സിദ്ധാർത്ഥന്റെ മരണം, ആൾക്കൂട്ട വിചാരണയുടെ കാമ്പസ്, എസ്.എഫ്.ഐ

ഒരു വിദ്യാർഥിയെ സഹപാഠികളുടെ മുന്നിൽവച്ച് ആൾക്കൂട്ട വിചാരണ നടത്തി കൊടും പീഡനത്തിനിരയാക്കി മരണത്തിലേക്ക് തള്ളിവിട്ട് ദിവസങ്ങളിത്ര കഴിഞ്ഞിട്ടും 18 പ്രതികളിൽ പൊലീസ് പിടികൂടിയത് 7 പേരെ മാത്രം. പ്രതികളായ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൻ ഇസ്ഹാൻ, കോളേജ് യൂണിയൻ പ്രസിഡന്റ് അരുൺ എന്നിവരെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥന്റെ മരണമുയർത്തുന്നത് ​ഗുരുതരമായ ചോദ്യങ്ങൾ.

യനാട് പൂക്കോട് വെറ്ററിനറി കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത് ഫെബ്രുവരി 18നാണ്, കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ. എന്നാൽ, ഇതൊരു സാധാരണ മരണമല്ല എന്നു വ്യക്തം. ദിവസങ്ങ​ളോളം ആസൂത്രണം ചെയ്ത്, സിദ്ധാർഥനെ വിളിച്ചുവരുത്തി ആൾക്കൂട്ട വിചാരണ ചെയ്തും നൂറിലധികം സഹപാഠികളുടെ മുന്നിൽ വെച്ച് വിവസ്ത്രനാക്കി ഇടിച്ചും ബെൽറ്റ് കീറും വരെ തല്ലിയും സീനിയർ വിദ്യാർത്ഥികൾ സിദ്ധാർത്ഥിനെ കൊന്നുകളയുകയായിരുന്നു. ഈ മർദ്ദനങ്ങൾക്കുശേഷവും ദിവസങ്ങളോളം മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്തു. വടി ഉപയോഗിച്ച് മുതുകത്ത് ഇടിച്ച പാടുകൾ, മൂന്നുദിവസം വരെ പഴക്കമുള്ള ഒന്നിലധികം ചതവുകൾ, വയറിൽ മർദനമേറ്റതിന്റെ ലക്ഷണങ്ങൾ, പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ ഇതെല്ലാം വ്യക്തം. രണ്ടുദിവസമായി ശരീരത്തിൽ ഭക്ഷണാംശം ഒന്നും ചെന്നിട്ടില്ലെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുണ്ട്. തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥൻ വയനാട്ടിൽ നിന്ന് തിരുവനന്തപുരത്തുള്ള വീട്ടിലേക്ക് മടങ്ങവേ സുഹൃത്തിനെക്കൊണ്ട് തിരികെ വിളിപ്പിച്ച് സഹപാഠികളുടെ മുന്നിൽ വെച്ച് വിചാരണ ചെയ്തതും മർദിച്ചതും കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിന്റെയും യൂണിയന്റെയും ഭാരവാഹികളായിരുന്നു. പ്രണയദിനത്തിൽ സീനിയർ വിദ്യാർത്ഥികളോടൊപ്പം കോളേജിൽ നൃത്തം ചെയ്‌തെന്നതായിരുന്നു സിദ്ധാർത്ഥന്റെ മേൽ ആരോപിക്കപ്പെട്ട ‘കുറ്റം’.

ആൾക്കൂട്ട വിചാരണ ചെയ്തും നൂറിലധികം സഹപാഠികളുടെ മുന്നിൽ വെച്ച് വിവസ്ത്രനാക്കി ഇടിച്ചും ബെൽറ്റ് കൊണ്ട് തല്ലിയും സീനിയർ വിദ്യാർത്ഥികൾ സിദ്ധാർത്ഥനെ കൊന്നുകളയുകയായിരുന്നു.

മകന്റെ മരണം കൊലപാതകമാണെന്ന് മരണവിവരം അറിഞ്ഞ അന്ന് മുതൽ സിദ്ധാർത്ഥന്റെ മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്. മരണത്തിന് കാരണക്കാരായവരുടെ പേരുവിവരങ്ങൾ ഉൾപ്പടെ വൈത്തിരി പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ എസ്.എഫ്.ഐ പ്രവർത്തകരായ പ്രതികളെ പിടികൂടുന്നതിൽ തികഞ്ഞ അനാസ്ഥയായിരുന്നു പൊലീസിന്.

ഇപ്പോഴിതാ, മരണശേഷം സിദ്ധാർഥനെതിരെ കോളേജിലെ ഒരു പെൺകുട്ടിയെക്കൊണ്ട് പരാതി കൊടുപ്പിച്ച വിവരവും പുറത്തുവന്നിരിക്കുന്നു. കോളേജിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിന് പരാതി നൽകിയത് ഫെബ്രുവരി 18-നും സ്വീകരിച്ചത് 19-നുമാണ്. ​ഫെബ്രുവരി 14-നുണ്ടായ സംഭവവുമായി ബന്ധപ്പെട്ട്, സിദ്ധാർഥൻ അപമര്യാദമായി പെരുമാറി എന്നാണത്രേ പെൺകുട്ടിയുടെ പരാതിയിലുള്ളത്. സിദ്ധാർഥന്റെ മരണശേഷവും കോളേജിലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി യോഗം ചേർന്നിരുന്നുവത്രേ.

അതായത്, അതിക്രൂരമായ മർദ്ദനത്തിന്റെയും തുടർന്നുള്ള മരണത്തിന്റെയും ഗുരുതരാവസ്ഥ മറച്ചുപിടിക്കാനുള്ള ആസൂത്രിത നീക്കം കോളേജ് അധികൃതരുടെ ഒത്താശയോടെ പ്രതികളായ വിദ്യാർഥികൾ നടത്തുന്നു എന്ന് തെളിയിക്കുന്നതാണ് ഈ വിവരം.

ഇത്രയധികം പ്രതിഷേധങ്ങൾ ഉയർന്നിട്ടും, ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും 18 പ്രതികളിൽ പൊലീസ് പിടികൂടിയത് 7 പേരെ മാത്രം. ബാക്കിയുള്ളവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൻ ഇസ്ഹാൻ, കോളേജ് യൂണിയൻ പ്രസിഡന്റ് അരുൺ എന്നിവരെ കുറിച്ച് ഇതുവരെ വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടുമില്ല. ഒന്നാം പ്രതി പിടിയാലയതുപോലും സംഭവം നടന്ന് 11 ദിവസങ്ങൾ കഴിഞ്ഞിട്ടാണ്. ഇപ്പോൾ അറസ്റ്റിലായ ആറ് പ്രതികൾക്കെതിരെയും ആത്മഹത്യാ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്. മരണവിവരം മൂടിവെക്കാനാണ് ആദ്യഘട്ടത്തിൽ കോളേജ് അധികൃതരും ശ്രമിച്ചത്. റാഗിംഗിന്റെ പേരിലുള്ള നടപടികൾ എടുക്കാൻ പോലും വൈകി.

കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റത്ത് 130-ഓളം വിദ്യാർത്ഥികൾ നോക്കിനിൽക്കേ മണിക്കൂറുകൾ നീണ്ട ക്രൂരമായ ആക്രമണം നടന്നിട്ടും ഹോസ്റ്റൽ വാർഡൻ അറിഞ്ഞിട്ടില്ല, യൂണിവേഴ്‌സിറ്റി ഡീൻ അറിഞ്ഞിട്ടില്ല. ഇത് വിശ്വസനീയമാണോ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചത്. സിദ്ധാർത്ഥന്റെ മരണവിവരം ബന്ധുക്കളിൽ നിന്ന് മറച്ചുവെക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ച യൂണിവേഴ്‌സിറ്റി ഡീനും ഈ കേസിൽ പ്രതിയാവേണ്ട ആളാണ്. ഇത്രയധികം വിദ്യാർത്ഥികൾ ആക്രമത്തിന് സാക്ഷികളായിട്ടും ഒരാൾ പോലും സംഭവം പുറത്തു പറയാതിരുന്നത് എസ്.എഫ്.ഐ പ്രവർത്തകരെ പേടിച്ചിട്ടാണ് എന്നും വി.ഡി. സതീശൻ പറഞ്ഞു.

മരണവിവരം അറിഞ്ഞിട്ടും കോളേജ് അധികൃതരോ കോളേജ് ഡീൻ എം.കെ. നാരായണനോ തുടർനടപടികൾ സ്വീകരിക്കുകയോ സിദ്ധാർത്ഥിന്റെ കുടുംബത്തെ വിവരമറിയിക്കയോ ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. പകരം പ്രണയനൈരാശ്യം കൊണ്ട് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്‌തെന്നാണ് കോളേജ് അധികൃതർ നൽകിയ വിശദീകരണം. എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്ന് രക്ഷിതാക്കൾ ഉറച്ചുനിൽക്കുന്നു.

വി.ഡി സതീശൻ

'സിദ്ധാർത്ഥൻ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത കോഴ്‌സാണ് ബി.വി.എസ്.സി. അവന്റെ പഠനത്തിന് തടസമാകുന്ന തരത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. ജീവിതത്തിൽ മുന്നേറാൻ പദ്ധതികൾ പലതും കൊണ്ടുനടന്നിരുന്ന സിദ്ധാർത്ഥ്. അതുകൊണ്ടു തന്നെ സിദ്ധാർത്ഥ് ആത്മഹത്യ ചെയ്യില്ല' എന്നാണ് രക്ഷിതാക്കൾ പറയുന്നത്.

അതേസമയം സംഭവം അറിഞ്ഞില്ലെന്നാണ് ഡീൻ ഡോ. നാരായണൻ നൽകിയ വിശദീകരണം. സംഭവം അറിഞ്ഞപ്പോൾ തന്നെ കുറ്റക്കാർക്കെതിരെ നടപടിയെടുത്തുവെന്നും ഡീൻ അറിയിച്ചു. സിദ്ധാർത്ഥന്റെ മരണത്തിൽ കോളജ് അധികൃതർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് പ്രോ വൈസ് ചാൻസലർ കൂടിയായ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞത്. സിദ്ധാർത്ഥന്റെ മരണം യഥാസമയം വീട്ടുകാരെ അറിയിക്കുന്നതിൽ ഡീനിന് വീഴ്ച പറ്റി എന്ന് പറഞ്ഞ മന്ത്രി എന്നാൽ സിദ്ധാർത്ഥനെ ആശുപത്രിയിൽ എത്തിച്ചതും, തുടർനടപടി സ്വീകരിച്ചതും ഡീൻ നാരായണൻ ആണെന്നും പ്രതികരിച്ചു.

സിദ്ധാർഥന്റെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദർശിക്കുന്ന എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ

സിദ്ധാർഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നത്. ആരോപണ വിധേയരായ എസ്.എഫ്.ഐ പ്രവർത്തകരെ മുഴുവൻ സംഘടന പുറത്താക്കുകയും സമഗ്ര അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ് എന്നാണ് സിദ്ധാർത്ഥന്റെ വീട് സന്ദശിച്ച ശേഷം എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

‘‘സിദ്ധാർത്ഥന്റെ മരണം ദൗർഭാഗ്യകരമാണ്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്രവർത്തകരെയും എസ്.എഫ്.ഐ പുറത്താക്കിയിട്ടുണ്ട്. പ്രതികൾക്കെതിരെ നിയമനടപടികൾ ഉണ്ടാകണമെന്നുതന്നെയാണ് എസ്.എഫ്.ഐയുടെയും ആവശ്യം. ആദ്യം തന്നെ എസ്.എഫ്.ഐ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു’’ എന്നാണ് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ട്രൂകോപ്പി തിങ്കിനോട് പ്രതികരിച്ചത്.

എതിർശബ്ദങ്ങളെ അടിച്ചമർത്തിക്കൊണ്ടുള്ള രാഷ്ട്രീയപ്രവർത്തനം കാമ്പസ് കാലത്തു തന്നെ ശീലിക്കുന്നത് ജനാധിപത്യത്തിന്റെ മൂല്യങ്ങളെ തകർക്കുമെന്ന് മനസിലാക്കി വേണം വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ പ്രവർത്തിക്കാൻ. അല്ലാത്തപക്ഷം വിദ്യാർത്ഥി രാഷ്ട്രീയം സൃഷ്ടിക്കുന്നത് ക്രിമിനലുകളെയായിരിക്കും, പൂക്കോട് വെറ്റിനറി കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരെ പോലുള്ള കുറ്റവാളികളെയായിരിക്കും എന്നു മനസിലാക്കി പ്രവർത്തിക്കുകയാണ് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഇനിയെങ്കിലും ചെയ്യേണ്ടത്.

Comments