‘എന്ന അധികാരം ഉങ്കൾക്ക്? ഇത് എങ്കൾ കാട്’ സ്വന്തം ഭൂമി കാക്കാൻ ആദിവാസികളുടെ പോരാട്ടം

ട്ടപ്പാടിയിലെ ആയിരക്കണക്കിനേക്കർ ആദിവാസി ഭൂമിയിന്ന് കയ്യേറ്റക്കാരുടെ കൈവശമാണ്. ഷോളയൂർ ഗ്രാമപഞ്ചായത്തിലെ വെച്ചപ്പതി നിവാസികൾ തങ്ങളുടെ മണ്ണ് നിലനിർത്താൻ തമിഴ് ജന്മിമാരുമായി നിയമപോരാട്ടത്തിലാണ്. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിൽ ആദിവാസികൾക്ക് അഭയാർത്ഥികളായി കഴിയേണ്ട ഗതിയാണ്. ഇതിനെതിരെ പ്രതിഷേധിക്കുന്ന ആദിവാസികളെ ഭരണകൂട പിന്തുണയിൽ ഭീഷണിപ്പെടുത്തുകയും പുറത്താക്കുകയും കൊന്നുകളയാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.

1940-കൾ വരെ ആദിവാസികൾ മാത്രമുണ്ടായിരുന്ന അട്ടപ്പാടിയിലേക്ക് തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും ഇതര വിഭാഗങ്ങൾ വ്യാപകമായി കുടിയേറി. ഭീഷണിപ്പെടുത്തിയും അതിക്രമിച്ചും മദ്യവും മറ്റ് ലഹരികളും നൽകിയും വ്യാജരേഖകളിലൂടെയും ആദിവാസികളുടെ ഭൂമി അവർ കൈവശപ്പെടുത്തി. അങ്ങനെ, അട്ടപ്പാടിയുടെ ഉടമകളായിരുന്ന ആദിവാസികളുടെ മാതൃഭൂമി കുടിയേറ്റക്കാരുടെ ഭൂമിയായി. അവർ ഭൂവുടമകളായി, യഥാർത്ഥ അവകാശികൾ അടിമകളും, ആശ്രിതരും.

കൈവശ ഭൂമിക്ക് പട്ടയം നൽകുമെന്ന് പറഞ്ഞ അധികാരത്തിലേറിയ ഇടതുസർക്കാർ പിറന്ന മണ്ണിൽ നിന്ന് ആദിവാസികളെ പുറത്താക്കി ജന്മിമാർക്കും കുത്തകകൾക്കും എളുപ്പം കൈയേറ്റം നടത്താൻ വഴിയൊരുക്കുകയാണിപ്പോൾ. ഭൂമിയാണ് ആദിവാസികളുടെ നിലനിൽപ്പ്. ആ നിലനിൽപ്പാണ് വ്യാജ രേഖയുണ്ടാക്കി അട്ടിമറിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഭൂമികൊള്ളയ്‌ക്കെതിരെ നിരന്തര പോരാട്ടത്തിലാണ് അട്ടപ്പാടിയിലെ ആദിവാസി ജനത.

Comments