മലയാളം വിലക്കുന്ന ഭരണകൂടം, മനുഷ്യാവകാശലംഘനങ്ങളുടെ ലക്ഷദ്വീപ്

സ്കൂളുകളിൽനിന്ന് മലയാളം മീഡിയം പൂർണമായും ഒഴിവാക്കി സി.ബി.എസ്.ഇയിലേക്ക് മാറാനുള്ള തീരുമാനം, ലക്ഷദ്വീപിൽ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധമായ ഭരണനടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണ്. ദ്വീപിന്റെ രൂപീകരണകാലം മുതൽ പിന്തുടർന്നുവന്ന വിദ്യാഭ്യാസ രീതിയാണ് ഒരുവിധ ആലോചനകളുമില്ലാതെ പൊളിച്ചു പണിയുന്നത്. വിദ്യാഭ്യാസമേഖലയിലടക്കം നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അന്വേഷണം.

ക്ഷദ്വീപ് ജനത സാംസ്കാരികമായും രാഷ്ട്രീയമായും ഒരു അതിജീവനപ്പോരാട്ടത്തിലാണ് എന്നു പറയാം. ദ്വീപ് ജനതയുടെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെല്ലാം, അടിസ്ഥാന മനുഷ്യാവകാശം ലംഘിക്കപ്പെടുന്ന തരത്തിലുള്ള ഭരണകൂട നടപടികൾ തുടരുകയാണ്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് സ്കൂളുകളിൽനിന്ന് മലയാളം മീഡിയം പൂർണമായും ഒഴിവാക്കി സി.ബി.എസ്.ഇയിലേക്ക് മാറാനുള്ള തീരുമാനം. 2024- 25 മുതൽ ​ഒന്നാം ക്ലാസിലേക്ക് പുതിയ തീരുമാനപ്രകാരമായിരിക്കും പ്രവേശനം.

ഇപ്പോൾ, ഒമ്പതും പത്തും ക്ലാസുകളിൽ പഠിക്കുന്നവർക്ക് നിലവി​ലെ രീതിയിൽ രണ്ടു വർഷം കൂടി തുടരാം. രണ്ടു വർഷത്തിനുള്ളിൽ എല്ലാം ക്ലാസുകളും സി.ബി.എസ്.ഇയിലേക്ക് മാറും. കേരള സിലബസിലുണ്ടായിരുന്ന അറബി ഭാഷാ പഠനവും പുതിയ സംവിധാനത്തോടെ ഇല്ലാതാകും. നിലവിൽ മലയാളം മീഡിയ​ത്തോടൊപ്പം സി.ബി.എസ്.ഇ സംവിധാനവുമുണ്ടായിരുന്നു. മാതൃഭാഷയിൽ പഠിക്കാനുളള അവസരം നിഷേധിക്കലാണിതെന്ന് ലക്ഷദ്വീപിലെ വിദ്യാർഥി സംഘടനകളും സാംസ്കാരിക സംഘടനകളും ചൂണ്ടിക്കാട്ടുന്നു.

ലക്ഷദ്വീപിലെ വിദ്യാഭ്യാസ സംവിധാനങ്ങളെ CBSE- യിലേക്ക് മാറ്റുന്നതുമായി സംബന്ധിച്ച് അഡ്മിനിസ്ട്രേറ്റർ ഇറക്കിയ ഉത്തരവ്.

‘നുണ കലക്കിയ സിലബസിനെ പ്രതിരോധിക്കും’

ദ്വീപിന്റെ രൂപീകരണ കാലം മുതൽ പിന്തുടർന്നുവന്ന വിദ്യാഭ്യാസ രീതിയാണ് ഇപ്പോൾ പൊളിച്ചു പണിയുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ലക്ഷദ്വീപിൽ നിലവിലെ സംവിധാനത്തിൽ എന്തെങ്കിലും പ്രശ്നം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, ഏതെങ്കിലും പഠനത്തിന്റെ അടിസ്ഥാനത്തിലുമല്ല സി.ബി.എസ്.ഇ അടിച്ചേൽപ്പിക്കുന്നത്. വിദ്യഭ്യാസ മേഖലയിലെ വിദഗ്ധരോ സ്കൂൾ അധികൃതരോ പോലും അറിയാതെയുണ്ടാകുന്ന പെട്ടെന്നുള്ള പ്രഖ്യാപനമായിരുന്നു ഇത്.

പുതിയ ഉത്തരവനുസരിച്ച് മലയാളത്തിനുപുറമെ രണ്ട് മുതൽ തുടർന്നങ്ങോട്ടുള്ള ക്ലാസുകളിൽ അറബി പഠനവും ഇല്ലാതാകും. എസ്.സി.ഇ.ആർ.ടിയുടെ കേരള സിലബസിനു പകരം എൻ.സി.ഇ.ആർ.ടി സിലബസാവും അടുത്ത അധ്യായനം മുതൽ പഠിപ്പിക്കുക. ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യ ചരിത്രവും ഭരണഘടനാ പഠനങ്ങളും മറ്റും ഒഴിവാക്കി കാവിവൽക്കരിക്കപ്പെട്ട കേന്ദ്ര സിലബസ് അംഗീകരിക്കില്ലെന്നും ഒഴിവാക്കിയ ചരിത്രങ്ങൾ ഉൾപ്പെടുത്തുമെന്നും കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിലപാടിനോടുള്ള പ്രതികരണം കൂടിയായി ​ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നീക്കത്തെ കാണാം.

എൻ.എസ്.യു.എ ലക്ഷദ്വീപ് പ്രസിഡന്റ് അജാസ് അക്ബർ

ഏത് സിലബസാണ് പഠിക്കേണ്ടത് എന്നത് വിദ്യാർത്ഥികളുടെ അവകാശമാണ് എന്ന് എൻ.എസ്.യു.ഐ ലക്ഷദ്വീപ് പ്രസിഡന്റ് അജാസ് അക്ബർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: എല്ലാ കാലത്തും ലക്ഷദീപിന്റെ സാമൂഹിക സംസ്കാരിക സാമ്പത്തിക വളർച്ചയോട് ചേർന്നുനിന്നിട്ടുള്ളത് കേരളമാണ്. മലയാളം മാതൃഭാഷയായി പഠിക്കാൻ ആഗ്രഹിക്കുന്നവരാണ് ദ്വീപിലുള്ളവരെല്ലാം. കേന്ദ്രത്തിന്റെ നുണ കലക്കിയ സിലബസ് നിർബന്ധിതമായി അടിച്ചേൽപ്പിക്കുന്നതിനെ എല്ലാ രീതിയിലും പ്രതിരോധിക്കും. ദ്വീപിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും വിദ്യാഭ്യാസ സംഘടനകളും ഒരുമിച്ചുനിൽക്കും.’’

സ്കൂൾ യൂണിഫോം
പരിഷ്കാരവും പേരുമാറ്റവും

വിദ്യാഭ്യാസ മേഖലയിലെ നയംമാറ്റങ്ങളുടെ ഒടുവിലത്തെ നടപടിയാണ് സി.ബി.എസ്.ഇ അടിച്ചേൽപ്പിക്കൽ. ഇതിനുമുമ്പ്, ദ്വീപ് ജനതയുടെ സാമൂഹികവും സാംസ്കാരികവുമായ ഐഡന്റിറ്റികളെ റദ്ദാക്കുന്ന നിരവധി തീരുമാനങ്ങൾ വിദ്യാഭ്യാസമേഖലയിൽ അരങ്ങേറിയിരുന്നു.

96 ശതമാനം മുസ്‍ലിംകളുള്ള ലക്ഷദ്വീപിൽ കഴിഞ്ഞ വർഷമാണ് തട്ടവും മറ്റും ഒഴിവാക്കിയുള്ള യൂണിഫോം കോഡ് വരുന്നത്. യൂണിഫോം കോഡിന് വിരുദ്ധമായി വസ്ത്രം ധരിക്കുന്നവരെ സ്കൂളിൽ നിന്ന് മാറ്റിനിർത്തുന്നതടക്കമുള്ള കർശന നടപടിയുണ്ടാകുമെന്നുള്ള മറ്റൊരു ഉത്തരവും തുടർന്ന് വന്നു. രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. തുടർന്ന് ഇതിനെ മറികടക്കാൻ ‘നന്നായി’ യൂണിഫോം ധരിക്കുന്നവർക്ക് 500 രൂപ ക്യാഷ് പ്രൈസ് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. എന്നാൽ, 500 രൂപക്കുവേണ്ടി തങ്ങളുടെ കുട്ടികളെ വിട്ടുതരില്ലെന്നും, ആദ്യം  ഒന്നാം ക്ലാസ് മുതൽ മുടങ്ങിക്കിടക്കുന്ന സ്കോളർഷിപ്പ് അനുവദിക്കാനും രക്ഷിതാക്കളും വിദ്യാർത്ഥി സംഘടനകളും ആവശ്യപ്പെട്ടു.
അതിനിടയിൽ പെട്ടെന്ന് കൊണ്ടുവന്ന ഓർഡിനൻസുകളിലൂടെ സ്കൂളുകളുടെ പേരുകൾ മാറ്റി. കൽപ്പേനിയിലെ ഡോ. കെ.കെ. മുഹമ്മദ് കോയ ഗവൺമെന്റ് സീനിയർ സ്കൂൾ, ബിയുമ്മ മെമ്മോറിയൽ ജൂനിയർ ബേസിക് സ്കൂൾ, പി.എം. സഈദ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റർ തുടങ്ങിയവയുടെ പേരുകളാണ് മാറ്റിയത്.

പുതിയ യൂണിഫോം കോഡ് നിർബന്ധമാക്കിയ ഉത്തരവ്

കാലിക്കറ്റിനുപകരം
പോണ്ടിച്ചേരി

ദ്വീപിനാകെയായി ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായിരുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷൻ സെന്ററായിരുന്നു. ദ്വീപിലെ കുട്ടികൾ വിദൂര വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് ഈ സെന്ററിനെയായിരുന്നു. എന്നാൽ പുതിയ അഡ്മിനിസ്ട്രേറ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിന്റെ പ്രവർത്തനം പൂർണമായി നിർത്തി. പുതിയ കോഴ്സുകൾ തുടങ്ങാൻ തയാറാണെന്ന് യൂണിവേഴ്സിറ്റി അധികൃതർ രേഖാമൂലം അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടായില്ല. എല്ലാ രീതിയിലും സൗകര്യപ്രദമായിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ മാറ്റി പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയെ പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. ഇതിലൂടെ കൺവേർഷൻ സമയത്തുണ്ടായിരുന്ന ആയിരത്തോളം വിദ്യാർത്ഥികളുടെ പഠനം അവതാളത്തിലായി.

രണ്ടു വർഷമായി സ്കോളർഷിപ്പ് ഇല്ല

കേരളത്തിലും കേന്ദ്ര സർവകലാശാലകളിലും തുടർപഠനത്തിന് ലക്ഷദ്വീപിൽനിന്ന് പുറത്ത് പോകുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് രണ്ട് വർഷമായി കിട്ടിയിട്ട്. രണ്ടോ മൂന്നോ ദ്വീപുകളിലാണ് ഡിഗ്രി കോളേജുകൾ പോലുമുള്ളത്. ബാക്കി മേഖലകളിൽ വിദ്യാർത്ഥികൾ ആശ്രയിക്കുന്നത് കരയെയാണ്. നേരത്തെ അഡ്മിനിസ്ട്രേറ്റർ പോർട്ടലിൽ വിവരം നല്കിയാൽ നേരിട്ട് ലഭിച്ചുകൊണ്ടിരുന്ന സ്കോളർഷിപ്പ് മൂന്നറിയിപ്പില്ലാതെ നാഷണൽ സ്കോളർർഷിപ്പ് പോർട്ടലിലേക്ക് മാറ്റുകയായിരുന്നു. ഈ മാറ്റം വന്നിട്ട് രണ്ടുവർഷത്തിലേറെയായിട്ടും ലിങ്ക് ഓപ്പൺ ചെയ്യാൻ പോലും കഴിയുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. സ്കോളർഷിപ്പ് മുടങ്ങിയതുമൂലം പഠനം നിർത്തി നാട്ടിലേക്ക് മടങ്ങിയ നൂറോളം കുട്ടികൾ ദ്വീപിലുണ്ടന്നാണ് പ്രാഥമിക പഠനം പറയുന്നത്.

ലക്ഷദ്വീപിലെ ഒരു എൽപി സ്കൂളിൽ പഠിക്കുന്ന കുട്ടികൾ

മാംസാഹാരത്തിന് വിലക്ക്

ഭക്ഷണത്തിൽ കൂടുതൽ മാംസവിഭവം ഉൾപ്പെടുത്തുന്നവരാണ് ദ്വീപുകാർ. കൂടുതലും വെള്ളം കൊണ്ട് ചുറ്റപ്പെട്ട ഭൂമിയിൽ കൃഷി സാധ്യത നന്നേ കുറവാണ്. ഉള്ള ഭൂമി തന്നെ പണ്ടാരം ഭൂമിയാണെന്നുപറഞ്ഞ് പിടിച്ചെടുക്കാൻ തുടങ്ങിയതോടെ അവശേഷിച്ച കൃഷിസാധ്യതകളും നഷ്ട്ടപ്പെട്ടു. ഈ അവസരത്തിലാണ് സ്കൂളുകളിൽ മാംസം നിരോധിച്ച് ഉത്തരവുണ്ടാകുന്നത്. കുട്ടികൾ മാംസം കൊണ്ടുവരുന്നത് നിരീക്ഷിക്കാൻ സ്കൂളുകളിൽ പ്രത്യേക ടീമുകളെ നിയോഗിച്ചു. തുടർന്ന് ലക്ഷദ്വീപിൽ ഗോവധ നിരോധനവും ഏർപ്പെടുത്തി. നിയമം ലംഘിക്കുന്നവർക്ക് പത്ത് വർഷം കഠിനതടവ് അടക്കമുള്ള ശിക്ഷയും പ്രഖ്യാപിച്ചു.

സ്കൂൾ മെർജിങ്ങ്

വിദ്യാഭ്യാസ മേഖലയിൽ ദ്വീപ് ജനത നേരിടുന്ന മറ്റൊരു പ്രശ്നമാണ് സ്കൂളുകളുടെ മെർജിങ്ങ്. പഴയ സ്കൂളുകൾ പുതുക്കിപ്പണിയാനെന്ന പേരിലാണ് കുട്ടികളെ ഇവിടെനിന്ന് ഒഴിപ്പിച്ച് സൗകര്യം കുറഞ്ഞ മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നത്. സ്കൂൾ നവീകരണത്തിന് സ്ഥലമേറ്റെടുക്കുകയോ അറ്റകുറ്റപ്പണി തുടങ്ങുകയോ ചെയ്യുന്നതിന് മുമ്പാണ് ഈ നടപടി. ഇത്തരത്തിൽ കഴിഞ്ഞ വർഷം 43 സ്കൂളുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 40-ാളം സ്കൂളുകളാണ്. മലയാളം മീഡിയത്തിൽ പഠിച്ചിരുന്ന കുട്ടികളെ വർഷാവാസനമടുക്കുന്ന ഈ സമയത്തുപോലും ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കും ക്ലാസിലേക്കും മാറ്റുന്ന അശാസ്ത്രീയ പ്രവണതകളുണ്ടായി. തിരക്കുമൂലം ശ്വാസം മുട്ടിയും തല കറങ്ങിയും വിദ്യാർഥികൾക്ക് അപകടങ്ങളുണ്ടായി. പേരിനുപോലും ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളില്ലാത്ത സ്കൂളുകളാണ് മിക്കതും.

സ്കൂൾ മെർജിങ്ങുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ പ്രതിഷേധവുമായി സ്കൂളിലെത്തിയപ്പോൾ

ഒഴിവുദിനം വെള്ളിയാഴ്ചക്കു പകരം ഞായർ

ദ്വീപിൽ കാലങ്ങളായി സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി വെളിയാഴ്ചയായിരുന്നു. പുതിയ അഡ്മിനിസ്ട്രേറ്റർ ഇത് ഞായറാഴ്ച്ചയാക്കി ഉത്തരവിറക്കി. വെള്ളിയാഴ്ച്ച ഉച്ചക്കുള്ള പ്രാർത്ഥനാ സമയത്തും ക്ലാസ് പീരിയഡ് കൊണ്ടുവന്നു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധത്തെതുടർന്ന് പീരിയഡിലെ ഈ പ്രശ്നം ക്രമപ്പെടുത്തി.

പ്രഫുൽ പട്ടേലിന്റെ
ഭരണപരിഷ്കാരങ്ങൾ

36 ചെറു ദ്വീപുകൾ ചേർന്ന വളരെ ചെറിയ പ്രദേശമാണ് ലക്ഷദ്വീപ്. ആകെ 10 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. അതിൽ തന്നെ അഗത്തി, അമിനി, കടമത്ത്, കവരത്തി പോലുള്ള നാലോ അഞ്ചോ ദ്വീപുകളിൽ മാത്രമാണ് കാര്യമായ ജനവാസവും അനുബന്ധപ്രവർത്തനങ്ങളുമുള്ളത്. 2011- ലെ സെൻസസ് പ്രകാരം ദ്വീപിൽ ആകെയുള്ളത് 75,000 പേരാണ്. ഭാഷപരമായും സാംസ്കാരികപരമായും ദ്വീപ് ജനത കൂടുതൽ ചേർന്നുനിൽക്കുന്നതും വിദ്യാഭ്യാസത്തിനും ആരോഗ്യ ആവശ്യങ്ങൾക്കും തൊഴിൽ സാധ്യതകൾക്കും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും കേരളത്തെയാണ്. അത്യന്തം സവിശേഷമായ ജീവിത സാഹചര്യത്തെ മുറിവേൽപ്പിക്കുന്നതായിരുന്നു,

പ്രഫുൽ പട്ടേൽ

2019 ഡിസംബറിൽ പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്ററായ ശേഷമുള്ള ഭരണ നടപടികൾ. ഇവ ദ്വീപിലെ ജനജീവിതത്തിന്റെ നടുവൊടിക്കുന്നതായിരുന്നു. ഈ നടപടികളെ ജാഗ്രതയോടെ ദ്വീപ് ജനത നേരിട്ടപ്പോൾ പലതും ഉദ്ദേശിച്ച രീതിയിൽ നടപ്പിലാക്കാനായില്ല. ഇതേ തുടർന്ന് പല പദ്ധതികളിൽനിന്നും പിൻമാറേണ്ടി വന്ന അഡ്മിനിസ്ട്രേറ്റർ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളിൽ ഇടപെടാൻ തുടങ്ങിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വിദ്യാഭ്യാസരംഗത്തെ പുതിയ തീരുമാനം.

മുമ്പുണ്ടായിരുന്ന അഡ്മിനിസ്ട്രേറ്റർമാർ ഒരുക്കിവെച്ച ബ്ല്യൂ പ്രിന്റിന്റെ തുടർച്ചയായിരുന്നു പ്രഫുൽ പട്ടേലിന്റെ ‘പരിഷ്കാരങ്ങൾ’. 2014- ലാണ് ഫാറൂഖ് ഖാനെ കേന്ദ്ര ഗവൺമെന്റ് ലക്ഷദ്വീപ് അഡ്മിൻസ്ട്രറ്ററായി നിയമിക്കുന്നത്. അദ്ദേഹവും ശേഷം വന്ന ദിനേശ്വർ ശർമയും തുടങ്ങിവച്ച നടപടികളുടെ തുടർച്ചയാണ് പ്രഫുൽ പട്ടേലും തുടർന്നത്.

സേവ് ലക്ഷദ്വീപ് ക്യാമ്പയിനിന്റെ ഭാഗമായി നടന്ന നിരാഹാര സമരം

മൽസ്യതൊഴിലാളി ഷെഡ് പൊളിക്കുന്നതിൽ തുടങ്ങിയ ‘ഭരണപരിഷ്കാരം’

മൽസ്യതൊഴിലാളികൾ കാലങ്ങളായി തീരങ്ങളോട് ചേർന്ന് കെട്ടിയിരുന്ന ഷെഡ് പൊളിച്ചു നീക്കുകയെന്നതായിരുന്നു പട്ടേലിന്റെ ആദ്യ നടപടി. മൽസ്യതൊഴിലാളികൾ ബോട്ടും വലയും മറ്റ് അത്യാവശ്യ സാധനനങ്ങളും സൂക്ഷിച്ചിരുന്നത് ഈ താത്കാലിക ഷെഡിലായിരുന്നു. അഡ്മിനിസ്ട്രേറ്ററും പഞ്ചായത്ത് ജില്ലാ ഭരണകൂടവും അതിന് അനുവാദവും നല്കിയിരുന്നു. എന്നാൽ തൊട്ടു മുമ്പുള്ള അഡ്മിനിസ്ട്രേറ്റർമാരായ ഫാറൂഖ്ഖാനും ദിനേഷ്വർ ശർമയും നൽകിയ കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രഫുൽ പട്ടേൽ, അത് സർക്കാർ കൈവശഭൂമിയാണെന്ന് പറഞ്ഞ് മുന്നറിയിപ്പ് നോട്ടീസില്ലാതെ ഈ ഷെഡുകൾ പൊളിക്കുകയായിരുന്നു.

മൽസ്യതൊഴിലാളികൾ തീരത്ത് കെട്ടിയിരുന്ന ഷെഡ് പൊളിച്ചു നീക്കിയപ്പോൾ.

ഗുണ്ടാ ആക്റ്റും ജയിൽ നിർമാണവും

നാഷനൽ ക്രൈം റിപ്പോർട്ട് അനുസരിച്ച് കുറ്റകൃത്യങ്ങൾ ഏറെ കുറവായ മേഖലയാണ് ലക്ഷദ്വീപ്. പതിനഞ്ച് വർഷത്തിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. ഇങ്ങനെയൊരു പ്രദേശത്ത്, പ്രതിഷേധങ്ങളെ തളച്ചിടാൻ കൊണ്ടുവന്ന നിയമമായിരുന്നു ഗുണ്ട ആക്ട്. ഇതു പ്രകാരം വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാനും റിമാൻഡ് നോട്ടീസില്ലാതെ തടവിൽ വെക്കാനും അനുവാദം നല്കി. ‘കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ വിശദീകരണങ്ങളില്ലാതെ അറസ്റ്റ് ചെയ്യാം’ എന്ന് അഡ്മിനിസ്​ട്രേറ്ററുടെ ഉത്തരവിൽ പറയുന്നു. ഏതു തരം കുറ്റകൃത്യമെന്ന് വ്യക്തമാക്കുന്നില്ല. ഫലത്തിൽ സോഷ്യൽ മീഡിയയിൽ ഭരണകൂടത്തെ വിമർശിച്ചവർക്കും തെരുവിൽ പ്രതിഷേധിച്ചവർക്കും നേരെയായിരുന്നു ഗുണ്ട ആക്ട് നടപ്പിലാക്കാൻ ശ്രമിച്ചത്.

മറ്റു സംസ്ഥാനങ്ങളെയോ കേന്ദ്ര ഭരണപ്രദേശങ്ങളെയോ പോലെ, ആളുകൾ കൂട്ടം കൂടുന്നതിനോ പരിപാടികൾ സംഘടിപ്പിക്കുന്നതിനോ അനുവാദമില്ലാത്ത പ്രദേശമാണ് ലക്ഷദ്വീപ്. രാജ്യത്തിന്റെ സുപ്രധാന കടൽ കരാതിർത്തിയെന്ന നിലയിലാണ് ദ്വീപിൽ അത്തരമൊരു നിയന്ത്രണം. പത്ത് പേരിൽ കൂടുതലുള്ള ഏത് പരിപാടിക്കും 48 മണിക്കൂർ മുമ്പ് വിഷയമടക്കം അവതരിപ്പിച്ച് അഡ്മിനിസ്ട്രേറ്ററുടെ അനുവാദം വാങ്ങണം. അതു കൊണ്ടുതന്നെ രാജ്യത്തോ ദ്വീപിലോ നടക്കുന്ന ഏതെങ്കിലും സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ജനങ്ങളുടെ സ്വഭാവിക പ്രതികരണം ഏറെ വൈകിയാണ് ദ്വീപിലുണ്ടാവാറ്. പൗരത്വ ഭേദഗതി സമരം രാജ്യം മുഴുവൻ പ്രക്ഷുബ്ധമായിരുന്ന സമയത്ത് ദ്വീപിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സംയുക്ത നേതൃതത്തിൽ ദ്വീപിലും ഇത്തരത്തിലുള്ള മുൻകൂർ അനുമതി വാങ്ങിയ ശേഷം പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. അതിൽ മോദിയുടെ ചിത്രം വച്ചുള്ള പ്ലക്കാർഡുമായി പ്രതിഷേധിച്ചവർക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തി. മൂന്ന് വർഷങ്ങൾക്കിപ്പുറവും അതിന്റെ കേസും വിചാരണയും പൂർണമായിട്ടില്ല.

അഡ്വ. അജ്മൽ അഹമ്മദ്

‘എന്റെ ഉപ്പ ആറ്റകോയയുമുണ്ടായിരുന്നു ഈ രാജ്യദ്രോഹ കേസിൽ. ഇപ്പോൾ സുപ്രീം കോടതി സ്റ്റേ നൽകിയിരിക്കുകയാണ്. ദ്വീപ് ജനതയെ പ്രകോപ്പിക്കുകയും അതിലൂടെ പുറത്ത് പ്രശ്നക്കാരായി ചിത്രീകരിക്കുകയും ചെയ്യുകയാണ് അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ജാഗ്രതയുള്ള സമീപനമാണ് ഇക്കാര്യത്തിൽ ഞങ്ങളെടുക്കുന്നത്’’ - ദ്വീപുകാരൻ കൂടിയായ അഡ്വ. അജ്മൽ അഹമ്മദ് പറഞ്ഞു.

ഇതിനിടെയായിരുന്നു 26 കോടി രൂപ ചെലവഴിച്ച് കൂറ്റൻ ജയിൽ നിർമാണം നടക്കുന്നത്. ദ്വീപിൽ നിലവിലുള്ള ജയിലിൽ പേരിന് പോലും ആളില്ലാതിരിക്കുമ്പോഴാണ് കോടികൾ മുടക്കി ജയിൽ നിർമാണം തുടങ്ങാനൊരുങ്ങിയത്. അടിസ്ഥാന ആരോഗ്യ സംവിധാനങ്ങളോ വിദ്യാഭ്യാസ അവസരങ്ങളോ ഇല്ലാത്ത നാട്ടിൽ കോടികളുടെ ജയിൽ കൊണ്ടുവരുന്നത് വലിയ വിവാദങ്ങൾക്ക് കാരണമായി. ലക്ഷദ്വീപ് ജനതയുടെ ഹർജി പരിഗണിച്ച് സുപ്രീംകോടതി നിർമാണം സ്റ്റേ ചെയ്തു.

എയർ ആംബുലൻസ്
പട്ടേലിന്റെ ആകാശ സവാരിക്ക്

അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ കൊണ്ടുപോകാനും മെഡിക്കൽ സംബന്ധമായ മറ്റാവശ്യങ്ങൾക്കുമാണ് ലക്ഷദ്വീപിൽ എയർ ആംബുലൻസ് കൊണ്ടുവന്നത്. എന്നാൽ, ഇതിനും നിയന്ത്രണം​ കൊണ്ടുവന്നു.
കൃത്യമായ സമയത്ത് ചികിൽസ കിട്ടാതെ നിരവധി പേർ മൂന്ന് വർഷത്തിനുള്ളിൽ മരിച്ചിട്ടുണ്ട്. അഗത്തിയിൽ മരത്തിൽ നിന്ന് വീണ സയ്യിദ് മുഹമ്മദിനെ എയർ ആംബുലൻസ് വഴി കൊച്ചിയിലെത്തിക്കാനായത് രണ്ട് ദിവസങ്ങൾക്കുശേഷമാണ്. കൊച്ചിയിലെത്തി മണിക്കൂറുകൾക്കകം അദ്ദേഹം മരിച്ചു. ചെത്താലത്ത് ദ്വീപിൽ ബൈക്ക് ആക്സിഡന്റിൽ പെട്ട യുവാവിനെ അടിയന്തര ശാസ്ത്രക്രിയക്ക് കൊച്ചിലെത്തിക്കാൻ എയർ ആംബുലൻസ് അന്വേഷിച്ചപ്പോൾ കേന്ദ്ര മന്ത്രിയുടെ ഒരാഴ്ച കഴിഞ്ഞുള്ള ടൂറിസ്റ്റ് വിസിറ്റ് കഴിഞ്ഞേ ലഭിക്കൂ എന്ന മറുപടിയാണ് ലഭിച്ചത്. അവസാനം നാട്ടുകാർ പിരിവിട്ട് അഗത്തിയിലെത്തിച്ച് വിമാനത്തിൽ കൊച്ചിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രമധ്യേ മരിച്ചു.
എയർ ആംബുലൻസിലെ ഓക്സിജന്റെ കുറവ് മൂലം ശ്വാസതടസ്സമുള്ള കുട്ടിക്ക് രണ്ട് മണിക്കൂറോളം വായ വെച്ച് ഊതി കൃത്രിമ ശ്വാസോച്ഛാസം കൊടുത്ത അനുഭവം അമിനി ദ്വീപിലെ കുട്ടിയുടെ ഉമ്മ ഹാജറക്ക് പറയാനുണ്ട്. കൊച്ചിയിലെ ഹോസ്പിറ്റലിലെത്തുമ്പോൾ കാർബൺ ഡെ ഓക്സൈഡ് അമിത അളവിൽ ഉള്ളിലെത്തി അവശ നിലയിലായ കുട്ടി ആഴ്ച്ചകൾ കഴിഞ്ഞാണ് അപകട നില തരണം ചെയ്തത്.

എയർ ആംബുലൻസ്


ഇങ്ങനെയുള്ള നിരവധി കേസുകൾ മൂന്ന് വർഷങ്ങൾക്കിടയിൽ പല ദ്വീപുകളിൽനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എയർ ആംബുലൻസ് കൃത്യ സമയത്ത് കിട്ടാത്തതുമൂലം ചികിൽസ വൈകി നിത്യരോഗികളായവരുമുണ്ട്. രാത്രിപറക്കലിന് ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ അനുവാദമില്ലാത്തതിനാൽ വൈകുന്നേരം അടിയന്തര ബുദ്ധിമുട്ടോ പരിക്കോ സംഭവിച്ചവരെ എയർ ആംബുലൻസ് വഴി കരയിലെത്തിക്കുന്നത് പിറ്റേന്നായിരിക്കും.അതിനുതന്നെ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ നിന്ന് അടിയന്തര സാഹചര്യം വിശദീകരിച്ച് അനുമതി വാങ്ങണം. പണ്ട് ദ്വീപിലെ പ്രാഥമിക ഡോക്ടർമാരുടെ കുറിപ്പ് മാത്രം വേണ്ടിടത്താണ് ജീവൻ രക്ഷിക്കാൻ ഇത്രയും നൂലാമാല.

മുഹമ്മദ് യാസർ

‘‘ഇത്തരം നിയന്ത്രണമുള്ളപ്പോൾ തന്നെ ഭരണ കൂട പ്രതിനിധികൾ രോഗികൾ മെഡിക്കൽ ഇവാക്കുവേഷൻ കിട്ടാതെ കാത്ത് കിടക്കുമ്പോഴും എയർ ആംബുലൻസ് വഴി ദ്വീപുകളിലേക്ക് കറങ്ങുന്നത് കാണാം. ഭരണകൂടം ഞങ്ങളുടെ ജീവനും ജീവിതങ്ങൾക്കും നൽകുന്ന വിലയെന്താണെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം.’’ കടമത്ത് ദ്വീപിലെ മുഹമ്മദ് യാസർ പറയുന്നു.

ചികിത്സ നിഷേധിക്കുന്ന ഭരണകൂടം

പബ്ലിക് പാർട്ണർഷിപ്പ് (പി.പി.പി) അടിസ്ഥാനത്തിലുള്ള മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ദ്വീപിലുണ്ടായിരുന്നു. കെട്ടിടം, വൈദ്യുതി, ജലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഭരണകൂടം ഒരുക്കുകയും ഡോക്ടർമാർ അടക്കമുള്ള ചികിൽസാ സംവിധാനങ്ങൾ അതാത് ഹോസ്പിറ്റൽ മാനേജ്മെന്റുകൾ ഒരുക്കുകയും ചെയ്യുന്ന സംവിധാനമാണിത്. CHC,PHC തുടങ്ങിയവയിൽ നിന്ന് കിട്ടുന്ന അടിസ്ഥാന ചികിൽസക്ക് പുറമെ കൂടുതൽ മെച്ചപ്പെട്ട ചികിൽസ ജനങ്ങൾക്ക് ലഭിച്ചിരുന്നു. ഇക്റഹ്, അമൃത, ദയ തുടങ്ങിയവയെല്ലാം അങ്ങനെ വന്ന ഹോസ്പിറ്റലുകളായിരുന്നു. ഏകദേശം ഓരോ വർഷവും ജനസംഖ്യയുടെ 70 ശതമാനം ആളുകളും പി.പി.പി മോഡൽ ചികിൽസയുടെ ഭാഗമായി. എന്നാൽ യാതൊരു കാരണവുമില്ലാതെ പ്രഫുൽ പട്ടേൽ പി.പി.പി സംവിധാനം പിരിച്ചുവിട്ടു.

ആശുപത്രികളിൽ അടിസ്ഥാന സൗകര്യം പുനഃസ്ഥാപിക്കാൻ നടന്ന ധർണ

അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ ആളുകൾ കയ്യൊഴിഞ്ഞിരുന്ന PHC,CHC എന്നിവയിലെ സേവനങ്ങൾ പൂർണയി അവതാളത്തിലായിരുന്നു. നൂറോളം ഡോക്ടർമാർ വേണ്ടിടത്ത് പല ഹോസ്പിറ്റലിലുകളിലുമായി ആകെയുള്ളത് 22 ഡോക്ടർമാരാണ്. അതിൽ തന്നെ സ്പെഷ്യലൈസഡ് ഡോക്ടർമാരില്ല. നെബുലൈസേഷൻ സംവിധാനം പോലും നേരാവണ്ണം ലഭ്യമാകുന്നില്ല. ടെക്നീഷ്യൻമാരില്ലാത്തതുകൊണ്ട് സ്കാനിങ്ങും എക്സറെയും പോലുള്ള പ്രാഥമിക രോഗനിർണയ സംവിധാനങ്ങളില്ല. അനസ്തേഷ്യ ഡോക്ടർമാരില്ലാത്തതിനാൽ ഗൈനക്കോളജിസ്റ്റിനും സർജനും അടിയന്തര സാഹചര്യങ്ങളിൽ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ്. ഈയൊരവസ്ഥയിൽ എയർ ആംബുലൻസ് സംവിധാനങ്ങളില്ലാതെ കപ്പൽ യാത്രയ്ക്ക് ടിക്കറ്റെടുത്ത് ചികിൽസ കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കുകയാണ്ദ്വീപ് ജനത.

ഏഴ് കപ്പൽ വേണ്ടിടത്ത്
രണ്ട് കപ്പൽ മാത്രം

മുമ്പ് കരയിൽ നിന്ന് ദ്വീപിലേക്കും തിരിച്ചും ഏഴ് കപ്പൽ സർവീസുണ്ടായിരുന്നു. ആയിരത്തോളം പേരാണ് കരയിൽ നിന്ന് ദ്വീപിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നത്. എന്നാൽ ഇപ്പോഴുള്ളത് രണ്ട് കപ്പലുകൾ മാത്രം. അതിൽ തന്നെ ദിനേന ഓടുന്നത് ഒരു കപ്പൽ. ഏഴ് കപ്പലുള്ളപ്പോൾ തന്നെ ഒരാഴ്ച്ചയോ രണ്ടാഴ്ചയോ മുമ്പ് ബുക്ക് ചെയ്യേണ്ടിയിരുന്ന അവസ്ഥയിൽ നിന്ന് ഒരു കപ്പൽ മാത്രമാകുമ്പോഴുള്ള അവസ്ഥ ആലോചിച്ച് നോക്കൂ. പുറത്ത് പഠിക്കുന്ന കുട്ടികൾ അവധിക്കാലത്ത് മാസങ്ങളോളം കൊച്ചിയിൽ കാത്തുകിടക്കുന്നതും ചികിത്സാകാര്യങ്ങൾക്ക് പുറത്തുപോകാൻ പറ്റാത്തതും വലിയ ദുരിതമാണുണ്ടാക്കുന്നത്. കഴിഞ്ഞ മാസം അമിനി ദ്വീപിൽ നിന്നു പുറത്ത് വന്ന ദൃശ്യം സൂചിപ്പിക്കുന്നതും ഇതാണ്. 450 ആളുകൾക്ക് സഞ്ചരിക്കാവുന്ന കപ്പലിൽ അന്ന് കയറിക്കൂടിയത് 1500 ഓളം പേരാണ്. ദ്വീപ് ജനതയുടെ ജീവൻ വെച്ച് നടുക്കടലിലാണ് ഭരണകൂടത്തിന്റെ സാഹസം.

അലിഫ് ജലീൽ

ദീപുകാരുടെ യാത്രാപ്രശ്നത്തെക്കുറിച്ച് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി വിദ്യാർത്ഥിയായ അലിഫ് ജലീൽ ട്രൂകോപ്പി തിങ്കിനോട് പറയുന്നു: കാര്യമായി ഒരു കേടുപാടുമില്ലാതെയാണ് തുറമുഖങ്ങളിൽ കപ്പലുകൾ കെട്ടിയിട്ടിരിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം പല സമയത്തും പ്രവർത്തന രഹിതമാണ്. കൗണ്ടറിൽ നീണ്ട ക്യൂ കഴിഞ്ഞെത്തുമ്പോൾ ടിക്കറ്റില്ല എന്നാണ് മറുപടി ലഭിക്കുക. ചില സമയങ്ങളിൽ ടിക്കറ്റ് ലഭിച്ചാലും പിറ്റേന്ന് കപ്പൽ കയറാനെത്തുമ്പോൾ സാങ്കേതിക കാരണങ്ങളാൽ സർവീസ് മുടങ്ങിയെന്നാണ് അറിയാൻ കഴിയുക.’’

നേരത്തെ ദ്വീപിൽ പീഡിയാട്രിക്ക്, ത്വക്ക് രോഗ, പാത്തോളജിസ്റ്റ് വിഭാഗങ്ങളുണ്ടായിരുന്നു. കാർഡിയാക്ക് അറസ്റ്റ് പോലെ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ദ്വീപിന് പുറത്ത് പോവേണ്ടതുണ്ടായിരുന്നുള്ളൂ. പരിമിതമാണെങ്കിൽ പോലും എയർ ആംബുലൻസ് സേവനം ഒരു പരിധി വരെ നന്നായി ലഭിച്ചിരുന്നു.

പ്രസവത്തിന് വേണ്ടത് ലക്ഷങ്ങൾ

ദ്വീപിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചെലവുള്ളത് പ്രസവത്തിനാണ്. അഞ്ചാം മാസം മുതലുള്ള സ്കാൻ മുതൽ കരയിലേക്ക് നിരന്തരം യാത്ര ചെയ്യേണ്ടിവരുന്നു അവർക്ക്. ആയിരമോ രണ്ടായിരമോ രൂപ ആവശ്യമുള്ള സ്കാനിങ്ങിന് കപ്പൽ ബുക്ക് ചെയ്ത് കരയിലെത്തി ഡോക്ടറെ കാണിച്ച് തിരിച്ച് ടിക്കറ്റ് കിട്ടുന്നവരെയുള്ള ഭക്ഷണത്തിനും താമസത്തിനുമൊക്കെയായി ലക്ഷങ്ങളാവും.

‘‘ആദ്യ പ്രസവം ദ്വീപിൽ നിന്നായിരുന്നു. രണ്ടാം പ്രസവം എത്ര ബുദ്ധിമുട്ടുകൾ സാഹിച്ചാലും ദ്വീപിൽ നിന്ന് തന്നെ ആക്കണമെന്നുണ്ടായിരുന്നു. അപ്പോഴാണ് രക്തസ്രാവമുണ്ടായത്. കൊച്ചിയിലെ ആശുപത്രിയിലെ പ്രസവശേഷം ഒരു മാസത്തിന് ശേഷമാണ് ടിക്കറ്റ് കിട്ടിയത്. ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവായി. ചൂര ഉണക്കി വിറ്റും മീൻ പിടിച്ചും ജീവിക്കുന്ന ഞങ്ങളുടെ കുടുംബം എത്ര കാലം കൊണ്ടാണ് ആ കടം വീട്ടുക’’, അമിനി ദ്വീപിലെ ആമിന പറഞ്ഞു.

ജനനനിരക്ക് ഏറ്റവും കുറവുള്ള ലക്ഷദ്വീപിൽ രണ്ട് കുട്ടികളെന്ന നിബന്ധന കൊണ്ടുവന്നു. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് പഞ്ചായത്ത് വാർഡ് തലം മുതൽ ഒരു തിരഞ്ഞെടുപ്പിലും മൽസരിക്കാൻ പറ്റില്ല. ലക്ഷദ്വീപിലെ ജനനനിരക്ക് വലിയ രീതിയിൽ കുറയാൻ ഇതെല്ലാം കാരണമാകുന്നു​വെന്ന് പഠനങ്ങൾ പറയുന്നു.

ടിക്കറ്റ് ലഭിക്കാത്തതിനെതുടർന്ന് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിന് മുമ്പിൽ സമരം നടത്തുന്ന ദ്വീപുകാർ

കൂട്ട പിരിച്ചുവിടൽ

മൽസ്യബന്ധനം മുഖ്യ വരുമാന മാർഗമായ ദ്വീപ് ജനതക്ക് സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ കിട്ടിയിരുന്ന ജോലി വലിയൊരു പിടിവള്ളിയായിരുന്നു. എന്നാൽ പെട്ടെന്നൊരു ദിവസം എല്ലാവരെയും കൂട്ടമായി പിരിച്ചുവിട്ടതോടെ ദ്വീപിന്റെ സാമ്പത്തിക അടിത്തറ തകർന്നു. 5000 ത്തോളം പേർക്ക് മൂന്ന് വർഷത്തിനുള്ളിൽ ജോലി നഷ്ടമായി. യുവാക്കളിൽ വലിയ മാനസിക സമ്മർദ്ദത്തിനും ഇത് ഇടയാക്കി. കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ശ്രീലങ്കയിലേക്കും വലിയ രീതിയിലുള്ള കുടിയേറ്റം ഇത് സൃഷ്ടിക്കുന്നുണ്ട്.

കൂട്ട പിരിച്ചുവിടൽ സമൂഹത്തിന്റെ വാങ്ങൽശേഷിയെ കാര്യമായി ബാധിച്ചു:

സൽസബീൽ

‘‘കച്ചവടം നേരെ പകുതിയായോ അതിൽ താഴെയായോ കുറഞ്ഞു. ഇതുമൂലം സാധനങ്ങളുമായി എത്തുന്ന ഉരു- കപ്പൽ സർവീസുകൾ കുറഞ്ഞു. അദ്ധ്യാപകരടക്കം മീൻ പിടിക്കാനും തെങ്ങിൽ കയറി മീര ഇറക്കാനും തുടങ്ങി. കച്ചവടം പകുതിയായി, ആളുകൾക്ക് സാധനം വേണമെങ്കിലും കയ്യിൽ പണമില്ല. നോമ്പിനും പെരുന്നാളിനും വരെ കടകളിൽ ആളെത്തുന്നില്ല’’- കച്ചവടക്കാരനായ കവരത്തിയിലെ സൽസബീൽ പറഞ്ഞു.

അംഗനവാടികളെയും അവിടുത്തെ അധ്യാപകരെയും ആയമാരെയും പെട്ടെന്ന് ഓർഡിനൻസിലൂടെ പിരിച്ചുവിട്ടു. അതോടെ കുട്ടികൾക്കും അമ്മമാർക്കും കിട്ടിയിരുന്ന പോഷകാഹാര പദ്ധതിയും നിലച്ചു. മീൻ പ്രധാന ഭക്ഷണമായ ദ്വീപുകളിൽ പോഷകാഹാരക്കുറവ് ഒരു പരിധിവരെ പരിഹരിച്ചിരുന്നത് അംഗനവാടികളിൽ നിന്ന് കിട്ടുന്ന പോഷക ഭക്ഷണം വഴിയായിരുന്നു. ഗവൺമെന്റിന് ലാഭകരമല്ലാത്ത പരിപാടി എന്ന് പറഞ്ഞാണ് ഇതും ഡയറി, വെറ്റിനറി ഫാമുകളും പൂട്ടുന്നത്. ഡയറി- വെറ്റിനറി ഫാമുകൾ പൂട്ടിയതോടെ ഒരുപാടുപേരുടെ ഉപജീവന മാർഗം വഴിമുട്ടി. സ്ത്രീകളെയാണ് ഇത് കൂടുതൽ ബാധിച്ചത്.

ദ്വീപുകാരെ ഉൾകൊള്ളിക്കാത്ത ടൂറിസം പ്ലാൻ

ദേശീയ ശരാശരിയിൽ ഏറ്റവും കുറവ് വാഹനങ്ങളുള്ള സ്ഥലമാണ് ലക്ഷദ്വീപ്. ഏറ്റവും കുറവ് അപകടങ്ങൾ നടക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. താരതമ്യേന തിരക്ക് കുറഞ്ഞ ജീവിതം നയിക്കുന്നവരാണ് ദ്വീപുകാർ. ഇവിടെയാണ് റോഡ് വികസനം എന്ന് പറഞ്ഞ് നഷ്ടപരിഹാരങ്ങളൊന്നുമില്ലാതെ ഭൂമി മൂന്ന് മീറ്ററോളം ഇരുവശത്തേക്കുമെടുക്കുന്നത്. അതിനായി റോഡിനിരുവശവും തെങ്ങുകൾ മുഴുവൻ വെട്ടിക്കളഞ്ഞു. മൽസ്യ തൊഴിലാളികളുടെ കുടിലുകൾ നിരത്തി.

വെള്ളിയാഴ്ച്ച വൈകുന്നേരമാകുന്നതോടെ ഏതെങ്കിലും പുതിയ ഓർഡിനൻസുമായി അഡ്മിനിസ്ട്രേറ്റർ കളത്തിലിറങ്ങും. പിന്നീടുള്ള ശനി, ഞായർ ദിവസങ്ങളിൽ അതനുസരിച്ച് പൊളിക്കൽ തുടങ്ങും. ഈ ദിവസങ്ങൾ കോടതി അവധിയായതുകൊണ്ട് ഉത്തരവിനെതിരെ ഹർജി കൊടുക്കാനോ സ്റ്റേ വാങ്ങാനോ കഴിയില്ല. എല്ലാ ആഴ്ച്ചയിലും കരയിൽ പോയി കോടതികൾ കയറിയിറങ്ങുക എന്നതും പ്രായോഗികമല്ല.

സ്ക്കൂബ

1993-ൽ SPORTS എന്ന പേരിൽ ലക്ഷദ്വീപ് ഭരണകൂടം പുതിയ ടൂറിസം പ്രൊജക്റ്റ് തുടങ്ങുന്നത് തദ്ദേശീയ യുവാക്കളെ ടൂറിസത്തിലേക്ക് ആകർഷിക്കാനാണ്. ആയിരത്തോളം യുവാക്കൾക്ക് ടൂറിസ്റ്റ് ഇൻസ്​പെക്ടറായും ഗൈഡായും ഡൈവിങ്ങ് ഇൻസ്ട്രക്റ്ററായും ജോലി കിട്ടി. മീൻപിടുത്തവും തെങ്ങുകയറ്റവും മാത്രം ഉപജീവനമായിട്ടുള്ള ദ്വീപ് ജനതക്ക് ഇത് വലിയ ആശ്വാസമായിരുന്നു. എന്നാൽ പട്ടേൽ അധികാരത്തിൽ വന്ന ശേഷം പകുതിയോളം പേരെ SPORTS- ൽ നിന്ന് പിരിച്ചുവിട്ടു. ഏഴ് കപ്പലുകളിലായി നടന്നിരുന്ന ടൂറിസം നാമമാത്രമായി. ടൂറിസം നിന്നതോടെ പുറത്തുനിന്ന് വരുന്നവരെ ആശ്രയിച്ചുള്ള കച്ചവടവും ബോട്ടിങ്, ഫിഷിങ്, കയാക്കിങ്, സ്ക്കൂബ പോലുള്ള ആക്റ്റിവിറ്റികളും നിന്നു. ഇത്തരത്തിൽ ജോലി നഷ്ടമായ യുവാക്കൾ കണ്ട മാർഗമായിരുന്നു തങ്ങളുടെ സ്പോൺസർഷിപ്പിൽ ടൂറിസ്റ്റുകളെ കൊണ്ടു വരിക എന്നത്. താരതമ്യേന അന്യായ തുകയാണ് SPORTS- ലൂടെ ഭരണകൂടം ടൂറിസ്റ്റുകളിൽ നിന്ന് ഈടാക്കിയിരുന്നത്. ഇതിന്റെ നാലിലൊന്ന് തുകക്ക് ടൂറിസ്റ്റുകൾക്ക് അതിലും വലിയ സൗകര്യത്തോടെ സേവനം ലഭ്യമാക്കാൻ തദ്ദേശീയർക്കായി. എന്നാൽ ഇതിനും പട്ടേൽ പലവിധ നിയന്ത്രണം കൊണ്ടുവന്നു.

സാബിത്ത്

ഇതിനെ കുറിച്ച് കരയിൽ നിന്ന് ലക്ഷദ്വീപ് പാക്കേജുകൾ ചെയ്യുന്ന കടമത്ത് ദ്വീപിൽ നിന്നുള്ള സാബിത്ത് പറയുന്നു: ‘‘ലക്ഷദ്വീപിലെ പുതുതലമുറ ടൂറിസത്തിൽ ഏറെ താൽപര്യമുള്ളവരാണ്. എന്നാൽ അതിനെ ഭരണകൂടം പിന്തുണക്കുന്നില്ല എന്നു മാത്രമല്ല, തടസ്സം നിൽക്കുകയുമാണ്. വളരെ ചെറിയ ലാഭത്തിനാണ് ഞങ്ങളിത് ചെയ്യുന്നത്. . കഴിഞ്ഞ മാസം എനിക്ക് കുറച്ച് ഇന്റർനാഷണൽ ടൂറിസ്റ്റുകൾ ഉണ്ടായിരുന്നു. എന്നാൽ കടമത്ത് ദ്വീപിലേക്കുള്ള പെർമിഷന് അഡ്മിനിസ്ട്രേറ്റർ ഓഫീസിൽ അപേക്ഷ കൊടുത്തപ്പോൾ അവരോട് SPORTS വഴി വരാൻ പറയാനാണ് നിർദേശിച്ചത്. എന്നാൽ മാസങ്ങളായി SPORTS- ന്റെ പ്രവർത്തനം മന്ദഗതിയിലാണ്. ടൂറിസം ചെയ്യുകയോ ചെയ്യുന്നവരെ ചെയ്യാൻ അനുവദിക്കുകയോ ചെയ്യാത്ത നിലപാടാണ് ഭരണകൂടത്തിന്റേത്. സർക്കാർ തലത്തിലുള്ള സംവിധാനങ്ങളെയും തദേശീയരെയും പുറത്താക്കി കുത്തകകൾക്ക് ദ്വീപും ടൂറിസവും പറിച്ച് നൽകാനാണ് ഇപ്പോഴത്തെ ശ്രമം.’’

പണ്ടാരം ഭൂമി ഒഴിപ്പിക്കലും
വാട്ടർ വില്ലാ പ്രൊജക്റ്റും

അറക്കൽ രാജവംശം ദ്വീപുകാരിൽ നിന്ന് പല കാരണങ്ങൾ പറഞ്ഞ് അവിടത്തെ ജനങ്ങളിൽ നിന്നും പിടിച്ചെടുത്താ ഭൂമിയാണ് ദ്വീപിലെ ഒട്ടുമിക്ക സ്ഥലങ്ങളും. പിന്നീട് അതിലെ ചെറിയഒരു പ്രദേശം ടിപ്പു സുൽത്താൻ അറക്കൽ രാജവംശത്തിൽ നിന്ന് ഏറ്റെടുക്കുകയും ദ്വീപുകാർക്ക് തിരിച്ചു കൊടുക്കുകയും ചെയ്തു. ബാക്കിയുള്ള ഭൂമി,അഥവാ അറക്കൽ രാജവംശം പണ്ട് അവിടത്തെ ജനങ്ങളിൽ നിന്ന് പിടിച്ചെടുക്കുകയും പിന്നീട് അതെ ജനങ്ങൾക്ക് കൃഷി ആവശ്യത്തിന് പാട്ടത്തിന് നൽകുകയും ചെയ്ത ഭൂപ്രദേശമാണ് പണ്ടാരഭൂമി. 2019-ൽ ഭൂമി പൂർണമായും ദ്വീപുകാർക്ക് വിട്ടുകൊടുത്തുള്ള സുപ്രീംകോടതി വിധിയുമുണ്ടായി. 1975-ലെ മറ്റൊരു വിധിപ്രകാരം റോഡ് ആവശ്യത്തിനോ മറ്റാവശ്യത്തിനോ ജനങ്ങളിൽനിന്ന് സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന വിധിയുമുണ്ട്.

മാലി ദ്വീപ് മോഡൽ വാട്ടർവില്ല ടൂറിസം പ്രോജക്ട് രൂപരേഖ

പല ആവശ്യങ്ങൾക്കും സർക്കാറിന് ഭൂമി വിട്ടു കൊടുക്കുമ്പോൾ നഷ്ടപരിഹാരം ലഭിച്ചിരുന്നു. ആ ഭൂമിയിലാണ് ഇപ്പോൾ അവകാശവുമായി ഭരണകൂടം രംഗത്ത് വന്നിരിക്കുന്നത്. അറക്കൽ രാജവംശം നൽകിയ പട്ടയ കരാറാണ് ഇതിനാധാരമായി പറയുന്നത്. 1975-ലും 2019-ലും പുറത്തിറങ്ങിയ സുപ്രീം കോടതി ഉത്തരവുകൾ മറികടന്നാണ് ഇപ്പോൾ ഭരണകൂടം ദ്വീപ് ജനതയിൽ നിന്ന് ഭൂമിയേറ്റെടുക്കുന്നത്. വ്യാപകമായ ഒഴിപ്പിക്കലും പൊളിച്ചുനീക്കലും ഇതിന്റെ ഭാഗമായി നടക്കുന്നു. ഒഴിപ്പിക്കലോ പൊളിക്കലോ നടക്കുമ്പോൾ മാത്രമാണ് ഉടമകൾ അറിയുന്നത്. ഇങ്ങനെ ഏറ്റെടുത്ത ഭൂമി കുത്തകകൾക്ക് വാട്ടർ വില്ലകൾ നിർമിക്കാൻ കൊടുക്കുകയാണ്. ഈ പ്രൊജക്ടിന്റെ ഭാഗമായി ടാറ്റ പോലുള്ള വലിയ കമ്പനികളാണ് ദ്വീപിലെത്തിയിട്ടുള്ളത്. തദ്ദേശീയർക്ക് ജോലി സാധ്യതയുണ്ടാകുമെന്ന് പറയുമ്പോഴും പൂർണമായും അവരെ പുറത്തുനിർത്തിയുള്ള കോർപ്പറേറ്റ് പദ്ധതിയാണ് നടക്കുന്നത്.

മാലി ദ്വീപ് മോഡൽ ടൂറിസം എന്നാണ് വാട്ടർവില്ല പ്രോജക്ട് കൊണ്ട് വരുമ്പോൾ അഡ്മിനിസ്ട്രേറ്റർ പറഞ്ഞിരുന്നത്. എന്നാൽ ഭൂമിശാസ്ത്രപരമായി മാലിദ്വീപിൽ നിന്ന് ഏറെ വ്യത്യസ്തതകളുള്ള ലക്ഷദ്വീപിൽ ശാസ്ത്രീയമായി ഇത് ഒട്ടും പ്രാവർത്തികമല്ല. വലിയ യന്ത്ര സാമഗ്രികൾ ഉപയോഗിച്ചുള്ള വില്ലാ നിർമാണത്തെക്കുറിച്ച് ചെത്ത്ലാത്ത് ദ്വീപിലെ ഹബീബ് പറയുന്നു:

ഹബീബ്

‘‘കടമത്ത് തീരത്തുനിന്ന് രണ്ട് കിലോമീറ്ററോളം അകലെ ലഗൂണിൽ കപ്പൽ നിർത്തുകയും ബോട്ടിലൂടെ ജനങ്ങളെ തീരത്തെത്തിക്കുകയുമാണ് ചെയ്യുന്നത്. കപ്പൽ അഗത്തിയിലെത്തിയാലും തീരത്തെത്താൻ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നു. തിരക്കിൽ ബോട്ട് മറിഞ്ഞ് അപകടങ്ങളുമുണ്ടായിട്ടുണ്ട്. പ്രായമായവർക്കും രോഗികൾക്കും ഇത് പ്രയാസം സൃഷ്ടിക്കാറുണ്ട്. ഇതിന് പരിഹാരമായി കപ്പൽ നേരിട്ട് തീരത്തേക്കടുപ്പിക്കാൻ തടസ്സമായ പാറക്കെട്ടുകൾ നീക്കാൻ തദ്ദേശീയർ നിരന്തരം ആവശ്യപ്പെട്ടിട്ടും ദ്വീപിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നു പറഞ്ഞ് അധികൃതർ അനുവാദം നൽകിയിരുന്നില്ല. അതേ സമയം വാട്ടർ വില്ലകൾ നിർമിക്കുന്ന സുഹൈലി, ബാങ്കാരം ദ്വീപുകളിൽ നിർമാണ സാമഗ്രികൾ കൊണ്ടുവരാനും മറ്റും വ്യാപകമായ പൊളിച്ചു നീക്കലുകൾ നടക്കുന്നു.’’
ദ്വീപിന് ഉൾക്കൊള്ളാവുന്ന ആളുകളുടെ കാരിയിങ് കപ്പാസിറ്റി അടിസ്ഥാനമാക്കിയുള്ള ഓൺ ബോർഡ് ടൂറിസമാണ് ലക്ഷദ്വീപിന് യോജിച്ചത്, അതിൽ ഉൾപ്പെടുന്ന ഗെയിം ഫിഷിങ്ങിലൂടെ തദേശീയ യുവാക്കൾക്ക് ജോലിയും ലഭിച്ചിരുന്നു. എന്നാൽ ഓൺ ബോർഡ് ടൂറിസത്തെ മാറ്റിനിർത്തിയാണ് ഇപ്പോൾ ടൂറിസം പ്രൊജക്റ്റുകൾ നടക്കുന്നത്.

ടൂറിസത്തിന്റെ മറവിൽ മദ്യം

സമ്പൂർണ മദ്യനിരോധനമുള്ള പ്രദേശമായിരുന്നു ലക്ഷദ്വീപ്. കുറ്റകൃത്യങ്ങൾ കുറയാനും സമാധാനപരമായ സാമൂഹികാന്തരീക്ഷം നിലനിർത്താനും ഇത് കാരണമായിട്ടുണ്ട് എന്ന് തദ്ദേശീയർ പറയുന്നു. ദ്വീപിലെ ആഢംബര ടൂറിസ്റ്റ് പ്രദേശമായിരുന്ന ബങ്കാരത്തിൽ വിതരണം ചെയ്തിരുന്ന മദ്യം ടൂറിസം പ്രമോട്ട് ചെയ്യാനെന്ന പേരിൽ കവരത്തി, അഗത്തി പോലുള്ള മറ്റ് ദ്വീപുകളിലെക്കും വ്യാപിപ്പിച്ചു. അതിനിടയിൽ, കരയിൽ നിന്ന് ദ്വീപിലേക്ക് ലഹരിക്കടത്തും ആരംഭിച്ചു.

ദ്വീപുകളിൽ പലതരം വിലക്കുകൾ

36 ദ്വീപുകളിൽ 10 ദ്വീപുകളിലാണ് ജനവാസമുള്ളത്. എങ്കിലും ദ്വീപുകാർ തേങ്ങയും മീരയും സംഭരിക്കാനും മീൻ പിടിക്കാനും മൽസ്യ ബന്ധനത്തിനിടയിൽ വിശ്രമിക്കാനും മറ്റ് ദ്വീപുകളും ഉപയോഗിക്കറുണ്ട്. ഇത് പൂർണമായും നിർത്തലാക്കിയിട്ടുള്ള ഓർഡിനൻസ് ഇറക്കി. രാജ്യ- സാമൂഹ്യ താൽപര്യങ്ങൾക്കെതിരായ പ്രവർത്തനങ്ങളും രഹസ്യ മീറ്റിങ്ങുകളും തടയാനെന്നായിരുന്നു ഇതിന്റെ വിശദീകരണം. എന്നാൽ, കുറ്റകൃത്യങ്ങളോ സാമൂഹ്യവിരുദ്ധ യോഗങ്ങളോ പേരിനുപോലുമില്ലാത്ത ദ്വീപിൽ നടക്കുന്ന ഇത്തരം നിയന്ത്രണങ്ങൾ കുത്തകകളുടെ പ്രൈവറ്റ് ദ്വീപ് ആക്കി ലക്ഷദ്വീപിനെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുണ്ട്.

ലക്ഷദ്വീപിന്റെ പ്രധാന ആകർഷണം പഞ്ചസാരത്തരി പോലുള്ള മണലും കണ്ണാടിച്ചില്ല് പോലുള്ള കടലുമാണ്. മാലിന്യം ഒട്ടുമില്ലാത്ത പ്രദേശം. ഓരോ ദ്വീപിന്റെയും മൂക്കും മൂലയും വൃത്തിയായി സൂക്ഷിക്കാൻ കർമചാരികൾ എന്ന പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. എന്നാൽ കരാർ തൊഴിലാളികളെ വ്യാപകമായി പിരിച്ചു വിട്ട കൂട്ടത്തിൽ ഇത്തരം തൊഴിലാളികളെയും പിരിച്ചുവിട്ടു. ഇതേതുടർന്ന് തീരത്തും മറ്റും പ്ലാസ്റ്റിക്ക് കവറുകളടക്കം കുന്നുകൂടാൻ തുടങ്ങി. പിന്നീട് തദ്ദേശീയർ തന്നെ വളണ്ടിയർ ടീമുകൾ രൂപീകരിച്ച് തങ്ങളുടെ നാടിന്റെ ശുചിത്വം തിരിച്ചു പിടിക്കുകയായിരുന്നു.

ലക്ഷദ്വീപിന്റെ പ്രധാന ആകർഷണം പഞ്ചസാരത്തരി പോലുള്ള മണലും കണ്ണാടിച്ചില്ല് പോലുള്ള കടലുമാണ്

ഭൂരിഭാഗത്തിന്റെയും ഉപജീവനമാർഗം മൽസ്യബന്ധനമാണ്. ചൂരയാണ് പ്രധാന മൽസ്യം. പവിഴപ്പുറ്റുകൾ, കല്ലുകൾ, വിവിധ തരം മൽസ്യങ്ങൾ തുടങ്ങിയവരെ സംരക്ഷിക്കുന്ന രീതിയിലുള്ള മത്സ്യബന്ധനമാണ് ദ്വീപിലുള്ളത്. വലിയ യന്ത്രങ്ങൾ വഴി മീൻ പിടിക്കാൻ കുത്തകൾക്ക് അനുവാദം കൊടുക്കുന്ന പക്ഷം ദീപിന്റെ മത്സ്യസമ്പത്ത് നശിക്കും. ഒരുമിച്ച് വലയിടാൻ തദ്ദേശീയരെ അത് പ്രേരിപ്പിക്കും. ചെറിയ മീൻ കുഞ്ഞുങ്ങൾ അടക്കമുള്ളവ വലയിൽ പെട്ട് നശിക്കാനും അത് കാരണമാകും.

ഇന്ധന പ്രതിസന്ധി

ദ്വീപിൽ പൂർണമായി പാചക വാതകം നല്കിയത്തിന്റെ പേരിലാണ് മാസം തോറും റേഷൻ കടകളിൽ നിന്ന് കിട്ടിയിരുന്ന മണ്ണെണ്ണ നിർത്തിയത്. ഡീസലിൽ നിന്ന് വൈദ്യുത ഊർജത്തിലേക്ക് മാറ്റിയാണ് ദ്വീപിൽ ഇലക്ട്രിസിറ്റി വിതരണം നടക്കുന്നത്. എന്നാൽ കരയിൽ നിന്ന് ഡീസൽ എത്തിക്കാൻ വൈകുന്നതുമൂലം പല ദ്വീപുകളിലും മൂന്ന് ദിവസം വരെ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നു.

കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ലക്ഷദ്വീപിലെ വാഹനങ്ങളുടെ എണ്ണം 20,000 ൽ താഴെയാണ്. നാലുചക്ര വാഹനങ്ങൾ 2000- നു താഴെയാണ്. ഓരോ ദ്വീപുകളിലുള്ള റോഡുകളുടെ പരമാവധി കിലോമീറ്റർ മൂന്ന് മുതൽ അഞ്ച് വരെയാണ്. എന്നിട്ടു പോലും ആവശ്യത്തിനുള്ള പെട്രോൾ ദ്വീപിലെത്തുന്നില്ല. നേരത്തെ സൊസൈറ്റി നേരിട്ട് നൽകിയിരുന്ന പെട്രോൾ വിതരണം പമ്പുകൾ ഏറ്റെടുതോടെയാണ് പ്രശ്നങ്ങളുണ്ടായത്. ദ്വീപിലേക്കുള്ള ചരക്ക് കപ്പലുകൾ ദിവസങ്ങളോളം വൈകുന്നതും പ്രശ്നം രൂക്ഷമാക്കുന്നു.

ബേപ്പൂർ തുറമുഖം

കോടതി, തുറമുഖ മാറ്റം

ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ജനം പ്രതിരോധിച്ചുനിന്നത് കോടതികളെ മുൻനിർത്തിയായിരുന്നു. പല നടപടികൾക്കും തുടർച്ചയായി സ്റ്റേ വരുന്നത് ഭരണകൂടത്തെ ചൊടിപ്പിച്ചു. ലക്ഷദ്വീപിന്റെ ഔദ്യോഗിക ഹൈക്കോടതിയെ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് മാറ്റാൻ നടപടി തുടങ്ങി. എന്നാൽ, കർണ്ണാടകയിൽ ഭരണമാറ്റമുണ്ടായതോടെ ആ ശ്രമത്തിൽ നിന്ന് പട്ടേൽ പിൻമാറി.

വ്യാപാരത്തിൽ കേരളത്തോട്, പ്രത്യേകിച്ച്, കോഴിക്കോടിന് അടുത്ത ബന്ധം പുലർത്തിയവരായിരുന്നു ദ്വീപുകാർ. ചരക്ക് കയറ്റിറക്ക് ചെലവ് കൂടുതലാണെന്ന ന്യായം പറഞ്ഞ് ഈ ബന്ധം മുറിക്കുകയാണ് അഡ്മിനിസ്ട്രേറ്റർ ചെയ്തത്. ബേപ്പൂരിൽ നിന്നുണ്ടായിരുന്ന യാത്രക്കാർക്ക് വേണ്ടിയുള്ള ചെറുകപ്പലിന്റെ സർവീസ് നിർത്തിയതും ഈ പശ്ചാത്തലത്തിലാണ്.

ഭരണമില്ലാത്ത പഞ്ചായത്തുകൾ

ദ്വീപിലെ പത്ത് പഞ്ചായത്തുകളിലെയും ഭരണസമിതികളുടെ കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി. തിരഞ്ഞെടുപ്പ് വൈകിക്കുകയാണ് അഡ്മിനിസ്ട്രേറ്റർ. ആകെ പത്തോ പന്ത്രണ്ടോ കിലോമീറ്റർ മാത്രം കര നീളമുള്ള ഒരു ദ്വീപിനെ രണ്ടായി മുറിക്കാനാണ് അഡ്മിൻസ്ട്രേറ്ററുടെ തീരുമാനം. ഇതിനെതിരെ പഞ്ചായത്ത് പ്രതിനിധികൾ പ്രതിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട കേസിൽ കോടതി വാദം കേൾക്കുകയാണ്. നാമ മാത്ര അധികാരങ്ങളാണ് ദ്വീപിൽ പഞ്ചായത്തുകൾക്കുള്ളത്.

എം. അക്ബർ

‘‘അധികാരമില്ലാത്ത കസേരയാണ് ദ്വീപിൽ പഞ്ചായത്ത് ഭരണം. ഏറ്റവും ചെറിയ കാര്യത്തിന് വരെ അഡ്മിനിസ്ട്രേറ്ററുടെ പെർമിഷൻ വാങ്ങേണ്ടി വരുന്നു. തദേശീയ വികസനത്തിന് ഉപയോഗിക്കേണ്ട തുക ലഭിക്കുന്നില്ല. എല്ലാ അധികാരവും അവസാന തീരുമാനവും അഡ്മിനിസ്ട്രേറ്ററിൽ നിക്ഷിപ്തം എന്ന പഞ്ചായത്ത് ഭരണ സമിതി ബൈലോയിലെ വാചകം തന്നെ അതിന് ഉദാഹരമാണ്’’ ചെത്തലാത്ത് ദ്വീപിലെ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അക്ബർ പറഞ്ഞു.

സാംസ്കാരിക മേഖലയിലെ
ഭരണകൂട ഇടപെടലുകൾ

75,000 ഓളം പേർ താമസിക്കുന്ന സ്ഥലമാണെങ്കിലും ഒരു പത്രമോ ടെലിവിഷൻ ചാനലോ ദ്വീപിലില്ല. പുതിയ ഭരണകൂടത്തിന്റെ ജനദ്രോഹ നടപടികൾ പുറംലോകത്തെത്തിക്കാനാണ് ദ്വീപ് ഡയറി എന്ന ഓൺലൈൻ മീഡിയ തുടങ്ങിയത്. ഇതിലൂടെയാണ് ദ്വീപിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളടക്കം വാർത്തകളാകുന്നത്. ഇതേതുടർന്ന് ദ്വീപ് ഡയറി നിരോധിച്ചു. ലക്ഷദീപ് ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്ന പേരിൽ നടക്കുന്ന പരിപാടിയിലും ഭരണകൂട ഇടപെടലുണ്ടായി.

ലക്ഷദീപ് ലിറ്ററേച്ചർ ഫെസ്റ്റിവൽ

മാലിദ്വീപിനോട് ചേർന്നു കിടക്കുന്ന ലക്ഷദ്വീപിന്റെ ഭാഗമായ ദ്വീപാണ് മിനികോയ്. മഹൽ എന്ന ഭാഷയാണ് അവിടെയുള്ളത്. മലയാളത്തിലോ ഇത്തരം പ്രാദേശിക ഭാഷയിലോ ആയിരിക്കും പൊതുപരിപാടികൾക്കുള്ള നോട്ടീസുകൾ അടിക്കാറ്. നോട്ടീസുകളും മറ്റും അടിക്കുന്ന ചെറിയ പ്രസുകൾ മിനികോയിലും മറ്റ് ദ്വീപുകളിലുമുണ്ടായിരുന്നു. സാമൂഹിക വിരുദ്ധ പ്രവർത്തനം ആരോപിച്ച് ഇവയെല്ലാം പൂട്ടിച്ചു.

വേണ്ടത് രാഷ്ട്രീയ പരിഹാരം

തങ്ങൾക്ക് ഒരു പങ്കാളിത്തവുമില്ലാത്ത ഭരണം ജനാധിപത്വവിരുദ്ധവും നീതികേടുമാണ് എന്നാണ് ദ്വീപ് ജനത പറയുന്നത്. 1956- ൽ ദ്വീപ് നിലവിൽ വന്നതു മുതൽ അഡ്മിനിസ്ട്രേറ്റർമാരാണ് ദ്വീപ് ഭരിച്ചിരുന്നെങ്കിലും ജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചിരുന്നു. അഡ്മിനിസ്ട്രേറ്റർ എന്നത് നിക്ഷിപ്ത രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനുള്ള ഭരണസംവിധാനമായി മാറിയ​പ്പോഴാണ് രാഷ്ട്രീയമായി നിലനിൽക്കേണ്ടതിന്റെ ആവശ്യകത ദ്വീപുകാർക്ക് ബോധ്യപ്പെടുന്നത്. അങ്ങനെയാണ് രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത സമിതി രൂപീകരിക്കുന്നതും പട്ടേലിന്റെ ഭരണ പരിഷ്കരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും ഒരുമിച്ച് നേരിടുന്നതും. ലക്ഷദ്വീപിന് വേണ്ടത് അവിടുത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യപരമായ ഭരണനിർവഹണ സംവിധാനമാണ്. അതിലൂടെ മാത്രമേ ഇപ്പോൾ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും സ്വേച്ഛാധികാരപ്രയോഗങ്ങൾക്കും പരിഹാരമാകൂ.

Comments