മെഡി. കോളേജിലെ പീഡനം: അനീതിയുടെ പൊലീസിംഗ്, തളരാതെ അതിജീവിത

കോഴിക്കോട് മെഡിക്കൽ കൊളേജ് ആശുപത്രിയിൽ സർജറിക്ക് വിധേയയായ ഒരു സ്ത്രീ ഐസിയുവിൽ വെച്ച്, ലൈംഗികാത്രികമം നേരിടുന്നു. അതിലെ പ്രതിക്ക് സഹപ്രവർത്തകരിൽ നിന്നു സംരക്ഷണം ലഭിക്കുന്നു. അങ്ങനെ സംരക്ഷണമൊരുക്കാൻ വേണ്ടി അവിടത്തെ ഗൈനക്കോളജിസ്റ്റ് റിപ്പോർട്ട് എഴുതുന്നു. അവിടത്തെ സഹസ്റ്റാഫുകൾ ആക്രമിക്കപ്പെട്ട സ്ത്രീയെ ഭീഷണിപ്പെടുത്തുന്നു. മൊഴി തിരുത്താൻ താക്കീത് നൽകുന്നു. അതിജീവിത നൽകിയ മൊഴിയ്ക്ക് വിരുദ്ധമായി പൊലീസിന് മൊഴി നൽകിയ ഗൈനക്കോളജിസ്റ്റിനെതിരെ പരാതി നൽകാൻ പോയപ്പോൾ കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ പരാതി കേൾക്കാൻ തയാറാകാതെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുന്നു. ഏറ്റവും ഒടുവിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും പ്രതികൾക്ക് സംരക്ഷണമൊരുക്കുന്നുവെന്നും ആരോപിച്ച് അതിജീവിതയ്ക്ക് ഡിജിപിയേയും ആരോഗ്യമന്ത്രിയെയും കാണേണ്ടി വരുന്നു.

2023 മാർച്ച് 18 നാണ് കോഴിക്കോട് മെഡിക്കൽ കൊളേജിൽ ശസ്ത്രക്രിയക്ക് ശേഷം അർധ ബോധാവസ്ഥയിൽ ഐസിയുവിലായിരുന്ന സ്ത്രീയ്ക്കു നേരെ ശശീന്ദ്രൻ എന്ന അറ്റന്റർ ലൈംഗികാതിക്രമം നടത്തിയത്.

ആക്രമണം തിരിച്ചറിഞ്ഞ അതിജീവിത അന്നു മുതൽ നീതി തേടി നടന്നു തീർത്ത വഴികൾ ആരോഗ്യ കേരളത്തിന് നാണക്കേടാണ്.. സർജറിക്ക് ശേഷം അവർക്ക് വിശ്രമിക്കാൻ കഴിഞ്ഞിട്ടില്ല, അതിഭീകരമായ ശരീര വേദനയുണ്ട്. എങ്കിലും കഴിഞ്ഞ അഞ്ച് മാസത്തോളമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് വിശ്രമം ഇല്ലെന്നും നീതി ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ടെന്നും പറയുന്നു അതിജീവിത.

അതിജീവിതയുടെ കേസിൽ ഒരുവിധ ആശങ്കയും വേണ്ടന്നും കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതിദേവി പറയുന്നു. ഡി.ജി.പിയും ആരോഗ്യമന്ത്രിയും അതിജീവിതയ്ക്ക് ഉറപ്പും നൽകിയിട്ടുണ്ട്. എങ്കിലും ആശുപത്രിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നേരത്തെ നടന്ന പല സംഭവങ്ങളിലും ഇരയുടെ നീതിക്ക് മുകളിൽ പറക്കാൻ ശേഷിയുള്ള മെഡിക്കൽ ഫ്രറ്റേണിറ്റിയുടെയും ഹെൽത്ത് ബ്യൂറോക്രസിയുടെയും കുറ്റകരമായ ഇടപെടൽ പ്രകടമാണ്. അതുകൊണ്ട് തന്നെ ഈ കേസിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കയിലാണ് അതിജീവിത.

Comments