ഇതാണ് ദിശ രവി, ഇതാണ് ദിശ രവി ചെയ്ത തെറ്റ്

രുപത്തിരണ്ട് വയസുള്ള പെൺകുട്ടി. ബാംഗ്ലൂരിലെ മൗണ്ട് കാർമൽ കോളേജിൽ നിന്ന് ബി.ബി.എ കഴിഞ്ഞ് ചെറിയ ജോലികൾ ചെയ്യുന്നു. കാലാവസ്ഥാ മാറ്റം പരിസ്ഥിതിയെ ബാധിക്കുന്നുവെന്നും അത് കൃഷിക്കും കൃഷിക്കാർക്കും ദോഷമാണെന്നും വിശ്വസിക്കുന്ന പെൺകുട്ടി. തന്റെ മുത്തച്ഛനും മുത്തശ്ശിയും കൃഷിക്കാരാണ്. അവരടക്കമുള്ളവരെ പരിസ്ഥിതി പ്രശ്‌നങ്ങൾ ബാധിക്കുന്നു. ഇതിന് വേണ്ടി യുവജനങ്ങൾ മുന്നോട്ടിറങ്ങണമെന്ന് കരുതി. കോളേജിലും പുറത്തും അതിന് വേണ്ടി സമാനമനസ്കരോട് ഇടപെട്ടു.

സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തി. രണ്ട് മൂന്ന് വർഷം മുമ്പ് സ്വീഡനിൽ നിന്നുള്ള ഒരു പതിനഞ്ചുകാരി, ഗ്രെറ്റ തുൻബെർഗ്, ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലും ഗ്രെറ്റയുടെ പ്രവർത്തനങ്ങളിലും പ്രചോദിതയായി. തന്നിലും ഇളയ ഒരു പെൺകുട്ടിക്ക് ലോകത്തെ പ്രചോദിക്കാനാകുമെങ്കിൽ തനിക്ക് എന്തുകൊണ്ട് സാധിക്കില്ല എന്ന് സ്വയം ചോദിച്ച് കാണണം. ഗ്രെറ്റയുടെ ഫ്രൈഡേസ് ഫോർ ഫ്യൂച്ചറിന്റെ ബാംഗ്ലൂർ ചാപ്റ്റർ ആരംഭിച്ചു. തന്റെ സമാനചിന്താഗതിക്കാരായ സുഹൃത്തുക്കളുമായി ചേർന്ന് ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ ഇന്ത്യ വിപുലീകരിക്കാൻ ഇന്റർനെറ്റിലൂടെ ശ്രമിച്ചു. ബാംഗ്ലൂരും ഡൽഹിയിലും ബേംബേയിലുമൊക്കെയായി ഏതാണ്ട് നൂറ് നൂറ്റമ്പത് പേരുണ്ട് ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ മാത്രം ബന്ധമുള്ളവർ. മിക്കവരും പെൺകുട്ടികൾ. ഇതാണ് ദിശ രവി.

ദിശ രവി

കാർഷിക സമരത്തെ, ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പോലെ ദിശയും അനുകൂലിച്ചു. തന്റെ മുത്തശ്ശനും മുത്തശ്ശിക്കും കൃഷിക്കാരാണ്. സ്വഭാവികമായും ദിശ കർഷകരെ പിന്തുണയ്ക്കും. സമരം ചെയ്യാനുള്ള കർഷകരുടെ അവകാശം സംബന്ധിച്ച്, താനേറെ ബഹുമാനിക്കുന്ന ഗ്രെറ്റ തുൻബെർഗ് എന്ന ലോകം മുഴുവൻ അറിയപ്പെടുന്ന കൗമാരക്കാരിയായ ആക്ടിവിസ്റ്റിന്റെ ട്വീറ്റ് ഷെയർ ചെയ്തു. അതാണ് ദിശ രവി ചെയ്ത തെറ്റ്.

13 ന് ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്ത്, ഡൽഹിയിലെത്തിച്ച്, 14 ന് ഞായറാഴ്ച പ്രത്യേകം കോടതി ചേർന്ന്, അഞ്ച് ദിവസത്തെയ്ക്ക് റിമാൻഡ് ചെയ്തു. ഖാലിസ്ഥാൻ തീവ്രവാദികളോട് ചേർന്ന് പ്രവർത്തിച്ചു, കപാലം നടത്താൻ ആഹ്വാനം നടത്തി... സർവ്വോപരി രാജ്യദ്രോഹ കുറ്റവും.

ഇതാണ് നമ്മുടെ രാജ്യം; നൂറു കണക്കിന് പേരുടെ കൊലപാതകത്തിന് കാരണമായ ഭീകരാക്രമണങ്ങൾക്ക് പിറകിൽ പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന എം.പിമാരാൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭരണക്കാരുള്ള രാജ്യം. ഫാഷിസ്റ്റുകളുടെ അടിസ്ഥാന സ്വഭാവം ഭീരുത്വമാണ്. ഏറ്റവും വലിയ ഫാഷിസ്റ്റ് ഏറ്റവും വലിയ ഭീരുവാണ്.

Comments