‘മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ ഞങ്ങൾ പിറന്ന മണ്ണിൽനിന്ന് തൂത്തെറിയപ്പെടും’; മുഖ്യമന്ത്രിക്ക് പരാതി നൽകി അട്ടപ്പാടിയിലെ ആദിവാസികൾ

‘‘അട്ടപ്പാടിയിൽ ഭൂമാഫിയകളുടെ ആക്രമണം മൂലം ആദിവാസി ജനതയ്ക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ആത്മഹത്യക്കും കൊലക്കും ഇടയിലൂടെയാണ് ആദിവാസികൾ കടന്നുപോകുന്നത്. ബഹു. മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ അട്ടപ്പാടിയിലെ ആദിവാസികൾ പിറന്ന മണ്ണിൽനിന്ന പൂർണ്ണമായും തുത്തെറിയപ്പെടും. ഞങ്ങൾക്ക് നീതി ലഭിക്കണമെന്ന് അപേക്ഷിക്കുന്നു’’- അട്ടപ്പാടിയിലെ ആദിവാസി ജനത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പൂർണരൂപം.

News Desk

നിച്ച മണ്ണിൽ, സ്വന്തം ഭൂമിയും കിടപ്പാടവും സംരക്ഷിക്കാൻ നിയമപോരാട്ടം നടത്തേണ്ടിവരുന്ന അട്ടപ്പാടിയിലെ ആദിവാസി ജനത പരിഹാരം തേടി മുഖ്യമന്ത്രിയെ കണ്ടു. സംഘടിത ഭൂമാഫിയ ആദിവാസി ഭൂമി കയ്യേറുന്നതാണ് പ്രശ്നം. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും അടക്കമുള്ള ഭരണസംവിധാനമാകെ ഈ മാഫിയക്കൊപ്പം ചേർന്ന് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുമ്പോൾ വലിയ ചെറുത്തുനിൽപ്പാണ് ആദിവാസി ജനത നടത്തുന്നത്. തങ്ങളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് ആദിവാസി ഭാരത് മഹാസഭയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.

മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയുടെ പൂർണരൂപം:

അട്ടപ്പാടിയിൽ ഭൂമാഫിയകളുടെ ആക്രമണം മൂലം ആദിവാസി ജനതയ്ക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ആത്മഹത്യക്കും കൊലക്കും ഇടയിലൂടെയാണ് ആദിവാസികൾ കടന്നുപോകുന്നത്. മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ അട്ടപ്പാടിയിലെ ആദിവാസികൾ പിറന്ന മണ്ണിൽനിന്ന് പൂർണ്ണമായും തൂത്തെറിയപ്പെടും. ഞങ്ങൾക്ക് നീതി ലഭിക്കണമെന്ന് അപേക്ഷിക്കുന്നു.

1. ആദിവാസി ഭൂമി അന്യാധീനപ്പെട്ട കേസ് (ടി.എൽ.എ) സമയക്രമം അനുസരിച്ച് തീർപ്പാക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് ശ്രമിക്കാത്തതുമൂലം 40 വർഷമായി ടി.എൽ.എ ഭൂമികൾ വിട്ടു കിട്ടുന്നില്ല. ടി.എൽ.എ കേസുകളിൽ ഉൾപ്പെട്ട ഭൂമിക്ക് റവന്യൂ ഉദ്യോഗസ്ഥർ നികുതി രസീതും കൈവശരേഖയും ആദിവാസികൾ അല്ലാത്തവർക്ക് നൽകുന്നുണ്ട്. അതുമായി ഹൈക്കോടതിയിലെത്തി ടി.എൽ.എ കേസുള്ള ഭൂമിയാണെന്ന കാര്യം മറച്ചുവെച്ച് ഭൂമിയിൽ പ്രവേശിക്കുന്നതിന് പോലീസ് സംരക്ഷണത്തിന് ഉത്തരവ് വാങ്ങുന്നു. പോലീസ് സാന്നിധ്യത്തിൽ ആദിവാസികളെ ഭീഷണിപ്പെടുത്തി ഭൂമി കൈയേറുന്നു.

2. ടി.എൽ.എ കേസിൽ വിധിയായ ഭൂമികൾ പോലും ആദിവാസികൾക്ക് അളന്നുനൽകുന്നില്ല. അതിൽ 2011-ൽ സുപ്രീംകോടതി വിധിയായ ഭൂമി പോലുമുണ്ട്.

3. ടി.എൽ.എ പ്രകാരം ആദിവാസികൾക്ക് നഷ്ടമായ ഭൂമിക്ക് നിയമത്തിലെ വകുപ്പ് ആറ് പ്രകാരം കൃഷിയോഗ്യവും വാസയോഗ്യവും ആയ നഷ്ടമായ അത്രയും ഭൂമി പകരമായി നൽകാതെ, ആദിവാസികളല്ലാത്തവർക്ക് അനുമതി കൊടുക്കരുത്. ആദിവാസികൾക്ക് ഭൂമി നൽകാൻ നടപടി സ്വീകരിക്കുന്നില്ല.

4. കോട്ടത്തറ വില്ലേജിൽ സർവ്വേ നമ്പർ 1275-ൽ ആകെ 224 ഏക്കർ ഭൂമിയാണുള്ളത്. അതിൽ 50 ഏക്കർ വനഭൂമിയാണ്. ബാക്കി ഭൂമി 36 ആദിവാസി കുടുംബങ്ങളുടെതാണ്. എന്നാൽ 700 പേർക്ക് ഇവിടെ വ്യാജ ആധാരമുണ്ടാക്കി ഭൂമി വിൽപ്പന നടത്തിയിരിക്കുന്നു.

5. 1999-ൽ ഇ.കെ നായനാർ ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമി കോട്ടത്തറ വില്ലേജിൽ സർവ്വേ നമ്പർ 1819 ലാണ്. ഇവിടെ 375 ഏക്കർ ഭൂമിയിൽ വൻതോതിൽ കൈയേറ്റം നടന്നിരിക്കുന്നു. അട്ടപ്പാടിയിൽ മുൻ മന്ത്രിമാരായ കെ.ഇ. ഇസ്മയിൽ, ഇ. ചന്ദ്രശേഖരൻ തുടങ്ങിയവർ നടത്തിയ പട്ടയമേളയിൽ 1932 പട്ടയങ്ങൾ വിതരണം ചെയ്തതായി താലൂക്ക് ഓഫിസിൽ കണക്കുണ്ട്. ആദിവാസികൾക്ക് ഭൂമി ലഭിച്ചിട്ടില്ല.

6. പല ഊരുകളിലും താമസിക്കുന്ന ആദിവാസികളുടെ വീടുകളിൽനിന്ന് ഒഴിഞ്ഞു പോകണമെന്ന് ഭൂമാഫിയ സംഘം നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ഒരേ ഭൂമിക്ക് രണ്ടും മൂന്നും ആധാരങ്ങൾ ഉണ്ടാക്കിയെന്ന് നിയമസഭയിൽ റവന്യൂ മന്ത്രിക്ക് മറുപടി പറയേണ്ടി വന്ന അവസ്ഥ ഉണ്ടായി. ശ്മശാനത്തിലേക്കും ക്ഷേത്രത്തിലേക്കും കുടിവെള്ള നീരുറവകളിലേക്കും ആദിവാസികൾ പോകുന്ന വഴികൾ ഉൾപ്പെടെ കെട്ടിയിടച്ച് ബോർഡുകൾ വെയ്ക്കുന്ന വളരെ ഗുരുതരമായ അവസ്ഥയാണ് അട്ടപ്പാടിയിൽ നേരിടുന്നത്.

7. അട്ടപ്പാടിയിൽ പല പേരുകളിൽ ട്രസ്റ്റുകളും സൊസൈറ്റികളും ആദിവാസി ഭൂമിയിൽ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത് മറിച്ച് നിൽക്കുന്നുണ്ട്. ഉദാഹരണമായി ചാലക്കുടി സനാതന ധർമ്മ ട്രസ്റ്റ്, അഗ്രി ഫാം, പാലാരിവട്ടം നവജീവൻ ചാരിബിൾ ട്രസ്റ്റ്, വിദ്യാധിരാജ ട്രസ്റ്റ്, കോട്ടത്തറ അഗ്രി ഫിമിങ് സൊസൈറ്റി - തുടങ്ങിയവ ഇതിൽ ചിലത് മാത്രമാണ്. ഇവരൊന്നും അട്ടപ്പാടിയുമായി ബന്ധമുള്ളവരല്ല. ഇത്തരം ട്രസ്റ്റുകളും സൊസൈറ്റികളും അട്ടപ്പാടിയിൽ ഭൂമി വാങ്ങിയതിനെ കുറിച്ച് അന്വേഷണം നടത്തണം. ഭൂപരിഷ്കരണ നിയമത്തിലെ ഭൂപരിധി ലംഘിച്ചു വാങ്ങിയ ഭൂമി തിരിച്ചെടുത്ത് ആദിവാസികൾക്ക് കൊടുക്കണം. ഇവരുടെ കയ്യിൽ ആധാരങ്ങളുണ്ട്. ഭൂമി എവിടെയാണെന്ന് അറിയില്ല. ഇവർക്ക് ഭൂമി കണ്ടെത്തിക്കൊടുക്കുന്നത് അട്ടപ്പാടി ട്രൈബൽ തഹസീൽദാർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരാണ്.

8. ആദിവാസികളുടെ കുടുംബഭൂമികൾ അടിയന്തരമായി അളന്നു തിരിച്ച് രേഖകൾ നൽകണം. അതിനുവേണ്ടിവരുന്ന ചെലവ് സർക്കാർ ഉത്തരവ് 2014 ഡിസംബർ 30-ലെ (എം.എസ് നമ്പർ 102/14 പി.ജ. പ.വ .വി.വ തിരുവനന്തപുരം) ഉത്തരവ് പ്രകാരം പട്ടികവർഗ്ഗ വകുപ്പ് നേരിട്ട് രജിസ്ട്രേഷൻ വകുപ്പിന് നൽകണം. രജിസ്ട്രേഷൻ വകുപ്പ് നടപടി സ്വീകരിക്കണം.

9. അട്ടപ്പാടിയിലെ കൃഷി വകുപ്പ് ആദിവാസികളുടെ ഭൂമിയിൽ കൃഷി ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ 100- 150 എച്ച്.പി വരെയുള്ള 10 പമ്പ് സെറ്റുകൾ പ്രവർത്തിക്കുന്നില്ല. ട്രൈബൽ ( ടി.എസ്.പി) ഫണ്ട് ഉപയോഗിച്ച് വാങ്ങിയതാണ് ഈ പമ്പുകൾ. അത് സ്ഥാപിച്ച കാലം തൊട്ട് ഇന്നുവരെ ഒന്നും പ്രവർത്തിച്ചിട്ടില്ല. ഇതിലെ അഴിമതി അന്വേഷിക്കണം. ഇവ ആദിവാസികളുടെ കൃഷിക്ക് ഉപയോഗിക്കുന്ന രീതിയിൽ പ്രവർത്തനക്ഷമമാക്കണം.

10. അട്ടപ്പാടി ഫാമിങ് സൊസൈറ്റി അവിടുത്തെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം 37 കോടിയിലധികം രൂപയുടെ നഷ്ടത്തിലാണ്. വയനാട്ടിലെ സമാനമായി ഫാമുകൾ ആദിവാസി കുടുംബങ്ങൾ അഞ്ച് ഏക്കർ വീതം വിതരണം ചെയ്തിരുന്നു. ആദിവാസികൾക്ക് ഗുണകരമല്ലാത്ത അട്ടപ്പാടി കോപ്പറേറ്റീവ് സൊസൈറ്റിയിലെ ഭൂമികൾ അതിലെ അവകാശികൾക്ക് വീതിച്ചു നൽകണം. ആദിവാസി ഭൂമി അളന്ന് തിരിച്ച് ഭൂരേഖകൾ നൽകുന്നതിന് അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി ജസ്‌റ്റിസുമാരായ തോട്ടത്തിൽ ബി. രാധാകൃഷ്ണനും സുനിൽ തോമസും 2015 ജൂലൈ 24ന് ഉത്തരവായിരുന്നു. എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് ഹൈകോടതി അടിവരയിട്ട് രേഖപ്പെടുത്തിയത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം.

11. ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കുന്നവർക്ക് നികുതി രസീതും കൈവശ സർട്ടിഫിക്കറ്റും നൽകാൻ റിപ്പോർട്ട് നൽകുന്ന അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ പേരിൽ പട്ടികജാതി- പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കണം. ദേശീയ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മയുടെ കുടുംബഭൂമി, സി.പി.ഐ നേതാവുകൂടിയായ നിരപ്പത്ത് ജോസഫ് കുര്യനും കെ.വി മാത്യുവും ചേർന്നാണ് വ്യാജ നികുതി രസീത് ഉണ്ടാക്കി തട്ടിയെടുത്തതെന്ന് റവന്യൂ വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആ റിപ്പോർട്ട് പ്രകാരം വ്യാജ നികുതി രസീത് ഉണ്ടാക്കിയവരുടെ മേൽ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കണം.

12. വ്യാജരേഖയുണ്ടാക്കി വൻതോതിൽ നടക്കുന്ന ആദിവാസി ഭൂമിയിലെ കൈയേറ്റം സംബന്ധിച്ച് (മൂന്നാറിൽ മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരനെ നിയോഗിച്ചതുപോലെ) സമഗ്രമായ ഉന്നതതല അന്വേഷണം നടത്തണം. ഇന്നത്തെ റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറിയുടെയോ ലാൻഡ് റവന്യൂ കമ്മീഷണറുടെയോ നേതൃത്വത്തിൽ ഉന്നതതല സമിതി അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം അന്വേഷിക്കാൻ സർക്കാർ ഉത്തരവിടണം. ആദിവാസി ഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. വ്യാജ ആധാരങ്ങൾ ശാസ്ത്രീയമായി പരിശോധിക്കണം. വ്യാജ ആധാരങ്ങളുടെ ഉറവിടം കണ്ടെത്തണം.

13. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി പ്രകാരം 2016 ന് ശേഷം അട്ടപ്പാടിയിലെ ആദിവാസികൾ പോലീസിന് നൽകിയത് 65 പരാതികളാണ്. വ്യാജരേഖയുണ്ടാക്കി ആദിവാസി ഭൂമി കയ്യേറുന്നവർക്കെതിരെ പട്ടികജാതി പട്ടികവർ അതിക്രം നിരോധന പ്രകാരം പോലീസ് കേസ് എടുക്കുന്നില്ല. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി നേരത്തെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നവർക്കെതിരെ പട്ടികജാതി പട്ടികവർ അതികം നിരോധന പ്രകാരം അട്ടപ്പാടിയിൽ കേസ് എടു ക്കാൻ ആഭ്യന്തരവകുപ്പ് ആവശ്യപ്പെടണം. ആദിവാസികൾക്ക് നീതി ലഭിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് അപേക്ഷിക്കുന്നു.

Comments