പേരറിവാളൻ

പേരറിവാളൻ എന്ന നിരപരാധി

സ്റ്റാലിൻ സർക്കാരാണ് പേരറിവാളൻ പ്രശ്‌നത്തിൽ കാര്യമായി എന്തെങ്കിലും പ്രവർത്തിച്ചത് എന്നുപറയാം. കരുണാനിധിയും ജയലളിതയും ഇതിനെ രാഷ്ട്രീയ പ്രശ്‌നമായി മാത്രം കണ്ടപ്പോൾ ഇപ്പോഴത്തെ ഭരണമാണ് ഇതിനെ മനുഷ്യാവകാശ പ്രശ്‌നമായി കണ്ടത്.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട അർപുതമ്മാൾ ജ്ഞാനശേഖരൻ പേരറിവാളന്, 32 വർഷം നീതിക്കുവേണ്ടി നടത്തിയ നീണ്ട സമരത്തിനൊടുവിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നു. ഇന്ത്യൻ ന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നവർക്ക്​ ഈ നടപടി അല്പം ആശ്വസം നൽകുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കോ ഭരണാധികാരികൾക്കോ എളുപ്പം ചെയ്യാവുന്ന, എന്നാൽ ചെയ്യാൻ മനസ്സില്ലാതെ കൈയൊഴിഞ്ഞ കാര്യം അവസാനം കോടതി ഇടപെട്ട് നടത്തേണ്ടിവന്നു എന്നതിൽ ലജ്ജിക്കേണ്ടതാണ്. രാഷ്​ട്രീയപാർട്ടികൾ അവരുടെ അധികാരം നിലനിർത്താൻ നടത്തിയ ചൂതുകളിയുടെ ഇരയാണ് പേരറിവാളൻ.

1991-ലാണ് ചെന്നൈക്കടുത്ത ശ്രീപെരുംപുതൂരിൽ വച്ച്​ രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്​. വധവുമായി ബന്ധപ്പെട്ട്​ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നാലുപേർക്ക് വധശിക്ഷയും മൂന്നുപേർക്ക് ജീവപര്യന്തം ശിക്ഷയും വിധിക്കപ്പെട്ടു. വധശിക്ഷ വിധിക്കപ്പെട്ട നാലുപേരിൽ ഒരാളാണ് പേരറിവാളൻ. രാജീവ്​ഗാന്ധിയെ വധിച്ച ശിവരാജന് രണ്ടു ബാറ്ററി വാങ്ങിച്ചുകൊടുത്തു എന്നതാണ് അദ്ദേഹത്തിന്റെ കുറ്റം.

പേരറിവാളൻ, അമ്മ അർപുതമ്മാൾ / Photo: Twitter

തങ്ങളുടെ നേതാവിനെ വധിക്കാൻ കൂട്ടുനിന്നവർ എന്ന പ്രതികാരസമീപനം കോൺഗ്രസിനുണ്ടായിരുന്നു. അന്ന് കോൺഗ്രസുമായി അടുപ്പം പുലർത്തിയിരുന്ന ജയലളിതയും നടപടിയെടുക്കാൻ തയ്യാറായില്ല. കോൺഗ്രസുമായി പിണങ്ങിയപ്പോൾ ഈ വിഷയത്തെ അവർ രാഷ്ട്രീയ ഉപകരണമാക്കി.

2000-ൽ സംസ്ഥാന ഗവർണറായിരുന്ന മുൻ ജഡ്ജി ഫാത്തിമാ ബീവി തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലുപേരിൽ ഒരാളായ നളിനിയുടെ ശിക്ഷ ജിവപര്യന്തമായി കുറച്ചു. നളിനിയ്ക്കൊപ്പം തടവിലാക്കപ്പെട്ട മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ ശിക്ഷ മാറ്റമില്ലാതെ തുടർന്നു. അർപുതമ്മാൾ എന്ന അമ്മ നീതിയ്ക്കായുള്ള അയവില്ലാത്ത നിയമയുദ്ധം തുടർന്നു. കൊലക്കയറിൽ നിന്ന്​ മകനെ രക്ഷപ്പെടുത്താൻ ആ അമ്മ എല്ലാ വാതിലുകളിലും മുട്ടി. എല്ലാ രാഷ്ട്രീയക്കാരോടും ഇരന്നു. കോടതിയുടെ പടികൾ കയറിയിറങ്ങി. ഒരുപക്ഷെ അവരുടെ കണ്ണീരിന്റെ ഫലമായിരിക്കാം, 2014-ൽ സുപ്രീം കോടതി, മൂന്ന് പ്രതികളുടെയും വധശിക്ഷ ജീവപര്യന്തമായി കുറച്ചു.

ജസ്റ്റിസ്. എം.ഫാത്തിമ ബീവി. / Photo : Wikimedia Commons.

തുടർന്ന്, ഇവരെ മോചിപ്പിക്കണം എന്ന ആവശ്യമുയർന്നു. പക്ഷെ അന്നത്തെ മൻമോഹൻ സിങ് സർക്കാരോ സംസ്ഥാനത്തെ ജയലളിത / പന്നീർ സെൽവം സർക്കാറുകളോ അനുകൂല നടപടിയെടുത്തില്ല. തങ്ങളുടെ നേതാവിനെ വധിക്കാൻ കൂട്ടുനിന്നവർ എന്ന പ്രതികാരസമീപനം കോൺഗ്രസിനുണ്ടായിരുന്നു. അന്ന് കോൺഗ്രസുമായി അടുപ്പം പുലർത്തിയിരുന്ന ജയലളിതയും നടപടിയെടുക്കാൻ തയ്യാറായില്ല. കോൺഗ്രസുമായി പിണങ്ങിയപ്പോൾ ഈ വിഷയത്തെ അവർ രാഷ്ട്രീയ ഉപകരണമാക്കി. തമിഴ്നാട്ടിൽ ഒരു വിഭാഗം ജനങ്ങൾക്കിടയിൽ തടവുകാരോട് അനുകമ്പയുണ്ടായിരുന്നു. അതിനെ ജയലളിത തനിക്കനുകൂലമായി മാറ്റാൻ ശ്രമിച്ചു. പേരറിവാളൻ അടക്കം ശിക്ഷിക്കപ്പെട്ട ഏഴുപേരെയും കാലാവധിക്കുമുൻപേ വിട്ടയക്കാൻ നിയമസഭയിൽ ബിൽ പാസാക്കി. ഗവർണറുടെ അംഗീകാരത്തിനയച്ച ആ ബിൽ ഇന്നും പരിഗണിക്കപ്പെടാതെ കിടക്കുന്നു. കോൺഗ്രസ് ഭരണകാലത്തും തുടർന്നുവന്ന ബി.ജെ.പി. ഭരണ കാലത്തും കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ല.

രാജീവ് വധം സംബന്ധിച്ച് സി.ബി.ഐ. നടത്തിയ അന്വേഷണത്തിന്റെ ഭാഗമായിരുന്ന ഉദ്യോഗസ്ഥൻ ത്യാഗരാജൻ, 2013-ൽ ഒരു അഭിമുഖം നൽകിയിരുന്നു. അതിൽ പേരറിവാളൻ നിരപരാധിയാണെന്ന സത്യം വെളിപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും താൻ കുറ്റകൃത്യത്തിൽ പങ്കാളിയല്ലെന്നും അതുകൊണ്ട് ശിക്ഷ നിർത്തിവെക്കണം എന്നും ആവശ്യപ്പെട്ട്​ പേരറിവാളൻ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്​തത്​. ആ കേസിലെ വിചാരണയിലാണ് ഇപ്പോൾ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. 32 വർഷം തടവിൽ കഴിയുന്ന ആൾക്ക് ജാമ്യം അനുവദിക്കുന്നതിന് കേന്ദ്ര സർക്കാർ എതിർപ്പു പ്രകടിപ്പിക്കുന്ന അവസ്ഥയിൽ സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇത് ഭരണഘടനാവിരുദ്ധമെന്ന്​ സർക്കാരും, സർക്കാർ ചെയ്യാൻ കൂട്ടാക്കാത്ത കാര്യം നീതിപീഠം നിറവേറിയിരിക്കുന്നു എന്ന് കോടതിയും പറയുന്നു.

ജയലളിത, പനീർശെൽവം. / Photo : Jayalalitha Aiadmk, Fb Page.

മകൻ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് തുല്യമായ ദുരിതങ്ങൾ അമ്മയും അനുഭവിക്കേണ്ടിവന്നു, ഭരണസിരാകേന്ദ്രങ്ങളിൽനിന്നും ന്യായസ്ഥലങ്ങളിൽ നിന്നും. എങ്ങനെയെങ്കിലും മകനെ പുറത്തുകൊണ്ടുരാൻ അവർ പലതും സഹിച്ചു. അതെല്ലാം കരളലിയിക്കുന്നവയാണ്​, മനക്കരുത്തിന്റെ പ്രതീകവും.

1991-ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ആ ദിവസത്തിനുതൊട്ടുമുമ്പുവരെ തമിഴ്നാട്ടിലെ പൊതുമനഃസ്ഥിതി വിടുതലൈ പുലികൾക്കും ഈഴ തമിഴരുടെ പോരാട്ടങ്ങൾക്കും അനുകൂലമായിരുന്നു. ഈഴം യുദ്ധത്തിന്, തമിഴർ ആവുന്ന സഹായം ചെയ്തിരുന്നു. തമിഴ് മണ്ണിന്റെ പ്രസ്ഥാനം എന്ന് പറയപ്പെടുന്ന ദ്രാവിഡകഴകത്തിലെ അംഗമാണ് പേരറിവാളന്റെ കുടുംബം. അതുകൊണ്ട് അവർ മറ്റുരീതിയിൽ പ്രവർത്തിക്കാൻ സാധ്യതയില്ല. എന്നാൽ രാജീവ് വധത്തിനുശേഷം തമിഴ്നാട്ടിലെ അവസ്ഥ തലകീഴ്​മറിഞ്ഞു.

1991-ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസും പിന്നെ ഭരണം പിടിച്ചെടുത്ത ബി.ജെ.പി.യും ഈ തമിഴ് ബോധത്തെ രാജ്യദ്രോഹമായാണ്​ പരിഗണിച്ചത്​. അതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന, കേന്ദ്ര സർക്കാരുകൾ പ്രവർത്തിക്കുന്നതും. ‘അധികാരം നിലനിർത്താനായി ഒരു കുറ്റകൃത്യം രാഷ്ട്രീയവൽകരിച്ചതിന്റെ ഉദാഹരണമാണ് ഈ കേസ്' എന്ന് ചെന്നൈ ഹൈക്കോടതി മുൻ ജഡ്​ജി കെ. ചന്ദ്രു പറഞ്ഞത് ശ്രദ്ധിക്കേണ്ടതാണ്.

രാജീവ് വധക്കേസിൽ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ പേരറിവാളന്​ 19 വയസ്​. ഇപ്പോൾ അദ്ദേഹത്തിന് 52 കഴിയുന്നു. ഇടയ്ക്കുള്ള 32 വർഷങ്ങൾ കഴിച്ചുകൂട്ടിയത്​തടവറയുടെ ഇരുട്ടിലാണ്. തടവുജീവിതം അദ്ദേഹത്തെ രോഗിയാക്കിയിരിക്കുന്നു. ചികിത്സ തേടാൻ പലതവണ പരോളിനായി യാചിച്ചു. മകൻ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് തുല്യമായ ദുരിതങ്ങൾ അമ്മയും അനുഭവിക്കേണ്ടിവന്നു, ഭരണസിരാകേന്ദ്രങ്ങളിൽനിന്നും ന്യായസ്ഥലങ്ങളിൽ നിന്നും. എങ്ങനെയെങ്കിലും മകനെ പുറത്തുകൊണ്ടുരാൻ അവർ പലതും സഹിച്ചു. അതെല്ലാം കരളലിയിക്കുന്നവയാണ്​, മനക്കരുത്തിന്റെ പ്രതീകവും. സർക്കാർ പട്ടികയിൽ ഒരു പ്രജ കേവലം ഒരു അക്കം മാത്രം. എന്നാൽ അമ്മയുടെ കണക്കിൽ അത് അങ്ങനെയല്ല.

സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് പേരറിവാളൻ പ്രശ്‌നത്തിൽ കാര്യമായി എന്തെങ്കിലും പ്രവർത്തിച്ചത് എന്നുപറയാം. കരുണാനിധിയും ജയലളിതയും ഇതിനെ രാഷ്ട്രീയപ്രശ്‌നമായി മാത്രം കണ്ടപ്പോൾ ഇപ്പോഴത്തെ ഭരണമാണ് ഇതിനെ മനുഷ്യാവകാശപ്രശ്‌നമായി കണ്ടത്. 2021 മേയിൽ അർപുതമ്മാൾ, തന്റെ മകനെ ചികിത്സയ്ക്ക്​ പരോളിൽ വിടണം എന്നപേക്ഷിച്ചു. ഇതുവരെ എട്ടുതവണ പരോൾ അനുവദിച്ചതുകൊണ്ട് മേലിൽ അനുവദിക്കില്ല എന്നായിരുന്നു അധികാരികളുടെ നിലപാട്. എന്നാൽ ഒരുമാസം പരോൾ അനുവദിക്കുകയായിരുന്നു മുഖ്യമന്ത്രി സ്റ്റാലിൻ.

രാജീവ് ഗാന്ധി. തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് പകർത്തിയ ചിത്രം.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട്​ തടവിൽ കഴിയുന്ന കാലത്ത് തന്റെ ദുരവസ്ഥയെക്കുറിച്ച് മനുഷ്യാവകാശപ്രവർത്തകർക്ക് പേരറിവാളൻ ഒരു കത്തയച്ചിരുന്നു. അതിൽ അദ്ദേഹം പറഞ്ഞിരുന്നത് ഇങ്ങനെ: ‘പരമോന്നത നീതിപീഠം വധശിക്ഷ വിധിച്ചാൽ പിന്നെ ആ പൗരൻ, താൻ നിരപരാധിയാണ് എന്ന് വാദിച്ചതിന്​ മുൻ ഉദാഹരണം ഇല്ല. എന്നാൽ ഞാൻ അങ്ങനെ വാദിക്കുന്നു. എന്തെന്നാൽ ഞാൻ ചുമക്കുന്നത് അനീതിയെയാണ്. ആ ഭാരം ഇറക്കിവെക്കാൻ സഹായിക്കുക.''

ആ കത്തിന് പേരറിവാളൻ നൽകിയ ശീർഷകം; ‘ഞാൻ അപേക്ഷിക്കുന്നത് ഉയിർ ഭിക്ഷയല്ല, നിഷേധിക്കപ്പെട്ട നീതിയാണ്.’എന്നായിരുന്നു.

ഇപ്പോൾ പേരറിവാളന് കിട്ടിയിരുക്കുന്നത് അർധനീതിയാണ്. നിരപരാധി എന്ന് തെളിയിക്കപ്പെട്ടിട്ടും തടവുകാലത്തെ പെരുമാറ്റത്തെക്കുറിച്ച് പരാതി ഇല്ലാഞ്ഞിട്ടും അദ്ദേഹത്തിന്​ ഒരു തടവുപുള്ളിയായി കഴിയേണ്ടിവന്നു. കുറ്റവിമുക്തനായി മോചിപ്പിക്കപ്പെട്ടാലേ നിഷേധിക്കപ്പെട്ട നീതി കിട്ടിയെന്നുപറയാൻ കഴിയൂ. ആ പ്രതീക്ഷയിലേയ്ക്ക്​ നയിക്കുന്ന നുറുങ്ങുവെട്ടമാണ് ഈ ജാമ്യം. നിരന്തര വെളിച്ചത്തിലേയ്ക്ക്​ ഇത് നയിക്കേണ്ടതുണ്ട്. അതിനായി കാത്തിരിക്കുന്നു, പേരറിവാളൻ മാത്രമല്ല, നീതിയ്ക്കായി ദാഹിക്കുന്ന നമ്മളും. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


എൻ. സുകുമാരൻ

കവി, നോവലിസ്​റ്റ്​, വിവർത്തകൻ. കാലച്ചുവട്​ എന്ന തമിഴ്​ പ്രസിദ്ധീകരണത്തി​ന്റെ എക്​സിക്യൂട്ടീവ്​ എഡിറ്റർ. കുങ്കുമം എന്ന തമിഴ്​ മാഗസിൻ എഡിറ്ററും സൂര്യ ടി.വി ചീഫ്​ എഡിറ്ററുമായിരുന്നു.

Comments