Photo: SHAHID TANTRAY / THE CARAVAN

ഭീകരപ്രവർത്തനത്തിന് തെളിവില്ല, ഭീമ കൊറേഗാവ് കേസിൽ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

2018 ഏപ്രിൽ വരെയും മഹാരാഷ്ട്രയിലെ ജാതി സംഘർഷത്തിന്റെ കേസായിരുന്ന എൽഗാർ പരിഷത് കേസ് ജൂണിൽ പ്രധാനമന്ത്രിയെ വധിക്കാനുള്ള മാവോയിസ്റ്റ് പദ്ധതിയെന്ന നിലയിലേക്ക് മാറുകയായിരുന്നു, റോണാ വിൽസനും സുരേന്ദ്ര ഗാഡ്ലിങ്ങും ഉൾപ്പെടെ അഞ്ചുപേരുടെ അറസ്റ്റോടുകൂടി. ആദ്യ എഫ്.ഐ.ആർ മാറ്റിവച്ച് പുതിയ എഫ്.ഐ.ആർ ഇട്ടു. ആഗസ്റ്റ് ആയപ്പോഴേക്കും വരവര റാവുവും അരുൺ ഫെറീരയും സുധാ ഭരദ്വാജും ഗൗതം നവ്ലാഖയും രാജ്യത്തിന്റെ പലഭാഗത്തുമായി വീട്ടുതടങ്കലിലാക്കപ്പെടുകയും കാലക്രമേണ എല്ലാവരും അറസ്റ്റിലാവുകയും ചെയ്തു

National Desk

ഭീമാ കൊറേഗാവ് കേസിൽ കുറ്റാരോപിതനായി വിചാരണത്തടവിൽ കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖയ്ക്ക് ജാമ്യം. നവ്ലാഖ ഭീകരപ്രവർത്തനം ചെയ്തു എന്നതിന് തെളിവില്ല എന്നായിരുന്നു ജാമ്യം പുറപ്പെടുവിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധിയിലെ. സുപ്രധാന നിരീക്ഷണം. പ്രഥമദൃഷ്ട്യാ ഹൈക്കോടതി ഉത്തരവ് ശരി വച്ചാണ് സുപ്രീം കോടതിയും ജാമ്യം അനുവദിച്ചത്.

വിചാരണ ഉടൻ അവസാനിക്കില്ലെന്ന് കണ്ടെത്തിയ കോടതി നവ്ലാഖയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. നവ്ലാഖയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ എൻഐഎയുടെ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച്.

ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതരായ 16 പേരിൽ ചിലർക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 2020 ഏപ്രിൽ പതിനാലിനാണ് നവ്ലാഖ അറസ്റ്റിലാകുന്നത്. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് ഗ്രാമത്തിൽ ഉണ്ടായ അക്രമണസംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.

2017 ഡിസംബർ 31ന് സംഘടിപ്പിച്ച 'എൽഗാർ പരിഷത്ത്' ദലിത് സംഗമം ആണ് ഭീമകൊറേഗാവ് കലാപത്തിനിടയാക്കിയതെന്നാണ് എൻ.ഐ.എ ആരോപണം. കേസിൽ നാല് വർഷം വിചാരണത്തടവിൽ കഴിഞ്ഞ ഗൗതം നവ്ലാഖയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വീട്ടുതടങ്കലിലേക്ക് മാറ്റാൻ 2022 നവംബറിൽ സുപ്രീംകോടതി അനുമതി നൽകിയിരുന്നു.

രവര റാവു, വെർനോൻ ഗോൺസാൽവസ് , സുധ ഭരദ്വാജ്, ഗൗതം നവലാഖ, അരുൺ ഫെറേറിയ

2018 ഏപ്രിൽ വരെയും മഹാരാഷ്ട്രയിലെ ജാതി സംഘർഷത്തിന്റെ കേസായിരുന്ന എൽഗാർ പരിഷത് കേസ് ജൂണിൽ പ്രധാനമന്ത്രിയെ വധിക്കാനുള്ള മാവോയിസ്റ്റ് പദ്ധതിയെന്ന നിലയിലേക്ക് മാറുകയായിരുന്നു, റോണാ വിൽസനും സുരേന്ദ്ര ഗാഡ്ലിങ്ങും ഉൾപ്പെടെ അഞ്ചുപേരുടെ അറസ്റ്റോടുകൂടി. ആദ്യ എഫ്.ഐ.ആർ മാറ്റിവച്ച് പുതിയ എഫ്.ഐ.ആർ ഇട്ടു. ആഗസ്റ്റ് ആയപ്പോഴേക്കും വരവര റാവുവും അരുൺ ഫെറീരയും സുധാ ഭരദ്വാജും ഗൗതം നവ്ലാഖയും രാജ്യത്തിന്റെ പലഭാഗത്തുമായി വീട്ടുതടങ്കലിലാക്കപ്പെടുകയും കാലക്രമേണ എല്ലാവരും അറസ്റ്റിലാവുകയും ചെയ്തു.

ഇതോടുകൂടി ദളിതുകൾ ആക്രമിക്കപ്പെട്ട കേസ് പ്രധാനമന്ത്രിയെ ഉൾപ്പെടെ അപായപ്പെടുത്താൻ നക്സലുകൾ നടത്തിയ ഗൂഢാലോചനയായി പരിവർത്തിക്കപ്പെട്ടു. മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്ന പുതിയ - കോൺഗ്രസ്, ശിവസേനാ സഖ്യ - സർക്കാർ കേസിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് 2020 ജനുവരി 22ന് ഉത്തരവിറക്കിയെങ്കിലും അത് മറികടന്ന് ജനുവരി 25നുതന്നെ അമിത്ഷായുടെ മന്ത്രാലയം കേസ് ദേശീയ അന്വേഷണ ഏജൻസിയെ ഏൽപിച്ചു.

ഡിസംബർ 31ന് വാഡയിൽ നടന്ന പൊതുയോഗത്തിലെ പ്രസംഗങ്ങൾ ഉൾപ്പെടെ രാജ്യദ്രോഹ പ്രവർത്തനമായി ചിത്രീകരിക്കുകയും അതാണ് അടുത്ത ദിവസത്തെ സംഘർഷത്തിലേക്ക് നയിച്ചതെന്ന് വരികയും ചെയ്തു. പോരാത്തതിനാണ് മാവോയിസ്റ്റുകളുമായി ചേർന്ന് പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റവും ചാർത്തപ്പെട്ടത്. ഏപ്രിൽ 14ന് അംബേദ്കർ ജയന്തിദിനത്തിൽ ആ വിമോചകന്റെ പേരക്കുട്ടിയുടെ ഭർത്താവായ ആനന്ദ് തെൽതുംബ്ദെയും ഒക്ടോബർ 8ന് ഫാദർ സ്റ്റാൻ സ്വാമിയും അറസ്റ്റിലായി.

മലയാളികളായ റോണ വിൽസൻ, ഹാനി ബാബു തുടങ്ങിയവരുൾപ്പെടെ 16 മനുഷ്യാവകാശപ്രവർത്തകരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരുന്നത്. ഇവരിൽ ജസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമി ജയിൽവാസത്തിനിടെ മരിച്ചു.

ഡൽഹി സർവ്വകലാശാല പ്രൊഫസർ ജി. എൻ സായിബാബയെ ഈ വർഷം മാർച്ചിൽ ഹൈക്കോടതി വെറുതെവിട്ടിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ വിചാരണ പൂർത്തിയായ കേസ് വിധി പറയാൻമാറ്റിവെച്ചതായിരുന്നു. സായിബാബയെ കൂടാതെ മഹേഷ് ടിർക്കി, ഹേം മിശ്ര, പ്രശാന്ത് റാഹി, വിജയ് ടിർക്കി എന്നിവരെ കുറ്റമുക്തമാക്കിക്കൊണ്ടായിരുന്നു വിധി.

Comments