പ്രക്രിയ തുടരും. ധൈര്യശാലികൾ രക്തസാക്ഷികളായിക്കൊണ്ടിരിക്കും. പ്രത്യയശാസ്ത്രമാകട്ടെ ഭയം, നിശ്ശബ്ദത എന്നീ ഇരട്ടക്കുഞ്ഞുങ്ങളെ കാലാവധി കൂടാതെ പ്രസവിച്ച് വംശവർധന നടത്തിക്കൊണ്ടിരിക്കും. സാംസ്‌കാരിക ദേശീയതയാണ് ഫാസിസത്തിന് ഏണിവച്ചുകൊടുക്കുകയെന്ന 90കളിലെ ലിബറൽ ബുദ്ധിജീവികളുടെ ആശങ്ക തെറ്റിയില്ലെങ്കിലും പ്രയോഗഘട്ടത്തിൽ അത് ദേശീയതയെ തന്നെ പ്രശ്‌നവൽക്കരിക്കുമെന്ന് കാണേണ്ടതായിരുന്നു. ആദിവാസി സമൂഹങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവർ മുഴുവൻ മാവോയിസ്റ്റുകൾ, മനുഷ്യാവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവർ മുഴുവൻ നഗര നക്‌സലൈറ്റുകൾ, സിനിമയിലും സാഹിത്യത്തിലും അധ്യാപനത്തിലും മാധ്യമ പ്രവർത്തനത്തിലും ഭരണകൂട വിമർശനം നടത്തുന്നവർ മുഴുവൻ രാജ്യദ്രോഹികൾ - ഈ പ്രത്യയശാസ്ത്ര നിർമിതിയാണ് ഫലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വ ശക്തികളുടെ സ്വാധീനം നിറഞ്ഞ സാമൂഹിക വിനിമയ ഇടങ്ങളിലെല്ലാം ഈ വ്യാജപ്രതീതി ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഫലത്തിൽ വിമർശനം തുടച്ചുനീക്കുകയും നിശ്ശബ്ദത നിറഞ്ഞ സമ്മിതിയുടെ ഭരണം വ്യക്തികൾക്കുള്ളിൽ പോലും ആരംഭിക്കുകയും ചെയ്യുന്ന കാലത്തിലേക്കാണ് നടപ്പ്. ▮


പ്രമോദ്​ രാമൻ

മാധ്യമപ്രവർത്തകൻ, കഥാകൃത്ത്. മീഡിയ വൺ എഡിറ്റർ. രതിമാതാവിന്റെ പുത്രൻ, ദൃഷ്​ടിച്ചാവേർ, മരണമാസ്, ബാബരി മസ്ജിദിൽ പക്ഷികൾ അണയുന്നു എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments